Tuesday, September 16, 2008

ശിരോവസ്ത്രങ്ങള്‍ക്ക് തീ പിടിച്ചപ്പോള്‍

കന്യാസ്ത്രീകളെക്കുറിച്ച് കേരളം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. അഭയ കേരളത്തിന് മികച്ച ക്രൈംത്രില്ലറായി. അനുപമേരിയുടെ മരണത്തില്‍ ലൈംഗികതയുടെ സാധ്യത മനോരോഗിയുടെ ജിജ്ഞാസയോടെ അന്വേഷിക്കയാണ്. എന്നാല്‍ ജെസ്മി സഭാവസ്ത്രം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ സത്യാന്വേഷകരുടെ കണ്ണടകളില്‍ കാര്‍മേഘം മൂടിയതിന്റെ പൊരുളെന്താണ്.

പറയാന്‍ കൊതിച്ചത് തൊണ്ടയില്‍ കുരുങ്ങിയാണ് അനുപ മരിച്ചത്. ജെസ്മിയാകട്ടെ ഇനിയും പറയാതിരുന്നാല്‍ വിശുദ്ധമരണത്തിന് തന്നെ ഇരയാക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് എല്ലാം വിളിച്ചുപറഞ്ഞത്. 33 വര്‍ഷം അധ്യാപികയായും അതിലേറെക്കാലം കന്യാസ്ത്രീയായും ജീവിച്ച് അടുത്ത ജന്മത്തിലും തിരുമണവാട്ടിയാകണം എന്നു കൊതിച്ച സ്ത്രീ സഭാവസ്ത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതത്ര ലാഘവത്തോടെ കാണേണ്ട ഒന്നല്ലായെന്ന് പലരും മനസ്സിലാക്കിയില്ല. ഇതു കേരളത്തിന്റെ പുതിയ ദുരന്തം.

"കര്‍ത്താവിന്റെ മണവാട്ടിയെന്നാല്‍ സഭാനേതൃത്വം പറയുന്നത് അപ്പടി അനുസരിക്കുന്ന പാവകള്‍ എന്നാണോ അര്‍ത്ഥം. നിങ്ങള്‍ ചെയ്യുന്നത് സാമൂഹ്യ ധര്‍മ്മത്തിനെതിരാണെന്നും കര്‍ത്താവ് കാട്ടിയ വഴി ഇതല്ലെന്നും പറഞ്ഞതാണ് തെറ്റെങ്കില്‍ ആ തെറ്റ് ഈ സമൂഹം മുഴുവനെതിര്‍ത്താലും ഞാന്‍ ചെയ്യും''

സിസ്റ്റര്‍ ജെസ്മിയില്‍നിന്ന് അതല്ലാത്ത ജെസ്മിയിലേക്കുള്ള ദൂരത്തിന് ഈ വാക്കുകളുടെ വേഗതയാണ്. ആത്മീയതയുടെ വര്‍ത്തമാനങ്ങള്‍ അടുത്ത ജന്‍മത്തിലും തുടരാനാഗ്രഹിക്കുന്ന ഈ അന്‍പത്തിയൊന്നുകാരി പടപൊരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു വ്യവസ്ഥിതിയുടെ കരിങ്കല്‍ഭിത്തിയോടാണ്. ആ ഭിത്തിയിലേക്ക് ധാര്‍മ്മികതയുടെയും നൈതികതയുടെയും ഉലയിലുരുക്കിയെടുത്ത വാക്കുകള്‍ കൊണ്ടാണ് ജെസ്മിയെന്ന അധ്യാപിക ആഞ്ഞടിക്കുന്നത്. തനിക്ക് അനുഭവിക്കേണ്ടി വന്നതൊന്നും, ഒന്നുറക്കെ ശബ്ദിക്കാന്‍പോലും ധൈര്യമില്ലാതെ സന്യാസിനിമഠങ്ങളുടെ അകത്തളങ്ങളില്‍കഴിയുന്ന സഹോദരിമാര്‍ക്കുണ്ടാകരുതേ എന്ന് മനം നൊന്തു പ്രാര്‍ത്ഥിക്കുകയാണ് ഇവര്‍. അജ്ഞതയുടെ നീണ്ട ഇടനാഴികള്‍ ഇരുട്ടു പരത്തുന്ന സന്യാസിനിമഠങ്ങളുടെ യഥാര്‍ത്ഥചിത്രത്തിലേക്ക്, 33 വര്‍ഷത്തെ ജീവിതത്തിലേക്ക് ഒക്കെ പാളിനോക്കുകയാണ് ജെസ്മി.

ആ വിളിച്ചുപറയലിന് വലിയ മാനങ്ങളുണ്ട്. വൈയക്തികമായ പീഡനങ്ങളുടെ സാമൂഹ്യതലം തിരിച്ചറിയാന്‍ ജസ്മിയ്ക്കായിട്ടുണ്ട്. തൃശൂരിലെ സാംസ്കാരികപ്രവര്‍ത്തകര്‍ക്കെങ്കിലും ആ പൊട്ടിത്തെറിയുടെ മനസ്സ് വായിക്കാനായിട്ടുണ്ടാവും.

സ്ത്രീകളോടുള്ള സമീപനത്തിന്റെ സഭാഭാഷ്യമാണ് ജെസ്മി. പെണ്ണായതുകൊണ്ടുതന്നെ അവരുടെ തിരിച്ചറിവുകളെയും സഭയുടെ കൂടിനപ്പുറത്തുള്ള സാംസ്കാരികപ്രവര്‍ത്തനത്തെ അനുവദിക്കില്ല. സഭ നല്‍കുന്ന ജ്ഞാനത്തിനപ്പുറത്ത് സ്വയംവികാസത്തിന്റെയും തിരിച്ചറിവിന്റെയും തലച്ചോറുണ്ടായിപ്പോയതാണ് ജെസ്മിയുടെ അപരാധം. തന്റെ മുന്നിലിരുന്ന കുട്ടികള്‍ക്ക് പാഠപുസ്തകത്തെ ഭേദിക്കാനുള്ള കരുത്ത് നല്‍കിയത് സഭ കാണുന്നത് മഹാപരാധമായാണ്. ലോകമെന്നും ഒരുപോലെ പോകണമെന്നും അത് എങ്ങിനെയെന്ന് തങ്ങളില്‍ ചിലര്‍ തീരുമാനിക്കുമെന്നുമാണ് സഭാപ്രമാണിത്തത്തിന്റെ വചനം.

"സഭാനേതൃത്വത്തിന് പലപ്പോഴും ആവശ്യം അവര്‍ പറയുന്നത് അനുസരിക്കാനുള്ള പാവകളെയാണ്. ആത്മീയത കച്ചവടച്ചരക്കാക്കാനുള്ള ഒന്നല്ല. അവനവന്റെ ഉള്ളിലേക്കുള്ള നോട്ടമാണ് പ്രധാനം. സത്യാന്വേഷി ഒരിക്കലും ആത്മത്തോട് അനീതി കാട്ടാനാവില്ല. അവിടെ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റാലി നടത്താന്‍ പറഞ്ഞപ്പോഴും സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞപ്പോഴും ഞാന്‍ നേതൃത്വത്തോട് ചോദിച്ചു, നീതിയുടെ കാര്യമാണ് പറയുന്നതെങ്കില്‍ നമ്മുടെ സ്ഥാപനങ്ങളുടെ മുന്‍പിലേക്കാകില്ലേ റാലികള്‍ വേണ്ടി വരികയെന്ന്.'' ചാട്ടുളിപോലുള്ള ഈ ചോദ്യമാണ് ജെസ്മിയെ സഭയുടെ മേലധികാരികള്‍ക്ക് അനഭിമതയാക്കിയത്.

"95 ശതമാനം കന്യാസ്ത്രീകളുടെയും അവസ്ഥ ദയനീയമാണ്. ആ വലിയ ഇരുട്ടുകോട്ടയ്ക്കകത്ത് അജ്ഞതയുടെ നിഴല്‍പറ്റി ജീവിക്കുകയാണവര്‍. പുറം ലോകത്തിന്റെ സാമാന്യവര്‍ത്തമാനങ്ങള്‍ അവര്‍ക്കന്യമാണ്. സഭാനേതൃത്വം പറയുന്നതിനപ്പുറത്തേക്കുള്ള ചിന്തകള്‍ക്ക് അവിടെ സ്ഥാനമില്ല. ഓരോ ദിവസവും സമൂഹത്തിലെന്തുനടക്കുന്നു എന്ന് അവര്‍ അറിയുന്നതേ ഇല്ല. അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് അവിടെ സ്ഥാനവുമില്ല. ഇതിനകത്തുനിന്നുകൊണ്ട് പൊരുതല്‍ അത്ര എളുപ്പമല്ല. സിസ്റ്റര്‍ അനുപമേരിയൊക്കെ ഇതിന്റെ ഇരകളാണ്. ആ കുട്ടി എത്ര അനുഭവിച്ചു കാണുമെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒന്നാമത് ചെറുപ്പം പ്രായം. പിടിച്ചുനില്‍ക്കാനുള്ള ധൈര്യമൊക്കെ ഇല്ലാതായിക്കാണും. ഇതുതന്നെയാണ് മിക്കവരുടെയും അവസ്ഥ. ഇട്ടെറിഞ്ഞിറങ്ങിപ്പോന്നാലും രക്ഷയില്ല. പുറത്തേക്കിറങ്ങിയാല്‍ സമൂഹം എങ്ങനെ കാണും. എങ്ങനെ ജീവിക്കും എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. ഇത്രയും പ്രായമായ എന്നെയും അലട്ടുന്നത് എങ്ങനെ ജീവിക്കും എന്ന ചോദ്യമാണ്.''

കേരളത്തിലെ വര്‍ത്തമാനകാല വാര്‍ത്തകള്‍ നമുക്ക് മുന്നില്‍ നിവര്‍ത്തുന്ന ചിത്രങ്ങളിലൂടെ ജെസ്മി കൂട്ടിക്കൊണ്ടുപോകുന്നത് പരുക്കന്‍ സത്യങ്ങളിലേക്കാണ്.

ഉച്ചിതൊട്ട കൈകള്‍തന്നെയാണ് തനിക്കായി ഉദകക്രിയയും ചെയ്തതെന്ന് പറയുമ്പോള്‍ ജെസ്മിയുടെ കണ്ണുകളില്‍ നനവ്. താന്‍ ഏറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരാണ് മാനസിക രോഗിയെന്ന് മുദ്ര കുത്താനും നിര്‍ബന്ധിച്ച് മരുന്നു കഴിപ്പിക്കാനും ശ്രമിച്ചതെന്ന് പറയുമ്പോള്‍ വാക്കുകള്‍ ഇടയ്ക്ക് മുറിയുന്നു.

"ഒരു കാലത്ത് കോളേജില്‍ ദൈവവിശ്വാസമില്ലാത്ത, നക്സല്‍ പശ്ചാത്തലമുള്ള കുട്ടികളെ സംരക്ഷിക്കുന്നുവെന്നായിരുന്നു എനിക്കെതിരെയുള്ള ആരോപണം. പിന്നെ എന്റെ പൊതുസമൂഹത്തിലുള്ള ഇടപെടലായി ചര്‍ച്ചാവിഷയം. പൊതുപരിപാടികള്‍ക്ക് പോകരുതെന്നു പറഞ്ഞു. സ്ത്രീകള്‍ പ്രത്യേകിച്ച് കന്യാസ്ത്രീകള്‍ സമൂഹത്തില്‍ അങ്ങനെ പ്രത്യക്ഷപ്പെടേണ്ടവരല്ലെന്ന് പറഞ്ഞപ്പോള്‍ മിണ്ടാതിരിക്കാനായില്ല. ഞാന്‍ പ്രതികരിച്ചു. അപ്പോള്‍ പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് തല്ലിക്കൊല്ലുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. എനിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വ്യക്തമാക്കുന്ന ഊമക്കത്ത് ലഭിച്ചെന്നായി പിന്നീടുള്ള പ്രചരണം. അങ്ങിനെയൊന്നുണ്ടെങ്കില്‍ അത് കാണണമെന്നായി ഞാന്‍. വാസ്തവത്തില്‍ അത്തരത്തിലൊന്നുണ്ടായിരുന്നില്ല. പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കമുണ്ടായപ്പോള്‍ അതിന്റെ കാരണം ചോദിച്ചതും മേലധികാരികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഒരു പെണ്ണിന്, അതും ഒരു കന്യാസ്ത്രീയ്ക്ക് ഇത്ര ധിക്കാരമോ എന്നായിരുന്നു ചോദ്യം. സഹനത്തിന്റെ പരിധിയും വിടുമെന്നുറപ്പായപ്പോഴാണ് ഇറങ്ങിപ്പോരാന്‍ തീരുമാനിച്ചത്.

ഇവിടെ സ്ത്രീകള്‍ക്ക് മാത്രം അനുഭവിക്കേണ്ടി വരുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്. കന്യാസ്ത്രീയാകുമ്പോള്‍ എല്ലാ സ്വത്തിനും അവകാശം സഭയ്ക്ക് എഴുതിവയ്ക്കുന്നുണ്ട്. ജോലിയുള്ളവരാണെങ്കില്‍ ശമ്പളം മുഴുവന്‍ സഭക്കാണ് ലഭിക്കുന്നത്. എത്ര രൂപ കിട്ടുന്നുവെന്നുപോലും പലര്‍ക്കും അറിയില്ല. കുടുംബസ്വത്ത് നീക്കി വച്ചിട്ടുണ്ടെങ്കില്‍ അതും സഭയ്ക്ക് കിട്ടും. പോക്കറ്റ് മണിയായി 50 രൂപ വരെയാണ് ഒരുമാസം കന്യാസ്ത്രീകള്‍ക്ക് നല്‍കുന്നത്. സഭ വിട്ടിറങ്ങിയാല്‍ എല്ലാം നഷ്ടപ്പെട്ടവളാകുകയാണ്. സ്വത്തുമില്ല, താമസിക്കാന്‍ ഇടവുമില്ല. ജോലിയില്ലാത്തവരാണെങ്കില്‍ ഏറെ ദയനീയമായിരിക്കും അവസ്ഥ. ഇക്കാര്യത്തില്‍ വനിതാക്കമീഷനുകള്‍ പോലെയുള്ള സമിതികളും സ്ത്രീസംഘടനകളും ഇടപെട്ട് ഒരു തീരുമാനമുണ്ടക്കേണ്ടത് അത്യാവശ്യമാണ്.''

വനിതാകമ്മീഷനുനേരെ വിശുദ്ധപ്രാര്‍ത്ഥനയുമായി കൊലവിളി നടത്തിയ ഒരു പ്രതാപത്തേയും പിന്നെ കണ്ടില്ല. കേരളത്തില്‍ പുതിയ മനുഷ്യാവകാശപ്രശ്നമായി, സ്ത്രീപ്രശ്നമായിതന്നെ കന്യാസ്ത്രികളുടെ വിഷയങ്ങള്‍ ഉയര്‍ത്തിവിടേണ്ടതുണ്ട്.

ഉയര്‍ന്നുവരുന്ന മറ്റൊരു വിഷയങ്ങളിലൊന്ന് സഭയുടെ വഴി സംബന്ധിച്ചുതന്നെയാണ്. ചരിത്രം സഭയെ ഇപ്പോഴും വേട്ടയാടുന്നു. സഭയുടെ യാത്ര എങ്ങോട്ടാണ്. ആരാണ് ശത്രുവെന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രസ്ത്യാനികള്‍ തിരിച്ചറിയുന്ന കാലത്ത് കേരളത്തില്‍മാത്രം കടുത്ത ജനവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ നിലപാടുകളുമായി മുന്നോട്ടുപോകാന്‍ ഇവരെ പ്രേരിപ്പിക്കുന്നതെന്താണ്. ചരിത്രത്തിലെ തെറ്റുകളിലേക്കാണ് കേരളത്തിലെ സഭ തിരിഞ്ഞു നടക്കുന്നത്.

ഡെക്കാമറന്‍ കഥകളില്‍ ജോവന്യോ ബൊക്കാഷ്യോ പതിമൂന്നാം നൂറ്റാണ്ടിലെ സഭയുടെ ചിത്രം നല്‍കുന്നു. 'ജൂതനും ക്രിസ്തുമതവും' എന്ന കഥയില്‍ മതം മാറി ക്രിസ്ത്യാനിയാകുന്നതിനുമുന്‍പ് റോമിലെത്തി പുരോഹിതന്‍മാരുടെ ജീവിതം കണ്ടറിയാന്‍ പോയ അബ്രഹാം എന്ന ജൂതധനാഢ്യന്‍ നല്‍കുന്ന വിവരണമുണ്ട്. 'അവിടെ (റോമില്‍) ആത്മീയതയുടേയോ വിശുദ്ധിയുടേയോ കണികപോലുമില്ല. അധര്‍മവും ദുരാഗ്രഹവും അസൂയയും കാപട്യവും കാമാര്‍ത്തിയും കൊടികുത്തിവാഴുകയാണ്. ദൈവത്തിന്റെ പ്രതിനിധികളെന്നവകാശപ്പെടുന്ന ഇക്കൂട്ടരെപ്പോലെ പാപികളായി എന്റെ അറിവില്‍ മറ്റാരുമില്ല. ദൈവവുമായല്ല പിശാചുമായാണ് അവരുടെ ചങ്ങാത്തം'. (ഡെക്കാമറന്‍ കഥകള്‍-ഒന്നാം ദിവസം രണ്ടാം കഥ). ഒരളവുവരെ കേരളത്തിലെ സഭാനേതൃത്വത്തിനും ഇപ്പോഴിത് ബാധകമാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ തോല്‍പ്പാവകളായി കേരളീയസാമൂഹ്യരാഷ്ട്രീയവേദിയില്‍ നടത്തിയ കൂത്തിന്റെ മറ്റൊരു മുഖമാണിത്. വലതുപക്ഷരാഷ്ട്രീയത്തിന് പെണ്ണ് ഉപകരണമാണ്; അതു കന്യാസ്ത്രീയായാലും ഭാര്യയായാലും. പുറമേയ്ക്ക് ആധുനികമെന്ന് നടിക്കുന്ന ക്രിസ്തുമതത്തിലുള്‍പ്പെടെ മതങ്ങള്‍ക്ക് സ്ത്രീകളോടുള്ള പൊതുസമീപനത്തിന്റെ ചിത്രങ്ങളാണ് ജെസ്മിയും അനുപയും.

ശിരോവസ്ത്രങ്ങള്‍ക്ക് തീപിടിക്കയാണ്. അവ ഇനിയും കേരളീയ സമൂഹത്തിന്റെ മുഖത്തേയ്ക്ക് എറിയപ്പെടും. അറുത്തുമാറ്റപ്പെട്ട ജീവിതങ്ങളുടെ നെഞ്ചിലെ തീ ഇനിയും ആളും. സന്യാസത്തെപോലും ആണ്‍കരുത്തിന്റെ വെറികൊണ്ടും വിശ്വാസപ്രമാണത്തിന്റെ താഴുകൊണ്ടും കീഴടക്കുമ്പോള്‍ അള്‍ത്താരകളിലേക്കും തീപടരും.

'കൂട്ടം തെറ്റിയ കുഞ്ഞാടുകളെ നേര്‍വഴി നടത്തുന്നതിനു പകരം അവയില്‍ മുഴുത്തതിന്റെ രക്തവും മാംസവും രുചിക്കുന്ന പ്രതിപുരുഷന്മാരുടെ കാലമാണിത് '.

*

അവലംബം: കെ ഗിരീഷ്, മഞ്ജു കുട്ടികൃഷ്ണന്‍ എന്നിവര്‍ എഴുതിയ കുറിപ്പുകള്‍, കടപ്പാട്: സ്ത്രീ സപ്ലിമെന്റ്

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കന്യാസ്ത്രീകളെക്കുറിച്ച് കേരളം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് കാലംകുറച്ചായി. അഭയ കേരളത്തിന് മികച്ച ക്രൈംത്രില്ലറായി. അനുപമേരിയുടെ മരണത്തില്‍ ലൈംഗികതയുടെ സാധ്യത മനോരോഗിയുടെ ജിജ്ഞാസയോടെ അന്വേഷിക്കയാണ്. എന്നാല്‍ ജെസ്മി സഭാവസ്ത്രം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചപ്പോള്‍ സത്യാന്വേഷകരുടെ കണ്ണടകളില്‍ കാര്‍മേഘം മൂടിയതിന്റെ പൊരുളെന്താണ്.

പറയാന്‍ കൊതിച്ചത് തൊണ്ടയില്‍ കുരുങ്ങിയാണ് അനുപ മരിച്ചത്. ജെസ്മിയാകട്ടെ ഇനിയും പറയാതിരുന്നാല്‍ വിശുദ്ധമരണത്തിന് തന്നെ ഇരയാക്കുമെന്ന തിരിച്ചറിവില്‍നിന്നാണ് എല്ലാം വിളിച്ചുപറഞ്ഞത്. 33 വര്‍ഷം അധ്യാപികയായും അതിലേറെക്കാലം കന്യാസ്ത്രീയായും ജീവിച്ച് അടുത്ത ജന്മത്തിലും തിരുമണവാട്ടിയാകണം എന്നു കൊതിച്ച സ്ത്രീ സഭാവസ്ത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതത്ര ലാഘവത്തോടെ കാണേണ്ട ഒന്നല്ലായെന്ന് പലരും മനസ്സിലാക്കിയില്ല. ഇതു കേരളത്തിന്റെ പുതിയ ദുരന്തം.

ഭൂമിപുത്രി said...

ജെസ്മിയെപ്പറ്റി വായിച്ചിരുന്നു.കൂടുതൽ വിവരങ്ങൾ ഇപ്പോഴാണറിയുന്നത്.വളരെ നന്ദി.
18 വയസ്സ് കഴിഞ്ഞാലേ കന്യാസ്ത്രീയായി അവരോധിയ്ക്കപ്പെടുകയുള്ളു എന്നതാൺ പരിഹാസ്യമായിത്തോന്നുന്ന ഒരു വാദം.
(കന്യാജീവിതമാണെങ്കിലും,മറ്റെന്തായാലും
സ്വന്തം മനസ്സനുസരിച്ച് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എത്ര പെണ്ണുങ്ങൾക്കുണ്ട്?)
പത്താംക്ലാസും പന്ത്രണ്ടാംക്ലാസും കഴിയുമ്പോൾ പെൺകുട്ടികൾക്ക് ‘ദൈവവിളി’ക്യാമ്പുകൾ നടത്തി ബ്രെയിൻ വാഷ് ചെയ്യുന്നതിനെപ്പറ്റി ഈയിടെയറിഞ്ഞപ്പോൾ വല്ലാ‍ത്ത രോഷം തോന്നി.സാമ്പത്തിക അടിത്തറ തന്നെയില്ലാതാക്കി പെണ്ണിനെ നിരാലമ്പയാക്കുന്ന പതിവ്,
കന്യാസ്ത്രീമഠത്തിലും തുടരുന്നുവെന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രതിഫലനം മാത്രം.

Rajeeve Chelanat said...

WF,

Good one. For most of the readers, these kind of stories give secret pleasure of finding out the hidden immoral things around. Even self-styled feminists, seldom raise these issues, as it would look like hurting the religious sentiments. But for people like Jesmi, everything is at stake. And it gives a great feeling to see them fight against their situation and in that fight, against the class heirarchy itself of the establishment, that is the church.

salute
rajeeve