Wednesday, May 12, 2010

കവിതയുടെ രാഷ്‌ട്രീയം

ഓഷ്വിറ്റ്സിന്ശേഷം കവിത അസാധ്യമാണെന്ന് പറഞ്ഞ ഫ്രാങ്ക്ഫര്‍ട് ചിന്തകനായ തിയോഡോര്‍ അഡോണോവിന്റെ പ്രസ്‌താവം പഴയതരം കവിതയുടെ അസാധ്യത എന്നപോലെ പുതിയൊരുതരം കവിതയുടെ അനിവാര്യതയും സൂചിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍നിന്നുതന്നെയാണല്ലോ പോള്‍ സെലാന്‍, നെല്ലി സാഹ്സ്, അബ്ബാ കോവ്നര്‍ തുടങ്ങിയ ശക്തരായ യഹൂദ കവികള്‍ ഉദയംകൊണ്ടത്. എന്നാല്‍ അത് ദൈവത്തിലും പ്രകൃതിയിലും മനുഷ്യനിലും പൂര്‍ണമായും വിശ്വസിച്ച് ചിത്രശലഭങ്ങളെയും മധുശാലകളെയും മാത്രം പ്രകീര്‍ത്തിക്കുന്ന പഴയ കവിതയായിരുന്നില്ല; പോളിഷ് കവിയായ താദെവൂസ് റോസേവിച്ച് യുദ്ധാനന്തര കവിതയെക്കുറിച്ച് പറഞ്ഞതുപോലെ, "പേടിച്ചുവിറയ്ക്കുന്നവര്‍ക്ക് വേണ്ടിയുള്ള, കശാപ്പുശാലകളിലുപേക്ഷിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള, അതിജീവിച്ചവര്‍ക്ക് വേണ്ടിയുള്ള കവിതയായിരുന്നു, വാക്കുകളുടെ അവശിഷ്ടങ്ങളില്‍നിന്ന്, കപ്പല്‍ച്ചേതത്തില്‍നിന്ന്, വീണ്ടെടുത്ത വാക്കുകളില്‍നിന്ന്, വന്‍ ചവറ്റുകൂനയില്‍നിന്ന്, പെറുക്കിയെടുത്ത വിരസശബ്‌ദങ്ങളില്‍നിന്ന് നിര്‍മിക്കപ്പെട്ട കവിത''.

'ചീത്ത കാലങ്ങളില്‍ കവിതയുണ്ടാകുമോ' എന്ന് ചോദിച്ച ബെര്‍തോള്‍ട് ബ്രെഹ്ത് അതിന് മറുപടിയും പറഞ്ഞു. 'ഉവ്വ്, ചീത്ത കാലങ്ങളെക്കുറിച്ചുള്ള കവിത'. 'അവിശുദ്ധ കവിത'യെക്കുറിച്ചുള്ള സങ്കല്‍പ്പം അവതരിപ്പിച്ചുകൊണ്ട് പാബ്ളോ നെരൂദ പറഞ്ഞതും ഇതിനോടടുത്തുവരുന്നു. 'അമ്ളംകൊണ്ടെന്നപോലെ കൈപ്പെരുമാറ്റംകൊണ്ട് തേയ്‌മാനംവന്ന, വിയര്‍പ്പും പുകയും നിറഞ്ഞ, ലില്ലിപ്പൂവും മൂത്രവും മണക്കുന്ന, നിയമമനുസരിച്ചും അല്ലാതെയും നാം ചെയ്യുന്ന കാര്യങ്ങളുടെ വൈവിധ്യം ചാര്‍ത്തുന്ന കവിത: തീറ്റിക്കറയും അവമതിയും പറ്റിപ്പിടിച്ച ചുളിവുകളും നിരീക്ഷണങ്ങളും സ്വപ്‌നങ്ങളും ഉറക്കമിളപ്പും പ്രവചനങ്ങളും സ്‌നേഹ-വൈരാഗ്യ പ്രഖ്യാപനങ്ങളും വിഡ്ഢിത്തങ്ങളും ഞെട്ടലുകളും നാടോടിക്കവിതകളും രാഷ്‌ട്രീയ വിശ്വാസങ്ങളും നിഷേധങ്ങളും സംശയങ്ങളും സ്ഥിരീകരണങ്ങളും പ്രകീര്‍ത്തനങ്ങളും ചേര്‍ന്ന, ഒരു ശരീരംപോലെ, പഴന്തുണിപോലെ, അവിശുദ്ധമായ കവിത... ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ വസ്‌തുക്കള്‍, കാലുകളുടെയും വിരലുകളുടെയും പാടുകള്‍, എല്ലാ വസ്‌തുക്കളുടെയും അകത്തും പുറത്തും പതിഞ്ഞിട്ടുള്ള മനുഷ്യത്വത്തിന്റെ ശാശ്വത മുദ്രകള്‍. അത്തരം കവിതയാണ് നാം ലക്ഷ്യമാക്കേണ്ടത്.

പട്ടണത്തിന്റെ പിന്‍പുറങ്ങളിലെ പേരില്ലാപ്പാവങ്ങള്‍ക്കിടയില്‍ നടന്ന് ജീവിതം പഠിക്കുവാന്‍ തന്റെ പരിവേഷം നഷ്‌ടപ്പെട്ടതുകൊണ്ട് അവസരം ലഭിച്ച, ആ പരിവേഷനഷ്‌ടത്തെ ഭാഗ്യമായി സ്വാഗതം ചെയ്യുന്ന, കവിയെക്കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ത്തന്നെ ഫ്രഞ്ച് മഹാകവി ബോദ്‌ലേര്‍ ഒരു കവിതയില്‍ (പരിവേഷത്തിന്റെ നഷ്‌ടം) പ്രവചിച്ചിരുന്നു. ഇന്നത്തെ ഉദാത്തതയുടെയും ദിവ്യത്വത്തിന്റെയും പരിവേഷം നഷ്‌ടപ്പെട്ട് പൊള്ളുന്ന ജീവിതത്തിന്റെ നടുവിലൂടെ 'കൊലപാതകത്തിനും ആത്മഹത്യക്കുമിടയിലൂടെ' പായുന്ന, നിത്യഭാഷണത്തോടടുത്തുനില്‍ക്കുന്ന കവിത ആ പ്രവചനം സാധുവാക്കിയിരിക്കുന്നു. 'വൃക്ഷങ്ങളെക്കുറിച്ചുള്ള ഒരു സംഭാഷണം പാതകങ്ങളെക്കുറിച്ചുള്ള ഒരു മൌനവും ഉള്‍ക്കൊള്ളുന്നു(ബ്രെഹ്ത്) എന്ന് കവി മനസ്സിലാക്കുന്നു. അരാഷ്‌ട്രീയതയും നിഷ്‌ക്കളങ്കതയും നടിക്കാന്‍ ഇന്ന് കവിക്ക് പ്രയാസമുണ്ട്. വര്‍ഗ-ലിംഗ-വംശസമത്വത്തിനും ഉപേക്ഷിതരുടെ ശബ്‌ദം ഉയര്‍ന്നുകേള്‍ക്കുന്ന ജനാധിപത്യത്തിനും സാംസ്‌ക്കാരിക സംവാദത്തിനും സക്രിയമായ മതേതരത്വത്തിനും വേണ്ടി, മതമൌലിക വാദങ്ങള്‍ക്കും വംശമഹിമാവാദങ്ങള്‍ക്കും പുരുഷാധികാരത്തിനും ഗോത്രജനതയുടെ മേലുള്ള ഇതരവിഭാഗങ്ങളുടെ അധിനിവേശത്തിനും പൊതുസമ്പത്തിനും പൊതുജ്ഞാനത്തിനും മേലുള്ള കുത്തകാവകാശങ്ങള്‍ക്കും ആഗോളീകരണം കൊണ്ടുവരുന്ന ഏകഭാഷാധീശത്വത്തിനും സാംസ്‌ക്കാരിക സമീകരണത്തിനും സ്വത്വനഷ്‌ടത്തിനും സ്‌മൃതിലോപത്തിനുമെതിരെ, സംസാരിക്കാതിരിക്കാന്‍ കവിയ്‌ക്കാവില്ല. നിഷ്‌ക്കളങ്കമെന്ന് തോന്നിക്കുന്ന ഭാവഗീതങ്ങളുടെ ദന്തഗോപുരങ്ങളെപ്പോലും പ്രത്യക്ഷവും പരോക്ഷവുമായ ഹിംസയുടെ ചുഴലിക്കാറ്റ് വെറുതെ വിടുന്നില്ല. സത്യസന്ധനാ(യാ)യ ഒരു കവിക്കും ഇന്ന് നീതിയുടെ പക്ഷം, ഇരയുടെ പക്ഷം, പിടിക്കാതിരിക്കാനാവില്ല. അത്തരമൊരെഴുത്തുകാരന് ഒരൊറ്റ തലത്തിലോ മാനത്തിലോ മാത്രം തന്റെ പ്രതിരോധം ഒതുക്കിനിര്‍ത്താനുമാവില്ല. പഴയ പ്രതിരോധതന്ത്രങ്ങളും ബഹുരൂപിയായ, പലപ്പോഴും അദൃശ്യനായി കടന്നുവരുന്ന പുതിയ ശത്രുക്കള്‍ക്കെതിരെ അപര്യാപ്‌‌തമായെന്നും വരും. പീഡകര്‍ ഇരകളെപ്പോലെ നിലവിളിക്കുന്ന ഒരു കാലത്ത് ശരിയായ ഇരകളും പീഡകരുമാരെന്ന് തിരിച്ചറിയുക പോലും വിഷമമായിരിക്കുന്നു.

ആദ്യകാല പുരോഗമനസാഹിത്യകാരന്മാര്‍ക്ക് തെരഞ്ഞെടുപ്പ് കുറേക്കൂടി ലളിതമായിരുന്നു. കാരണം വര്‍ഗതാല്പര്യങ്ങള്‍ കൂടുതല്‍ ശുദ്ധമായിരുന്നു, ഇന്ന് അവ പലപ്പോഴും ഇഴപിരിഞ്ഞ് ജടിലമായിരിക്കുന്നു. നാടുവാഴി അദൃശ്യര്‍ക്കിടയിലെ ദൃശ്യചൂഷകനായിരുന്നു. നവലിബറലിസത്തിന്റെ വക്താവായ മുതലാളിയാകട്ടെ ദൃശ്യര്‍ക്കിടയിലെ അദൃശ്യചൂഷകനാണ്. കാണാവുന്ന അയിത്തം കാണാത്ത അയിത്തങ്ങള്‍ക്ക് വഴിമാറി, ഫാസിസം ജനാധിപത്യത്തിന്റെ ഭാഷ സംസാരിച്ചു തുടങ്ങി, മുതലാളിത്തത്തിന്റെ അഭ്യുദയത്തിനായുള്ള വികസനം ജനങ്ങള്‍ക്കുവേണ്ടി എന്നു ഭാവിച്ചാണ് കടന്നുവരുന്നത്; കോര്‍പറേറ്റുകളുടെ താല്പര്യം ദേശീയ താല്പര്യത്തിന്റെ പൊയ്‌മുഖമണിഞ്ഞിരിക്കുന്നു; സാമ്രാജ്യത്വം സമാധാനത്തിന്റെ പേര്‍ പറഞ്ഞ് യുദ്ധം ഇറക്കുമതി ചെയ്യുന്നു; വംശീയ സ്വത്വബോധം ആഗോളവാണിഭക്കാര്‍ക്ക് ഒരു 'ബ്രാന്‍‌ഡ്‌നെയിം' മാത്രമാണ്; സവര്‍ണാചാരങ്ങളിലേക്കുള്ള മാറ്റം അവര്‍ണരുടെ മോചനമായി അവതരിപ്പിക്കപ്പെടുന്നു. സ്‌ത്രീയെ അരക്ഷിതരാക്കുന്നവര്‍തന്നെ സുരക്ഷിതത്വത്തിന്റെ പേരില്‍ അവളെ വീട്ടിലും തെരുവിലും പണിയിടത്തിലും അടിച്ചൊതുക്കുന്നു; ന്യൂനപക്ഷത്തെ അക്രമത്തിലേക്ക് തള്ളിവിടുന്നവര്‍തന്നെ അവരിലെ സമാധാനകാംക്ഷികളായ ഭൂരിപക്ഷത്തെപ്പോലും ഭീകരവാദികളെന്ന് മുദ്രകുത്തുന്നു; ഹൈന്ദവത ഭാരതീയതയായി വേഷമിടുന്നു; ഹിംസയുടെ യഥാര്‍ഥ ഉറവിടങ്ങള്‍ മറച്ചുവയ്‌ക്കപ്പെടുകയും ചെറുത്തുനില്‍പ്പിനുള്ള ചെറു പരിശ്രമങ്ങള്‍പോലും ഹിംസയായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു; വലതുപക്ഷം ഇടതുപക്ഷത്തിന്റെ ഭാഷ സംസാരിക്കുന്നു. ഇതൊരു സങ്കീര്‍ണസാഹചര്യമാണ്.

കവിതക്ക്, സാഹിത്യത്തിന് പൊതുവെതന്നെയും ഇത്തരം താല്‍ക്കാലികതകളുമായി ബന്ധമേയില്ലെന്നും അതിന്റെ പണി അനശ്വരസൌന്ദര്യം സൃഷ്‌ടിക്കുകയാണെന്നും വാദിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല; നമ്മുടെ യുവസാഹിത്യകാരന്മാരില്‍, വിശേഷിച്ചും കവികളില്‍, ഒരു വലിയ പങ്ക് അരവിന്ദഘോഷിനെപ്പോലെ 'ചരിത്രത്തിന്റെ ചെടിച്ച കാലുകള്‍ സാഹിത്യോദ്യാനത്തെ മലീമസമാക്കും' എന്ന് വിശ്വസിക്കാനിഷ്‌ടപ്പെടുന്നവരും ആദ്യകാല പുരോഗമന സാഹിത്യത്തെയും എഴുപതുകളുടെ കവിതയെയുമെല്ലാം 'സ്ഥൂല'മെന്നും ശബ്‌ദമയമെന്നും എഴുതിത്തള്ളുന്നവരുമാണ്. സാഹിത്യംതന്നെ ഒരു സമൂഹ നിര്‍മിതിയാണെന്നും 'ഭാഷയില്‍ പ്രത്യയശാസ്‌ത്രം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു'വെന്നും (മിഖായേല്‍ ബഖ്‌തീന്‍), സാഹിത്യമെന്ത് എന്ന ചോദ്യത്തിന്റെ ഉത്തരം തന്നെ കാലബന്ധിതമാണെന്നും അതിന്റെ സ്വരൂപമെന്നപോലെ നിയോഗവും ചരിത്രത്തിനൊത്ത് പരിണമിക്കുന്നുവെന്നും 'ശുദ്ധകവിത'പോലും യഥാര്‍ഥ്യത്തോടുള്ള പുറംതിരിഞ്ഞിരിപ്പിലൂടെ യാഥാര്‍ഥ്യത്തോടുള്ള നിഷേധാന്മകത പ്രകടിപ്പിക്കുന്നു എന്നും എഴുത്തും വായനയും പ്രത്യയശാസ്‌ത്രങ്ങളുടെ ഒരു ശൂന്യസ്ഥലിയിലല്ല സംഭവിക്കുന്നതെന്നും അവര്‍ ഓര്‍ക്കുന്നതായി കാണുന്നില്ല. സാഹിത്യത്തിന്റെ നിയോഗവും ചരിത്രത്തോടൊപ്പം പരിണമിക്കുന്ന ഒന്നാണ്. വിൿടോറിയന്‍ യുഗത്തില്‍ സാഹിത്യം എങ്ങനെ മതത്തിന്റെ നഷ്‌ടപ്പെട്ടുവന്നിരുന്ന സാമൂഹ്യപദവിയും ധര്‍മവും കൈയാളി എന്ന് ടെറി ഈഗിള്‍ടണ്‍ വിശദമാക്കിയിട്ടുണ്ട്. നമ്മുടെ നവോത്ഥാനകാല സാഹിത്യം എങ്ങനെ ഒരു സാമൂഹ്യധര്‍മം നിര്‍വഹിച്ചു എന്നും പുരോഗമന സാഹിത്യം രാഷ്‌ട്രീയ ധര്‍മം നിര്‍വഹിച്ചുഎന്നും നമുക്കറിയാം. ഭക്തിപ്രസ്ഥാനകാലത്ത് അത് ആത്മീയദൌത്യമാണ് പ്രാഥമികമായി നിറവേറ്റിയത്.
എന്നാല്‍ ഇവയെല്ലാംതന്നെ പലതരത്തില്‍ സാംസ്‌ക്കാരിക നിയോഗങ്ങളും നിര്‍വഹിക്കുകയുണ്ടായി. മറിച്ച് കേവലമായ വിനോദധര്‍മം നിര്‍വഹിക്കുകയും അതിലൂടെ ഒഴിവുസമയത്തെ നിര്‍വീര്യമാക്കി ഭരണകൂടപദ്ധതികള്‍ക്ക് സമ്മതം തേടുകയും ചെയ്യുന്നതരം സാഹിത്യവുമുണ്ട്. ഫോര്‍മുലയനുസരിച്ച് വാര്‍ക്കുന്ന തുടര്‍ക്കഥകള്‍, ക്രൈം ത്രില്ലറുകള്‍, നിര്‍സാമൂഹികമായ ഭ്രമാത്മക കഥകള്‍, ടെലിവിഷന്‍ സീരിയലിനും കച്ചവടസിനിമകള്‍ക്കും മറ്റും വേണ്ടി രചിക്കപ്പെടുന്ന തിരക്കഥകള്‍ ഇവ ഏറെയും ഈ വിഭാഗത്തിലാണ് പെടുന്നത്. നിര്‍ദോഷമായ വിനോദത്തെ നിഷേധിക്കേണ്ടതില്ലെങ്കിലും ഏറെ വിനോദവും നിര്‍വഹിക്കപ്പെടുന്നത് സ്ത്രീകളുടെയും നിസ്വവര്‍ഗങ്ങളുടെയും 'അപരരാ'ക്കി ചിത്രീകരിക്കപ്പെടുന്ന മത-വംശന്യൂനപക്ഷങ്ങളുടെയും മറ്റും ചെലവിലാണെന്നതും നാം കാണാതിരുന്നുകൂട. സൌന്ദര്യത്തിന്റെ നിര്‍വചനവും കാലബന്ധം തന്നെയാണ്. ഒരു കാലഘട്ടത്തില്‍ അസുന്ദരമായി കാണപ്പെട്ടിരുന്നത് പിന്നീട് സുന്ദരമാകുന്നതും മറിച്ചും സംഭവിക്കുന്നതും ഒട്ടും അസാധാരണമല്ലല്ലോ. യാഥാസ്ഥിതിക കാവ്യമീമാംസ 'ഗ്രാമ്യം: 'അശ്ളീലം' 'അനുചിതം' 'ച്യുതസംസ്കാരം' തുടങ്ങിയ മുദ്രകള്‍ കുത്തി സാഹിത്യത്തിന് പുറത്തുനിര്‍ത്തിയിരുന്ന ശൈലികളും പ്രയോഗങ്ങളും കറുത്തവര്‍ഗത്തിന്റെയും ദളിതരുടെയും ആദിവാസികളുടെയും മറ്റും സാഹിത്യത്തില്‍ നിര്‍ണായകമായി മാറുന്നത് ഒരുദാഹരണം. കാളിദാസകൃതികളില്‍പ്പോലും സ്‌ത്രീകളും ഭൃത്യരും മറ്റും പ്രാകൃതവും ബ്രാഹ്മണരും ക്ഷത്രിയരും മറ്റും സംസ്‌കൃതവും ഉപയോഗിക്കുന്നത് നാം കാണുന്നു. ഇന്നാകട്ടെ ചേരികളുടെ ഭാഷയും ദൈനംദിന ഗ്രാമീണഭാഷയും വിപ്ളവകരമായ രീതിയില്‍ കവിതയുള്‍പ്പെടെയുള്ള സാഹിത്യരൂപങ്ങളില്‍ കടന്നുവരുന്നു.

നിശ്ശബ്‌ദതക്ക് വിധിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങള്‍ സാഹിത്യത്തിലൂടെ സംസാരിച്ചുതുടങ്ങുകയും പ്രതിരോധം ഏറെ പുതുമാനങ്ങള്‍ കൈവരിക്കുകയും ചെയ്‌തിരുന്ന നമ്മുടെ കാലത്ത് പ്രതിജ്ഞാബദ്ധതയെക്കുറിച്ചുള്ള സങ്കല്‍പ്പത്തിനും ഏകമാനമാവുക വയ്യ. പ്രതിജ്ഞാബദ്ധതയെസംബന്ധിച്ച സങ്കല്‍പ്പം ഒരുകാലത്തും അതിലളിതമായിരുന്നില്ലെന്ന് മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ മുതലായവരുടെ സമീപനങ്ങള്‍തന്നെ തെളിയിക്കുന്നുണ്ട്. എഴുത്തുകാരന്റെ ഉദ്ദേശ്യമല്ല, വായനയിലൂടെ വെളിപ്പെടുന്ന സാമൂഹ്യമായ അര്‍ഥമാനങ്ങളാണ് പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനമെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ഏഷ്ന്‍സൂവിന്റെ 'മിസ്റ്ററീസ് ഓഫ് പാരീസ് ' ചര്‍ച്ചചെയ്യുമ്പോള്‍ ( ഹോളി ഫാമിലി) രചനാലക്ഷ്യം വിപ്ളവകരമാണെങ്കിലും രചിതപാഠം എങ്ങനെ പ്രതിവിപ്ളവകരമാകുന്നുവെന്ന് മാര്‍ക്സ് വിശദീകരിക്കുന്നുണ്ട്. മറിച്ച് ടോള്‍സ്റ്റോയിക്കുവേണ്ടി പ്ളീഹാനോഫിനെതിരെ വാദിക്കുന്ന ലെനിന്‍ ഗ്രന്ഥകാരന്‍ കുലീനവംശജനും ക്രിസ്‌തുമതവിശ്വാസിയുമായിരുന്നിട്ടും ടോള്‍സ്റ്റോയിയുടെ കൃതികള്‍ അദ്ദേഹത്തിന്റെ സ്വകാര്യ വിശ്വാസങ്ങളെ അതിശയിച്ച് എങ്ങനെ റഷ്യന്‍ കര്‍ഷകജീവിതത്തിന്റെ സമഗ്രദര്‍ശനം സാധിക്കുന്നതിലൂടെ റഷ്യന്‍ വിപ്ളവത്തിന്റെ കണ്ണാടിയാകുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. അപ്പോള്‍ ഏതെങ്കിലും പാര്‍ടിയോട് കൂറ് പ്രഖ്യാപിക്കുന്നതുകൊണ്ടോ വര്‍ഗത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടുന്നതുകൊണ്ടോ ഒരെഴുത്തുകാരനും വിപ്ളവകാരിയാകുന്നില്ല, അയാള്‍/അവള്‍ യാഥാര്‍ഥ്യത്തിന്റെ വെളിപ്പെടാത്ത അംശങ്ങള്‍ വെളിപ്പെടുത്തുകയും പേരില്ലാത്തതിന് പേരിടുകയും പ്രേക്ഷണം, ഭാവുകത്വം, ഭാഷ ഇവയെ ഒന്നിച്ച് മാറ്റിത്തീര്‍ക്കുകയും വേണം. പഴയരൂപങ്ങളില്‍ പുതിയ യാഥാര്‍ഥ്യം ആവിഷ്‌ക്കരിക്കുവാന്‍ കഴിയില്ല. കെ പി ജി നമ്പൂതിരിയുടെ പരിഭാഷകളില്‍ മയക്കൊഫ്‌സ്‌ക്കിയും നെരൂദയും നിര്‍വീര്യരായിപ്പോകുന്നത് പുതിയ ഉള്ളടക്കവും പഴയ ഭാഷയും തമ്മിലുള്ള വൈരുധ്യം മൂലമാണ്. ബ്രെഹ്ത്തും നെരൂദയും എല്വാദും അരഗങ്ങും മാര്‍ക്വെസും സരമാഗുവും പുതിയ ഭാവനാരീതിയും ഭാഷാശൈലികളും ഉപയോഗിക്കുന്നത് മാറിയ യാഥാര്‍ഥ്യത്തിന്റെ സങ്കീര്‍ണതകള്‍ ഉള്‍ക്കൊള്ളുന്നതിന്നായാണ്. അതുകൊണ്ട് നാംദേവ് ഢസാലിന് തുക്കാറാമിന്റെയോ എസ് ജോസഫിന് എഴുത്തച്ഛന്റെയോ കാവ്യരൂപങ്ങളുപയോഗിക്കാന്‍ കഴിയുകയില്ല, മല്ലികാസെന്‍ ഗുപ്തക്ക് ചര്യാഗീതി എഴുതാനോ സാവിത്രി രാജീവിന് ശാര്‍ദൂലവിക്രീഡിതത്തില്‍ ആധുനിക സ്‌ത്രീഭാവന ആവിഷ്‌ക്കരിക്കാനോ കഴിയുകയില്ല. ഭാഷ പുതുക്കുകയെന്നാല്‍ കാഴ്‌ച പുതുക്കുക എന്നുതന്നെയാണര്‍ഥം. അപ്പോള്‍ പ്രതിജ്ഞാബദ്ധത ഉള്ളടക്കത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന് വരുന്നു.

വായനയെസംബന്ധിച്ച പുതിയ സൈദ്ധാന്തിക പരിസരവും പ്രതിജ്ഞാബദ്ധതയെ പ്രശ്‌നവല്‍ക്കരിക്കുകയും രചനാതലത്തില്‍നിന്ന് പാരായണതലത്തിലേക്ക് ഏറെക്കുറെ മാറ്റി സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. കൃതി എഴുത്തുകാരന്റെ ആവിഷ്‌ക്കാരമാണെന്ന വാദം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കൃതി 'ശൂന്യ'മാണെന്നും വായനയില്‍ ഉല്പന്നമാകുന്ന 'പാഠം' മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഈ 'പാഠം' വായനയ്‌ക്കുപയോഗിക്കുന്ന പ്രത്യയശാസ്‌ത്രപരവും മറ്റുമായ ഉപകരണങ്ങളുടെ സ്വഭാവമനുസരിച്ച് മാറിക്കൊണ്ടിരിക്കുമെന്നും റൊളാങ് ബാര്‍ഥ് പറയും. ഒപ്പംതന്നെ ഏകീകൃതവും അഖണ്ഡവുമായ ഒരു കര്‍തൃത്വം പ്രതീതി മാത്രമാണെന്നും കര്‍തൃത്വം കേന്ദ്രരഹിതമായ സ്വത്വങ്ങളുടെ ഒരു തുടര്‍ച്ച മാത്രമാണെന്നും ഓരോ വ്യവഹാരത്തിനകത്തും അത് വ്യത്യസ്തമായി ഉല്പാദിപ്പിക്കപ്പെടുന്നുവെന്നും (ചെരിപ്പിന് വില ചോദിക്കുന്ന 'ഞാന്‍' അല്ല കവിതയെഴുതുന്ന 'ഞാന്‍') ഴാക് ലകാന്‍ വിശദീകരിക്കുന്നു. ഭാഷയുടെ അബോധഘടനയെ ഡോൿടര്‍ രോഗനിര്‍ണയം ചെയ്യുംപോലെ വായിച്ചെടുക്കുമ്പോള്‍ എഴുത്തുകാരന്റെ ബോധപൂര്‍വമായ തീരുമാനങ്ങള്‍ അപ്രസക്തമാകുന്നുവെന്ന് പിയെറീ മാഷെറി. സൂചകവും സൂചിതവും തമ്മില്‍ - അഥവാ വാഗര്‍ഥങ്ങള്‍ തമ്മില്‍ -സ്ഥിരബന്ധങ്ങളില്ലെന്നും ഒരേ സൂചകം പല സന്ദര്‍ഭത്തില്‍ പലതും സൂചിപ്പിക്കാമെന്നും (പൂച്ചയെന്ന ജന്തു, പൂച്ചപ്പഴം, പൂച്ചമുഴയ്ക്കുക, അവനൊരു പൂച്ചയാണ്, പൂച്ച പുറത്തുചാടി, പൂച്ചക്ക് ഒമ്പത് ജന്മം, പൂച്ചയാണിന്നെന്റെ ദുഃഖം; എല്ലാം 'പൂച്ച'ക്ക് നല്‍കുന്ന അര്‍ഥങ്ങള്‍ നോക്കുക) ഇതാണ് പ്രതീകങ്ങള്‍ സാധ്യമാക്കുന്നതെന്നും കവിത വാഗര്‍ഥങ്ങളുടെ ഈ വിടവിലാണ് സൃഷ്‌ടിക്കപ്പെടുന്നതെന്നും ഫെര്‍ഡിനാന്‍ഡ് സൊസ്യൂര്‍. അതിനാല്‍ എല്ലാ കൃതിയും നാനാ സ്വരങ്ങളും നാനാര്‍ഥങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് മിഖായേല്‍ ബഖ്‌തീന്‍. അടിത്തറയും ഉപരിഘടനയും തമ്മിലുള്ള ബന്ധം ഏകപക്ഷീയവും പ്രത്യക്ഷവുമാകണമെന്നില്ലെന്നും ഉപരിഘടനയിലെ ഓരോ ഘടകത്തിനും അതിന്റെ ആപേക്ഷിക സ്വാഛന്ദ്യവും സ്വന്തം നിയമങ്ങളും സ്വന്തം ചരിത്രവുമുണ്ടെന്ന് ലൂയീ അല്‍തൂസര്‍. 'സത്യം' എന്നത് വ്യവഹാരജന്യമായ ഒരു പ്രതീതിയാണെന്ന് മിഷേല്‍ ഫൂക്കോ. സൂചകങ്ങള്‍ക്ക് നിയതാര്‍ഥമില്ലെങ്കില്‍ 'ആത്യന്തിക'മായ അര്‍ഥവും ഇല്ലെന്നും അഥവാ അത് നിരന്തരം നീട്ടിവെക്കപ്പെടുന്നുവെന്ന് - ഒരു കൃതിയെ അതിന്റെ പാര്‍ശ്വങ്ങളില്‍നിന്നും വായിച്ച് അസാന്നിധ്യങ്ങളും വൈരുധ്യങ്ങളും കണ്ടെത്തി അതിന്റെ ബോധപൂര്‍വമായ യുക്തിയെ - ഗ്രന്ഥകാരന്റെ 'ഉദ്ദേശ്യ'ത്തെയും -അട്ടിമറിക്കാമെന്നും ഇങ്ങനെ സ്ഥാപനങ്ങളെ അപനിര്‍മിക്കാമെന്നും ഴാക് ദെറിദാ.

ഇവയെല്ലാം ചേര്‍ന്നുണ്ടാക്കുന്ന സന്ദര്‍ഭത്തില്‍ എഴുത്തുകാരനെന്ന സ്ഥാപനം ദുര്‍ബലപ്പെടുകയും സ്വീകര്‍ത്താവായ വായനക്കാരന്‍ നിര്‍മാതാവായി ഉയര്‍ത്തപ്പെടുകയും ചെയ്‌തിരിക്കുന്നു. അപ്പോള്‍ എഴുതപ്പെട്ടതിനെ വായിക്കുന്ന രീതി മുന്നോട്ടുവരുന്നു. ആ രീതിയില്‍ പ്രത്യയശാസ്‌ത്രത്തിന് വലിയ പങ്കുണ്ട്. സര്‍ഗരചനകളെ വിമോചനത്തിന്റെ ഭാഗത്തുനിന്ന് വായിച്ചെടുക്കല്‍ പ്രധാനമാകുന്നു. മഹാഭാരതത്തിന്റെ ദളിത് വായനയില്‍ ഏകലവ്യന്‍ നായകനാകുന്നു, രാമായണത്തിന്റേതില്‍ ശംബൂകനും. ഇവയുടെ സ്‌ത്രീവായനകള്‍ ദ്രൌപദിയുടെയും സീതയുടെയും ഊര്‍മിളയുടെയും മണ്ഡോദരിയുടെയും മറ്റും പക്ഷത്തുനിന്ന് യാഥാര്‍ഥ്യത്തെ കാണുന്നു. തിലകനും ഗോള്‍വാള്‍ക്കറും അരവിന്ദനും ഗാന്ധിയും ഒരേ ഭഗവദ്ഗീതയല്ല വായിക്കുന്നതെന്ന് വരുന്നു. ഫ്രാന്‍സ് കാഫ്‌കയെ ഗയോര്‍ഗ് ല്യുക്കാച്ച് ഇരുണ്ട പ്രതിലോമകാരിയായി കാണുന്നു, എന്നാല്‍ വാള്‍ടര്‍ ബെന്‍യാമിന്‍ നാസി ജര്‍മനിയുടെ ആത്മാവ് വെളിപ്പെടുത്തുന്ന പ്രവാചകനായ വിപ്ളവകാരിയായി കാണുന്നു: ഉദ്യോഗസ്ഥ പ്രഭുത്വത്തോടുള്ള ഭീതി, ശിക്ഷാനിയമത്തിന്റെ അയുക്തികത, അന്യവത്കരണംകൊണ്ടുവരുന്ന നാമശൂന്യത, അസ്‌തിത്വപരമായ അത്യുത്കണ്ഠ, ഇവയിലൂടെ നാസിസത്തിന്റെ രോഗനിര്‍ണയം നടത്തുകയായിരുന്നു കാഫ്‌ക എന്ന് അഡോണോ, ബ്രെഹ്ത്, ഏണ്‍സ്റ്റ് ബ്ളോഹ് തുടങ്ങിയവരും അഭിപ്രായപ്പെടുന്നു. 'ജീര്‍ണ സാഹിത്യ'കാരനായി ചിലര്‍ വിശേഷിപ്പിച്ച സാമുവെല്‍ ബെക്കെറ്റിനെ മുതലാളിത്ത മൂര്‍ധന്യത്തിലെ മനുഷ്യാവസ്ഥയുടെ അനാഛാദകനായിട്ടാണ് ഏണ്‍സ്റ്റ് ഫിഷര്‍ കാണുന്നത്; സമഗ്രാധിപത്യത്തെ വെല്ലുവിളിച്ച നീസ്വെസ്റ്റ്നിയുടെ ശില്‍പകലയില്‍ ജോണ്‍ ബെര്‍ഗര്‍ മനുഷ്യന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കുന്ന കലാകാരനെ കാണുന്നു. റിയലിസത്തെക്കുറിച്ചുള്ള പഴയ സങ്കല്‍പ്പങ്ങളുടെ അപര്യാപ്‌തത ബ്രെഹ്ത്, ലൂയി അരഗങ്, നെരൂദ, വയെഹോ, പോള്‍ സെലാന്‍, ഡാരിയോ ഫോ, വോള്‍ സോയിന്‍കാ, ബെന്‍ ഓക്രി, ഷോര്‍ഷ് അമാറു, സരമാഗൂ, ഗബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്വെസ് തുടങ്ങിയ എഴുത്തുകാര്‍ വ്യക്തമാക്കുന്നു. 'റിയലിസ'വും ഒരു രചനാതന്ത്രം മാത്രമാണെന്നും റിയലിസ്‌റ്റും യാഥാര്‍ഥ്യത്തില്‍നിന്ന് ചില അംശങ്ങള്‍ തെരഞ്ഞെടുത്ത് യാഥാര്‍ഥ്യ പ്രതീതീ സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും റൊളാങ് ബാര്‍ഥ് എമിലിസോളയുടെ 'കര്‍ഷകര്‍' എന്ന കഥ അപഗ്രഥിച്ച് തെളിയിക്കുന്നു. അര്‍ഥങ്ങളെയും സൂചകങ്ങളെയും ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ മര്‍ദകപ്രത്യയശാസ്‌ത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും (വര്‍ഗം, ജാതി, ലിംഗം...) എതിരായ കൂടുതല്‍ വലിയൊരു സമരത്തിന്റെ ഭാഗമാണ്.

'പുരോഗമനസാഹിത്യ'ത്തെ സംബന്ധിച്ച പഴയ കാഴ്‌ചപ്പാടുകളെ ഈ സാഹചര്യം റദ്ദ്ചെയ്യുന്നുവെന്ന് ഞാന്‍ പറയുകയില്ല. എന്നാല്‍ നിശ്ചയമായും അത് വിഭാഗീയതകളില്‍നിന്ന് പുറത്തുകടന്ന് സ്വന്തം കാഴ്‌ചപ്പാട് വിശാലമാക്കേണ്ടതുണ്ട്. എങ്ങനെ എഴുത്തുകാരെ പുറത്തുനിര്‍ത്താം അഥവാ അകറ്റിനിര്‍ത്താം എന്നാലോചിക്കുന്നതിന് പകരം, എങ്ങനെ കഴിയുന്നത്ര മുഴവന്‍ എഴുത്തുകാരെയും സ്ഥിത സമൂഹവിമര്‍ശത്തിന്റെ ഭാഗമാക്കാം എന്നാണ് നാം ആലോചിക്കേണ്ടത്, ആ രീതിയിലാണ് വായനകള്‍ ഉണ്ടാകേണ്ടത്. ആന്ധ്യങ്ങളും അസാന്നിധ്യങ്ങളും ചൂണ്ടിക്കാട്ടുമ്പോള്‍തന്നെ സന്നിഹിതമായതിന്റെ സാമൂഹ്യ പ്രസക്തിയും നാം അന്വേഷിക്കണം. ഇതാകട്ടെ കക്ഷിരാഷ്‌ട്രീയത്തിനപ്പുറം പോവുകയും വേണം. എഴുത്തുകാര്‍ വൈതാളികരല്ല; വിമര്‍ശകരാണ് എന്നും ഇടതുപക്ഷത്തിന്റെ അപചയങ്ങളെയും ധീരമായി വിമര്‍ശിക്കുന്നത് അവരുടെ സര്‍ഗധര്‍മവും അവകാശവുമാണെന്നും തിരിച്ചറിയപ്പെടണം; ആ വിമര്‍ശനം വര്‍ഗീയവാദമുള്‍പ്പെടെയുള്ള പ്രതിലോമപ്രത്യയശാസ്‌ത്രങ്ങളുടെ കാഴ്‌ചപ്പാടില്‍ ആകാത്തിടത്തോളം ആത്യന്തികമായി അത് വിമോചനത്തിന്റെ പക്ഷത്താണ്. എഴുത്തുകാരോട് എന്ത്, എങ്ങനെ എഴുതണമെന്ന് നിര്‍ദേശിക്കുകയും നിയന്ത്രിക്കുകയും സെന്‍സര്‍ ചെയ്യുകയും ചെയ്യുന്ന സമീപനത്തിന്റെ അപകടങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍തന്നെ നാം ധാരാളം കണ്ടുകഴിഞ്ഞു. വിമര്‍ശകര്‍ക്ക് പട്ടുംവളയും കൊടുക്കേണ്ട, അവര്‍ക്ക് ജയിലും ഭ്രാന്താശുപത്രിയും സൈബീരിയയും ആത്മഹത്യയും മരണവും വിധിക്കാതിരിക്കുക, വിമര്‍ശനങ്ങള്‍ ശരിയല്ലെങ്കില്‍ ജനാധിപത്യപരമായി മറുപടി പറയുക, ശരിയെങ്കില്‍ അവ ഉള്‍ക്കൊണ്ട് സ്വയം മാറ്റിത്തീര്‍ക്കുക.

അതെ, കവികളെക്കുറിച്ച് വൈലോപ്പിള്ളി "സൌവര്‍ണ പ്രതിപക്ഷം'' എന്ന് പറഞ്ഞതാണ് ശരി. ഏത് വ്യവസ്ഥയിലും അവര്‍ വിമര്‍ശകരായിരിക്കാനാണിട, സ്ഥിതിസമത്വത്തിനായുള്ള പരിശ്രമങ്ങളില്‍പോലും വന്നുപെടുന്ന പാകപ്പിഴകളെയും ആന്ധ്യങ്ങളെയും നവവര്‍ഗോദയത്തിന് ഹേതുവാകുന്ന ഉദ്യോഗസ്ഥ പ്രമാണിത്തത്തെയും ന്യൂനപക്ഷങ്ങളോടുള്ള അവഗണനയെയുമെല്ലാം അവര്‍ വിമര്‍ശിച്ചുകൊണ്ടിരിക്കും. ഇത് എഴുത്തിന്റെതന്നെ മൌലികസ്വഭാവമാകയാല്‍ ഈ വിമര്‍ശനദൃഷ്‌ടി നഷ്ടപ്പെട്ടാല്‍ പിന്നെ എഴുത്തുകാരന്‍/എഴുത്തുകാരി ഇല്ല. 'പുരോഗമന സാഹിത്യം' എന്ന സംജ്ഞയെക്കാള്‍ 'പ്രതിപക്ഷസാഹിത്യം' അഥവാ 'പ്രതിബോധത്തിന്റെ സാഹിത്യം' എന്ന സംജ്ഞക്ക് ഈ അര്‍ഥം ഉള്‍ക്കൊള്ളാനായേക്കും. വിമര്‍ശിക്കുന്നവര്‍ ഒരു ബദല്‍ നിര്‍ദേശിക്കുകയും വേണ്ടേ എന്ന് ചോദിച്ചേക്കാം. വിമര്‍ശിക്കുന്നവര്‍ അത് വ്യക്തമാക്കണമെന്നില്ലെങ്കിലും മറ്റൊരു സമൂഹമാതൃകയുടെ പരിസരം ആ വിമര്‍ശനത്തില്‍ത്തന്നെയുണ്ടാകും. സ്‌ത്രീ സാഹിത്യം, ദളിത്‌സാഹിത്യം, ഭിന്ന ന്യൂനപക്ഷങ്ങളുടെ സാഹിത്യം, തൊഴിലാളിയുടെ, ഭൂരഹിതകര്‍ഷകന്റെ, കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്കായി ആവാസ ഭൂമികളില്‍നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന ആദിവാസിയുടെ, മൂലധനലോഭത്തിന്റെ പ്രത്യാഘാതമേറ്റുവാങ്ങുന്ന പരിസ്ഥിതിയുടെ നിശ്ശബ്‌ദരായ ഇരകളുടെ, പലതരം സമഗ്രാധിപത്യങ്ങളുടെ പീഡനമേറ്റുവാങ്ങുന്ന ജനങ്ങളുടെ, ആധുനികീകരണത്തിന്റെ അന്ധവേഗങ്ങളില്‍ അനാഥരാക്കപ്പെടുന്ന വൃദ്ധരുടെ, മതമൌലികവാദികളുടെ സങ്കുചിതയുദ്ധങ്ങളില്‍ നിസ്സഹായരായിപ്പോകുന്ന കുട്ടികളുടെ എല്ലാം ശബ്‌ദമേറ്റുവാങ്ങുന്ന സാഹിത്യം: നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വീണ്ടുമുയര്‍ന്ന ദാന്തേയുടെ നരകാഗ്നിയില്‍നിന്ന് പുതിയൊരു പ്രതിരോധസൌന്ദര്യശാസ്‌ത്രം കരുപ്പിടിപ്പിച്ച പീറ്റര്‍ വീസ്സിനെപ്പോലെ ആഗോളീകരണവും നവമുതലാളിത്തവും വര്‍ഗീയവാദങ്ങളും പുരുഷാധിപത്യവും സവര്‍ണമേല്‍ക്കോയ്മയും സൃഷ്‌ടിക്കുന്ന പുതിയ നരകങ്ങളില്‍നിന്ന് ചെറുത്തുനില്‍പ്പിന്റേതായ ഒരു കാവ്യമീമാംസയ്ക്ക് നാം പിറവി നല്‍കേണ്ടിയിരിക്കുന്നു. "ശത്രു വിജയിച്ചാല്‍ മരിച്ചവര്‍പോലും അവനില്‍നിന്ന് സുരക്ഷിതനായിരിക്കില്ല; ഈ ശത്രു വിജയിക്കുന്നതവസാനിച്ചിട്ടുമില്ല'' (വാള്‍ടര്‍ ബെന്‍യാമിന്‍: ഇല്യുമിനേഷന്‍സ്)


*****

സച്ചിദാനന്ദന്‍, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കവികളെക്കുറിച്ച് വൈലോപ്പിള്ളി "സൌവര്‍ണ പ്രതിപക്ഷം'' എന്ന് പറഞ്ഞതാണ് ശരി. ഏത് വ്യവസ്ഥയിലും അവര്‍ വിമര്‍ശകരായിരിക്കാനാണിട, സ്ഥിതിസമത്വത്തിനായുള്ള പരിശ്രമങ്ങളില്‍പോലും വന്നുപെടുന്ന പാകപ്പിഴകളെയും ആന്ധ്യങ്ങളെയും നവവര്‍ഗോദയത്തിന് ഹേതുവാകുന്ന ഉദ്യോഗസ്ഥ പ്രമാണിത്തത്തെയും ന്യൂനപക്ഷങ്ങളോടുള്ള അവഗണനയെയുമെല്ലാം അവര്‍ വിമര്‍ശിച്ചുകൊണ്ടിരിക്കും. ഇത് എഴുത്തിന്റെതന്നെ മൌലികസ്വഭാവമാകയാല്‍ ഈ വിമര്‍ശനദൃഷ്‌ടി നഷ്ടപ്പെട്ടാല്‍ പിന്നെ എഴുത്തുകാരന്‍/എഴുത്തുകാരി ഇല്ല. 'പുരോഗമന സാഹിത്യം' എന്ന സംജ്ഞയെക്കാള്‍ 'പ്രതിപക്ഷസാഹിത്യം' അഥവാ 'പ്രതിബോധത്തിന്റെ സാഹിത്യം' എന്ന സംജ്ഞക്ക് ഈ അര്‍ഥം ഉള്‍ക്കൊള്ളാനായേക്കും. വിമര്‍ശിക്കുന്നവര്‍ ഒരു ബദല്‍ നിര്‍ദേശിക്കുകയും വേണ്ടേ എന്ന് ചോദിച്ചേക്കാം. വിമര്‍ശിക്കുന്നവര്‍ അത് വ്യക്തമാക്കണമെന്നില്ലെങ്കിലും മറ്റൊരു സമൂഹമാതൃകയുടെ പരിസരം ആ വിമര്‍ശനത്തില്‍ത്തന്നെയുണ്ടാകും. സ്‌ത്രീ സാഹിത്യം, ദളിത്‌സാഹിത്യം, ഭിന്ന ന്യൂനപക്ഷങ്ങളുടെ സാഹിത്യം, തൊഴിലാളിയുടെ, ഭൂരഹിതകര്‍ഷകന്റെ, കോര്‍പറേറ്റ് താല്പര്യങ്ങള്‍ക്കായി ആവാസ ഭൂമികളില്‍നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന ആദിവാസിയുടെ, മൂലധനലോഭത്തിന്റെ പ്രത്യാഘാതമേറ്റുവാങ്ങുന്ന പരിസ്ഥിതിയുടെ നിശ്ശബ്‌ദരായ ഇരകളുടെ, പലതരം സമഗ്രാധിപത്യങ്ങളുടെ പീഡനമേറ്റുവാങ്ങുന്ന ജനങ്ങളുടെ, ആധുനികീകരണത്തിന്റെ അന്ധവേഗങ്ങളില്‍ അനാഥരാക്കപ്പെടുന്ന വൃദ്ധരുടെ, മതമൌലികവാദികളുടെ സങ്കുചിതയുദ്ധങ്ങളില്‍ നിസ്സഹായരായിപ്പോകുന്ന കുട്ടികളുടെ എല്ലാം ശബ്‌ദമേറ്റുവാങ്ങുന്ന സാഹിത്യം: നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ വീണ്ടുമുയര്‍ന്ന ദാന്തേയുടെ നരകാഗ്നിയില്‍നിന്ന് പുതിയൊരു പ്രതിരോധസൌന്ദര്യശാസ്‌ത്രം കരുപ്പിടിപ്പിച്ച പീറ്റര്‍ വീസ്സിനെപ്പോലെ ആഗോളീകരണവും നവമുതലാളിത്തവും വര്‍ഗീയവാദങ്ങളും പുരുഷാധിപത്യവും സവര്‍ണമേല്‍ക്കോയ്മയും സൃഷ്‌ടിക്കുന്ന പുതിയ നരകങ്ങളില്‍നിന്ന് ചെറുത്തുനില്‍പ്പിന്റേതായ ഒരു കാവ്യമീമാംസയ്ക്ക് നാം പിറവി നല്‍കേണ്ടിയിരിക്കുന്നു.