Wednesday, May 23, 2012

കച്ചവടശക്തികള്‍ക്ക് പച്ചക്കൊടി

യുഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷം എല്ലാ മേഖലകളിലും സൃഷ്ടിച്ചത് പിന്നോട്ടുപോക്കും തകര്‍ച്ചയുമാണ്. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. വ്യാവസായികരംഗത്ത് തകര്‍ച്ച, പവര്‍കട്ട്, പൊതുവിതരണരംഗത്തെ കുത്തഴിഞ്ഞ സ്ഥിതി, ദുസ്സഹമായ വിലക്കയറ്റം, മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും, ആരോഗ്യമേഖലയുടെ അനാഥത്വം, അഞ്ചാംമന്ത്രി വിവാദവും രാഷ്ട്രീയത്തര്‍ക്കങ്ങളും, അഴിതിക്കേസുകള്‍ പിന്‍വലിക്കുന്ന നാണംകെട്ട കള്ളക്കളിയും ജാതിമതവര്‍ഗീയശക്തികളുടെ താളത്തിനുതുള്ളുന്ന അവസരവാദവും അപഹാസ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ സ്ഥിതി കൂടുതല്‍ ദയനീയമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുണമേന്മ ഉയര്‍ത്താന്‍ കൈക്കൊണ്ട നടപടികളും മറ്റും ഒറ്റയടിക്ക് അട്ടിമറിക്കാനാകില്ല എങ്കിലും യുഡിഎഫ് സമീപനം പൊതുവെ പ്രതിലോമകരമാണ്. എല്ലാരംഗത്തും സ്വകാര്യ കച്ചവടശക്തികള്‍ക്ക് സൈ്വരവിഹാരത്തിന് പച്ചക്കൊടി കാട്ടുന്നു.

ആദ്യവര്‍ഷത്തെ സ്വാശ്രയകരാര്‍ പ്രകാരം എന്‍ജിനിയറിങ്- മെഡിക്കല്‍ രംഗങ്ങളില്‍ പതിനേഴരക്കോടി രൂപ വിദ്യാര്‍ഥികളില്‍നിന്ന് പിഴിഞ്ഞെടുക്കാനുള്ള അധികസ്വാതന്ത്ര്യമാണ്, തൊട്ടുമുമ്പത്തെ എല്‍ഡിഎഫ് കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് അനുവദിച്ചുകൊടുത്തിരിക്കുന്നത്. എല്‍ഡിഎഫ് ഭരണത്തിന്റെ അവസാനവര്‍ഷം സര്‍ക്കാര്‍ പ്രവേശിപ്പിക്കുന്ന 50 ശതമാനം സീറ്റില്‍ മെറിറ്റും സംവരണവും പിന്തുടര്‍ന്ന് പഠിക്കാനവസരം കിട്ടുന്ന വിദ്യാര്‍ഥികള്‍ എന്‍ജിനിയറിങ്ങിന് പ്രതിവര്‍ഷം 35,000 രൂപയാണ് ഫീസ് നല്‍കേണ്ടിയിരുന്നത്. ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷം (2011-12) സര്‍ക്കാരിന് ലഭിക്കുന്ന സീറ്റിന്റെ 50 ശതമാനത്തില്‍ 25,000 രൂപ കൂടി വര്‍ധിപ്പിച്ച് 60,000 രൂപയായി ഫീസ് കുത്തനെ ഉയര്‍ത്തിയിരിക്കുന്നു. നഗ്നമായ ഈ തീവെട്ടിക്കൊള്ളയ്ക്ക് എന്ത് ന്യായീകരണമാണ് യുഡിഎഫ് സര്‍ക്കാരിന് പറയാനുള്ളത്? സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസിലും ഇതുപോലെ വന്‍ വര്‍ധനയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിക്കുകയുണ്ടായി. മൂന്നുകോടിയില്‍പരം രൂപയാണ് ഇത്തരത്തില്‍ അധികം വസൂലാക്കാന്‍ ഇക്കൂട്ടര്‍ക്ക് അവസരമൊരുങ്ങിയത്. ഏറ്റവും വിചിത്രമായ കാര്യം ഇതെല്ലാം എല്‍ഡിഎഫ് കാലത്ത് നടന്നതാണെന്ന പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും നിയമസഭയില്‍ ഒരുമ്പെട്ടത് എന്നതാണ്. സ്വാശ്രയമാനേജ്മെന്റുകള്‍ക്കുവേണ്ടി, പരിപാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാവേദിയില്‍ നുണപറയുന്ന സ്ഥിതിയിലേക്ക് യുഡിഎഫിന്റെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും അധഃപതിച്ച ദയനീയസ്ഥിതിയാണ് ഇന്ന് കേരളത്തില്‍.

സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ മെറിറ്റും സംവരണവും അട്ടിമറിച്ച യുഡിഎഫ് നീക്കമാണ് ഏറ്റവും പ്രതിഷേധാര്‍ഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷപദവിയുള്ള സ്വാശ്രയസ്ഥാപനങ്ങള്‍ക്ക് ഒരു പ്രത്യേക അവകാശം നല്‍കിയിരുന്നു. സര്‍ക്കാരിന് വിട്ടുതരുന്ന 50 ശതമാനം സീറ്റ് മെറിറ്റും സംവരണവും പാലിച്ച് പ്രവേശന നടപടി തുടങ്ങുന്നതിനുമുമ്പ്, അതിന്റെ 30 ശതമാനം അതത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളിലെ ഏറ്റവും മാര്‍ക്കുള്ളവരെ ഇന്റര്‍സേ മെറിറ്റുപ്രകാരം മാനേജ്മെന്റ് നിര്‍ദേശിക്കുന്ന സുതാര്യമായ മാനദണ്ഡപ്രകാരം പ്രവേശനത്തിന് പരിഗണിക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതിനൊരു പശ്ചാത്തലമുണ്ട്. സുപ്രീംകോടതി ഇനാംദാര്‍ കേസില്‍ പുറപ്പെടുവിച്ച വിധിയെത്തുടര്‍ന്ന്, ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ മാനേജ്മെന്റുകളെ ഉള്‍പ്പെടുത്താത്ത ഭരണഘടനാ ഭേദഗതിയാണ് കേന്ദ്ര യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയത്. അതിന്റെ അര്‍ഥം ന്യൂനപക്ഷപദവിയുള്ള സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് സീറ്റുവിട്ടുതരാന്‍ നിയമപരമായി ബാധ്യസ്ഥരല്ല എന്നാണ്. അവര്‍ക്ക് സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു ഉഭയകക്ഷിക്കരാര്‍ ഒപ്പിട്ട് 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകിട്ടാന്‍ വ്യവസ്ഥചെയ്തിരുന്നെങ്കില്‍, പരസ്പര കരാര്‍ പാലിക്കണമെന്ന് അവരോട് സമ്മര്‍ദം ചെലുത്തി പറയാമായിരുന്നു. ഒത്തുകളിയുടെ ഭാഗമായോ കഴിവുകേടുകൊണ്ടോ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത് ചെയ്യാതിരുന്നത് സ്വാശ്രയമാനേജ്മെന്റുകള്‍ക്കെല്ലാം വാക്കുമാറാന്‍ നല്ല സഹായമായി. കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരാണെങ്കിലോ, ഈ സാഹചര്യത്തെ മറികടക്കാന്‍ സഹായകമായ സമഗ്രമായ കേന്ദ്രനിയമം, ഭരണഘടനാഭേദഗതിയെത്തുടര്‍ന്ന് കൊണ്ടുവന്നതുമില്ല. ചുരുക്കത്തില്‍ കേന്ദ്ര- സംസ്ഥാന കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരുകളുടെ സ്വകാര്യ സ്വാശ്രയ പ്രീണന സമീപനം, സാമൂഹികനീതിയും മെറിറ്റും താങ്ങാവുന്ന ഫീസും നടപ്പാക്കി ദരിദ്രകുടുംബങ്ങളില്‍നിന്നുവരുന്ന മിടുക്കരായ കുട്ടികളെ സഹായിക്കുന്നതിന് കടുത്ത തടസമുണ്ടാക്കി. എന്നാല്‍, നിയമനിര്‍മാണത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള സമവായ ചര്‍ച്ചയിലൂടെയും യുഡിഎഫ് സര്‍ക്കാരുകള്‍ക്കൊന്നും ഒരിക്കലും കൈവരിക്കാന്‍ കഴിയാത്ത നേട്ടം സ്വാശ്രയമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് 2006-10 കാലയളവില്‍ സാധിച്ചു. ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ സ്ഥാപനങ്ങളെയും സര്‍ക്കാരുമായുള്ള കരാറില്‍ സഹകരിപ്പിക്കുന്നതിനാണ് 30 ശതമാനം സീറ്റില്‍ ഇന്റര്‍സേ മെറിറ്റില്‍ പ്രവേശനത്തിനുള്ള വ്യവസ്ഥ കരാറില്‍ പെടുത്തിയിരുന്നത്. എന്നാല്‍ ഇത് ന്യൂനപക്ഷ ഇതര സ്ഥാപനങ്ങള്‍ക്കു കൂടി അനാവശ്യമായി യുഡിഎഫ് സര്‍ക്കാര്‍ ബാധകമാക്കിയിരിക്കുകയാണ്. ഇത് വന്‍ വഞ്ചനയാണ്. മെറിറ്റും സംവരണവും അനുസരിച്ച് സ്വാഭാവികമായി മെഡിക്കല്‍- എന്‍ജിനിയറിങ് പ്രവേശനം കിട്ടേണ്ട ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം നിഷേധിക്കുന്ന ക്രൂരമായ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്.

സമുദായത്തിന്റെ പേരില്‍ അവകാശവാദം ഉന്നയിക്കുന്ന കേരളത്തിലെ എണ്ണമറ്റ സംഘടനകള്‍ ഈ വിഷയത്തില്‍ നിശബ്ദരായി അടങ്ങിയിരിക്കുന്നത് അത്യന്തം ദുരൂഹവും വിചിത്രവുമായ കാര്യമാണ്. യുഡിഎഫ് നയംമൂലം, ഇപ്പോള്‍ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനത്തോതനുസരിച്ച് എസ്സി, എസ്ടി വിഭാഗത്തിന് 10 സീറ്റ് ഒരു വര്‍ഷം നഷ്ടപ്പെടുന്നു. മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്ക് നഷ്ടപ്പെടുന്ന സീറ്റുകള്‍- മുസ്ലിം, ഈഴവ, പിന്നോക്ക ഹിന്ദു, ലത്തീന്‍ കത്തോലിക്ക, നാടാര്‍ ഉള്‍പ്പെടെയുള്ള മറ്റ് പിന്നോക്കവിഭാഗം-27, പൊതുമെറിറ്റ് (എല്ലാ സമുദായങ്ങളിലുംപെട്ടവര്‍ക്ക് കിട്ടേണ്ടത്)- 68. അഞ്ചുവര്‍ഷം യുഡിഎഫ് സര്‍ക്കാരും ഈ നയവും തുടര്‍ന്നാല്‍ ചുരുങ്ങിയത് 525 മെഡിക്കല്‍സീറ്റാണ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നത്. അവ സ്വാശ്രയ മാനേജ്മെന്റുകളുടെ മാനദണ്ഡപ്രകാരം പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും. എന്‍ജിനിയറിങ് പ്രവേശനത്തില്‍ ഇതുപോലെ നഷ്ടപ്പെടുന്ന സീറ്റുകള്‍ താഴെ കൊടുക്കുന്നു. എസ്സി, എസ്ടി- 430, പിന്നോക്ക വിഭാഗങ്ങള്‍ക്ക് (മുസ്ലിം, ഈഴവ, ക്രിസ്ത്യന്‍, നാടാര്‍ തുടങ്ങിയത് )- 1117, പൊതുമെറിറ്റ് - 2749. അഞ്ചുവര്‍ഷം യുഡിഎഫും ഈ നയവും തുടരുന്ന സാഹചര്യം നിലനിന്നാല്‍ 21,480 അര്‍ഹരായ കുട്ടികള്‍ക്കാണ് എന്‍ജിനിയറിങ് പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. സ്വാശ്രയകോളേജിലെ മാനേജ്മെന്റ് സീറ്റില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലെ സീറ്റ് നേരിട്ട് ഇടപെട്ട് ലഭ്യമാക്കിക്കൊടുത്തതുപോലുള്ള നഗ്നമായ നിയമലംഘനം നടത്തിയ ആളാണ് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി. മാത്രമല്ല, അത് ചെയ്തതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് നിര്‍ലജ്ജം നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആഭാസകരമായ നിയമലംഘനം അലങ്കാരമാണെന്നമട്ടില്‍ അവകാശവാദമുന്നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ അത്യന്തം അപലപനീയമായ ദുഷ്ചെയ്തികള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധവും സമരവും ഉയര്‍ന്നുവന്നില്ലെങ്കില്‍ ഈ തെറ്റുകള്‍ തിരുത്തപ്പെടില്ല; ആവര്‍ത്തിക്കുകയും ചെയ്യും. അത് കേരളത്തിന്റെ സര്‍വനാശത്തിലേക്കാവും എത്തുക. ഇത് കണക്കിലെടുത്ത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലുള്‍പ്പെടെ കിട്ടുന്ന ഓരോ അവസരത്തിലും യുഡിഎഫിന്റെ ജനവഞ്ചനയ്ക്കെതിരായി വോട്ട് രേഖപ്പെടുത്താനും ജനമുന്നേറ്റം സംഘടിപ്പിക്കാനും നാടിന്റെ ഭാവി മുന്‍നിര്‍ത്തി ഓരോരുത്തരും തയ്യാറാകേണ്ടതാണ്.

*
എം എ ബേബി ദേശാഭിമാനി 23 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

യുഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷം എല്ലാ മേഖലകളിലും സൃഷ്ടിച്ചത് പിന്നോട്ടുപോക്കും തകര്‍ച്ചയുമാണ്. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. വ്യാവസായികരംഗത്ത് തകര്‍ച്ച, പവര്‍കട്ട്, പൊതുവിതരണരംഗത്തെ കുത്തഴിഞ്ഞ സ്ഥിതി, ദുസ്സഹമായ വിലക്കയറ്റം, മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും, ആരോഗ്യമേഖലയുടെ അനാഥത്വം, അഞ്ചാംമന്ത്രി വിവാദവും രാഷ്ട്രീയത്തര്‍ക്കങ്ങളും, അഴിതിക്കേസുകള്‍ പിന്‍വലിക്കുന്ന നാണംകെട്ട കള്ളക്കളിയും ജാതിമതവര്‍ഗീയശക്തികളുടെ താളത്തിനുതുള്ളുന്ന അവസരവാദവും അപഹാസ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.