Thursday, September 25, 2008

ഇടതുപക്ഷത്തിന്റെ തേനൂറും കാലം

I

ഹ്രസ്വവും ക്ഷിപ്രവുമായ ഒരു കുറിപ്പാണിത്.

ഷാവേസില്‍ നിന്നും ‘വെറുക്കപ്പെട്ട’ മറ്റു സോഷ്യലിസ്റ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടുകൊണ്ട് അമേരിക്കയിലെ നവ യാഥാസ്ഥിതിക ഭരണകൂടം, മഹത്തും അജയ്യവുമായ അമേരിക്കന്‍ മുതലാളിത്തത്തെ ദേശസാല്‍ക്കരിക്കാനുള്ള - അതെ ദേശസാല്‍ക്കരിക്കാനുള്ള- നീക്കം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ ആ നീക്കം ഭരണകൂടത്തെ സംബന്ധിച്ച ഒരു സിദ്ധാന്തത്തെ അടിവരയിട്ടുറപ്പിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ എല്ലാത്തരം ബിസ്സിനസ്സുകളിൽ നിന്നും വിട്ടു നില്‍ക്കണം, എന്നാല്‍ മുതലാളിത്തത്തിന്റെ ലാഭക്കൊതി അതിനെത്തന്നെയും സമ്പദ്‌വ്യവസ്ഥയെ ആകെയും തകര്‍ക്കും എന്ന അവസ്ഥ വരുമ്പോള്‍ യാതൊരു മടിയും കൂടാതെ അതിനെ രക്ഷിക്കുവാന്‍ സമർപ്പിതമനസ്സോടെ സര്‍ക്കാര്‍ മുന്നോട്ട് വരേണ്ടതുണ്ട് എന്നതാണാ സിദ്ധാന്തം.

ഏത് സാഹചര്യത്തിലും ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നവന്റെ കരിയറിൽ മുഖ്യ ജാമ്യക്കാരന്റെ റോളാണ് പൊതുജനത്തിന് നിർവഹിക്കാനുള്ളത്. ലാഭം മുഴുവന്‍ സ്വകാര്യവല്‍ക്കരിക്കുകയും നഷ്ടം ദേശസ്നേഹപരമായി നികുതിദായകര്‍ക്കിടയില്‍ പങ്കുവെക്കുകയും ആണ് ചെയ്യേണ്ടത്. പൊതുജനത്തിൽ നിന്നുമാണ് മുതലാളി വർഗം ലാഭം കുന്നുകൂട്ടുന്നത്, എങ്കിലും അതേ മുതലാളിവർഗം പ്രതിസന്ധിയിലാകുമ്പോൾ പൊതുജനമെന്ന കഴുത ഭാരം ചുമന്ന് അവരെ രക്ഷിക്കുന്നു. The classes make profits out of the masses, and the masses save the classes when their Mammonite chips desert them. ജോസഫ് സ്റ്റിഗിലിറ്റ്സ് ഇതിനെ ഇങ്ങനെ താരതമ്യം ചെയ്തിട്ടുണ്ട്. “ബെര്‍ലിന്‍ മതില്‍ കമ്മ്യൂണിസത്തിനു എങ്ങിനെയായിരുന്നോ അതുപോലെയാണ് വാള്‍ സ്ട്രീറ്റ് മുതലാളിത്തത്തിന്".

മാര്‍ക്സ്..അങ്ങവിടെയിരുന്ന് ചിരിക്കുകയാണോ?

ഇന്ത്യയിലെ നവ യാഥാസ്ഥിതികവാദികൾ പരസ്യമായി അംഗീകരിക്കുമോ എന്നറിയില്ല... ഭരണത്തിലിരിക്കുന്നതിനായി ഇടത് പക്ഷത്തെ നാലു വര്‍ഷത്തിലേറെ ആശ്രയിക്കേണ്ടിവന്നത് എത്രമാത്രം ഭാഗ്യം നിറഞ്ഞ ഒരു യാദൃച്ഛികതയായിരുന്നുവെന്ന നാണിപ്പിക്കുന്ന ഒരു ചിന്ത അവരുടെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടാകണം. തീര്‍ച്ചയായും, ഇന്ത്യന്‍ പ്രധാനമന്ത്രി രഹസ്യമായി തന്റെ നക്ഷത്രങ്ങളോട് നന്ദിപറയുന്നുണ്ടാകും. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ പിന്തുണക്കുന്ന ഇടത് പാര്‍ട്ടികളുടെ ഒരു ബോണ്ടഡ് ലേബര്‍ ആയിരുന്നതിന്.

II

2004ല്‍ യു.പി.എ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യയിലെ നവ യാഥാസ്ഥിതികവാദികൾ ആഗ്രഹിച്ചത് (തെരഞ്ഞെടുപ്പില്‍) പരാജയപ്പെട്ട എന്‍.ഡി.എ തിരക്കിട്ട് ചെയ്തിരുന്ന അതേ കാര്യങ്ങള്‍, അല്പം കൂടി ആവേശത്തോടെ നടപ്പിലാക്കാനായിരുന്നുവെന്നത് ഓർക്കുക.

- വാഷിങ്ങ്ടൺ സമവായത്തിനും, കോര്‍പ്പറേറ്റ് വര്‍ഗ താല്പര്യങ്ങള്‍ക്കും അനുസൃതമായി, പറ്റാവുന്നത്രയും ദേശീയ സമ്പത്ത് പറ്റാവുന്നത്രയും വേഗത്തിൽ പൊതുമേഖലയില്‍ നിന്നും സ്വകാര്യനിയന്ത്രണത്തിലേക്ക് മാറ്റുക.

-ബാങ്കിങ്ങ് രംഗം മൊത്തമായി തുറന്നു കൊടുക്കുക; വിദേശ “കളിക്കാര്‍ക്കായി” ( കുട്ടികള്‍ പ്രാണികളുമായി കളിക്കുന്നതുപോലെ ജനങ്ങളുടെ സമ്പാദ്യം വെച്ച് കളിക്കുന്ന അവര്‍ക്ക് ഇതിലും നല്ലൊരു വിശേഷണം നല്‍കാനാവില്ല )

- ഇന്‍ഷുറന്‍സ് രംഗവും അതുപോലെ മലർക്കെ തുറന്നിടുക.

- സാധാ‍രണക്കാരനായ ഭാരതീയന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വെച്ചിരിക്കുന്ന പ്രൊവിഡന്റ് ഫണ്ട് പോലുള്ള നിക്ഷേപങ്ങള്‍ ഓഹരിച്ചന്തയിലെ സ്വകാര്യ “കളിക്കാര്‍ക്ക്”ലഭ്യമാക്കുക.

- നിർമ്മാണ മേഖലയിലും മറ്റുമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുകയും, ആ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക.

- ലാഭമോ നഷ്ടമോ എന്നതിനനുസരിച്ച് നിക്ഷേപങ്ങള്‍ രാജ്യത്തിലേക്ക് കൊണ്ടു വരാനും ഇവിടെ നിന്ന് കൊണ്ടുപോകാനും സാധ്യമാകുന്ന തരത്തില്‍ മൂലധന അക്കൌണ്ടിൽ രൂപയുടെ ഫുള്‍ കണ്‍‌വെര്‍ട്ടബിലിറ്റി നടപ്പിലാക്കുക.(1997ലെ തെക്കുകിഴക്കന്‍ കുമിള ഓര്‍മ്മയില്ലേ?)

കരാർ തൊഴിൽ, ഹയറിംഗ് ആൻഡ് ഫയറിംഗ് മുതലായവ നടപ്പിലാക്കുക വഴി സ്ഥിരതയുള്ള ജോലിക്കുവേണ്ടി “അനാവശ്യമായി” ചെലവഴിക്കുന്ന ബില്യണുകൾ ലാഭിക്കുവാൻ തൊഴിൽ മേഖലയിയിൽ “പരിഷ്ക്കാരങ്ങൾ” കൊണ്ടുവരുക. പല മേഖലകളിലും ഇതു നടപ്പിലായികഴിഞ്ഞിട്ടുണ്ട്.

- പ്രത്യേക സാമ്പത്തിക മേഖലകളില്‍ സ്വകാര്യ നിര്‍മ്മാതാക്കള്‍ക്ക് ഭൂമിയും അടിസ്ഥാനസൌകര്യങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക, വളരെ വിവാദവിഷയമായ സംഗതിയാണിതിപ്പോള്‍.

മുകളിൽ പറഞ്ഞവയെല്ലാം യാതൊരു തടസ്സവും കൂടാതെ നടപ്പിലാക്കുവാൻ അനുവദിച്ചിരുന്നുവെങ്കിലോ? ചിന്തിക്കുക...

വിലയ്ക്കെടുക്കപ്പെട്ട പണ്ഡിതന്മാര്‍, വിലയ്ക്കെടുക്കപ്പെട്ട ടിവി ചാനലുകളില്‍ എന്ത് മാത്രം അധിക്ഷേപങ്ങളാണ് സ്വന്തം തത്വശാസ്ത്രങ്ങളില്‍ ഉറച്ചു നിന്നു എന്ന കാരണത്തിന് യു പി എ സർക്കാരിനെ പിന്തുണച്ച ഇടത് പക്ഷത്തിനെതിരെ ചൊരിഞ്ഞത് !

ഇതു കൊണ്ടാവാം, ഞാൻ മറ്റൊരിടത്തു സൂചിപ്പിച്ച പോലെ, മഹാനഗരങ്ങളിലെ “വിവരമുള്ള” ഇടത്തരക്കാരുടെ ഭവനങ്ങളിലും, അവർ സ്ഥിരമായി സന്ദർശിക്കുന്ന “വിവരമുള്ള” മാധ്യമങ്ങളിലും ഭാരതത്തിന്റെ മഹത്തായ ഭാവിലേക്കുള്ള യാത്രയെ വഴിമുടക്കുന്ന, യാതൊരു അയവുമില്ലാത്ത രാജ്യസ്നേഹമില്ലാത്തവരായി ഇടതുപക്ഷത്തെ ചിത്രീകരിച്ചത് .
( "Conversions", Znet, September 7, 2008 നോക്കുക).

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍. ഭാരതത്തെ അതിന്റെ പുതിയ തന്ത്രപരമായ പങ്കാളിയോടൊപ്പം തകര്‍ച്ചയിലേക്ക് കൂപ്പുകുത്താന്‍ അനുവദിക്കാതിരുന്നതിന് - ‘ഞങ്ങളന്നേ പറഞ്ഞില്ലേ’ എന്ന് പറഞ്ഞ് മിണ്ടാതിരിക്കാതെ , ഇന്ത്യയുടെ ഭാവിയെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചുമുള്ള തങ്ങളുടെ ഉത്കണ്ഠയ്ക്ക് അനുയോജ്യമായ വിധത്തിൽ, സ്വന്തം കര്‍ത്തവ്യം നിര്‍വഹിച്ചതിന്. ഇതുമായി ബന്ധപ്പെട്ട യുദ്ധങ്ങളെല്ലാം അവസാനിച്ചുവെന്ന അർത്ഥത്തിലല്ല ഇതു പറയുന്നത്.

III

ഇന്ത്യയിലെ നവ യാഥാസ്ഥിതിക നേതാക്കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള നാണം ബാക്കിയുണ്ടെങ്കില്‍, അല്ലെങ്കില്‍ സ്വയവിമര്‍ശനം നടത്താനുള്ള ശക്തി അല്പമെങ്കിലും ഉണ്ടെങ്കില്‍, മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതിക്കാനും, മറ്റൊരു പ്രധാന വിഷയത്തില്‍, തങ്ങളുടെ ദല്ലാള്‍ മനസ്സിനെ രാജ്യത്തിലെ ഇടത് കക്ഷികള്‍ക്കു മുന്നില്‍ തുറക്കാനുമുള്ള സമയമാണിത്.

അത്, ആണവ 123 വിഷയത്തിലാണ്..

ഒരിക്കല്‍കൂടി, ഇൻഡോ-അമേരിക്കന്‍ കരാര്‍ നിർമ്മാണ പാലത്തിനടിയിലൂടെ സത്യസന്ധമല്ലാത്ത ജലം മുഴുവനായും ഒഴുകിപ്പോയിക്കഴിഞ്ഞതിനുശേഷം, ബുഷ് കോണ്‍ഗ്രസിനുള്ള തന്റെ ലെറ്റര്‍ ഓഫ് ഡിറ്റര്‍മിനേഷനില്‍ അമേരിക്കയുടെ ഉദ്ദേശങ്ങളുടെ യഥാര്‍ത്ഥ സ്വഭാവമെന്തെന്ന് സമർപ്പിച്ചുവല്ലോ? ഇടതുപക്ഷം ഇതുവരെയായി പറഞ്ഞ എല്ലാകാര്യങ്ങളെയും സംശയത്തിനിടയില്ലാത്തവണ്ണം ശരിവെച്ചിരിക്കുകയാണത്.

ഇന്ത്യാ ഗവര്‍മ്മെണ്ട് പറയുന്നതും ചിന്തിക്കുന്നതും എന്തായിരുന്നാലും 123 കരാര്‍ എന്നത് “നിയമപരമായി ബാധ്യതയുള്ളത്” അല്ലെന്നും ഒരു “രാഷ്ട്രീയ സംവിധാനം” മാത്രമാണെന്നും ബുഷ് ധിക്കാരപൂർവം തന്നെ പ്രഖ്യാപിക്കുന്നു.

അതായത് അമേരിക്കയിലെ കുത്തകകള്‍ ഏത് വിധേനയും ഇന്ത്യക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന റിയാക്ടറുകള്‍ക്ക് മുടക്കമില്ലാത്ത ഇന്ധനവിതരണം എന്നതിനു യാതൊരു വിധ ഉറപ്പും ഇല്ല, അത്തരം റിയാക്ടറുകളില്‍ ഉപയോഗിച്ച ഇന്ധനത്തിന്റെ പുനര്‍ സംസ്കരണത്തിനു ഒരു തരത്തിലും അവകാശമില്ല, കരാര്‍ റദ്ദാക്കപ്പെട്ടാലും സേഫ്‌ഗാര്‍ഡ്‌സ് ചട്ടങ്ങളില്‍ നിന്നും മോചനം ഇല്ല. തീര്‍ച്ചയായും, ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിലേക്കായി ഇന്ത്യാ ഗവര്‍മ്മെണ്ട് ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് നല്‍കിക്കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ ഊർജ്ജം ഉല്പാദിപ്പിക്കാനാവാത്ത (barren) മറ്റ് പത്ത് “താരാപ്പൂര്‍ നിലയങ്ങള്‍” വാങ്ങുന്നതിനുള്ള സാധ്യതകളാണ് തെളിഞ്ഞു കാണുന്നത്.

അതുമാത്രമല്ല, ഇന്ത്യക്ക് ഇതുവരെ ആരും നല്‍കിയിട്ടില്ലാത്തതും മഹത്തരവുമായ സഹായം നല്‍കുന്നു എന്ന നാട്യത്തില്‍ ബുഷ് ഭരണകൂടം യഥാര്‍ത്ഥത്തിൽ ചെയ്യുന്നത് ആണവവിഷയങ്ങളിലുള്ള ഇന്ത്യയുടെ തന്ത്രപരമായ പരമാധികാരം പരിമിതപ്പെടുത്തുകയും, സാർവദേശീയ ആണവനിര്‍വ്യാപന നിയന്ത്രണ ഘടനയിലേക്ക് അവരെ കൊണ്ടു വരികയും ആണ്.

ഇതിന്റെ അര്‍ത്ഥം, അവര്‍ നല്‍കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന സഹായം ഭാരതത്തിനും, ഈ മേഖലക്കും, ലോകത്തിന്റെ ശാക്തിക സന്തുലനത്തിനുമൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള, തികച്ചും ഗൌരവകരമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു സൈനിക ആലിംഗനത്തിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ ആകര്‍ഷിച്ചടുപ്പിക്കുന്ന ഒന്നാണ് എന്നതാണ്. ഈ “ശാക്തിക സന്തുലനത്തെ” പാശ്ചാത്യ-പൌരസ്ത്യ ബന്ധങ്ങളില്‍ ത്വരിതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെയും അതിന്റെ ലോകമാ‍സകലമുള്ള പ്രതിദ്ധ്വനിയെയും ബന്ധപ്പെടുത്തി വേണം കാണാൻ. ( ദയവായി Georgia: the End of Unilateralism," Znet, August 18, 2008 നോക്കുക) മേല്‍പ്പറഞ്ഞ കാര്യത്തെക്കുറിച്ച് ഇന്ത്യയിലെ നയ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ മനസ്സോടെ തന്നെ ചിന്തിക്കണം. കാരണം അതിന്റെ സ്വാധീനം 123 കരാറിലും മറ്റു അനുബന്ധ കാര്യങ്ങളിലും ഉണ്ട്.

IV

ഇസ്ലാമബാദിലെ മാരിയറ്റ് ഹോട്ടല്‍ നിരവധി വിദേശ നയതന്ത്രജ്ഞരുടെ മരണത്തിനിടയാക്കിക്കൊണ്ട് അഗ്നിക്കിരയാകുന്ന ഈ നിമിഷത്തില്‍, ബുഷുമായുള്ള ആശ്ലേഷം കൂടുതല്‍ മുറുകവെ ഇന്ത്യയും - അതുപോലെ പാക്കിസ്ഥാനും- മനസ്സിലാക്കേണ്ടതുണ്ട് ഈ ആലിംഗനം ഭീകരതയുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള കുറിപ്പടിയല്ലെന്നും, മറിച്ച് അതിനെ വഷളാക്കുന്ന ഒന്നാണെന്നും.

ഇടതുപക്ഷം നിരന്തരമായി വ്യക്തമാക്കിയിരുന്നതുപോലെ, ചിന്താശൂന്യമായി ഇന്ത്യ വലതുപക്ഷത്തേക്ക് മൊത്തമായും ചായുന്നത് നാശത്തിലേക്കുള്ള കുറിപ്പടിയാണ്.

അത് ലക്ഷോപലക്ഷം ജനങ്ങളെ കൂടുതൽ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നതിനോടൊപ്പം, തീവ്രമായ അന്യവല്‍ക്കരണത്തിനിടയാക്കുന്ന തരം ദേശീയതാവാദത്തിന്റെ വംശീയവും പ്രാദേശികവുമായ വിവിധ രൂപങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യും. ഇതെല്ലാം ന്യാ‍യമായ ആവലാതികളെ പൊട്ടിത്തെറിക്കുന്ന ആക്രമാത്മകമായ തിരിച്ചടികളാക്കുന്നതിന് എണ്ണ പകരുകയും ചെയ്യും.

ദുശ്ശാഡ്യം നിറഞ്ഞ മണ്ടത്തരങ്ങളുടെ മണലിനടിയില്‍ നിന്ന് തലപുറത്തേക്കെടുക്കുകയും ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിലവിലുള്ള സിദ്ധാന്തങ്ങളെ പുന:പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുകയായിരിക്കും ഇന്ത്യയെന്ന ഒട്ടകപ്പക്ഷിയെ സംബന്ധിച്ചിടത്തോളം നല്ലതാവുക.

ഭീകരതയെ തകര്‍ക്കുന്നതിനായി ഇന്ത്യ ആശ്രയിക്കേണ്ടത് നവ സാമ്രാജ്യത്വത്തെയും അതിന്റെ തന്നെ സൈനികവും അര്‍ദ്ധസൈനികവുമായ ശക്തിയെയും അല്ല.

ഇന്ത്യന്‍ ഭരണകൂടം ഒട്ടും താമസിക്കാതെതന്നെ അതിന്റെ ജനതയിലേക്ക് മടങ്ങിവരികയും, പക്ഷപാതരഹിതവും സമയവിളംബമില്ലാത്തതുമായ നീതിനിര്‍വഹണസംവിധാനത്തിന്റെ പിന്‍‌ബലമുള്ള, വിശ്വാസത്തിന്റെയും കൂടിയാലോചനകളുടെതുമായ പുത്തന്‍ ക്രമത്തിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. അതില്‍ ഏറ്റവും പ്രധാനം വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെതികച്ചും സുതാര്യവും നീതിപൂര്‍വകവുമായി സമ്പത്തിന്റെയും അവസരങ്ങളുടെയും പുന:സംഘാടനം ചെയ്യുക എന്നതാണ്. ഏതെങ്കിലും വിഭാഗത്തോട് പ്രത്യേക താല്‍പ്പര്യമോ, ഭീതിയോ, ഭേദമോ ഒന്നും പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നത് ഈ ഉടമ്പടിയുടെ ഭാഗമാണ്.

ഇതിനെല്ലാമുപരിയായി, കോര്‍പ്പറേറ്റുകളുടേയും, ഭൂരിപക്ഷഫാസിസ്റ്റുകളുടെ പേരില്‍ ഭരണത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നവരുടേതും എന്ന പോലെ തങ്ങളുടെതും കൂടിയാണ് ഭരണകൂടം എന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമയും അതിനുണ്ട്. (ദയവായി "Fighting Terror the Terrorist Way, Znet, September 18,2008 കാണുക)

പൊളിറ്റിക്കല്‍ എക്കോണമിയെക്കുറിച്ച് മറ്റു രാഷ്ട്രീയക്കാരേക്കാള്‍ മെച്ചപ്പെട്ട ധാരണ ഇടതുപക്ഷത്തിനുണ്ട് എന്നത് പലപ്പോഴും തെളിഞ്ഞിട്ടുണ്ട്. ആണവ കരാറിന്റെ കാര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും ദേശീയ പരമാധികാരത്തിനും വൈവിധ്യപൂര്‍ണ്ണമായ രാഷ്ട്രത്തിലെ സാമൂഹ്യ ഐക്യത്തിനും അതുയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഉള്ള ഇടതുപക്ഷധാരണകള്‍ എത്രയും ശരിയാണെന്ന് തെളിയുകയാണ്.

V

ആണവകരാറിനെക്കുറിച്ച് തങ്ങള്‍ എന്തു കരുതുന്നുവെന്ന് ബുഷും അദ്ദേഹത്തിന്റെ സഹായികളും മറയില്ലാതെയും, പരസ്യമായും, ധിക്കാരപൂര്‍ണ്ണമായും പറഞ്ഞതൊക്കെയും അവഗണിച്ചുകൊണ്ട് 123 കരാര്‍ ഒപ്പിടുന്നതിനായി വാഷിങ്ങ്ടണിലേക്ക് പോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി, ഇന്ത്യക്കാരനാണെന്നതില്‍ അഭിമാനിക്കുകയും ഇന്ത്യക്കാരനായി ഇരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യന്‍ പൌരനെയും അപമാനിക്കുകയാണ് ചെയ്യുന്നത്.

തീര്‍ച്ചയായും, ഇന്നലെ വരെ കരാറിനുവേണ്ടി വാദിക്കുകയായിരുന്ന മുന്‍ അംബാസിഡറും അമേരിക്കയുടെ സുഹൃത്തുമായ ലളിത് മാന്‍ സിംഗിനെപ്പോലുള്ളവര്‍ പോലും ഇപ്പോള്‍ പറയുന്നത്, നമ്മള്‍ ഇവിടെ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെക്കാലമായി പറഞ്ഞുകൊണ്ടിരുന്നതാണ്. സാമ്രാജ്യത്വവും പരമാധികാരവും സംബന്ധിച്ച കാര്യങ്ങളില്‍ തന്റെ കസേരയില്‍ ഇരുന്നിരുന്ന പല പൂര്‍വികരും തനിക്കായി നീക്കിവെച്ച പാരമ്പര്യത്തിന്റെ ഒരംശമെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് കളയാതെ സൂക്ഷിക്കേണ്ടതുണ്ട്.

ഇടത്പക്ഷത്തെ സംബന്ധിച്ചിടത്തോളം ഇതെന്തായാലും കല്‍‌ക്കണ്ടകാലമാണ്. രാജ്യത്തിനവരുടെ സേവനം ഇനിയും വളരെക്കാലം ആവശ്യമുണ്ട്. അവര്‍ ശക്തിയില്‍ നിന്നും ശക്തിയിലേക്ക് കുതിക്കട്ടെ.

*

ഡോ. ബദ്രി റയ്ന എഴുതിയ Sweet Time For the Left in India എന്ന ലേഖനനത്തിന്റെ സ്വതന്ത്ര പരിഭാഷ.

We express our sincere gratitude to Dr.Badri Raina for giving permission to post this article here.

അദ്ദേഹത്തിന്റെ മറ്റു ലേഖനങ്ങള്‍ ഇവിടെ

വര്‍ക്കേഴ്സ് ഫോറം ജൂണില്‍ പ്രസിദ്ധീകരിച്ച ഡോ. ബദ്രി റയ്നയുടെ "ഭീകരവാദത്തിനെതിരായ ഫത്വ" എന്ന ലേഖനം ഇവിടെ

അദ്ദേഹത്തിന്റെ ഇമെയില്‍ വിലാസം badri ഡോട്ട് raina അറ്റ് gmailഡോട്ട് com

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യക്ക് ഇതുവരെ ആരും നല്‍കിയിട്ടില്ലാത്തതും മഹത്തരവുമായ സഹായം നല്‍കുന്നു എന്ന നാട്യത്തില്‍ ബുഷ് ഭരണകൂടം യഥാര്‍ത്ഥത്തിൽ ചെയ്യുന്നത് ആണവവിഷയങ്ങളിലുള്ള ഇന്ത്യയുടെ തന്ത്രപരമായ പരമാധികാരം പരിമിതപ്പെടുത്തുകയും, സാർവദേശീയ ആണവനിര്‍വ്യാപന നിയന്ത്രണ ഘടനയിലേക്ക് അവരെ കൊണ്ടു വരികയും ആണ്.

ഇതിന്റെ അര്‍ത്ഥം, അവര്‍ നല്‍കുന്നു എന്നു പ്രചരിപ്പിക്കപ്പെടുന്ന സഹായം ഭാരതത്തിനും, ഈ മേഖലക്കും, ലോകത്തിന്റെ ശാക്തിക സന്തുലനത്തിനുമൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള, തികച്ചും ഗൌരവകരമായ പരിണിതഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു സൈനിക ആലിംഗനത്തിലേക്ക് ഇന്ത്യൻ ഭരണകൂടത്തെ ആകര്‍ഷിച്ചടുപ്പിക്കുന്ന ഒന്നാണ് എന്നതാണ്.

ആണവ കരാര്‍ വിഷയത്തില്‍ ഇടത് പക്ഷം മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് ഇന്ന് 2008 സെപ്തംബര്‍ 25ന് രാജ്യമാസകലം പ്രതിഷേധ ദിനം ആചരിക്കുകയാണ്.

ഈ അവസരത്തില്‍ ഡോ.ബദ്രി റയ്ന എഴുതിയ Sweet Time For the Left in India എന്ന തികച്ചും പ്രസക്തമായ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

Anonymous said...

ഹഹഹ! റഷ്യയിലേയും മറ്റും പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്ന് പോളിഞ്ഞതും ചൈനയിലെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന ബാങ്കുകളും ഒന്നും ഒരിക്കല്‍ പൊളിഞ്ഞാല്‍ കരകേറുന്നില്ലല്ലോ സഖാവേ? അവിടെ ഇടതുപക്ഷമില്ലാഞ്ഞിട്ടാണോ? ഇത്രയും മണ്ടത്തരം വെച്ച് വിളമ്പരത്. ഒരപേക്ഷയാണ്.
അമേരിക്കയില്‍ ഇത് ആദ്യമായല്ല നടക്കുന്നത്. 87ലും ഇതൊക്കെ തന്നെയാണ് നടന്നത്. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അമേരിക്ക കുതിച്ചുയരുകയും ചെയ്തു. ഇതുകൊണ്ടൊക്കെ അമേരിക്ക പൊളിയുമെന്നൊക്കെ വിചാരിക്കുന്നത് വിഡ്ഡിത്തമാണ്.
ഇന്ത്യയില്‍ ഇങ്ങിനെ ഒരു പ്രശ്നമില്ല. ചുമ്മാ ആടിനെ പട്ടിയാക്കരുത് ഏതാണ്ട് രക്ഷിച്ചു എന്ന് വിളിച്ച് കൂവി നടക്കുന്നവര്‍.

Anonymous said...

appo sthiram nadaka vedi aanalle?
:)