Tuesday, September 4, 2012

മാണിസാറേ...ബ്രിട്ടന്‍ വിളിക്കുന്നു

ഒരു വാര്‍ത്ത വായിക്കൂ-

" കെ എം മാണിക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സ്വീകരണം"

തിരു: നാലര പതിറ്റാണ്ടിലേറെ ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും രണ്ടു പതിറ്റാണ്ടിലേറെ മന്ത്രിയായിരിക്കുകയും പത്തു ബജറ്റുകളവതരിപ്പിക്കുകയും ചെയ്ത് റെക്കോഡു സൃഷ്ടിച്ച ധനമന്ത്രി കെ എം മാണിയെ സെപ്റ്റംബര്‍ അഞ്ചിന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രത്യേക ചടങ്ങില്‍ ആദരിക്കും.

ഉന്നതതല സമ്മേളനത്തില്‍ തന്റെ രാഷ്ട്രീയ, സാമ്പത്തീക ദര്‍ശനമായ അധ്വാനവര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചു പ്രഭാഷണം നടത്താനുമാണ് മാണിക്ക് ക്ഷണം. സെപ്റ്റംബര്‍ മൂന്നിന് ലണ്ടനിലേക്ക് തിരിക്കുന്ന മാണി, സിദ്ധാന്തത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ അവസാനവട്ട മിനുക്കുപണിയിലാണ്." വാര്‍ത്ത തീര്‍ന്നിട്ടില്ല. എങ്കിലും തല്‍ക്കാലം ഇവിടെ വെച്ച് നിര്‍ത്തുന്നു. ഇതില്‍ നിന്ന് നമ്മള്‍, വെറും മനുഷ്യര്‍ എന്തെല്ലാം മനസ്സിലാക്കുന്നു?.

1. ബ്രിട്ടീഷ് പാര്‍ലമെന്റ് ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. ഈ ചടങ്ങ് എന്തിനാണെന്ന് വാര്‍ത്തയില്‍നിന്ന് വ്യക്തമല്ല. മാണിക്ക് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങാണോ അഥവാ ഒരു പ്രത്യേക ചടങ്ങിലേക്ക് മാണിയെ ക്ഷണിക്കുന്നതാണോ എന്ന് മനസ്സിലാവുന്നില്ല (എടാ കഴുതേ..എല്ലാം പറഞ്ഞു തരണോടാ.ചിലതൊക്കെ ഊഹിക്കണ്ടേടാ..വായനക്കാരനാണെന്നും പറഞ്ഞു നടക്കുന്നു. നാട് നശിപ്പിക്കാന്‍.)

2. അത് ഒരു ഉന്നതതല സമ്മേളനമാണ്. ഇതിലും ചില സംശയം. ഈ പ്രത്യേക ചടങ്ങ് തന്നെയാണോ ഉന്നതതല സമ്മേളനം അല്ലെങ്കില്‍ ഈ പ്രത്യേക ചടങ്ങിലെ പ്രത്യേക ചടങ്ങാണോ ഉന്നതതലസമ്മേളനം? പ്രത്യേക ചടങ്ങുകളെ ഉന്നതതല സമ്മേളനം എന്നും പറയാറുണ്ടോ?.( ഓ!. ഈ നിലവാരമില്ലാത്ത വായനക്കാരെക്കൊണ്ടു തോറ്റു. ഊഹിക്കടാ..ഊഹിക്ക്..)

എന്തായാലും കേരളത്തിന് , ഇന്ത്യക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ് ഇത്. എത്രയെത്ര മഹാരഥന്മാര്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. ഒരെണ്ണത്തിനെയെങ്കിലും വിളിച്ചൊന്നാദരിക്കണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിന് തോന്നിയില്ല. ഇതാ മാണിയെത്തേടി ബ്രിട്ടീഷ് പാര്‍ലമെന്റ് വരുന്നു. കറുത്തമുത്തായ കുരുമുളക് തേടി പണ്ട് എത്രയെത്ര യൂറോപ്യന്‍ കപ്പലുകളാണ് ഇന്ത്യയിലേക്ക് വന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മല്‍സരിക്കുകയായിരുന്നു കപ്പലുകള്‍. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാനുള്ള വരവ്. അന്ന് കൊള്ളയ്ക്കാണ് വന്നതെങ്കില്‍ ഇന്ന് കാലു പിടിക്കാനാണ് വരവ്, മാണിയുടെ കാലു പിടിക്കാന്‍. നാല്‍പ്പത്തഞ്ചു കൊല്ലമായി എം എല്‍ എ, ഇരുപതുകൊല്ലത്തിലേറെ മന്ത്രി....ജോര്‍ജ് ഒന്നാമന്‍, ജോര്‍ജ് രണ്ടാമന്‍ എന്നിങ്ങനെ ബ്രിട്ടീഷ് സ്റ്റൈല്‍ രാജപ്പേരുകളാണെങ്കില്‍ മാണി നാല്‍പ്പത്തഞ്ചാമന്‍ എന്ന് പറയാം. ഒന്ന് മാറ്റണമെങ്കില്‍ ബജറ്റ് പത്താമന്‍ എന്നാക്കാം.

പാലായുടെ മാണിക്യം എന്ന് അവര്‍ കേട്ടിട്ടേയുള്ളു. "പാലേരി മാണിക്യം" എന്ന് ചുരുക്കിപ്പറയാം. അത് ഒരു അല്‍ഭുതം തന്നെയാണത്രെ!. ഒന്ന് കാണണം ന്നേ ആദ്യം ഉണ്ടായിരുന്നുള്ളു. കാണാന്‍ കഴിയുന്നതേ മഹാഭാഗ്യം!. കണ്ടപ്പോള്‍ ഒന്ന് കൊണ്ടുപോണം ന്ന്ണ്ടായി. ആദ്യം സമ്മതിച്ചില്ല. പിന്നെ ബ്രിട്ടീഷ് സാമ്രാജ്യത്തം കാലുപിടിച്ചു. "...വരണം പ്ലീസ്... ഞങ്ങളെ അനാഥരാക്കരുത്.. ഒരു മഹാ പ്രതിഭയെ നേരിട്ട് കാണാനുള്ള അവസരം ഞങ്ങള്‍ക്ക് നിഷേധിക്കരുത്.

പണ്ട് ചെയ്തു പോയ തെറ്റുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ മാപ്പ്. ഞങ്ങള്‍ ഈ രാജ്യത്തെ ചൂഷണം ചെയ്തിട്ടുണ്ട്...ഞങ്ങള്‍ ചതിച്ചിട്ടുണ്ട്്... രാജ്യം വെട്ടിമുറിച്ചിട്ടുണ്ട്...തല്ലിയിട്ടുണ്ട്... തല്ലിക്കൊന്നിട്ടുണ്ട്... എല്ലാം ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ ചെയ്തുപോയതാണ്.. ഒന്നും മനഃപ്പൂര്‍വമല്ല... പൊറുക്കാനാവാത്ത തെറ്റുകളാണ് ചെയ്തത്... ഖേദമുണ്ട്... എല്ലാ മുറിവുകളെയും കാലം ഉണക്കുകയില്ലേ... മൂന്ന് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അങ്ങയെ വിളിക്കുന്നു.

അക്കാഡമിക് സ്വഭാവത്തിന്റെ ലോകമാതൃക എന്ന് ഞങ്ങള്‍ കരുതുന്ന ഞങ്ങളുടെ പാര്‍ലമെന്റ് അങ്ങയുടെ ധിഷണാശക്തിക്കു മുന്നില്‍ ഒന്നുമല്ല എന്ന് ഇപ്പോള്‍ ബോധ്യമായി. വരണം, വരാതിരിക്കരുത്. അങ്ങയുടെ പാണ്ഡിത്യത്താല്‍ ഞങ്ങളുടെ പാര്‍ലമെന്റ് പ്രശോഭിക്കട്ടെ. അങ്ങയെ ആദരവിന്റെ പൊന്നാട ചാര്‍ത്തിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത്. മഹാരഥന്മാരായ നിരവധി സാമ്പത്തീകശാസ്ത്രജ്ഞന്മാര്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന് ഞങ്ങള്‍ അഭിമാനിച്ചിരുന്നു.

ഡേവിഡ് റിക്കാര്‍ഡോ, തോമസ് മാല്‍ത്തൂസ്, ജോണ്‍ സ്റ്റൂവര്‍ട്ട് മില്‍ ഇവരൊക്കെ പ്രഗല്‍ഭരാണെന്ന് ഞങ്ങള്‍ കരുതിയിരുന്നു. ഇവരൊന്നും ഒന്നുമല്ല എന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അവരൊന്നും കേരളാ കോണ്‍ഗ്രസ് ആയിരുന്നില്ല എന്നത് മാത്രമല്ല അവരുടെ കുഴപ്പം. അവര്‍ കണ്ടെത്തിയത് അങ്ങയുടെ മുന്നില്‍ ഒന്നുമല്ല എന്നതു കൂടിയാണ്. ഇതൊരു അഡീഷണാലിറ്റി അല്ല സര്‍, അഡ്മിറേഷനാണ്. ഞങ്ങളുടെ ക്ഷണം നിരസിക്കരുത്.

ലോകത്തില്‍ എത്രയോ മഹാ.. മഹാ..മഹാരഥന്മാരുണ്ടായിരുന്നു, ഉണ്ട്. അവരെയൊന്നും ഞങ്ങളുടെ പാര്‍ലമെന്റിന്റെ നാലയലത്ത് അടുപ്പിച്ചിട്ടില്ല. അടുപ്പിക്കേണ്ട കാര്യമില്ല. പക്ഷെ അങ്ങ് അവരെപ്പോലെയൊന്നുമല്ല. ആ യശോധാവള്യത്തിന്റെ മുന്നില്‍ അവര്‍ വെറും തൃണം. ഈ ക്ഷണം നിരസിച്ചാല്‍ അക്ഷണം ഞങ്ങള്‍ക്കുണ്ടാവുന്ന ക്ഷീണം ക്ഷണനേരം കൊണ്ട് തീരുന്നതല്ല. കാത്തിരിക്കുകയാണ് ഞങ്ങള്‍- എം പിമാര്‍, മന്ത്രിമാര്‍, പ്രധാനമന്ത്രി എന്നിവരെല്ലാം.

അങ്ങയുടെ കഴിവുകള്‍ കേട്ടറിഞ്ഞ മാര്‍ഗരറ്റ് താച്ചര്‍ പോലും അങ്ങയുടെ അടുത്ത് ട്യൂഷന് വരാതിരുന്നതിലുള്ള നിരാശ പ്രകടിപ്പിച്ചിരുന്നു. അങ്ങയുടെ ക്ലാസ് കിട്ടിയിരിന്നെങ്കില്‍ മറ്റൊരു രീതിയില്‍ സാമ്പത്തീക പരിഷ്ക്കാരം നടപ്പാക്കുമായിരുന്നു. എങ്കില്‍ ബ്രിട്ടന്‍ മറ്റൊന്നാവുമായിരുന്നു, ലോകവും. ഡെസ്ഡമോണയുടെ മൂക്കിന്റെ ആകൃതി മറ്റൊന്നായിരുന്നെങ്കില്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുരങ്ങ് കടിച്ചില്ലായിരുന്നെങ്കില്‍, ജൂലിയസ് സീസര്‍ റൂബിക്കോണ്‍ നദി കടന്നില്ലായിരുന്നെങ്കില്‍, സോക്രട്ടീസിന് വിഷം കൊടുത്തില്ലായിരുന്നെങ്കില്‍....ചരിത്രത്തില്‍ ഇങ്ങനെ കുറെ "എങ്കിലു" കള്‍ ഉണ്ട്. ഈ " എങ്കിലു" കള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നത് നിരാശയാണ്. ഞങ്ങളുടെ വരും തലമുറ "എങ്കില്‍" എന്ന് പറഞ്ഞ് നിരാശപ്പെടരുത്.

ബ്രിട്ടനെ മോഹഭംഗത്തിലാക്കരുത്. അങ്ങ് പാലാ നഗരസഭയില്‍, കേരളത്തില്‍, ഇന്ത്യയില്‍ ഒതുങ്ങി നില്‍ക്കരുത്. വിനയം കൊണ്ട് അങ്ങ് അങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാം. അരുത്. അങ്ങയെ ബ്രിട്ടന് വേണം, ഈ ലോകത്തിന് വേണം. അധ്വാന വര്‍ഗ സിദ്ധാന്തം കാഞ്ഞിരപ്പിള്ളി താലൂക്കിന് മാത്രമല്ല ലോകത്തിന് ആകെ വേണം. ആഫ്രിക്കക്ക് വേണം, അമേരിക്കക്ക് വേണം, ആസ്ട്രേലിയക്ക് വേണം. ഈ അധ്വാന വര്‍ഗ സിദ്ധാന്തം ഫലപ്രദമായി നടപ്പാക്കിയാല്‍ ആഫ്രിക്കയുടെ മുഖം തന്നെ മാറും. എത്യോപ്യയും സോമാലിയയും പൊന്നു വിളയുന്ന രാജ്യങ്ങളായി മാറും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്നോക്കാവസ്ഥ മാറും.

ലോകം അങ്ങയെ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. അങ്ങയെ ഇനിയും വായിച്ചെടുക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഞങ്ങളുടെ എളിയ ശ്രമമാണ് ഇത്. സഹകരിക്കാതിരിക്കരുത്. വിളക്ക് കത്തേണ്ടത് പാറയുടെ അടിയിലല്ല. വരൂ.. ഞങ്ങളുടെ പാര്‍ലമെന്റ് ആകാംക്ഷയോടെ അങ്ങയെ കാത്തിരിക്കുന്നു. ലോകത്തിന്റെ വൈജ്ഞാനിക ചക്രവാളം അങ്ങയെ ക്ഷണിക്കുന്നു, ലോകത്തിന്റെ സാമ്പത്തീകശാസ്ത്ര നിധികുംഭങ്ങള്‍ അങ്ങയെ കാത്തിരിക്കുന്നു, ലോകത്തിന്റെ രാഷ്ട്രീയസിംഹാസനങ്ങള്‍ ആ സാന്നിധ്യത്തിന് കൊതിക്കുന്നു. കടന്നുവരൂ....ആ പാദാരവിന്ദങ്ങളില്‍ ഞങ്ങള്‍ പശ്ചാതപത്തിന്റെ പനീര്‍പൂക്കള്‍ ചൊരിയട്ടെ...അംഗീകാരത്തിന്റെ രാജമല്ലികള്‍ വിതറട്ടെ...യരുശലേമിലേക്കെത്തിയ യേശുദേവന് ഓശാന പാടിയ പോലെ ഒലീവിലക്കൊമ്പുകളൊടിച്ച് ഞങ്ങളും പാടട്ടെ...അധ്വാനവര്‍ഗത്തിന്റെ രക്ഷകന് ഓശാന....വളരുന്തോറും പിളരുന്നവന് ഓശാന....പിളരുന്തോറും വളരുന്നവന് ഓശാന...

ഡാഫോഡിലുകള്‍ കൊണ്ട് കോര്‍ത്ത ഹാരവുമായി ഞങ്ങള്‍ എം പിമാര്‍ കാത്തിരിക്കുകയാണ്... സ്തുതി പാടാന്‍ വേര്‍ഡ്സ്വര്‍ത്തിന്റെ വാനമ്പാടികള്‍ കാത്തിരിക്കുന്നു...ഒളിമ്പിക്സിനു ശേഷം മറ്റൊരു വൈജ്ഞാനിക ഒളിമ്പിക്സിനായി ഞങ്ങള്‍ ഒരുങ്ങുന്നു... വരില്ലേ... വരുമ്പോള്‍ അധ്വാനവര്‍ഗസിദ്ധാന്തത്തിന്റെ കുറച്ചു കോപ്പികള്‍ കൊണ്ടുവരാന്‍ മറക്കരുത്..

ആദരപൂര്‍വം ബ്രിട്ടീഷ് പാര്‍ലമെന്റ്." മഹാത്മാഗാന്ധിയോട് ചോദിക്കാത്ത മാപ്പ് അവര്‍ മാണിയോട് ചോദിക്കുന്നു. അതാണ് മാണിയും മഹാത്മാഗാന്ധിയും തമ്മിലുള്ള വ്യത്യാസം.

1885ല്‍ കോണ്‍ഗ്രസ്സിനു പകരം കേരളാ കോണ്‍ഗ്രസ്സാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാവുമായിരുന്നു. ഇതാ വീണ്ടും വരുന്നു ആ എങ്കില്‍. ഈ "എങ്കില്‍" വെച്ചൊന്ന് ആലോചിച്ചു നോക്കാം. ബ്രിട്ടീഷുകാര്‍ പിറ്റേദിവസം തന്നെ ഇന്ത്യ വിടുമായിരുന്നു.സ്വദേശിപ്രസ്ഥാനം, നിരാഹാരം, നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, ക്വിറ്റിന്ത്യ.. ഇങ്ങനെ വല്ലതും വേണ്ടിവരുമായിരുന്നോ?. പതിനായിരക്കണക്കിനു മനുഷ്യര്‍ ജയിലില്‍ പോകേണ്ടി വരുമായിരുന്നോ?.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം വെളിച്ചം കിട്ടാതെ ഒരു ചൂട്ടുകറ്റക്ക് വേണ്ടി കേരളത്തില്‍ വന്ന് തെണ്ടുമായിരുന്നു. മാണിയുടെ ഒറ്റ സിദ്ധാന്തം മതി " ആളൊണ്ടേയ്.." എന്നു പറഞ്ഞ് വൈസ്രോയിമാര്‍ കിട്ടിയ വണ്ടിക്ക് ലണ്ടനിലേക്ക് പറക്കുമായിരുന്നു. ഇന്ത്യക്ക് ഭാഗ്യമില്ലാതെ പോയി. ഏതായാലും കേരളാ കോണ്‍ഗ്രസിനെ പ്രത്യേക പഠനശാഖയാക്കാന്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ടത്രെ. സ്ക്കൂള്‍ ഓഫ് കേരളാ കോണ്‍ഗ്രസ്. അലക്കി ഡബിള്‍ സ്ട്രോങ്ങില്‍ തേച്ച ഷര്‍ട്ടും മുണ്ടുമായി സ്ക്കൂള്‍ ഓഫ് കേരളാ കോണ്‍ഗ്രസ്സ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരും വിദ്യാര്‍ഥികളും ഓക്സ്ഫോര്‍ഡ് കാമ്പസില്‍ നടക്കുന്നതൊന്ന് ഭാവനയില്‍ കാണു. പറന്നിറങ്ങുന്ന അരിപ്പിറാവുകള്‍. ഒറ്റ പ്രശ്നമേയുള്ളു. ഇടക്കിടക്ക് നാളികേരം ഉടയ്ക്കാനും, ശയനപ്രദക്ഷിണം നടത്താനും കാമ്പസില്‍ സൗകര്യമൊരുക്കണം. മൂന്നുമാസം കൂടുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന് അങ്ങനെയൊരു ചടങ്ങുണ്ട്.

മാണിയെ ശരിക്കും മനസ്സിലാക്കാന്‍ ചില എം പിമാര്‍ മലയാളം പഠിച്ചുതുടങ്ങി എന്നും കേള്‍ക്കുന്നു. സാഹിത്യകാരന്മാരില്‍ മലയാളം അറിയാവുന്ന പന്ത്രണ്ടുപേരെ കയറ്റി അയക്കാമോ എന്ന് സാഹിത്യ അക്കാഡമിയോട് അവര്‍ ചോദിച്ചിട്ടുണ്ടത്രെ!. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി സൂര്യനസ്തമിക്കാത്ത കേരളാ കോണ്‍ഗ്രസ്സിന്റെ കെ എം മാണി- കേരള മലയാള മാണി. രോമാഞ്ചം വരുന്നു. മൂന്ന് നാല് കച്ചോടക്കാര്‍ തരപ്പെടുത്തിയ ചടങ്ങാണെന്നും അതിലേക്ക് രണ്ട് മൂന്ന് എം പിമാരെക്കൊണ്ടു വരുന്നതാണ് യഥാര്‍ഥത്തില്‍ നടക്കാന്‍ പോകുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. വിശ്വസിക്കരുത്. കേരളാകോണ്‍ഗ്രസ്സിന് എവിടെയും ശത്രുക്കളുണ്ട്. രാജ്യത്തിന് ഒരംഗീകാരം കിട്ടുമ്പോള്‍ അസൂയാലുക്കള്‍ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നു. രാജ്യദ്രോഹികള്‍ നശിക്കട്ടെ.

*
എം എം പൗലോസ് ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാണിയെ ശരിക്കും മനസ്സിലാക്കാന്‍ ചില എം പിമാര്‍ മലയാളം പഠിച്ചുതുടങ്ങി എന്നും കേള്‍ക്കുന്നു. സാഹിത്യകാരന്മാരില്‍ മലയാളം അറിയാവുന്ന പന്ത്രണ്ടുപേരെ കയറ്റി അയക്കാമോ എന്ന് സാഹിത്യ അക്കാഡമിയോട് അവര്‍ ചോദിച്ചിട്ടുണ്ടത്രെ!. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇനി സൂര്യനസ്തമിക്കാത്ത കേരളാ കോണ്‍ഗ്രസ്സിന്റെ കെ എം മാണി- കേരള മലയാള മാണി. രോമാഞ്ചം വരുന്നു. മൂന്ന് നാല് കച്ചോടക്കാര്‍ തരപ്പെടുത്തിയ ചടങ്ങാണെന്നും അതിലേക്ക് രണ്ട് മൂന്ന് എം പിമാരെക്കൊണ്ടു വരുന്നതാണ് യഥാര്‍ഥത്തില്‍ നടക്കാന്‍ പോകുന്നതെന്നും ചിലര്‍ പറയുന്നുണ്ട്. വിശ്വസിക്കരുത്. കേരളാകോണ്‍ഗ്രസ്സിന് എവിടെയും ശത്രുക്കളുണ്ട്. രാജ്യത്തിന് ഒരംഗീകാരം കിട്ടുമ്പോള്‍ അസൂയാലുക്കള്‍ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നു. രാജ്യദ്രോഹികള്‍ നശിക്കട്ടെ.