Sunday, September 7, 2008

നാണയപെരുപ്പത്തിന്റെ രാഷ്‌ട്രീയം

കമ്പോളത്തില്‍ എല്ലാ ചരക്കുകള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. ഒരു ചരക്കിന്റെ വില മാത്രം ഉയരുന്നില്ല, മനുഷ്യരുടെ അദ്ധ്വാനം..

മനുഷ്യരുടെ അദ്ധ്വാനം ഉപയോഗിച്ചാണ് സമ്പത്തുണ്ടാക്കുന്നത്. പ്രകൃതിവിഭവങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യര്‍ തനിക്കും കുടുംബത്തിനും സമൂഹത്തിനും ആവശ്യമായിട്ടുള്ള സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയില്‍ കൂടിയാണ് സമ്പത്ത് വരുന്നത്. ഈ പ്രക്രിയയില്‍ നിന്ന് അദ്ധ്വാനിക്കുന്നവരെ ഒഴിവാക്കാനാവില്ല. അദ്ധ്വാനം സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്ക് കവറില്‍ വാങ്ങാന്‍ കിട്ടുന്ന സാധനമല്ലല്ലോ...

അദ്ധ്വാനശേഷി മനുഷശരീരത്തില്‍ നിന്ന് വേര്‍പെടുത്താനാവില്ല. വേര്‍പെടുത്തിയാല്‍, അദ്ധ്വാനശേഷിയും അതിന്റെ ഉറവിടവും ഇല്ലാതാവുകയാണ് ചെയ്യുക. അദ്ധ്വാനത്തെ ചരക്കാക്കിമാറ്റുന്നത് മുതലാളിത്തമാണ്. മറ്റെല്ലാ ചരക്കിനും വിലയേറുമ്പോഴും ഇതിന് വില കയറുന്നില്ല. മൂലധനഉടമയാണ് അദ്ധ്വാനം വാങ്ങുന്നത്. ഉടമയുടെ ലാഭം പെരുപ്പിക്കാന്‍ അദ്ധ്വാനത്തിന്റെ വില കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം തൊഴിലാളിക്ക് നല്‍കിയ കുറഞ്ഞ കൂലി വര്‍ദ്ധിച്ച ഉല്‍പ്പന്നവിലയിലൂടെ അവര്‍ തന്നെ വീണ്ടും ഊറ്റി എടുക്കുന്നതാണ് പണപ്പെരുപ്പം.

അതായത്...?

ഒരു തൊഴിലാളി അയാളുടെ അദ്ധ്വാനം വിറ്റു കിട്ടിയ പണവുമായി അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കമ്പോളത്തിലെത്തുമ്പോള്‍, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വില കൊടുക്കേണ്ടി വരുന്നു ! അയാള്‍ക്ക് കൂലിയില്‍ പക്ഷെ മാറ്റമൊന്നും വന്നിട്ടുമില്ല. അതായത് ചില അവശ്യസാധനങ്ങള്‍ അയാള്‍ വാങ്ങേണ്ടെന്ന് തീരുമാനിക്കും! എന്നാല്‍ യാതൊരു കാരണവശാലും വാങ്ങാതെ മാറ്റിവെക്കാനാവാത്തത് വലിയ വില നല്‍കി അയാള്‍ക്ക് വാങ്ങേണ്ടി വരും ! അയാള്‍ മുണ്ട് മുറുക്കി ഉടുക്കുകയാണ് ! ഇത് കൃഷിക്കാര്‍ക്കും സാമാന്യ ജനങ്ങള്‍ക്കാകെയും ബാധകമാണ്. അവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന സമ്പത്ത് തൊഴിലുടമകളിലേക്ക്, സമ്പന്നരിലേക്ക് ഒഴുകുന്നു. ഈ പ്രക്രിയയാണ് കമ്പോളവത്കരണം ത്വരിതപ്പെടുത്തുന്നത്.

റിസര്‍വ്വ് ബാങ്ക് പറയുന്നത് വളരെ വലിയ നിരക്കിലുള്ള നാണപ്പെരുപ്പമാണ് വളര്‍ച്ചയില്‍ ഇടിവുണ്ടാക്കുന്നത് എന്നാണ്. നാണയപ്പെരുപ്പം കുറയ്ക്കാന്‍ അവരുടെ കൈയിലുള്ള ഉപകരണം പണത്തിന്റെ അളവ് കുറയ്ക്കുക; അതിനായി പലിശ നിരക്ക് കൂട്ടുക; ബാങ്കുകളുടെ കരുതല്‍ ധനം കൂട്ടുക എന്നിവയാണ് ! ഈ നടപടി കൊണ്ട് എന്തു ഫലം ഉണ്ടാവും?

ബാങ്ക് വായ്പാപ്പലിശ നിരക്കുയരുന്നത്, വ്യവസായങ്ങളുടെ ഉത്പാദനചെലവ് വര്‍ദ്ധിപ്പിക്കും. വ്യാവസായികവളര്‍ച്ച മുരടിക്കും! നാണയപെരുപ്പം തടയാനെടുക്കുന്ന നടപടി വ്യവസായതകര്‍ച്ചക്കും മാന്ദ്യത്തിനും കാരണമാവുന്നു! വ്യവസായ തകര്‍ച്ചയും മാന്ദ്യവും തൊഴില്‍ രാഹിത്യമായും ദാരിദ്ര്യമായും പരിണമിക്കും. നാണയപെരുപ്പം തടയാന്‍, നാണയം 'വേണ്ടെന്നു' വെക്കുന്ന അഭ്യാസം കൊണ്ടാവില്ലെന്നു മാത്രമല്ല അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നതിന് വഴിവെക്കുകയേയുള്ളൂവെന്നാണ് തെളിയുന്നത്.

നാഷണല്‍ സാമ്പിള്‍ സര്‍വ്വെ നടത്തിയ (2006 ജൂണ്‍ മുതല്‍ 2007 ജൂണ്‍ വരെ) സര്‍വ്വെയില്‍ പറയുന്നത് ഇന്ത്യയില്‍ സംഘടിത മേഖല അനുദിനം ശോഷിച്ചു വരികയാണെന്നല്ലേ?

അതെ... ഓര്‍ഗനൈസ്ഡ് സെക്‍ടര്‍ എന്ന് പറഞ്ഞാല്‍ പൊതുമേഖലവ്യവസായങ്ങള്‍- സ്വകാര്യമേഖലവ്യവസായങ്ങള്‍-കേന്ദ്ര- സംസ്ഥാന - തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ - അര്‍ദ്ധസര്‍ക്കാര്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയൊക്കെ ചേര്‍ന്നതാണ്. 18നും 58 വയസ്സിനുമിടയിലുള്ള ജനസംഖ്യയാണ് തൊഴില്‍ശക്തി. ഈ തൊഴില്‍ശക്തിയില്‍ 7% മാത്രമാണ് ഇന്ന് സംഘടിതമേഖലയിലുള്ളുവെന്നാണ് സര്‍വ്വെ പറയുന്നത്. 93 %വും അസംഘടിതമേഖലയിലാണ്. അസംഘടിതമേഖലയാകട്ടെ വന്‍ തകര്‍ച്ച നേരിടുകയാണ്. അവിടെ കൂലി വളരെ കുറവുമാണ്. ഈ കാരണത്താല്‍ കമ്പോളം 93 % തൊഴിലാളികളെയും കടിച്ചു കുടയുന്ന അനുഭവമാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.

സ്വയം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്ന് സര്‍വ്വെ വെളിപ്പെടുത്തുന്നുണ്ടല്ലോ?

അത് ശരിയാവാനേ തരമുള്ളൂ. സംഘടിതമേഖലയില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍.... 18 വയസ്സ് കഴിഞ്ഞ് തൊഴില്‍ കമ്പോളത്തിലേക്ക് വരുന്നവര്‍... ഇവര്‍ക്കൊക്കെ ജീവിക്കാന്‍ മാര്‍ഗ്ഗം വേണ്ടേ? ചിലര്‍ പെട്ടിക്കട തുറക്കും... അതു കൊണ്ട് കുടുംബം പുലര്‍ത്താനാവുമോ? നാണയപ്പെരുപ്പത്താല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയില്‍, ഈ വിഭാഗം ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാവുന്നു. സ്വയംതൊഴില്‍ തേടുന്നവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് തന്നെ നമ്മുടെ സമൂഹം നേരിടുന്ന വലിയ തകര്‍ച്ചയുടെ ഭാഗമായാണ് നാം കാണുന്നത്.

പൊതുമേഖല നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ ഇടപെടല്‍ ശക്തമായി തുടരണമെന്നുമാണ് ഇന്നത്തെ 'മുതലാളിത്തപ്രതിസന്ധി'യില്‍ നിന്ന് വ്യക്തമാക്കപ്പെടുന്നത് എന്ന് അങ്ങ് സൂചിപ്പിക്കുകയുണ്ടായി.....

ആഗോളവല്‍ക്കരണ നയങ്ങള്‍ വന്നപ്പോള്‍ മുതല്‍ പൊതുമേഖല സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള തൊഴിലാളിസംഘടനകളുടെ സമരങ്ങള്‍ ശക്തമായി ഉയര്‍ന്നു വന്നു. ഓരോ സ്ഥാപനങ്ങളിലും പ്രത്യേകമായും, നിരവധി രംഗങ്ങളിലെയും വ്യവസായങ്ങളിലെയും തൊഴിലാളിസംഘടനകള്‍ കൂട്ടായി ചേര്‍ന്നും സമരപ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ട് തന്നെയാകാം, എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളും വ്യതിയാനങ്ങളും ഉണ്ടെങ്കിലും പൊതുമേഖലക്ക് അനുകൂലമായ അഭിപ്രായഐക്യം ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി തമിഴ്‌നാട്ടിലെ ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ സ്വകാര്യവത്ക്കരണത്തെ എതിര്‍ത്ത് തോല്‍പ്പിച്ചതില്‍ അവിടുത്തെ ഡി.എം.കെ. യൂണിയന് പ്രധാന പങ്കുണ്ടായിരുന്നു. ഒറീസ്സയിലെ അലൂമിനിയം കോര്‍പ്പറേഷന്റെ കാര്യത്തിലും ബോക്സൈറ്റ് ഖനികളുടെ വില്‍പ്പനയിലും ഈ കൂട്ടായ്മ ഫലം കണ്ടിട്ടുണ്ട്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.

പൊതുമേഖലയെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ അഭിപ്രായഐക്യം ഉണ്ടായിട്ടുണ്ടെന്നത് സത്യമാണ്. പക്ഷെ കമ്പോളത്തിന്റെ വക്താക്കള്‍ക്കും പ്രയോക്താക്കള്‍ക്കും ഈ അഭിപ്രായമുണ്ടായിട്ടുണ്ടെന്ന് പറയാനാകുമോ?

ഗവണ്‍മെന്റ് കച്ചവടം ചെയ്യേണ്ടതില്ല, കമ്പോളത്തില്‍ ഇടപെടേണ്ടതില്ല എന്നതാണ് ആഗോളവത്ക്കരണ നയം. ഐ.എം.എഫ്, ലോകബാങ്ക്, വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ ഒക്കെ ഇതേ കാഴ്ചപ്പാടിലാണിപ്പോള്‍ പ്രവൃത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ നയം അവരാല്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അനുഭവങ്ങള്‍ ധാരാളമുണ്ട്. ഒന്ന് രണ്ട് ഉദാഹരണം പറയാം.. ഇംഗ്ളണ്ടിലെ വളരെ വലിയ ഇന്‍വെസ്റ്മെന്റ് ബാങ്ക് ആയിരുന്നു നോര്‍ത്ത് റോക്ക്. ആ ബാങ്ക് പൊളിഞ്ഞു. നിക്ഷേപകര്‍ പരിഭ്രാന്തരായി. അതൊരു വന്‍ സാമൂഹിക പ്രശ്നമായി വളര്‍ന്നു. പ്രധാനമന്ത്രി തന്നെ ഇടപെട്ട് ആ ബാങ്കിനെ ദേശസാല്‍ക്കരിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ വേണ്ടെന്നും, കമ്പോളം നോക്കിക്കോളൂമെന്നും പറഞ്ഞവര്‍ നിസ്സഹയാരായത് ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. ഇത് അമേരിക്കയിലും നാം കണ്ടു കൊണ്ടിരിക്കുകയല്ലേ.. വാള്‍ സ്ട്രീറ്റ് ബാങ്കുകള്‍‍, സിറ്റി ബാങ്ക്, Merrill Lynch തുടങ്ങിയ ധനകാര്യവമ്പന്മാര്‍ റിയല്‍ എസ്റേറ്റ് വായ്പ്പാകുരുക്കില്‍പെട്ട് തകര്‍ന്നുകൊണ്ടിരിക്കുകയല്ലേ?

എന്താണ് തകര്‍ച്ചയുടെ കാരണം?

ബഹുരാഷ്ട്രകുത്തകകള്‍ വമ്പിച്ച അളവില്‍ ധനവും ലാഭവും കുന്നുകൂട്ടുകയാണ്. ധനമൂലധനത്തിന്റെ ഹിമാലയന്‍ ശേഖരമാണ് ലോകത്തിന്നുള്ളത് (മുമ്പ്, ഐ.ടി. ബിസിനസ്സിന്റെ ഉയര്‍ച്ചയുടെ ഘട്ടത്തില്‍ വാള്‍ സ്ട്രീറ്റ് ബാങ്കുകള്‍ കുറച്ചധികം നിക്ഷേപിച്ച് തകര്‍ച്ച നേരിട്ടതാണ്). ഈ ധനമൂലധനം ലാഭം തേടിയുള്ള വന്‍ ചൂതാട്ടത്തിന് വിധേയമാകുകയാണ്. ഇപ്പോള്‍ തലങ്ങും വിലങ്ങും റിയല്‍എസ്‌റ്റേറ്റ് വായ്പ കൊടുത്തത് അങ്ങിനെയാണ്. ഐ.ടി.യിലെ തകര്‍ച്ചക്ക് പരിഹാരം പോലെയാണത് ചെയ്തത്. റിയല്‍എസ്റേറ്റ്ബൂം യഥാര്‍ത്ഥത്തില്‍, ഭരണകൂടവുമായ ആലോചിച്ച് നടപ്പാക്കിയ സംഗതിയാണ്. അമേരിക്കന്‍ സമ്പത്ത് ഘടനയെ ഗ്രസിച്ച മാന്ദ്യം നേരിടാനാണ് ഭവനവായ്പാ പ്രവാഹം ആരംഭിച്ചത്.

ഐ.ടി. സ്ഥാപനങ്ങള്‍ തകര്‍ന്നപ്പോള്‍ ബാങ്കുകളും തകര്‍ന്നുവെന്നാണോ?

ഐ.ടി മേഖലയിലെ മാന്ദ്യം, ബാങ്കുകളെയും ബാധിച്ചു. നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പലിശനിരക്ക് കുറച്ചു., റിയല്‍എസ്‌റ്റേറ്റ് രംഗത്തേക്ക് ധനം ഒഴുകി തുടങ്ങി. വേണ്ടത്ര വായ്പ്പാ ഉടമ്പടികളോ, ആസ്തികളോ ഇല്ലാതെ തന്നെ, തുച്ഛമായ പലിശക്ക് പണം ഒഴുകി കൊണ്ടിരുന്നു. ഇങ്ങനെ കൊടുത്ത വായ്പകള്‍ (സബ് പ്രൈം വായ്പകള്‍) ബഞ്ചായി വില്‍പ്പനക്കു വെച്ചു. നിക്ഷേപകമ്പനികള്‍ അത് വാങ്ങി കൂട്ടി. അവരത് ഇനം തിരിച്ച് വിറ്റു തുടങ്ങി. വാള്‍ സ്ട്രീറ്റ് സിറ്റി ബാങ്കിന്റെ പണയാധാരങ്ങളാണവയെന്നതിനാല്‍, റേറ്റിങ്ങ്കമ്പനികള്‍ അതിന് AAA സര്‍ട്ടിഫിക്കറ്റും നല്‍കി. നല്ല നിക്ഷേപമെന്നു കരുതി ധാരാളം ബാങ്കുകള്‍ അത് വാങ്ങി... ഇന്ത്യയിലെ ചില സ്വകാര്യബാങ്കുകള്‍ പോലും അതില്‍ ഉള്‍പ്പെടുന്നുണ്ട്. വാള്‍ സ്ട്രീറ്റ് ബാങ്ക് ഉത്തരവാദിത്വം കൈമാറിയതോടെ പ്രതിസന്ധിയിലായി..... 2 കോടി അമേരിക്കക്കാരുടെ വീടുകള്‍ ജപ്തി ചെയ്തു ! വായ്പകള്‍ തിരിച്ചടക്കാനാവാത്തവരുടെ പട തന്നെ അവിടെ രൂപം കൊണ്ടു. അവസാനം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഇടപെട്ട് 300 ബില്യണ്‍ ഡോളര്‍ നല്‍കി നിക്ഷേപസ്ഥാപനത്തെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. അമേരിക്കയുടെ ഖജനാവില്‍ നിന്നാണ് പണം ചെലവഴിച്ചത്! കമ്പോളം തനിയേ പ്രശ്നം തീര്‍ത്തോളുമെന്ന് പറയുന്നവര്‍ക്ക് മിണ്ടാട്ടമില്ല! ബാങ്കിംഗ് വ്യവസായം തന്നെ നിയന്ത്രണവിധേയമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ജനകീയകൂട്ടായ്മകള്‍ അമേരിക്കയില്‍ ശക്തമായിരിക്കുകയാണിപ്പോള്‍.

കുത്തകകള്‍ക്ക് വേണ്ടിയും കമ്പോളത്തിനു വേണ്ടിയും ഭരണകുടം ഇടപെടുന്നുണ്ടെന്നതല്ലാതെ ജനങ്ങളുടെ സ്ഥായിയായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടരുതെന്ന് കമ്പോളവക്താക്കള്‍ കരുതുന്നുണ്ടോ?

ശരിയാണ്. കമ്പോളത്തകര്‍ച്ച നേരിടാന്‍ പൊതുമുതല്‍ എടുത്തുപയോഗിക്കണമെന്നാണവര്‍ പറയുന്നത്. മറ്റു തരത്തിലുള്ള ഇടപെടലുകള്‍ക്കെതിരായിട്ടാണ് കമ്പോളം നില്‍ക്കുന്നത്. വളരെ വലിയ സാമൂഹികവിപത്തായി തീര്‍ന്നിട്ടുള്ള ഭക്ഷ്യധാന്യ വിലവര്‍ദ്ധനവും ക്ഷാമവും നേരിടാന്‍ സമ്പദ്ഘടനകള്‍ ഇടപെടാതെ വയ്യ! എണ്ണവിലവര്‍ദ്ധനവ് എന്നത് അതീവ ഗുരുതരമായ സാമൂഹികപ്രത്യാഘാതമുണ്ടാക്കുമ്പോള്‍ സര്‍ക്കാരുകള്‍ ഇടപെടെണ്ടേ ? പ്രശ്നം ഈ വിധമാക്കിക്കൊണ്ടിരിക്കുന്നതിന്റെ കാരണം കമ്പോളത്തെ കടിഞ്ഞാണില്ലാതെ കയറൂരി വിട്ടതാണെന്ന് പറയാനും പ്രചരിപ്പിക്കാനും കഴിയുന്നില്ലെങ്കില്‍ കാര്യമില്ല. . ആഗോളവല്‍ക്കരണവും ധനമൂലധനത്തിന്റെ ചൂതാട്ടവും ലാഭക്കൊതിയും മൂലം കടന്നു വന്നിട്ടുള്ള ആഗോളപ്രതിസന്ധിക്കെതിരായി ശക്തമായ ദേശീയമുന്നേറ്റങ്ങള്‍ രൂപപ്പെടുകയും, കമ്പോളവ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുകയും വേണം. ഈ എതിര്‍പ്പുകള്‍ കമ്പോളത്തെ പ്രതിരോധിക്കുന്ന സര്‍ക്കാര്‍സ്ഥാപനങ്ങളുണ്ടാക്കിയും വളര്‍ത്തിയുമാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത്.

ഇന്ത്യയില്‍ അത്തരം സ്ഥാപനങ്ങള്‍ വന്‍ തകര്‍ച്ച നേരിടുകയാണല്ലോ? എഫ്. സി.ഐയാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. എഫ്.സി. ഐ. ചെയ്തിരുന്നത് എന്താണ്?

ഹരിതവിപ്ലവ കാലത്ത് ഭക്ഷ്യ സ്വയംപര്യാപ്തതക്കായി നടത്തിയ ഭരണകൂട ഇടപെടലിന്റെ സൃഷ്ടിയാണ് എഫ്.സി.ഐ. വര്‍ദ്ധിച്ച അളവില്‍ ധാന്യം ഉല്‍പ്പാദിപ്പിക്കപ്പെടുകയും അത് വിപണനം ചെയ്യുകയും വേണമെന്നുള്ള കാഴ്ചപ്പാടാണ് അതിന്റെ പിന്നിലുണ്ടായിരുന്നത്. വിളവുണ്ടായാല്‍ മാത്രം പോരാ അതിന്റെ സംഭരണവും വിപണനവും സമീകൃതമായി നടത്തണം. സംസ്ഥാനങ്ങളിലെല്ലാം എഫ്.സി.ഐ ധാന്യമെത്തിച്ചു കൊടുത്തു! വന്‍ സംഭരണകേന്ദ്രങ്ങളില്‍ ആവശ്യാനുസരണം ധാന്യം സൂക്ഷിച്ചു വെച്ചു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയുടെ അടിത്തറയായി മാറിയ എഫ്.സി.ഐ കഴിഞ്ഞ ഒന്നര ദശാബ്ദം കൊണ്ട് തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. എഫ്.സി.ഐയേക്കാള്‍ വലിയ സ്വകാര്യസംഭരണഏജന്‍സികള്‍ വന്നിരിക്കുന്നു. സ്വകാര്യകമ്പനികള്‍ക്ക് എഫ്.സി.ഐ ഗോഡൌണുകള്‍ വാടകക്ക് കൊടുക്കുകയാണ്. സര്‍ക്കാര്‍ വളരെ വലിയ സാമ്പത്തിക-സാമൂഹികതകര്‍ച്ചയിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കുന്ന നടപടിയാണ് ഭക്ഷ്യധാന്യസംഭരണത്തില്‍ നിന്ന് എഫ്.സി.ഐ യുടെ ബോധപൂര്‍വ്വമുള്ള പിന്മാറ്റം !.

കേരളത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണല്ലോ?

എഫ്.സി.ഐ വഴിയുള്ള സമീകൃതസംഭരണ-വിതരണശൃംഖലയുടെ തകര്‍ച്ചയും; ഭക്ഷ്യധാന്യ സംഭരണരംഗത്ത് സ്വകാര്യമേഖലയുടെ വരവും - ധാന്യവിലക്കയറ്റമായിട്ട് പരിണമിച്ചിരിക്കുകയാണ്. സ്വകാര്യകമ്പനികള്‍ക്ക് ധാന്യം സംഭരിക്കാനും അവ യഥേഷ്ടം കയറ്റി അയക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. യഥാര്‍ത്ഥ പോംവഴി, ധാന്യസംഭരണ -വിതരണകുത്തകകളെ സാമൂഹികനിയന്ത്രണത്തില്‍ കൊണ്ടുവരികയെന്നതാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യനയത്തിന്റെ ഇരയാണ് കേരളം. 1956 ലാണ് കേരളം രൂപീകരിക്കപ്പെട്ടത്. അന്നും ഇന്നും നമ്മള്‍ ഭക്ഷ്യ സ്വയംപര്യാപ്തതയുള്ള സംസ്ഥാനമല്ല. ഇടതുപക്ഷവും വലതുപക്ഷവും നിരവധി തവണ കേരളം ഭരിച്ചിട്ടുണ്ട്. പക്ഷെ ഭക്ഷ്യഉല്‍പ്പാദനത്തില്‍ നമ്മള്‍ പിറകോട്ടു തന്നെയാണ്. ഇവിടുത്തെ ഭൂപ്രകൃതി യു.പി, ആന്ധ്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളെപ്പോലെ ധാന്യഉല്‍പ്പാദനത്തിന് അനുയോജ്യമല്ല. കാലാവസ്ഥയും, ഭൂപ്രകൃതിയും നാണ്യവിളകള്‍ക്ക് ചേര്‍ന്നതായതിനാല്‍ കേരളം ഈ മേഖലയിലാണ് ഇടപെട്ടത്. നാണ്യവിളകളുടെ ഉല്‍പ്പാദനം രാജ്യത്തിന് വിദേശനാണയം നേടിക്കൊടുത്തു. ഈ പരിഗണന വെച്ച് കേരളത്തിനാവശ്യമായ ഭക്ഷ്യധാന്യം എത്തിച്ചു കൊടുക്കുന്ന സമീപനമാണ് നെഹ്റുവിന്റെ ഭരണകാലം മുതലുണ്ടായിരുന്നത്. കേരളത്തിന്റെ ഭക്ഷ്യാവശ്യം ഇവിടുന്നു തന്നെ പരിഹരിക്കണമെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നാണ് ഞാന്‍ പറയുന്നത്. ആഗോളവല്‍ക്കരണം ഈ കാഴ്ചപ്പാടിനെ തകര്‍ത്തു. അതാണ് പ്രതിസന്ധിയുടെ കാരണം...

ബാങ്ക് ലയനം വേണ്ടെന്നും, പൊതുമേഖല ജനറല്‍ ഇന്‍ഷൂറന്‍സ് ലയനം വേണമെന്നും പറയുന്നതില്‍ വൈരുദ്ധ്യമുണ്ടോ?

പൊതുമേഖലാബാങ്കുകളുടെ ലയനനിര്‍ദ്ദേശത്തെയും SBIയും അസോസിയേറ്റ് ബാങ്കുകളും തമ്മിലുള്ള ലയനത്തെയും ബാങ്കിങ്ങ് രംഗത്തെ സംഘടനകള്‍ ഒരുമിച്ച് നിന്ന ചെറുക്കുകയാണ്. അതേ സമയം ഇന്ത്യന്‍ ഗ്രാമീണ ബാങ്കുകളെ ഏകീകരിക്കണമെന്ന ഡിമാന്റ് ആ മേഖലയിലെ സംഘടനകള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്നു. ഇന്ത്യയിലെ 4 പൊതുമേഖല ജനറല്‍ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് ഏകശിലാകോര്‍പ്പറേഷനാക്കണമെന്നതാണ് ഇന്‍ഷൂറന്‍സ് മേഖലയിലെ പ്രധാന സംഘടനകളുടെ ആവശ്യം. ഇതെല്ലാം പരസ്പരവിരുദ്ധമാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാം. ധനമന്ത്രി ചിദംബരമാണ് ഈ വാദം ഉന്നയിച്ചവരില്‍ പ്രധാനി. വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ചിദംബരവും ഈ വിരുദ്ധസമീപനമാണെടുക്കുന്നതെന്ന് പറയേണ്ടി വരും. പൊതുമേഖലാബാങ്കുകള്‍ ലയിപ്പിക്കണമെന്ന് വാശി പിടിക്കുന്ന ചിദംബരം പൊതുമേഖലാഇന്‍ഷൂറന്‍സും, ഗ്രാമീണ ബാങ്കുകളും ലയിക്കണമെന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നത് വൈരുദ്ധ്യമല്ലേ ?

ബാങ്ക് ജീവനക്കാരും സംഘടനകളും ബാങ്ക് ലയനത്തിനെതിരെ നിലകൊള്ളുന്നത് പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണെന്ന് പറയുമ്പോള്‍ - ഇന്‍ഷൂറന്‍സ് ലയനം അതേ ആവശ്യത്തിനാണെന്ന് അവരുടെ സംഘടനകള്‍ പ്രഖ്യാപിക്കുന്നു. ഇതില്‍ വൈരുദ്ധ്യമില്ലേ?

ഇതില്‍ വൈരുദ്ധ്യമല്ല, ഇതില്‍ സമാനതയാണ് എനിക്ക് തോന്നുന്നത്. കാരണം ലളിതമാണ്. 27 ഓളം പൊതുമേഖലാബാങ്കുകളാണുള്ളത്. ഓരോന്നിനും സ്വതന്ത്രമായ അടിത്തറയും ഉപഭോക്തൃശൃംഖലയും, മൂലധനശേഷിയും ഉണ്ട്. എന്നാല്‍ കഴിഞ്ഞ 18 വര്‍ഷമായി നടക്കുന്ന ആഗോളവല്‍ക്കരണ നടപടി വഴി ബാങ്കുകളുടെ ഓഹരികള്‍ കമ്പോളത്തിലൂടെ കൈമാറ്റം നടത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്. മിക്കവാറും എല്ലാ ബാങ്കുകളുടെയും 40 ശതമാനത്തിലധികം വരുന്ന ഓഹരി സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്നെ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലും, മുന്‍ഗണനകളിലും തീരുമാനങ്ങളിലും - സര്‍ക്കാരിതര ബാഹ്യശക്തികള്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ബാങ്കുകളുടെ ലയനം ഈ ശക്തികളുടെയും ശക്തിസംഭരണപ്രക്രിയയായി മാറുകയും ഉടമസ്ഥത തന്നെ അട്ടിമറിക്കപ്പെടുകയും ചെയ്യും. കൂടാതെ ബാങ്ക് ലയനത്തിനായി ചിദംബരവും സര്‍ക്കാരും വാദിക്കുന്നതു തന്നെ ഇവ അന്താരാഷ്ട്രബാങ്കുകളില്‍ ലയിപ്പിക്കുവാനാണ്. ഇത് ഇന്ത്യയിലെ കോടാനുകോടി സാധാരണ മനുഷ്യരുടെ ബാങ്കിംഗ് മുന്‍ഗണനകളെ അട്ടിമറിക്കും...ആഗോള മൂലധനശക്തികളില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്താനുള്ള ധീരമായ നിലപാടാണ് ബാങ്കുകള്‍ ലയിക്കരുതെന്ന് ആവശ്യപ്പെടുന്നതിന് പിന്നിലുള്ളത്.

അപ്പോള്‍ ഇന്‍ഷൂറന്‍സ് ലയനം...?

ഇത് പരസ്പരപൂരകമാണ്. ഇന്‍ഷൂറസ് മേഖലയില്‍ സ്വകാര്യ - വിദേശ കമ്പനികള്‍ കടന്നു വന്നിട്ട് 7 വര്‍ഷമേ ആയിട്ടുള്ളൂ. സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ടായിരുന്ന ജനറല്‍ ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ 2002 ലാണ് 4 സ്വതന്ത്രകമ്പനികളാക്കിയത്. 14 ഓളം സ്വകാര്യകമ്പനികളോട് 4 സര്‍ക്കാര്‍കമ്പനികള്‍ മത്സരിക്കുക എന്നതാണ് ഇതിന്റെ ഫലമായുണ്ടായത്. 4തരം ഉല്‍പ്പന്നങ്ങളുമായി നാല് പേരില്‍ പരസ്പരം മല്‍സരിക്കുന്ന കമ്പനികള്‍ ലയിപ്പിച്ച് എല്‍.ഐ.സിയെപ്പോലെ ഒറ്റ സ്ഥാപനമാക്കണമെന്ന ആവശ്യം - ഫലത്തില്‍ ജനറല്‍ ഇന്‍ഷൂറന്‍സ് രംഗത്തെ സര്‍ക്കാര്‍ഇടപെടല്‍ കൂടുതല്‍ വ്യാപകവും ശക്തവുമാക്കാനുള്ള നിര്‍ദ്ദേശമാവുന്നതിന്റെ കാരണമിതാണ്. ഇത് കൂടാതെ, പൊതുമേഖലാ ഇന്‍ഷൂറസ് കമ്പനികള്‍ സമ്പൂര്‍ണ്ണമായും സര്‍ക്കാര്‍ഉടമസ്ഥതയിലാണുള്ളതെന്ന് ഓര്‍ക്കണം. 100% ഓഹരിയും സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഈ കമ്പനികളുടെ ലയനം വഴി രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പോളത്തില്‍ പൊതുമേഖലയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും, സ്വകാര്യചൂതാട്ടങ്ങളെ ഫലപ്രദമായി ചെറുക്കുകയും ചെയ്യാനാവും. ബാങ്ക് ലയനത്തിനെതിരെയും ഇന്‍ഷൂറന്‍സ് ലയനത്തിനു വേണ്ടിയും നിലകൊള്ളുന്നത്, പൊതുമേഖലയിലുടെ ശക്തി വിപുലമാക്കാനും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണെന്ന് നാം കാണണം.

ബാങ്ക് ലയനം വിദേശബാങ്കുകളുമായി മത്സരിക്കാനാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടല്ലോ?

ഈ അവകാശവാദം തെറ്റാണ്. ഇതിന് പൊതുമേഖലാബാങ്കുകളില്‍ മാത്രം ഏതാണ്ട് 27 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യക്കാരുടെതായിട്ടുണ്ട്. സഹകരണമേഖലയില്‍ വേറെ നിക്ഷപം ഉണ്ട്. എല്‍.ഐ.സി / ജി.ഐ.സി തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വഴി സമാഹരിക്കപ്പെട്ടിട്ടുള്ള ധനം ഇതിന്റെ അഞ്ചിലൊന്ന് വരും. ഈ നിക്ഷേപങ്ങള്‍ ഗവണ്‍മെന്റ് ഉപയോഗിക്കുന്നുണ്ടോ ? ഇന്ത്യന്‍കോര്‍പ്പറേറ്റുകളോ വ്യവസായികളോ ഉപയോഗിക്കുന്നുണ്ടോ? ടാറ്റയും ബിര്‍ളയും, റിലയന്‍സും തുടങ്ങിയ വന്‍കിട വ്യവസായികളും, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളും ഒക്കെ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിനും വികസനത്തിനും ഡോളര്‍ ലോണ്‍ എടുക്കുന്നത് ഇന്ത്യയില്‍ പണം ഇല്ലാഞ്ഞിട്ടാണോ? അല്ല. അങ്ങിനെ ഡോളര്‍ ലോണെടുക്കാനുള്ള അനുമതിയും സൌകര്യവും സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നുണ്ട്... ഡോളര്‍ ലോണ്‍ കൂടുതല്‍ ആദായകരമായി അവര്‍ കാണുന്നു. 0% പലിശ നിരക്കിലേക്ക് വഴുതിപ്പോകുന്ന വിദേശബാങ്കുകളില്‍ നിന്നുള്ള വായ്പ കമ്പനികള്‍ക്ക് ഏറെ ലാഭകരമാണ്. അതുകൊണ്ട് തന്നെ ഈ രീതിയില്‍ ധനം സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കുത്തകള്‍ക്ക് സൌകര്യം ചെയ്ത് കൊടുക്കുകയാണ്. ഇന്ത്യയില്‍ ബാങ്ക് ലയനം നടത്തി ഒരു വലിയ ബാങ്ക് ഉണ്ടാക്കുന്നത് കൊണ്ട് ഇവരുടെ ഈ ആവശ്യം നടക്കുമോ? സര്‍ക്കാര്‍ ധനമേഖലയില്‍ അനുവര്‍ത്തിക്കുന്ന നയമാണ് പ്രശ്നം.

പൊതുമേഖലക്കുവേണ്ടിയുള്ള ജനകീയ ചെറുത്തു നില്‍പ്പ് എങ്ങിനെ വികസിക്കണമെന്നാണ് അങ്ങ് കരുതുന്നത് ?

പൊതുമേഖലാസ്ഥാപനങ്ങള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെ വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. ആ സംഭാവനകള്‍ മനസ്സിലാക്കുന്നവര്‍ അത് തകര്‍ക്കുന്നത് ശരിയല്ലെന്നുള്ള നിലപാട് എടുക്കുന്നുണ്ട് എന്നതിന് തെളിവാണ് ഈ മേഖലയിലെ പ്രക്ഷോഭങ്ങള്‍. ഇത്തരം പ്രക്ഷോഭങ്ങള്‍ പൊതുമേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ക്രിയാത്മകനിര്‍ദ്ദേശങ്ങള്‍ വെച്ചു കൊണ്ടാണ് വികസിക്കേണ്ടത്. ഓരോ മേഖലയിലുമുള്ളവര്‍ അവരുടെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രചരണപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, അവരവരുടെ സ്ഥാപനങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ്മ രാജ്യത്തെ മുഴുവന്‍ പൊതുമേഖലകളെയും സംരക്ഷിക്കാനും വളര്‍ത്താനും ഉതകുന്ന ബഹുജനപ്രസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കണം. ഓരോ മേഖലകളിലെയും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും സര്‍ക്കാര്‍നിലപാടുകളും മനസ്സിലാക്കി കൊണ്ട് തന്നെ വേണം ഇടപെടേണ്ടത്. ഇന്നത് പ്രതീക്ഷിതമായ അളവില്‍ നടക്കുന്നില്ലെന്ന പരിമിതി ഉണ്ട്...

പൊതുമേഖലയെ സംരക്ഷിക്കാന്‍, കേന്ദ്രത്തിന്റെ ഇപ്പോഴുള്ള നയങ്ങളില്‍ മാറ്റം വരണം. അതിന് ഏതെങ്കിലും ഒരു മേഖലയിലെ ഇടപെടല്‍കൊണ്ട് മാത്രമാവില്ല. ഭിന്നങ്ങളായ പൊതുമേഖലാസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തസാഹചര്യങ്ങളും അവ തകര്‍ക്കാനോ പിടിച്ചടക്കാനോ കുത്തകകളും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന നീക്കങ്ങളും മനസ്സിലാക്കി കൊണ്ടുള്ള രാഷ്ട്രീയപോരാട്ടം വേണ്ടി വരും. ഈ കാര്യത്തില്‍ നാം വേണ്ടത്ര മുന്നേറിയിട്ടില്ലെന്നതില്‍ തര്‍ക്കമില്ല.

ഇന്ത്യയിലേക്കുള്ള ഡോളര്‍ ഒഴുക്ക് ആര്‍.ബി.ഐയുടെ നിയന്ത്രണത്തിനു വിധേയമല്ലാതെ വരണമെന്നുള്ള വാദമുണ്ടല്ലോ?

ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ടാറ്റാ കമ്പനിയോ, കാര്‍ഗില്‍ കമ്പനിയോ, ഡോളര്‍ ലോണെടുത്താല്‍ അതിന് അപ്പോഴത്തെ എക്സ്ചേഞ്ച് വാല്യു അനുസരിച്ച് പകരം രൂപ റിസര്‍വ്വ് ബാങ്ക് നല്‍കണം. നല്‍കി കൊണ്ടിരിക്കുകയാണ്... അങ്ങിനെ കൊടുക്കുമ്പോള്‍ എന്തു വരും ? ഇന്ത്യയില്‍ പണത്തിന്റെ പ്രചാരം കൂടും. ഇത് നാണയപ്പെരുപ്പമായും വില വര്‍ദ്ധനവായും മാറുന്നു. വിലക്കയറ്റം കുടുംബങ്ങളെയും സ്ഥാപനങ്ങളെയും ബാധിക്കുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്നു. മിക്ക പദ്ധതികള്‍ക്കും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 20 മുതല്‍ 50 % വരെ നിക്ഷേപം അധികം വേണ്ടിവരുന്നവിധത്തിലാണ് നാണയപ്പെരുപ്പം എന്ന് കാണാം !

ബാങ്കിംഗ് മേഖലയിലെ നിക്ഷേപം രാജ്യത്തിന്റെ വികസനാവശ്യങ്ങള്‍ക്കുപയോഗിക്കുന്നുണ്ടോ?

തീര്‍ച്ചയായും... മുമ്പത്തെപ്പോലെ ഉപയോഗിക്കപ്പെടുന്നില്ല. വ്യാപകമായ കമ്പോളവല്‍ക്കരണം വരുന്നതിന് മുമ്പ് ഈ പണം സര്‍ക്കാര്‍ വികസനാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചിരിക്കുന്നു. ഡോളര്‍ വായ്പ എടുക്കാനുള്ള അനുമതി ഇല്ലാതിരുന്ന കാലത്ത് സ്വകാര്യമേഖലയും ഈ പണം ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. സര്‍ക്കാര്‍ വികസനപരിപാടികളില്‍ നിന്നും ഏതാണ്ട് പിന്‍മാറിക്കഴിഞ്ഞു. സ്വകാര്യ-വിദേശസ്ഥാപനങ്ങള്‍ക്ക് വിദേശവായ്പകള്‍ യഥേഷ്ടം എടുക്കാം. അതുകൊണ്ട് ഇന്ത്യന്‍ പൊതുമേഖലാബാങ്കുകളിലും ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലും നിക്ഷേപങ്ങള്‍ കൂടിക്കൂടി വരികയാണ്. എസ്.ബി.ഐ പോലുള്ള സ്ഥാപനങ്ങളില്‍ ഇത് വളരെ കൂടുതല്‍ ഉണ്ടാകും എല്‍.ഐ.സിയിലാവട്ടെ അവര്‍ക്ക് ലഭിക്കുന്ന പ്രീമിയവും കാലാകാലങ്ങളായുള്ള നീക്കിയിരിപ്പും പഴയതുപോലെ വികസനാവശ്യങ്ങള്‍ക്ക് ഇപ്പോള്‍ മാറ്റിവെയ്ക്കാന്‍ അവസരങ്ങളില്ല. സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ച് വരുമാനമുണ്ടാക്കാനും പഴയപോലെ ഇപ്പോള്‍ അവസരങ്ങളില്ല. സര്‍ക്കാര്‍നയം മാറിയതാണ് കാരണം ഗവണ്‍മെന്റിന്റെ നേതൃത്വത്തിലുള്ള ധനനിക്ഷേപം നിയന്ത്രിക്കാനുള്ള നിയമം തന്നെ ഇപ്പോഴുണ്ട് (FRBM Act) ഈ നിയമം ഗവണ്‍മെന്റ് കടമെടുപ്പിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

സര്‍ക്കാര്‍ ഉടമസ്ഥതയിലായതിനാല്‍ പൊതുമേഖലാബാങ്കുകളിലും എല്‍.ഐ.സിയിലും ഒക്കെ ജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ട്.അതുകൊണ്ട് തന്നെ ജനങ്ങള്‍ ധാരാളം നിക്ഷേപിക്കുന്നുമുണ്ട്. ഇത് രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കാന്‍ ആഗോള കമ്പോളവ്യവസ്ഥയാണ് തടസം നില്‍ക്കുന്നത്... അതിനനുസരിച്ച് തുള്ളുന്ന ഇന്ത്യന്‍ ഭരണകൂടവും.

*****

സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് സ: കെ.എന്‍.രവീന്ദ്രനാഥ് തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടി

കടപ്പാട് : പി‌എജി ബുള്ളറ്റിന്‍, ആഗസ്റ്റ് 2008, തയ്യാറാക്കിയത് : ടി.കെ. ഗോപകുമാര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്പോളത്തില്‍ എല്ലാ ചരക്കുകള്‍ക്കും വില വര്‍ദ്ധിക്കുകയാണ്. ഒരു ചരക്കിന്റെ വില മാത്രം ഉയരുന്നില്ല, മനുഷ്യരുടെ അദ്ധ്വാനം..?

മനുഷ്യരുടെ അദ്ധ്വാനം ഉപയോഗിച്ചാണ് സമ്പത്തുണ്ടാക്കുന്നത്. പ്രകൃതിവിഭവങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് മനുഷ്യര്‍ തനിക്കും കുടുംബത്തിനും സമൂഹത്തിനും ആവശ്യമായിട്ടുള്ള സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയില്‍ കൂടിയാണ് സമ്പത്ത് വരുന്നത്. ഈ പ്രക്രിയയില്‍ നിന്ന് അദ്ധ്വാനിക്കുന്നവരെ ഒഴിവാക്കാനാവില്ല. അദ്ധ്വാനം സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്ക് കവറില്‍ വാങ്ങാന്‍ കിട്ടുന്ന സാധനമല്ലല്ലോ...

അദ്ധ്വാനശേഷി മനുഷശരീരത്തില്‍ നിന്ന് വേര്‍പെടുത്താനാവില്ല. വേര്‍പെടുത്തിയാല്‍, അദ്ധ്വാനശേഷിയും അതിന്റെ ഉറവിടവും ഇല്ലാതാവുകയാണ് ചെയ്യുക. അദ്ധ്വാനത്തെ ചരക്കാക്കിമാറ്റുന്നത് മുതലാളിത്തമാണ്. മറ്റെല്ലാ ചരക്കിനും വിലയേറുമ്പോഴും ഇതിന് വില കയറുന്നില്ല. മൂലധനഉടമയാണ് അദ്ധ്വാനം വാങ്ങുന്നത്. ഉടമയുടെ ലാഭം പെരുപ്പിക്കാന്‍ അദ്ധ്വാനത്തിന്റെ വില കുറയ്ക്കുകയാണ് ചെയ്യുന്നത്. ഒപ്പം തൊഴിലാളിക്ക് നല്‍കിയ കുറഞ്ഞ കൂലി വര്‍ദ്ധിച്ച ഉല്‍പ്പന്നവിലയിലൂടെ അവര്‍ തന്നെ വീണ്ടും ഊറ്റി എടുക്കുന്നതാണ് പണപ്പെരുപ്പം.

സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് സ: കെ.എന്‍.രവീന്ദ്രനാഥ് തൊഴിലാളികളുടെ ചോദ്യങ്ങള്‍ക്കു നല്‍കിയ മറുപടി