Tuesday, September 18, 2012

തളരുന്ന തൊഴില്‍തകരുന്ന ഉറപ്പ്

സംസ്ഥാനതലത്തില്‍ തൊഴിലുറപ്പുരംഗത്തെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ ഒന്നരവര്‍ഷമായി പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇതിന്റെ ഫലമായി തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. തൊഴില്‍ സമയം ഒരുമണിക്കൂര്‍ കുറച്ചും വേതനം 150ല്‍ നിന്ന് 164 ആയി ഉയര്‍ത്തിയും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും ഈ രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. തൊഴില്‍ദിനം 250 ആയും വേതനം 200 ആയും ഉയര്‍ത്തണം.

കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 2012 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്ത തൊഴിലാളികളുടെ എണ്ണം 18,56,813 കുടുംബങ്ങളായിരുന്നു. നിലവില്‍ ഇവരുടെ എണ്ണം 21,43,061 ആയി വര്‍ധിച്ചു. ഇത് സൂചിപ്പിക്കുന്നത് കര്‍ഷകത്തൊഴിലാളികള്‍ മാത്രമല്ല ചെറുകിട ഇടത്തരം കര്‍ഷക കുടുംബങ്ങളും ഇതില്‍ അംഗങ്ങളായി ചേരുന്നുവെന്നതാണ്. എന്നാല്‍, ലഭിച്ച തൊഴില്‍ദിനങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം വരുന്നില്ലെന്നു മാത്രമല്ല, ആറു ശതമാനത്തില്‍ താഴെ കുടുംബങ്ങള്‍ക്കു മാത്രമാണ് നൂറു ദിവസം തൊഴില്‍ ലഭിച്ചത്. രജിസ്റ്റര്‍ചെയ്ത കുടുംബത്തിന് വര്‍ഷത്തില്‍ നൂറുദിവസംപോലും തൊഴില്‍ നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളോ സര്‍ക്കാരോ ആത്മാര്‍ഥത കാണിക്കുന്നില്ല. കേരളത്തില്‍ സമാനമായ ഇതര മേഖലകളില്‍ ലഭിക്കുന്ന വേതനം തൊഴിലുറപ്പുരംഗത്ത് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ പുരുഷതൊഴിലാളികള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നില്ല. ഈ സാഹചര്യത്തില്‍ വേതനം ചുരുങ്ങിയത് 250 രൂപയെങ്കിലും ആക്കണം. പ്രവൃത്തിസമയം പകല്‍ ഒമ്പതുമുതല്‍ നാലുവരെ മാത്രമേ ആകാവൂ.

ഈ രംഗത്ത് തൊഴിലെടുക്കുന്നവരില്‍ 93 ശതമാനത്തിലധികവും സ്ത്രീകളാണ്. നിയമപ്രകാരം ജോലി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് വേതനം (ടാസ്ക് റേറ്റ്) കണക്കാക്കുന്നത്. സമയത്തിന്റെ അടിസ്ഥാനത്തിലല്ല പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് കൂലി. ഷെഡ്യൂള്‍ ഓഫ് റേറ്റ്സിന്റെ കീഴിലാണ് ഇതിനെ സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2008ല്‍ ഷെഡ്യൂള്‍ ഓഫ് റേറ്റ്സിനെക്കുറിച്ചും മിനിമംകൂലിയില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയതലത്തില്‍ ഒരു കമീഷനെ നിശ്ചയിച്ചു. ആ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഷെഡ്യൂള്‍ ഓഫ് റേറ്റ്സ് പ്രകാരം ലഭിക്കേണ്ടുന്ന മിനിമം കൂലിപോലും പല സംസ്ഥാനങ്ങളിലും ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി. രാജ്യത്ത് അനുക്രമം വര്‍ധിക്കുന്ന വിലക്കയറ്റത്തിന്റെയും രൂപയുടെ മൂല്യശോഷണത്തിന്റെയും അടിസ്ഥാനത്തില്‍ തൊഴിലാളികളുടെ വേതനത്തിലും വര്‍ധന വരുത്തിയേ മതിയാവൂ.

തൊഴിലാളികള്‍ക്ക് മാന്യമായി ജോലിചെയ്യാനുള്ള സാഹചര്യവും ഉണ്ടാകണം. മാലിന്യനിര്‍മാര്‍ജനം, ഓടകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യിക്കുമ്പോള്‍ കൈയുറയും കാലുറയും നല്‍കണമെന്ന വ്യവസ്ഥ കാറ്റില്‍ പറത്തുകയാണ്. തൊഴിലിടങ്ങളില്‍ കുടിക്കാനുള്ള ശുദ്ധജലം, വിശ്രമിക്കാനുള്ള തണല്‍, ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍, ഫസ്റ്റ് എയ്ഡ് ബോക്സ് മുതലായവ ലഭ്യമാക്കണമെന്ന നിയമവ്യവസ്ഥയും നടപ്പാക്കുന്നില്ല. വേതനം ആഴ്ചതോറും നല്‍കണമെന്നും വല്ല വിഷമവുമുണ്ടായാല്‍ 14 ദിവസത്തില്‍ കൂടുതല്‍ കാലവിളംബം വരുത്തരുതെന്നുമുള്ള കാര്യവും കാറ്റില്‍ പറത്തുകയാണ്. തൊഴില്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചാല്‍ 15 ദിവസത്തിനകം തൊഴില്‍ നല്‍കണമെന്നും അല്ലാത്തപക്ഷം തൊഴില്‍ രഹിതവേതനം നല്‍കണമെന്നുമുള്ള വ്യവസ്ഥയും പാലിക്കുന്നില്ല. ഇത്തരം അനീതി കാണിക്കുന്ന പഞ്ചായത്തുതല ഉദ്യോഗസ്ഥര്‍ക്കെതിരായി ജില്ലാ കലക്ടര്‍ക്കും ജില്ലാ തല ഓംബുഡ്സ്മാനും തൊഴിലാളികള്‍ അവകാശ സംരക്ഷണത്തിനായി പരാതി നല്‍കാന്‍ തയ്യാറാകേണ്ടതാണ്.

തികച്ചും അവകാശാധിഷ്ഠിതവും അവശ്യാധിഷ്ഠിതവുമായ തൊഴിലുറപ്പു പദ്ധതി നിലവില്‍ ഔദാര്യാധിഷ്ഠിതമാക്കി മാറ്റുകയാണ് ഭരണാധികാരികള്‍ ചെയ്യുന്നത്. തൊഴിലാളികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തല്ല പദ്ധതി രൂപീകരണം നടത്തുന്നത്. തൊഴിലുറപ്പ് ഗ്രാമസഭകള്‍ നോക്കുകുത്തികളാക്കി മാറ്റുന്നു. ഗ്രാമീണമേഖലകളിലെ സുസ്ഥിരമായ കാര്‍ഷികാഭിവൃദ്ധിക്ക് ആവശ്യമായ പ്രവൃത്തികള്‍ക്ക് രൂപം നല്‍കുന്നില്ല. ആസൂത്രണ, നിര്‍വഹണ, വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ല. പ്രകൃതി വിഭവ പരിപാലനത്തിന് മുന്‍തൂക്കം നല്‍കുന്നില്ല. ദീര്‍ഘകാല പരിപ്രേക്ഷ്യം ലക്ഷ്യമാക്കുന്നതേയില്ല. ഓരോ വര്‍ഷവും ധനകാര്യ ബജറ്റിനു പുറമെ ലേബര്‍ ബജറ്റിന് രൂപം കൊടുക്കുന്ന പ്രക്രിയ യാന്ത്രികമാകുന്നു. നിശ്ചയിക്കുന്ന പ്രവൃത്തികള്‍ വിവിധ കേന്ദ്ര- സംസ്ഥാന വികസന പദ്ധതികളുമായി സംയോജിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ല. സൂക്ഷ്മതല നിരീക്ഷണ സംവിധാനം പരമ്പരാഗത നിരീക്ഷണ രീതിയിലേക്കുതന്നെ വഴിമാറുന്നു. ഓരോ പ്രവൃത്തിയുടെയും സുതാര്യത ഉറപ്പ് വരുത്തുന്നില്ല.

നഗരപ്രദേശങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്തുത്യര്‍ഹമായി നടപ്പാക്കിയ അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന ഭരണാധികാരികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഭക്ഷ്യസുരക്ഷയുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തികള്‍ എറ്റെടുക്കാന്‍ അനുമതി നല്‍കുന്നില്ല. ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ നേരിടുന്ന വേദിയായി തൊഴിലുറപ്പുരംഗം മാറി. നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റംകൊണ്ട് ദുരിതജീവിതം നയിക്കുന്ന വിഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളും മാറിയിട്ടുണ്ട്. ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വീണ്ടും വര്‍ധിപ്പിച്ചതിലൂടെ ജനങ്ങള്‍ വറചട്ടിയില്‍നിന്ന് എരിതീയിലേക്ക് എടുത്തെറിയപ്പെട്ട നിലയിലാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് തൊഴിലുറപ്പു തൊഴിലാളികള്‍ നിയമപ്രകാരം ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ക്കുവേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. സെപ്തംബര്‍ 19ന് സംസ്ഥാനതലത്തില്‍ പഞ്ചായത്ത് ഓഫീസുകളിലേക്ക് നടത്തുന്ന മാര്‍ച്ചും പിക്കറ്റിങ്ങും വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.

*
എം വി ബാലകൃഷ്ണന്‍ (എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനതലത്തില്‍ തൊഴിലുറപ്പുരംഗത്തെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ ഒന്നരവര്‍ഷമായി പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്. ഇതിന്റെ ഫലമായി തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. തൊഴില്‍ സമയം ഒരുമണിക്കൂര്‍ കുറച്ചും വേതനം 150ല്‍ നിന്ന് 164 ആയി ഉയര്‍ത്തിയും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ടൊന്നും ഈ രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നില്ല. തൊഴില്‍ദിനം 250 ആയും വേതനം 200 ആയും ഉയര്‍ത്തണം.