Wednesday, September 5, 2012

തെലങ്കാനയുടെ വീരനായകന്‍

വര്‍ഷം 1940. ഗുണ്ടൂരില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ ടി പ്രകാശം സംസാരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി കൂട്ടുകൂടുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് പ്രകാശം ആരോപിച്ചു. മുന്‍നിരയില്‍നിന്ന് ഒരു യുവാവ് എഴുന്നേറ്റു നിന്ന് പ്രകാശം പറയുന്നത് കള്ളമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കോണ്‍ഗ്രസിലെ അതികായനായ പ്രകാശത്തെ തിരുത്താന്‍ ഇവനേത് പയ്യന്‍ എന്ന ആകാംക്ഷയാണ് എല്ലാ മുഖങ്ങളിലും ഉണ്ടായത്. അവിടെ കൂടിയ കോണ്‍ഗ്രസുകാര്‍ ആ യുവാവിനെ ബലം പ്രയോഗിച്ച് പുറത്താക്കി. ചങ്കുറപ്പോടെ തന്റെ അഭിപ്രായം വെട്ടിത്തുറന്നുപറഞ്ഞ ആ യുവാവ് പി സുന്ദരയ്യയായിരുന്നു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തിലേക്ക് എടുത്തു ചാടി കോണ്‍ഗ്രസിലൂടെ കമ്യൂണിസ്റ്റായി മാറിയ സുന്ദരയ്യ. സ്വന്തം ഗ്രാമത്തില്‍ ദളിതര്‍ക്കെതിരെ തുടരുന്ന വിവേചനത്തിനെതിരെ പതിനേഴാം വയസ്സില്‍ നിരാഹാരസമരം നടത്തി അധസ്ഥിതരുടെ കൂടെയാണ് താനെന്ന് പ്രഖ്യാപിച്ച നേതാവ്. അമീര്‍ ഹൈദരലി ഖാന്‍ എന്ന പ്രസിദ്ധ കമ്യൂണിസ്റ്റ് നേതാവുമായുള്ള ബന്ധത്തിലൂടെയാണ് സുന്ദരയ്യ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. 1936 ല്‍, പുനഃസംഘടിപ്പിക്കപ്പെട്ട പാര്‍ടിയുടെ ആദ്യകേന്ദ്രകമ്മിറ്റിയില്‍ അംഗമായി; 24-ാം വയസ്സില്‍. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തിലും തമിഴ്നാട്ടിലും കമ്യൂണിസ്റ്റ് ഗ്രൂപ്പ് കെട്ടിപ്പടുക്കുന്നതില്‍ സുന്ദരയ്യക്ക് പ്രധാന പങ്കുണ്ടായിരുന്നു. തെലങ്കാന സമരത്തിന്റെ നായകനായാണ് അദ്ദേഹം അറിയപ്പെട്ടത്. സാമ്രാജ്യത്വത്തിനും ഭൂപ്രഭുത്വത്തിനും എതിരെ ആദ്യംമുതലേ ശക്തമായ പോരാട്ടത്തിന് സുന്ദരയ്യ തയ്യാറെടുത്തിരുന്നു. തെലങ്കാന പോരാട്ടത്തിലെ ഗറില്ലാതന്ത്രത്തില്‍പോലും അദ്ദേഹത്തിനുണ്ടായിരുന്ന നേതൃത്വം പ്രധാനമാണ്. സൈനിക അടിച്ചമര്‍ത്തലുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് പാര്‍ടിയെയും കേഡര്‍മാരെയും സജ്ജമാക്കി നിര്‍ത്തുന്നതിലും പ്രധാന പങ്കുണ്ടായിരുന്നു. റിവിഷനിസത്തിനും ഇടതുപക്ഷ സാഹസികത്വത്തിനുമെതിരെ അടിയുറച്ച നിലപാടായുരുന്നു അദ്ദേഹത്തിന്. 1964ല്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസില്‍ സുന്ദരയ്യ ആദ്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ട് വര്‍ഷം അദ്ദേഹം ആസ്ഥാനത്ത് തുടര്‍ന്നു.

സുന്ദരയ്യയുടെ ഏറ്റവും പ്രധാന ഗുണം അദ്ദേഹത്തിന്റെ മനുഷ്യത്വമായിരുന്നുവെന്ന് സിപിഐ എം ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി ബി രാഘവലു ഓര്‍ക്കുന്നു. ലളിതമായ വസ്ത്രധാരണം. മറ്റ് സഖാക്കള്‍ കഴിക്കുന്ന ലഭ്യമായ ഭക്ഷണം. വ്യക്തിപരമായ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യണമെന്ന നിര്‍ബന്ധം. അതിനായി മറ്റ് സഖാക്കളെ ആശ്രയിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സൈക്കിളില്‍ ആന്ധ്രയുടെ വിദൂര ഗ്രാമങ്ങളിലേക്കുപോലും അദ്ദേഹം പോകുമായിരുന്നു. ദീര്‍ഘയാത്രകള്‍ തീവണ്ടിയിലെ തേഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍. എപ്പോഴും ജുബ്ബയുടെ കീശയില്‍ ഒരു ഡയറിയുണ്ടാകും. അതില്‍ നിറയെ ഒരോ പ്രദേശത്തെയും സഖാക്കളുടെ പേരുകളാണ്. ഇത് ഇടയ്ക്കിടക്ക് മറിച്ചുനോക്കും. സഖാക്കളെ മറക്കാതിരിക്കാനാണിത്. വിദൂരഗ്രാമങ്ങളിലെ സഖാക്കളുടെ പേരുകള്‍ വിളിച്ചാണ് പരിചയം പുതുക്കുക. 1967 ല്‍ സിപിഐ എം അംഗീകരിച്ച സംഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖയുടെ പ്രധാനശില്‍പ്പി സുന്ദരയ്യയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഓര്‍ക്കുന്നു. പാര്‍ലമെന്റിലേക്ക് സൈക്കിളുമായി പോകുന്ന ജുബ്ബയണിഞ്ഞ എംപിയെ ഓര്‍ക്കുന്നവര്‍ ഇന്ന് ഡല്‍ഹിയില്‍ വിരളം.

സൈക്കിള്‍,പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക സ്ഥലത്ത് നിര്‍ത്തി ഒരു കെട്ട് കടലാസുമായി തിരക്കിട്ട് നടന്നു നീങ്ങുന്ന ഈ എംപി എന്നും കൃത്യസമയത്തുതന്നെ തനിക്കുള്ള സീറ്റില്‍ എത്തും. പൊതുരാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം പാര്‍ലമെന്റ് പ്രവര്‍ത്തനവും വളരെ ഗൗരവമായി കണ്ട നേതാവാണ് സുന്ദരയ്യ. ആന്ധ്രപ്രദേശില്‍ നിയമസഭാംഗമായി പ്രവര്‍ത്തിക്കുമ്പോഴും സൈക്കിളിലായിരുന്നു യാത്ര. പ്രസംഗത്തിന് മുമ്പ് നല്ല രീതിയില്‍ വിഷയം പഠിച്ച് മാത്രമേ പ്രസംഗിക്കാറുള്ളൂ. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന രാമയ്യ ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു കാര്യമുണ്ട്. സുന്ദരയ്യ നിയമസഭയില്‍ പ്രസംഗിക്കുകയായിരുന്നു. രാമയ്യ ഗ്യാലറിയിലിരുന്ന് പ്രസംഗം കേള്‍ക്കുകയും. വിദ്യാഭ്യാസ ബില്ലിനെക്കുറിച്ചാണ് ചര്‍ച്ച. അതില്‍ പങ്കെടുത്ത് സംസാരിക്കവെ അധ്യാപകരുടെ ശമ്പളത്തെക്കുറിച്ച് പറഞ്ഞ കണക്കുകള്‍ പിശകാണെന്ന് പ്രസംഗത്തിന് ശേഷം സുന്ദരയ്യയെ കണ്ട് രാമയ്യ പറഞ്ഞു. അടുത്ത ദിവസം ഇക്കാര്യം നിയമസഭയില്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സുന്ദരയ്യ ക്ഷമാപണം നടത്തി.

സത്യസന്ധതയും ലളിത ജീവിതവും അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. തണുത്ത് വിറയ്ക്കുന്ന ഒരു പ്രഭാതത്തിലാണ് സുന്ദരയ്യ ഡല്‍ഹിയിലെ പഴയ പാര്‍ടി ഓഫീസിലെത്തിയത്. ഓഫീസില്‍ കടന്നയുടനെ കണ്ടത് ഒരു ജീവനക്കാരന്‍ തണുത്ത് വിറച്ചു ചുരുണ്ടു കൂടി കിടക്കുന്നതാണ്. ഉടന്‍തന്നെ കൈവശമുണ്ടായിരുന്ന ഷാളുകൊണ്ട് ആ സഖാവിനെ പുതപ്പിച്ചു. ഉറക്കമുണര്‍ന്നപ്പോഴാണ് തന്റെ ശരീരത്തില്‍ ഷാള്‍ പുതപ്പ് കണ്ടത്. അത് കണ്ടയുടന്‍തന്നെ അതിന്റെ ഉടമയാരാണെന്ന് സഖാവിന് മനസിലായി. ഷാള്‍ തിരിച്ചേല്‍പ്പിക്കാന്‍ ചെന്നെങ്കിലും അത് വാങ്ങാന്‍ സുന്ദരയ്യ തയ്യാറായില്ല. മാത്രമല്ല അടുത്ത പാര്‍ടിയോഗത്തില്‍തന്നെ ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ക്ക് ശൈത്യകാല അലവന്‍സ് നല്‍കാന്‍ ശുപാര്‍ശചെയ്യുകയും ചെയ്തു. സുന്ദരയ്യയുടെ ഈ മനുഷ്യത്വപരമായ സമീപനവും ലളിതജീവിതവും കണ്ട് ആന്ധ്രയില്‍ പലരും അദ്ദേഹത്തെ കമ്യൂണിസ്റ്റ് ഋഷിയെന്നാണ് വിളിച്ചത്്. ഈ വര്‍ഷം മെയ് ഒന്നിന് അദ്ദേഹത്തിന്റെ ജന്മശതാബ്ദിയായിരുന്നു.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 05 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ഷം 1940. ഗുണ്ടൂരില്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ ടി പ്രകാശം സംസാരിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി കൂട്ടുകൂടുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് പ്രകാശം ആരോപിച്ചു. മുന്‍നിരയില്‍നിന്ന് ഒരു യുവാവ് എഴുന്നേറ്റു നിന്ന് പ്രകാശം പറയുന്നത് കള്ളമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. കോണ്‍ഗ്രസിലെ അതികായനായ പ്രകാശത്തെ തിരുത്താന്‍ ഇവനേത് പയ്യന്‍ എന്ന ആകാംക്ഷയാണ് എല്ലാ മുഖങ്ങളിലും ഉണ്ടായത്. അവിടെ കൂടിയ കോണ്‍ഗ്രസുകാര്‍ ആ യുവാവിനെ ബലം പ്രയോഗിച്ച് പുറത്താക്കി. ചങ്കുറപ്പോടെ തന്റെ അഭിപ്രായം വെട്ടിത്തുറന്നുപറഞ്ഞ ആ യുവാവ് പി സുന്ദരയ്യയായിരുന്നു.