Saturday, May 26, 2012

ആത്യന്തിക ലക്ഷ്യം പാര്‍ടിതന്നെ

ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്റെ കൊലപാതകം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ആരംഭഘട്ടത്തില്‍ നടത്തിയ കണക്കുകൂട്ടലും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കണക്കുകൂട്ടലും തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. കണക്കുകൂട്ടലില്‍ വരുത്തിയ ഈ മാറ്റമാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ വഴി നിശ്ചയിക്കുന്നത്.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആയുധമായി "കൊലപാതക"ത്തെ ഉപയോഗിക്കാം എന്ന പരിമിതമായ മോഹവും അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുമേ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇടയ്ക്കുണ്ടായ ചില സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഐ എമ്മിനെ പിളര്‍ക്കാനും തകര്‍ക്കാനുമുള്ള ആയുധമായി ഈ "കൊലപാതക"ത്തെ ഉപയോഗിക്കാം എന്ന പരിമിതിയില്ലാത്ത വ്യാമോഹവും അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുമായി ഇതുമാറി. ഇപ്പോള്‍, ആദ്യത്തേത് താല്‍ക്കാലിക ലക്ഷ്യം; രണ്ടാമത്തേത് ആത്യന്തിക ലക്ഷ്യം. ഇങ്ങനെ ഇരട്ടലാക്കോടെയുള്ള നീക്കങ്ങളാണുണ്ടാകുന്നത്.

രണ്ടാമത്തേത് സാധിക്കണമെങ്കില്‍ കൊല നടത്തിയതിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും വരുത്തിത്തീര്‍ക്കണം. തങ്ങള്‍ അത്രയും ചെയ്താല്‍, ബാക്കി സ്വയമേവ ഉരുത്തിരിഞ്ഞുകൊള്ളുമെന്നും ആ പ്രക്രിയയില്‍ സിപിഐ എം പിളരുകയും തകരുകയും ചെയ്തുകൊള്ളുമെന്നുമുള്ള കണക്കുകൂട്ടലാണ് ഇന്ന് അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. "കൃത്യംചെയ്ത പ്രതികളെ പിടിക്കാന്‍ തങ്ങള്‍ക്ക് ഒരു ധൃതിയുമില്ല" എന്ന് മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത് ഇതിന്റെ സൂചനയാണ്. പ്രതികള്‍ അവിടെ നില്‍ക്കട്ടെ, അതിന് മുമ്പ് ഞങ്ങള്‍ ചില നേതാക്കളെ പിടിക്കട്ടെ എന്ന മനോഭാവമാണിതിനുപിന്നിലുള്ളത്. അപ്പോള്‍ ലക്ഷ്യം പ്രതികളല്ല, നേതാക്കളാണെന്ന് വ്യക്തം;

പാര്‍ടിതന്നെയാണെന്ന് വ്യക്തം! കോണ്‍ഗ്രസിന്റെ മനോഭാവത്തില്‍ വന്ന ഈ മാറ്റം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളുടെ മനോഭാവത്തില്‍ മറ്റൊരു രൂപത്തില്‍ പ്രതിഫലിക്കുന്നത് സൂക്ഷ്മമായി നോക്കിയാല്‍ കാണാം. സിപിഐ എമ്മില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ബഹുജനങ്ങളില്‍ ഒരു വിഭാഗത്തെയെങ്കിലും എങ്ങനെയെങ്കിലും അതില്‍നിന്ന് അകറ്റിയെടുക്കാന്‍ പാകത്തിലുള്ള ശ്രമങ്ങളായിരുന്നു അടുത്തകാലംവരെ അവര്‍ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ മനോഭാവം മാറിയതിനുസരിച്ച്, സിപിഐ എമ്മില്‍നിന്നുതന്നെ കുറേപ്പേരെ അകറ്റിയെടുക്കാനാവുമോ എന്നുനോക്കുന്ന തരത്തില്‍ ഈ മാധ്യമങ്ങള്‍ അടുത്തയിടെ മനോഭാവം മാറ്റി. പാര്‍ടിയെ സ്നേഹിക്കുന്ന ബഹുജനങ്ങളെ സംബോധന ചെയ്തിരുന്ന മാധ്യമങ്ങള്‍ വളരെപെട്ടെന്ന് പാര്‍ടിക്കുള്ളിലുള്ളവരെത്തന്നെ സംബോധനചെയ്യുന്ന രീതിയിലേക്ക് നിലപാടുമാറ്റി. സിപിഐ എമ്മിനെ ചുറ്റിപ്പറ്റി ഒരു ഭീകരാന്തരീക്ഷത്തിന്റെ പ്രതീതിയുണ്ടാക്കുക എന്ന ദൗത്യമാണ് ഈ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്. ഉപയോഗിക്കുന്ന പദങ്ങളുടെ തെരഞ്ഞെടുപ്പുപോലും ഇതിനെ ലക്ഷ്യംവച്ചുള്ളതാണ്.

പാര്‍ടി കോടതി, പാര്‍ടി ഗ്രാമങ്ങള്‍, പാര്‍ടി കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ്, കണ്ണവം വനത്തില്‍ കമാന്‍ഡോ ഓപ്പറേഷന്‍ എന്നിങ്ങനെ പോകുന്നു ആ പദപ്രയോഗങ്ങള്‍. ഇത് കോണ്‍ഗ്രസും ഈ മാധ്യമങ്ങളും ഒരുപോലെ ഉപയോഗിക്കുന്നു. കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സ് തകര്‍ത്താലേ വലതുപക്ഷ-നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് സ്ഥായിയായ മേല്‍ക്കൈ കിട്ടൂ. വലതുപക്ഷത്തിന് അത് നേടിയെടുത്തുകൊടുക്കാനുള്ള ദൗത്യമാണ് മാധ്യമരംഗത്തെ സ്ഥാപിത മൂലധനശക്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. അതിനുള്ള രാഷ്ട്രീയ ആയുധമായാണ് ഒഞ്ചിയത്തെ കൊലപാതകം ഉപയോഗിക്കപ്പെടുന്നത്. അത് മുന്‍നിര്‍ത്തി കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ ഇല്ലായ്മചെയ്യാനുദ്ദേശിച്ചുള്ള ഒരു മനഃശാസ്ത്രയുദ്ധമാണ് ഭരണമുപയോഗിച്ച് കോണ്‍ഗ്രസ് ചെയ്യുന്ന രാഷ്ട്രീയയുദ്ധത്തിന് സമാന്തരമായി ചില മാധ്യമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോവുന്നത്. കമ്യൂണിസ്റ്റ്പാര്‍ടിയെ നിരാകരിക്കണമെന്ന് നേരിട്ട് ആഹ്വാനംചെയ്താല്‍, ആ പ്രസ്ഥാനം കേരളത്തിന്റെ സാമൂഹ്യമാറ്റത്തില്‍ വഹിച്ച വിപ്ലവകരമായ പങ്കിനെക്കുറിച്ച് അറിയുന്ന ജനങ്ങള്‍ അത് തള്ളിക്കളയുമെന്ന് ഇവര്‍ക്കറിയാം. അങ്ങനെ തുറന്ന് ആഹ്വാനംചെയ്താല്‍ തങ്ങളുടെ വിശ്വാസ്യത തകരുമെന്നും ഇവര്‍ക്കറിയാം. അതുകൊണ്ട് ഒഞ്ചിയത്തുണ്ടായ കൊലപാതകത്തെ കേരളത്തില്‍ "ആദ്യമായി ഉണ്ടായ കൊലപാതകം" എന്നമട്ടിലവതരിപ്പിച്ചും അത് സിപിഐ എം ആണ് ചെയ്തത് എന്ന് വരുത്തിത്തീര്‍ത്തും ജനമനസ്സുകളില്‍നിന്ന് സിപിഐ എമ്മിനെ അകറ്റിയെടുക്കാനുള്ള സംഘടിതശ്രമം നടത്തുന്നു. ഈ മനഃശാസ്ത്ര യുദ്ധത്തിന്റെ ഭാഗമായി ജനമനസ്സുകളില്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണിന്ന് ശ്രമം. ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭരണഘടനാനുസൃതമായ ഭരണസംവിധാനത്തിനുമെതിരെ സമാന്തര സംവിധാനങ്ങളുണ്ടാക്കി പ്രവര്‍ത്തിക്കുന്ന ഭീകര പ്രസ്ഥാനമാണ് സിപിഐ എം എന്ന പ്രതീതി ജനമനസ്സുകളിലുണ്ടാക്കിയെടുക്കാനുള്ള മനഃശാസ്ത്ര യുദ്ധമാണ് നടക്കുന്നത്. സിപിഐ എം ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന അംഗീകൃത രാഷ്ട്രീയപാര്‍ടിയാണ്. അതിനെ ദേശീയ വിരുദ്ധ പ്രസ്ഥാനമായി മുദ്രയടിച്ചാലേ ഭരണസംവിധാനത്തിന് ഫാസിസ്റ്റ് രീതിയിലുള്ള കടന്നാക്രമണങ്ങള്‍ അതിന് നേര്‍ക്ക് നടത്താനാവൂ. അത്തരം ഭീകരാക്രമണങ്ങള്‍ സിപിഐ എമ്മിനുനേര്‍ക്ക് നടത്താന്‍ നീങ്ങുമ്പോള്‍ ജനങ്ങള്‍ ചെറുക്കുമെന്ന് അധികാരികള്‍ക്കറിയാം. അതുകൊണ്ടുതന്നെ കടന്നാക്രമണത്തിനുമുമ്പ് ജനമനസ്സുകളെ അതുള്‍ക്കൊള്ളാന്‍ തക്കവിധം പാകപ്പെടുത്തണം. അതിനുള്ളതാണ് ഈ മനഃശാസ്ത്രയുദ്ധം. മൈന്‍ഡ് മാനേജ്മെന്റിന്റെ മറ്റൊരു ഫാസിസ്റ്റ് മുഖം!

മാധ്യമങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭീകരപ്രതീതിയും സര്‍ക്കാര്‍വക്താക്കള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭീകരപ്രതീതിയും ഒരേപോലെ തോളോടുതോള്‍ ചേര്‍ന്നാണുപോകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ഭാഷാരീതികള്‍ നോക്കിയാലിത് മനസിലാക്കാം. സ്റ്റേറ്റിനുള്ളില്‍ വേറൊരു സ്റ്റേറ്റ് എന്ന സംവിധാനം അനുവദിക്കില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ടി നല്‍കുന്ന ലിസ്റ്റ്വച്ച് പ്രതികളെ പിടിക്കില്ലെന്ന് മുഖ്യമന്ത്രി! സിപിഐ എമ്മിനെ ചൂഴ്ന്ന് യക്ഷിക്കഥകളിലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണിത്. ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം മുമ്പുവരെ അധികാരത്തിലിരുന്ന ഒരു പാര്‍ടിയെക്കുറിച്ചാണ് ഇങ്ങനെ അപസര്‍പ്പകകഥകള്‍ മെനയുന്നത് എന്നതോര്‍ക്കണം. ആ പാര്‍ടിക്കെതിരായി കരുതിവച്ചിട്ടുള്ള ഫാസിസ്റ്റ് ഭീകരാക്രമണങ്ങള്‍ക്ക് അരങ്ങൊരുക്കാനുള്ള അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കലാണിതിനുപിന്നിലുള്ളത് എന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഒരുവശത്ത് അനുകൂലമാധ്യമങ്ങളെക്കൊണ്ട് ഇത് ചെയ്യിക്കുന്ന സര്‍ക്കാര്‍ മറുവശത്ത് പൊലീസിനെക്കൊണ്ടും മറ്റൊരു രൂപത്തില്‍ ഇതുതന്നെ ചെയ്യിക്കുന്നു. സംഭവവുമായി ബന്ധമില്ലാത്തതെന്ന് നിശ്ചയമുള്ളവരെ കസ്റ്റഡിയിലെടുക്കുക, അവര്‍ പറഞ്ഞത് എന്ന വിശേഷണത്തോടെ ഓരോന്ന് നിത്യേന മാധ്യമങ്ങള്‍ക്ക് നല്‍കുക; അങ്ങനെ ഒരു യക്ഷിക്കഥയുടെ അന്തരീക്ഷമുണ്ടാക്കുക. കസ്റ്റഡിയിലുള്ളവര്‍ക്ക് തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വിശദീകരിക്കാനുള്ള അവസരം നിഷേധിച്ചും അവരെ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെവരെ അവകാശങ്ങള്‍ നിഷേധിച്ചും സത്യം പുറത്തുവരുന്നതിന് തടയിട്ട് തങ്ങളുടെ കള്ളക്കഥകള്‍ക്ക് താല്‍ക്കാലികമായെങ്കിലും വിശ്വാസ്യതയുണ്ടാക്കുക. ഇതും സിപിഐ എം ഭീകരപ്രസ്ഥാനമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപജാപത്തിന്റെ സൃഷ്ടിതന്നെ. ഈ പ്രക്രിയയില്‍ കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ക്ക് സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അവകാശങ്ങള്‍പോലും നിഷേധിക്കുന്നതും അവരെ പുറംലോകത്തുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതാക്കുന്നതും പൊലീസ് പത്രങ്ങള്‍ക്ക് നിത്യേന നല്‍കുന്ന കള്ളക്കഥകളില്‍ പഴുതുണ്ടാവാതെ നോക്കാനുള്ള അവരുടെതന്നെ വ്യഗ്രതകൊണ്ടാണ്. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അതില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല എന്നുമാണ് ആഭ്യന്തരമന്ത്രി പറയുന്നത്. ഈ വാക്ക് പാലിക്കുമെങ്കില്‍ ആഭ്യന്തരമന്ത്രി ആദ്യം അറസ്റ്റ്ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്; പിന്നീട് നിരവധി പൊലീസ് ഓഫീസര്‍മാരെയും; ഒടുവില്‍ തന്നെത്തന്നെയും. ക്രിമിനല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ ഇത് സിപിഐ എമ്മിന്റെ ഗൂഢാലോചനയാണ് എന്ന് മുഖ്യമന്ത്രിയാണ് ആദ്യമായി പ്രഖ്യാപിച്ചത്്.

നിയമവാഴ്ചയിലും നിയമപ്രക്രിയയിലുമുള്ള ആദ്യ ഇടപെടല്‍ കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിയുംമുമ്പുവന്ന മുഖ്യമന്ത്രിയുടെ ആ പ്രഖ്യാപനമായിരുന്നു. അദ്ദേഹത്തെ ആ കുറ്റത്തിന് അറസ്റ്റ്ചെയ്യുമോ? പാര്‍ടിയിലെ വമ്പന്‍സ്രാവുകളെ പിടിക്കുമെന്നുള്ള കേന്ദ്രആഭ്യന്തരസഹമന്ത്രിയുടെ പ്രഖ്യാപനമായിരുന്നു മറ്റൊരു ഇടപെടല്‍. ആ ആഭ്യന്തര സഹമന്ത്രിയെ അറസ്റ്റ്ചെയ്യുമോ? ആഭ്യന്തരമന്ത്രി ഈ കേസ് പൊലീസ് ഓഫീസര്‍മാരുമായി ചര്‍ച്ചചെയ്യുന്ന രഹസ്യയോഗത്തിലിടപെട്ട കെപിസിസി പ്രസിഡന്റിന്റേതാണ് നിയമപ്രക്രിയയിലുള്ള അടുത്ത ഇടപെടല്‍. ആ പാര്‍ടി പ്രസിഡന്റിനെ അറസ്റ്റ്ചെയ്യുമോ? കേസന്വേഷണത്തില്‍ പൊലീസിന് കിട്ടുന്ന വിവരങ്ങള്‍ ലഭിക്കാന്‍ ഏറ്റവും ഉദാരമായ വിവരാവകാശനിയമപ്രകാരംപോലും പൗരന് അവകാശമില്ല എന്നിരിക്കെ അന്വേഷണത്തില്‍ കിട്ടുന്നതെന്ന വിശേഷണത്തോടെ ആഭ്യന്തരമന്ത്രിയുടെ പൊലീസ് ഓഫീസര്‍മാര്‍ ഓരോ മണിക്കൂറിലും കഥമെനഞ്ഞ് പത്രക്കാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഈ നിയമലംഘനത്തിന് ഉത്തരവാദപ്പെട്ട പൊലീസ് ഓഫീസര്‍മാരെ അറസ്റ്റ്ചെയ്യുമോ?

സുപ്രീംകോടതിയുടെ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് സി എച്ച് അശോകനെ അറസ്റ്റ്ചെയ്തത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്, എന്തിനാണ് അറസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ അറസ്റ്റ്ചെയ്യപ്പെടുന്ന വ്യക്തിയെയും ബന്ധുക്കളെയും അറിയിച്ച് ഒപ്പിടുവിച്ച് വാങ്ങിയിട്ടുവേണം അറസ്റ്റ് എന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. അത് ലംഘിച്ചാണ് സംസാരിക്കാന്‍ എന്ന പേരില്‍ വിളിച്ചുവരുത്തി അശോകനെ അറസ്റ്റ്ചെയ്തത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിയമവിരുദ്ധമായി അറസ്റ്റ്ചെയ്ത പൊലീസ് ഓഫീസര്‍മാരെ അറസ്റ്റ്ചെയ്യുമോ?

കോടതി നടത്തേണ്ട വിചാരണ മാധ്യമങ്ങളെക്കൊണ്ട് നടത്തിക്കുകയാണ് പൊലീസ് ഓഫീസര്‍മാര്‍. മാധ്യമ വിചാരണ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കുമെന്നും അത് പാടില്ലെന്നും കോടതിതന്നെ വിലക്കിയിട്ടുള്ളതിന് ഒരു വിലയും കല്‍പ്പിക്കാതെ രാഷ്ട്രീയദുരുദ്ദേശ്യത്തോടെ നിയമവിരുദ്ധമായി മാധ്യമങ്ങള്‍ക്ക് "റണ്ണിങ് കമന്ററി" നല്‍കാന്‍ പൊലീസ് ഓഫീസര്‍മാര്‍ തയ്യാറാവുന്നുവെങ്കില്‍ അത് ആഭ്യന്തരമന്ത്രിയുടെ രാഷ്ട്രീയസമ്മര്‍ദത്തിന്റെ ഫലമായല്ലാതെയാവാന്‍ തരമില്ല; പ്രത്യേകിച്ചും അദ്ദേഹം അത് തടയാന്‍ ഇടപെടാത്ത സാഹചര്യത്തില്‍. ആ നിലയ്ക്ക് നോക്കുമ്പോള്‍ കേസ് വഴിതിരിച്ചുവിടാനും നിയമത്തെ നിയമത്തിന്റെ വഴിക്കുപോകാനുവദിക്കാതിരിക്കാനും വ്യഗ്രതകാട്ടുന്നത് ആഭ്യന്തരമന്ത്രിതന്നെയാണെന്നുവരുന്നു.

നിയമവിരുദ്ധമായ രീതിയിലുള്ള അറസ്റ്റിനും പൗരാവകാശനിഷേധത്തിനുമെതിരെ പ്രതിഷേധപ്രകടനം നടത്തിയവരെ ആക്ഷേപിക്കുന്നുണ്ട് ഇപ്പോള്‍ ചിലര്‍. അവര്‍ സര്‍ക്കാരും ആഭ്യന്തരമന്ത്രിയും പൊലീസ് ഓഫീസര്‍മാരും നിയമവാഴ്ചക്കെതിരായി നടത്തുന്ന ഇടപെടലുകള്‍ കാണാന്‍ കൂട്ടാക്കാത്തത്, രാഷ്ട്രീയമായി അതാണ് തങ്ങള്‍ക്ക് സൗകര്യപ്രദം എന്നതുകൊണ്ടാവാനേ തരമുള്ളൂ. സിപിഐ എം ഗൂഢാലോചന നടത്തിയെന്ന് അന്വേഷണ പ്രക്രിയക്കിടയില്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രവൃത്തി അവര്‍ക്ക് അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കലായി തോന്നുന്നില്ല; മറിച്ച് സുപ്രീംകോടതി നിര്‍ദേശം ലംഘിക്കുംവിധം നിയമവിരുദ്ധമായി നടത്തിയ സി എച്ച് അശോകന്റെ അറസ്റ്റിനെതിരെ നടന്ന പ്രകടനംമാത്രമാണ് തടസ്സം സൃഷ്ടിക്കലായി തോന്നുന്നത്. ആദ്യത്തേതിനെക്കുറിച്ചൊന്നും പറയാന്‍ അവര്‍ക്ക് വാക്കുകളില്ല.

ഏതായാലും സംഭവഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ വ്യക്തമാവുന്നത് പശ്ചിമബംഗാളില്‍ നടക്കുന്നതുപോലെയുള്ള ഒരു നരമേധം സിപിഐ എമ്മിനെതിരെ നടത്താനുള്ള കറുത്ത അന്തരീക്ഷം കോണ്‍ഗ്രസ് ഇവിടെയും ബോധപൂര്‍വം സൃഷ്ടിക്കുന്നുവെന്നതാണ്. വിമോചനസമരകാലത്തെ ഓര്‍മിപ്പിക്കുന്ന അന്തരീക്ഷം എന്ന് ചില സാംസ്കാരിക നായകര്‍ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍, അന്നത്തെ അവസ്ഥയുമായി ഇന്നത്തേതിന് ഒരു വ്യത്യാസമുണ്ട്. വിമോചനസമരകാലത്ത് കമ്യൂണിസ്റ്റ്പക്ഷത്താര്, കമ്യൂണിസ്റ്റ്വിരുദ്ധ പക്ഷത്താര് എന്നത് പകല്‍വെളിച്ചംപോലെ തിരിച്ചറിയാവുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാലിന്ന് അതില്ല. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തോട് സ്നേഹമുള്ളവര്‍ എന്ന് സ്വയം വിശേഷിപ്പിച്ചുതന്നെ നിര്‍ണായക ഘട്ടത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധപക്ഷത്തിന് ആയുധം നല്‍കുന്ന ചിലര്‍ ഇന്നുണ്ട്. (ആര്‍എംപിയുടെ പേരുതന്നെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് എന്നാണല്ലോ) ഇത്തരക്കാരെ കൂടുതലായി ഉണ്ടാക്കിയെടുക്കാന്‍ പാകത്തിലാണ് ഇന്ന് കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങള്‍ സംബോധനാരീതി മാറ്റിയിട്ടുള്ളത്; കമ്യൂണിസ്റ്റ്പാടിയെ സ്നേഹിക്കുന്നവരെ അതില്‍നിന്ന് അകറ്റിയെടുക്കാന്‍ പാകത്തില്‍ സംബോധന ചെയ്തുകൊണ്ടിരുന്നവര്‍ കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്നുതന്നെ ചിലരെ സംബോധന ചെയ്ത് തുടങ്ങിയിട്ടുള്ളത് അവരെ ആസാദുമാരും പിയേഴ്സണ്‍മാരും ആക്കിയെടുക്കാമെന്ന ഉദ്ദേശ്യത്തോടെയാണ്. ഇതിലെ സൂക്ഷ്മരാഷ്ട്രീയം ശ്രദ്ധിക്കേണ്ടതുണ്ട്.

*
പ്രഭാവര്‍മ ദേശാഭിമാനി 26 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ടി കോടതി, പാര്‍ടി ഗ്രാമങ്ങള്‍, പാര്‍ടി കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ്, കണ്ണവം വനത്തില്‍ കമാന്‍ഡോ ഓപ്പറേഷന്‍ എന്നിങ്ങനെ പോകുന്നു ആ പദപ്രയോഗങ്ങള്‍. ഇത് കോണ്‍ഗ്രസും ഈ മാധ്യമങ്ങളും ഒരുപോലെ ഉപയോഗിക്കുന്നു. കേരളത്തിന് ഒരു ഇടതുപക്ഷ മനസ്സുണ്ട്. ആ മനസ്സ് തകര്‍ത്താലേ വലതുപക്ഷ-നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് സ്ഥായിയായ മേല്‍ക്കൈ കിട്ടൂ. വലതുപക്ഷത്തിന് അത് നേടിയെടുത്തുകൊടുക്കാനുള്ള ദൗത്യമാണ് മാധ്യമരംഗത്തെ സ്ഥാപിത മൂലധനശക്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. അതിനുള്ള രാഷ്ട്രീയ ആയുധമായാണ് ഒഞ്ചിയത്തെ കൊലപാതകം ഉപയോഗിക്കപ്പെടുന്നത്. അത് മുന്‍നിര്‍ത്തി കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ ഇല്ലായ്മചെയ്യാനുദ്ദേശിച്ചുള്ള ഒരു മനഃശാസ്ത്രയുദ്ധമാണ് ഭരണമുപയോഗിച്ച് കോണ്‍ഗ്രസ് ചെയ്യുന്ന രാഷ്ട്രീയയുദ്ധത്തിന് സമാന്തരമായി ചില മാധ്യമങ്ങള്‍ മുമ്പോട്ടുകൊണ്ടുപോവുന്നത്.