Saturday, May 15, 2010

നാടു വാഴുന്നത് അഴിമതി രാജാക്കന്മാര്‍

പ്രധാനമന്ത്രി കണ്ണടച്ചു; രാജ കൊള്ളയടിച്ചു

സോണിയക്ക് കരുണാനിധി ബഹുമാന്യനായ കാരണവര്‍. പ്രധാനമന്ത്രിയാകട്ടെ സോണിയയുടെ വിനീതദാസന്‍. ഈ ആത്മബന്ധങ്ങള്‍ രാജ്യത്തിന് നഷ്ടമാക്കിയത് ഒരുലക്ഷം കോടി രൂപ. പത്ത് പ്രധാന സംസ്ഥാനങ്ങള്‍ക്ക് വാര്‍ഷികപദ്ധതി നടത്താനുള്ള തുക. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ന്യായീകരിക്കാന്‍ ടെലികോംമന്ത്രി എ രാജ പെടാപ്പാട് പെടുമ്പോള്‍ പ്രധാനമന്ത്രി അര്‍ഥഗര്‍ഭമായ മൌനംപാലിച്ചു. ഭരണം നിലനിര്‍ത്താന്‍ ഈ 'പെരിയ കുംഭകോണ'ത്തിന് സോണിയയും മന്‍മോഹന്‍സിങ്ങും കൂട്ടുനിന്നു. ഇന്ത്യയില്‍ മുമ്പുണ്ടായ അഴിമതികളില്‍നിന്ന് വ്യത്യസ്തമാണ് ടെലികോം സ്പെക്ട്രം തട്ടിപ്പ്. മുന്‍കൂട്ടി അറിയിച്ചിട്ടും അഴിമതി തടയാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചു. സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും തുടര്‍നടപടി അറിയിക്കണമെന്നും പ്രധാനമന്ത്രി ടെലികോംമന്ത്രി എ രാജയോട് നിര്‍ദേശിച്ചു. 2ജി സ്പെക്ട്രം ഇടപാട് നടത്തരുതെന്ന് ആവശ്യപ്പെട്ട് 2008 ഫെബ്രുവരി 29ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ഇത്രയുമായപ്പോള്‍ സ്വാഭാവികമായും അഴിമതി തടയാമായിരുന്നു. എന്നാല്‍, കരുണാനിധിയും മകള്‍ കനിമൊഴിയും സോണിയാഗാന്ധിയെയും പ്രധാനമന്ത്രിയെയും കണ്ടതോടെ തടസ്സങ്ങള്‍ നീങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ സ്പെക്ട്രം ഇടപാട് നടന്നു. പ്രധാനമന്ത്രി നിശബ്ദനായി ഇതിന് സാക്ഷിയായി.

2ജി സ്പെക്ട്രം ലൈസന്‍സുകള്‍ നല്‍കിയത് കമ്പനികളുടെ യോഗ്യത നോക്കിയല്ല. ആദ്യം വന്നവര്‍ക്ക് ആദ്യം എന്നതായിരുന്നു മാനദണ്ഡം. 2008ല്‍ നല്‍കിയ സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് ഫീസ് ഈടാക്കിയത് 2001ല്‍ നിശ്ചയിച്ച നിരക്കുപ്രകാരം. 2001ലേതിനേക്കാള്‍ പലമടങ്ങ് വിപുലമായിരുന്നു 2008ല്‍ മൊബൈല്‍ഫോണ്‍ മേഖലയും വിപണിയും. പുതിയ 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കേണ്ട തീയതി 2007 ഒക്ടോബര്‍ ഒന്നില്‍നിന്ന് 2007 സെപ്തംബര്‍ 25ലേക്ക് മാറ്റി ചില കമ്പനികളെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കി. ഇങ്ങനെ കള്ളക്കളികളിലൂടെ ചോര്‍ത്തിയ ഒരുലക്ഷം കോടിയില്‍ വലിയൊരു ഭാഗം ബിനാമികളുടെ കൈകളിലേക്കു പോയി.

2003-04 മുതല്‍ 2007-08 വരെ 55,000 കോടി രൂപ സ്പെക്ട്രം ചാര്‍ജും ലൈസന്‍സ് ഫീസുമായി കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 2007-08ല്‍മാത്രം ലൈസന്‍സ് ഫീസും സ്പെക്ട്രം ചാര്‍ജുമായി 12,000 കോടി രൂപ ലഭിച്ചു. മൊബൈല്‍ഫോണ്‍ വളര്‍ച്ചനിരക്കനുസരിച്ച് 2008-09ല്‍ ഇത് 16,000 കോടി രൂപയാകുമായിരുന്നു. ഇതേകണക്കില്‍ 2012ല്‍ പ്രതിവര്‍ഷ വരുമാനം 30,000 കോടി രൂപ ലഭിക്കണം. വരുന്ന മൂന്നുവര്‍ഷത്തിനിടയില്‍ 75,000 കോടി രൂപ സര്‍ക്കാരിന് വരുമാനം ലഭിക്കും. വിപണിയുടെ വളര്‍ച്ചയനുസരിച്ച് ലൈസന്‍സ് ഫീസ് ഈടാക്കാത്തതും സിഡിഎംഎ ഓപ്പറേറ്റര്‍മാര്‍ക്ക് ജിഎസ്എം ഓപ്പറേഷന് അനുമതി നല്‍കിയതുംമൂലം സര്‍ക്കാരിനുണ്ടായ നഷ്ടം 80,000 കോടി രൂപ. ഇപ്പോഴുള്ള ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് അധികമായി ലഭിച്ച സ്പെക്ട്രത്തിന് ചാര്‍ജ് ഈടാക്കാത്തതുമൂലമുള്ള നഷ്ടം 20,000 കോടി രൂപ. യൂണിടെക് വയര്‍ലെസ് ലിമിറ്റഡ്, സ്വാന്‍ ടെലികോം, ഡാറ്റാകോം സൊല്യൂഷന്‍സ്, എസ്ടെല്‍, ശ്യാം ടെലിലിങ്ക്, ലൂപ്പ് ടെലികോം, സ്പൈസ്, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, ടാറ്റ ടെലി സര്‍വീസസ് എന്നീ കമ്പനികള്‍ക്കാണ് വിപണിയിലെ വിലയേക്കാള്‍ വളരെ താഴ്ത്തി 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയത്.

വിപണിനിലവാരമനുസരിച്ച് 70022.42 കോടി രൂപയ്ക്ക് നല്‍കേണ്ട ലൈസന്‍സ് ഈ ഒമ്പത് കമ്പനികള്‍ക്കായി 10772.68 കോടി രൂപയ്ക്കാണ് നല്‍കിയത്. ഇതിലൂടെമാത്രം സര്‍ക്കാരിനുണ്ടായ നഷ്ടം 59249.74 കോടി രൂപ.

ഇത്രയും നഗ്നമായ അഴിമതിയും നിയമലംഘനവും നടന്നിട്ടും രാജ കേന്ദ്രമന്ത്രിയായി തുടരുന്നു.

II

അഴിമതിയുടെ ആധുനിക സാങ്കേതികവിദ്യ - 'ആദ്യം' വന്നു; കോടികള്‍ക്ക് മറിച്ചുവിറ്റു

വാര്‍ത്താവിനിമയരംഗത്ത് അഴിമതിയുടെ കാര്യത്തിലും 'ആധുനിക' പാതയാണ് ടെലികോം മന്ത്രി എ രാജ തുറന്നത്. സ്പെക്ട്രം ലേലം, ലൈസന്‍സ് എന്നിവയ്ക്കുള്ള അപേക്ഷാ തീയതി 2007 ഒക്ടോബര്‍ ഒന്നില്‍ നിന്ന് 2007 സെപ്തംബര്‍ 25ലേക്ക് ചുരുക്കിയും മത്സരാധിഷ്ഠിത ലേലപ്രക്രിയ വേണ്ടെന്നുവച്ച് ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന് പ്രഖ്യാപിച്ചുമാണ് സ്പെക്ട്രം കുംഭകോണത്തിന് രാജ പുതുവഴി തുറന്നത്. 2001ലെ നിരക്കനുസരിച്ച് ലൈസന്‍സ് ഫീസ് നിശ്ചയിക്കുക കൂടി ചെയ്തപ്പോള്‍ അഴിമതി പൂര്‍ത്തിയായി. ലേലത്തില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ സാമ്പത്തികഭദ്രത, പ്രവര്‍ത്തനപരിചയം എന്നിവയൊന്നും പരിശോധിച്ചില്ല. ലൈസന്‍സിന് അപേക്ഷിക്കാനുള്ള അവസാനതീയതി മാറ്റിയതിനെ അന്നത്തെ ടെലികോം സെക്രട്ടറി ഡി എസ് മാത്തൂറും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയും എതിര്‍ത്തിരുന്നു. ലേലം ചെയ്ത് ലൈസന്‍സ് നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. മാത്തൂറിന്റെയും ടെലികോം മെമ്പര്‍(ധനകാര്യം) മഞ്ജു മാധവന്റെയും ശക്തമായ എതിര്‍പ്പു കാരണം സ്പെക്ട്രം വില്‍പ്പന നടപടികളുമായി മുന്നോട്ടുപോകാന്‍ രാജക്ക് കഴിഞ്ഞില്ല. സമ്മര്‍ദം സഹിക്കാനാകാതെ മഞ്ജു മാധവന്‍ 2007 ഡിസംബര്‍ നാലിനു സ്വയം വിരമിച്ചതിനു പിന്നാലെ ഡിസംബര്‍ 31നു മാത്തൂറും വിരമിച്ചു.

വകുപ്പിലെ തടസ്സങ്ങള്‍ നീങ്ങിയ രാജ 2008ല്‍ തന്റെ വിശ്വസ്തനായ സിദ്ധാര്‍ഥ് ബെഹറയെ ടെലികോം സെക്രട്ടറിയായി അവരോധിച്ചു. 2008 ജനുവരി പത്തിനു പകല്‍ 2.45ന് മുന്‍കാലപ്രാബല്ല്യത്തോടെ പുറപ്പെടുവിച്ച ടെലികോം വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2007 ഒക്ടോബര്‍ ഒന്ന് എന്നത് 2007 സെപ്തംബര്‍ 25 എന്നു മാറ്റി നിശ്ചയിച്ചു. പുതിയ അപേക്ഷകര്‍ ജനുവരി പത്തിന് വൈകിട്ട് 3.30നും 4.30നുമിടയില്‍ ഫീസ് അടയ്ക്കണമെന്നും അറിയിച്ചു. 1500 കോടി രൂപ മുതല്‍ 1600 കോടി രൂപ വരെയുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ ഒന്‍പത് കമ്പനികള്‍ 45 മിനിറ്റിനുള്ളില്‍ നല്‍കുകയും ചെയ്തു. ഈ ഒന്‍പത് കമ്പനികളുടെയും പ്രതിനിധികള്‍ 2008 ജനുവരി ഒന്‍പതിന് മന്ത്രി രാജയുമായി അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ദിവസം വാര്‍ത്താക്കുറിപ്പ് ഇറക്കുമെന്ന് മന്ത്രി അവരെ അറിയിച്ചിരുന്നു. അതനുസരിച്ച് ഇവരെല്ലാം ഡിമാന്‍ഡ് ഡ്രാഫ്റ്റും തയ്യാറാക്കി നിന്നു.

രാജയുടെ പ്രിയപ്പെട്ട യൂണിടെക് കമ്പനി അപേക്ഷ നല്‍കിയത് 2007 സെപ്തംബര്‍ 24നായിരുന്നു. അതുകൊണ്ടാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി സെപ്തംബര്‍ 25 എന്നു നിശ്ചയിച്ചത്. അതിനുശേഷം അപേക്ഷ നല്‍കിയവരെ ഒഴിവാക്കി. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാറ്റിയതിനെതിരെ എസ്ടെല്‍ കമ്പനി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് അപേക്ഷത്തീയതി പുതുക്കിയ നടപടി ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് 2009 ജൂണില്‍ റദ്ദാക്കി. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ ടെലികോം വകുപ്പ് നല്‍കിയ അപ്പീല്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല.

സ്പെക്ട്രം ലഭിച്ചുകഴിഞ്ഞാല്‍ മൂന്നുവര്‍ഷത്തേക്ക് ഉടമസ്ഥത മാറ്റാന്‍ പാടില്ലെന്ന നിയമം സ്വാന്‍, യൂണിടെക് കമ്പനികള്‍ക്കു വേണ്ടി ടെലികോം സെക്രട്ടറി ഇളവുചെയ്തു. അഴിമതിക്ക് കൂട്ടുനിന്ന ബെഹറയെ, വിരമിച്ചശേഷം ചെന്നൈ ആസ്ഥാനമായ സി-ഡോട്ട് അല്‍ക്കാടെല്‍ റിസര്‍ച്ച് സെന്റര്‍ എന്ന സംയുക്ത സംരംഭത്തിന്റെ ചെയര്‍മാനാക്കി രാജ നിയമിച്ചു. 2 ജി സ്പെക്ട്രം ഇടപാടില്‍ വന്‍ ക്രമക്കേടും നിയമലംഘനവും നടന്നെന്ന് ചീഫ് വിജിലന്‍സ് കമീഷണര്‍ പ്രത്യുഷ് സിന്‍ഹ വെളിപ്പെടുത്തി. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി, 2001ലെ വിപണി നിലവാരം വച്ച് 2008ല്‍ ഇടപാട് ഉറപ്പിച്ചത്, സ്പെക്ട്രം ലൈസന്‍സ് ലഭിച്ചയുടന്‍ സ്വാന്‍- യൂണിടെക് കമ്പനികള്‍ അത് പലമടങ്ങ് വിലയ്ക്ക് മറിച്ചുവിറ്റത് എന്നിവയാണ് പ്രധാന ക്രമക്കേടുകളെന്ന് സിന്‍ഹ വിലയിരുത്തി. സിബിഐ ഇതുസംബന്ധിച്ചു നടത്തിയ അന്വേഷണങ്ങളില്‍ രാജയ്ക്കെതിരെ സ്വന്തം മന്ത്രാലയത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന 'സഞ്ചാര്‍ ഭവനി'ല്‍ നിന്നുതന്നെ തെളിവ് ലഭിച്ചു. ഗവര്‍മെന്റിന് ലഭിക്കേണ്ടിയിരുന്ന തുകയുടെ മൂന്നിലൊന്നു മാത്രമാണ് സര്‍ക്കാരിന് സ്പെക്ട്രം-ലൈസന്‍സ് നല്‍കലിലൂടെ ലഭിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍

III

കരുണാനിധി പറന്നെത്തി; പ്രധാനമന്ത്രി മൌനം പാലിച്ചു - കത്തുകള്‍ പറന്നത് ഇരുട്ടിന്റെ മറവില്‍

സ്പെക്ട്രം ഇടപാടില്‍ പ്രഥമദൃഷ്ടിയില്‍ത്തന്നെ അഴിമതി ലക്ഷണങ്ങള്‍ തെളിഞ്ഞപ്പോള്‍ എതിര്‍പ്പുകളുടെ പര്‍വതവും ടെലികോം മന്ത്രി രാജയ്ക്കെതിരെ ഉയര്‍ന്നു. എന്നാല്‍, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കലൈഞ്ജരും നടത്തിയ കൂടികാഴ്ചയ്ക്കുശേഷം എതിര്‍പ്പിന്റെ പര്‍വതം മഞ്ഞുമലയായി ഉരുകുന്നതാണ് രാജ്യം കണ്ടത്. എതിര്‍ത്തവര്‍ അശക്തരായിരുന്നില്ല. ആഭ്യന്തരമന്ത്രി ചിദംബരവും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ട്രായ് ചെയര്‍മാനുമെല്ലാം ഇക്കൂട്ടത്തിലുണ്ടായി. പക്ഷേ, രാജ വെട്ടിയ അഴിമതിയുടെ രാജപാതയ്ക്കരികില്‍ ഇവര്‍ നോക്കുകുത്തികളായി. ടെലികോംവകുപ്പിന്റെ നിയമവിരുദ്ധതയും മാനദണ്ഡലംഘനവും ചൂണ്ടിക്കാട്ടി ട്രായ് ചെയര്‍മാന്‍ പലവട്ടം ടെലികോംമന്ത്രാലയത്തിന് കത്തയച്ചു. കേന്ദ്ര ധനമന്ത്രിയായിരുന്ന പി ചിദംബരവും 'ആദ്യം വന്നവര്‍ക്ക് ആദ്യം' എന്ന രീതിയെ എതിര്‍ത്തു. അന്നത്തെ കേന്ദ്ര ധനകാര്യ സെക്രട്ടറിയും ഇപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറുമായ ഡി സുബ്ബറാവുവും, രാജയുടെ വിശ്വസ്തനും ടെലികോം സെക്രട്ടറിയുമായ സിദ്ധാര്‍ഥ് ബെഹറയും തമ്മില്‍ തീപ്പൊരി ചിതറുന്ന കത്തിടപാടുകള്‍ നടന്നു. 2001ലെ വിലയ്ക്ക് 2008ല്‍ സ്പെക്ട്രം നല്‍കാനാകില്ല എന്നായിരുന്നു സുബ്ബറാവുവിന്റെ വാദം. കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതിനാല്‍ സ്പെക്ട്രം അനുമതി തടയണം. മാത്രമല്ല, നിലവിലുള്ള വിപണി നിലവാരമനുസരിച്ച് ഫീസ് ലഭിക്കാന്‍ ലേലത്തിലൂടെയാകണം അനുമതിയെന്നും സുബ്ബറാവു ശുപാര്‍ശചെയ്തു.

കേന്ദ്ര മന്ത്രിസഭാസമിതി പരിശോധിച്ച് അംഗീകരിച്ചശേഷം മാത്രമേ സ്പെക്ട്രം ഇടപാട് നടത്താന്‍ പാടുള്ളൂവെന്ന് 2007 നവംബര്‍ ഒന്നിന് കേന്ദ്ര നിയമമന്ത്രി എച്ച് ആര്‍ ഭരദ്വാജ് ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറലില്‍നിന്ന് നിയമോപദേശം തേടണമെന്നും മന്ത്രി ശുപാര്‍ശചെയ്തു. പിറ്റേന്ന് രാത്രി എട്ടിന് രാജയുടെ കത്ത് പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഭരദ്വാജിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള ബുദ്ധിയില്ലെന്നായിരുന്നു രാജയുടെ വാദം. സ്പെക്ട്രം അനുമതിക്കുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നും രാജ കത്തില്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയുടെ മറുപടി കത്ത് രാജയുടെ വീട്ടിലെത്തി. 'ആദ്യം വരുന്നവര്‍ക്ക് ആദ്യം' എന്ന രീതിയില്‍ സ്പെക്ട്രം അനുവദിക്കരുതെന്നും തന്നെ അറിയിക്കാതെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി കത്തിലൂടെ മറുപടി നല്‍കിയത്. ട്രായ് ഉയര്‍ത്തിയ വാദങ്ങളോട് പ്രതികരിക്കണമെന്നും രാജയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീണ്ടും രാജയുടെ കത്ത് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക്. പ്രധാനമന്ത്രി ഉയര്‍ത്തിയ കാര്യങ്ങളോടൊന്നും പ്രതികരിക്കാതെ, 'രാജ്യത്തെ ടെലികോം മേഖലയുടെ വികസനത്തിനുവേണ്ടിയാണ് തന്റെ എല്ലാ തീരുമാനങ്ങളും' എന്ന മറുപടിയാണ് രാജ നല്‍കിയത്.

2007 നവംബര്‍ രണ്ടിന് രാത്രി 7.30 മുതല്‍ 11.30 വരെ അന്നത്തെ സോളിസിറ്റര്‍ ജനറല്‍ ജി വഹന്‍വതി രാജയുടെ വീട്ടിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കുള്ള കത്തുകള്‍ തയ്യാറാക്കിയത് വഹന്‍വതിയുടെ നിര്‍ദേശപ്രകാരമായിരുന്നു. 2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രണബ് മുഖര്‍ജിയും വഹന്‍വതിയും നിര്‍ദേശങ്ങള്‍ നല്‍കിയെന്നും തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ചെന്നുമാണ് പറഞ്ഞത്. 'കത്ത് കിട്ടി'-2008 ജനുവരി മൂന്നിന് രാജയ്ക്ക് അയച്ച കത്തില്‍ പ്രധാനമന്ത്രി പ്രതികരിച്ചത് ഇങ്ങനെമാത്രം.

പ്രധാനമന്ത്രിയുടെ നിശബ്ദതയ്ക്ക് പിന്നില്‍ കാരണങ്ങളേറെയാണ്.

2007 നവംബറിനും 2008 ജനുവരിക്കുമിടയിലാണ് തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി മകളോടൊപ്പം പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും കണ്ടത്. പ്രധാനമന്ത്രിയുടെ മൌനം ഇതിനുശേഷമായിരുന്നു. പ്രധാനമന്ത്രിയുടെ അറിവോടെയാണ് സ്പെക്ട്രം ഇടപാടെന്ന് രാജ പരസ്യമായി പ്രസ്താവനയും നടത്തി. തായ്ലന്‍ഡില്‍ ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുത്തപ്പോള്‍ രാജയുടെ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രിയോട് ചോദ്യമുയര്‍ന്നു. ക്യാബിനറ്റില്‍ തന്റെ സഹപ്രവര്‍ത്തകനായ ഒരാളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നു മാത്രമായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രിയുടെ ഈ മൌനസമ്മതം അഴിമതി നടത്താനും സുരക്ഷിതനായി വിലസാനും രാജയ്ക്ക് സഹായകമായി.
രാജയുടെ അഴിമതി വിരുത് സ്പെക്ട്രം ഇടപാടില്‍ മാത്രമല്ല, ബിഎസ്എന്‍എല്ലിലെ വൈമാക്സ് സംവിധാനം സ്വകാര്യകമ്പനികള്‍ക്ക് നല്‍കിയതിലും രാജ്യം കണ്ടു.

IV

വൈമാക്സ്- ആറില്‍ അഞ്ചും സ്വന്തക്കാര്‍ക്ക്

സ്പെക്ട്രം വിവാദം കൊടുമ്പിരിക്കൊണ്ട സമയത്തുതന്നെ മറ്റൊരു അഴിമതി ഇടപാടിന്റെ തിരക്കിലായിരുന്നു രാജ. മൊബൈല്‍ഫോണ്‍ രംഗത്തെ ആധുനിക സാങ്കേതികവിദ്യയായ വൈമാക്സിന്റെ ഫ്രാഞ്ചൈസി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതിലാണ് ഈ അഴിമതി. ഫ്രാഞ്ചൈസി ലഭിച്ച ആറ് കമ്പനിയില്‍ അഞ്ചെണ്ണവും രാജയുടെ വിശ്വസ്ത സുഹൃത്ത് സഞ്ജയ് കപൂറും ബന്ധുക്കളും ഡയറക്ടര്‍മാരായ കമ്പനികളാണ്. അഞ്ച് കമ്പനിയും രജിസ്റ്റര്‍ചെയ്തത് ഒരേ ദിവസം. ഒപ്പിട്ടത് ഒരേ നോട്ടറി. അഞ്ച് കമ്പനിക്കും ഒരേ ഓഡിറ്റര്‍. കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പിട്ടത് ഒരേ സാക്ഷികള്‍. ആറാമത്തെ കമ്പനിയാകട്ടെ തമിഴ്നാട്ടിലെ മുന്‍ കോണ്‍ഗ്രസ് എംപിയുടെ ഉടമസ്ഥതയിലുള്ളതും. വൈഎക്സ്പര്‍ട് കമ്യൂണിക്കേഷന്‍സ്, എസ് വി ടെലികോം സിസ്റ്റസ്, ഡിജിറ്റല്‍കോ കമ്യൂണിക്കേഷന്‍സ്, സ്പെക്ട്രസ് കമ്യൂണിക്കേഷന്‍സ്, ടെക്നോഷ്യല്‍ ഇന്‍ഫോവേയ്സ് എന്നിവയാണ് സഞ്ജയ് കപൂറിന്റെ കമ്പനികള്‍.

കമ്പനി രേഖകളില്‍ കാണുന്ന മേല്‍വിലാസങ്ങളിലെത്തിയാല്‍ കാണുന്നത് വീടുകളാണ്. ഒരു ബോര്‍ഡുപോലുമില്ല. 2007 നവംബര്‍ അഞ്ചിന് രജിസ്റ്റര്‍ചെയ്ത കമ്പനികളാണിവ. ഈ കമ്പനികള്‍ക്ക് സാങ്കേതികസഹായങ്ങള്‍ നല്‍കുന്നത് ഖത്തര്‍ ആസ്ഥാനമായ വൈട്രൈബ് ആണ്. പാകിസ്ഥാനിലെ ടെലികോംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. വൈഎക്സ്പര്‍ട് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് കപൂറിന്റെ ഭാര്യ അനാമികയാണ്. അനാമികയുടെ അമ്മ സ്നേഹപ്രഭ അറോറ ഇതേ കമ്പനിയുടെ ഡയറക്ടര്‍. അനാമികയുടെ അച്ഛന്‍ സുരേന്ദ്രമോഹന്‍ അറോറ എസ് വി ടെലികോമിന്റെ മേധാവിയും. സഞ്ജയ് കപൂറിന്റെ സഹോദരന്‍ സതീഷ് കപൂറിന്റേതാണ് സ്പെക്ട്രസ് കമ്പനി. സതീഷിന്റെ ഭാര്യ കാമിനി കപൂര്‍ ഡിജിറ്റല്‍കോ കമ്പനിയുടെ മേധാവിയാണ്. സഞ്ജയ് കപൂറിന്റെ അമ്മ സുനിതാ കപൂര്‍ ടെക്നോഷ്യല്‍ ഇന്‍ഫോവേയ്സിന്റെ മേധാവിയും. അങ്ങനെ എല്ലാ കമ്പനികളും സഞ്ജയ് കപൂറിന്റെ ബന്ധുക്കളുടെ നിയന്ത്രണത്തില്‍. സഞ്ജയ് കപൂര്‍ രാജയുടെ നിയന്ത്രണത്തിലുമാണ്. രാജ വനം-പരിസ്ഥിതി മന്ത്രിയായിരിക്കുമ്പോള്‍ മന്ത്രിഓഫീസിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു സഞ്ജയ് കപൂര്‍. രാജ കമ്യൂണിക്കേഷന്‍സ് മന്ത്രിയായപ്പോള്‍ സൌഹൃദവും സന്ദര്‍ശനവും കൂടി. മുന്‍ കോണ്‍ഗ്രസ് എംപി സി നരസിംഹത്തിന്റെ രാശി കാള്‍നെറ്റ് എന്ന സ്ഥാപനമാണ് വൈമാക്സ് ഫ്രാഞ്ചൈസി നേടിയ ആറാമത്തെ കമ്പനി. നേരത്തെ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്തുന്ന സോമ നെറ്റ്വര്‍ക്സിനും വൈമാക്സ് ഫ്രാഞ്ചൈസി നല്‍കിയിട്ടുണ്ട്. മുന്‍ ഉപരാഷ്ട്രപതി ജി എസ് പഥക്കിന്റെ മകനും മുന്‍ ആസൂത്രണ കമീഷന്‍ അംഗവുമായ എം എസ് പഥക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

വൈമാക്സിലൂടെയുള്ള വരുമാനത്തിന്റെ 75 ശതമാനവും സ്വകാര്യകമ്പനികള്‍ക്കും 25 ശതമാനംമാത്രം ബിഎസ്എന്‍എല്ലിനും നല്‍കുന്ന വിധമാണ് ഫ്രാഞ്ചൈസി നല്‍കിയത്. ബിഎസ്എന്‍എല്ലിന്റെ കണക്കനുസരിച്ച് ഒരു വര്‍ഷം 900 കോടിയാണ് വൈമാക്സിലൂടെയുള്ള വരുമാനം. ഫ്രാഞ്ചൈസി ലഭിക്കുന്നവര്‍ക്ക് 20 മെഗാഹെട്സ് സ്പെക്ട്രം ഒരു ചെലവുമില്ലാതെ ഉപയോഗിക്കാന്‍ ലഭിക്കുമെന്നതാണ് കള്ളക്കളിയുടെ മറ്റൊരു വശം. ബിഎസ്എന്‍എല്ലിന്റെ 50,000 ടവറും 20,000 ഓഫീസ് കെട്ടിടങ്ങളുടെ സൌകര്യങ്ങളും 20 ലക്ഷം കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകളുംകൂടി സ്വകാര്യ കമ്പനികള്‍ക്ക് സൌജന്യമായി ഉപയോഗിക്കാം. ഇതുപയോഗിച്ച് വന്‍ വരുമാനവും നേടാം. തുടര്‍ച്ചയായ രണ്ടു വര്‍ഷം 100 കോടി രൂപയെങ്കിലും വിറ്റുവരവുള്ള കമ്പനികള്‍ക്ക് മാത്രമേ വൈമാക്സ് നല്‍കാവൂ എന്ന ബിഎസ്എന്‍എല്ലിന്റെ വ്യവസ്ഥയാണ് രാജ അട്ടിമറിച്ചത്. വ്യാജ കണക്കുകള്‍ സ്വീകരിച്ച് ഫ്രാഞ്ചൈസി നല്‍കാന്‍ ബിഎസ്എന്‍എല്‍ അധികാരികളെ മന്ത്രി നിര്‍ബന്ധിച്ചു. തുടര്‍ച്ചയായി ബിഎസ്എന്‍എല്ലിന് നഷ്ടം വരുത്തുന്ന ഇടപാടുകളിലൂടെ തന്റെ പിണിയാളുകള്‍ക്ക് കോടികളുടെ ലാഭമാണ് രാജ ഉണ്ടാക്കിക്കൊടുത്തത്.
താല്‍പ്പര്യപത്രം ക്ഷണിക്കുകയും അത് പല തവണ റദ്ദാക്കുകയും ചെയ്തശേഷം തന്നിഷ്ടക്കാര്‍ക്ക് ഫ്രാഞ്ചൈസി വീതിച്ചുനല്‍കിയെന്ന് പ്രധാനമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. മറ്റെല്ലാ എതിര്‍പ്പുകളിലും സഹായിച്ച പ്രധാനമന്ത്രി ഇവിടെയും രാജയെ പിന്തുണച്ചു.

V

രക്ഷയ്ക്ക് ബിജെപിയും ഇടനിലക്കാരിയായി നീര റാഡിയ

യൂണിടെക്കിനും സ്വാന്‍ കമ്പനിക്കും 2 ജി സ്പെക്ട്രവും ലൈസന്‍സും നേടിക്കൊടുത്തത് നീര റാഡിയ എന്ന ഇടനിലക്കാരി. കരുണാനിധിയുടെ മൂന്നാം ഭാര്യ രാജാത്തിഅമ്മാളുമായും കനിമൊഴിയുമായി പരിചയപ്പെട്ട നീര റാഡിയ പിന്നീട് രാജയുമായും ചങ്ങാത്തത്തിലായി. ഡിഎംകെ സ്ഥാപകാംഗം സി എന്‍ അണ്ണാദുരയുടെ വളര്‍ത്തുമകന്‍ ഡോ. ഗൌതമിന്റെ ഭാര്യ തുളസിവഴിയാണ് നീര കരുണാനിധിയുടെ ഭാര്യയും മകളുമായി ചങ്ങാത്തത്തിലായത്. രാജ, കനിമൊഴി, രാജാത്തിഅമ്മാള്‍, നീര റാഡിയ എന്നിവരടങ്ങുന്ന നാല്‍വര്‍സംഘം രൂപപ്പെട്ടു. ഇവര്‍ ദേശീയസമ്പത്ത് കൊള്ളയടിക്കാന്‍ മാത്രമല്ല, ദേശീയരാഷ്ട്രീയത്തില്‍ ഇടപെടാന്‍ കഴിയുന്നവരാണെന്നും തെളിയിച്ചു.

ലണ്ടനില്‍ ഏറെക്കാലം കഴിഞ്ഞ നീര 15 വര്‍ഷമായി ഇന്ത്യയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. വലിയ കോര്‍പറേറ്റ് കമ്പനികളുമായി അടുത്തു പ്രവര്‍ത്തിക്കുന്ന നീര അവരുടെ തര്‍ക്കങ്ങളില്‍ ഇടപെടുന്നു; മത്സരങ്ങളില്‍ പങ്കാളിയാകുന്നു. ടാറ്റയ്ക്ക് വിദേശ സഞ്ചാര്‍ നിഗം തീറെഴുതിക്കൊടുത്തതും നീരയുടെ സ്വാധീനംമൂലമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നീരയുടെ സ്ഥാപനമായ ക്രൌണ്‍ എക്സ്പ്രസ് ഏവിയേഷന്‍ കമ്പനി ആരംഭിക്കാന്‍ രംഗത്തെത്തി. ഒരു ലക്ഷം രൂപ മാത്രമായിരുന്നു ആ കമ്പനിയുടെ മൂലധനം. അന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരുന്ന ആനന്ദ്കുമാറായിരുന്നു നീരയുടെ വക്കാലത്ത് ഏറ്റെടുത്തത്. കാര്യങ്ങള്‍ ഏറെക്കുറെ നടക്കുമെന്ന ഘട്ടം വന്നപ്പോഴാണ് മറ്റൊരു വിമാനക്കമ്പനി നീരയുടെ ലണ്ടന്‍കാലത്തെ വിശേഷങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അതോടെ പദ്ധതി പൊളിഞ്ഞു. ഇപ്പോഴും ആനന്ദ്കുമാറുമായി നല്ല ബന്ധമാണ് നീരയ്ക്ക്. അതിനാല്‍ പാര്‍ലമെന്റില്‍ 2 ജി സ്പെക്ട്രം അഴിമതി ഉന്നയിക്കാന്‍ ബിജെപിക്ക് വലിയ താല്‍പ്പര്യമില്ല. ആനന്ദ്കുമാര്‍ മാത്രമല്ല ബിജെപിയില്‍ രാജയുടെ രക്ഷകന്‍; സുഷമ സ്വരാജുമുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധമാണ് രാജയ്ക്കും സുഷമയ്ക്കും. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിലെ പ്രസാദവും ദക്ഷിണേന്ത്യന്‍ വിഭവങ്ങളും തുടങ്ങി, രാജ വനം-പരിസ്ഥിതി മന്ത്രിയായിരുന്നപ്പോള്‍ ബെല്ലാരി ഖനി രാജാക്കന്മാര്‍ക്ക് നല്‍കിയ സഹായങ്ങളും ഇപ്പോള്‍ രക്ഷയായി. രാജയും ഭാര്യയും സുഷമ സ്വരാജിന്റെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുമുണ്ട്.

സ്പെക്ട്രം ഇടപാടില്‍ അഴിമതി തെളിഞ്ഞിട്ടും രാജയെ രണ്ടാം യുപിഎ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞില്ല. കാരണം, മന്‍മോഹനെ നിയന്ത്രിക്കുന്ന സോണിയക്ക് കരുണാനിധിയെ തള്ളിപ്പറയാനാകില്ല. കരുണാനിധിക്ക് രാജാത്തിയമ്മാളെയും കനിമൊഴിയെയും പിണക്കാന്‍ വയ്യ. രാജാത്തിയമ്മാള്‍, കനിമൊഴി എന്നിവരില്‍ വലിയ സ്വാധീനമാണ് രാജയ്ക്കുള്ളത്. മാത്രമല്ല, ഡിഎംകെയുടെ ഏറ്റവും വലിയ പണപ്പിരിവുകാരനാണ് രാജ. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 25 മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് 50 കോടി രൂപ വീതം രാജ സമാഹരിച്ച് നല്‍കിയതായി ഡിഎംകെ നേതാക്കളും സമ്മതിക്കുന്നു.

2009 മെയ് 21ന് കോണ്‍ഗ്രസ്-ഡിഎംകെ മന്ത്രിസഭാ തര്‍ക്കം ചര്‍ച്ചചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ഉറച്ച അഭിപ്രായം രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയില്ലെന്നായിരുന്നു. രാജയെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല എന്നായിരുന്നു കരുണാനിധിയുടെ നിലപാട്. അങ്ങനെ സോണിയയും മന്‍മോഹനും വഴങ്ങി. കോണ്‍ഗ്രസ് അധ്യക്ഷയുടെയും പ്രധാനമന്ത്രിയുടെയും ഈ ആശീര്‍വാദമാണ് കോടികള്‍ മുക്കിയ രാജമാര്‍ക്ക് ഇപ്പോഴും മന്ത്രിക്കസേരയില്‍ വിലസാന്‍ തുണയാകുന്നത്.

*
വി ജയിന്‍ ദേശാഭിമാനിക്ക് വേണ്ടി തയ്യാറാക്കിയ പരമ്പര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സോണിയക്ക് കരുണാനിധി ബഹുമാന്യനായ കാരണവര്‍. പ്രധാനമന്ത്രിയാകട്ടെ സോണിയയുടെ വിനീതദാസന്‍. ഈ ആത്മബന്ധങ്ങള്‍ രാജ്യത്തിന് നഷ്ടമാക്കിയത് ഒരുലക്ഷം കോടി രൂപ. പത്ത് പ്രധാന സംസ്ഥാനങ്ങള്‍ക്ക് വാര്‍ഷികപദ്ധതി നടത്താനുള്ള തുക. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ന്യായീകരിക്കാന്‍ ടെലികോംമന്ത്രി എ രാജ പെടാപ്പാട് പെടുമ്പോള്‍ പ്രധാനമന്ത്രി അര്‍ഥഗര്‍ഭമായ മൌനംപാലിച്ചു. ഭരണം നിലനിര്‍ത്താന്‍ ഈ 'പെരിയ കുംഭകോണ'ത്തിന് സോണിയയും മന്‍മോഹന്‍സിങ്ങും കൂട്ടുനിന്നു. ഇന്ത്യയില്‍ മുമ്പുണ്ടായ അഴിമതികളില്‍നിന്ന് വ്യത്യസ്തമാണ് ടെലികോം സ്പെക്ട്രം തട്ടിപ്പ്. മുന്‍കൂട്ടി അറിയിച്ചിട്ടും അഴിമതി തടയാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചു. സ്പെക്ട്രം ലൈസന്‍സ് നല്‍കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും തുടര്‍നടപടി അറിയിക്കണമെന്നും പ്രധാനമന്ത്രി ടെലികോംമന്ത്രി എ രാജയോട് നിര്‍ദേശിച്ചു. 2ജി സ്പെക്ട്രം ഇടപാട് നടത്തരുതെന്ന് ആവശ്യപ്പെട്ട് 2008 ഫെബ്രുവരി 29ന് സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. ഇത്രയുമായപ്പോള്‍ സ്വാഭാവികമായും അഴിമതി തടയാമായിരുന്നു. എന്നാല്‍, കരുണാനിധിയും മകള്‍ കനിമൊഴിയും സോണിയാഗാന്ധിയെയും പ്രധാനമന്ത്രിയെയും കണ്ടതോടെ തടസ്സങ്ങള്‍ നീങ്ങി. കേന്ദ്ര മന്ത്രിസഭയുടെ അനുമതിയില്ലാതെ സ്പെക്ട്രം ഇടപാട് നടന്നു. പ്രധാനമന്ത്രി നിശബ്ദനായി ഇതിന് സാക്ഷിയായി.