Saturday, September 6, 2008

പാരകള്‍ ഉണ്ടാവുന്നത്

അതങ്ങിനെയാണ്. ചില മനുഷ്യജന്മങ്ങള്‍ക്ക് നമ്മള്‍ ആയുധങ്ങളുടെ പേരുകളാണ് കല്‍പ്പിച്ചുകൊടുക്കുന്നത്. അമിതമായി വാചകമടിച്ച് നമ്മുടെ ജീവനെടുക്കുന്നവരെ വിളിക്കും, കത്തി. സ്വന്തം കുടുംബത്തിനു തന്നെ പ്രശ്നമാകുന്നവന്‍ കോടാലിക്കൈ. ഇരുതലവാള്‍ എന്ന് ചിലരെ വിളിക്കും. ആ ശ്രേണിയിലെ കാരണവരായി, ഒന്നാം നമ്പരുകാരനായി വിലസുന്ന ഭീകരനാണ് പാര.

ഒരു തോക്ക് നമ്മുടെ നേര്‍ക്ക് നീളുന്നുവെന്നിരിക്കട്ടെ. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പാട് ചാന്‍സുകളുണ്ട്. വെടിയുണ്ട കൃത്യമായി നമ്മുടെ ദേഹത്ത് കൊള്ളണമെന്നില്ല, കൊണ്ടാല്‍ തന്നെ മരണകാരണമായേക്കാവുന്ന തരത്തില്‍ ചങ്കിലോ തലച്ചോറിലോ തന്നെ തുളച്ചുകയറണമെന്നില്ല, തുളച്ചുകയറിയാല്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്തി ബുള്ളറ്റിനെ പുറത്തെടുത്തുകൂടായ്കയില്ല....അങ്ങനെ സ്കോപ്പുകള്‍ ഒരുപാടുണ്ട്. പക്ഷെ ഒരു 'പാര' നമ്മെ ലക്ഷ്യമിടുന്നെന്നിരിക്കട്ടെ പിന്നെ നേരെ ചെന്ന് സഞ്ചയനകാര്‍ഡ് അടിപ്പിച്ചുകൊണ്ടാല്‍ മതി. തോക്കിനും, പീരങ്കിയ്ക്കും ബോംബിനുമൊന്നുമില്ലാത്ത പ്രഹരശേഷിയാണ് 'പാര'യ്ക്കുള്ളത്. തോക്കും മറ്റും നമ്മുടെ ജീവനെ മാത്രമേ തൊട്ടുകളിയ്ക്കുകയെങ്കില്‍ പാര ജീവിതവും കൊണ്ടേ പോകൂ.

പാരകള്‍ എത്രതരം? ഏതെല്ലാം?

പാരകളെ വിശാലാര്‍ഥത്തില്‍ രണ്ടായി തരംതിരിപ്പിക്കുന്നു. ഒന്ന്. 'പാരത്വം' ജീവിതചര്യയാക്കിയവര്‍. രണ്ട്. ഒരു പ്രത്യേകശത്രുവിന് വേണ്ടി മാത്രം 'പാര'യാകുന്നവര്‍.

വിശദീകരിക്കാമോ?

വിശദീകരിക്കാം. ജീവിതം തന്നെ പാരത്വത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചവര്‍ക്ക് ഇന്നാരെന്നോ ഇന്ന കുടുംബമെന്നോ ഉള്ള ഭേദവ്യത്യാസങ്ങളില്ല. ലോകാസമസ്ത ദു:ഖിനോ ഭവന്തു. സര്‍വലോകര്‍ക്കും ദു:ഖം വന്നു കാണുക എന്ന പൊതുലക്ഷ്യം മാത്രം. "ശ്രീധരണ്ണന്റെ മകള്‍ക്ക് കല്യാണാലോചന വന്നോ? ജോണിച്ചന്‍ പുതിയ കാര്‍ വാങ്ങിച്ചോ, ഹമീദ്സാറ് ഷോപ്പിങ് സെന്റര്‍ കെട്ടുന്നോ? സുധാകരന് വീണ്ടും പ്രമോഷന്‍ കിട്ടിയോ? തെക്കേ വീട്ടില്‍ ജ്യേഷ്ഠാനുജന്മാര്‍ ഐക്യത്തോടെ കഴിയുന്നോ?...കൊള്ളാം. ഞാനൊരുത്തന്‍ ഇവിടെ പാരയായിട്ടിരിക്കുമ്പോള്‍ കല്യാണം നടക്കുന്നതും കാര്‍ വാങ്ങുന്നതും, ഷോപ്പിങ്സെന്റര്‍ കെട്ടുന്നതും, പുതിയ ലാവണത്തില്‍ പ്രവേശിക്കുന്നതും, ഐക്യമത്യം പുലരുന്നതുമൊക്കെ ഒന്നു കാണണം. ഹമ്പട ഞാനേ.'' അതായത് ഇന്നാര്‍ക്കു മാത്രമേ ഒരു ദോഷം വരാവൂ എന്ന സങ്കുചിത ചിന്ത ഇല്ല. തന്റെ പരിചയ, സൌഹൃദബന്ധുത്വപരിധിയില്‍ ആരൊക്കെ പെടുന്നുവോ അവര്‍ക്കെല്ലാര്‍ക്കുമിട്ട് തന്നാലായ വിധത്തില്‍ ഒരു പാര.

രണ്ടാമത്തേത്, അതായത് പ്രത്യേകശത്രുവിന് വേണ്ടി മാത്രം പാരയാകുന്നവര്‍ക്ക് ശത്രുതയില്‍ നിന്നുത്ഭവിച്ച പാരത്വമാണ്. ഒന്നാം വിഭാഗത്തിന് ഒരു പ്രശ്നമുണ്ടായിക്കാണുക എന്നതു മാത്രമാണ് ലക്ഷ്യമെങ്കില്‍ രണ്ടാംവിഭാഗത്തിന് കണ്ണീരുകണ്ടാലേ തൃപ്തി ലഭിക്കൂ. തൊട്ടയല്‍പക്കം, അല്ലെങ്കില്‍ തൊട്ടടുത്ത ബന്ധു- തുടങ്ങിയവര്‍ക്കിട്ടായിരിക്കും പാര. അപ്പുറത്തെ പ്ലാവിന്റെ കൊമ്പ് ഇങ്ങോട്ടു ചാഞ്ഞുനില്‍ക്കുന്നു, തുടങ്ങി നിസ്സാരപ്രശ്നത്തില്‍ നിന്ന് വളര്‍ന്നുവലുതായ ഇഷ്യുകളാണ് ഇങ്ങനെയുള്ള പാരകളെ സൃഷ്ടിക്കുന്നത്. അയാള്‍ക്കിട്ട് അങ്ങോട്ടൊരു പാര. ഉടന്‍ അവിടുന്ന് ഇങ്ങോട്ട് ഒരു പാര. ഉടന്‍ അവിടുന്ന് ഇങ്ങോട്ട് ഒരു മറുപാര. ഒന്നാംകൂട്ടര്‍ക്ക് പാരയിസം ഒരു ഹോബിയാണെങ്കില്‍ രണ്ടാംകൂട്ടര്‍ക്ക് കടുംപ്രതിജ്ഞ നിറവേറ്റലാണ്.

ഏതൊക്കെ മേഖലകളിലാണ് പാരകള്‍ കൂടുതലായി കാണപ്പെടുന്നത്?

മറ്റൊരാള്‍ക്ക് സന്തോഷമുണ്ടാകുന്ന ഏതു സാഹചര്യവും പാരകളുടെ സാന്നിധ്യം ക്ഷണിച്ചുവരുത്തുന്നവയാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനആഹ്ലാദമുഹൂര്‍ത്തമാണ് വിവാഹം എന്നതുകൊണ്ടു തന്നെ വൈവാഹികമേഖല പാരയുടെ കേളീരംഗമാണ്. ഇന്നാരുടെ മകന് നല്ല വിവാഹാലോചന വന്നിട്ടുണ്ട് എന്ന് അറിഞ്ഞുകിട്ടിയാല്‍ പിന്നെ പാരയ്ക്ക് 'ഇരിയ്ക്കപ്പൊറുതി' കാണില്ല. ഗുരുകാരണവന്മാരെ മനസ്സില്‍ സ്മരിച്ച് ഇടതുകാല്‍ വച്ചിറങ്ങുകയാണ്.

ഏതൊക്കെ രീതിയിലാണ് പാരവയ്പുകള്‍ നടക്കുന്നത് ?

അഖിലലോക പാരഅസോസിയേഷന് ഏറ്റവും ആഹ്ളാദകരമായ മാര്‍ഗം അന്നും ഇന്നും ഊമക്കത്തുകളാണ്. നൂറുശതമാനം സേഫും സെക്യുറുമാണ് ആ മാര്‍ഗം. ഊരും പേരും വയ്ക്കാതെ ഇടംകൈകൊണ്ട് ഒരു കത്തങ്ങ് കാച്ചിയേക്കുക.

"ശ്രീധരന്‍ അവര്‍കള്‍ക്ക്-താങ്കളുടെ മകനും ഊളന്‍ കുഞ്ഞുകൃഷ്ണപ്പിള്ളയുടെ മകളും തമ്മില്‍ വിവാഹമാണെന്നറിഞ്ഞു എന്ന മട്ടിലാണ് പാരസാഹിത്യം തുടങ്ങുന്നത്. "അഭ്യുദയകാംക്ഷി'' എന്ന് സ്വയംകല്‍പ്പിത സ്ഥാനപ്പേരിലാണ് പാരസാഹിത്യകാരന്മാര്‍ ഊമക്കത്ത് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൊബൈല്‍ഫോണ്‍ തുടങ്ങിയ ആധുനികസങ്കേതങ്ങള്‍ 'പാര'കള്‍ക്ക് പ്രിയമല്ല. പ്രധാനമായും വിളിക്കുന്ന ആളിന്റെ നമ്പര്‍ അങ്ങേപ്പുറത്തു തെളിയുമെന്നും അതിനാല്‍ തന്നെ പല്ലുകൊഴിയാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള സാധ്യത തിരിച്ചറിവിനാലാണിത്.

ഊമക്കത്തുപോലെ പാരകള്‍ക്ക് പ്രിയമാണ് ഇന്‍ഡയറക്ട് സ്പീച്ച്. നല്ലതു പറയുന്നുവെന്ന മട്ടില്‍ വളഞ്ഞുതിരിഞ്ഞ് പാരപറയുക. പണ്ടേക്കുപണ്ടേ പാരശാഖയില്‍ അനുവര്‍ത്തിച്ചുപോന്ന ഒരു മാര്‍ഗമാണിത്. ഒരു ക്ലാസ് ഇന്‍ഡയറക്ട് പാരക്കഥ വിശ്വപ്രസിദ്ധമാണല്ലോ-

"പയ്യന്‍ ആളെങ്ങനെ?''

"നല്ല സ്വഭാവം. മിടുക്കന്‍. മിടുമിടുക്കന്‍. പിന്നെ ചെറുതായിട്ട് ഉള്ളി തിന്നും''

"ഉള്ളി തിന്നുമെന്നോ?''

"എപ്പോഴും ഒന്നും ഇല്ല. മദ്യപിച്ചു കഴിയുമ്പോള്‍ മണമടിക്കാതിരിക്കാന്‍ ഒരു രണ്ടു പീസ്.''

"ഈശ്വരാ അപ്പോള്‍ പയ്യന്‍ മദ്യപിക്കും അല്ലേ?''

"കൊള്ളാം. എന്നും മദ്യപാനമില്ല. വല്ലപ്പോഴും ചീട്ടുകളിച്ച് കാശുകിട്ടുമ്പോള്‍ ഒരു വെള്ളമടി.''

"പണം വച്ച് ചീട്ടുകളിയുമുണ്ടോ?''

"എന്നും കളിയില്ല. വല്ലപ്പോഴും മോഷ്ടിച്ച് കാശുകിട്ടുമ്പോള്‍ അതുവെച്ച് കളിക്കും.''

"മോഷണവുമുണ്ടോ? ''

"എന്നും മോഷണമില്ല, ജയിലില്‍ നിന്നിറങ്ങുമ്പോള്‍ വല്ലതും മോഷ്ടിക്കും.''

അങ്ങനെ വളഞ്ഞുതിരിഞ്ഞ് കയറിയിറങ്ങിയങ്ങ് പോകും.

പാരത്വം അവസാനിപ്പിക്കാന്‍ മാര്‍ഗങ്ങളില്ലേ?

മാര്‍ഗങ്ങളുണ്ട്. പക്ഷെ ആ മാര്‍ഗങ്ങള്‍ നൂറുശതമാനം റിസല്‍റ്റ് നല്‍കുന്നതാകണമെന്നില്ല. 'തല്ല്' എന്ന മരുന്നാണ് പാരകള്‍ക്കുള്ള സിദ്ധൌഷധമായി കരുതപ്പെടുന്നത്. പക്ഷെ അതൊക്കെ താല്‍ക്കാലികശാന്തി മാത്രമേ നല്‍കുന്നുള്ളൂ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അടിയുടെ ചൂട് മാറുമ്പോള്‍ പാര വീണ്ടും പ്രവര്‍ത്തനോന്മുഖനാകുമത്രെ.

എന്തുകൊണ്ട് പാരകള്‍?

സങ്കുചിതമായ മനസ്സ്, സഹജീവികളോടുള്ള സ്നേഹമില്ലായ്മ, ലോകത്തെക്കുറിച്ച് കാഴ്ചപ്പാടില്ലായ്മ, കണ്ണീര് തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍, സാംസ്കാരിക അപചയം, അത്യാഗ്രഹം, ഇരുണ്ട ചിന്ത....അതൊക്കെ കൊണ്ടാണ് പാരകള്‍ ഉണ്ടാവുന്നത്.

കൃഷ്ണപൂജപ്പുര

5 comments:

വര്‍ക്കേഴ്സ് ഫോറം said...

അഖിലലോക പാരഅസോസിയേഷന് ഏറ്റവും ആഹ്ളാദകരമായ മാര്‍ഗം അന്നും ഇന്നും ഊമക്കത്തുകളാണ്. നൂറുശതമാനം സേഫും സെക്യുറുമാണ് ആ മാര്‍ഗം. ഊരും പേരും വയ്ക്കാതെ ഇടംകൈകൊണ്ട് ഒരു കത്തങ്ങ് കാച്ചിയേക്കുക.

"ശ്രീധരന്‍ അവര്‍കള്‍ക്ക്

താങ്കളുടെ മകനും ഊളന്‍ കുഞ്ഞുകൃഷ്ണപ്പിള്ളയുടെ മകളും തമ്മില്‍ വിവാഹമാണെന്നറിഞ്ഞു എന്ന മട്ടിലാണ് പാരസാഹിത്യം തുടങ്ങുന്നത്. "അഭ്യുദയകാംക്ഷി'' എന്ന് സ്വയംകല്‍പ്പിത സ്ഥാനപ്പേരിലാണ് പാരസാഹിത്യകാരന്മാര്‍ ഊമക്കത്ത് സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മൊബൈല്‍ഫോണ്‍ തുടങ്ങിയ ആധുനികസങ്കേതങ്ങള്‍ 'പാര'കള്‍ക്ക് പ്രിയമല്ല. പ്രധാനമായും വിളിക്കുന്ന ആളിന്റെ നമ്പര്‍ അങ്ങേപ്പുറത്തു തെളിയുമെന്നും അതിനാല്‍ തന്നെ പല്ലുകൊഴിയാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള സാധ്യത തിരിച്ചറിവിനാലാണിത്.

Anonymous said...

ഒരു തോക്ക് നമ്മുടെ നേര്‍ക്ക് നീളുന്നുവെന്നിരിക്കട്ടെ. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പാട് ചാന്‍സുകളുണ്ട്.

“വെടിയുണ്ടയാണ് വരുന്നതെന്നു തോന്നുന്നു. മാറിക്കളയാം“ എന്നു പറഞ്ഞ് മാറുന്നതാണ് ഏറ്റവും നല്ല വഴി..

ഷാജൂന്‍ said...

എന്തു രസകരമായി സത്യം പറഞ്ഞിരിക്കുന്നു. എത്ര വാസ്‌തവം ഇത്‌.
മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള നല്ല ഭാഷണം.
ഇത്‌ എല്ലാവരും തീര്‍ച്ചയായും വായിക്കണം.
(കൂട്ടത്തില്‍ പറയട്ടെ അന്തരിച്ച വി.പി. ശിവകുമാര്‍ എഴുതിയ 'പാര' എന്നൊരു
ആക്ഷേപഹാസ്യ കഥയുണ്ട്‌ അതൊന്നു വായിക്കണം കെട്ടോ. അതു കൂടി പരാമര്‍ശിക്കാമായിരുന്നു.)

ഇടക്കെങ്കിലും ഇത്തരം നിരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഷാജൂന്‍ said...
This comment has been removed by the author.
smitha adharsh said...

വരും കാല പാരകള്‍ക്ക് ഒരു പാരാശംസ..