Friday, September 10, 2010

പ്രവാസി മലയാളികള്‍ കേരളത്തിലെ സമരങ്ങളെ കാണുന്നത്....

കേരളത്തിലെ പൊതുസമൂഹത്തിന്റെ ജീവിതത്തെയും മനോഭാവത്തെയും സ്വാധീനിക്കുന്ന ഒരു ഘടകമായി പുറത്ത് ജീവിക്കുന്ന മലയാളിസമൂഹം മാറിയിട്ട് ചുരുങ്ങിയത് മൂന്നുപതിറ്റാണ്ടെങ്കിലുമായി. അതുകൊണ്ടുതന്നെ മലയാളിയുടെ മാറുന്ന മനസ്സ് പ്രവാസികള്‍ക്കിടയില്‍ നിന്ന് നിരീക്ഷിക്കുകയെന്നത് വേറിട്ട ഒരനുഭവമാണ്.

ഗള്‍ഫിലെ മലയാളികളുടെ സാമൂഹികാവബോധം കേരളത്തിലെ പൊതു അവസ്ഥയില്‍ നിന്ന് ഏറെ ഭിന്നമല്ല. രാഷ്‌ട്രീയാഭിമുഖ്യമുള്ളവര്‍, അരാഷ്‌ട്രീയവാദികള്‍, സാമുദായിക സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവാസികള്‍ക്കിടയില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് മലയാളികളുടെ സാമൂഹ്യഘടനയെ നമുക്കിങ്ങനെ സംഗ്രഹിക്കാം. ഗള്‍ഫില്‍ ചെറുകിട-വന്‍കിട നിക്ഷേപകരായിത്തീര്‍ന്ന വളരെ ചെറിയൊരു വിഭാഗം മെച്ചപ്പെട്ട തൊഴില്‍ സാഹചര്യമുള്ളവരും ചെറുകിട-സ്വയം സംരംഭങ്ങളിലേര്‍പ്പെട്ടവരും ഉള്‍പ്പെടുന്ന മദ്ധ്യവര്‍ഗ്ഗം. വളരെ മോശപ്പെട്ട തൊഴില്‍പശ്ചാത്തലമുള്ള മഹാഭൂരിപക്ഷം വരുന്ന അടിസ്ഥാനവര്‍ഗ്ഗം. സമീപകാലങ്ങളിലായി എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും മതനിരപേക്ഷ പുരോഗമന ചിന്താഗതിക്കാര്‍ നേതൃത്വം കൊടുക്കുന്ന കൂട്ടായ്‌മകള്‍ക്കും സംഘടനാ സംവിധാനങ്ങള്‍ക്കും സ്വീകാര്യത വര്‍ദ്ധിക്കുന്നുവെന്നത് ശ്രദ്ധേയവും ഗുണപരവുമായ ഒരുമാറ്റമാണ്.

കേരളത്തില്‍ നിന്ന് നമ്മുടെ മാധ്യമങ്ങളെത്തിക്കുന്ന സമരവാര്‍ത്തകളോട് പൊതുവെ ഒരുതരം നിസംഗതയാണ് ഗള്‍ഫ് മലയാളികള്‍ പുലര്‍ത്തിപ്പോരുന്നത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് കോഴിക്കോട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ ഒരു സമരത്തിന്റെ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സമൂഹത്തിന്റെ പൊതുധാരണകള്‍ക്ക് രൂപം കൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മധ്യവര്‍ഗ്ഗമുള്‍പ്പെടെ ഈ സമരത്തെ അങ്ങേയറ്റം പ്രകീര്‍ത്തിക്കുകയുണ്ടായി. സമരങ്ങളോടുള്ള മാധ്യമനിലപാടുകളുടെ പ്രധാനപ്രചോദനമായ മധ്യവര്‍ഗ്ഗത്തിന്റെ ഈ മനംമാറ്റം അപഗ്രഥിക്കുമ്പോള്‍ നമ്മുടെ സമൂഹം പ്രതിഫലിപ്പിക്കുന്ന ചില പുതിയ പ്രവണതകള്‍ മനസ്സിലാക്കാന്‍ കഴിയും.

ഗള്‍ഫ് മേഖലയില്‍ മുപ്പത് ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഇരുപതുലക്ഷത്തോളം മലയാളികളാണ് . ഇവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത അവരുടെ യാത്രാദുരിതം തന്നെയാണ്, മുമ്പൊരിക്കല്‍, നബിയുടെ നാട്ടിലെത്താന്‍ കേരളത്തിലെ ഒരു എയര്‍പ്പോര്‍ട്ടില്‍ നിന്ന് യാത്ര പുറപ്പെട്ട സക്കറിയ തന്റെ അനുഭവത്തെ നായ നക്കിയ അവസ്ഥയെന്ന് ചുരുക്കിയെഴുതിയിട്ടുണ്ട്. ഈ അവസ്ഥയെ അഭിമുഖീകരിക്കാതെ ഇന്നും ഒരു മലയാളിക്ക് ഗള്‍ഫിലേക്ക് പറക്കാന്‍ കഴിയില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെ ഷെഡ്യൂളുകള്‍ മാറ്റുന്നതും ഓവര്‍ബുക്കിംഗിന്റെ പേരില്‍ യാത്രക്കാരെ വലയ്ക്കുന്നതും പ്രവാസികളിലുണ്ടാക്കുന്ന മാനസികാഘാതങ്ങല്‍ വിവരണാതീതമാണ്.

രണ്ടായിരത്തിമൂന്നില്‍ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുള്ള എന്റെ കന്നിയാത്രയുടെ ഓര്‍മ്മകള്‍ തന്നെ ഒട്ടും സുഖകരമല്ല. “'കണ്‍ഫേം ചെയ്‌ത ടിക്കറ്റും പാസ്പോര്‍ട്ടുമായി ബോര്‍ഡിംഗ് പാസ് കൌണ്ടറിനുമുമ്പിലെത്തിയ ഞങ്ങളില്‍ നിന്ന് ജീവനക്കാര്‍ ഒളിച്ചുകളിക്കുന്നു. അവശേഷിച്ച അമ്പതോളം യാത്രക്കാരോട് കുറച്ച് പേര്‍ക്ക് കൂടിമാത്രമേ നിശ്ചയിച്ച ഫ്ളൈറ്റില്‍ യാത്ര ചെയ്യാന്‍ കഴിയൂ എന്ന് പിന്നീട് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഓരോരുത്തരോടും ഒരേ കാരണങ്ങള്‍ പറയുന്നു. ക്യൂവില്‍ എനിക്ക് മുമ്പിലൂണ്ടിയാരുന്ന മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശികളായ വൃദ്ധരായ അഞ്ചംഗ തീര്‍ത്ഥാടക സംഘത്തില്‍ നിന്ന് നാലുപേര്‍ക്ക് ബോഡിംഗ് പാസ് നല്കി. മാറ്റി നിര്‍ത്തപ്പെട്ടയാള്‍ കരയാന്‍ തുടങ്ങി. അഞ്ചുപേര്‍ ഒരുമിച്ചാണ് ടിക്കറ്റ് ബുക്കുചെയ്‌തതെന്നും തനിക്കുമാത്രം എന്താണ് പ്രശ്‌നമെന്നും മാറ്റിനിര്‍ത്തപ്പെട്ട അബ്ദുള്ളക്കയെന്ന അറുപത്തിയഞ്ചുകാരന്‍ ഉദ്യോഗസ്ഥരോട് വിനയപൂര്‍വ്വം ചോദിക്കുന്നുണ്ടായിരുന്നു. നാലുപേരുടെ ടിക്കറ്റ് കോഴിക്കോട് നിന്നും അബ്ദുള്ളയുടേത് മുംബൈയില്‍ നിന്നുമാണ് ബുക്കുചെയ്‌തത് എന്ന 'ന്യായ'മാണ് കൌണ്ടറിലെ ഉന്നത ഉദ്യോഗസ്ഥന് പറയാനുണ്ടായിരുന്നത്. മനുഷ്യരുടെ സാമാന്യബോധത്തെ പരിഹസിക്കുന്ന ഈ പ്രതികരണത്തെ ഞങ്ങള്‍ ചോദ്യം ചെയ്‌തു. അപ്പോള്‍ പ്രശ്‌നം ഓവര്‍ ബുക്കിംഗിന്റേതാണെന്നും സീറ്റില്ലാത്തതുകൊണ്ട് അവശേഷിക്കുന്നവര്‍ക്ക് തൊട്ടടുത്ത ദിവസമെ പോകാന്‍ കഴിയുകയുള്ളൂവെന്നു അധികൃതര്‍ തുറന്നുപറഞ്ഞു. ഒടുവില്‍ ബന്ധപ്പെട്ടവരുടെ നിരുത്തരവാദിത്വം മൂലം യാത്രനിഷേധിക്കപ്പെട്ടവര്‍ എയര്‍പോട്ടിനുസമീപം പരിമിതമായ സൌകര്യങ്ങള്‍ മാത്രമുള്ള ഒരു ഹോട്ടലില്‍ കഴിച്ച് കൂട്ടി.

ഏറ്റവുമൊടുവില്‍ 2009 ഒക്ടോബര്‍ 29 ന് കോഴിക്കോട്-റിയാദ് ത്യായിഫ് ടിക്കറ്റുമായി എയര്‍പോര്‍ട്ടിലെത്തിയ ഞാനടക്കമുള്ള പലര്‍ക്കും തരപ്പെട്ടത് കോഴിക്കോട് - ജിദ്ദ ഫ്ളൈറ്റ്. ജിദുയില്‍ എമിഗ്രേഷന്‍ കൌണ്ടറിലെ അറബികളുടെ അലസതയെ ക്ഷമാപൂര്‍വ്വം അതിജീവിച്ച് പുറത്തുകടക്കുമ്പോള്‍ എയര്‍ ഇന്ത്യയുടെ കൃത്യവിലോപം പെരുവഴിയിലാക്കിയ മലയാളികുടുംബങ്ങള്‍ കൈക്കുഞ്ഞുങ്ങളുമായി ഡൊമസ്റിക് ഫ്ളൈറ്റിനായി നെട്ടോട്ടമോടുന്നുണ്ടായിരുന്നു. ഈ അനുഭവങ്ങള്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചത് കാലദൈര്‍ഘ്യങ്ങള്‍ കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ സ്വാഭാവികമായി പരിഹരിക്കപ്പെടുകയില്ല എന്ന തെളിയിക്കാനാണ്.

ഇതൊരു ദുരന്താവസ്ഥയാണ്. ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന അനിശ്ചിതത്വം മൂലം മാനസികപീഠനങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഗള്‍ഫ് മലയാളികളുടെ ദുരവസ്ഥ. പൊതുവെ അസംഘടിതരായ പ്രവാസിസമൂഹം വിവിധതരം ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. തിരുവനന്തപുരം എയര്‍പ്പോട്ടിലെ 'യൂസേഴ്സ് ഫീ' നീതീകരിക്കാന്‍ കഴിയാത്ത പിടിച്ചുപറിയാണ്. ഓവര്‍ബുക്കിംഗിന്റെ പേരില്‍ യാത്രമാറ്റിവെക്കേണ്ടിവരുന്ന കേരളത്തിലെ യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിമാനക്കമ്പനികള്‍ നല്കുന്ന സമാശ്വാസങ്ങള്‍ ലഭിക്കാറില്ല. അവധിക്കാലത്ത് വിമാനടിക്കറ്റ് നിരക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കുത്തനെ ഉയര്‍ത്തുന്നതും പതിവാണ്.

മുമ്പൊരിക്കല്‍ മലപ്പുറം ഡിവൈഎഫ്ഐ, പ്രവാസികള്‍ നേരിടുന്ന വിവിധതരം പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടത്തിയ എയര്‍പോട്ട്മാര്‍ച്ച് ഇക്കാര്യത്തില്‍ പ്രവാസിസംഘടനകളുടേതല്ലാത്ത ആദ്യത്തെ പ്രക്ഷോഭമായിരുന്നു. ഏറ്റവും ഒടുവില്‍ നൂറുകണക്കിന് ഫ്ളൈറ്റുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്‌ത ഘട്ടത്തില്‍ നിസ്സഹായരായിത്തീര്‍ന്ന പ്രവാസിമലയാളികളുടെ ഹൃദയങ്ങളുടെ പിടച്ചിലുകളാണ് കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശക്തമായ മുദ്രാവാക്യവും സമരവുമായി രൂപപ്പെടുത്തിയത്.

ഈ സമരം നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ടുതരത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഒന്നാമതായി പ്രവാസികള്‍ക്കിടയിലെ മധ്യവര്‍ഗ്ഗത്തിന്റെ സമരാനുകൂല നിലപാട്. എല്ലാ സമരങ്ങളോടും നിഷേധാത്മകമോ നിസംഗമോ ആയ നിലപാടുകളെടുക്കുന്ന ഈ വിഭാഗം മുഖ്യധാരാചാനലുകളുടെ സായാഹ്ന ചര്‍ച്ചകളില്‍ സജീവസാന്നിദ്ധ്യമാണ്. എന്നാല്‍ അവരുടെ ജീവിത പ്രശ്‌നങ്ങളെ കേരളത്തിലെ ക്ഷുഭിത യൌവ്വനം 'അക്രമോത്സുകം' എന്നു മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സമരത്തിലൂടെ അഭിസംബോധന ചെയ്‌തപ്പോള്‍ അവരൊന്നടങ്കം അതിനെ സ്വാഗതം ചെയ്യുകയുണ്ടായി.

ആഗോളവത്കരണത്തിന്റെ സമ്മര്‍ദ്ദവും മുഖ്യധാരാമാധ്യമങ്ങളുടെ തന്ത്രങ്ങളും ഇപ്പോള്‍ കേരളത്തെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉറ്റവരോടുപോലും പ്രതിബദ്ധതയില്ലാത്ത 'അണുകുടുംബ' മെന്നപോലെ സാമൂഹിക പ്രതിബദ്ധതയില്ലാത്ത 'അണുസമൂഹവും' ഇവര്‍ പാകപ്പെടുത്തുന്നു. ഓരോ സമരവും തനിക്കു വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നതാണോ അസൌകര്യമുണ്ടാക്കുന്നതാണോ എന്ന താരതമ്യത്തിലൂടെ അതിനെ തള്ളാനും കൊള്ളാനും തയ്യാറാവുന്ന സ്വാര്‍ത്ഥതയില്‍ സാമൂഹികജീവിയെന്ന് നിര്‍വചിക്കപ്പെടുന്ന മനുഷ്യനെ തളച്ചിടുന്നു. അപ്പോഴാണ് അന്നം നിഷേധിക്കുന്നതിനേക്കാള്‍ വലിയ നീതികേടായി ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന യാത്രാപ്രശ്‌നം മാറുന്നത്.

രണ്ടാമതായി അപഗ്രഥിക്കപ്പെടേണ്ടത് സമരവും സമരത്തിനാധാരമായ സംഭവങ്ങളേയും നീതിന്യായകേന്ദ്രങ്ങള്‍ എങ്ങനെ കാണുന്നുവെന്നതാണ്. ഒരു ഗള്‍ഫ് മലയാളി ശരാശരി നാല് ആശ്രിതരെ പരിരക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ മൂന്നിലൊന്ന് കേരളീയരുടെ ജീവിതവുമായി പ്രത്യക്ഷമായി ബന്ധപ്പെടുന്നതാണ് പ്രവാസികളുടെ പ്രശ്‌നങ്ങള്‍. ഈ വസ്‌തുതകളാവാം ഡിവൈഎഫ്ഐയെ സമരത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. പക്ഷേ സമരസഖാക്കളെ ജയിലിലടച്ച കോടതിയുടെ 'ന്യായം' ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചതും പൊതുനിരത്തില്‍ പ്രകടനം നടത്തിയതും പൊതുമുതല്‍ നശിക്കാനിടയായതും ഒക്കെയാവാം. അപ്പോഴും കേരളത്തിന്റെ സാമ്പത്തിക ഘടനയെ പരിരക്ഷിക്കുന്ന മഹാഭൂരിപക്ഷത്തിന്റെ ജീവിതവൃത്തിതന്നെ അനിശ്ചിതത്വത്തിലാക്കുന്ന അധികൃതരുടെ തുടര്‍ച്ചയായ അനാസ്ഥയ്ക്ക് പിഴ ചുമത്തപ്പെടുന്നില്ല. നാട്ടില്‍ രോഗം പടര്‍ന്നാല്‍ ആരോഗ്യമന്ത്രിക്കെതിരെ സ്വമേധയാ കേസെടുക്കുന്ന നീതിവ്യവസ്ഥയില്‍, കേന്ദ്രവ്യോമയാനവകുപ്പ് മന്ത്രിക്കെതിരെ കേസ്സ് ചുമത്തപ്പെട്ടതായും നമുക്കറിയില്ല. അതുകൊണ്ടുതന്നെ സമരങ്ങളിലൂടെ നടത്തപ്പെടുന്ന ഇത്തരം സാമൂഹ്യവിചാരണകള്‍ അനിവാര്യഘട്ടങ്ങളില്‍ ഏറ്റെ പ്രസക്തം തന്നെയാണ്.

വീട്ടുമുറ്റത്ത് അത്താഴപ്പട്ടിണിക്കാരില്ലെന്ന് ഉറപ്പ് വരുത്തിക്കൊണ്ട് ഉണ്ടുറങ്ങിയിരുന്ന നാട്ടുനന്മകള്‍ കാലം നമ്മളില്‍ നിന്ന് അപഹരിച്ചിരിക്കുന്നു. ആഗോളവത്ക്കരണം പകരം നമുക്കുനല്‍കിയത് അയല്‍ വീട്ടില്‍ കൂട്ട ആത്മഹത്യകളുടെ കാരണങ്ങള്‍ അന്തിനേരത്തെ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്ന 'കുറ്റപത്ര' നിന്ന 'ട്രയലി'ല്‍ നിന്നോ അറിയാനുള്ള മനസാണ്. ഇത്തരം മനസുകളോടാണ് സമരയുവത്വവും സമരവിരുദ്ധരും സംവദിക്കുന്നത്. വിദ്യാഭ്യാസയോഗ്യതാമാനദണ്ഡങ്ങളില്‍ മുഖ്യമായി പണം കടന്നുവരുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ 'വിദ്യാര്‍ത്ഥിവിരുദ്ധ'മാവുന്നതും വിദ്യാഭ്യാസകച്ചവടക്കാരായ മാനേജുമെന്റുകള്‍ പ്രഖ്യാപിക്കുന്ന 'വിദ്യാഭ്യാസബന്ദുകള്‍' അവകാശ സമരമാവുന്നതും 'നിഷ്‌പക്ഷ'മായി നിരീക്ഷിച്ചുകൊണ്ടാണ് ഇത്തരം സംവാദങ്ങള്‍ ഉപസംഹരിക്കപ്പെടുന്നത്.

അചഞ്ചലമായ പ്രതിബദ്ധതയും ആത്മസമര്‍പ്പണവുംകൊണ്ടുമാത്രമല്ല അനുകരണീയമായ സര്‍ഗ്ഗാത്മകതയും യുവജനപ്രസ്ഥാനങ്ങളുടെ സമരങ്ങളെ ജനകീയമാക്കിയിട്ടുണ്ട്. സമരങ്ങളുടെ സര്‍ഗ്ഗാത്മകത നീതിനിഷേധത്തിനിരയാവുന്നവരുടെ പൂര്‍ണ്ണമായ സമരപങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇത്തരം പങ്കാളിത്തത്തിലൂടെ മാത്രമേ പ്രേക്ഷകരെ സ്വീകരണമുറിയിലെ കാഴ്ചപ്പെട്ടികള്‍ക്കുമുമ്പില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിന്റെ തെരുവുകാഴ്ചകളിലേക്ക് ആനയിക്കാന്‍ കഴിയൂ. അപ്പോള്‍ പ്രക്ഷോഭങ്ങളെ അനുഷ്‌ഠാനങ്ങളെന്നും ആചാരങ്ങളെന്നും പരിഹസിക്കുന്നവര്‍ സ്വയം അരങ്ങൊഴിയും. അനീതിക്കെതിരായ പോരാട്ടവീര്യത്തെ ഹരിച്ചെടുക്കാന്‍ കാലത്തിനുപോലും കഴിയില്ല. ഉദാത്തമായ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്ന ചെറുപ്പക്കാര്‍ അര്‍ഹിക്കുന്നത് പുച്‌ഛമോ സഹതാപമോ അല്ല. ആദരവാണ്. ശ്രദ്ധേയമായ പ്രക്ഷോഭത്തിലൂടെ പ്രവാസിമലയാളികളുടെ ആദരവിനുപാത്രമായിത്തീര്‍ന്ന സമരസജ്ജരായ മുഴുവന്‍ ചെറുപ്പക്കാരെയും പ്രവാസിസമൂഹത്തിനുവേണ്ടി അഭിവാദ്യം ചെയ്‌തുകൊണ്ട് മാത്രമെ ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ കഴിയൂ.

*****

അസീസ് തൂവ്വൂര്‍, കടപ്പാട് : യുവധാര

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഈ സമരം നേരത്തെ സൂചിപ്പിച്ചതുപോലെ രണ്ടുതരത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഒന്നാമതായി പ്രവാസികള്‍ക്കിടയിലെ മധ്യവര്‍ഗ്ഗത്തിന്റെ സമരാനുകൂല നിലപാട്. എല്ലാ സമരങ്ങളോടും നിഷേധാത്മകമോ നിസംഗമോ ആയ നിലപാടുകളെടുക്കുന്ന ഈ വിഭാഗം മുഖ്യധാരാചാനലുകളുടെ സായാഹ്ന ചര്‍ച്ചകളില്‍ സജീവസാന്നിദ്ധ്യമാണ്. എന്നാല്‍ അവരുടെ ജീവിത പ്രശ്‌നങ്ങളെ കേരളത്തിലെ ക്ഷുഭിത യൌവ്വനം 'അക്രമോത്സുകം' എന്നു മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച സമരത്തിലൂടെ അഭിസംബോധന ചെയ്‌തപ്പോള്‍ അവരൊന്നടങ്കം അതിനെ സ്വാഗതം ചെയ്യുകയുണ്ടായി.

ആഗോളവത്കരണത്തിന്റെ സമ്മര്‍ദ്ദവും മുഖ്യധാരാമാധ്യമങ്ങളുടെ തന്ത്രങ്ങളും ഇപ്പോള്‍ കേരളത്തെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഉറ്റവരോടുപോലും പ്രതിബദ്ധതയില്ലാത്ത 'അണുകുടുംബ' മെന്നപോലെ സാമൂഹിക പ്രതിബദ്ധതയില്ലാത്ത 'അണുസമൂഹവും' ഇവര്‍ പാകപ്പെടുത്തുന്നു. ഓരോ സമരവും തനിക്കു വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നതാണോ അസൌകര്യമുണ്ടാക്കുന്നതാണോ എന്ന താരതമ്യത്തിലൂടെ അതിനെ തള്ളാനും കൊള്ളാനും തയ്യാറാവുന്ന സ്വാര്‍ത്ഥതയില്‍ സാമൂഹികജീവിയെന്ന് നിര്‍വചിക്കപ്പെടുന്ന മനുഷ്യനെ തളച്ചിടുന്നു. അപ്പോഴാണ് അന്നം നിഷേധിക്കുന്നതിനേക്കാള്‍ വലിയ നീതികേടായി ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന യാത്രാപ്രശ്‌നം മാറുന്നത്.

chandy said...
This comment has been removed by the author.