Thursday, September 13, 2012

നഷ്ടമായത് വിദ്യാഭ്യാസവിചക്ഷണനെ

പ്രൊഫ. കെ എ ജലീല്‍ അന്തരിച്ചു

കോഴിക്കോട്: വിദ്യാഭ്യാസവിചക്ഷണനും കലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫ. കെ എ ജലീല്‍ (90) നിര്യാതനായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനാസ നിസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഫാറൂഖ് കോളേജ് മസ്ജിദുല്‍ അസ്ഹറില്‍ നടക്കും.

1948ല്‍ ഇംഗ്ലീഷ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1949ല്‍ മുതല്‍ 1957വരെ ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി. 1957 മുതല്‍ 1979 വരെ ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. 1979 മുതല്‍ 1983 വരെ കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്നു. ഭാര്യമാര്‍: ഇ ടി നൂര്‍ജഹാന്‍, പരേതയായ കൊടുങ്ങല്ലൂര്‍ കറുപ്പാടത്ത് മാളിയം വീട്ടില്‍ കെ എം ആയിഷ. മക്കള്‍: ടി എ സുഹറ (ഓഫീസ് സെക്രട്ടറി, ദോഹ), ടി എ ഷൗക്കത്തലി(എന്‍ജിനിയര്‍, ഖത്തര്‍), ടി എ നസീം (റിട്ട. പ്രൊഫ. ഫാറൂഖ് കോളേജ്), ടി എ ഹലീം (ബിസിനസ്). മരുമക്കള്‍: ഡോ. സലാഹുദ്ദീന്‍ (ഡന്റല്‍ സര്‍ജന്‍ നെടുമങ്ങാട്), എ എം തജ്നു (എറണാകുളം), സി പി ഉമ്മര്‍കുട്ടി (റിട്ട. പ്രൊഫ. ഫാറൂഖ് കോളേജ്), ലൂണ (കൊണ്ടോട്ടി). മദ്രാസ് യൂണിവേഴ്സിറ്റി അക്കാദമിക് കൗണ്‍സില്‍ അംഗം, കലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ആര്‍ട്സ് ആന്‍ഡ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, സംസ്ഥാനത്ത് യൂണിവേഴ്സിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള കമ്മിറ്റി ഉപദേഷ്ടാവ്, സംസ്ഥാന പൊതുപരീക്ഷാബോര്‍ഡ് അംഗം, ഉന്നത വിദ്യാഭ്യാസ ആസൂത്രണ കമ്മിറ്റി അംഗം, സിലബസ് കമ്മിറ്റി അംഗം, യുജിസി അക്കാദമിക് സെന്റേഴ്സ് കമ്മിറ്റി അംഗം, കൊച്ചി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ ചുമതലകളും നിര്‍വഹിച്ചു. വഖഫ് ബോര്‍ഡ് ചെയര്‍മാനുമായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ (ആത്മകഥ), ഹാസ്യപ്രകാശം, വിശ്വ വിജ്ഞാന കോശം, ലിപികളും മാനവ സംസ്കാരവും തുടങ്ങി ഏഴ് പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി പുരസ്കാരങ്ങളുംലഭിച്ചിട്ടുണ്ട്.

നഷ്ടമായത് വിദ്യാഭ്യാസവിചക്ഷണനെ

മലബാര്‍ മേഖലയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അധ്യാപകനെയാണ് പ്രൊഫ. കെ എ ജലീലിന്റെ വിയോഗത്തോടെ നഷ്ടമായത്. തികഞ്ഞ മതേതര കാഴ്ചപ്പാട് ജീവിതാവസാനം വരെ പിന്തുടര്‍ന്നതോടൊപ്പം സമൂഹത്തിന് വഴിവിളക്കായ ജീവിതമായിരുന്നു അത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിട്ട വെല്ലുവിളികള്‍ അതിജീവിക്കാന്‍ വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന് കാട്ടിത്തന്ന വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു ജലീല്‍. സമുദായത്തിന്റെയും സമൂഹത്തിന്റെയും പിന്നാമ്പുറങ്ങളില്‍ അക്ഷരം വിലക്കപ്പെട്ട് ജീവിതം തള്ളിനീക്കിയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം വഹിച്ച പങ്ക് വലുതാണ്. ഫാറൂഖ് കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ കോളേജിന്റെ ഉന്നമനത്തിനുവേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. 1957ല്‍ കോളേജിന്റെ അമരക്കാരനായി. തുടര്‍ച്ചയായി 22 വര്‍ഷം പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച് കോളേജിന്റെ വികസനത്തിനായി പ്രയത്നിച്ചു. 1979-1983 കാലയളവില്‍ കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി. ഇക്കാലയളവില്‍ സര്‍വകലാശാലയ്ക്ക് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ ഉണ്ടായി. സംസ്കൃത വിഭാഗമടക്കം പുതിയ ആറ് കോഴ്സുകള്‍ ആരംഭിച്ചു. സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ എന്നിവയുടെ പ്രവര്‍ത്തനം ജനാധിപത്യരീതിയിലാക്കി. ഒഴിവുവരുന്ന തസ്തികളില്‍ ബാഹ്യഇടപെടലിന് അടിമപ്പെടാതെ അര്‍ഹരായവരെ നിയമിച്ചത് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇന്നും തിളങ്ങിനില്‍ക്കുന്നു.

കേരളത്തില്‍ കൂടുതല്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഉപദേശം നല്‍കാന്‍ കേരള സര്‍ക്കാര്‍ 1967ല്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയില്‍ അംഗവും വടക്കന്‍ മലബാറില്‍ സര്‍വകലാശാല സ്ഥാപിക്കുന്നതിന് രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാനുമായി. ജലീലിന്റെ അഭിപ്രായം മാനിച്ചാണ് 1968ല്‍ തേഞ്ഞിപ്പലത്ത് കലിക്കറ്റ് സര്‍വകലാശാല ആരംഭിച്ചത്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ തിരുനിലം വീട്ടില്‍ കുഞ്ഞാലിയുടെയും നസീമാബീവിയുടെയും മകനായി 1922 സെപ്തംബര്‍ 22-നാണ് ജലീല്‍ ജനിച്ചത്. പറവൂര്‍ ജിഎച്ച് സ്കൂളില്‍നിന്ന് എസ്എസ്എല്‍സിയും ആലുവ യുസി കോളേജില്‍ നിന്ന് 1945ല്‍ ബിഎ ഓണേഴ്സ് ബിരുദവും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. മദ്രാസ് സ്റ്റേറ്റിലെ നോര്‍ത്ത് ആര്‍ക്കോട് വാണിയമ്പാടി ഇസ്ലാമിയ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അക്കാദമിക് രംഗങ്ങളിലെന്നപോലെ സാമൂഹിക-സാംസ്കാരിക രംഗത്തും നിറഞ്ഞുനിന്നു. 1998-2003 വരെ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി.

1971ല്‍ റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫറന്‍സിെന്‍റ ചെയര്‍മാന്‍, സാഫി സ്ഥാപക ചെയര്‍മാന്‍, ഓള്‍ ഇന്ത്യാ മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1972ല്‍ റോട്ടറി ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിെന്‍റ സ്റ്റഡി എക്ചേഞ്ച് ടീമിനുവേണ്ടി അമേരിക്ക സന്ദര്‍ശിച്ചു. പശ്ചിമ ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഹോളണ്ട് എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. സാഹിത്യ-വിദ്യാഭ്യാസ സംബന്ധിയായ നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്്. "ലിപികളും മാനവ സംസ്കാരവും" എന്നപേരില്‍ 1989ല്‍ ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 1991ലെ കേരളസാഹിത്യ അക്കാദമിയുടെ ഐ സി ചാക്കോ അവാര്‍ഡ് ലഭിച്ചു. "തിരിഞ്ഞുനോക്കുമ്പോള്‍" എന്ന പേരില്‍ 2001ല്‍ ആത്മകഥയും പ്രസിദ്ധീകരിച്ചു. ഷാ സാഹിബ് അവാര്‍ഡ് ഫോര്‍ എക്സലന്‍സ് (1992), സീനീയര്‍ സിറ്റിസണ്‍സ് എക്സലന്‍സ് അവാര്‍ഡ് (1994), രാമാശ്രമം അവാര്‍ഡ് (1997), വിദ്യാഭ്യാസരംഗത്തെ സേവനത്തിനുള്ള റോട്ടറി ക്ലബ് അവാര്‍ഡ് (1997), ജെം- സെര്‍വ് അവാര്‍ഡ് (2005) എന്നീ പുരസ്കാരങ്ങളും ലഭിച്ചു.

വിടവാങ്ങിയത് ഫാറൂഖാബാദിന്റെ മാതൃകാ അധ്യാപകന്‍

ഫാറൂഖാബാദിന് ഗുരു-ശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും സമ്മാനിച്ച മാതൃകാ അധ്യാപകനായിരുന്നു കെ എ ജലീല്‍. അധ്യാപകരും വിദ്യാര്‍ഥികളും എന്നും സ്നേഹത്തോടെ ഫാറൂഖാബാദ് എന്നു വിളിച്ച ഫാറൂഖ്കോളേജ് ക്യാമ്പസിലെ മണലാരണ്യങ്ങള്‍ പോലും ജലീല്‍ കടന്നുപോകുമ്പോള്‍ എഴുന്നുനില്‍ക്കുമായിരുന്നു. അന്നുവരെ കോളേജിനില്ലാതിരുന്ന അച്ചടക്കവും കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കോളേജിന് ലഭിച്ചത്. വലുപ്പച്ചെറുപ്പമില്ലാതെ വിദ്യാര്‍ഥികളെ ഗുണദോഷിച്ച് നേരിന്റെ വഴിയിലെത്തിച്ച അധ്യാപകന്റെ നഷ്ടം ഫാറൂഖാബാദിന് നികത്താനാകാത്തതാണ്. സഹഅധ്യാപകരും വിദ്യാര്‍ഥികളും എന്നും ഭയഭക്തിബഹുമാനത്തോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ഇംഗ്ലീഷ് അധ്യാപകനായി തുടങ്ങി ജീവിതവിജയങ്ങള്‍ നേടുമ്പോഴും അദ്ദേഹം നിസ്വാര്‍ഥമായ സേവനത്തിന്റെ പ്രതീകമായി. ജലീല്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച രണ്ട് പതിറ്റാണ്ടുകാലമാണ് കോളേജിന്റെ സുവര്‍ണകാലഘട്ടമായി വിലയിരുത്തുന്നത്. നല്ല ഭാവിക്ക് വഴിമരുന്നിട്ട കാലയളവും കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും കാഴ്ചപ്പാടുകളുമാണ് കോളേജിന്റെ യശസ്സ് ഉയര്‍ത്തിയത്.

1948 മുതല്‍ എട്ട് വര്‍ഷം കോളേജിന്റെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു. 1957 മുതല്‍ 1979 വരെയാണ് കോളേജ് പ്രിന്‍സിപ്പലായത്. ഇക്കാലയളവില്‍ വിദ്യാഭ്യാസ മേഖലക്കുതന്നെ മാതൃകയാക്കാവുന്ന നിരവധി വികസന പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. ഇന്ത്യയില്‍തന്നെ മറ്റൊരു ക്യാമ്പസിലും കാണാന്‍ സാധിക്കാത്ത അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടം കോളേജിന് സമര്‍പ്പിച്ചതും ഇദ്ദേഹമാണ്. വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയാണ് ഈ കെട്ടിടത്തിന്റെ വളഞ്ഞ മാതൃക ഇദ്ദേഹം തയ്യാറാക്കിയത്. 1979ലാണ് കലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നത്. ജോലിയില്‍നിന്ന് വിരമിച്ച ശേഷം മരണം വരെയും കോളേജുമായുള്ള ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന് ശേഷം കോളേജിന്റെ അമരക്കാരയവരെല്ലാം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ജലീലിന്റെ ഉപദേശം സ്വീകരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് അസുഖബാധിതനാകുന്നതു വരെ കോളേജില്‍ നടക്കുന്ന വിശേഷ പരിപാടികളെല്ലാം അദ്ദേഹം നിറസാന്നിധ്യമായി. പിന്നീട് കോളേജിന് സമീപമുള്ള സുഹറ മന്‍സിലില്‍ എന്ന വീട്ടില്‍ അതിഥികളായി എപ്പോഴും പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരുമെത്തിയിരുന്നു. ഫാറൂഖാബാദിലെത്തുന്ന പുത്തന്‍ തലമുറയിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കമുള്ളവര്‍ക്ക് പ്രൊഫ. കെ എ ജലീല്‍ കാരണവ അധ്യാപകനാണ്. അധ്യാപനത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ ഓര്‍മയാകുന്നത്.
(മിഥുന്‍കൃഷ്ണ)

*
ദേശാഭിമാനി 13 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മലബാര്‍ മേഖലയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ അധ്യാപകനെയാണ് പ്രൊഫ. കെ എ ജലീലിന്റെ വിയോഗത്തോടെ നഷ്ടമായത്. തികഞ്ഞ മതേതര കാഴ്ചപ്പാട് ജീവിതാവസാനം വരെ പിന്തുടര്‍ന്നതോടൊപ്പം സമൂഹത്തിന് വഴിവിളക്കായ ജീവിതമായിരുന്നു അത്.