Thursday, September 18, 2008

അമേരിക്ക വിതച്ചത് കൊയ്യുന്നു

വികസിത മുതലാളിത്തലോകം കടുത്ത സാമ്പത്തികപ്രതിസന്ധിയുടെ പ്രാണവേദന അനുഭവിക്കുകയാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ബോര്‍ഡിന്റെ ശക്തനായ മുന്‍മേധാവി അലന്‍ ഗ്രീന്‍സ്പാന്‍ ഇതിനെ 'നൂറ്റാണ്ടില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന പ്രതിഭാസം' എന്നാണ് വിശേഷിപ്പിച്ചത്. വമ്പന്‍ ധനസ്ഥാപനങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകരുന്നു.

ഏതാനും മാസം മുമ്പ് ബിയര്‍ സ്റ്റേണ്‍സ് മുങ്ങിയപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ ജെ പി മോര്‍ഗാന്‍ ചേസ് അതിനെ ഏറ്റെടുത്തു. പത്തുദിവസം മുമ്പ് ഫാനി മേയും ഫ്രെഡി മാക്കും രക്ഷപ്പെട്ടത് യുഎസ് സര്‍ക്കാര്‍ 20,000 കോടി ഡോളര്‍ ഒഴുക്കിയതുകൊണ്ടാണ്. 158 വര്‍ഷത്തെ പാരമ്പര്യമുള്ള ലേമാന്‍ ബ്രദേഴ്സ് രണ്ടുദിവസം മുമ്പ് പാപ്പര്‍ ഹര്‍ജി ഫയല്‍ചെയ്തു. വാള്‍ സ്ട്രീറ്റില്‍ ലേമാന്റെ മുഖ്യ പ്രതിയോഗി മെറില്‍ ലിഞ്ച് സമാനമായ അവസ്ഥയില്‍നിന്ന് രക്ഷപ്പെട്ടത് ബാങ്ക് ഓഫ് അമേരിക്ക 5000 കോടി ഡോളര്‍ മുടക്കി ഏറ്റെടുത്തതിനാലാണ്. കമ്പോളവില പരിഗണിക്കാതെയാണ് മെറില്‍ ലിഞ്ചിനുവേണ്ടി പണം ഒഴുക്കിയത്. ലക്ഷക്കണക്കിനു കോടി ഡോളര്‍ ആസ്തിയുള്ള അമേരിക്കന്‍ ഇന്‍ഷുറന്‍സ് സ്ഥാപനമായ എഐജി പാപ്പരാകുന്നത് തടയാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ 8500 കോടി ഡോളറിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ഒരു രാജ്യാന്തരനിരീക്ഷകന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ആഗോള സാമ്പത്തികദുരന്തം'ഒഴിവാക്കാനാണ് ഈ തത്രപ്പാട്.

അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകര്‍ച്ചയുമായി നേരിട്ട് ബന്ധപ്പെട്ട കുഴപ്പങ്ങളാണിത്. മേല്‍പ്പറഞ്ഞ എല്ലാ ധനസ്ഥാപനങ്ങളും പ്രത്യക്ഷമായും അല്ലാതെയും ഭീമമായ തോതില്‍ ഭവന നിര്‍മാണവായ്പ നല്‍കിയിട്ടുണ്ട്. റിയല്‍എസ്റ്റേറ്റ് വളര്‍ച്ചയെക്കുറിച്ചുള്ള മിഥ്യാധാരണകളുടെ ബലത്തില്‍ തിരിച്ചടവ് ശേഷി നോക്കാതെ ഉയര്‍ന്ന പലിശനിരക്കില്‍ ഭവനനിര്‍മാണ വായ്പ നല്‍കി. തകര്‍ച്ച തുടങ്ങിയപ്പോള്‍ വായ്പ എടുത്തവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. വീടുകള്‍ ജപ്തി ചെയ്താല്‍പോലും ധനസ്ഥാപനങ്ങള്‍ക്ക് മുതലാകില്ല; കാരണം വീടുകളുടെ വിലയും ഇടിഞ്ഞു.

മുതലാളിത്തവ്യവസ്ഥയില്‍ ഇതെല്ലാം തീര്‍ച്ചയായും പരിചിതങ്ങളാണ്, ഇക്കുറി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തകര്‍ച്ചയാണ് വിനാശകാരണമെന്ന് മാത്രം. എന്നാല്‍, വാണിജ്യവളര്‍ച്ചയിലെ ഉയര്‍ന്ന നിരക്ക് കെടുതികള്‍ രൂക്ഷമാക്കി. പഴയ കാലത്തെപ്പോലെ കടം നല്‍കുന്നവരും കടം വാങ്ങുന്നവരും നേരിട്ട് ബന്ധപ്പെടുന്നില്ല. 'വായ്പാ പാക്കേജുകളാണ്' വിറ്റഴിക്കുന്നത്. കയറ്റങ്ങളുടെ കാലത്ത് യുക്തിഹീനമായി, അപകടസാധ്യത പരിഗണിക്കാതെ മുതലാളിത്തം പണം ചെലവിടുന്നു. തകര്‍ച്ചയുടെ ആഘാതം അളവറ്റതാകുകയും ചെയ്യുന്നു.

തകര്‍ച്ച തടയാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ കഴിയുന്നത്ര ശ്രമിച്ചു. ഫിനാന്‍സ് മൂലധനത്തെ രക്ഷിക്കാന്‍ നികുതിദായകരുടെ പണം വന്‍തോതില്‍ ചെലവിട്ടു. പക്ഷേ, നികുതിദായകരുടെ പണം ഉപയോഗിച്ച് ഫിനാന്‍സ് മൂലധനം കൂടുതല്‍ ഊഹക്കച്ചവടം നടത്താന്‍ മാത്രമാണ് ഇത് ഇടയാക്കിയത്. അനുഭവപാഠം ഇതാണ്: " ഞാന്‍ തല നേടി; നികുതിദായകന് ബാക്കി ഭാഗം നഷ്ടപ്പെട്ടു''. ഇത്തരം തലതിരിഞ്ഞ നടപടികള്‍ അടുത്ത തകര്‍ച്ച കൂടുതല്‍ ഭയാനകമാക്കും. ചുരുക്കത്തില്‍, ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി അമേരിക്കന്‍ സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ കടുത്ത സാമ്പത്തികത്തകര്‍ച്ച ഉണ്ടാകും. ലോകമുതലാളിത്തം നേരിടുന്ന തകര്‍ച്ച തൊഴിലില്ലായ്മ, വ്യാപാരമാന്ദ്യം എന്നിങ്ങനെ വിവിധ രൂപത്തില്‍ പ്രതിഫലിക്കും.

മുതലാളിത്തത്തിന്റെ കെടുകാര്യസ്ഥതയും ഊഹക്കച്ചവടം ജനങ്ങള്‍ക്കുവരുത്തിവയ്ക്കുന്ന ദുരിതവും പ്രകടമായതിനുപുറമെ സ്വതന്ത്ര കമ്പോളവ്യവസ്ഥയിലാണ് സമ്പദ്ഘടനയ്ക്ക് ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്ന വാദത്തിന്റെ പൊള്ളത്തരവും ഈ പ്രതിസന്ധി പുറത്തുകൊണ്ടുവന്നു. ലോകത്തെ ഏറ്റവും കരുത്തുറ്റ കമ്പോളത്തെ രക്ഷിക്കാന്‍ സാദാ നികുതിദായകന്റെ പണമാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്; ഇതില്‍പ്പരം വിരോധാഭാസം മറ്റെന്തുണ്ട്?

ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല; ഇതിന്റെപേരില്‍ ഇടതുപക്ഷത്തെ 'പുരോഗതിയുടെ ശത്രുക്കള്‍', 'പഴഞ്ചന്മാര്‍' , 'കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ തടവുകാര്‍' എന്നിങ്ങനെ മുദ്രകുത്തി മാധ്യമങ്ങള്‍ നിര്‍ദയം വേട്ടയാടുകയായിരുന്നു. ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്ന് ഇന്ത്യക്ക് രക്ഷപ്പെട്ട് നില്‍ക്കാന്‍ കഴിയുന്നതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ഇടതുകക്ഷികളോടാണ്. ഭദ്രമായ സൈദ്ധാന്തികധാരണ മുറുകെപിടിച്ചതിനും ഒഴുക്കിനെതിരെ നീന്തിയതിനും ഇടതുപക്ഷത്തിന് അഭിമാനിക്കാം. ഓഹരിവിപണിയില്‍ ഒറ്റയടിക്ക് 15 ശതമാനം ഇടിഞ്ഞപ്പോള്‍, പെന്‍ഷന്‍ ഫണ്ടിനെ ഊഹക്കച്ചവടത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ ഇടതുപക്ഷം പൊരുതിയത് എന്തിനാണെന്ന് ഏവര്‍ക്കും ബോധ്യമായി. യുപിഎ പാഠം ഉള്‍ക്കൊള്ളാന്‍ വൈകിയോ?

*******

പ്രൊഫസര്‍ പ്രഭാത് പട്നായിക്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികള്‍ ഇടതുപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല; ഇതിന്റെപേരില്‍ ഇടതുപക്ഷത്തെ 'പുരോഗതിയുടെ ശത്രുക്കള്‍', 'പഴഞ്ചന്മാര്‍' , 'കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ തടവുകാര്‍' എന്നിങ്ങനെ മുദ്രകുത്തി മാധ്യമങ്ങള്‍ നിര്‍ദയം വേട്ടയാടുകയായിരുന്നു. ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്ന് ഇന്ത്യക്ക് രക്ഷപ്പെട്ട് നില്‍ക്കാന്‍ കഴിയുന്നതിന് രാജ്യം കടപ്പെട്ടിരിക്കുന്നത് ഇടതുകക്ഷികളോടാണ്. ഭദ്രമായ സൈദ്ധാന്തികധാരണ മുറുകെപിടിച്ചതിനും ഒഴുക്കിനെതിരെ നീന്തിയതിനും ഇടതുപക്ഷത്തിന് അഭിമാനിക്കാം. ഓഹരിവിപണിയില്‍ ഒറ്റയടിക്ക് 15 ശതമാനം ഇടിഞ്ഞപ്പോള്‍, പെന്‍ഷന്‍ ഫണ്ടിനെ ഊഹക്കച്ചവടത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ ഇടതുപക്ഷം പൊരുതിയത് എന്തിനാണെന്ന് ഏവര്‍ക്കും ബോധ്യമായി. യുപിഎ പാഠം ഉള്‍ക്കൊള്ളാന്‍ വൈകിയോ?

Anonymous said...

സ്വതന്ത്ര കമ്പോള വ്യവസ്ഥ, അല്ലെങ്കില്‍ Free Market Economy എന്നതിനെ സ്തുതിച്ച്, മാര്‍ക്കറ്റിന് മേലെയുള്ള എല്ലാ ഗവണ്മെന്റ് നിയന്ത്രണങളും എടുത്ത് കളയണമെന്നും, മറ്റും വാദിക്കുന്ന Economist കള്‍ , അതേ സ്വതന്ത്ര മാര്‍ക്കറ്റില്‍ കൂടുതല്‍ ലാഭത്തിന് വെണ്ടി ഊഹ കച്ചവടത്തില്‍ ഏര്‍പ്പെട്ട്, തകരുന്ന സ്വകാര്യ സ്ഥാപനങളെ Governement പണം അല്ലെങ്കില്‍ ജനങളുടെ നികുതി പണം കൊടുത്ത് സംരക്ഷിക്കുന്നതിനെ എങിനെയാണ് ന്യായീകരിക്കുന്നത്?

Anonymous said...

Todays, Mathrubhumi news item:

ഇന്ത്യയെ രക്ഷിച്ചത്‌ പൊതുമേഖല

ന്യൂഡല്‍ഹി: അമേരിക്കയിലെ ബാങ്കുകള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുമ്പോഴും ഇന്ത്യയില്‍ ബാങ്കിങ്‌ സംവിധാനം സുദൃഢമായി നിലനില്‍ക്കുന്നതിനു കാരണം സുശക്തമായ പൊതുമേഖല. ഇന്ത്യയിലിപ്പോഴും സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക്‌ വലിയ വേരോട്ടമായിട്ടില്ല. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും അനുബന്ധ ബാങ്കുകളും ദേശസാത്‌കൃത ബാങ്കുകളുമാണ്‌ ഇപ്പോഴും ഇന്ത്യന്‍ ബാങ്കിങ്‌ വ്യവസായത്തിന്റെ നെടുംതൂണ്‍.

പൊതുമേഖലയുടെ ഈ മേധാവിത്വം കാരണം തത്‌ക്ഷണം പ്രശ്‌നങ്ങളില്‍ ഇടപെടാനും കര്‍ശന നിയന്ത്രണനടപടികള്‍ സ്വീകരിക്കാനും കേന്ദ്ര ധനമന്ത്രാലയത്തിനും റിസര്‍വ്‌ ബാങ്കിനും കഴിയുന്നുണ്ട്‌.
എന്നാല്‍ അമേരിക്കയില്‍ ബാങ്കിങ്‌ വ്യവസായം മൊത്തത്തില്‍ സ്വകാര്യമേഖലയുടെ കൈപ്പിടിയിലാണ്‌. ഇതുകാരണം പ്രതിസന്ധിയുടെ അടിത്തട്ടില്‍ എത്തിയാല്‍മാത്രമേ ഫെഡറല്‍ റിസര്‍വിന്‌ ഇടപെടാന്‍ കഴിയുന്നുള്ളൂ. പലപ്പോഴും രക്ഷപ്പെടുത്താനാവാത്ത അവസ്ഥയിലെത്തിയിരിക്കും സ്ഥാപനം.

Anonymous said...

mathrubhumikku thetti...sokaryamo..pothuvo ennalla.. Indiail ithuvareyum americayil ullapole dangeorus "financial innovation"..athayathu lekhanathil parayunna pole kadam edukuunavanum ..kodukkunnavanum thammil allathe...packages kondulla kaliyaanu theekkali ayathu. Appol ivide vendtahu banking mekhalayile idpaadukal niyanthrikkan oru regulator aanu. Government thanne ellam cheyyanam ennilla...athupole government bankukalkkum baaki pothu/sokarya/sahakarana mehlayile bankukalumaayittu malsarikkam..americayil kandathu oru corporate fraud ennu parayananu thonnunathu....

Baiju Elikkattoor said...

"..americayil kandathu oru corporate fraud ennu parayananu thonnunathu...."

അതെ ഈ corporate fraud നു വീട് പണി ചെയ്യാനല്ലേ മന്‍മോഹന്‍ സിംഗ്, അലുവാലിയ, ചിതംബരം ടീമുകള്‍ പെടാപ്പാടു പെടുന്നത്.......!

ഭൂമിപുത്രി said...

അമേരിയ്ക്കൻ സാമ്പത്തികമേഖലയിലെ തകർച്ച
TATA-AIG യുടെ insurance വണ്ടിയ്ക്കെടുത്തിരിയ്ക്കുന്ന ഈ എന്നെവരെ ബാധിച്ചേക്കാമെന്നത് ഭയാനകമാൺ.
നമ്മുടെ ധനകാര്യവിദഗ്ദ്ധർ ഇതൊരു മുന്നറിയിപ്പായി എടുക്കുമെന്ന് ആശിയ്ക്കാം