Wednesday, September 15, 2010

കോമണ്‍......വെല്‍ത്ത്

പുലരാന്‍ ഇനി ഏഴര രാവു കൂടി. വറുതുണ്ണി സന്തതസഹചാരി വേലായുധങ്കുട്ടിയെ വിളിച്ചു.

' എണിക്കെഡാ..പുവ്വാഡാ..'

ഒന്നു മറിഞ്ഞ്കിടന്ന് വേലായുധങ്കുട്ടി ചോദിച്ചു.

'..എങ്ങ്ടാ?'

'ഇത്തിരി ദൂരെക്കാഡാ..'

'എവിടെ വരെണ്ടാവും..മൊതലാളി?'

'..ഇത്തിരി വടക്കോട്ടാഡാ..'

'എവ്ടെ വരെ വരും?'

'ഡെല്‍ഹി വരെ..'

'ഇപ്പ്ള്ങ്ങ്ട് ഏതാ ബസ്സ്? മണിക്കുട്ടിയോ, മുരുകനോ..?'

തമാശയാണെന്നാണ് വേലായുധങ്കുട്ടി കരുതിയത്.

'ഡാ... കളിയല്ലെഡാ.. എണ്‍റ്റ് റെഡിയാവഡാ..ടിക്കറ്റൊക്കെ നേരത്തെ പൂശീട്ട്ണ്ട്റാ..'

'എന്താ മൊതലാളി ഇത്. ഡെല്‍ഹീന്ന് പറയണത് പട്ടാമ്പീപ്പോണ പോലെയാണോ..ഒരു മുന്നറിയിപ്പും തരാതെ..'

മുന്നറീപ്പ് തരാനെന്ത്റാ ഇത് വല്ല ചത്തറീപ്പാണോ. മുന്നറീപ്പ് തന്നാലും പോണ്ടത് ഡെല്‍ഹിക്ക് തന്നേല്ലേഡാ'

'എന്നാലും ഇത്ര പെട്ടെന്ന്..?'

'പെട്ടെന്നൊന്നുമല്ലെഡാ. നിന്നോട് പറയാഞ്ഞതാണ്‍ഡാ..കച്ചോഡം അപ്പനോടു പോലും പറയരുതെന്നാണ്‍ഡാ എന്റെ അപ്പന്‍ എന്നോട് പറഞ്ഞിട്ടുള്ളത്.'

വറുതുണ്ണിയും വേലായുധങ്കുട്ടിയും പുറപ്പെട്ടു. 34 മണിക്കൂര്‍ നീന്തി തീവണ്ടി ഡല്‍ഹിയില്‍ കരക്കടിഞ്ഞു. കോട്ടുവായിട്ട് വറുതുണ്ണിയും പിന്നാലെ വേലായുധങ്കുട്ടിയും പുറത്തിറങ്ങി.

ഡല്‍ഹിയില്‍ ഇദംപ്രഥമമാണെങ്കിലും വറുതുണ്ണിക്ക് ലേശംപോലും പരിഭ്രമമില്ല. എന്നാല്‍ ഡല്‍ഹിക്ക് അങ്ങനെയായിരുന്നില്ല. വറുതുണ്ണിയെ കണ്ട് കലശലായി ഭയന്നു.

പെട്ടീം തൂക്കി നടക്കുമ്പോള്‍ വറുതുണ്ണിക്ക് ഭൂമിശാസ്‌ത്രത്തില്‍ കമ്പം കയറി.

'ഡാ.. ഇബ്‌ടെയൊക്കെ സെന്റിനെന്തായിരിക്കോഡാ വെല?'

'മൊതലാളീ, ഇവ്ടെ സെന്റല്ല, മറ്റൊരളവാണ്...'

വേലായുധങ്കുട്ടി തന്റെ വിജ്ഞാനം പ്രകടിപ്പിച്ചു.

'അതെന്ത് അളവാഡാ?.. യ്മ്മടെ നാട്ടിലില്ലാത്ത അളവ്, കുന്നങ്കൊളം ഇന്ത്യേലല്ലേഡാ?.'

'ഇത് ക്യാപ്പിറ്റല്‍ സിറ്റിയല്ലെ മൊതലാളീ...'

'അതിന് യ്മ്മക്കെന്തഡാ... നീ വെല പറയ്‌ഡാ...'

ചര്‍ച്ച തുടരവെ യാത്ര ഹോട്ടലിലെത്തി.

റൂം ബോയിയോട് വറുതുണ്ണി ചോദിച്ചു.

'ചെക്കാ കുളിക്കാന്‍ ചൂടു വെള്ളോണ്ട്റാ ?...

ചെക്കന്‍ അമ്പരന്നു.

'ക്യാ....'

'എന്ത്ഡാ ഇവന്‍ പൂച്ചേപ്പോലെ നിലവിളിക്കണത്. ചെക്കാ ചൂടുവെള്ളോണ്ട്റാ...'

'ക്യാ...'

'മൊതലാളീ അവന് ഹിന്ദി മാത്രമേ അറിയൂ...'

'അതിന്.... യ്മ്മക്കെന്ത്റാ. യ്മ്മ്്ള് കാശല്ലേഡാ എണ്ണിക്കൊടുക്കണത്. പച്ചവെള്ളത്തീ കുളിച്ചാ എനിക്ക് ചൊമ വരൂഡാ... എനിക്ക് പകരം ഈ ചെക്കന്‍ ചൊമക്കോഡാ... ഡാ ചെക്കാ ചൂടു വെള്ളോണ്ട്റാ....'

വേലായുധങ്കുട്ടി അഭിനയിച്ചു കാണിച്ചു. പ്രശ്നം പരിഹരിച്ചു.

കുളി, ഭക്ഷണം ഇത്യാദികള്‍ക്കുശേഷം വേലായുധങ്കുട്ടി ചോദിച്ചു.

'മൊതലാളി എന്താ നമ്മുടെ ലക്ഷ്യം'

'കച്ചോടം'

'എന്ത് കച്ചോടം ?'

'ഡാ ഇത് കളീമ്മലുള്ള കച്ചോടം...'

'കളീമ്മലൊള്ള കച്ചോടാ...?'

'കളീലൂണ്ട്റാ കച്ചോടം...'

'ആകാംഷ പെരുകുന്നു. പറയൂ മൊതലാളി..'

'ഡാ ഇവ്ട കളിക്കണ ഒരു കേമന്ണ്ട്റ..'

'എല്ലാവരും കളിക്കണുണ്ടല്ലോ മൊതലാളീ..'

'ഡാ എല്ലാവരുംകളിക്കണ കളിയല്ലഡ ഇക്കളി. കളത്തിലെറങ്ങാതെയാണ്‍ഡാ ഇവന്റെ കളി. ഓടിച്ചും ചാടിച്ചും കാശ് കൊറെ വാരീഡാ അവന്‍. കില്ലാഡീന്ന് കേട്ടിട്ട്ണ്ടാ ?

'കില്ലാഡിയല്ല മൊതലാളി കല്‍മാഡി'

'ജഗജില്ലിയാണ്‍ഡാ അവന്‍'

'മൊതലാളിക്ക് അയാളെ അറിയാവോ...?

'അവന്‍ പൂനേല് തട്ട്കട നടത്തുമ്പ നമ്മളറിയും, അവ്ടന്നല്ലേഡാ അവന്‍ കളി തൊടങ്ങീത്, കളിച്ചും കളിപ്പിച്ചും കലക്കീടാ ചെക്കന്‍. ഇപ്പ മ്മ്്ള് കുന്നങ്കൊളത്ത് അടിക്കണ പെട്രോള് വരെ ആരുടേതാണെന്നറിയായോ ? അവന്റേഡാ.'

'ഈ വളര്‍ച്ചക്ക് പിന്നിലുള്ള അത്യധ്വാനം?'

'അതാണ്‍ഡാ കളി'

'മൊതലാളി കായികരംഗം പവിത്രമാണ്. അതിന്റെ ശ്രീകോവിലില്‍ കള്ളക്കച്ചവടങ്ങള്‍ പാടില്ല.

'ഇന്നലെ രാത്രി നീ ഒറങ്ങീല്ലേഡാ...'

'കൂടുതല്‍ വേഗത്തിലേക്ക്, കൂടുതല്‍ ഉയരത്തിലേക്ക്, കൂടുതല്‍ ദൂരത്തിലേക്ക്.. ഇതാണ് മൊതലാളീ കായികവേദിയുടെ മുദ്രാവാക്യം. അവസാനിക്കാത്ത യത്നം. മനുഷ്യന്റെ കോരിത്തരിപ്പിക്കുന്ന വിസ്‌ഫോടനം. ട്രാക്കില്‍നിന്ന് നിമിഷങ്ങള്‍ പറിച്ചെറിയുമ്പോള്‍ അംഗുലങ്ങള്‍ നീളുമ്പോള്‍, ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മനുഷ്യന്‍ അജയ്യനാവുകയാണ്. മനുഷ്യരാശി പറുദീസയെ തൊടുകയാണ്....'

'നീ കൊള്ളാല്ലാഡാ... കാശില്ലാതെ പറുദീസ ഉണ്ടാവ്വോ ഡാ അത് കില്ലാഡിക്കറിയാഡാ..'

'ഇത് വഞ്ചനയാണ്. കായികലോകത്തിന്റെ മഹാത്ഭുതങ്ങളെ നിങ്ങള്‍ മുപ്പതു വെള്ളിക്കാശിന് വില്‍ക്കുകയാണ്....'

'കാശ് കിട്ടട്ട്റാ ഞാന്‍ മൈക്ക് മേടിച്ചു തരാഡാ. നീ ഇതുപോലെ നാല് പൂശ് പൂശ്‌ഡാ...'

വേലായുധങ്കുട്ടി അടങ്ങി.

'അല്ല മൊതലാളി എന്താ നമ്മ്ടെ കച്ചോടം ?..'

'ഡാ ഇവ്ടയൊരു കളി നടക്കാമ്പോണണ്‍ഡ്രാ. ഇംഗ്ളീഷിലാണ്‍ഡാ കളി. നിനക്കറിയോഡാ....?

'കോമണ്‍വെല്‍ത്ത് ഗെയിംസ് '

'അത് തന്നേ ഡാ അതിലാണ്‍ഡാ കച്ചോടം...'

'അതിന് മൊതലാളിക്കെന്ത് കളി? ഒരു ഓട്ടം പോലും തെകച്ചു കണ്ടിട്ടുണ്ടോ ?'

'അതിനെന്തിനാണ്‍ഡാ ഓട്ടം കാണണത്. കില്ലാഡി ഈ കാശൊക്കെ ഒണ്ടാക്കീത് ഓടീട്ടാണാ. ഓടണതിലല്ലഡാ, ഓടിച്ച് കാശൊണ്ടാക്കണതാഡാ കളി. കരക്കിരുന്നാടാ മീമ്പിടിക്കണ്ടത്ഡ..'

'ഇവിടെ മൊതലാളിക്കെന്താ റോള് ?'

'ഡാ നീ നേരത്തെ പറഞ്ഞ ആ കുന്ത്രാണ്ടത്തിന് സ്റ്റേജ് വേണ്ട്റാ. അതിന്റെ കച്ചോടമൊറപ്പിക്കാനാണ്‍ഡാ ഈ വരവ് '

'എങ്ങനെ'

'കാണാമ്പോണ കളി പറഞ്ഞു തരണോഡാ..'

രണ്ടുപേരും ഉടുത്തൊരുങ്ങി. കില്ലാഡീ കേന്ദ്രത്തിലേക്ക് യാത്രയായി. വറുതുണ്ണിയെയും വേലായുധങ്കുട്ടിയെയും സുന്ദരി കൈകൂപ്പി സ്വീകരിച്ചു.

ആര്‍ത്തിയോടെ നോക്കിയ വേലായുധങ്കുട്ടിയെ വറുതുണ്ണി നിരുത്സാഹപ്പെടുത്തി.

'ഡാ... അതൊക്കെ ട്രിക്കാണ്‍ഡാ....'

വറുതുണ്ണി സുന്ദരിയുടെ അടുക്കലേക്ക് നീങ്ങി. വറുതുണ്ണി വാ തുറക്കുന്നതിനു മുമ്പേ വേലായുധങ്കുട്ടി ഇടപെട്ട് മാനം രക്ഷിച്ചു.

'വറുതുണ്ണി ഫ്രം കുന്നംകുളം, കേരളാ'.

തലയാകെ കുലുക്കി പെണ്ണ് ചിരിച്ചു. അകത്തേക്ക് പോയി. വെടിയുണ്ടപോലെ തിരിച്ചുവന്ന് പറഞ്ഞു.

'ഗെറ്റിന്‍'

കില്ലാഡി വറുതുണ്ണിയെയും വറുതുണ്ണി കില്ലാഡിയേയും ഒരു നിമിഷം ഇമ വെട്ടാതെ നോക്കി നിന്നു. നൂറു മീറ്ററിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റിലെന്നപോലെ. പിന്നെ വെടിമരുന്നിന് തീപിടിച്ച മട്ടില്‍ കെട്ടിപ്പിടിച്ചു.

അമ്പരന്നുപോയി വേലായുധങ്കുട്ടി.

പെട്രോള് കച്ചോടത്തില്‍ തുടങ്ങി കാറ് കച്ചോടം, സ്ഥലക്കച്ചോടം എന്നിവയിലൂടെ കായിക ഭാരതത്തിന്റെ ശോഭന ഭാവിയിലേക്ക് ഇരുവരും എത്തി.

അപ്പോള്‍ വറുതുണ്ണി വേലായുധങ്കുട്ടിയോട് പറഞ്ഞു.

'ഡാ ഭാവി പറയുമ്പോ നീ വേണ്ടാ, പൊറത്തെറങ്ങിക്കോ..'

വേലായുധങ്കുട്ടി ബഹിഷ്‌കൃതനായി.

കില്ലാഡിയും വറുതുണ്ണിയും ചേര്‍ന്ന് ഭാവിഭാരതത്തിന്റെ കായികസ്വപ്‌നങ്ങളുടെ ഊടും പാവും നെയ്‌തു. കൃത്യം പതിനഞ്ച് മിനിറ്റ്. നെയ്ത്ത് കഴിഞ്ഞ് വറുതുണ്ണി പുറത്തിറങ്ങി. കൂടെ കില്ലാഡിയും.

ഒരിക്കല്‍കൂടി കൈകൊടുത്ത്, കെട്ടിപ്പിടിച്ച് കില്ലാഡി വറുതുണ്ണിയെ യാത്രയാക്കി.

ആഹ്ളാദചിത്തനായി വറുതുണ്ണി പറഞ്ഞു.

'കച്ചോടം... യ്മ്മള് ഒറപ്പിച്ചെഡാ..'

'മൊതലാളീ ഞാന്‍ അമ്പരക്കുന്നു. ഒരു കല്യാണത്തിനുപോലും രണ്ടു കസേര ഇട്ടിട്ടില്ലാത്ത മൊതലാളി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സ്റ്റേജ് ഒരുക്കുന്നുവെന്നോ?

'ഇങ്ങനെല്ലേഡാ ഓരോ പണി പടിക്കണേ...'

ഈ പണി എങ്ങനെ പറ്റിച്ചു മൊതലാളി?

'മൂന്നെരട്ടിക്ക് കരാറ്. ലാഭം തുല്യം തുല്യം. '

വറുതുണ്ണിയും വേലായുധങ്കുട്ടിയും മടക്കയാത്രക്ക് തീവണ്ടിയില്‍ കയറി. കായിക ഭാരതത്തിന്റെ പുത്തന്‍ ചക്രവാളത്തിലേക്ക് തീവണ്ടി കൂകിപ്പറന്നു.


*****

എം എം പൌലോസ്, കടപ്പാട് : ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കില്ലാഡിയും വറുതുണ്ണിയും ചേര്‍ന്ന് ഭാവിഭാരതത്തിന്റെ കായികസ്വപ്‌നങ്ങളുടെ ഊടും പാവും നെയ്‌തു. കൃത്യം പതിനഞ്ച് മിനിറ്റ്. നെയ്ത്ത് കഴിഞ്ഞ് വറുതുണ്ണി പുറത്തിറങ്ങി. കൂടെ കില്ലാഡിയും.

ഒരിക്കല്‍കൂടി കൈകൊടുത്ത്, കെട്ടിപ്പിടിച്ച് കില്ലാഡി വറുതുണ്ണിയെ യാത്രയാക്കി.

ആഹ്ളാദചിത്തനായി വറുതുണ്ണി പറഞ്ഞു.

'കച്ചോടം... യ്മ്മള് ഒറപ്പിച്ചെഡാ..'

'മൊതലാളീ ഞാന്‍ അമ്പരക്കുന്നു. ഒരു കല്യാണത്തിനുപോലും രണ്ടു കസേര ഇട്ടിട്ടില്ലാത്ത മൊതലാളി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സ്റ്റേജ് ഒരുക്കുന്നുവെന്നോ?

'ഇങ്ങനെല്ലേഡാ ഓരോ പണി പടിക്കണേ...'

ഈ പണി എങ്ങനെ പറ്റിച്ചു മൊതലാളി?

'മൂന്നെരട്ടിക്ക് കരാറ്. ലാഭം തുല്യം തുല്യം. '

വറുതുണ്ണിയും വേലായുധങ്കുട്ടിയും മടക്കയാത്രക്ക് തീവണ്ടിയില്‍ കയറി. കായിക ഭാരതത്തിന്റെ പുത്തന്‍ ചക്രവാളത്തിലേക്ക് തീവണ്ടി കൂകിപ്പറന്നു.

മുകിൽ said...

kollam. kollam. kure Varuthunnimaar kaasundaakkunnundu..