Wednesday, May 26, 2010

വനിതാ പത്രപ്രവര്‍ത്തനം ആദ്യപഥികരുടെ അനുഭവങ്ങളിലൂടെ

മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ രംഗത്തും മലയാളികള്‍ മുന്‍പന്തിയിലാണ്. ഇത്രയേറെ ദിനപത്രങ്ങളും വാര്‍ത്താചാനലുകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റൊരു സംസ്ഥാനത്തുമില്ല. പത്രപ്രചാരത്തിന്റെയും സാങ്കേതിക വളര്‍ച്ചയുടെയും കാര്യത്തിലും നമ്മള്‍തന്നെ ഏറെ മുന്നില്‍. ഒപ്പം കാലത്തിന്റെ മുറവിളിക്ക് കാതുകൊടുത്ത് ക്രിയാത്മകമായി പ്രതികരിച്ച പ്രതിഭാശാലികളായ അനേകം പത്രപ്രവര്‍ത്തകരുടെ ജന്മംകൊണ്ട് ധന്യമായ നാടുമാണ് കേരളം. ഒരു ജനതയെ സാമൂഹ്യ - സാംസ്കാരികതലങ്ങളിലും രാഷ്ട്രീയമായും മുന്‍നിരയിലെത്തിക്കാന്‍ പ്രയത്നിച്ച ആ ആദ്യപഥികരില്‍ ഒട്ടേറെ വനിതകളുമുണ്ട് എന്നത് നമുക്ക് അഭിമാനകരമാണ്. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് കലമ്പിയും കയര്‍ത്തും പൊരുതിനിന്നാണ് അവര്‍ ഈ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം തെളിയിച്ചത്. എന്തുകൊണ്ടോ അത്രയൊന്നും അറിയപ്പെടാതെപോയ അവരെ പുതുതലമുറകള്‍ക്ക് പരിചയപ്പെടുത്തുന്ന കൃതിയാണ് എ കൃഷ്ണകുമാരിയുടെ 'വനിതാ പത്രപ്രവര്‍ത്തനം- ചരിത്രവും വര്‍ത്തമാനവും'.

കാലിക പ്രശ്നങ്ങളില്‍ സമൂഹത്തിന് അറിവും ഉള്‍ക്കാഴ്ചയും പകര്‍ന്നുനല്‍കുന്നതിനൊപ്പം, ഒളിഞ്ഞുകിടക്കുന്ന ചരിത്രവും വാര്‍ത്തകളുടെ പിന്നാമ്പുറങ്ങളും പരതി പുതുമകള്‍ കണ്ടെത്തി അവതരിപ്പിക്കുകയും അന്വേഷണകുതുകികളായ പത്രപ്രവര്‍ത്തകരുടെ സഹജശീലമാണ്. ആ നിലയ്ക്കും നല്ലൊരു ചുവടുവെപ്പാണ് പത്രപ്രവര്‍ത്തകയായ കൃഷ്ണകുമാരിയുടേത്. സ്വാതന്ത്ര്യത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് മലയാളത്തില്‍ വാര്‍ത്താധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രക്ഷോഭവും ചിന്താമണ്ഡലത്തില്‍ ഉയര്‍ത്തിവിട്ട ആശയസമരങ്ങളുടെ ജിഹ്വയായാണ് ഇവിടെ ആധുനിക ഭാഷാപത്രങ്ങളുടെ പിറവിയും. അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തനം ഇന്നത്തെപോലെ 'ഗ്ളാമറു'ള്ള തൊഴിലായി മാറുംമുമ്പെ നിറഞ്ഞ സേവനത്വരയോടെ ഈ രംഗത്തേക്ക് കടന്നുവന്ന് പ്രതിബദ്ധതയും കര്‍മശേഷിയുംകൊണ്ട് വ്യക്തിമുദ്രപതിപ്പിച്ച സ്ത്രീകളെയും അവര്‍ക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങളെയും ചരിത്രപരമായി വിലയിരുത്തുന്നത് അതീവ പ്രാധാന്യമുള്ള ഒരു മാധ്യമദൌത്യമാണ്. നാടിന്റെ ലിഖിതചരിത്രത്തിലെ വിട്ടുപോകലുകള്‍ നികത്തുന്ന ഈ പുസ്തകം കേരള പഠനത്തിന് വലിയൊരു മുതല്‍ക്കൂട്ടായിത്തീരുന്നതും സ്വാഭാവികം.

സാമൂഹ്യപരിഷ്കരണ പ്രക്ഷോഭങ്ങളുടെ ഭാഗമായി കേരളത്തിലെ സ്ത്രീകള്‍ നടത്തിയ കൂട്ടായ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് വനിതാ പത്രപ്രവര്‍ത്തനത്തിന്റെ ആവിര്‍ഭാവവും എന്ന് പുസ്തകത്തില്‍ തുടക്കത്തിലേ വിശദമാക്കുന്നുണ്ട്. ജാതി മേധാവിത്തം അടിച്ചേല്‍പ്പിച്ച അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സ്ത്രീശക്തി ആഞ്ഞടിച്ച മാറുമറയ്ക്കല്‍ കലാപം (ചാന്നാര്‍ ലഹള) ഘോഷാ ബഹിഷ്കരണം, കല്ലുമാല സമരം മുതലായ മുന്നേറ്റങ്ങളെ സാന്ദര്‍ഭികമായി ചുരുക്കത്തിലാണെങ്കിലും ഇതില്‍ ചൂണ്ടിക്കാട്ടുന്നു. വിധവാവിവാഹം അനുവദിക്കാനും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടിയും നമ്പൂതിരി സ്ത്രീകള്‍ ശബ്ദമുയര്‍ത്തിത്തുടങ്ങിയതും നവോത്ഥാന പോരാട്ടസ്മൃതികളടങ്ങുന്ന പ്രഥമാധ്യായത്തിലുണ്ട്. ക്രമേണ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിലും സജീവ താല്‍പ്പര്യം പ്രകടിപ്പിച്ച ഉല്‍പ്പതിഷ്ണുക്കളായ സ്ത്രീകളെ കൂടുതല്‍ പ്രബുദ്ധരാക്കുന്നതിന് ആരംഭിച്ച വനിതാ പ്രസിദ്ധീകരണങ്ങളിലേക്കാണ് പ്രതിപാദ്യം തുടര്‍ന്ന് പ്രവേശിക്കുന്നത്. കേരളീയ സുഗുണബോധിനി, ശാരദ, മഹിളാരത്നം, മഹിള, ശ്രീമതി മുതലായ ആദ്യകാല വനിതാ മാസികകളെക്കുറിച്ചുള്ള അപഗ്രഥനം ഏറെ ശ്രദ്ധേയമാണ്. ഇന്നത്തെ പല വനിതാ പ്രസിദ്ധീകരണങ്ങളും അനുവര്‍ത്തിക്കുന്ന ഉപരിപ്ളവമായ സ്ത്രീപക്ഷ ധാരണകള്‍ക്കപ്പുറം ലിംഗപദവി തുല്യതയ്ക്കായും സ്ത്രീകളുടെ പൊതു അവകാശങ്ങള്‍ക്കുവേണ്ടിയും നിലകൊണ്ടവയായിരുന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പേ ഇറങ്ങിയ ആ മാസികകളെന്ന് നമുക്കതില്‍നിന്ന് ബോധ്യമാവും.

കേരളത്തില്‍നിന്നുയര്‍ന്നുവന്ന വനിതാ പത്രപ്രവര്‍ത്തകരില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കി മുന്‍നിരക്കാരായ 20 പേരെക്കുറിച്ച് നല്ല നിരീക്ഷണങ്ങളോടെയുള്ള ലേഖനങ്ങള്‍ ഗ്രന്ഥത്തിലുണ്ട്. മഹാകവി ഉള്ളൂര്‍വരെ വിദുഷിയെന്ന് വിശേഷിപ്പിച്ച കോട്ടക്കല്‍ കിഴക്കേ കോവിലകത്തെ മനോരമ തമ്പുരാട്ടി മുതല്‍ പുതിയ കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യധാരയിലെത്തി മികവ് കാട്ടിയ മലീഹ രാഘവയ്യയെവരെയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ശാരദ മാസികയുടെ പ്രാസാധികമാരില്‍ പ്രമുഖയായിരുന്ന ടി സി കല്യാണിയമ്മ, ബി കല്യാണിയമ്മ, കെ കല്യാണിക്കുട്ടിയമ്മ, കെ എം കുഞ്ഞിലക്ഷ്മിക്കുട്ടിയമ്മ, തോട്ടേയ്ക്കാട്ട് ഇക്കാവമ്മ, തരവത്ത് അമ്മാളുവമ്മ, കെ പത്മം, അമ്പാടി കാര്‍ത്യായനിയമ്മ, എ വി കുട്ടിമാളുഅമ്മ, യശോദ ടീച്ചര്‍, തങ്കം മേനോന്‍, പാര്‍വതി അയ്യപ്പന്‍, അന്നാചാണ്ടി, ആനി തയ്യില്‍, വി പാറുക്കുട്ടിയമ്മ, തുളസി ഭാസ്കരന്‍, ലീലാമേനോന്‍, ഡോ. പി ബി ലാല്‍ക്കര്‍ എന്നിവരാണ് മറ്റുള്ളവര്‍. ഇവരില്‍ ദേശീയ പ്രസ്ഥാനത്തിന്റെ പ്രഗല്‍ഭ സംഘാടകകൂടിയായിരുന്ന എ വി കുട്ടിമാളുവമ്മ, കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അവരെ സന്ദര്‍ശിച്ച് ദേശാഭിമാനിക്ക് റിപ്പോര്‍ട്ട് അയച്ച മലയാളപത്രങ്ങളിലെ ആദ്യ വനിതാ സ്വ. ലേ. യശോദ ടീച്ചര്‍ എന്നിവരുള്‍പ്പെടെ ഓരോരുത്തരുടെയും അനുഭവകഥകള്‍ പുതുതലമുറക്ക് എന്നും വഴിവെളിച്ചവും പ്രചോദനവുമാണ്.

കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെയും മാധ്യമചരിത്രത്തിന്റെയും അവിഭാജ്യഭാഗമായ ഈ പഠനസംഗ്രഹം വായനക്കാര്‍ക്ക് സമര്‍പ്പിച്ച ഗ്രന്ഥകര്‍ത്രി കൃഷ്ണകുമാരിയോടും ധന്യമായ അവതാരികയിലൂടെ പുസ്തകം സമ്പുഷ്ടമാക്കിയ പ്രശസ്ത മാധ്യമ ചിന്തകനും നിരൂപകനുമായ പി ഗോവിന്ദപിള്ളയോടും നാം ഏറെ കടപ്പെട്ടിരിക്കുന്നു. ഇത്തരമൊരു ഗ്രന്ഥത്തിന്റെ പ്രസാധനത്തിന് മുന്‍കൈയെടുത്ത കേരള സാഹിത്യ അക്കാദമി ഭാരവാഹികള്‍ക്കും നന്ദി.

*
കെ വി കുഞ്ഞിരാമന്‍ കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ രംഗത്തും മലയാളികള്‍ മുന്‍പന്തിയിലാണ്. ഇത്രയേറെ ദിനപത്രങ്ങളും വാര്‍ത്താചാനലുകളും ആനുകാലിക പ്രസിദ്ധീകരണങ്ങളും മറ്റൊരു സംസ്ഥാനത്തുമില്ല. പത്രപ്രചാരത്തിന്റെയും സാങ്കേതിക വളര്‍ച്ചയുടെയും കാര്യത്തിലും നമ്മള്‍തന്നെ ഏറെ മുന്നില്‍. ഒപ്പം കാലത്തിന്റെ മുറവിളിക്ക് കാതുകൊടുത്ത് ക്രിയാത്മകമായി പ്രതികരിച്ച പ്രതിഭാശാലികളായ അനേകം പത്രപ്രവര്‍ത്തകരുടെ ജന്മംകൊണ്ട് ധന്യമായ നാടുമാണ് കേരളം. ഒരു ജനതയെ സാമൂഹ്യ - സാംസ്കാരികതലങ്ങളിലും രാഷ്ട്രീയമായും മുന്‍നിരയിലെത്തിക്കാന്‍ പ്രയത്നിച്ച ആ ആദ്യപഥികരില്‍ ഒട്ടേറെ വനിതകളുമുണ്ട് എന്നത് നമുക്ക് അഭിമാനകരമാണ്. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് കലമ്പിയും കയര്‍ത്തും പൊരുതിനിന്നാണ് അവര്‍ ഈ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യം തെളിയിച്ചത്. എന്തുകൊണ്ടോ അത്രയൊന്നും അറിയപ്പെടാതെപോയ അവരെ പുതുതലമുറകള്‍ക്ക് പരിചയപ്പെടുത്തുന്ന കൃതിയാണ് എ കൃഷ്ണകുമാരിയുടെ 'വനിതാ പത്രപ്രവര്‍ത്തനം- ചരിത്രവും വര്‍ത്തമാനവും'.