Tuesday, September 7, 2010

കര്‍ഷക കടാശ്വാസ കമീഷന്‍ പ്രവര്‍ത്തനം മാതൃക

കേരളത്തിലെ കര്‍ഷകര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിസര്‍ക്കാരിന്റെ ഏറ്റവുംവലിയ സമ്മാനങ്ങളിലൊന്നായിരുന്നു കര്‍ഷക കടാശ്വാസ കമീഷന്റെ രൂപീകരണം. കര്‍ഷകര്‍ ഒന്നടങ്കം കമീഷന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്‌തിട്ടുണ്ട്. കര്‍ഷക കടാശ്വാസ കമീഷന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഏതു വിമര്‍ശവും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് സൃഷ്‌ടിപരമായിരിക്കണം. കെപിസിസി നേതൃത്വം കാര്‍ഷിക കടാശ്വാസ കമീഷനെതിരെ നടത്തുന്ന വിമര്‍ശം സൃഷ്‌ടിപരമല്ലെന്നു മാത്രമല്ല, നാശോന്മുഖവുമാണ്. കമീഷന്റെ പ്രവര്‍ത്തനത്തെപ്പറ്റി തികഞ്ഞ അജ്ഞതയാണ് കെപിസിസി നേതൃത്വത്തിനുള്ളത്. രണ്ടു വിമര്‍ശമാണ് അവര്‍ ഉന്നയിക്കുന്നത്. ഒന്ന്, കേരളത്തിലെ കര്‍ഷക കടാശ്വാസ കമീഷന്‍ നോക്കുകുത്തിയാണ്. രണ്ട്, കമീഷനില്‍ കൃഷിക്കാര്‍ നല്‍കിയ അപേക്ഷകള്‍ ഓഫീസില്‍ ചാക്കില്‍കെട്ടി വച്ചിരിക്കുന്നു. ഒന്നാമത്തെ വിമര്‍ശം അന്ധന്‍ ആനയെക്കണ്ട പഴങ്കഥ ഓര്‍മിപ്പിക്കുന്നു. ആനയുടെ ചെവിക്കു പിടിച്ച അന്ധന്‍ ആന മുറംപോലെയിരിക്കുന്നെന്നും വാലില്‍ പിടിച്ച അന്ധന്‍ ആന ഉലക്കപോലെയാണെന്നും കാലില്‍ പിടിച്ച അന്ധന്‍ ആന ഉരല്‍പോലെയാണെന്നും വിളിച്ചുകൂവി. കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശവും ഇതേ രീതിയിലുള്ളതാണ്.

കര്‍ഷക കടാശ്വാസ കമീഷന്‍ ഏതെങ്കിലുമൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ ഉപസംഘടനയല്ല. വിമര്‍ശമുന്നയിക്കുമ്പോള്‍ വിഷയത്തെക്കുറിച്ച് അല്‍പ്പമെങ്കിലും പഠിച്ചിട്ടുവേണ്ടിയിരുന്നു. കമീഷന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ നേരായ മാര്‍ഗം കെപിസിസിക്കുണ്ടല്ലോ? കോണ്‍ഗ്രസ് പാര്‍ടിയുടെ സജീവപ്രവര്‍ത്തകനും ആ പാര്‍ടിയുടെ പ്രതിനിധിയായി കമീഷന്‍ അംഗമാണല്ലോ. അദ്ദേഹത്തില്‍നിന്നു പഠിക്കാമായിരുന്നു. കമീഷന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അംഗത്തിന്റെ കാര്യമായ സംഭാവനയുണ്ട്. അതിനിയും അനിവാര്യമാണെന്നും കരുതുന്നു.

കോണ്‍ഗ്രസ് നേതൃത്വമോ യുഡിഎഫോ ഇനിയും മറുപടി പറയാത്ത ഒരു ചോദ്യം കേരളത്തിലെ കര്‍ഷകസമൂഹത്തിന്റെ മനസ്സിലുണ്ട്. 2001-06ലെ യുഡിഎഫ് ഭരണകാലത്തുനടന്ന കര്‍ഷക ആത്മഹത്യയുടെ പെരുങ്കളിയാട്ടത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിനും മറുപടി പറയാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആയിരത്തഞ്ഞൂറോളം പാവപ്പെട്ട കര്‍ഷകരാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഭരണകാലത്ത് ആത്മഹത്യ ചെയ്‌തത്. അവരുടെ നിരാശ്രയരായ കുടുംബങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ ശക്തമായ പ്രക്ഷോഭം അന്നു സംഘടിപ്പിച്ചിരുന്നു.

ആത്മഹത്യ ചെയ്‌ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കണമെന്നും ആത്മഹത്യ പെരുകാതിരിക്കാന്‍ നടപടിയെടുക്കണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, യുഡിഎഫ് ഫലപ്രദമായ ഒരു നടപടിയും സ്വീകരിച്ചില്ല. ആത്മഹത്യ ചെയ്‌തവരും കൃഷിനാശംമൂലം കടക്കെണിയില്‍പ്പെട്ടവരും പാവപ്പെട്ട കര്‍ഷകരായതിനാല്‍ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് അവര്‍ക്ക് നീതി ലഭിച്ചില്ല. സമ്പന്ന കര്‍ഷകരായിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഖജനാവ് മലര്‍ക്കെ തുറക്കുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ, ആത്മഹത്യ ചെയ്‌ത എല്ലാ കര്‍ഷകരുടെയും കടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നെന്ന് പ്രഖ്യാപിച്ചു. അടിയന്തര നടപടികള്‍ സ്വീകരിച്ചു. കര്‍ഷകരെ സഹായിക്കാന്‍ കര്‍ഷക കടാശ്വാസ ബില്‍ നിയമസഭയില്‍ പാസാക്കി. 2007 ജനുവരി 18നു ഗവര്‍ണര്‍ അനുമതി നല്‍കിയതോടെ നിയമമായി മാറി.

കേരള കര്‍ഷക കടാശ്വാസ കമീഷന്‍ ആക്‌ടില്‍ ഇപ്രകാരം പറയുന്നു: കടബാധ്യതമൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടി ന്യായനിര്‍ണയം നടത്തി അവാര്‍ഡുകള്‍ പാസാക്കുന്നതിനുള്ള അധികാരമുള്ളതും മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും അത്തരം കര്‍ഷകരുടെ സങ്കടങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതിനും വേണ്ടിയുള്ള ഒരു കമീഷന്‍ രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷംഗികവുമായ സംഗതികള്‍ക്കുംവേണ്ടി വ്യവസ്ഥ ചെയ്യുന്നതിനുള്ള ആക്‌ട്. ഈ ആക്‌ട് പ്രകാരമുള്ള കമീഷന്‍ പാലക്കാട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്‌തു. രണ്ടു മാസംകൊണ്ട് ജില്ലകളിലെ തെളിവെടുപ്പു പൂര്‍ത്തിയാക്കി.

റവന്യൂ-കൃഷി-സഹകരണ വകുപ്പുകള്‍ സഹകരണസ്ഥാപനങ്ങള്‍, കര്‍ഷകസംഘടനകള്‍ എന്നിവ വഴിയും കര്‍ഷകരില്‍നിന്നു നേരിട്ടും വ്യവസ്ഥാപിതമായാണ് തെളിവെടുപ്പു നടത്തിയത്. വയനാട് ജില്ല മുഴുവന്‍ വിളകള്‍ക്കും നാശം സംഭവിച്ച ജില്ലയാണെന്നു നിര്‍ണയം നടത്തി. വയനാടിനെ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചു. ഒരു ഏക്കര്‍ വരെയുള്ള കൃഷിക്കാരുടെ 25,000 രൂപവരെയുള്ള കടം മുഴുവന്‍ എഴുതിത്തള്ളണമെന്ന് ആ നിര്‍ദേശത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ആ നിര്‍ദേശം വളരെവേഗം അംഗീകരിച്ചു പ്രഖ്യാപനമിറക്കി. 32,472 കര്‍ഷകരുടെ 25,000 രൂപവരെയുള്ള കടമാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ദരിദ്രരും നിരാലംബരുമായ എല്ലാ കര്‍ഷകര്‍ക്കും വളരെവേഗം ആശ്വാസമെത്തിക്കാനുള്ള നിര്‍ദേശമാണ് കമീഷന്‍ സമര്‍പ്പിച്ചത്.

ഈ നിര്‍ദേശങ്ങളിലൂടെ പാവങ്ങളോടുള്ള പ്രതിബദ്ധതയാണ് കമീഷന്‍ പ്രകടിപ്പിച്ചത്. ദുരന്തബാധിത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചതിനാലാണ് ഇങ്ങനെയൊരു നിര്‍ദേശം സമര്‍പ്പിക്കാന്‍ കമീഷനു സാധിച്ചത്. പാവങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും മൂര്‍ത്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കാനും കടക്കാര്‍ക്ക് ആശ്വാസം വേഗമെത്തിക്കാനും നിരന്തരമായ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട കമീഷനെയാണ് നോക്കുകുത്തിയെന്നു വിളിച്ച് ആക്ഷേപിക്കുന്നത്. ഈ ആക്ഷേപത്തിനു പിന്നില്‍ സങ്കുചിത രാഷ്‌ട്രീയ താല്‍പ്പര്യം മാത്രമാണുള്ളതെന്ന് ആര്‍ക്കാണ് അറിയാത്തത്.

മറ്റൊരു സത്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. കര്‍ഷക കടാശ്വാസ കമീഷന്റെ സിറ്റിങ് ആരംഭിച്ചശേഷം കേരളത്തില്‍ ഒരാള്‍ മാത്രമാണ് ആത്മഹത്യ ചെയ്‌തിട്ടുള്ളത് (അതും വയനാട്ടില്‍). സൂര്യപ്രകാശം പോലെ തെളിഞ്ഞുനില്‍ക്കുന്ന ഈ സത്യത്തെ പഴമുറംകൊണ്ടു തടുക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്. കേരളത്തിലെ കര്‍ഷകജനത വിഡ്ഡികളല്ലെന്ന ഓര്‍മ കെപിസിസി നേതൃത്വത്തിനുണ്ടാകണം.

കമീഷന്‍ ന്യായനിര്‍ണയം നടത്തി അവാര്‍ഡാക്കിയ തുക സഹകരണസ്ഥാപനങ്ങളിലെത്താനും കര്‍ഷകര്‍ക്ക് അതു ബോധ്യപ്പെടാനും അല്‍പ്പം വൈകിപ്പോയെന്ന കാര്യം നിഷേധിക്കുന്നില്ല.

തികച്ചും സാങ്കേതികമായ കാരണങ്ങളാലാണ് അങ്ങനെ സംഭവിച്ചത്. അതെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവരികയാണ്. ഒരിക്കലും പിരിഞ്ഞുകിട്ടില്ലെന്നു കരുതിയ പണമാണ് സഹകരണസംഘങ്ങള്‍ക്കു നല്‍കാന്‍ കമീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശചെയ്‌തത്. കമീഷന്‍ നടത്തുന്ന ന്യായനിര്‍ണയത്തിലൂടെ മുഴുവന്‍ സഹകരണസ്ഥാപനങ്ങളും സംരക്ഷിക്കപ്പെടുന്നു. കര്‍ഷകരുടെ സങ്കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള വിവേചനാധികാരം കമീഷനുണ്ട്. അര്‍ഹതയുള്ളവര്‍ക്കു മാത്രമേ ആശ്വാസം ശുപാര്‍ശ ചെയ്യാനാകൂ എന്നുള്ളതുകൊണ്ട് ഓരോ അപേക്ഷയും പരിശോധിച്ച് ന്യായനിര്‍ണയം നടത്താന്‍ സമയക്കൂടുതല്‍ വേണ്ടിവരുന്നു. കടാശ്വാസത്തിന് അര്‍ഹതയില്ലാത്തവര്‍ കടന്നുകൂടാന്‍ ശ്രമിക്കും. അതൊഴിവാക്കേണ്ടിവരും. അഴിമതിയും ക്രമക്കേടും ഒഴിവാക്കാന്‍ തികഞ്ഞ അവധാനതയോടെയാണ് കമീഷന്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരവാദിത്തബോധവും അച്ചടക്കവും മുഖമുദ്രയായി കാത്തുസൂക്ഷിക്കാന്‍ കമീഷനു കഴിയുന്നു.

തിരക്കേറിയ പ്രവര്‍ത്തനത്തിനിടയില്‍ ചെറിയ പിശകുപോലും സംഭവിച്ചിട്ടില്ലെന്ന അവകാശമൊന്നുമില്ല. ഓഫീസും സ്‌റ്റാഫും കമീഷന്റെ കാര്യമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. അതു ലഭിക്കാന്‍ അല്‍പ്പം വൈകി. ഇതൊഴിവാക്കാനാകുമായിരുന്നില്ല. കാരണം ഇത്തരത്തിലൊരു സംവിധാനം ഇന്ത്യയിലാദ്യമാണ്. രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട കാര്‍ഷിക കടാശ്വാസ കമീഷന്റെ സഹായത്തിന് പഴയ രേഖകള്‍ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ആരംഭഘട്ടത്തിലുണ്ടായ ഈ പോരായ്‌മകള്‍ക്ക് പക്ഷേ, കമീഷന്റെ പ്രവര്‍ത്തനത്തിന്റെ വേഗത കുറയ്‌ക്കാനായില്ല. അടുക്കും ചിട്ടയോടെയും പ്രവര്‍ത്തിക്കുന്ന ഓഫീസ് സംവിധാനത്തിനു മാതൃകയാണ് ഇന്ന് കമീഷന്റെ ഓഫീസ്. ഇപ്പോഴും വേണ്ടുവോളം സ്‌റ്റാഫില്ലെന്ന കാര്യം മറച്ചുവയ്‌ക്കുന്നില്ല. അപേക്ഷ നല്‍കിയ ഏതു കര്‍ഷകനും അവശ്യം വേണ്ടുന്ന സഹായം നല്‍കാന്‍ എല്ലാ സംവിധാനവുമുണ്ട്. കര്‍ഷകരുടെ അപേക്ഷ യുഡിഎഫിന്റെ ആക്ഷേപങ്ങള്‍ പോലെ ചാക്കില്‍ കെട്ടിത്തൂക്കിയിരിക്കുകയല്ലെന്ന് ആര്‍ക്കും നേരിട്ടു ബോധ്യപ്പെടുന്നതാണ്.

സഹകരണസംഘങ്ങള്‍ തകരും, കര്‍ഷകര്‍ കബളിപ്പിക്കപ്പെടും എന്നതായിരുന്നു കമീഷനെപ്പറ്റിയുള്ള ആദ്യകാലത്തെ കുപ്രചാരണം. ചില മാധ്യമങ്ങള്‍ ആ പ്രചാരണത്തിനു സഹായം നല്‍കി. പക്ഷേ, കൃഷിക്കാര്‍ വഞ്ചിക്കപ്പെട്ടില്ല. കബളിപ്പിക്കപ്പെട്ടില്ല. സഹകരണ സ്ഥാപനങ്ങളാകട്ടെ സംരക്ഷിക്കപ്പെടുകയും ചെയ്‌തു. മാധ്യമപ്രചാരണങ്ങള്‍ വിലകല്‍പ്പിക്കാതെ കേരളത്തിലെ പാവപ്പെട്ട കര്‍ഷകര്‍ അന്നുമിന്നും കമീഷനിലും എല്‍ഡിഎഫ് സര്‍ക്കാരിലും വിശ്വാസമര്‍പ്പിക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്.

വിമര്‍ശകരുടെയും വായനക്കാരുടെയും അറിവിലേക്കുവേണ്ടി ചില വസ്‌തുതകളും കണക്കുകളും കൂടെ രേഖപ്പെടുത്തുകയാണ്. സര്‍ക്കാരും കമീഷനും പ്രതീക്ഷിച്ചതിലേറെ അപേക്ഷകളാണ് ലഭിച്ചത്. 2010 ജൂണ്‍ 30 വരെ 1,22,791 അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിഞ്ഞു. ശേഷിച്ച അപേക്ഷകള്‍ക്ക് തീര്‍പ്പുണ്ടാക്കാന്‍ ദ്രുതഗതിയിലുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. 2010 ജൂണ്‍ 30നു ശേഷവും സിറ്റിങ് നടത്തിവരികയാണ്. 2010 ആഗസ്ത് 31 വരെ 72,77,48,122 രൂപയുടെ ആശ്വാസമാണ് കമീഷന്‍ ശുപാര്‍ശ ചെയ്‌തിട്ടുള്ളത്. 2010 മാര്‍ച്ച് 31 വരെ സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസം 39,90,74,272 രൂപയാണ്. സഹകരണവകുപ്പു വഴി കടാശ്വാസം അനുവദിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

രണ്ടു പ്രതിനിധികള്‍ വീതമുള്ള മൂന്ന് ബെഞ്ചുകളായാണ് കമീഷന്‍ ഒരുദിവസം സിറ്റിങ് നടത്തുന്നത്. ഒരു ദിവസത്തെ സിറ്റിങ്ങില്‍ 300 വരെയുള്ള അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കും. 2010 ജൂണ്‍ 30 വരെ 485 സിറ്റിങ്ങാണ് നടന്നിട്ടുള്ളത്. ബെഞ്ചിന്റെ എണ്ണമാകട്ടെ 1119ഉം. കമീഷന്റെ തുടക്കത്തിലുള്ള സിറ്റിങ്ങില്‍ ഒരു ബെഞ്ചില്‍ 30 അപേക്ഷകളാണ് പരിഗണിച്ചിരുന്നത്. ഇപ്പോള്‍ ഒരു ബെഞ്ചില്‍ 100 അപേക്ഷകള്‍ക്ക് പരിഹാരം കാണുന്നു.

ഈ വര്‍ഷത്തെ മുഴുവന്‍ പ്ളാന്‍ഫണ്ടും കൃത്യസമയത്തുതന്നെ ചെലവഴിച്ചുകഴിഞ്ഞു. സഹകരണവകുപ്പ് നടത്തുന്ന പൊതുപരിപാടിയില്‍വച്ചാണ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക സംഘങ്ങളെ ഏല്‍പ്പിക്കുന്നത്. കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്നില്ലെന്ന പ്രചാരണത്തിന്റെ മുന ഇതോടുകൂടി ഒടിഞ്ഞുകഴിഞ്ഞു. സര്‍ക്കാര്‍ എന്ത് ആഗ്രഹിച്ചുവോ ആ നിലയില്‍ ഏല്‍പ്പിച്ച ചുമതലകള്‍ ഗൌരവപൂര്‍ണമായും നീതിയുക്തമായും കമീഷന്‍ നിറവേറ്റിവരികയാണ്. അതിനാലാണ്, ശേഷിക്കുന്ന അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ വേണ്ടി കര്‍ഷക കടാശ്വാസ കമീഷന്റെ കാലാവധി വീണ്ടും നീട്ടിക്കൊടുത്തത്.

*****

എം കെ ഭാസ്കരന്‍(കേരള കര്‍ഷക കടാശ്വാസ കമീഷന്‍ അംഗം),

കടപ്പാട് :ദേശാഭിമാനി 07-09-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ കര്‍ഷകര്‍ക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിസര്‍ക്കാരിന്റെ ഏറ്റവുംവലിയ സമ്മാനങ്ങളിലൊന്നായിരുന്നു കര്‍ഷക കടാശ്വാസ കമീഷന്റെ രൂപീകരണം. കര്‍ഷകര്‍ ഒന്നടങ്കം കമീഷന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്‌തിട്ടുണ്ട്. കര്‍ഷക കടാശ്വാസ കമീഷന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ഏതു വിമര്‍ശവും സ്വാഗതാര്‍ഹമാണ്. എന്നാല്‍, അത് സൃഷ്‌ടിപരമായിരിക്കണം. കെപിസിസി നേതൃത്വം കാര്‍ഷിക കടാശ്വാസ കമീഷനെതിരെ നടത്തുന്ന വിമര്‍ശം സൃഷ്‌ടിപരമല്ലെന്നു മാത്രമല്ല, നാശോന്മുഖവുമാണ്. കമീഷന്റെ പ്രവര്‍ത്തനത്തെപ്പറ്റി തികഞ്ഞ അജ്ഞതയാണ് കെപിസിസി നേതൃത്വത്തിനുള്ളത്. രണ്ടു വിമര്‍ശമാണ് അവര്‍ ഉന്നയിക്കുന്നത്. ഒന്ന്, കേരളത്തിലെ കര്‍ഷക കടാശ്വാസ കമീഷന്‍ നോക്കുകുത്തിയാണ്. രണ്ട്, കമീഷനില്‍ കൃഷിക്കാര്‍ നല്‍കിയ അപേക്ഷകള്‍ ഓഫീസില്‍ ചാക്കില്‍കെട്ടി വച്ചിരിക്കുന്നു. ഒന്നാമത്തെ വിമര്‍ശം അന്ധന്‍ ആനയെക്കണ്ട പഴങ്കഥ ഓര്‍മിപ്പിക്കുന്നു. ആനയുടെ ചെവിക്കു പിടിച്ച അന്ധന്‍ ആന മുറംപോലെയിരിക്കുന്നെന്നും വാലില്‍ പിടിച്ച അന്ധന്‍ ആന ഉലക്കപോലെയാണെന്നും കാലില്‍ പിടിച്ച അന്ധന്‍ ആന ഉരല്‍പോലെയാണെന്നും വിളിച്ചുകൂവി. കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശവും ഇതേ രീതിയിലുള്ളതാണ്.