Friday, September 5, 2008

ആണവ ഊര്‍ജ്ജത്തിന്റെ ഭാവി

ആണവോര്‍ജ്ജത്തിന്റെ ഭാവിയെക്കുറിച്ച് അറിയണമെങ്കില്‍ ആറ്റം സംബന്ധിച്ച ചില അടിസ്ഥാന തത്വങ്ങള്‍ അറിയേണ്ടത് ആവശ്യമാണ്. ഓരോ രാസമൂലകത്തെയും വേര്‍തിരിച്ചറിയുന്നത് അതിന്റെ ന്യൂക്ലിയസ്സിലുള്ള ധനചാര്‍ജ്ജിത (positively charged ) പ്രോട്ടോണിന്റെ നിശ്ചിത എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. തുല്യ എണ്ണം ഋണ ചാര്‍ജ്ജിത (negatively charged ) ഇലക്ട്രോണുകള്‍ ന്യൂക്ലിയസ്സുമായി ബന്ധിക്കപ്പെട്ടിരിക്കും. വിപരീത ചാര്‍ജിത (oppositely charged ) ന്യൂക്ലിയസ്സും എലക്ട്രോണുകളും തമ്മിലുള്ള ആകര്‍ഷണശേഷിയുള്ള വൈദ്യുതബലം (electric force )കൊണ്ടാണ് അതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു വൈദ്യുത ന്യൂട്രല്‍ (പോസിറ്റീവോ നെഗറ്റീവോ അല്ലാത്ത) സംവിധാനത്തെയാണ് മൂലകത്തിന്റെ ആറ്റം (അണു) എന്ന് വിളിക്കുന്നത്. ഏറ്റവും ലഘുവും പിണ്ഡം (mass) ഏറ്റവും കുറഞ്ഞതുമായ ആറ്റം ഹൈഡ്രജനാണ് ; ഒരൊറ്റ പ്രോട്ടോണും ഒരൊറ്റ ഇലക്ട്രോണും കൊണ്ട് മാത്രം ബന്ധിതമായ അവസ്ഥയിലുള്ള ആറ്റം.

സാധാരണഗതിയില്‍ ന്യൂക്ലിയസ്സില്‍ പ്രോട്ടോണുകള്‍ക്കൊപ്പം ന്യൂട്രോണുകളും അടങ്ങിയിട്ടുണ്ട്. ന്യൂട്രോണ്‍ വൈദ്യുതമായി ന്യൂട്രല്‍ ആയിരിക്കും; അത് പ്രോട്ടോണിനെക്കാള്‍ അല്‍പംകൂടി പിണ്ഡം കൂടുതലുള്ളതുമായിരിക്കും.

ന്യൂട്രോണുകളും പ്രോട്ടോണുകളും ശക്തമായ ബലംമൂലം പരസ്പരം ആകര്‍ഷിക്കപ്പെട്ടിരിക്കുന്നു. പ്രോട്ടോണുകള്‍ തമ്മിലും ന്യൂട്രോണുകള്‍ തമ്മിലും ശക്തമായ ബലം പ്രവര്‍ത്തിക്കുന്നു. ഇലക്ട്രോണുകളില്‍നിന്ന് വ്യത്യസ്തമായി ഓരോ ന്യൂട്രോണും ഓരോ പ്രോട്ടോണും സ്വന്തമായ ആന്തര ഘടനയുള്ള (internal structure) സങ്കീര്‍ണ്ണ സംവിധാനമാണ്. ഇതിനെ പരമാണു കണികകളുടെയും ലഘുകണങ്ങളുടെയും ഒരു സംവിധാനം (a system of quarks and gluons)എന്ന് വിശേഷിപ്പിക്കാവുന്നതാണ്. ഈ ഒടുവില്‍ പറഞ്ഞവ "പ്രാഥമിക കണികകള്‍'' (“elementary particles.” )എന്നാണ് അറിയപ്പെടുന്നത്. ഇലക്ട്രോണ്‍ മറ്റൊരു പ്രാഥമിക കണികയാണ്. പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യൂക്ലിയോണുകള്‍ എന്നറിയപ്പെടുന്നു. ഈ ചര്‍ച്ചയില്‍ ന്യൂക്ലിയോണിന്റെ ആന്തരഘടന പരിഗണിക്കപ്പെടുന്നില്ല.

ഒരൊറ്റ പ്രോട്ടോണ്‍ ഒരൊറ്റ ന്യൂട്രോണുമായി സുദൃഢമായി ബന്ധിക്കപ്പെട്ടിരിക്കുന്ന ന്യൂക്ലിയസ്സുള്ള ഹൈഡ്രജന്റെ ഒരു രൂപമാണ് ഡ്യൂട്രോണ്‍. പ്രകൃതിയില്‍ നാല് അടിസ്ഥാനബലങ്ങളുണ്ട്; ശക്തമായ ആണവബലം (അഥവാ ശക്തമായ ബലം)(strong nuclear force ), ഗുരുത്വാകര്‍ഷണം, ഇലക്ട്രോമാഗ്നറ്റിക് (വൈദ്യുത കാന്തിക) ബലം, ദുര്‍ബല ആണവബലം(weak nuclear force). പേര് സൂചിപ്പിക്കുന്നതുപോലെതന്നെ ശക്തമായ ബലമാണ് ഇതില്‍ ഏറ്റവും അധികം ശക്തിയുള്ളത്. എന്നാല്‍, ഇതിന് ഏറ്റവും ഹ്രസ്വമായ (range)വ്യാപ്തിയാണുള്ളത്. അതിന്റെ പ്രഭാവം (effects) അനുഭവപ്പെടാന്‍ കണികകള്‍ ഏറ്റവും അടുത്ത് ചേര്‍ന്നിരിക്കേണ്ടതുണ്ട് എന്നാണ് ഇതിനര്‍ത്ഥം. ന്യൂക്ലിയോണുകള്‍ ഏറ്റവും അടുത്ത ബന്ധത്തിലായിരിക്കുമ്പോള്‍ ശക്തമായ ബലം ഏറ്റവും ശക്തവുമായിരിക്കും. എന്നാല്‍, ഒരു ജോടി ന്യൂക്ലിയോണുകള്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ശക്തമായ ബലം ദുര്‍ബലമാവുന്നു. ചാര്‍ജിത കണികകള്‍ തമ്മിലുള്ള വൈദ്യുതബലത്തില്‍നിന്നും ഇത് തികച്ചും വ്യത്യസ്തമാണ്.

ദീര്‍ഘവ്യാപ്തിയുള്ള ബലത്തിന്റെ ഉദാഹരണമാണ് വൈദ്യുതബലം; ഹ്രസ്വവ്യാപ്തിയുള്ള ബലത്തിന്റെ ഉദാഹരണമാണ് ശക്തമായ ബലം. ഒരു ചെറിയ ന്യൂക്ലിയസ്സിലെ ഒരു ജോടി പ്രോട്ടോണുകള്‍ തമ്മിലുള്ള ആകര്‍ഷണശേഷിയുള്ള ശക്തമായ ബലം വികര്‍ഷണ (repulsive) വൈദ്യുതബലത്തെക്കാള്‍ ഏറെ ശക്തമാണ്. എന്നാല്‍, നിരവധി ന്യൂക്ലിയോണുകള്‍ ഉള്ള, (235 ന്യൂക്ലിയോണുകള്‍ ഉള്ള യുറേനിയം-235 പോലെയുള്ള) വളരെ വലിയ ന്യൂക്ലിയസില്‍ ഒരു ജോടി പ്രോട്ടോണുകള്‍ തമ്മിലുള്ള വിടവ് വേണ്ടുവോളം വലിപ്പമുള്ളതായിരിക്കും. അതില്‍ വികര്‍ഷണ വൈദ്യുതബലത്തിന് ആകര്‍ഷണശേഷിയുള്ള ശക്തമായ ബലവുമായി ഫലപ്രദമായി എതിരിടാനാകും. ഇത് ന്യൂക്ലിയസ്സിന്റെ വിഭജനത്തിന് ഇടയാക്കും. ഇതാണ് അണുവിഭജനം (fission).

ചെറിയ ന്യൂക്ലിയസ്സുകളുടെ കൂടിച്ചേരലിലൂടെ ഉണ്ടാകുന്നതാണ് ആണവ സംയോജനം (Fusion). ആ അര്‍ത്ഥത്തില്‍ ഇത് അണുവിഭജന (fission) ത്തിന് വിപരീതവുമാണ്. ആണവ സംയോജനത്തെക്കുറിച്ച് വിശദീകരിക്കാന്‍ ചെറിയ ന്യൂക്ലിയസ്സുകളുടെ കുറെയേറെ ഉദാഹരണങ്ങള്‍ സഹായകരമായിരിക്കും. ഹൈഡ്രജന്റെ രണ്ട് രൂപങ്ങളെക്കുറിച്ച്, ഹൈഡ്രജന്‍-1-ഉം ഹൈഡ്രജന്‍-2-ഉം അഥവാ ഡ്യൂട്രിയം, ഇതിനകംതന്നെ വിശദീകരിച്ചുകഴിഞ്ഞു. ഹൈഡ്രജന്റെ മൂന്നാമത്തെ ഉദാഹരണമാണ് ട്രിഷ്യം-ഹൈഡ്രജന്‍-3. ഇതിലെ ന്യൂക്ലിയസ്സില്‍ രണ്ട് ന്യൂട്രോണും ഒരൊറ്റ പ്രോട്ടോണുമാണുള്ളത്. ഹൈഡ്രജന്റെ ഈ മൂന്ന് രൂപങ്ങളെയും ഹൈഡ്രജന്റെ ഐസോടോപ്പുകള്‍ എന്നാണ് വിളിക്കുന്നത്. ആപേക്ഷികമായി സ്ഥിരതയുള്ള ഹൈഡ്രജന്‍ ഐസോടോപ്പുകള്‍ ഇവ മാത്രമാണ്. സ്ഥിരതയുള്ള "ഹൈഡ്രജന്‍-4'' എന്തുകൊണ്ട് നിലനില്‍ക്കുന്നില്ല എന്ന് മനസ്സിലാക്കാന്‍, മൂന്ന് ന്യൂട്രോണുകളുടെയും ഒറ്റ ഇലക്ട്രോണിന്റെയുമായ ഈ സംവിധാനത്തിന്റെ പൊതു സ്വഭാവത്തില്‍ ഊര്‍ജ്ജതന്ത്രത്തിന്റെ നിയമങ്ങള്‍ പ്രയോഗിക്കണം. ഊര്‍ജ്ജതന്ത്ര (physics ) ത്തിന്റെ ഈ ശാഖ ക്വാണ്ടം ബലതന്ത്രം (quantum mechanics) എന്നാണ് അറിയപ്പെടുന്നത്. ഈ സംവിധാനത്തില്‍ ക്വാണ്ടം ബലതന്ത്രം പ്രയോഗിക്കുമ്പോള്‍ അത്തരം ഒരു സംവിധാനത്തിന് ശിഥിലമായ (unbound state) അവസ്ഥയില്‍ മാത്രമേ നിലനില്‍ക്കാനാവൂ എന്ന് അതിന്റെ ഫലം വെളിപ്പെടുത്തും. അതായത്, നാല് ന്യൂക്ലിയോണുകളില്‍ ഒന്നിന് ന്യൂക്ലിയസ്സിന്റെ ഭാഗമായി തുടരാനാവില്ല; നേരെമറിച്ച് ഉടന്‍തന്നെ അത് ആ സംവിധാനത്തില്‍നിന്നും ബഹിഷ്കരിക്കപ്പെടുന്നു. എന്നിരുന്നാലും, ഊര്‍ജ്ജതന്ത്രജ്ഞര്‍ ന്യൂക്ലിയസ്സുകളുടെ ബന്ധിക്കപ്പെടാത്ത അഥവാ അസ്ഥിരമായ ഐസോടോപ്പുകളുടെ ഗുണധര്‍മ്മങ്ങളെക്കുറിച്ച് പഠിക്കുന്നു. ഉദാഹരണത്തിന്, ന്യൂക്ലിയസ്സുകളുടെ ഗുണധര്‍മ്മങ്ങളുടെ പ്രതീകമായ ഒരു കൈപ്പുസ്തകത്തില്‍ ഹൈഡ്രജന്‍-7ലൂടെ ഹൈഡ്രജന്‍-1ന്റെ ഗുണധര്‍മ്മങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹൈഡ്രജനുശേഷം, അടുത്ത മൂലകം ഹീലിയമാണ്. ഹീലിയത്തിന് രണ്ട് സ്ഥിര രൂപങ്ങള്‍ മാത്രമാണുള്ളത് -ഹീലിയം 3ഉം ഹീലിയം 4ഉം. ഹീലിയം 3ന്റെ ന്യൂക്ലിയസ്സില്‍ രണ്ട് പ്രോട്ടോണും ഒറ്റ ന്യൂട്രോണുമാണുള്ളത്; ഹീലിയം 4ന്റെ ന്യൂക്ലിയസ്സില്‍ രണ്ട് പ്രോട്ടോണും രണ്ട് ന്യൂട്രോണുമുണ്ട്. ഹീലിയം-10ലൂടെ ഹീലിയം-5ന്റെ അസ്ഥിര ഐസോടോപ്പുകളുടെ ഗുണധര്‍മ്മങ്ങള്‍ കൈപ്പുസ്തകങ്ങളില്‍ പ്രദാനംചെയ്തിട്ടുണ്ട്.

വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആണവോര്‍ജ്ജപ്ലാന്റുകളുടെ ചരിത്രം 1951ല്‍തന്നെ ആരംഭിച്ചതാണ്. അപ്പോഴാണ് ആദ്യത്തെ വ്യാപാരാടിസ്ഥാനത്തിലുള്ള റിയാക്ടര്‍ നിര്‍മ്മിക്കപ്പെട്ടത്. ഇത് ബ്രീഡര്‍ റിയാക്ടര്‍ ആയിരുന്നു. മിക്കവാറും എല്ലാ വ്യാപാരാടിസ്ഥാനത്തിലുള്ള യൂണിറ്റുകളും വെള്ളം തിളപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്ന മാതൃകയിലുള്ളവയാണ് (boiling water type). ടര്‍ബൊ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട നീരാവി ഉല്‍പാദിപ്പിക്കുന്നതിന് റിയാക്ടറുകളില്‍ നേരിട്ട് തണുത്തവെള്ളം ഒഴുക്കണം. ഒരു നിശ്ചിത എണ്ണം റേഡിയോ ആക്ടീവ് കണികകള്‍ ഇന്ധന ദണ്ഡുകളിലൂടെ (fuel rods) വെള്ളത്തിലേക്ക് ചോര്‍ന്ന് എത്തുന്നു; അവയില്‍ ചിലത് കൂളിംഗ് ടവറില്‍നിന്ന് വായുവിലേക്ക് കലരുന്നു. വായുവില്‍ റേഡിയോ ആക്ടീവത കലരുന്നത് അസ്വീകാര്യമായതിനാല്‍, ഒരു സമ്മര്‍ദ്ദിത ജലപദ്ധതി (a pressurized water design) വികസിപ്പിക്കപ്പെട്ടു. ഇതിൽ ഇരട്ട താപമാറ്റ വലയം (dual heat transfer loop) ഉള്‍പ്പെടുന്നു ; അതായത്, ഉയര്‍ന്ന മര്‍ദ്ദവും അതിതാപവുമുള്ള ജലം ഒരു അണുവിഭജന റിയാക്ടറിലൂടെ കടന്നുപോകുന്നു; പിന്നീട് അതൊരു താപവിനിമയ സംവിധാന (heat exchanger) ത്തിലൂടെ ദ്വിതീയ ലഘുമര്‍ദ്ദിത വലയത്തിലേക്ക് (secondary low-pressure loop) ഊര്‍ജ്ജത്തെ കടത്തിവിടുന്നു. വൈദ്യുതി ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനുവേണ്ടി ടര്‍ബൊ ജനറേറ്ററിലേക്കുവേണ്ട നീരാവി മര്‍ദ്ദം ഈ ദ്വിതീയ വലയം ഉല്‍പാദിപ്പിക്കുന്നു. അമേരിക്കയില്‍ ഇപ്പോഴുള്ള 103 വൈദ്യുത റിയാക്ടറുകളും ഇത്തരത്തിലുള്ള സമ്മര്‍ദ്ദിത ലഘുജല (pressurized light water type)മാതൃകയിലുള്ളവയാണ്.

ന്യൂട്രോണ്‍ പ്രവാഹത്തെ മന്ദീഭവിപ്പിക്കുന്നതിന് അതായത്, അവയുടെ ഗതിവേഗം കുറയ്ക്കുന്നതിന്, വെള്ളം ഉപയോഗിക്കുന്നതിനുപകരം കാര്‍ബണും ഉപയോഗിക്കാവുന്നതാണ്. അത്തരത്തില്‍ ഗ്രാഫൈറ്റ് ഉപയോഗിച്ച് മന്ദീഭവിപ്പിക്കുന്ന റിയാക്ടറുകള്‍ പ്രയോജനപ്രദമായ ഐസോടോപ്പുകള്‍ ഉല്‍പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രരംഗത്തെ ആവശ്യങ്ങള്‍ക്കായി ട്രിഷ്യവും (ഹൈഡ്രജന്‍-3) ബോംബ് നിര്‍മ്മാണത്തിനായി പ്ളൂട്ടോണിയവും അങ്ങനെ ഉണ്ടാക്കി വരുന്നു. മുന്‍ സോവിയറ്റ് യൂണിയനിലെ റിയാക്ടറുകള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുവേണ്ടി ഗ്രാഫൈറ്റ് ഉപയോഗിച്ച് മന്ദീഭവിപ്പിച്ചിരുന്നു. ചെര്‍ണോബിലിലേത് അത്തരത്തിലുള്ളതായിരുന്നു. ദൌര്‍ഭാഗ്യവശാല്‍, ശക്തിയുള്ള ന്യൂട്രോണ്‍ കണികകള്‍ കാര്‍ബണില്‍ വന്നിടിക്കുന്നതുമൂലം കാര്‍ബണില്‍ ഊര്‍ജം സംഭരിക്കുന്നതിന് (Wigner effect) )ഇത് ഇടവരുത്തുന്നു. വൈദ്യുതി ഉല്‍പാദനം അതിന്റെ രൂപകല്‍പനാ പരിധിക്കപ്പുറം ഉയരുമ്പോള്‍ ഉന്നത ഊഷ്മാവില്‍ ഊര്‍ജ്ജം ബഹിര്‍ഗമിക്കുന്നു. ഇത്തരത്തില്‍ അമിതമായ ഊര്‍ജ്ജത്തിന്റെ പെട്ടെന്നുള്ള ബഹിര്‍ഗമനം സ്ഫോടനങ്ങള്‍ സൃഷ്ടിക്കുന്നു.

ലോസ് ആഞ്ചലസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലുള്ള വിദ്യാഭ്യാസ ആവശ്യത്തിനുപയോഗിക്കുന്ന ചെറിയ റിയാക്ടര്‍ ഗ്രാഫൈറ്റ് ഉപയോഗിച്ച് മന്ദീഭവിപ്പിക്കുന്നതായിരുന്നു. അത് ഒരു സന്ദര്‍ഭത്തിലെങ്കിലും ഏതാണ്ട് പൊട്ടിച്ചിതറാറായി. ഇത് വെസ്റ്റ്വുഡിനെയും സമീപപ്രദേശങ്ങളെയും മലിനപ്പെടുത്തുമായിരുന്നു. ആണവോര്‍ജ്ജ അപകടങ്ങള്‍ ഒരു രാജ്യവും സ്ഥിരീകരിക്കാറില്ല. എന്നാല്‍, ഓപ്പറേറ്റര്‍മാര്‍ക്ക് തൃപ്തികരമായ വിദ്യാഭ്യാസം നല്‍കിയാല്‍ ഏറെക്കുറെ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാവുന്നവയുമാണ് എന്നതും ശ്രദ്ധിക്കപ്പെടണം. പദ്ധതി രൂപകല്‍പന ചെയ്തതിനുശേഷമുള്ള പ്രവര്‍ത്തനം എല്ലായ്പ്പോഴും ഓപ്പറേറ്ററുടെ നിയന്ത്രണത്തിലാണ്.

മറ്റൊരു തരത്തിലുള്ള ആണവ റിയാക്ടറാണ് ബ്രീഡര്‍; ഇതില്‍ പൊതുവെ പ്ലൂട്ടോണിയം-239 ആണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഈ മാതൃകയിലുള്ള റിയാക്ടറില്‍ യുറേനിയം- 238നെ ഭേദിക്കാന്‍ ന്യൂട്രോണ്‍ ധാര (neutron flux) ഉപയോഗിക്കുകയും പ്ലൂട്ടോണിയം - 238ഉം 239ഉം 240ഉം സൃഷ്ടിക്കുകയുമാണ് . റിയാക്ടറിലെ അണുവിഭജന പ്രക്രിയയില്‍ (fission process)ഉപയോഗിച്ചതിനെക്കാള്‍ അധികം പ്ലൂട്ടോണിയം - 239 സൃഷ്ടിക്കുകയെന്നതാണ് ഇതിലെ ആശയം. ഈ ബ്രീഡര്‍ റിയാക്ടറുകളില്‍ തണുപ്പിക്കുന്നതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് ദ്രവീകൃത സോഡിയമാണ്.

മേല്‍വിവരിച്ച റിയാക്ടറുകള്‍ എല്ലാം മന്ദഗതിയിലുള്ള ന്യൂട്രോണ്‍ (slow neutron variety)ഇനത്തില്‍പ്പെട്ടവയാണ്. അണുവിഭജനപ്രക്രിയക്കുവേണ്ട ന്യൂട്രോണ്‍ വേഗതയെ മന്ദഗതിയിലാക്കാന്‍ ഇതില്‍ ഒരു മോഡറേറ്റര്‍ ആവശ്യമാണ്. റിയാക്ടര്‍ അടയ്ക്കുന്നതിനുവേണ്ടി ന്യൂട്രോണുകളെ ആഗിരണംചെയ്യാനും അണുവിഭജനപ്രക്രിയ അവസാനിപ്പിക്കാനും കാഡ്മിയം നിയന്ത്രക ദണ്ഡുകള്‍ (cadmium control rods)അകത്തേക്ക് കടത്തുന്നു. വേഗതയേറിയ ന്യൂട്രോണുകള്‍, യുറേനിയം-238നെ അണുവിഭജനത്തിന് വിധേയമാക്കുന്നതോടൊപ്പം യുറേനിയം-235നെയും പ്ലൂട്ടോണിയം-239നെയും അണുവിഭജനത്തിനു വിധേയമാക്കുകയും ചെയ്യുന്നു. ഫാസ്റ്റ് ന്യൂട്രോണ്‍ റിയാക്ടറുകള്‍ ഉന്നത ഊഷ്മാവിലാണ് പ്രവര്‍ത്തിക്കുന്നത്; തണുപ്പിക്കുന്നതിനായി അതില്‍ ദ്രവീകൃത സോഡിയം ഉപയോഗിക്കുന്നു; അത് പ്ലൂട്ടോണിയം 239 ഉല്‍പാദിപ്പിക്കുന്നു. പ്ലൂട്ടോണിയം-239ന്റെ ഉല്‍പാദനം ബോംബ് നിര്‍മ്മാണത്തിന്റെ പരിധിയില്‍ വരുന്നു. അതുകാരണമാണ് ഇതിന്റെ നിയന്ത്രണം ആണവ നിര്‍വ്യാപനകരാറിന്റെ വിഷയമായത്.

ആണവ റിയാക്ടര്‍ പ്രവര്‍ത്തനത്തിന്റെ മറ്റൊരുവശം (ഒരുപക്ഷെ അതായിരിക്കും ഏറ്റവും വലിയ പ്രതിബന്ധം) അത് സൃഷ്ടിക്കുന്ന വലിയ തോതിലുള്ള അവശിഷ്ടങ്ങളും അവ നിര്‍മ്മാര്‍ജ്ജനംചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്. കുറെയേറെ കാലത്തിനുശേഷം, നിരവധി മാസങ്ങള്‍ക്കും നിരവധി വര്‍ഷങ്ങള്‍ക്കുംശേഷം അതിലെ പ്രധാന ഘടകങ്ങള്‍ അല്‍പായുസുകളായ സെസിയം 137ഉം സ്‌ട്രോണ്‍ഷിയം-90 ആയിരിക്കും . ഇവ രണ്ടിലെയും റേഡിയോ ആക്ടിവത-പകുതിയായി കുറയുന്നതിന് ഏകദേശം 30 വര്‍ഷം വേണം; ദീര്‍ഘായുസുള്ള ട്രാന്‍സ് യുറേനിക്കുകള്(transuranics)‍, അതായത് യുറേനിയവും അതിനെക്കാള്‍ അണുസംഖ്യ കൂടുതലുള്ളതും കൃത്രിമറേഡിയോ ആക്ടീവത കൂടുതലുള്ളതുമായ മൂലകങ്ങള്‍, ആയിരക്കണക്കിന് വര്‍ഷങ്ങളോളം നിലനില്‍ക്കും. ഏറ്റവും പ്രബല ഐസോടോപ്പായ അണുവിഭജനത്തിന് വിധേയമാകാത്ത യുറേനിയം-238 (non-fissioning uranium-238) മായി ഈ അവശിഷ്ടങ്ങള്‍ ഇന്ധന ദണ്ഡുകളില്‍വച്ച് കൂടിക്കലർത്തുന്നു.

അയോണൈസ് ചെയ്യപ്പെടുന്ന (ionizing radioactive waste components) ഇത്തരം റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ നേരായവിധം കൈകാര്യംചെയ്യാനുള്ള അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യ ഒന്നുംതന്നെ ഇന്നേവരെ കണ്ടെത്തപ്പെടുകയോ വികസിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ അവയെ ശേഖരിച്ച് വയ്ക്കുകയും നിരീക്ഷണ വിധേയമാക്കുകയും ആവശ്യമായി വരുമ്പോള്‍ വീണ്ടും ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്. വൈദ്യുത റിയാക്ടറുകളില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ തൃപ്തികരമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാതിരിക്കുന്നതുകൊണ്ടാണ് അമേരിക്കയില്‍ ഇവയുടെ നിര്‍മ്മാണം ആകെ നിര്‍ത്തിവെച്ചിരിക്കുന്നത്. എല്ലാ അമേരിക്കന്‍ ആണവ നിലയങ്ങളും പ്രൈസ് ആന്‍ഡേഴ്സണ്‍ നിയമം മൂലമാണ് സംരക്ഷിച്ചിരിക്കുന്നത്. അത് വലിയ തോതിലുള്ള ഏതൊരപകടത്തിന്റെയും ഉത്തരവാദിത്വം നികുതിദായകരുടെ തലയില്‍ കെട്ടിയേല്‍പ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഗുണഭോക്താക്കളായ കമ്പനികള്‍ക്ക് പൂര്‍ണ്ണ കവറേജുള്ള ഇന്‍ഷ്വറന്‍സ് ഏറ്റെടുക്കുന്നത് താങ്ങാനാവില്ല; കോണ്‍ഗ്രസ് പ്രൈസ് ആന്‍ഡേഴ്സണ്‍ കവറേജ് റദ്ദ് ചെയ്യുകയാണെങ്കില്‍ ആണവനിലയങ്ങളുടെ പ്രവര്‍ത്തനം അടച്ചുപൂട്ടേണ്ടതായിവരും.

ആഗോളതാപനം ഒരു പ്രശ്നമായി ഉയര്‍ന്നുവരുകയും വിലകുറഞ്ഞ പെട്രോളിയത്തിന്റെ അന്ത്യം കാണുകയും ചെയ്യുന്നതുവരെ ആണവോര്‍ജ്ജ റിയാക്ടറുകളുടെ വികസനം സംബന്ധിച്ച സാഹചര്യം ഇത്തരത്തിലായിരുന്നു. ആണവോര്‍ജ്ജ വ്യവസായം സദാ വാദിച്ചുകൊണ്ടിരിക്കുന്നത് ആണവവൈദ്യുതിയെ ബദല്‍ ഊര്‍ജ്ജ ഉറവിടമായി (one of the energy options)പരിഗണിക്കണമെന്നാണ്. എന്നാല്‍, ഇപ്പോള്‍ അവര്‍ ആഗോളതാപനത്തിന്റെ പ്രശ്നത്തിന് ആണവോര്‍ജ്ജമാണ് ഉചിതമായ പരിഹാരം(nuclear power should be the option of choice) എന്നാണ് വാദിക്കുന്നത്. രസകരമെന്നു പറയട്ടെ, ഉയര്‍ന്ന തരത്തിലുള്ള അവശിഷ്ടങ്ങളുടെ നിര്‍മ്മാര്‍ജ്ജന പ്രശ്നത്തെക്കുറിച്ച് പരാമര്‍ശംപോലും നടത്തുകയുമില്ല. സര്‍വസമ്മതമായ ഒരു പരിഹാരം ഇപ്പോള്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി അവകാശവാദമുന്നയിക്കുക മാത്രം ചെയ്യുന്നു.

സുരക്ഷിതത്വവും ഉയര്‍ന്ന വിലയും

ആണവോര്‍ജ്ജത്തിന്റെ ഉയര്‍ന്ന വില കുറക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ഉള്‍പ്പെട്ടതാണ് പൊതുവായ സ്വഭാവങ്ങളോടു കൂടിയ റിയാക്ടര്‍ (generic reactor )സംബന്ധിച്ച നിര്‍ദ്ദേശം. അങ്ങനെയെങ്കിൽ നിര്‍മ്മാണ ലൈസന്‍സിനുള്ള അപേക്ഷ കൊടുക്കുമ്പോൾ ഓരോ പ്രാവശ്യവും അതിന്റെ രൂപ മാതൃക അവലോകന വിധേയമാക്കേണ്ടതില്ലല്ലോ . സുരക്ഷിതത്വ സംവിധാനങ്ങളുടെ അടിയന്തിര സ്വഭാവം കുറച്ചു കാണിക്കലാണ് മറ്റൊരു അടവ്. ഇത് ലൈസന്‍സിനായുള്ള പ്രോസസിങ്ങ് സമയം ഗണ്യമായി കുറക്കുകയും വില കുറയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുമത്രെ.

തീർച്ചയായും ഇവിടെ ചില പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. റിയാക്ടറുകളുടെ രൂപകൽ‌പ്പന മരവിപ്പിക്കുക എന്നാൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്ന പരിഷ്ക്കാരങ്ങൾ ഒഴിവാക്കുക എന്നു തന്നെയല്ലേ അർത്ഥം. വില കുറയ്ക്കുന്നതിനായി, സുരക്ഷിതത്വ നടപടികളില്‍ ഇളവ് വരുത്തുന്നതിനുള്ള ആണവ വ്യവസായികളുടെ നിർദ്ദേശം പൊതുജനങ്ങളില്‍നിന്ന് വലിയതോതില്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നുണ്ട്. ആണവ അവശിഷ്ടങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍വസമ്മതമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയാണെങ്കില്‍, സുരക്ഷിതത്വത്തിനുവേണ്ടി ഉയര്‍ന്ന വിലകള്‍ സ്വീകാര്യമാകുന്നിടംവരെ പൊതുജനാഭിപ്രായം മാറിയിട്ടുണ്ട്. എന്നാല്‍, ആണവോര്‍ജ്ജത്തിലെ വില സംബന്ധിച്ച എല്ലാ എസ്റ്റിമേറ്റുകളിലും അവശിഷ്ടങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിനും ആണവ പ്ലാന്റ് ഡീക്കമ്മീഷൻ ചെയ്യുന്നതിനും വേണ്ടിവരുന്ന യഥാര്‍ത്ഥ ചെലവുകളുടെ ഒരു ചെറിയ അംശം മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ.

അവശിഷ്ടങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന്റെ നിലവാരം കുറഞ്ഞ ഒരു മാതൃക ഉള്‍ക്കൊള്ളുന്നതാണ് ഒടുവില്‍ പറഞ്ഞ രീതി. ഉത്തരവാദിത്വം സ്വയം ഏല്‍ക്കുന്നതിനുപകരം ബാധ്യതയാകെ പൊതുജനത്തിന്റെ ചുമലില്‍ വച്ച് കയ്യൊഴിയുകയെന്നതാണ് ആണവോര്‍ജ്ജ വ്യവസായരംഗത്തുള്ളവരുടെ താല്‍പര്യം.

സുരക്ഷിതത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍

സുരക്ഷിതത്വവുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങള്‍ വ്യക്തമാക്കുന്നത് ഒന്നും തന്നെ 100 ശതമാനവും സുരക്ഷിതമല്ലെന്നതാണ്. എന്നാല്‍ ആവശ്യത്തിന് പണം ചെലവഴിച്ചാല്‍ ഒരു തലംവരെ സുരക്ഷിതത്വം കൈവരിക്കാനാകും. ആണവ വൈദ്യുത പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും കാര്യങ്ങളെക്കുറിച്ച് ഓപ്പറേറ്റര്‍മാരെ നന്നായി പരിശീലിപ്പിക്കാന്‍ വേണ്ടത്ര പണം ചെലവഴിക്കേണ്ടതാണ്.

സുരക്ഷിതത്വ സംവിധാനങ്ങള്‍ക്കായി പരമാവധി തുക ചെലവഴിക്കേണ്ടതാണ്; ഓരോ പ്ലാന്റിനും അനുബന്ധമായുള്ള സുരക്ഷിതത്വ സംവിധാനം സ്വീകാര്യമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. ദൌര്‍ഭാഗ്യവശാല്‍, ഒരാളിന് തൃപ്തികരമെന്ന് തോന്നുന്ന സുരക്ഷിതത്വ സംവിധാനം മറ്റൊരാളിന് തൃപ്തികരമായിരിക്കില്ല. പ്രത്യക്ഷത്തില്‍തന്നെ, സാങ്കേതികമായി ന്യായീകരിക്കാവുന്ന ചില തരത്തിലുള്ള തീരുമാനമെടുക്കല്‍ സംവിധാനം ഉണ്ടാക്കേണ്ടതാണ്.

ആണവ അവശിഷ്ടത്തിന്റെ പ്രശ്നങ്ങള്‍

ഉയര്‍ന്ന റേഡിയോ ആക്ടീവതയുള്ള ആണവ അവശിഷ്ടങ്ങള്‍ ജീര്‍ണ്ണിക്കാന്‍ ദീര്‍ഘകാലം വേണ്ടിവരുമെന്നത് കണക്കിലെടുക്കുമ്പോള്‍ ഭാവിതലമുറകള്‍ക്കായി ഈ പ്രശ്നം വിട്ടുകൊടുക്കുന്നതിനുപിന്നിലെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടേണ്ടതാണ്, കഴിഞ്ഞ അമ്പതിലേറെ വര്‍ഷങ്ങളായി അമേരിക്ക തുടര്‍ന്നുവരുന്ന നിരുത്തരവാദിത്വത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. മറ്റു രാജ്യങ്ങള്‍ക്കും ഈ നിരുത്തരവാദിത്വത്തില്‍ പങ്കുണ്ട്. ഭരണാധികാരികളെല്ലാം സല്‍സ്വഭാവികളാണെന്നും അവശിഷ്ടങ്ങളുടെ നിര്‍മ്മാര്‍ജ്ജനപ്രശ്നത്തിന് തൃപ്തികരമായ പരിഹാരം സാങ്കേതികവിദ്യ കണ്ടെത്തും എന്ന് കരുതുന്നതും വെറും വ്യാമോഹമാണ്.

അമേരിക്കയിലെ മൊത്തം ആണവ അവശിഷ്ടത്തില്‍ പകുതിയോളവും വാഷിങ്ടണിലെ ഹാന്‍ഫോര്‍ഡിലാണുള്ളത്; റേഡിയോ ആക്ടീവതയുള്ള ചെളിയുടെ രൂപത്തിലുള്ള ഈ അവശിഷ്ടം ആണവായുധങ്ങള്‍ ഉണ്ടാക്കുന്നതിനിടയില്‍ ഉണ്ടായതാണ്. അമേരിക്കയിലെ മൊത്തം ആണവ അവശിഷ്ടങ്ങളില്‍ പകുതി മാത്രമെ ആണവ വൈദ്യുതി നിലയങ്ങളില്‍നിന്നുള്ളവയുള്ളൂ. ഈ ചെളിയെ ഖരരൂപത്തിലാക്കാനും ഖരമാലിന്യത്തെ കണ്ണാടിപോലെയാക്കി വലിയ ഗ്ലാസ് പാളികളാക്കിമാറ്റാനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്തിരുന്നു. ഈ രൂപത്തിലുള്ള മാലിന്യങ്ങള്‍ അതിന്റെ ഖരത്വം (solidity) കാരണം പരിസ്ഥിതിയില്‍ കലരില്ല എന്നതുകൊണ്ടും ഗ്ലാസിലെ രാസവസ്തുക്കള്‍ ന്യൂട്രോണിനെ ആഗിരണംചെയ്യുമെന്നതിനാല്‍ അത് അണുവിഭജനത്തിന് ഇടവരുത്തില്ലയെന്നതുകൊണ്ടും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. അനേകായിരം വര്‍ഷങ്ങള്‍ക്കുശേഷം ഇതിന് എന്ത് സംഭവിക്കും എന്ന പ്രശ്നമാണ് അവശേഷിക്കുന്നത്. അത്യന്തം അപകടകരിയാകാൻ സാധ്യതയുള്ള പദാര്‍ത്ഥങ്ങളുടെ ഈ വന്‍ കൂമ്പാരം ചെറിയ മൂലകങ്ങളായി ശിഥിലീകരിക്കപ്പെടുമോ? സാധാരണ പാറകളും മണ്ണുമായി ഇടകലരാൻ ഇട വരുമോ? ആണവാവശിഷ്ടങ്ങൾ ധൂളികളായി മാറുകയും ഗണ്യമായ വിധം പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ കലരാന്‍ ഇടയാകുകയും ചെയ്യുമോ? അബദ്ധത്തിലെങ്കിലും ഇങ്ങനെ ഒരു സാഹചര്യമുണ്ടാകാൻ നാം അനുവദിക്കേണ്ടതുണ്ടോ?

ഇനിയും നാം പരിഗണിച്ചിട്ടില്ലാത്ത മറ്റൊരു ഘടകം ഇത്തരം ഒരു പ്രക്രിയക്കു വേണ്ടിവരുന്ന ചെലവാണ്. ഇത് വളരെയേറെ സാമ്പത്തിക ചെലവുള്ളതാണ്; നികുതിദായകര്‍ താങ്ങാനാവാത്ത ഭാരം വഹിക്കേണ്ടതായി വരും. ഇതേവരെ ഒരു സര്‍ക്കാരിനും ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ഇതിനെ അവഗണിക്കുകയും ഭാവി ഭരണാധികാരികള്‍ക്കായി മാറ്റിവെക്കുകയുമാണ് ചെയ്തു വന്നത്. ദൌര്‍ഭാഗ്യവശാല്‍ ചോര്‍ച്ചബാധിച്ച ഹാന്‍ഫോര്‍ഡ് ടാങ്കുകള്‍ വളരെ മോശപ്പെട്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു; ചോര്‍ന്നുവരുന്ന മാലിന്യങ്ങള്‍ കൊളമ്പിയ നദിയെ ദുഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. ക്രമേണ, അമേരിക്ക എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍തന്നെ ഹാന്‍ഫോര്‍ഡ് മേഖലയാകെ വിഷമയമായിരിക്കുകയാണ്.

റിയാക്ടര്‍ അവശിഷ്ടങ്ങള്‍

അമേരിക്കയിലെ 103 ആണവ വൈദ്യുത റിയാക്ടറുകളില്‍ ഏറെയും ഇപ്പോള്‍ സമ്മര്‍ദ്ദിത ലഘുജല മാതൃകയിലുള്ളതാണ്. അവ നിയന്ത്രണദണ്ഡുകള്‍ (control rods ) ഉപയോഗിക്കുന്നു; അവയില്‍ ഉയര്‍ന്നതോതില്‍ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഉപയോഗിക്കപ്പെട്ട ഇന്ധനദണ്ഡുകള്‍ നീന്തല്‍കുളങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയിലാണ് ശേഖരിച്ചിരിക്കുന്നത്. ഭൌതികമായി ചൂടേറിയ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ തണുപ്പിക്കുന്നതിന് ജലമാണ് ഉപയോഗിക്കുന്നത്. ഈ സംഭരണമേഖലകള്‍ ഏറെക്കുറെ നിറഞ്ഞുകഴിഞ്ഞു; ഇനി എന്താണ് ചെയ്യേണ്ടത് എന്ന പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ വലിപ്പമുള്ള നിരവധി "നീന്തല്‍ക്കുളങ്ങള്‍'' നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണെങ്കില്‍ അതു ഈ വിഷത്തിൽ ഒരു ഒരു തീരുമാനത്തിലെത്താന്‍ കൂടുതല്‍ സമയം നൽക്കും എന്നു മാത്രമേയുള്ളു. ഭൂഗര്‍ഭത്തില്‍ ഇതിനെ അടക്കംചെയ്യാനുള്ള വിവിധ സാങ്കേതികവിദ്യകൾ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്; പക്ഷെ, ഇതെല്ലാം ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി കാണുന്നുണ്ട്. ദീര്‍ഘകാലാവശ്യം നിറവേറ്റാന്‍ പറ്റുമെന്ന് ഉറപ്പായിട്ടുമില്ല.

എഞ്ചിനീയറിങ് സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് സൂചിപ്പിക്കുകയല്ലാതെ ഇവിടെ കൂടുതല്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കേണ്ട ആവശ്യമില്ല. ഏത് അവശിഷ്ട നിര്‍മ്മാര്‍ജ്ജന സംവിധാനത്തിന്റെയും ജീവിതചക്രം ഓരോരുത്തരുടെയും വീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. മതിപ്പ് കണക്കുകള്‍ 10,000 വര്‍ഷം മുതല്‍ 2,40,000 വര്‍ഷംവരെ വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഭൂഗര്‍ഭത്തില്‍ (ഉപയോഗിച്ചുകഴിഞ്ഞ ഖനികളിലുംമറ്റും) അടക്കംചെയ്യാനുള്ള പദ്ധതിയൊന്നും അടിസ്ഥാനപരമായ എഞ്ചിനീയറിങ് ആവശ്യങ്ങള്‍ പരിഹരിക്കുന്നവയല്ല; ഉത്തമബോധ്യത്തോടെ അവശിഷ്ടങ്ങള്‍ അടക്കംചെയ്യണമെങ്കില്‍ അത് ആവശ്യമാണുതാനും.

വ്യവസായപദ്ധതികള്‍

മേല്‍ സൂചിപ്പിച്ച എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും നന്നായി അറിയാവുന്ന ആണവ വ്യവസായം പുതിയ സാങ്കേതികവിദ്യകളെയും പദ്ധതികളെയും ശരണം പ്രാപിക്കുകയാണ്; അതേസമയം എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടതായി അവകാശപ്പെടുകയും ചെയ്യുന്നു. ബ്രീഡര്‍ റിയാക്ടറുകള്‍ വികസിപ്പിച്ചുകൊണ്ട് അവശിഷ്ടത്തിലെ ആണവ ഇന്ധനം പുനരുപയോഗിക്കാവുന്നതാണ്. ഇതില്‍ ന്യൂട്രോണുകള്‍കൊണ്ട് യുറേനിയം-238 ഐസോടോപ്പ് ഇന്ധന കവചം ഭേദിച്ച്, ആദ്യത്തെ അണുവിഭജന പ്രക്രിയയിലേതിനെക്കാള്‍ വളരെ അധികം പ്ളൂട്ടോണിയം-239 ഉല്‍പാദിപ്പിക്കുന്നു. പ്രവര്‍ത്തനത്തിലുള്ള ഒരു റിയാക്ടറില്‍ വര്‍ദ്ധിച്ച തോതില്‍ ആണവ ഇന്ധനം ഉല്‍പാദിപ്പിക്കുന്നതാണ് ഈ ആശയം; എന്നാല്‍ മാലിന്യങ്ങളും അതേപോലെ വര്‍ദ്ധിപ്പിക്കുന്നതുമാണ്. ഇത് ഇന്ധന ലഭ്യതയില്‍ വര്‍ദ്ധനവ് ഉണ്ടാക്കും.

പുതിയ റിയാക്ടറുകളിലെ അവശിഷ്ടത്തെ പുതിയ താപപ്രക്രിയാവേര്‍തിരിക്കല്‍ സാങ്കേതികവിദ്യ (pyro-processing separation techniques)ഉപയോഗിച്ച് രാസപ്രവര്‍ത്തനത്തിന് വിധേയമാക്കുന്നു. ട്രാന്‍സ് യുറാനിക്കുകള്‍ അഥവാ യുറേനിയത്തിന്റെയും മറ്റ് ഭാരമേറിയ മൂലകങ്ങളുടെയും ദീര്‍ഘകാലം നിലനില്‍ക്കുന്ന ഭാരമേറിയ അവശിഷ്ടഘടകങ്ങള്‍ സെസിയം-137, സ്ട്രോന്‍ഷിയം-90 എന്നിവപോലുള്ള ഭാരംകുറഞ്ഞതും ഹ്രസ്വകാല നിലനില്‍പുള്ളതുമായ ഐസോടോപ്പുകളില്‍നിന്ന് വേര്‍തിരിക്കപ്പെടുന്നു. ഏകദേശം 30 വര്‍ഷത്തെ അര്‍ദ്ധജീവിതമുള്ള (half lives ) ഹ്രസ്വകാല നിലനില്‍പുള്ള ഈ ഐസോടോപ്പുകള്‍ 300 വര്‍ഷം മുതല്‍ 600 വര്‍ഷംവരെ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്.

അവശിഷ്ടക്കൂമ്പാരത്തില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഭാരമുള്ള ഐസോടോപ്പുകള്‍ ഉണ്ടാവൂ എന്നതിനാല്‍ ആണവ വ്യവസായം മൂടിവയ്ക്കാന്‍ താല്‍പര്യപ്പെടുന്ന വളരെക്കുറച്ച് പ്രശ്നങ്ങളേ ഉണ്ടാവൂ. ട്രാന്‍സ് യുറാനിക് വേര്‍തിരിക്കലിന് ഉയര്‍ന്ന ഊഷ്മാവില്‍ ഉരുക്കി ഉണ്ടാക്കിയ കാഡ്മിയം ലായനിയില്‍ മുക്കിവെയ്ക്കുകയാണ് വേണ്ടത്. "താപ-പ്രക്രിയ'' (pyro-processing) എന്ന പദപ്രയോഗത്തിന്റെ ഉല്‍പത്തി അങ്ങനെയാണ്. വളരെയേറെ വിഷമയമായ ഈ വേര്‍തിരിക്കല്‍ പ്രക്രിയ, ഏതൊരു എലക്ട്രോ പ്ളേറ്റിങ് സമീപനത്തെയുംപോലെ തന്നെ, പൂര്‍ണമായും കൃത്യതയുള്ളതല്ല; വേര്‍തിരിക്കല്‍ 100 ശതമാനം ഫലപ്രദമാകുന്നില്ല. പുതിയ ആണവ വൈദ്യുത റിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്ന വ്യവസായം നിലവിലുള്ളവയ്ക്കുപുറമെ പുതിയ പ്രശ്നങ്ങള്‍കൂടി സൃഷ്ടിക്കുകയാണ്. എല്ലാറ്റിനും ഒടുവില്‍, നാം ആദ്യം നേരിട്ട മാലിന്യനിര്‍മാര്‍ജ്ജനപ്രശ്നം അവശേഷിക്കുകയും ചെയ്യും.

പുതിയ താപപ്രക്രിയാ സാങ്കേതികവിദ്യ ലബോറട്ടറി ഉപകരണങ്ങളില്‍ മാത്രമെ ഇപ്പോള്‍ സാധ്യമാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. സൈദ്ധാന്തികവും പരീക്ഷണാടിസ്ഥാനത്തിലുള്ളതുമായ വിജയങ്ങള്‍ക്കുശേഷം അന്തിമമായി വാണിജ്യപരമായ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ കുറെയേറെ കാലതാമസമെടുക്കും.

ഇന്നത്തെ നിലയില്‍ ഉയര്‍ന്നതരം ആണവ അവശിഷ്ടങ്ങളുടെ (high-level nuclear waste) നിര്‍മ്മാര്‍ജ്ജനപ്രശ്നത്തിന് പൊതുവെ സ്വീകാര്യമായ പരിഹാരം കണ്ടെത്തിയിട്ടില്ല. ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും വീണ്ടെടുക്കാന്‍ കഴിയുന്നതുമായ കണ്ടെയ്‌നറുകളില്‍ കുറഞ്ഞത് 10,000 വര്‍ഷമെങ്കിലും സൂക്ഷിക്കുന്നതുമാത്രമെ ധാര്‍മ്മികമായ ഉത്തരവാദിത്വമുള്ള ഒരു ബദല്‍മാര്‍ഗ്ഗം ഇപ്പോഴുള്ളു. എല്ലാ ഭാവിതലമുറകളും നമ്മുടെ ഈ ആണവോര്‍ജ്ജ മണ്ടത്തരത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുമെന്നത് അനിവാര്യമാണ്. വൈദ്യുതി ഉല്‍പാദനത്തിനായി വെള്ളം തിളപ്പിക്കാന്‍ അണുവിഭജനത്തെ ഉപയോഗിക്കാമെന്നതുതന്നെ വികലമായ ധാരണയാണ്. ഭാവിയിലെ എഞ്ചിനീയര്‍മാരും ശാസ്ത്രജ്ഞരും തൃപ്തികരമായ അവശിഷ്ട നിര്‍മാര്‍ജ്ജന സാങ്കേതികവിദ്യ വികസിപ്പിക്കും എന്ന വിശ്വാസം പ്രകടിപ്പിക്കുന്ന ഭരണാധികാരികള്‍ കാര്യങ്ങള്‍ ശരിക്ക് പഠിച്ചിട്ടില്ലാത്തവരാണ്. അവര്‍ കോര്‍പ്പറേറ്റുകളുടെ ലാഭ താല്‍പര്യങ്ങളാലും ബ്യൂറോക്രാറ്റുകളുടെ ശക്തിയാലും നയിക്കപ്പെടുന്നവരാണ്.

അണുസംയോജനത്തിന്റെ ഭാവി അഥവാ The Future of Fusion

കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യംമുതല്‍ ഊര്‍ജ്ജതന്ത്രജ്ഞര്‍ വൈദ്യുതി ഉല്‍പാദനത്തിനായി പ്രായോഗിക അണുസംയോജന (nuclear fusion) ത്തിന്റെ വികസനത്തിനിടയാക്കുന്ന സൈദ്ധാന്തികവും പരീക്ഷണാടിസ്ഥാനത്തിലുള്ളതുമായ ഗവേഷണങ്ങള്‍ നടത്തുകയാണ്. ഇത് സാധ്യമാവുകയാണെങ്കില്‍ അണുവിഭജനത്തെക്കാള്‍ അണുസംയോജനംകൊണ്ടുള്ള നേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം. ഈ നേട്ടങ്ങളില്‍ ഏറ്റവും മഹത്വമേറിയത് സുരക്ഷിതത്വത്തിന്റേതാണ്. ഭാരംകുറഞ്ഞ ലഘു ന്യൂക്ലിയസ്സുകളുടെ സംയോജനത്തിന്റെ ഉല്‍പന്നം അതേപോലുള്ള മറ്റു ന്യൂക്ലിയസ്സുകള്‍തന്നെയാണ്; ഇതില്‍ അണുവിഭജനത്തിലൂടെ ഉണ്ടാകുന്ന ദീര്‍ഘകാലം നിലനില്‍ക്കുന്നതും വിഷമയവുമായ റേഡിയോ ആക്ടീതയുൾല ഉല്‍പന്നങ്ങൾ ഉണ്ടാകില്ലെന്ന വ്യത്യാസവുമുണ്ട്. ഇന്ധനവും താരതമ്യേന പ്രശ്നരഹിതമാണ്. ഭാവിയില്‍ നമുക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും ലഘുവും നന്നായി നിയന്ത്രിക്കപ്പെട്ടതുമായ അണുസംയോജനപ്രക്രിയയില്‍ ഹീലിയത്തിന്റെയും ഹൈഡ്രജന്റെയും ഐസോടോപ്പുകള്‍ ഇന്ധനമായി ഉപയോഗിക്കാവുന്നതാണ്.

ദൌര്‍ഭാഗ്യവശാല്‍, നിരവധി പതിറ്റാണ്ടുകളായി ഈ ലക്ഷ്യം കൈവരിക്കാനാകാതെ അകന്നുമാറുകയാണ്. നിരവധി സങ്കല്‍പനങ്ങള്‍ വികസിപ്പിച്ചുവരുന്നു. ഏറ്റവും അധികം ധനനിക്ഷേപം ആവശ്യമായിവരുന്ന ഒന്നാണ് പ്ലാസ്മ നിയന്ത്രണ സങ്കല്‍പനം (plasma confinement concept) . നമ്മുടെ സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിന്റെ കേന്ദ്രത്തില്‍ ഉന്നത ഊഷ്മാവിന്റെയും സാന്ദ്രതയുടെയും സാഹചര്യത്തില്‍ ജീവന്റെ ആദ്യഘട്ടത്തിലോ മദ്ധ്യഘട്ടത്തിലോ നിലനിന്നിരുന്ന ലഘു ആണവ പദാര്‍ത്ഥങ്ങള്‍ (ഹൈഡ്രജന്‍, ഹീലിയം എന്നിവ) പ്ലാസ്മ എന്ന് അറിയപ്പെടുന്ന രൂപം പ്രാപിച്ചിരുന്നു. മേല്‍ സൂചിപ്പിച്ചതുപോലെ ഈ പരിതസ്ഥിതിയില്‍ ധനചാര്‍ജ്ജിത ന്യൂക്ലിയസുകള്‍ അതിവേഗത്തില്‍ ചലിക്കുന്നു. ആ ചലനത്തിന്റെ വേഗതകാരണം ഒരു നിശ്ചിത സമയത്തില്‍ ഒരു ഗണ്യമായ ഭാഗത്തിന് അവയുടെ പരസ്പരമുള്ള വൈദ്യുത വികര്‍ഷണത്തെ അതിജീവിക്കാനും അവയ്ക്ക് വളരെ അടുത്ത് എത്താനും കഴിയുന്നു; അങ്ങനെ അതിശക്തമായ ഹ്രസ്വദൂര ആണവബലം(short-range nuclear force)കാരണം അണുസംയോജനം സംഭവിക്കുന്നു. ഇതിന്റെ ഫലമായി ലഘു ന്യൂക്ലിയസുകള്‍ ഘനമേറിയ ന്യൂക്ലിയസുകളായി മാറുന്നു. പുതിയതായി ഉല്‍പാദിപ്പിക്കപ്പെട്ട ന്യൂക്ലിയസുകളുടെ പിണ്ഡം അണുസംയോജനത്തിന് വിധേയമായ ലഘു ന്യൂക്ലിയസ്സുകളുടെ പിണ്ഡത്തിന്റെ ആകെത്തുകയെക്കാള്‍ കുറവായിരിക്കും. ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ E=mc2 എന്ന സമവാക്യപ്രകാരം പിണ്ഡത്തില്‍ വന്ന ഈ വ്യത്യാസമാണ് ഊര്‍ജ്ജമായി മാറുന്നത്. ഈ ഊര്‍ജ്ജം ചലനത്തിന്റെയും റേഡിയേഷന്റെയും (ഗാമാരശ്മികള്‍) രൂപത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്. സൂര്യനില്‍ വസ്തുവിന്റെ (body ) ഭീമാകാരമായ പിണ്ഡത്തിന്റെ ഗുരുത്വാകര്‍ഷക സമ്മര്‍ദ്ദം സ്വയം പദാര്‍ത്ഥത്തെ നിയന്ത്രിക്കുന്നു. ലബോറട്ടറിയില്‍, നിയന്ത്രണം കൈവരിക്കുന്നത് മറ്റു മാര്‍ഗ്ഗങ്ങളിലൂടെയാണ്. മൂടിവെയ്ക്കപ്പെട്ട പ്ലാസ്മ (തുല്യധനചാര്‍ജും തുല്യ ഋണചാര്‍ജും വരത്തക്കവണ്ണം ധന അയോണുകളും (positive ions) സ്വതന്ത്ര ഇലക്ട്രോണുകളും കലര്‍ന്ന വാതകം) യ്ക്കുമേല്‍ സസൂക്ഷ്മം തയ്യാറാക്കപ്പെട്ട കാന്തിക വലയത്തിന്റെ പ്രഭാവമാണ് നിയന്ത്രണത്തിന് അനുയോജ്യമായ മാര്‍ഗ്ഗം. ഊര്‍ജ്ജതന്ത്രത്തിന്റെ ഈ ശാഖ മാഗ്നറ്റൊ ഹൈഡ്രോഡൈനാമിക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇത്തരം പദ്ധതികള്‍ വിജയം വരിക്കാനുള്ള സാധ്യത അതീവ ദുഷ്കരമാണ് എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. നിയന്ത്രിതമായ പ്ലാസ്മയെ നിയന്ത്രിക്കുന്ന പാത്രത്തിന്റെ ഭിത്തികളുമായി അത് സ്പര്‍ശിക്കുന്നത് അനുവദിക്കാനാവില്ല എന്നതാണ്, ഒരു കാരണം പ്ലാസ്മയിലെ അസ്ഥിരത ദശകങ്ങളായി ഈ പരിശ്രമങ്ങളെ തടസ്സപ്പെടുത്തുന്നതാണ്. എന്നാല്‍, കാലാന്തരത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ഇന്ന് അണു സംയോജന സമൂഹത്തിലെ പലരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്, ഉപകരണത്തിന്റെ വലിയ വലിപ്പത്തെ ആശ്രയിച്ചാണ് നിയന്ത്രണരീതി (confinement method) യുടെ വിജയസാധ്യത നിലനില്‍ക്കുന്നത് എന്നാണ്.

1985 നവമ്പറില്‍ ജനീവയില്‍ ചേര്‍ന്ന വന്‍ ശക്തി ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് മിത്തറാങ്ങുമായി കൂടിയാലോചിച്ചശേഷം പ്രധാനമന്ത്രി ഗോര്‍ബച്ചേവ് ഇത്തരത്തിലുള്ള വികസിതമായ ഒരു അണുസംയോജന റിയാക്ടര്‍ നിര്‍മ്മിക്കാന്‍ അന്താരാഷ്ട്ര പരിശ്രമം വേണമെന്ന ഒരു നിര്‍ദ്ദേശം പ്രസിഡന്റ് റീഗന്റെ പരിഗണനയ്ക്കായി ഉന്നയിച്ചു. ഈ റിയാക്ടറിനെ ടോക്കാമാക് (tokamak)എന്നാണ് വിളിച്ചത്. അതനുസരിച്ച് മുന്നോട്ടുപോകാനുള്ള കരാര്‍ ഉണ്ടാക്കി. ഈ പദ്ധതിക്ക് ഒട്ടേറെ വൈതരണികള്‍ കടക്കേണ്ടതുണ്ടായിരുന്നു; എന്നിരുന്നാലും 2007-ല്‍ ദക്ഷിണഫ്രാന്‍സിലെ കഡറാക്കില്‍ ഇന്റര്‍നാഷണല്‍ തെര്‍മൊ ന്യൂക്ലിയര്‍ എക്സ്പിരിമെന്റല്‍ റിയാക്ടര്‍ (ITER) സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇപ്പോള്‍ ഈ പദ്ധതിയിലെ പങ്കാളികള്‍ യൂറോപ്യന്‍ യൂണിയനും ജപ്പാനും ചൈനയും ഇന്ത്യയും ദക്ഷിണ കൊറിയയും റഷ്യയും അമേരിക്കയുമാണ്. ഇതിന് വേണ്ടിവരുന്ന ചെലവ് 1000 കോടി യൂറോ ആയിരിക്കും. ഇതിന് ഒട്ടേറെ ഘട്ടങ്ങളുണ്ട്. 2050ന് മുമ്പ് ഇതിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്ന് ആരും കരുതുന്നുമില്ല.

ഈ ഉപകരണത്തില്‍ നിക്ഷേപിക്കപ്പെടുന്ന ഊര്‍ജ്ജവും (input power ) അതില്‍നിന്നുള്ള ഊര്‍ജോല്‍പാദനവും (output) തമ്മിലുള്ള അനുപാതം 'ക്യൂ' എന്നാണ് അറിയപ്പെടുന്നത്. 'ക്യൂ' ഒന്നിനെക്കാള്‍ വലുതാണ് എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ഈ ഉപകരണത്തിന് മിച്ച ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ്്. 'ക്യൂ' ഒന്നിന് തുല്യം എന്നുപറഞ്ഞാല്‍ ഇനിയും സാധ്യതയുണ്ടെന്നാണ്. ഇപ്പോഴത്തെ ഘട്ടത്തില്‍ ഏറ്റവും വികസിതമായ ടോക്കാമാക്കാണ് ജെറ്റ് പ്രോജക്ട്; അതില്‍ ഉല്‍പാദിപ്പിക്കുന്ന ''Q '' 0.65 ആണ്. ITER കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം 5 നെക്കാള്‍ വലിയ 'ക്യൂ' ആണ്.

ഹൈഡ്രജന്‍-2ന്റെയും ഹൈഡ്രജന്‍ -3 ന്റെയും (ഡ്യൂട്രിയവും ട്രിഷ്യവും) അണുസംയോജനത്തിലൂടെ ഹീലിയം-4 ന്യൂക്ലിയസ്സും ഒരു ന്യൂട്രോണും ഉല്‍പാദിപ്പിക്കുകയെന്ന അടിസ്ഥാന ആണവ പ്രവര്‍ത്തനമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഈ ആണവ പ്രവര്‍ത്തനം മറ്റുള്ളവയെക്കാള്‍ മികച്ചതായി കണക്കാക്കപ്പെടുന്നു.

എന്നാല്‍, ഈ ആണവ പ്രവര്‍ത്തനത്തില്‍ ന്യൂട്രോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് കുറച്ച് കുഴപ്പമുണ്ടാക്കുന്നതാണ്. സ്വതന്ത്രമാകുന്ന ന്യൂട്രോണ്‍ മിനിറ്റുകള്‍ക്കകം ബീറ്റാ ക്ഷയത്തിന് (beta-decay) വിധേയമാകുന്നു; തല്‍ഫലമായി ഒരു പ്രോട്ടോണും ഒരു ഇലക്ട്രോണും ഒരു ഇലക്ട്രോണ്‍ ന്യൂട്രിനോയും (ന്യൂട്രിനോ-ചാര്‍ജില്ലാത്തതും പിണ്ഡം പൂജ്യത്തിനടുത്തുള്ളതും പ്രകാശവേഗത്തില്‍ ചലിക്കുന്നതുമായ ആറ്റത്തിനകത്തെ ഒരു കണം) ഉണ്ടാകുന്നു. ബീറ്റാക്ഷയം സംഭവിക്കുന്നതിനുമുമ്പ് അണുഘടനക്ക് ഉള്ളിലേക്ക് ന്യൂട്രോണ്‍ തുളച്ചുകയറുന്നതിനു വേണ്ടത്ര സമയം ഇതില്‍ ലഭിക്കാറുണ്ട്. ഇത് കണ്ടെയ്‌നറില്‍ കുറച്ച് റേഡിയോ ആക്ടീവത ഉണ്ടാക്കുന്നതിനുപുറമെ ഈ പ്രക്രിയ ക്രമേണ അണുഘടനയുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തുന്നു; അതിനെ പുന:സ്ഥാപിക്കേണ്ടതായും വരുന്നു.

ഏറ്റവും പ്രയാസമേറിയ കൃത്യം ഹീലിയം-4 ന്യൂക്ലിയസ്സിന്റെയും ഒരു പ്രോട്ടോണിന്റെയും ഉല്‍പാദനത്തിനിടയാക്കുന്ന ഡ്യൂട്രിയത്തിന്റെയും ഹീലിയം-3ന്റെയും സംയോജനമാണ്. എന്നാല്‍ ഇതില്‍നിന്നുണ്ടാകുന്ന അതിവേഗത്തില്‍ ചലിക്കുന്ന പ്രോട്ടോണ്‍ വൈദ്യുത കറന്റ് ഉള്‍ക്കൊള്ളുന്നതാണ്. ന്യൂട്രോണ്‍മൂലം അണുഘടനയിലുണ്ടാകുന്ന ക്ഷതം ഒഴിവാക്കി നേരിട്ട് വൈദ്യുതോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ഇതിന് കഴിയുന്നു.

ഉപസംഹാരം

എത്രത്തോളം ആകര്‍ഷകമായി പുറത്തേക്ക് തോന്നാമെങ്കിലും, ആണവോര്‍ജ്ജ വ്യവസായത്തിന്റെ പിന്തുണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബുഷ്‌ ഭരണം എത്ര കിണഞ്ഞ് ശ്രമിച്ചാലും അണുവിഭജനത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുമുന്നില്‍ അതുണ്ടാക്കുന്ന ഉയര്‍ന്നതരം അവശിഷ്ടത്തിന്റെ നിര്‍മാര്‍ജ്ജനപ്രശ്നം ഇപ്പോഴും തടസ്സമായിത്തന്നെ നില്‍ക്കുന്നു. അതുകൊണ്ട് പുതുതായി ആണവോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഗുരുതരമായ പിശകായിരിക്കും. അടുത്ത കാലത്തുണ്ടായ സാങ്കേതിക മുന്നേറ്റങ്ങള്‍പോലും ഇപ്പോഴും തീരെ അപര്യാപ്തമാണ്; അതുകൊണ്ടുതന്നെ ആണവ ഊര്‍ജ്ജത്തിന്റെ ഭാവി അല്‍പവും മെച്ചമല്ല.

നേരെമറിച്ച്, ആണവസംയോജനം ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ കുറെയേറെ പ്രതീക്ഷ നല്‍കുന്നതാണ്. അതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനപ്പുറം കഴിയാവുന്നിടത്തോളം കൂടുതല്‍ തീവ്രമാക്കുകയും വേണം. ഈ സ്രോതസ്സില്‍നിന്നുള്ള വൈദ്യുത ഉല്‍പാദനം ഏറെ ആകര്‍ഷണീയമാണ്; എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ ഏറെ സമയമെടുക്കും; കുറഞ്ഞത് 2050 എങ്കിലുമാകും. അതുകൊണ്ട് ആഗോളതാപനത്തിന്റെ പ്രശ്നത്തിന് പരിഹാരമായി പരിസരമലിനീകരണമുണ്ടാക്കാത്ത മറ്റ് ഊര്‍ജ്ജ സ്രോതസുകളെ വൈദ്യുതി ഉല്‍പാദനത്തിനായി വികസിപ്പിക്കേണ്ടതാണ്.

******

റോബര്‍ട്ട് ഡി ഫര്‍ബര്‍, ജയിംസ് സി വാര്‍ഫ്, ഷെല്‍ഡന്‍ സി പ്ളോട്കിന്‍ എന്നിവര്‍ രചിച്ച The Future of Nuclear Power എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

1 comment:

വര്‍ക്കേഴ്സ് ഫോറം said...

“എത്രത്തോളം ആകര്‍ഷകമായി പുറത്തേക്ക് തോന്നാമെങ്കിലും, ആണവോര്‍ജ്ജ വ്യവസായത്തിന്റെ പിന്തുണക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബുഷ്‌ ഭരണം എത്ര കിണഞ്ഞ് ശ്രമിച്ചാലും അണുവിഭജനത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുമുന്നില്‍ അതുണ്ടാക്കുന്ന ഉയര്‍ന്നതരം അവശിഷ്ടത്തിന്റെ നിര്‍മാര്‍ജ്ജനപ്രശ്നം ഇപ്പോഴും തടസ്സമായിത്തന്നെ നില്‍ക്കുന്നു. അതുകൊണ്ട് പുതുതായി ആണവോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഗുരുതരമായ പിശകായിരിക്കും. അടുത്ത കാലത്തുണ്ടായ സാങ്കേതിക മുന്നേറ്റങ്ങള്‍പോലും ഇപ്പോഴും തീരെ അപര്യാപ്തമാണ്; അതുകൊണ്ടുതന്നെ ആണവ ഊര്‍ജ്ജത്തിന്റെ ഭാവി അല്‍പവും മെച്ചമല്ല.

നേരെമറിച്ച്, ആണവസംയോജനം ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ കുറെയേറെ പ്രതീക്ഷ നല്‍കുന്നതാണ്. അതിനുള്ള പരിശ്രമങ്ങള്‍ തുടരുന്നതിനപ്പുറം കഴിയാവുന്നിടത്തോളം കൂടുതല്‍ തീവ്രമാക്കുകയും വേണം. ഈ സ്രോതസ്സില്‍നിന്നുള്ള വൈദ്യുത ഉല്‍പാദനം ഏറെ ആകര്‍ഷണീയമാണ്; എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ ഏറെ സമയമെടുക്കും; കുറഞ്ഞത് 2050 എങ്കിലുമാകും. അതുകൊണ്ട് ആഗോളതാപനത്തിന്റെ പ്രശ്നത്തിന് പരിഹാരമായി പരിസരമലിനീകരണമുണ്ടാക്കാത്ത മറ്റ് ഊര്‍ജ്ജ സ്രോതസുകളെ വൈദ്യുതി ഉല്‍പാദനത്തിനായി വികസിപ്പിക്കേണ്ടതാണ്.”

അറ്റോമിക് ഫിഷനെ അപേക്ഷിച്ച് അറ്റോമിക് ഫ്യൂഷന്‍ മികച്ചതാണെന്നു വാദിക്കുന്നതും ഇന്നു നിലവിലുള്ള ആണവ പ്ലാന്റുകള്‍ സൃഷ്ടിക്കുന്ന മാലിന്യത്തെപ്പറ്റിയും അവയുടെ നിര്‍മാര്‍ജ്ജനത്തിനായി കൈക്കൊള്ളുന്ന നടപടികളുടെ അപര്യാപ്തതകളെപ്പറ്റിയും കൂടുതല്‍ ഉള്‍ക്കാഴ്ച നല്‍കുന്നതും ആയ, റോബര്‍ട്ട് ഡി ഫര്‍ബര്‍, ജയിംസ് സി വാര്‍ഫ്, ഷെല്‍ഡന്‍ സി പ്ളോട്കിന്‍ എന്നിവര്‍ രചിച്ച The Future of Nuclear Power എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.