Friday, September 21, 2012

അവഗണിക്കപ്പെട്ട ഹൈക്കോടതി പരാമര്‍ശം

കേരളീയ മനഃസാക്ഷിയെ തട്ടിയുണര്‍ത്തേണ്ടുന്ന ഒരു പരാമര്‍ശം ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ചു. നിലവാരം കുറഞ്ഞ വിജയശതമാനമുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ആ പരാമര്‍ശത്തിന്റെ കാതല്‍. അത് കേട്ട് സാക്ഷരകേരളം ഞെട്ടുമെന്നു കരുതിയവര്‍ക്ക് തെറ്റി. ഞെട്ടിയില്ലെന്നുമാത്രമല്ല ബഹുമാനപ്പെട്ട കോടതിയെ എങ്ങനെ ഞെട്ടിക്കാമെന്നാണ് കേരളം ചിന്തിച്ചത്. പരാമര്‍ശം നീക്കിക്കിട്ടുന്നതിന് സ്വാശ്രയകോളേജുകള്‍ പരമോന്നത കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്ന് പരമോന്നത കോടതി നിരീക്ഷിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിക്കാര്‍ സ്വമേധയാ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി. ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് ഒരു സ്ഥാപനവും പൂട്ടിയിട്ടില്ലല്ലോ എന്നും കോടതി നീരീക്ഷിച്ചു.

ഇതിനു സമാനമായ സംഭവം ഒരു വര്‍ഷം മുന്‍പ് നമ്മുടെ രാജ്യത്ത് നടന്നു. ഇന്ത്യയിലെ കല്‍പ്പിത സര്‍വകലാശാലകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട പ്രൊഫ. പി എന്‍ ഠണ്ടന്‍ കമ്മിറ്റി യുജിസിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഏറെക്കുറെ ഇതിനോട് സമാനതകളുള്ളതായിരുന്നു. രാജ്യത്തെ 136 കല്‍പ്പിത സര്‍വകലാശാലകളെക്കുറിച്ച് പഠനം നടത്തി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഏതൊരു വിദ്യാഭ്യാസപ്രവര്‍ത്തകനെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മതിയായ ഭൗതികസാഹചര്യങ്ങളോ യോഗ്യതയുള്ള അധ്യാപകരോ ഇല്ലാത്ത 44 സര്‍വകലാശാലകള്‍ ഉടനടി അടച്ചുപൂട്ടാനും 44 എണ്ണത്തിന് നിലവാരം മെച്ചപ്പെടുത്താന്‍ മൂന്നുവര്‍ഷംവരെ സാവകാശം അനുവദിക്കാനുമാണ് അധികൃതര്‍ തീരുമാനിച്ചത്. പ്രൊഫ. ഠണ്ടന്‍ കമ്മിറ്റിയെ ഞെട്ടിപ്പിച്ച കാര്യം മിക്ക കല്‍പ്പിത സര്‍വകലാശാലകളും നടത്തുന്നത് പ്രൈമറി വിദ്യാഭ്യാസം പോലുമില്ലാത്ത കുടംബക്കാര്‍ അടങ്ങിയ ഫാമിലി എന്റര്‍പ്രൈസസ് ആയിട്ടാണ് എന്നതാണ്. ആ റിപ്പോര്‍ട്ടിന്റെ പേരില്‍ നാളിതുവരെ ഒരു സ്ഥാപനവും പൂട്ടിയിട്ടില്ല എന്നു മാത്രമല്ല പൂര്‍വാധികം ശക്തമായി അവ പ്രവര്‍ത്തിക്കുകയുംചെയ്യുന്നു. ഈ സാഹചര്യത്തില്‍ വേണം കേരള ഹൈക്കോടതി പരാമര്‍ശത്തെ വിലയിരുത്താന്‍. സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജ് അധ്യാപകരുള്‍പ്പെട്ട, ഹൈക്കോടതി നിയോഗിച്ച എട്ടംഗ വിദഗ്ധ സമിതി 105 കോളേജുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടായിരുന്നു പരാമര്‍ശത്തിനാധാരം. 2008 മുതല്‍ 2011 വരെയുള്ള റിസള്‍ട്ട് പരിശോധിച്ച കോടതി നിരവധി സ്വാശ്രയ സ്ഥാപനങ്ങളുടെ പഠനിലവാരം വര്‍ഷംതോറും കുറഞ്ഞുവരുന്നതായി കണ്ടെത്തി. മിക്ക കോളേജുകളും എഐസിടിഇയും സര്‍വകലാശാലകളും അനുശാസിക്കുന്ന ചട്ടങ്ങളൊക്കെ കാറ്റില്‍ പറത്തിയിരിക്കുന്നു. നിരവധി സ്ഥാപനങ്ങളില്‍ മതിയായ അടിസ്ഥാന സൗകര്യമോ യോഗ്യതയുള്ള അധ്യാപകരോ ഇല്ല. നാല് ശതമാനം മാത്രം റിസള്‍ട്ടുള്ള കോളേജുകളും വേണ്ടത്രയുണ്ട്. ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പല കോളേജുകളുടെയും സ്ഥിതി പരിതാപകരമാണ്. കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 107 സ്വാശ്രയകോളേജുകളെ അഞ്ചായി തരംതിരിക്കുന്നു. മികച്ച നിലവാരം പുലര്‍ത്തുന്നവ-26, നല്ല നിലവാരം പുലര്‍ത്തുന്നവ-21, സാമാന്യം തൃപ്തികരമായ നിലവാരം പുലര്‍ത്തുന്നവ-5, നിലവാരം ഇല്ലാത്തവ-21, ശരാശരി നിലവാരമുള്ളവ-34 എന്നിങ്ങനെ. സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലും എയ്ഡഡ് മേഖലയിലും സ്വാശ്രയ മേഖലയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് 153 എന്‍ജിനിയറിങ് കോളേജുകളാണുള്ളത്. അഖിലേന്ത്യാതലത്തില്‍ സമീപകാലത്ത് നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത്, എന്‍ജിനിയറിങ് പഠനത്തിനുചേരുന്ന വിദ്യാര്‍ഥികളില്‍ 25 ശതമാനം പേര്‍ മാത്രമാണ് പാസായി പുറത്തുവരുന്നത് എന്നാണ്. അതില്‍ത്തന്നെ തൊഴില്‍ മാര്‍ക്കറ്റിന് ക്ഷമത നേടിയവര്‍ 25-30 ശതമാനമാണ്. ഇത് കേരളത്തിന്റെമാത്രം പ്രതിഭാസമല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് ഭൂരിപക്ഷം വരുന്ന എന്‍ജിനിയറിങ് കോളേജുകളും സ്വാശ്രയ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ലാഭംമാത്രം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഗുണനിലവാരമുള്ള സ്ഥാപനങ്ങളാക്കി മാറ്റണമെങ്കില്‍ ഹൈക്കോടതി നിര്‍ദേശിച്ചതുപോലെ സര്‍ക്കാരുകളും സര്‍വകലാശാലകളും എഐസിടിഇയും ഒരുമിച്ച് പരിശ്രമിക്കണം. കുറഞ്ഞത് എംടെക് യോഗ്യതയുള്ളവരും സമര്‍ഥരുമായ അധ്യാപകരുടെ സ്ഥിരനിയമനം ഉറപ്പുവരുത്താന്‍ സാധിച്ചാല്‍ത്തന്നെ കാതലായ മാറ്റം ഈ രംഗത്ത് വരുത്താന്‍ സാധിക്കും. വിദ്യാര്‍ഥി പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതയില്‍ വെള്ളം ചേര്‍ക്കാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകാന്‍ പാടില്ല. എന്‍ജിനിയറിങ് പ്രവേശനത്തിന് ദേശീയതലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണ്. എന്നാല്‍, കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇനിയും വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണ് അറിയുന്നത്. മുമ്പൊക്കെ ഒരു കോളേജ് ആരംഭിക്കുമ്പോള്‍ നിശ്ചിത ഏക്കര്‍ സ്ഥലവും ആവശ്യമായ ഭൗതിക സൗകര്യങ്ങളും വേണമെന്ന നിബന്ധന സര്‍വകലാശാലകള്‍ കര്‍ശനമായി പരിശോധിക്കുമായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി അധികൃതര്‍തന്നെ ആ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുന്ന സ്ഥിതിയുണ്ടായി.

ഗ്രാമങ്ങളില്‍ കുറഞ്ഞത് പത്ത് ഏക്കറും നഗരങ്ങളില്‍ കുറഞ്ഞത് രണ്ടര ഏക്കറും ഉണ്ടെങ്കില്‍ എന്‍ജിനിയറിങ് കോളേജ് തുടങ്ങാം എന്നിരിക്കെ ഇതൊന്നുമില്ലാതെ കെട്ടിടം മാത്രമുള്ളവരും കോളേജുകള്‍ നടത്തുന്നത് കാണുന്നുണ്ട്. ഇപ്പോഴത്തെ നിയമമനുസരിച്ച് കോളേജ് തുടങ്ങാനുദ്ദേശിക്കുന്നവര്‍ ഒരേസമയം എഐസിടിഇയെയും സംസ്ഥാന സര്‍ക്കാരിനെയും അനുബന്ധ സര്‍വകലാശാലയെയും സമീപിക്കണം. എഐസിടിഇയുടെ അംഗീകാരം നേടിക്കഴിഞ്ഞാല്‍ മറ്റുകാര്യങ്ങള്‍ വളരെ ലളിതമാണെന്നത് പരസ്യമായ രഹസ്യമാണ്. അതുകൊണ്ടുകൂടിയായിരിക്കണം വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ എഐസിടിഇ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഹൈക്കോടതി എടുത്തുപറഞ്ഞത്. സമീപകാലത്തായി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒട്ടേറെ കര്‍മപദ്ധതികള്‍ക്ക് കൗണ്‍സില്‍ രൂപം നല്‍കിയിട്ടുണ്ടെന്നത് ശുഭോദര്‍ക്കമാണ്. എഐസിടിഇ അംഗീകരിച്ച കോഴ്സുകളുടെ അഫിലിയേഷനില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ആഗസ്ത് ഏഴിന്റെ കേരള ഹൈക്കോടതി വിധി ഏറെ ആശങ്ക ഉയര്‍ത്തുന്നു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ എഐസിടിഇ നിലവാരത്തേക്കാള്‍ ഉയര്‍ന്ന നിലവാരം കൊണ്ടുവരുന്ന കാര്യത്തില്‍മാത്രമേ സര്‍ക്കാരിനിടപെടാന്‍ സാധിക്കുകയുള്ളൂ എന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെതിരെ ഹൈക്കോടതി വിരല്‍ ചൂണ്ടിയത്. ഈ വിധി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ക്ക് വഴിതുറക്കും എന്നുവേണം കരുതാന്‍. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനിലവാരം ഉയര്‍ത്തണമെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. അതിന് വ്യക്തമായ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും നമ്മുടെ സവര്‍വകലാശാലകളും സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍, അവയ്ക്ക് പുല്ലുവില കല്‍പ്പിക്കാത്ത സ്വാശ്രയ കോളേജുകളും നമ്മുടെ നാട്ടിലുണ്ട് എന്നത് വിസ്മരിച്ചുകൂടാ.

*
ഡോ. ജെ പ്രസാദ് ദേശാഭിമാനി 20 സെപ്തംബര്‍ 2012

No comments: