Saturday, September 25, 2010

അമേരിക്കൻ മുതലാളിത്തത്തിന്റെ പരാജയം:

അമേരിക്കയിൽ നാല്പത്തിനാലു ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ ജീവിക്കുന്നു

അമേരിക്കയിൽ ജീവിക്കുന്ന ദരിദ്രരുടെ എണ്ണം 2009 വർഷത്തിൽ 43.6 ദശലക്ഷമായി ഉയർന്നു എന്ന് വ്യാഴാഴ്ച (സെപ്തംബർ 16നു) യു.എസ് സെൻസസ് ബ്യൂറോ റിപ്പോട്ട് ചെയ്‌തു. ബ്യൂറോയുടെ അൻപതു വർഷത്തെ കണക്കുകളിൽ ഇത്രവലിയ സംഖ്യ ഇതാദ്യമാണ് പ്രത്യക്ഷപ്പെടുന്നത്; ഇതാകട്ടെ 2008-നെ അപേക്ഷിച്ച് 3.8 ദശലക്ഷത്തിന്റെ വർധനയാണ് കാ‍ണിക്കുന്നതും.

കഴിഞ്ഞവർഷത്തെ കണക്കു പ്രകാരം അമേരിക്കയിൽ എഴിലൊരാൾ ദാ‍രിദ്ര്യത്തിലാണ്, അമേരിക്കൻ സർക്കാരിന്റെ ദാരിദ്ര്യത്തെ സംബന്ധിച്ച നിര്‍വചനത്തിൽ. ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ 14.3% ദാരിദ്ര്യനിരക്ക് 1994 മുതൽക്കിങ്ങോട്ടുള്ളതിൽ ഏറ്റവും ഉയർന്നതാണ്.

2008ലെ 13.2% എന്ന ദാരിദ്ര്യനിരക്കിൽ നിന്ന് ഒരുശതമാനം വർധനവാണുണ്ടായിരിക്കുന്നത് ഇപ്പോൾ. ദാരിദ്ര്യത്തിൽ ജീവിക്കുന്ന 8.8ദശലക്ഷം കുടുംബങ്ങളുണ്ട് ഈ കണക്കനുസരിച്ച്, അഞ്ചിലൊന്ന് കുട്ടികളടക്കം. ഈ ബാലദാരിദ്ര്യനിരക്ക് 5 ദശാബ്‌ദങ്ങൾക്കു മുൻപ് പ്രസിഡന്റ് ലിൻഡൻ ബി. ജോൺസൻ അദ്ദേഹത്തിന്റെ “ദാരിദ്ര്യത്തിനെതിരേയുള്ള യുദ്ധം” പ്രഖ്യാപിക്കുന്ന കാലത്തേതിനു തുല്യമാണ്.

സാമ്പത്തികമാന്ദ്യവും അതേത്തുടർന്നുള്ള തൊഴിൽശാല അടച്ചിടലുകളും കൂലികുറയ്‌ക്കലും എല്ലാം പ്രതിഫലിപ്പിക്കുന്ന മട്ടിൽ, വർധിച്ച ഈ ദാരിദ്ര്യം സാന്ദ്രീകരിച്ചിരിക്കുന്നത് തൊഴിലെടുക്കുന്ന പ്രായത്തിലുള്ള മുതിർന്നവരിലും അവരുടെ കുട്ടികളിലുമാണ്. അറുപത്തഞ്ചുകഴിഞ്ഞവരിലെ ദാരിദ്ര്യമാകട്ടെ 9.7%ത്തിൽ നിന്ന് 8.9% ആയി കുറയുകയും ചെയ്‌തിട്ടുണ്ട്. കുട്ടികളിലെ ദാരിദ്ര്യം 19.4%ത്തിൽ നിന്ന് 20.7%മായും തൊഴിലെടുക്കുന്നപ്രായക്കാരായ മുതിർന്നവരിലെ ദാരിദ്ര്യം 11.9%ത്തിൽ നിന്ന് 12.7% ആയും കൂടി.

എല്ലാ വംശ-വർഗ്ഗങ്ങളിലുമുൾപ്പെട്ടവരെ ദരിദ്ര്യം ബാധിച്ചിട്ടുണ്ട്, എന്നാൽ കറുത്തവർഗ്ഗക്കാരിലും ഹിസ്‌പാനിക് (ലാറ്റിനമേരിക്കൻ) വംശജരിലും ആണ് ഇതേറ്റവും കൂടിയിരിക്കുന്നത്. കറുത്തവരിൽ ഇത് 25.8%വും ഹിസ്‌പാനിക് വംശജരിൽ ഇത് 25.3%വുമാണ്. വെളുത്ത വംശജരിൽ 8.6% ആയിരുന്നു 2008ലെങ്കിൽ ഇപ്പോഴത് 9.4% ആയാണു വർധിച്ചിരിക്കുന്നത്.

ബ്യൂറോ റിപ്പോട്ടിന്റെ ഒരു വിഭാഗം മുഴുവനായും നീക്കിവച്ചിരിക്കുന്നത് ആരോഗ്യ ഇൻഷ്വറൻസിനെപ്പറ്റി പറയാനാണ്. അമേരിക്കയിൽ പൊതുവേ തൊഴിലനുബന്ധ പരിരക്ഷ എന്ന നിലയ്‌ക്കാണ് അധികം പേർക്കും ആരോഗ്യ ഇഷ്വറൻസ് ലഭിക്കുന്നത് എന്നതുകൊണ്ടുതന്നെ കഴിഞ്ഞ 2 വർഷം കൊണ്ടുണ്ടായ ഭീമമായ തൊഴിൽ നഷ്‌ടം ഇൻഷ്വറൻസ് പരിരക്ഷയിൽ വമ്പിച്ച തകർച്ചയുണ്ടാക്കിയിരിക്കുന്നു. ഈ സ്ഥിതിവിവരക്കണക്ക് ശേഖരണമാരംഭിച്ച 1987 മുതൽക്കിങ്ങോട്ടുള്ള ചരിത്രത്തിൽ ആദ്യമായി ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തവരുടെ എണ്ണം 2009ൽ 50 ദശലക്ഷം എന്ന അടയാളസംഖ്യകടന്നിരിക്കുന്നു. ഇത് 2008ലെ 46.3 ദശലക്ഷം എന്ന സംഖ്യയിൽ നിന്നാണ് ഇത്രയുമെത്തിയത്.

ആരോഗ്യപരിരക്ഷയില്ലാത്തവർ 2008ലെ 15.4%ത്തെ അപേക്ഷിച്ച് ഇപ്പോൾ 16.7%ത്തോളമാണ്. ഈ സംഖ്യ അല്പാനുമാനം ആയിരിക്കാനാണു സാധ്യത; കാരണം, വർഷം മുഴുവൻ ഇൻഷ്വറൻസ് പരിരക്ഷയില്ലാതിരുന്നവരെ മാത്രമേ ഈ കണക്കിന്റെ നിർവചനമനുസരിച്ച് സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളൂ. ജൂലൈ 2009ൽ തൊഴിലില്ലാതായ ഒരാൾക്ക് മൂന്നുമാസത്തിനു ശേഷം ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ നഷ്‌ടപ്പെട്ടാലും അവനെ/അവളെ പരിരക്ഷയുള്ളവരുടെ കൂട്ടത്തിലേ ഗണിക്കൂ.

സർക്കാർ സ്‌പോൺസർ ചെയ്യുന്ന ആരോഗ്യപരിരക്ഷാ സംവിധാനത്തിനു കീഴിൽ വരുന്നവരുടെ എണ്ണം 87.4 ദശലക്ഷത്തിൽ നിന്ന് 93.2 ദശലക്ഷത്തിലേക്ക് വർധിച്ചിരിക്കുന്നു. സർക്കാരിന്റെ കീഴിലെ മെഡിക്കെയിഡ്, മെഡികെയർ, കുട്ടികളുടെ ഇൻഷ്വറൻസ് പദ്ധതി എന്നിങ്ങനെയുള്ള പരിപാടികളിൽ പേരുചേർക്കപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചതിനെയാണ് ഇത് സൂചിപ്പിക്കുന്നതെങ്കിലും സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയുള്ളവരുടെ എണ്ണം 201 ദശലക്ഷത്തിൽ നിന്ന് 194.5 ദശലക്ഷത്തിലേക്ക് താഴ്ന്നത് ആദ്യം പറഞ്ഞ വർദ്ധനവിനെ അട്ടിമറിക്കുന്നു. ഇപ്പോൾ മൊത്തം ജനസംഖ്യയുടെ 55.8%ത്തിനുമാത്രമേ തൊഴിലനുബന്ധ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ കിട്ടുന്നുള്ളൂ.

അമേരിക്കൻ ഐക്യനാടുകളിലെ ആഴമേറുന്ന സാമൂഹ്യപ്രതിസന്ധിയുടെ രേഖയാണ് സെൻസസ് ബ്യൂറോ റിപ്പോട്ട് ചെയ്യുന്ന മറ്റ് കണക്കുകൾ :

* ഗാർഹികവരുമാനം 2009ൽ പൊതുവേ നിശ്ചലമായി. 2008ലെ 50,112 ഡോളറിൽ നിന്ന് 49,777 ഡോളറിലേക്ക് നേരിയതോതിൽ കുറഞ്ഞു.

* വർഷം മുഴുവൻ തൊഴിലെടുത്ത സ്‌ത്രീകൾ അതേ തൊഴിൽ‌സമയം കൊണ്ട് പുരുഷന്മാർ നേടിയ വരുമാനത്തിന്റെ 77%മേ നേടിയുള്ളൂ.

* കറുത്തവർഗ്ഗക്കാരുടെ മധ്യമാന ഗാർഹിക വരുമാനം 2008നും 2009നുമിടയ്‌ക്ക് 4.4% ഇടിഞ്ഞു. ഹിസ്‌പാനിക്കുകളൊഴികെയുള്ള വെളുത്തവംശജരിൽ ഈ ഇടിവ് 1.6% ആണ്.

* പ്രാദേശിക വ്യത്യാസങ്ങൾ നോക്കിയാൽ, വ്യാവസായികത്തകർച്ച ഏറ്റവുമധികം ബാധിച്ച മധ്യപൌരസ്‌ത്യ മേഖലയിൽ മധ്യമാനവരുമാനം 2.1% കണ്ട് കുറഞ്ഞിട്ടുണ്ട്; പടിഞ്ഞാറൻ മേഖലയിൽ ഈ ഇടിവ് 1.9%മാണ്. വടക്കുകിഴക്കൻ മേഖലയിലും തെക്കൻ സംസ്ഥാനങ്ങളിലും മാറ്റമില്ലാതെ തുടർന്നു.

* മാന്ദ്യകാലത്തിനു മുൻപുള്ള സാമ്പത്തികോന്നതിയുടെ 1999ലെ ഉച്ചസ്ഥായിയിൽ ഉള്ളതിനെ അപേക്ഷിച്ച് ഇപ്പോൾ കറുത്തവർഗ്ഗക്കാരിൽ മധ്യമാന ഗാർഹികവരുമാനം 11.8% ഇടിഞ്ഞിരിക്കുന്നു. ഹിസ്‌പാനിക് വംശജരിൽ 7.9%വും ഏഷ്യൻ വംശജരിൽ 5.7%വും വെളുത്തവർഗ്ഗക്കാരിൽ 4.2%വും ആണ് യഥാക്രമം, ഈ ഇടിവ്.

* വരുമാനത്തിലെ അസന്തുലനം വർദ്ധിക്കുക തന്നെയാണ്. 2009ലെ കണക്ക് പ്രകാരം ഏറ്റവും ഉയർന്ന 20% ആളുകൾക്കു തന്നെയാണ് മൊത്തവരുമാനത്തിന്റെ 50.3%വും ലഭിക്കുന്നത്. ഇതിൽ തന്നെ എറ്റവും മുകളിലെ 5% ആളുകൾക്ക് വരുമാനത്തിന്റെ 21.7%വും ലഭിക്കുന്നു.

* സാമ്പത്തികമാന്ദ്യത്തിനു മുൻപുതന്നെ മൂന്നിലൊന്ന് അമേരിക്കക്കാർക്കും ദാരിദ്ര്യം ഒരു പരിചിത യാഥാർത്ഥ്യമായിരുന്നു. 2004 മുതൽ 2007വരെ 31.6%ത്തോളം ആളുകൾ രണ്ടോ അതിലേറെയോ മാസങ്ങൾ ദാരിദ്ര്യത്തിൽ ജീവിച്ചിരുന്നു.

ഈ സാമ്പത്തിക തകർച്ച ദാരിദ്ര്യത്തോതിനെ 1.9%ത്തോളവും ദരിദ്രജനസംഖ്യയെ 6.3 ദശലക്ഷത്തോളവും - 2.1 ദശലക്ഷം കുട്ടികളെയും ചേർത്ത് - ഉയർത്തിയിട്ടുണ്ടാകണം ഇപ്പോൾത്തന്നെ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള സാമ്പത്തികമാന്ദ്യങ്ങളിൽ - ഒരുപക്ഷേ 1980-81, ‘81-‘82കാലഘട്ടങ്ങളിലെ മാന്ദ്യം ഒന്നിച്ചെടുത്താലൊഴികെ – ഏറ്റവും വലിയ വർദ്ധനവാണിത്.

ഇതോടൊപ്പം പ്രധാനമാണ് ഔദ്യോഗിക ദാരിദ്ര്യരേഖയ്‌ക്ക് തൊട്ടുമുകളിലായി നിൽക്കുന്ന, മാന്യമായ ഒരു ജീവിതത്തിനുതകാത്ത തുച്‌ഛവരുമാനത്തിൽ ജീവിക്കുന്ന, വലിയൊരു സംഖ്യ അമേരിക്കക്കാരുടെ എണ്ണം. നീട്ടിക്കിട്ടിയ തൊഴിലില്ലായ്‌മാ ആനുകൂല്യങ്ങൾ കഴിഞ്ഞവർഷം 3 ദശലക്ഷം ആളുകളെയാണ് ദാരിദ്ര്യരേഖയ്‌ക്ക് മുകളിൽ പിടിച്ചുനിർത്തിയത്. ഈ ആനുകുല്യങ്ങളുടെ കാലാവധി ഈ വർഷം തന്നെ മൂന്നുവട്ടം തീരാനനുവദിച്ചു, നവംബറിലെ തെരഞ്ഞെടുപ്പോടെ ദശലക്ഷക്കണക്കിനു തൊഴിലാളികളെ നിരാലംബരാക്കിക്കൊണ്ട് അവ പൂർണമായും നിർത്തലാക്കപ്പെടാനാണു എല്ലാ സാധ്യതയും.

ബ്രൂക്കിംഗ്‌സ് ഇൻസ്റ്റിറ്റ്യൂഷനിലെ ലിബറൽ ബുദ്ധിജീവിയായ ഇസബെൽ സോഹിൽ ഈ ദാരിദ്ര്യക്കണക്കുകളെപ്പറ്റി ഇങ്ങനെ പറയുന്നു, “മാന്ദ്യം തുടങ്ങും മുന്‍പ് 2007 മുതൽക്കിങ്ങോട്ടുള്ള ദരിദ്രരുടെ ഗണത്തിലേക്ക് ഇത് 6.3 ദശലക്ഷം ആളുകളെയാണ് കൂട്ടിച്ചേർക്കാൻ പോകുന്നത്. ഇത് പ്രശ്‌നത്തെ വളരെ വഷളാക്കിയിട്ടേ പരിഹൃതമാകൂ”

ഈ ദശകത്തിന്റെ പകുതിയോടെ 6 ദശലക്ഷം കുട്ടികളടക്കം 10 ദശലക്ഷം ആളുകളെ ഈ മാന്ദ്യം ദാരിദ്ര്യത്തിലേക്ക് തള്ളിയിടുമെന്നാണ് സോഹിൽ തന്റെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നത്.

സെൻസസ് ബ്യൂറോ ഇപ്പോൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്ന ദാരിദ്ര്യനിരക്കുകളേക്കാൾ വലുതാണ് യഥാർത്ഥത്തിലേത് എന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്. ഔദ്യോഗിക ദാരിദ്ര്യരേഖയെന്നത് അസംബന്ധപൂർണമാം വിധം താഴ്ത്തിയാണു വരച്ചിരിക്കുന്നത് – നാലുപേരുള്ള ഒരു കുടുംബത്തിന്റെ വാർഷിക വരുമാനം 22,050 ഡോളർ, അല്ലെങ്കിൽ ഒരു മുതിർന്ന വ്യക്തിക്ക് 10,830 ഡോളർ എന്നതാണ് നിരക്ക്. ഇത് ഭൂമിശാസ്‌ത്രപരമായുള്ള വ്യത്യാസങ്ങൾക്കനുസരിച്ച് സമായോജിതമാക്കാത്തതിനാൽ ന്യൂയോർക്ക് നഗരമോ ബോസ്റ്റണോ വാഷിംഗ്‌ടൺ ഡിസിയോ കാലിഫോണിയയോ പോലെ ഉയർന്ന ചെലവുള്ള മേഖലകളിലെ ദാരിദ്ര്യത്തെ വളരെ കുറച്ചു കാണിക്കാനിടയാകുന്നു.

സെൻസസിലെ കണക്കെടുപ്പിൽ നിന്ന് വലിയ ചില ജനസംഖ്യാവിഭാഗങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 2 ദശലക്ഷം വരുന്ന തടവുകാർ, നേഴ്‌സിംഗ് കേന്ദ്രങ്ങളിലും ദീർഘകാല പരിചരണ കേന്ദ്രങ്ങളിലും മറ്റും കഴിയുന്ന പ്രായമേറിയവർ, കോളെജ് ഡോർമിറ്ററികളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ എന്നിവരൊക്കെയാണവർ. സ്ഥാപനങ്ങളിലല്ല താമസിക്കുന്നതെങ്കിൽ ഇവരിൽ പലരും ദരിദ്രർ എന്ന് വർഗീകരിക്കപ്പെട്ടേനെ.

ഉപയോഗിക്കപ്പെട്ട ദാരിദ്ര്യരേഖയുടെ സങ്കല്പം തന്നെ ഇന്ന് കാലഹരണപ്പെട്ടതാണ്. കാരണം, കുടുംബ ചെലവുകളിൽ ഏറ്റവും വലിയ ചെലവ് ആഹാരത്തിനു കല്പിച്ചിരുന്ന, സ്‌ത്രീകളിലധികവും വീടിനു പുറത്ത് ജോലിചെയ്യാതിരുന്ന, യുവാക്കളിലധികവും കോളെജുകളിൽ പോകാതിരുന്ന, ശരാശരി കുടുംബത്തിനു ഒരു കാർ മാത്രമുണ്ടായിരുന്ന 50 വർഷത്തോളം മുൻപുള്ള ഒരു കാലഘട്ടത്തിലെ ഫോർമുലയാണ് ഇതിനായി പ്രയോഗിച്ചിരിക്കുന്നത്. ആരോഗ്യപരിരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും കുട്ടികളുടെ പരിചരണത്തിനും സഞ്ചാരത്തിനും മറ്റ് അവശ്യകാര്യങ്ങൾക്കുമുള്ള ഉയർന്ന് ചെലവുകളെയൊക്കെ കുറച്ചുകാണുന്ന ഒരു രീതിയാണ് അവലംബിച്ചിരിക്കുന്നത്.

ഇതുകൂടാതെ മറ്റൊരു കാര്യം സെൻസസ് റിപ്പോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് വ്യക്തികളും കുടുംബങ്ങളും, ചെലവുകൾ ലാഭിക്കാനുദ്ദേശിച്ച്, ഒന്നിച്ചുജീവിക്കുന്ന പ്രതിഭാസത്തെക്കുറിച്ചാണ്. ദാരിദ്ര്യത്തിന്റെ കണക്കെടുക്കുന്നത് ഗാർഹികവരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നതുകൊണ്ടുതന്നെ പല കുടുംബങ്ങളോ കുടുംബാംഗങ്ങളല്ലാത്ത വ്യക്തികളോ ഒരേ വീട്ടിൽ താമസിക്കുമ്പോൾ ഫലത്തിൽ ഔദ്യോഗിക ദാരിദ്ര്യനിരക്ക് കുറയുന്നതായി കാണപ്പെടും.

“ഉപകുടുംബങ്ങളുടെ സ്വന്തം വരുമാനം വച്ചാണു അവരുടെ ദാരിദ്ര്യമളന്നിരുന്നതെങ്കിൽ ദാരിദ്ര്യ നിരക്ക് 44.2 ശതമാനമായിരുന്നേനെ”, യു,എസ് സെൻസസ് ബ്യൂറോയുടെ ഗാർഹിക സമ്പദ്ഘടനാ സ്ഥിതിവിവര വകുപ്പിന്റെ തലവൻ ഡേവിഡ് ജോൺസൺ വാൾ സ്‌ട്രീറ്റ് ജേർണലിനോടു പറഞ്ഞു. “ബന്ധപ്പെട്ട എല്ലാ വീട്ടംഗങ്ങളുടെയും വിഭവശേഷിയെ അടിസ്ഥാനമാക്കി ദാരിദ്ര്യത്തോത് നിശ്ചയിക്കുമ്പോൾ അത് ഏകദേശം 17% മാത്രമാകുന്നു.”

2008 - 2010 കാലഘട്ടത്തിൽ ബഹുകുടുംബ ഗൃഹങ്ങൾ 11.6% കണ്ട് വർദ്ധിച്ചിട്ടുണ്ട്. തങ്ങളുടെ മാതാപിതാക്കളോടൊപ്പം ജീവിക്കുന്ന 25-34വയസ്സ് പ്രായമുള്ള വിഭാഗക്കാരുടെ എണ്ണം 2008ലെ 12.7%ത്തിൽ നിന്ന് 13.4% ആയി വർദ്ധിച്ചിട്ടുണ്ട്, 2010ൽ. ഈ വിഭാഗത്തെ അവരുടെ മാതാപിതാക്കളുടെ ഗൃഹത്തിലെ താമസക്കാരായി കണ്ട് കണക്കെടുക്കുമ്പോൾ യുവജനങ്ങൾക്കിടയിലെ ദാരിദ്ര്യത്തോത് 8.5 % ആണെങ്കിലും അവരെ സ്വതന്ത്രമായി ജീവിക്കുന്നവരെന്ന നിലയ്‌ക്ക് കണ്ടാൽ ദാരിദ്ര്യത്തോത് 43% ആകും.

ഈ ദാരിദ്ര്യക്കണക്കുകൾ വെളിവാക്കുന്നത് അമേരിക്കൻ മൂലധനപ്രത്യയശാസ്‌ത്രത്തിന്റെ പാപ്പരത്തത്തെയും ഒബാമാ ഭരണത്തിന്റെ പരാജയത്തെയുമാണ്. എന്നാൽ വൈറ്റ് ഹൌസ് ഈ കണക്കുകളെ തികച്ചും യാന്ത്രികമായാണ് വരവേറ്റത്.

“എത്ര പ്രയാസമുള്ളതായിരുന്നു 2009 എന്ന് ഇത് കാണിക്കുന്നു”വെന്ന് അഞ്ചു ഖണ്ഡികകളുള്ള ഒരു കുറിപ്പിലൂടെ ഒബാമ സമ്മതിച്ചു. അതേസമയം കഴിഞ്ഞ വർഷാദ്യത്തിൽ കൊണ്ടുവന്ന സാമ്പത്തികോത്തേജന ബിൽ കാര്യങ്ങളെ വഷളാക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് വീമ്പുപറയുകയും ചെയ്‌തു അദ്ദേഹം. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം കുടുംബങ്ങളുടെ സാമ്പത്തിക അസ്ഥിരതയെ ചരിത്രത്തിലെ ഏറ്റവും വലുതായി മാറ്റണമെന്നില്ല എന്നാണു ഒബാമ തർക്കിക്കുന്നത്. “അധ്വാനിക്കുന്ന കുടുംബങ്ങൾക്ക് വരുമാനത്തിനും കരമൊഴിവാക്കലിനും മറ്റുമായി നടപ്പിലാക്കിയ പല പദ്ധതികളും പോയ വർഷം ദശലക്ഷക്കണക്കിനു അമേരിക്കക്കാരെ ദാരിദ്ര്യത്തിൽ നിന്ന് അകറ്റി നിർത്താൻ സഹായിച്ചിട്ടുണ്ട്”.

ശിശിരകാല ഇലക്ഷൻ പ്രചാരണത്തിലേക്ക് കടക്കുന്ന വേളയിൽ “ഇതിനേക്കാൾ മോശമാകുമായിരുന്നു കാര്യങ്ങൾ” എന്ന വാദം മാത്രമാണ് ഒബാമാ സർക്കാരിനുയർത്താനുള്ളത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ജോലിയും ആരോഗ്യ ഇൻഷ്വറൻസും വീടുകളും നഷ്‌ടപ്പെട്ട ദശലക്ഷക്കണക്കിനു തൊഴിലാളികൾ ഈ മറുപടി കൊണ്ട് ആശ്വസിക്കുമെന്ന് തോന്നുന്നില്ല.

പ്രതിസന്ധിയുടെ ഈ ലഘൂകരണത്തെ ഒബാമയുടെ പത്രക്കുറിപ്പ് ഇങ്ങനെയൊരു ഉപസംഹാരവുമായാണ് കൂട്ടിക്കെട്ടുന്നത് : “എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും അമേരിക്കൻ തൊഴിലാളികളുടെ സമർപ്പണമനോഭാവവും ശുഭാപ്‌തി വിശ്വാസവുമാണ് എനിക്ക് പ്രചോദനമേകുന്നത്. ഈ കൊടുങ്കാറ്റിൽ നിന്ന് നമ്മൾ കുറേക്കൂടി ശക്തിയാർജ്ജിച്ച ഒരു സമ്പദ്ഘടനയുമായിട്ടാവും പുറത്തുവരിക എന്ന് എനിക്കുറപ്പുണ്ട്.”

ആവർത്തിച്ചുറപ്പിക്കുന്ന ഈ വാചാടോപത്തെ ഇങ്ങനെ വിവർത്തനം ചെയ്യാം : എന്റെ സർക്കാരിനും അത് സേവിക്കുന്ന സാമ്പത്തിക പ്രഭുത്വത്തിനും എതിരായി എന്തുകൊണ്ടാണ് അമേരിക്കൻ തൊഴിലാലികളുടെ ഇടയിൽ ഒരു വൻപിച്ച ജനമുന്നേറ്റമുണ്ടാവാത്തത് എന്ന് അമേരിക്കൻ മുതലാളിത്തത്തിന്റെ മുഖ്യപ്രതിനിധി എന്ന നിലയിൽ, എന്നെ അത്ഭുതപ്പെടുത്തുന്നു. ഏതാനും വർഷങ്ങൾ കൂടി “പ്രതീക്ഷ”യെപ്പറ്റിയും “മാറ്റ”ത്തെപ്പെറ്റിയുമുള്ള വാചകക്കസർത്തുകൾ കൊണ്ട് അധ്വാനിക്കുന്ന ജനത്തെ ഭ്രമിപ്പിക്കാമെന്നാണ് ഞാൻ കരുതുന്നത്.

എഴുതിത്തയ്യാറാക്കിയ ഒരു കുറിപ്പിൽ ദാരിദ്ര്യത്തിലാഴ്ന്ന ദശലക്ഷക്കണക്കിനു അമേരിക്കക്കാരുടെ ദുരിതത്തെ ധാർഷ്‌ട്യത്തോടെ തള്ളിയ ദിവസം ഒബാമ തന്റെ സമയത്തിന്റെ മുഖ്യപങ്ക് ചെലവഴിച്ചത് കോർപ്പറേറ്റ് സി‌ഇഓ മാരുടെ രണ്ട് തല്പരസംഘങ്ങളുമായുള്ള കൂടിയാലോചനകൾക്കാണ്: ഒന്ന് തൊഴിലാളിവേതനമുൾപ്പടെയുള്ള ചെലവുകൾ ചുരുക്കി അമേരിക്കൻ വ്യവസായങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാൻ ശ്രമിക്കുന്ന പ്രസിഡന്റിന്റെ കയറ്റുമതി കൌൺസിൽ; മറ്റൊന്ന് ഏറ്റവും വലിയ 100 ഭീമൻ കുത്തകകളുടെ നേതാക്കളുമായി – അവരാകട്ടെ സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം കോർപ്പറേറ്റ് അമേരിക്കയുടെ നയങ്ങളുമായി ഒത്തുപോകുന്നവയാകണമെന്ന് ഉറപ്പിക്കാൻ ഒത്തുകൂടിയവരും.


*****

പാട്രിക് മാർടിൻ എഴുതിയ The failure of American capitalism എന്ന ലേഖനത്തിന്റെ സ്വതന്ത്രപരിഭാഷ

പരിഭാഷ : ഡോ.സൂരജ് രാജന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ശിശിരകാല ഇലക്ഷന്‍ പ്രചാരണത്തിലേക്ക് കടക്കുന്ന വേളയില്‍ “ഇതിനേക്കാള്‍ മോശമാകുമായിരുന്നു കാര്യങ്ങള്‍” എന്ന വാദം മാത്രമാണ് ഒബാമാ സര്‍ക്കാരിനുയര്‍ത്താനുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലിയും ആരോഗ്യ ഇന്‍ഷ്വറന്‍സും വീടുകളും നഷ്‌ടപ്പെട്ട ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ ഈ മറുപടി കൊണ്ട് ആശ്വസിക്കുമെന്ന് തോന്നുന്നില്ല.

പ്രതിസന്ധിയുടെ ഈ ലഘൂകരണത്തെ ഒബാമയുടെ പത്രക്കുറിപ്പ് ഇങ്ങനെയൊരു ഉപസംഹാരവുമായാണ് കൂട്ടിക്കെട്ടുന്നത് : “എല്ലാ വെല്ലുവിളികള്‍ക്കുമിടയിലും അമേരിക്കന്‍ തൊഴിലാളികളുടെ സമര്‍പ്പണമനോഭാവവും ശുഭാപ്‌തി വിശ്വാസവുമാണ് എനിക്ക് പ്രചോദനമേകുന്നത്. ഈ കൊടുങ്കാറ്റില്‍ നിന്ന് നമ്മള്‍ കുറേക്കൂടി ശക്തിയാര്‍ജ്ജിച്ച ഒരു സമ്പദ്ഘടനയുമായിട്ടാവും പുറത്തുവരിക എന്ന് എനിക്കുറപ്പുണ്ട്.”

ആവര്‍ത്തിച്ചുറപ്പിക്കുന്ന ഈ വാചാടോപത്തെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം : എന്റെ സര്‍ക്കാരിനും അത് സേവിക്കുന്ന സാമ്പത്തിക പ്രഭുത്വത്തിനും എതിരായി എന്തുകൊണ്ടാണ് അമേരിക്കന്‍ തൊഴിലാലികളുടെ ഇടയില്‍ ഒരു വന്‍പിച്ച ജനമുന്നേറ്റമുണ്ടാവാത്തത് എന്ന് അമേരിക്കന്‍ മുതലാളിത്തത്തിന്റെ മുഖ്യപ്രതിനിധി എന്ന നിലയില്‍, എന്നെ അത്ഭുതപ്പെടുത്തുന്നു. ഏതാനും വര്‍ഷങ്ങള്‍ കൂടി “പ്രതീക്ഷ”യെപ്പറ്റിയും “മാറ്റ”ത്തെപ്പെറ്റിയുമുള്ള വാചകക്കസര്‍ത്തുകള്‍ കൊണ്ട് അധ്വാനിക്കുന്ന ജനത്തെ ഭ്രമിപ്പിക്കാമെന്നാണ് ഞാന്‍ കരുതുന്നത്.

Rajeeve Chelanat said...

വായിച്ചിരുന്നു..അമേരിക്കയില്‍ മാത്രമല്ല, ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും ഭീകരമാണ് സ്ഥിതിഗതികള്‍. ഇതില്‍ ഏറ്റവും ദുരിതമനുഭവിക്കാന്‍ പോകുന്നവര്‍, സാധാരണക്കാരായ ജനങ്ങളാണ്. അവരുടെ ചിലവില്‍, അവരുടെ നികുതിപ്പണം കൊണ്ട്‌ അതാത് രാജ്യങ്ങളിലെ മുതലാളിവര്‍ഗ്ഗത്തെ എങ്ങിനെ രക്ഷിക്കാം എന്ന പരീക്ഷണത്തിലാണ് സര്‍ക്കാരുകള്‍.
അഭിവാദ്യങ്ങളോടെ