Sunday, September 26, 2010

മനസ്സാക്ഷിയുടെ താരസ്വരം

"സാഹിത്യത്തിന്റെയും നോവലിന്റെയുമൊക്കെ ലക്ഷണങ്ങളും സങ്കേതങ്ങളും ഇന്നും എനിക്കറിഞ്ഞുകൂടാ. അതില്‍ വലിയ താല്‍പര്യവുമില്ല. പക്ഷേ എന്റെ അനുഭവം പുറത്തേയ്‌ക്കു വഴിയുക ഒരാവശ്യമായി തോന്നി. അങ്ങനെ ചെയ്‌തില്ലെങ്കില്‍ അത് പൂര്‍ണമാവില്ലെന്നതിനാല്‍...'' നോവല്‍ തിരഞ്ഞെടുത്തു എന്ന് ആനന്ദ് ഒരഭിമുഖത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്. അനുഭവം എന്നതിനുപകരം 'ആശയം' എന്നാക്കിയാലും ഈ പ്രസ്‌താവം ശരിയായിരിക്കും എന്നെനിക്കു തോന്നുന്നു. സമകാലജീവിതത്തോടുള്ള പ്രതികരണമുണര്‍ത്തുന്ന ആശയങ്ങള്‍ ഫലപ്രദമായി ആവിഷ്‌കരിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തെ നോവലിലും ചെറുകഥയിലും ഉപന്യാസത്തിലുമൊക്കെ കൊണ്ടെത്തിക്കുന്നത്. നിഷ്‌കൃഷ്‌ടമായ ഒരു രീതിശാസ്‌ത്രത്തിലുറച്ചു നിന്നുകൊണ്ട് ശക്തമായ ഭാഷയില്‍ യുക്തിവിചാരം നടത്തുക ആനന്ദിന്റെ സര്‍ഗാത്മകതയ്‌ക്ക് സുകരമല്ല. ആശയാവിഷ്‌കരണം നോവലിന്റെയും ചെറുകഥയുടെയുമൊക്കെ ഘടനയിലാകുമ്പോള്‍ ഒട്ടൊരു സ്വാതന്ത്ര്യവും അയവും ആനന്ദ് അനുഭവിക്കുന്നുണ്ടായിരിക്കണം. അപ്പോഴും നോവലുകള്‍ക്കകത്ത് ദീര്‍ഘമായ ഉപന്യാസങ്ങളും ആശയസംവാദങ്ങളും കടന്നുവരുന്നു. ചിലപ്പോള്‍ ചെറുകഥയുടെയും ഉപന്യാസത്തിന്റെയും അതിരുകള്‍ മാഞ്ഞുപോകുന്നു. തനിക്കുതന്നെ കൃത്യമായി വേര്‍പെടുത്തിയെടുക്കാന്‍ കഴിയാത്ത ആശയങ്ങള്‍ ചില കഥാപാത്രങ്ങളില്‍ തൊടുത്തി നിറുത്തുമ്പോള്‍ 'പരിണാമത്തിന്റെ ഭൂതങ്ങള്‍' പോലെ ഒരുതരം സംവാദ സ്വഭാവമുള്ള ആന്റിനോവലുമുണ്ടാകുന്നു. ശ്രദ്ധാപൂര്‍വം വായിക്കുന്ന ഒരാള്‍ക്ക് ആനന്ദിന്റെ നോവലുകളിലും ചെറുകഥകളിലും ഉപന്യാസങ്ങളിലും പടര്‍ന്നുകിടക്കുന്ന ആശയലോകത്തിന് ഒരേകതാനതയുണ്ടെന്ന് ബോധ്യപ്പെടാതിരിക്കില്ല. നോവലില്‍ അഭിമുഖീകരിച്ച ആശയം തന്നെ ചിലപ്പോള്‍ ചെറുകഥയിലും ഉപന്യാസത്തിലും നാം നേരിട്ടു എന്നു വരിക വളരെ സ്വഭാവികമാണ്. ആശയസമര്‍ഥനത്തിനു സ്വീകരിക്കുന്ന ഉദാഹരണങ്ങളും തെളിവുകളും പോലും ഇങ്ങനെ കൂടുമാറുന്നതു കാണാം.

ആനന്ദ് തന്റെ സാഹിത്യജീവിതത്തിലൂടെ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ സംസ്‌കാരത്തിന്റെ പൊരുള്‍ തേടുകയാണ് എന്നു പറയാം. ഈ സത്യാന്വേഷണത്തില്‍ അദ്ദേഹത്തെ നയിക്കാന്‍ സ്ഥാപിതവും അംഗീകൃതവുമായ സിദ്ധാന്തങ്ങളൊന്നുമില്ല. സിദ്ധാന്തങ്ങളെയും കാഴ്‌ചപ്പാടുകളെയും മനസ്സിലാക്കുമ്പോഴും അവയെ അതിവര്‍ത്തിക്കുന്ന സ്വന്തം മനസ്സാക്ഷിയുടെ സ്‌പര്‍ശിനികളാണ് അദ്ദേഹം പ്രയോജനപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തെക്കുറിച്ചായാലും സമകാലജീവിതത്തെക്കുറിച്ചായാലും മനുഷ്യന്റെ ബീഭല്‍സമായ കാപട്യത്തെക്കുറിച്ചായാലും ആനന്ദ് അവതരിപ്പിക്കുന്ന ധാരണകള്‍ തനതും വ്യതിരിക്തവുമാണ്. അവയോട് നാം യോജിക്കുന്നുവോ എന്നത് മറ്റൊരു പ്രശ്‌നമാണ്. എന്തിനെക്കുറിച്ചു പറയുമ്പോഴും അത്തരമൊരു സംവാദത്തിന്റെ സാധ്യത ആനന്ദ് തള്ളിക്കളയുന്നില്ലതാനും.

വളരെ സരളമായ ഈ ആശയങ്ങള്‍ ഗഹനമായ ചിന്തയുടേതെന്നതിനെക്കാള്‍ സഹജാവബോധത്തിന്റേതാണ്. ഒരുതരം ഉള്‍ക്കാഴ്‌ചകളുടെയോ വെളിപാടുകളുടെയോ സ്വഭാവമുള്ള ഉപന്യാസങ്ങളില്‍ വലിയൊരു പങ്കും പത്രലേഖനങ്ങളുടെയോ കോളമെഴുത്തിന്റെയോ രൂപത്തില്‍ വാര്‍ന്നുവീണിട്ടുള്ളതുമാണ്.


ആനന്ദ് കക്ഷിരാഷ്‌ട്രീയത്തിന്റെ വക്താവല്ല. എപ്പോഴും സുവര്‍ണപ്രതിപക്ഷത്തിന്റെ സ്ഥാനത്തു നില്‍ക്കുന്ന ആനന്ദ് താന്‍ കണ്ടെത്തുന്ന അപ്രിയസത്യങ്ങള്‍ നിരങ്കുശമായി പറഞ്ഞുവയ്‌ക്കുന്നു. ആതങ്കവാദവും ജനാധിപത്യത്തിന്റെ പരിമിതികളും നഗരസംസ്‌കാരത്തിലെ നിഷ്‌ഠൂരമായ പാര്‍ശ്വവല്‍ക്കരണങ്ങളുമൊക്കെ അത്തരം പ്രതികരണങ്ങളാണുളവാക്കുന്നത്. കാഴ്‌ചപ്പാടുകളുടെയും ആശയങ്ങളുടെയും ആദര്‍ശവല്‍ക്കരണം അങ്ങനെ ഒഴിവാക്കപ്പെടുന്നു.

ചരിത്രം എക്കാലവും രാജവാഴ്‌ചകളുടെയും പടയോട്ടങ്ങളുടേതുമായിരുന്നു. രാജാക്കന്മാരും സ്വേച്‌ഛാധിപതികളും ജനങ്ങളില്‍ നിന്നാവശ്യപ്പെട്ടിരുന്നത് നിരുപാധികമായ വിധേയത്വമാണ്. ഒരു ഘട്ടം കഴിയുമ്പോള്‍, ഈ വിധേയത്വം ഒരുശീലമാകുന്നു. അതിന്റെ അധമാവസ്ഥയെക്കുറിച്ചുള്ള ബോധം തന്നെ അവര്‍ക്കില്ലാതാകുന്നു. ജീവന്റെ വില എത്ര തുച്‌ഛമാണെന്ന് സ്വേച്‌ഛാധിപത്യങ്ങളും ഫ്യൂഡലിസ്‌റ്റ് ഭരണവ്യവസ്ഥകളും മാത്രമല്ല, ജനാധിപത്യവും നമ്മെ ബോധ്യപ്പെടുത്തുന്നു. ജനാധിപത്യം എപ്പോഴും ഒരു വരേണ്യവര്‍ഗത്തെ പോറ്റിപ്പുലര്‍ത്തുന്നുണ്ട്. ഈ വരേണ്യവര്‍ഗം ആക്രമിക്കപ്പെടുമ്പോഴാണ്, അപ്പോള്‍ മാത്രമാണ്, ഭരണയന്ത്രം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതും പ്രതികരിക്കുന്നതും. അതുവരെ മനുഷ്യത്വത്തിനുനേരെ നടക്കുന്ന അതിക്രമങ്ങള്‍ തിരിച്ചറിയാതെപോകുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ദില്ലിയിലെ ചേരിപ്രദേശങ്ങളിലും നിരന്തരം നടക്കുന്നതാണ് നരഹത്യകളും ബലാല്‍സംഗങ്ങളും. അത് അവിടെ ഒരു പ്രതിരോധവുമില്ലാതെ നടന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ അത് നഗരത്തിലെ രാഷ്‌ട്രീയപ്രമുഖരുടെയോ വ്യവസായപ്രമുഖരുടെയോ ധനാഢ്യരുടെയോ നേരെയാകുമ്പോള്‍ നിയമപാലകരും ഭരണകൂടവും നീതിപീഠവും ജാഗ്രത്താകുന്നു. മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് ഈ വൈരുധ്യം. എപ്പോഴും അതിരുകളില്ലാതെ അതിക്രമം നടത്തുന്നവര്‍ അധികാരത്തിന്റെ തണലില്‍ സുരക്ഷിതരായിരിക്കുന്നു. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ സിക്കുകാര്‍ക്കുനേരെ നടന്ന കലാപം തെളിയിക്കുന്നതിതാണ്. വന്‍മരങ്ങളുടെ വീഴ്‌ചയില്‍ ചെറിയ ചെടികള്‍ക്കു സംഭവിക്കാവുന്ന നാശമായി ആയിരക്കണക്കിനു മനുഷ്യരുടെ ഹത്യയെ രാജീവ് ഗാന്ധി വിശേഷിപ്പിച്ചത് പല സന്ദര്‍ഭങ്ങളിലും ആനന്ദ് ഓര്‍മിപ്പിക്കുന്നു. "കുറ്റം ചെയ്യാന്‍ ചിലര്‍ക്ക് അധികാരമുണ്ടെന്നും അങ്ങനെയുള്ളവര്‍ക്കു മറ്റുള്ളവരെപ്പോലെ ശിക്ഷ കൊടുക്കുന്നതു തെറ്റാണെന്നും ജനാധിപത്യവാദികളായ നമ്മള്‍ പരോക്ഷമായി അംഗീകരിക്കുകയല്ലേ?'' ഷഷ്‌ടിപൂര്‍ത്തി കഴിഞ്ഞ ഇന്ത്യന്‍ ജനാധിപത്യം ഇപ്പോഴും 'മുടന്തുന്ന'തിന്റെ പ്രധാനകാരണം ഇതാണ്. ഇന്നും നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന് നാം അംഗീകരിച്ചിട്ടില്ല.

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചു മാത്രമല്ല ജനാധിപത്യവ്യവസ്ഥയെക്കുറിച്ചുതന്നെ ആനന്ദിന് ധാരാളം സംശയങ്ങളുണ്ട്. വെറുതേ തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍, ബുദ്ധിയും ഉള്‍ക്കാഴ്‌ചയുമുള്ള ന്യൂനപക്ഷവും അവരുടെ നേതൃത്വവും ഈ വ്യവസ്ഥയില്‍ നഷ്‌ടപ്പെടുകയോ ഉദാസീനമായി അവഗണിക്കപ്പെടുകയോ അല്ലേ ചെയ്യുന്നത് ? ഭൂരിപക്ഷത്തിനുവേണമെങ്കില്‍ വെറും ആള്‍ബലത്തിന്റെ പേരില്‍ ജനാധിപത്യവ്യവസ്ഥയെത്തന്നെ അട്ടിമറിക്കാന്‍ കഴിയുകയില്ലേ? വളരെ പ്രസക്തമാണ് ഈ ചോദ്യങ്ങള്‍. മറ്റു ഭരണവ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോള്‍ ജനാധിപത്യം ഭേദപ്പെട്ട വ്യവസ്ഥയാണ്. പക്ഷേ അത് അന്യൂനമല്ല എന്ന് പല രാഷ്‌ട്രീയചിന്തകന്മാരും നിരീക്ഷിച്ചിട്ടുള്ളത് ഇവിടെയോര്‍ക്കാം. ആശയസംവാദത്തിനുള്ള ഭാഷകളൊന്നും സ്വാധീനമല്ലാത്തതുകൊണ്ടുമാത്രം ഒരു കാബിനറ്റ് മന്ത്രി പാര്‍ലമെന്റിനെ അഭിമുഖീകരിക്കാതെ ഒളിച്ചുകളിക്കുന്നത് ഒരു വര്‍ത്തമാനകാല യാഥാര്‍ഥ്യമായിരിക്കെ ആനന്ദ് ഉന്നയിക്കുന്ന ചോദ്യം അത്യന്തം ഗുരുതരമാണെന്നു വ്യക്തം. ഡമോക്രസി വെറും 'മോബോക്രസി'യാവാതെ സൂക്ഷിക്കുന്നതെങ്ങനെ എന്ന ചോദ്യം ഈ സംശയത്തില്‍ നിന്നുതന്നെ ഉയിര്‍ക്കൊള്ളുന്നതാണ്. പക്ഷേ ഈ ചോദ്യത്തിനു മറുപടി നല്‍കാന്‍ ആനന്ദ് ശ്രമിക്കുന്നില്ല.

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള ആനന്ദിന്റെ മറ്റൊരു ഉപദര്‍ശനം ശ്രദ്ധിക്കുക: "ഇന്നു പ്രയോഗത്തില്‍ വന്നിരിക്കുന്ന ജനാധിപത്യം അന്യവല്‍ക്കരണത്തിന്റെ ശുദ്ധമായ ഒരു മാതൃകയാണ്. ജനാധിപത്യം എന്ന പേരില്‍ നമ്മുടെ മുന്നില്‍ നടക്കുന്ന ഒരുതരം സാമൂഹികമുതലാളിത്തത്തില്‍ നടക്കുന്നതും വെറും മനുഷ്യരുടെ കൂട്ടം തന്നെ മുടക്കുമുതലായിത്തീരുകയും അപഹരിക്കപ്പെടുകയുമാണ്... അവന്‍ തന്നെ സൃഷ്‌ടിച്ച ശക്തികളുടെ കൈയില്‍ മനുഷ്യന്‍ ചരക്കായിത്തീരുന്നു.'' ജനാധിപത്യക്രമത്തില്‍ അനേകര്‍ ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്നതിന്റെ പിന്നിലെ യാഥാര്‍ഥ്യമാണ് ആനന്ദ് ഇവിടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്. 'സാമൂഹികമുതലാളിത്തം' എന്ന സംജ്ഞ വളരെ അര്‍ഥസാന്ദ്രമാണ്. അത് കൂടുതല്‍ വിശദീകരണമര്‍ഹിക്കുന്നു. പക്ഷേ ആനന്ദ് അതിനെക്കുറിച്ച് കൂടുതലൊന്നും പരാമര്‍ശിക്കുന്നില്ല.ഉപന്യാസകാരനെന്ന നിലയ്‌ക്ക് ആനന്ദിന്റെ ഒരു പരിമിതിയുമതാണ്. കാര്യങ്ങള്‍ വിവരിച്ചുപോകുന്നതിനപ്പുറം അവയെ ഫലപ്രദമായി പ്രശ്‌നവല്‍ക്കരിക്കാന്‍ ശ്രദ്ധിക്കാതിരിക്കുക! ജനാധിപത്യക്രമത്തില്‍ പാലിക്കപ്പെടേണ്ട ജാഗ്രതയുടെ അഭാവംകൊണ്ട് രൂപംകൊള്ളുന്നതാണ് 'സാമൂഹികമുതലാളിത്തം'. അത് അത്ര പെട്ടെന്ന് തിരിച്ചറിയപ്പെടില്ലെന്നതുകൊണ്ടുതന്നെ, അതിനെതിരെ കലാപമുണ്ടാവാനുള്ള സാധ്യതയും കുറവാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന് അകാലവാര്‍ധക്യം സംഭവിച്ചിരിക്കുന്നു എന്നും ആനന്ദിനു വാദമുണ്ട്. "ജനാധിപത്യം സര്‍ക്കാരിന് ജൈവാത്മകത നേടിക്കൊടുക്കുന്ന ക്രിയയാണ്. സര്‍ക്കാരിനെ ഒരു ജീവവസ്‌തുവാക്കുന്ന ശസ്‌ത്രക്രിയ. ജനം സര്‍ക്കാരിലേയ്‌ക്കും സര്‍ക്കാര്‍ ജനത്തിലേയ്‌ക്കും അനായാസമായി പ്രവഹിക്കുകയും, ഭരണം എന്നത് ഒരു വലിയ അളവില്‍ സഹകരണമായി മാറുകയും ചെയ്യുന്നു ജനാധിപത്യത്തില്‍. ജനത്തിന്റെ പക്ഷത്തുനിന്ന് ഉദ്ബുദ്ധതയും സര്‍ക്കാരില്‍നിന്ന് ആര്‍ജവവും ആവശ്യപ്പെടുന്നു അത്. പക്ഷേ ഇന്നത്തെ സമൂഹങ്ങള്‍ക്ക് ബകന്മാരെപ്പോലെ അടങ്ങാത്ത വിശപ്പുള്ള അവയുടെ സര്‍ക്കാരുകളുടെമേല്‍ നിയന്ത്രണം നഷ്‌ടപ്പെട്ടിരിക്കുന്നു.'' സര്‍ക്കാരുകളുടെമേല്‍ ജനങ്ങള്‍ക്കു നിയന്ത്രണമില്ലാതാവുകയും ജനങ്ങളുടെ ജൈവമായ സഹകരണം സര്‍ക്കാര്‍ അവഗണിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യത്തിന് അകാലവാര്‍ധക്യം സംഭവിക്കുന്നു. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥ.

ഭോപ്പാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആനന്ദ് എഴുതിയ ലേഖനങ്ങള്‍ക്ക് രണ്ടു തലങ്ങളുണ്ട്. ധനാര്‍ജനത്തിനുള്ള മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ ത്വര മനുഷ്യജീവന് വളരെ തുച്‌ഛമായ വിലപോലും കല്‍പിക്കുന്നില്ല. ഒറ്റയടിക്ക് മരിച്ചുവീഴുന്ന മനുഷ്യരും നശിച്ചുപോകുന്ന ജീവജാലങ്ങളും. അവയെക്കുറിച്ച് വ്യാകുലപ്പെടാതെ തങ്ങളുടെ സമ്പാദന ദൌത്യവുമായി മുന്നേറുന്ന മുതലാളിത്തം. രണ്ടാമത് കീടനാശിനികളുടെ പ്രയോഗം പരിസ്ഥിതിയില്‍ ചെലുത്തുന്ന വമ്പിച്ച ആഘാതം. ജൈവവൈവിധ്യം നശിക്കുക മാത്രമല്ല, കീടനിയന്ത്രണത്തെ സംബന്ധിച്ച പ്രകൃതിയുടെ സ്വാഭാവികമായ സന്തുലനത്തെ അത് പാടേ തകര്‍ത്തുകളയുകയും ചെയ്യുന്നു. ഓര്‍ക്കാപ്പുറത്ത് പിടഞ്ഞുവീഴുന്ന മനുഷ്യര്‍, മാറാത്ത രോഗങ്ങള്‍ക്കു വിധേയരായി ജീവിതം തള്ളിനീക്കുന്നവര്‍, നിത്യഭക്ഷണത്തിലൂടെ മാരകമായ വിഷം വിതരണം ചെയ്യപ്പെടുന്ന അംഗീകൃതമായ ദുരവസ്ഥ - ഇതൊക്കെ ആനന്ദ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം മഹാദുരന്തങ്ങളെ ഭരണകൂടത്തിന്റെ മാധ്യമങ്ങള്‍ എങ്ങനെ കാണുന്നു എന്നും ആനന്ദ് വെളിപ്പെടുത്തുന്നുണ്ട്. കീടനാശിനി മാരകമാണെന്നതുകൊണ്ട് അത് പ്രയോഗിക്കാതിരുന്നാല്‍ ഹരിതവിപ്ളവം അപ്രായോഗികമാകും. അത് മൂന്നാംലോക ജനതയെ പട്ടിയിലാഴ്ത്തുകയും ചെയ്യും. ഇങ്ങനെ ഇരയെ ഉപാധിയാക്കിത്തന്നെ, തങ്ങളുടെ കൊള്ളരുതായ്‌മയെ അവര്‍ ഫലപ്രദമായി ന്യായീകരിക്കുന്നു. ആനന്ദ് പറയുന്നു: "യുദ്ധങ്ങളില്‍ നമ്മുടെ രാജ്യങ്ങള്‍ക്കു നഷ്‌ടപ്പെട്ടത് നമുക്കേറ്റവും ആവശ്യമായ അയല്‍ക്കാരായിരുന്നെങ്കില്‍ ഈ യുദ്ധത്തില്‍ നാം അപഹരിച്ചത് നമ്മുടെ ശത്രുക്കളുടേതിനേക്കാള്‍ നമ്മുടെ മിത്രങ്ങളുടെ ജീവനായിരുന്നു. മണ്ണിരകള്‍പോലും വയലുകളില്‍ ചത്തൊടുങ്ങി. പോര, അങ്ങനെയുണ്ടാക്കിയ ആ ധാന്യങ്ങളിലൂടെ ആ വിഷം നമ്മുടെതന്നെ ജീവനുനേരെ തിരിയുകയും ചെയ്‌തു.'' ഭോപ്പാല്‍ ദുരന്തത്തിന്റെ പ്രതികളെ നാമമാത്ര ശിക്ഷകള്‍ നല്‍കി നമ്മുടെ നീതിപീഠങ്ങള്‍ 'മാനിച്ചി'രിക്കുന്നു എന്ന വര്‍ത്തമാനസത്യത്തിന്റെ വെളിച്ചത്തില്‍ ആനന്ദിന്റെ നിരീക്ഷണങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്.

പാരിസ്ഥിതികനാശം വരുത്തിവയ്‌ക്കുന്ന വിനകളെക്കുറിച്ച് മുന്നറിയിപ്പുതരുന്ന ആനന്ദ് തന്നെ പരിസ്ഥിതിവാദികളുടെ അതിവാദങ്ങളെ കിഴുക്കിയിരുത്തുന്നുണ്ട്. അവശ്യം പറയപ്പെടേണ്ട പല വസ്‌തുതകളും മറച്ചുപിടിക്കുകയും ചില അര്‍ധസത്യങ്ങള്‍ക്ക് കവിഞ്ഞ ഊന്നല്‍ നല്‍കുകയും ചെയ്യുന്നതിലൂടെ അവരും ദരിദ്രലക്ഷങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹത്തിനു വാദമുണ്ട്. പലപ്പോഴും ഒരു തുള്ളി മഴയ്‌ക്കുവേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നവരോട് റെയിന്‍വാട്ടര്‍ ഹാര്‍വെസ്‌റ്റിങിനെക്കുറിച്ചു വാചാലരാകുമ്പോള്‍ സംഭവിക്കുന്നത് അതാണ്. വേണ്ടുവോളം മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ പ്രായോഗികമാകുന്ന ഒരു കാര്യം അനാവൃഷ്‌ടിയുടെ മഹാദുരന്തം അനുഭവിക്കുന്നിടത്ത് നിഷ്‌ഫലമാകാമെന്ന തിരിച്ചറിവ് വളരെ പ്രധാനമാണ്. സൈദ്ധാന്തികമായി കാര്യങ്ങള്‍ പറയുമ്പോള്‍ അനുകൂലവും പ്രതികൂലവുമായ വസ്‌തുതകള്‍ പൂര്‍ണമായും പറയാനുള്ള ആര്‍ജവം കാണിക്കണം. ചില വസ്‌തുതകള്‍ തന്ത്രപൂര്‍വം മറച്ചുവയ്‌ക്കരുത്.

ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും പരസ്‌പരം മല്‍സരിച്ച് ജീവിതം ദുസ്സഹമാക്കുന്നതിനെക്കുറിച്ചുള്ള ആനന്ദിന്റെ നിരീക്ഷണങ്ങള്‍ ചിലരെയെങ്കിലും ശുണ്‌ഠി പിടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍ ഇതു രണ്ടും ഒരുപോലെ അപകടകരവും ഗര്‍ഹണീയവുമാണ്. രണ്ടും രാഷ്‌ട്രീയവ്യവസ്ഥയെ തകിടം മറിക്കുന്നു. പലപ്പോഴും പക്ഷപാതപൂര്‍ണമായ ഒരു നിലപാടോടെ വോട്ടുബാങ്ക് സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ അറിഞ്ഞുകൊണ്ടുതന്നെ ഇവയിലേതെങ്കിലുമൊന്നിനോട് കക്ഷിചേരുന്നു. ആര്‍.എസ്.എസിന്റെ പദസഞ്ചലനം പോലെതന്നെ അപകടകരമാണ് റെഡ്‌വളന്റിയേഴ്‌സിന്റെ റൂട്ടുമാര്‍ച്ചും. രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ സായുധപരിശീലനം ലഭിച്ചവരുടെ സംഘങ്ങളെ പരിപാലിച്ചു പോരുന്നതിന്റെ അപകടവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സാംസ്‌കാരികസംഘടനകളുടെ പരിവേഷത്തോടെ ഭരണതലത്തിലും ജീവിതത്തിലും ഇടപെടുന്ന ഈ സംഘങ്ങളുടെ നിറം കാവിയോ പച്ചയോ ചുവപ്പോ വെളുപ്പോ എന്നത് അപ്രസക്തമായ കാര്യമാണ്. ഈ നിലപാടാണ് ആനന്ദ് ഒരു അരാഷ്‌ട്രീയവാദിയാണ് എന്ന ആരോപണമുന്നയിക്കാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്. രാഷ്‌ട്രീയം എന്ന വാക്കിന് കക്ഷിരാഷ്‌ട്രീയമെന്നതില്‍ കവിഞ്ഞ അര്‍ഥവ്യാപ്തിയുണ്ടെന്ന സത്യം അവര്‍ മറന്നുപോകുന്നു.

സ്ഥാപിതമായ വ്യവസ്ഥകളെയും അംഗീകൃതമായ നിയമങ്ങളെയും മാറ്റമില്ലാതെ പാലിച്ചുപോകാനുള്ള മനുഷ്യന്റെ വ്യഗ്രതയെയും ആനന്ദ് ചോദ്യം ചെയ്യുന്നുണ്ട്. പരിസ്ഥിതിക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് മാറ്റപ്പെടേണ്ടാത്തതായി ഈ ലോകത്തിലൊന്നുമില്ല എന്നതല്ലേ സത്യം? സമൂഹം നീതിക്കും നിയമത്തിനുമെതിരായി കലാപം തുടങ്ങുന്നത് അവ പൊളിച്ചെഴുതപ്പെടേണ്ട സമയമായിരിക്കുന്നു എന്നതുകൊണ്ടാവാം. മാറ്റാനുള്ള വൈമനസ്യം സംഘര്‍ഷത്തിന്റെ പാതയൊരുക്കുകയും ചെയ്യുന്നു. ഈ യാഥാസ്ഥിതികത്വം ഏറ്റവും പ്രകടമാകുന്നത് മതത്തിന്റെ മേഖലയിലാണ്. സ്ഥാപിതമായ ധാരണകളെ പ്രവാചകന്മാര്‍ കാലോചിതമായി പരിഷ്‌കരിക്കുകയും തിരുത്തുകയും ചെയ്യുന്ന കാലത്തോളം അത് സജീവമായിരിക്കും. പക്ഷേ ഒരു ഘട്ടം വരുമ്പോള്‍, ഇസ്ളാമിലും സിക്ക് മതത്തിലും ക്രൈസ്‌തവമതത്തിലും സംഭവിച്ചതുപോലെ ചിലര്‍ അവസാനത്തെ പ്രവാചകരായി പ്രത്യക്ഷപ്പെടുകയും മാറ്റങ്ങളുടെ സാധ്യതകള്‍ പൂര്‍ണമായും ഇല്ലാതാക്കിക്കളയുകയും ചെയ്യുന്നു.

ഈ മതില്‍ കെട്ടിയടയ്‌ക്കലാണ് ജീര്‍ണതയ്‌ക്കു വഴിയൊരുക്കുന്നത്. ഇത് പ്രശ്‌നങ്ങളെ ഗുരുതരമാക്കുകതന്നെ ചെയ്യും. "അവര്‍ തങ്ങളുടെ തന്നെ സൃഷ്‌ടിയെ തങ്ങള്‍ക്കുപരിയായി വാഴിക്കുകയും മറ്റുള്ളവരെ എന്നപോലെ തങ്ങളെയും അതിനടിമകളാക്കുകയുമാണു ചെയ്യുന്നത്. എന്നാല്‍ മനുഷ്യന്‍ അവന്റെ സത്തയുടെ ഏറ്റവും കാതലായ സ്വഭാവമായ പ്രതിഷേധിക്കലും കലാപമുയര്‍ത്തലും നിറുത്തുന്നില്ല. നിയമത്തിന് അവസാനം വളയേണ്ടിവരും. ആ വളയല്‍ അനാവശ്യമായി വേദനാകരമായിത്തീരുകയും ചെയ്യുന്നു.''

സമകാലജീവിതത്തിലെ വൈരുധ്യങ്ങളും ധാര്‍മികമായ ച്യുതിയും ജനാധിപത്യഭരണക്രമത്തിന്റെ ജീര്‍ണതയും തീവ്രവാദത്തിന്റെ അയുക്തികതയും കമ്പോളസംസ്‌കാരത്തിന്റെ നിഷ്‌ഠൂരതയും ബോധ്യപ്പെടുത്തുന്നവയാണ് ആനന്ദിന്റെ ഉപന്യാസങ്ങള്‍. സമകാല ജീവിതത്തിനുനേരെ സദാ ഉണര്‍ന്നിരിക്കുന്നു ആനന്ദിന്റെ മനസ്സ്. ചരിത്രത്തെയും വര്‍ത്തമാനകാലത്തെയും ബന്ധിപ്പിച്ചു ചിന്തിക്കുക അദ്ദേഹത്തിന്റെ സമീപനരീതിയുടെ സവിശേഷതയാണ്. തനിക്കു പറയാനുള്ളത് തനിക്കു വശമുള്ള ഭാഷയില്‍ പറഞ്ഞ് മനസ്സിന്റെ ഭാരമൊഴിക്കുക. ഉപന്യാസത്തിന്റെ ഘടനാഭദ്രതയെക്കുറിച്ചു വേവലാതിപ്പെടാതിരിക്കുക. വൈജ്ഞാനിക ലേഖനങ്ങളുടെ യുക്തിശില്‍പം അതില്‍ കണ്ടെന്നുവരില്ല. ആത്മോപന്യാസങ്ങളുടെ വൈകാരികത നിലനിറുത്താന്‍ ആ ഭാഷ അപര്യാപ്‌തവുമാണ്. അപ്പോഴും അടിയന്തരസ്വഭാവമുള്ള ജീവിതസമസ്യകളിലേയ്‌ക്ക് അവ നമ്മെ വിളിച്ചുണര്‍ത്തുന്നു.


*****

ഡോ. ഡി. ബഞ്ചമിന്‍, കടപ്പാട് : ഗ്രന്ഥാലോകം, ആഗസ്‌റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

No comments: