Monday, September 1, 2008

ജീവനും ഉമ്മുകുത്സുവും തമ്മില്‍ എന്ത് ?

'ആരാണ്‌ കെ.എസ്‌.യു. ബദല്‍ പുസ്‌തകത്തിലെ ജീവന്‍' എന്ന സംവാദാത്മകമായ അന്വേഷണത്തോടെയാണ്‌, ''രിസാല'' വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങിയിരിക്കുന്നത്‌. 'പാഠപുസ്‌തക വിവാദ'ത്തെ, 'ഇന്ത്യന്‍ ദേശീയതയുമായി', ബന്ധപ്പെടുത്തി, സംവാദാത്മകമായി വികസിപ്പിക്കാനുള്ള ഒരു ശ്രമമെന്ന നിലയിലാണ്‌, പ്രസ്‌തുത അന്വേഷണം പ്രസക്‌തമാകുന്നത്‌. ഔദ്യോഗിക ആചാരങ്ങളിലും, ദേശീയ അനുഷ്‌ഠാനങ്ങളിലും പാഠപുസ്‌തകങ്ങളിലും സാഹിത്യ കൃതികളിലും നര്‍മ്മങ്ങളിലും തെളിഞ്ഞും ഒളിഞ്ഞും നിലനില്‍ക്കുന്ന സവര്‍ണാധിപത്യത്തെ ശരിവയ്‌ക്കും വിധത്തിലാണ്‌ കെ.എസ്‌.യുവിന്റെ 'ബദല്‍ പാഠപുസ്‌ക'മെന്ന വീക്ഷണമാണ്‌ അതു പങ്കുവയ്‌ക്കുന്നത്‌. 'മതമില്ലാത്ത ജീവന്‍' എന്ന പാഠത്തിനു പകരമായി ബദല്‍ പാഠപുസ്‌തകത്തില്‍, അമ്പലത്തില്‍ ഉത്സവത്തിനു പോകുന്ന ഒരു മുസ്ലിം പെണ്‍കുട്ടിയുടെ കഥയാണു ചേര്‍ത്തിരിക്കുന്നത്‌, 'ഉമ്മുകുത്സുവിന്റെ തട്ടം' എന്നപേരില്‍ അമ്പലപ്പറമ്പിലൂടെ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയില്‍ നിന്നു തട്ടം നഷ്‌ടപ്പെടുന്നു. തട്ടവുമന്വേഷിച്ച്‌ പെണ്‍കുട്ടി അമ്പലവും പരിസരവും ഓടി നടക്കുന്നു. ഒടുവില്‍ ഒരു ഹിന്ദു യുവാവ്‌ തട്ടം കുട്ടിയെ തിരിച്ചേല്‍പ്പിക്കുന്നു. അയാള്‍ മുസ്ലിം പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്നു. പെണ്‍കുട്ടി ആഹ്ലാദവതിയാകുന്നു.

ഏഴാം ക്ലാസിലെ സാമൂഹ്യ പാഠപുസ്‌തകത്തിലെ, 'മതമില്ലാത്ത ജീവനില്‍' കുതറലും വ്യവസ്‌ഥയ്‌ക്കെതിരായ കലാപവുമുണ്ട്‌. അതില്‍നിന്നും ചിറകു വിടര്‍ത്തുന്നതു പുതിയ ലോകത്തെക്കുറിച്ചുള്ള കിനാക്കളാണ്‌. ജാതിരഹിതവും മതനിരപേക്ഷവുമായ ഒരാധുനിക കേരളം എന്ന മുദ്രാവാക്യത്തിലേക്കാണതു മിഴികള്‍ തുറന്നുവച്ചിരിക്കുന്നത്‌.

എന്നാല്‍, ഇതിനു ബദലായി, കെ.എസ്‌.യു പുറത്തിറക്കിയിരിക്കുന്ന, 'ഉമ്മുകുത്സുവിന്റെ തട്ട' ത്തിനു പഴയ ലോകത്തില്‍ ചുറ്റിക്കറങ്ങുന്നതിനപ്പുറം പുതിയ ലോകത്തെക്കുറിച്ചു മൗലികമായ ഒരു താല്‍പര്യവും മുന്നോട്ടുവയ്‌ക്കാനില്ല. പ്രത്യക്ഷത്തിലതു മത സൗഹാര്‍ദ്ദത്തെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നുള്ളതു ശരിയാണ്‌. അത്രത്തോളമതു സ്വാഗതാര്‍ഹവുമാണ്‌.

'തട്ടമിട്ടവരെ' മുഴുവന്‍, 'തട്ടണം' എന്ന കാഴ്‌ചപ്പാടു കൊടി പറത്തുന്ന ഒരു സ്‌ഥലത്തായിരുന്നു കെ.എസ്‌.യു. ഈ പാഠമവതരിപ്പിച്ചിരുന്നതെങ്കില്‍ അതൊരു സ്‌ഫോടനാത്മകമായ ശരിയായി സവര്‍ണാധികാര കേന്ദ്രങ്ങളെയാകെ കിടിലംകൊള്ളിക്കുമായിരുന്നു. അങ്ങനെ വന്നാല്‍, ' ഉമ്മുകുല്‍സുവിന്റെ തട്ടം' ഉടന്‍ നിരോധിക്കണമെന്ന മുറവിളി ഉയര്‍ന്നുവരുമായിരുന്നു.

എന്നാല്‍ കേരളത്തില്‍, ഏഴാംക്ലാസിലെ വിവാദ വിധേയമായ പാഠപുസ്‌തകത്തില്‍, 'ഉമ്മുകുല്‍സുവിന്റെ തട്ടം' എന്ന കെ.എസ്‌.യു.വിന്റെ ബദല്‍ പാഠപുസ്‌തകത്തിലെ പാഠം കൂടി ചേര്‍ത്താല്‍ പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സൂക്ഷ്‌മമായി വിശകലനം ചെയ്യുമ്പോള്‍ 'മതമില്ലാത്ത ജീവന്‍' വളരെ മുമ്പിലും, 'ഉമ്മുകുല്‍സുവിന്റെ തട്ടം' അതിനെ അപേക്ഷിച്ചു വളരെ പിറകിലുമാണെന്നു കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല. പത്തുമുപ്പതു കൊല്ലംമുമ്പ്‌ ഒരു ഇംഗ്ലീഷ്‌ പാഠപുസ്‌തകത്തില്‍ ഞങ്ങള്‍ പഠിച്ച ഒരു പാഠം തന്നെയാണ്‌ ഇന്നു ചില്ലറ പരിഷ്‌കാരത്തോടെ, 'ഉമ്മുകുല്‍സുവിന്റെ തട്ട'വുമിട്ടു തിരിച്ചുവന്നിരിക്കുന്നത് ‌!

അന്ന്‌ ആറാംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്‌തകം പരിചയപ്പെടുത്തിയത്‌ ഒരു സൈക്കിള്‍പോലും വാങ്ങാനാവാത്തവിധം ദരിദ്രനായ ഒരു ബാലുവിന്‌, അത്ഭുതകരമാംവിധം ആഗ്രഹിച്ച സൈക്കിള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ ഒരു കഥയായിരുന്നു. ഇന്നു 'മതമില്ലാത്ത ജീവന്‌' ബദലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നതു തട്ടം നഷ്‌ടപ്പെട്ട ഒരു മുസ്ലിം പെണ്‍കുട്ടിക്ക്‌ അമ്പലപ്പറമ്പില്‍ നിന്നും ഒരു യുവാവ്‌ തട്ടം വീണ്ടെടുത്തു തിരിച്ചുകൊടുക്കുന്ന വീരകഥയും!

ബാലു ഒരധ്യാപകന്റെ മകനാണ്‌, പീടികയില്‍ കണ്ട പല നിറത്തിലുള്ള സൈക്കിള്‍ അവനു വലിയ ഇഷ്‌ടമായി. പക്ഷേ നൂറ്റമ്പത്‌ രൂപയാണ്‌ വില. ജന്മദിനസമ്മാനമായി സൈക്കിള്‍ വാങ്ങിത്തരാന്‍ അച്‌ഛനോടു പറഞ്ഞു. പണമില്ല, ബാലുവിനു വളരെ സങ്കടമായി. ഒരു ദിവസം നടന്നുപോകുമ്പോള്‍, അതാ വഴിയില്‍ വിലങ്ങനെ ഒരു 'പേഴ്‌സ്' കിടക്കുന്നു! ബാലു തുറന്നു നോക്കിയപ്പോള്‍ നൂറിന്റെ പത്തു നോട്ട്‌. അവന്റെ തൊട്ടുമുന്നില്‍ നടന്നുപോകുന്നത്‌ അയല്‍വാസിയായ വില്യംസാണ്‌. ബാലു ഓടി വില്യംസിന്റെ അടുത്തെത്തി. അവന്‍ ചോദിച്ചു. 'നിങ്ങളുടെ പേഴ്‌സ് നഷ്‌ടപ്പെട്ടിട്ടുണ്ടോ? വില്യംസിന്റെ പേഴ്‌സ് അയാളുടെ കൈയില്‍ തന്നെ ഉണ്ടായിരുന്നു. അപ്പോള്‍ ഇതാരുടേതാണ്‌? വില്യംസിനൊപ്പം ബാലു തൊട്ടടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ പോയി. അവന്‍ പേഴ്‌സ് സബ്‌ ഇന്‍സ്‌പെക്‌ടറെ ഏല്‍പ്പിച്ചു. അപ്പോഴുണ്ട്‌ കച്ചവടക്കാരനായ ഇസ്‌മായില്‍ പരിഭ്രമിച്ച്‌ ഓടിവരുന്നു. അയാള്‍ പറഞ്ഞു' സാര്‍, എന്റെ പേഴ്‌സ് വഴിയിലെവിടെയോ വീണുപോയി. അടയാളമോരാന്നായി അയാള്‍ വിശദീകരിച്ചു. ബാലു ഏല്‍പ്പിച്ച പേഴ്‌സ് ഇന്‍സ്‌പെക്‌ടര്‍ ഇസ്‌മായിലിനു കൊടുത്തു. ഇസ്‌മായില്‍ അത്ഭുതപ്പെട്ടു. ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു. 'ഇത്‌ ബാലു. സത്യസന്ധനായ നല്ല കുട്ടി. ഇവനാണു നിങ്ങളുടെ പേഴ്‌സ് ഇവിടെ ഏല്‍പ്പിച്ചത് ‌'. ഇസ്‌മായില്‍ അവനൊരു സമ്മാനം വാങ്ങിക്കൊടുത്തു. അത്‌ അവന്‍ നേരത്തെ സ്വന്തമാക്കാന്‍ കൊതിച്ചിരുന്ന പല നിറത്തിലുള്ള ആ സൈക്കിളായിരുന്നു!

ബാലുവിന്റെ സത്യസന്ധതയുടെ ചെലവില്‍ പഴയ ആറാം ക്ലാസിലെ കഥ ബാലു ഉള്‍പ്പെടുന്ന ദരിദ്രരുടെ ജീവിതസത്യങ്ങളെയാണു സമര്‍ത്ഥമായി മറച്ചുവച്ചത്‌. സാമൂഹ്യപ്രശ്‌നങ്ങളെ അപഗ്രഥിക്കാനുള്ള കഴിവ്‌ വിദ്യാര്‍ഥികളില്‍ സൃഷ്‌ടിക്കുന്നതിന്നു പകരം, സര്‍വപ്രശ്‌നങ്ങളും അത്ഭുതകരമായി പരിഹരിക്കുമെന്ന വ്യാജ ശുഭാപ്‌തിവിശ്വാസം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണതു ശ്രമിച്ചത്‌. ബാലുവിനു സൈക്കിള്‍ വാങ്ങാന്‍ കഴിയാതിരുന്നതു പണമില്ലാഞ്ഞിട്ടാണ്‌. അപ്പോള്‍ അവനു പണം വീണുകിട്ടുന്നു! ബാലു സത്യസന്ധനാണ്‌. അതുകൊണ്ടവന്‍ പണം വില്യംസിന്റേതാണോ എന്നന്വേഷിക്കുന്നു. വില്യംസ്‌ സത്യസന്ധനാണ്‌. അതുകൊണ്ടിരുവരും ചേര്‍ന്നു പണം പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുന്നു. ഇന്‍സ്‌പെക്‌ടര്‍ സത്യസന്ധനാണ്‌. അയാള്‍ പണം യഥാര്‍ഥ ഉടമയെ ഏല്‍പ്പിക്കുന്നു. ഉടമ വളരെ നല്ലവനാണ്‌. അതുകൊണ്ട്‌ അയാള്‍ ബാലുവിന്‌ സമ്മാനമായി 'ഒരു സൈക്കിള്‍ തന്നെ' വാങ്ങിക്കൊടുക്കുന്നു. സത്യസന്ധതയും നന്മയും ചേര്‍ന്നു നിര്‍വഹിക്കുന്ന ഒരു സംഘനൃത്തമാണ്‌ അന്ന്‌ 'ആറാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ അടിച്ചുപൊളിച്ചത് ‌'!

'നിങ്ങള്‍ സത്യസന്ധരായിരിക്കുക, വേണ്ടതൊക്കെയും സ്വയം വന്നുചേരും' എന്ന ഗുണപാഠം തന്നെയാണു നിസംശയം അന്നാക്കഥ പങ്കുവച്ചത്‌ ! കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതില്‍ 'മതസൗഹാര്‍ദ്ദ മാതൃക' പിന്തുടരാന്‍ കഥ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. ഹിന്ദുബാലു, ക്രിസ്‌ത്യന്‍വില്യംസ്‌, ഇസ്ലാം ഇസ്‌മായില്‍! പ്രത്യക്ഷത്തില്‍ ഒരു 'കുറവും' പറയാന്‍ ആര്‍ക്കും പറ്റില്ല. കൃത്യം കിറുകൃത്യം.

എന്നാല്‍ മുമ്പു പനയില്‍ നിന്നു വീണു തലതെറിച്ചു മരിച്ചുപോയ പിതാവിന്‌ എന്തെങ്കിലും പറ്റിയോയെന്ന്‌ ആരോ ചോദിച്ചപ്പോള്‍, 'ഒന്നും പറ്റിയിട്ടില്ല, തല കാണാനില്ല' എന്ന്‌ ഒരു കുട്ടി പറഞ്ഞതുപോലെ, പഴയ ബാലുവിന്റെ സൈക്കിള്‍ കഥയിലും, പുതിയ ഉമ്മുകുല്‍സുവിന്റെ തട്ടം കഥയിലും, 'ചിന്തിക്കുന്ന തലയോ', മിടിക്കുന്ന ഹൃദയമോ' ഇല്ല. അതിലാകെക്കൂടെയുള്ളത്‌, ഇക്കിളിപ്പെടുത്തുന്ന ഒരല്‍പം പൈങ്കിളിയും, അധികാര വ്യവസ്‌ഥ ആജ്‌ഞാപിക്കുന്നതിനനുസരിച്ച്‌ ഇളകുന്ന ഒരു വാലുമാണ്‌.

അധികാരികള്‍ ആഗ്രഹിക്കുന്നത്‌ കുട്ടികളെ അത്ഭുതങ്ങളുടെ ലോകത്ത്‌ അടച്ചിടാനാണ്‌. 'രക്‌തസാക്ഷികളെ', പരിചയപ്പെടുത്തുന്ന പാഠങ്ങള്‍ക്കെതിരേ അവര്‍ പൊട്ടിത്തെറിക്കും. എന്നാല്‍, ചോര കുടിക്കുന്ന ചെകുത്താന്മാരെക്കുറിച്ചുള്ള കഥകളവരെ കോരിത്തരിപ്പിക്കും! ബാലുവിനെയും ഉമ്മുകുല്‍സുവിനെയും അവര്‍ക്കിഷ്‌ടമാണ്‌ ! രണ്ടുപേര്‍ക്കും എന്തൊക്കെ പറഞ്ഞാലും മതമുണ്ട്‌. എന്നാല്‍ ഇന്നത്തെ ഏഴാം ക്ലാസിലെ 'ജീവന് ‌' ഇപ്പോള്‍ മതമില്ല. ഭാവിയില്‍ 'മതം' സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നൊക്കെ ചില ഇടതന്മാര്‍ പറയുന്നുണ്ടെങ്കിലും, 'കുരുത്തംകെട്ട' ഇവന്‍ നാളെ മതം സ്വീകരിച്ചില്ലെങ്കില്‍, പാവം ഹെഡ്‌മാഷിന്‌ എന്തു ചെയ്യാന്‍ കഴിയുമെന്നോര്‍ത്താണു ചിലരിപ്പോള്‍ തന്നെ മുന്‍കൂറായി പരിഭ്രമിക്കുന്നത് ‌!

'ഉമ്മുകുല്‍സുവിന്റെ തട്ടത്തില്‍' ഗാന്ധിജിയുടെ, മതസൗഹാര്‍ദ്ദ കാഴ്‌ചപ്പാടിനൊപ്പം, 'ഇന്ത്യന്‍ ദേശീയത' സംബന്ധിച്ച ഗാന്ധിജിയുടെ സമീപനവും 'കുഴിച്ചുനോക്കിയാല്‍' കാണാന്‍ പറ്റും.

സൗകര്യത്തിനു വേണ്ടി ഇന്ത്യന്‍ ദേശീയതയെ നാലായി വിഭജിക്കാവുന്നതാണ്‌. ഒന്ന്‌, ഗാന്ധിജിയുടെ നേതൃത്വത്തില്‍, സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഭാഗമായി വികസിച്ചു വന്ന സാമുദായിക ദേശീയത. ഇന്ത്യ ഒരു മതക്കാരുടെയും സ്വകാര്യസ്വത്തല്ലെന്ന ശരിയായ കാഴ്‌ചപ്പാടാണതു മുന്നോട്ടുവച്ചത്‌ എന്നാലതിനു സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെ അദൃശ്യമായ അതിര്‍ത്തികള്‍ മുറിച്ചുകടക്കാന്‍ കഴിഞ്ഞില്ലെന്നു കാണാന്‍ കഴിയും. ഗോഡ്‌സെയുടെ രണശൂരശ്രീരാമനെതിരേ, മര്യാദാ പുരുഷോത്തമനായ മറ്റൊരു ശ്രീരാമനെ, ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ചെങ്കിലും, ആ ശ്രീരാമനും വര്‍ണവ്യവസ്‌ഥയ്‌ക്കുള്ളിലായിരുന്നു എന്ന വസ്‌തുത വിസ്‌മരിക്കാനാവില്ല.

നെഹ്‌റുവിന്റെ 'മതേതര ദേശീയത്വം', ബ്രാഹ്‌മണരുടെ കാല്‍ കഴുകിയ രാജേന്ദ്രപ്രസാദിനെതിരേ പൊട്ടിത്തെറിച്ചെങ്കിലും, ഒരു പരിധി വരെ മതാത്മകതയില്‍ പുറത്തുകടക്കാന്‍ കഴിഞ്ഞെങ്കിലും, പൂര്‍ണമായ അര്‍ഥത്തിലതിനും സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ ജനകീയ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

മൂന്നാമത്തേത്‌ സംഘപരിവാര്‍ ശക്‌തികള്‍ വികസിപ്പിച്ച ആക്രമോത്സുകമായ മേല്‍ക്കോയ്‌മാ ദേശീയതയാണ്‌. സവര്‍ണ പ്രത്യയശാസ്‌ത്രമൊഴിച്ചു മറ്റെല്ലാറ്റിനെയും, ദേശവിരുദ്ധമായി കാണുന്ന ഒരു കാഴ്‌ചപ്പാടാണ്‌ അവരുടെ മേല്‍ക്കോയ്‌മാ ദേശീയതയെ മറ്റെല്ലാ ദേശീയ കാഴ്‌ചപ്പാടുകളില്‍ നിന്നും വിപല്‍ക്കരമാംവിധം വ്യത്യസ്‌തമാക്കുന്നത്‌. ഗാന്ധിജിയെയും നെഹ്‌റുവിനെയും പോലെ അവര്‍ക്കു 'യഥാര്‍ഥ ഇന്ത്യക്കാര്‍' എന്ന നിലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. 'ഹിന്ദുമുസ്ലിം ഐക്യമില്ലാതെ സ്വരാജ്‌ സാധ്യമല്ലെന്നു പറഞ്ഞവന് ‍' രാജ്യവഞ്ചകനാണെന്ന ദേശവിരുദ്ധ പരാമര്‍ശത്തിലൂടെയാണ്‌, പേരുപോലും പ്രത്യേകം എടുത്തു പറയാതെ അവര്‍ ഗാന്ധിജിയെ, 'രാജ്യദ്രോഹികളുടെ' പട്ടികയില്‍പെടുത്തിയത് ‌! ഇന്ത്യക്കാരനായ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്‌ എന്നു സ്വയം ചോദിച്ച്‌, ലാല്‍ ബഹദൂര്‍ ശാസ്‌ത്രി എന്നു സ്വയം ഉത്തരം പറഞ്ഞാണ്‌, ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റുവിനെ അവര്‍, 'ഇന്ത്യാവിരുദ്ധനാക്കിയത്‌ '. എന്നിട്ടു പോലും നെഹ്‌റുവിന്‌ സംഘപരിവാറിന്റെ 'ദേശീയവിരുദ്ധത' യെ ശരിക്കും മനസിലാക്കാന്‍ കഴിഞ്ഞില്ല.

നാലാമത്തെ ദേശീയ കാഴ്‌ചപ്പാട്‌, ജനകീയ ദേശീയതയെന്നോ വിപ്ലവകരമായ ദേശീയതയെന്നോ വിളിക്കാവുന്ന സാമ്രാജ്യത്വവിരുദ്ധ ദേശീയതയാണ്‌. അതിനെ എതിര്‍ക്കുന്നതില്‍ ഗാന്ധി, നെഹ്‌റു, സംഘപരിവാര്‍ ശക്‌തികള്‍ തമ്മിലുള്ള അടുപ്പമാണ്‌, ഏഴാം ക്ലാസിലെ സാമൂഹ്യപാഠത്തിനെതിരേയുള്ള അലസിപ്പോയ സമരത്തില്‍ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്‌.

കെ.എസ്‌.യു വിന്റെ ബദല്‍ പാഠപുസ്‌തകം പ്രത്യക്ഷത്തില്‍ ഗാന്ധിജിയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെങ്കിലും, അതിന്‌ 'സംഘപരിവാര്‍ പ്രത്യയശാസ്‌ത്രത്തോട് ‌' നിവര്‍ന്നു നിന്നേറ്റുമുട്ടാന്‍ കഴിയാത്തതുകൊണ്ടാണ്‌ അതിനൊരു യഥാര്‍ഥ 'ബദല്‍' ആവാന്‍ കഴിയാതെ പോയത്‌.

****

കെ ഇ എന്‍

കടപ്പാട്: മംഗളം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ബാലു ഒരധ്യാപകന്റെ മകനാണ്‌, പീടികയില്‍ കണ്ട പല നിറത്തിലുള്ള സൈക്കിള്‍ അവനു വലിയ ഇഷ്‌ടമായി. പക്ഷേ നൂറ്റമ്പത്‌ രൂപയാണ്‌ വില. ജന്മദിനസമ്മാനമായി സൈക്കിള്‍ വാങ്ങിത്തരാന്‍ അച്‌ഛനോടു പറഞ്ഞു. പണമില്ല, ബാലുവിനു വളരെ സങ്കടമായി. ഒരു ദിവസം നടന്നുപോകുമ്പോള്‍, അതാ വഴിയില്‍ വിലങ്ങനെ ഒരു 'പേഴ്‌സ്' കിടക്കുന്നു! ബാലു തുറന്നു നോക്കിയപ്പോള്‍ നൂറിന്റെ പത്തു നോട്ട്‌. അവന്റെ തൊട്ടുമുന്നില്‍ നടന്നുപോകുന്നത്‌ അയല്‍വാസിയായ വില്യംസാണ്‌. ബാലു ഓടി വില്യംസിന്റെ അടുത്തെത്തി. അവന്‍ ചോദിച്ചു. 'നിങ്ങളുടെ പേഴ്‌സ് നഷ്‌ടപ്പെട്ടിട്ടുണ്ടോ? വില്യംസിന്റെ പേഴ്‌സ് അയാളുടെ കൈയില്‍ തന്നെ ഉണ്ടായിരുന്നു. അപ്പോള്‍ ഇതാരുടേതാണ്‌? വില്യംസിനൊപ്പം ബാലു തൊട്ടടുത്തുള്ള പോലീസ്‌ സ്‌റ്റേഷനില്‍ പോയി. അവന്‍ പേഴ്‌സ് സബ്‌ ഇന്‍സ്‌പെക്‌ടറെ ഏല്‍പ്പിച്ചു. അപ്പോഴുണ്ട്‌ കച്ചവടക്കാരനായ ഇസ്‌മായില്‍ പരിഭ്രമിച്ച്‌ ഓടിവരുന്നു. അയാള്‍ പറഞ്ഞു' സാര്‍, എന്റെ പേഴ്‌സ് വഴിയിലെവിടെയോ വീണുപോയി. അടയാളമോരാന്നായി അയാള്‍ വിശദീകരിച്ചു. ബാലു ഏല്‍പ്പിച്ച പേഴ്‌സ് ഇന്‍സ്‌പെക്‌ടര്‍ ഇസ്‌മായിലിനു കൊടുത്തു. ഇസ്‌മായില്‍ അത്ഭുതപ്പെട്ടു. ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞു. 'ഇത്‌ ബാലു. സത്യസന്ധനായ നല്ല കുട്ടി. ഇവനാണു നിങ്ങളുടെ പേഴ്‌സ് ഇവിടെ ഏല്‍പ്പിച്ചത് ‌'. ഇസ്‌മായില്‍ അവനൊരു സമ്മാനം വാങ്ങിക്കൊടുത്തു. അത്‌ അവന്‍ നേരത്തെ സ്വന്തമാക്കാന്‍ കൊതിച്ചിരുന്ന പല നിറത്തിലുള്ള ആ സൈക്കിളായിരുന്നു!

ബാലുവിന്റെ സത്യസന്ധതയുടെ ചെലവില്‍ പഴയ ആറാം ക്ലാസിലെ കഥ ബാലു ഉള്‍പ്പെടുന്ന ദരിദ്രരുടെ ജീവിതസത്യങ്ങളെയാണു സമര്‍ത്ഥമായി മറച്ചുവച്ചത്‌. സാമൂഹ്യപ്രശ്‌നങ്ങളെ അപഗ്രഥിക്കാനുള്ള കഴിവ്‌ വിദ്യാര്‍ഥികളില്‍ സൃഷ്‌ടിക്കുന്നതിന്നു പകരം, സര്‍വപ്രശ്‌നങ്ങളും അത്ഭുതകരമായി പരിഹരിക്കുമെന്ന വ്യാജ ശുഭാപ്‌തിവിശ്വാസം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനാണതു ശ്രമിച്ചത്‌. ബാലുവിനു സൈക്കിള്‍ വാങ്ങാന്‍ കഴിയാതിരുന്നതു പണമില്ലാഞ്ഞിട്ടാണ്‌. അപ്പോള്‍ അവനു പണം വീണുകിട്ടുന്നു! ബാലു സത്യസന്ധനാണ്‌. അതുകൊണ്ടവന്‍ പണം വില്യംസിന്റേതാണോ എന്നന്വേഷിക്കുന്നു. വില്യംസ്‌ സത്യസന്ധനാണ്‌. അതുകൊണ്ടിരുവരും ചേര്‍ന്നു പണം പോലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുന്നു. ഇന്‍സ്‌പെക്‌ടര്‍ സത്യസന്ധനാണ്‌. അയാള്‍ പണം യഥാര്‍ഥ ഉടമയെ ഏല്‍പ്പിക്കുന്നു. ഉടമ വളരെ നല്ലവനാണ്‌. അതുകൊണ്ട്‌ അയാള്‍ ബാലുവിന്‌ സമ്മാനമായി 'ഒരു സൈക്കിള്‍ തന്നെ' വാങ്ങിക്കൊടുക്കുന്നു. സത്യസന്ധതയും നന്മയും ചേര്‍ന്നു നിര്‍വഹിക്കുന്ന ഒരു സംഘനൃത്തമാണ്‌ അന്ന്‌ 'ആറാം ക്ലാസിലെ പാഠപുസ്‌തകത്തില്‍ അടിച്ചുപൊളിച്ചത് ‌'!

'നിങ്ങള്‍ സത്യസന്ധരായിരിക്കുക, വേണ്ടതൊക്കെയും സ്വയം വന്നുചേരും' എന്ന ഗുണപാഠം തന്നെയാണു നിസംശയം അന്നാക്കഥ പങ്കുവച്ചത്‌ ! കഥാപാത്രങ്ങളെ തെരഞ്ഞെടുത്തതില്‍ 'മതസൗഹാര്‍ദ്ദ മാതൃക' പിന്തുടരാന്‍ കഥ പരമാവധി ശ്രമിച്ചിട്ടുണ്ട്‌. ഹിന്ദുബാലു, ക്രിസ്‌ത്യന്‍വില്യംസ്‌, ഇസ്ലാം ഇസ്‌മായില്‍! പ്രത്യക്ഷത്തില്‍ ഒരു 'കുറവും' പറയാന്‍ ആര്‍ക്കും പറ്റില്ല. കൃത്യം കിറുകൃത്യം.

എന്നാല്‍ മുമ്പു പനയില്‍ നിന്നു വീണു തലതെറിച്ചു മരിച്ചുപോയ പിതാവിന്‌ എന്തെങ്കിലും പറ്റിയോയെന്ന്‌ ആരോ ചോദിച്ചപ്പോള്‍, 'ഒന്നും പറ്റിയിട്ടില്ല, തല കാണാനില്ല' എന്ന്‌ ഒരു കുട്ടി പറഞ്ഞതുപോലെ, പഴയ ബാലുവിന്റെ സൈക്കിള്‍ കഥയിലും, പുതിയ ഉമ്മുകുല്‍സുവിന്റെ തട്ടം കഥയിലും, 'ചിന്തിക്കുന്ന തലയോ', മിടിക്കുന്ന ഹൃദയമോ' ഇല്ല. അതിലാകെക്കൂടെയുള്ളത്‌, ഇക്കിളിപ്പെടുത്തുന്ന ഒരല്‍പം പൈങ്കിളിയും, അധികാര വ്യവസ്‌ഥ ആജ്‌ഞാപിക്കുന്നതിനനുസരിച്ച്‌ ഇളകുന്ന ഒരു വാലുമാണ്‌.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Unknown said...

ഒരു നീണ്ട സല്യൂട്ട്...