Wednesday, December 19, 2007

ഔഷധത്തിലൂടെ ജനദ്രോഹം

കേരളത്തില്‍ ഇടതുഭരണകൂടം അധികാരത്തില്‍ വന്നിട്ട് കാലാവധിയുടെ കാല്‍ഭാഗമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവര്‍ നടപ്പാക്കിയതോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ നിയമപരിഷ്കാരങ്ങളുടെയും നവ പദ്ധതികളുടെയും ഇടയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്‍കിയത് ഏതാണെന്ന് ചോദിക്കുകയാണെങ്കില്‍, വിശേഷിച്ച് ആലോചിക്കാതെ എനിക്ക് പറയാവുന്ന ഉത്തരം ഇതാണ് - ചികിത്സാരംഗത്ത് സേവനത്തിലും ഔഷധപ്രയോഗത്തിലും ഔഷധ വിപണനത്തിലും വരുത്താന്‍ ഉദ്ദേശിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ നയപ്രഖ്യാപനം.

അഗാധമായ മാറ്റങ്ങള്‍ വരുത്താന്‍ ലക്ഷ്യമിട്ടതും എത്രയോ മുമ്പേ വരേണ്ടിയിരുന്നതുമായ ധാരാളം പുതിയ നയപരിപാടികള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. സമൂഹസമത്വം ഉന്നംവച്ചിട്ടുള്ള വിദ്യാഭ്യാസനിയമം, അതിപ്രബലരായ വ്യക്തികളും സംഘങ്ങളും പൊതുനിലം കൈയേറ്റം നടത്തി പിടിച്ചെടുത്ത ഭൂമി തിരിച്ചെടുക്കാനുള്ള പദ്ധതി, സര്‍വീസിനെ അഴിമതിയില്‍നിന്ന് മുക്തമാക്കാനുള്ള വാളയാര്‍-മഞ്ചേശ്വരം ശുദ്ധീകരണപരിപാടിപോലുള്ളവ, ദേവസ്വം ഭരണങ്ങള്‍ (വിശേഷിച്ച് ശബരിമല ദേവസ്വം) ഇതുവരെ നടത്തിവന്നിരുന്ന ഭീകരമായ പണം തട്ടിയെടുക്കല്‍ വിക്രിയകളുടെ നിരോധനം തുടങ്ങി പലതുമുണ്ട് എണ്ണിപ്പറയുകയാണെങ്കില്‍. ഇവയുടെ ആഴത്തിലുള്ള നവീകരണ പ്രാധാന്യം വേണ്ടത്ര ജനങ്ങള്‍ അറിയാതെ പോകുന്നത്, നിസ്സാരകാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് അവയെ ജനങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളാക്കി മാറ്റുന്ന ഒരു ജാലവിദ്യ ഇന്ന് എവിടെയും വളര്‍ന്നുവരുന്നതുകൊണ്ടാണ്.

ബലമുള്ളവന്റെ അതിക്രമങ്ങളെ ചെറുക്കുന്ന ധീരമായ ഒരു സ്വഭാവം മേല്‍കൊടുത്ത നടപടികളിലെല്ലാം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഈ സ്വഭാവത്തെ ആദരിക്കുക എന്നതാണ് ഒരു ജനാധിപത്യവ്യവസ്ഥയില്‍ സമൂഹസമത്വം നടപ്പാക്കുന്നതിനുള്ള ഒന്നാമത്തെ പടി. പലതരം രാഷ്ട്രീയാഭിപ്രായങ്ങളുണ്ടെങ്കിലും പൌരനെ ഏത് കക്ഷി ഭരിക്കണമെന്ന് നിശ്ചയിക്കാന്‍ മൌലികമായ ഈ ദുര്‍ബലവിഭാഗങ്ങള്‍ക്ക് അനുകൂലമായ പക്ഷപാതം അയാളെ സഹായിക്കുന്നു. ഈ പക്ഷപാതമില്ലാത്തവര്‍ ബലവാന്മാരുടെ അതിക്രമങ്ങളെ സാധൂകരിക്കുന്നവരുടെ കൂടെ നടക്കുന്നു. വിദ്യാഭ്യാസമായാലും ദേവസ്വമായാലും ഗവണ്‍മെന്റ് സര്‍വീസ് ആയാലും പാവങ്ങളെ മര്‍ദിക്കുന്നവരുടെ കൂടെനില്‍ക്കാന്‍ ഹൃദയധീരത ഉള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. പാവങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ആരെയും പേടിച്ചല്ല- അഥവാ അവനവനെമാത്രം പേടിച്ചാണ് -അങ്ങനെ ചെയ്യുന്നത്. അഭിപ്രായം എന്തെല്ലാം മാറിപ്പോയാലും ഈ മൌലിക പക്ഷപാതം മാറാതിരിക്കുകയാണ് ഇക്കാലത്ത് ഒരു വ്യക്തിയുടെ സത്യസന്ധതയുടെ മാനദണ്ഡം.

പാവങ്ങള്‍ക്കുവേണ്ടി കൈക്കൊണ്ട നടപടികളില്‍ ഗുണഫലങ്ങളെ ഉളവാക്കുന്നതും ധനബലമുള്ള കമ്പനികളുടെയും താല്‍പ്പര്യങ്ങളുടെയും ചട്ടുകമായി മാറിക്കഴിഞ്ഞ സേവനവിഭാഗങ്ങളെ പിടിച്ചുനിര്‍ത്തുന്നതുമായ പരിപാടിയാണ് നമ്മുടെ ആരോഗ്യമന്ത്രി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസം വഷളാക്കപ്പെട്ടത്, അനിവാര്യമാണെങ്കിലും അധ്യാപകനും ശിഷ്യനുമിടയില്‍ ചില ദല്ലാളുകളും പിണിയാളുകളും കടന്നുവന്ന് മാനേജര്‍ എന്ന തൊപ്പി ധരിച്ച് വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കുന്ന തങ്ങളാണ് വിദ്യാഭ്യാസത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കേണ്ടവര്‍ എന്ന ഭാവത്തില്‍ ഇടയില്‍ കടന്നുകൂടിയതോടെയാണല്ലോ. അതുപോലെ ആരോഗ്യമേഖലയിലും ഇടയില്‍ കടന്നുകൂടിയ ദല്ലാളുകളും പിണിയാളുകളും ചികിത്സയെയും അതിനുവേണ്ട ഔഷധങ്ങളെയും മറ്റും നിയന്ത്രിക്കുന്നവരായി മാറിയതോടെയാണ് വൈദ്യരംഗം അങ്ങേയറ്റം വഷളായത്. ഔഷധം കണ്ടുപിടിച്ച് ഉണ്ടാക്കുന്നത് ഗവേഷകരായ വലിയ ശാസ്ത്രജ്ഞരാണ്. അവര്‍ ജ്ഞാനപോഷണത്തിനും ജനോപകാരത്തിനുംവേണ്ടി കണ്ടുപിടിക്കുന്ന ഔഷധങ്ങള്‍ അങ്ങാടിയില്‍ എത്തിച്ച് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും വേഗം വാങ്ങാന്‍ കഴിയുന്ന മട്ടില്‍ എത്തിക്കുന്നവര്‍ വലിയ ഔഷധ നിര്‍മാണ കമ്പനികളാണ്. ഇവര്‍ ഔഷധം വന്‍തോതില്‍ വിപണനസജ്ജമാക്കുന്ന നിര്‍മാതാക്കളും പ്രചാരകരും മാത്രമാണ്.

ഈ ചുറ്റുപാടില്‍ ഡോക്ടര്‍ വിപണനഭീകരനായ വന്‍കമ്പനികളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങേണ്ടിവരുന്നു. ഡോക്ടര്‍ക്ക് ലഭിക്കുന്ന സാധന സൌകര്യാദികള്‍ എന്തെന്ന് പറയുന്നില്ല. നാം ഊഹിക്കുന്നതിനൊക്കെ അപ്പുറത്തുള്ള വശീകരണ വസ്തുക്കളാണ് പ്രതിഫലം. ഏത് മരുന്ന് എന്നതല്ല ഡോക്ടറെ നേരിടുന്ന പ്രശ്നം, ഏത് കമ്പനിയുടെ മരുന്ന് എന്നതാണ്. ഡോക്ടര്‍മാര്‍ ഈ നിലയിലേക്ക് താഴാന്‍ പാടുണ്ടോ? രോഗികളെ ആകെ ആകര്‍ഷിക്കുന്നതിന് ഇവര്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നു.

വൈദ്യലോകം ചെയ്തുകൂട്ടുന്ന പാതകങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. അനാശാസ്യഫലങ്ങള്‍ ഉള്ള ഔഷധങ്ങള്‍ 'പ്രിസ്ക്രൈബ്' ചെയ്യാന്‍ മടിയില്ലാത്ത ഡോക്ടര്‍മാര്‍ ധാരാളമുണ്ടത്രേ! അമേരിക്കയിലും യൂറോപ്പിലും നിരോധിച്ച മരുന്നുകളുടെ വിളയാട്ടനിലമാണ് ഇന്ത്യയും ഏഷ്യന്‍ നാടുകളും. 'Dirty' എന്ന്പാശ്ചാത്യര്‍ വിശേഷണം നല്‍കി തള്ളിക്കളയുന്ന വിഷങ്ങളുടെ കുപ്പത്തൊട്ടിയായി നാം മാറിയിരിക്കുന്നു. ഈ മാറ്റത്തിന്റെ പുരോഹിതന്മാരായി നമ്മുടെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. വിശ്വസിക്കാനാവുന്നില്ല! പാര്‍ശ്വഫലങ്ങള്‍ കാലക്രമേണ രോഗിയുടെ വൃക്ക, കരള്‍, മസ്തിഷ്കം, ശ്വാസകോശം, ഹൃദയം തുടങ്ങിയ അതിപ്രധാനങ്ങളായ ആന്തരാവയവങ്ങളെ ബാധിച്ച് കേടുവരുത്തുമെന്ന് അറിഞ്ഞുകൊണ്ട്, അവയ്ക്ക് അപകടസാധ്യതകള്‍ ഉണ്ടെന്ന് പറയാതെ പാര്‍ശ്വഫലങ്ങള്‍ സൂക്ഷിക്കണം എന്ന് മാത്രംപറഞ്ഞ് രോഗിയെ കാശിനുവേണ്ടി ചതിച്ച് കൂടുതല്‍ ഭീകരമായ രോഗാദിസ്ഥിതികളിലേക്ക് തള്ളിവിടുന്ന ഡോക്ടര്‍മാരുമുണ്ട്. ഒരു മരുന്നിന് പത്ത് മരുന്ന് എഴുതിവിടുന്ന രോഗസംരക്ഷകരുമുണ്ട്. രോഗത്തേക്കാള്‍ ഭയങ്കരമായ ചികിത്സാച്ചെലവ് ആയിരിക്കുന്നു.

ഇവര്‍ക്ക് മൂക്കുകയറിടാനുള്ള പദ്ധതികളാണ് ആരോഗ്യമന്ത്രി ശ്രീമതിയുടെ പുതിയ അറിയിപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിനൊക്കെ എതിരായി നില്‍ക്കരുത് ഡോക്ടര്‍മാരും അവരുടെ സംഘടനകളും. ശമ്പളവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സമരംചെയ്യാന്‍ ഉത്സാഹം കാണിക്കുന്ന - ശമ്പളപരിഷ്കരണം വേണ്ടെന്നല്ല! - ഇക്കൂട്ടര്‍ ആശുപത്രികളിലെ മാലിന്യക്കൂമ്പാരത്തിന്റെ പ്രത്യാഘാതമായി കുഞ്ഞുങ്ങള്‍ കൂട്ടമായി ചത്തൊടുങ്ങിയിട്ടും തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നോ തങ്ങള്‍ക്ക് വ്യസനമുണ്ടെന്നോ രേഖപ്പെടുത്തിയതായി അറിവില്ല.

ഈ പാഷാണഹൃദയര്‍ ധര്‍മത്തിലും സദാചാരത്തിലും അധിഷ്ഠിതമായ രോഗശുശ്രൂഷാരംഗത്ത് എത്തിപ്പെടുന്നത് എങ്ങനെയെന്ന് മനസ്സിലാവുന്നില്ല. മരുന്ന് എഴുതാനുള്ള അധികാരം തങ്ങളുടേതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ് പരിഹാസ്യരാകരുത്. ആ അധികാരം ആവശ്യമില്ലാത്ത ചീത്ത മരുന്നുകള്‍ എഴുതിക്കൂട്ടാനുള്ള ലൈസന്‍സായി അധഃപതിച്ചതുകൊണ്ടാണ് മൂക്കുകയര്‍ വരുന്നത്.

(ലേഖകന്‍: ശ്രീ. സുകുമാര്‍ അഴീക്കോട്, കടപ്പാട്: ദേശാഭിമാനി)

8 comments:

വര്‍ക്കേഴ്സ് ഫോറം said...

“കേരളത്തില്‍ ഇടതുഭരണകൂടം അധികാരത്തില്‍ വന്നിട്ട് കാലാവധിയുടെ കാല്‍ഭാഗമേ ആയിട്ടുള്ളൂ. അതിനിടയില്‍ അവര്‍ നടപ്പാക്കിയതോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ നിയമപരിഷ്കാരങ്ങളുടെയും നവ പദ്ധതികളുടെയും ഇടയില്‍ എനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്‍കിയത് ഏതാണെന്ന് ചോദിക്കുകയാണെങ്കില്‍, വിശേഷിച്ച് ആലോചിക്കാതെ എനിക്ക് പറയാവുന്ന ഉത്തരം ഇതാണ് - ചികിത്സാരംഗത്ത് സേവനത്തിലും ഔഷധപ്രയോഗത്തിലും ഔഷധ വിപണനത്തിലും വരുത്താന്‍ ഉദ്ദേശിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ നയപ്രഖ്യാപനം”.

ഡോ.സുകുമാര്‍ അഴീക്കോടിന്റെ ലേഖനം പുന:പ്രസിദ്ധീകരിക്കുന്നു.

Suraj said...

സുകുമാര്‍ അഴീക്കോടിനെക്കുറിച്ച് തെല്ലും ബഹുമാനം ഈയുള്ളവനില്ല (കാരണങ്ങള്‍ വ്യക്തിപരം) എങ്കിലും ശ്രീമതി ടീച്ചറുടെ ആരോഗ്യ നയപ്രസ്താവന അനല്പമായ സന്തോഷം തരുന്നു. ഈയുള്ളവന്‍ കൂടി അംഗമായ “പീപ്പിള്‍സ് ഡോക്റ്റേഴ്സ് ഫോറം” മന്ത്രിയുമായി അടുപ്പമുള്ള വൃത്തങ്ങളിലൂടെ മുന്നോട്ട് വച്ച ഏറ്റവും പ്രധാന ആവശ്യങ്ങളായിരുന്നു മരുന്നുവില/ഉല്പാദന നിയന്ത്രണവും, ചികിത്സകള്‍ക്കു ഒരു സര്‍ക്കാര്‍ നിര്‍മ്മിത പ്രോട്ടോക്കോളും. ഇനി ഈ തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കുക എന്നതാണു മുഖ്യം. വിദേശരാജ്യങ്ങളീല്‍ അനുവദനീയമല്ലാത്ത ഒട്ടനവധി കോമ്പിനേഷന്‍ മരുന്നുകള്‍ ഇവിടെ ഡോക്ടര്‍മാര്‍ക്കു അങ്ങോട്ടു കാശും പാരിതോഷികങ്ങളും നല്‍കി എഴുതിപ്പിക്കുന്നു. ക്ഷിപ്രലാഭത്തിനു വേണ്ടി എന്തു വൃത്തികേടും ചെയ്യാന്‍ തയാറായി ഇറങ്ങുന്ന ഒരു തലമുറ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഈ രംഗത്തുള്ള ഒരാളെന്ന നിലയ്ക്കു പറയാന്‍ സാധിക്കും. പലപ്പോഴും സ്ഥലത്തെ പ്രശസ്ത പ്രാക്ടീഷണര്‍മാരേയും മ്മെഡിക്കല്‍ കോളെജ്/ജില്ലാആസ്പത്രി പോലുള്ള വലിയ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരെയും കൊണ്ട് ഇത്തരം മരുന്നുകള്‍ എഴുതിച്ച് അവ പോപ്പുലര്‍ പ്രിസ്ക്രിപ്ഷനുകള്‍ ആക്കിയെടുക്കുന്നു. ക്രമേണ ചെറു പ്രാക്ടീസുകാരും, പ്രസ്തുതഡോക്ടര്‍മാര്‍ക്കു കീഴിലുള്ള ജൂനിയര്‍ ഡോക്ടര്‍മാരുമൊക്കെ ഈ ദൂഷിത വലയത്തില്‍ വീഴുന്നു. ഇപ്പോള്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ ഒരു പരിധി വരെ ഇതിനു പരിഹാരമാകും. ഒപ്പം ചികിത്സാഉപാധികള്‍ക്ക് ചില പ്രോട്ടോക്കോളുകള്‍ വരുംപോള്‍ തീര്‍ച്ചയായും അനാവശ്യ ടെസ്റ്റുകളും, മരുന്നുകളുമൊക്കെ നില്‍ക്കും.
എന്നാല്‍ ഈ നിയന്ത്രണങ്ങളെ അട്ടിമറിക്കാന്‍ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ പ്രാക്ടീഷണര്‍മാരുടെ സംഘടനയുമൊക്കെ അരയും തലയും മുറുക്കി രംഗത്തെത്തിയിട്ടുണ്ട്. ജനം ജാഗ്രതയോടെയിരിക്കുക.!

Unknown said...

സൂരജിന്റെ സന്തോഷത്തില്‍ ഞാനും പങ്ക് ചേരുന്നു . എന്നാല്‍ എന്തെങ്കിലും നടക്കുമെന്ന് എനിക്ക് തീരെ പ്രതീക്ഷയില്ല സൂരജ് ! പ്രതീക്ഷ ഇല്ലെന്നല്ല , നടക്കില്ല അതാണ് സത്യം ! നമ്മള്‍ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ് സ്വകാര്യ സ്കൂള്‍ നിയമനം പി.എസ്.സി.ക്ക് വിടണമെന്നത് . അതാണ് ശരിയെന്ന് കേരളീയര്‍ ഏകകണ്ഠമായി സമ്മതിക്കുകയും ചെയ്യുന്നു . എന്നിട്ടോ നടക്കുമോ ? ഇപ്പോള്‍ ഏറ്റവും ഒടുവില്‍ എം.ഏ.ബേബി പറഞ്ഞത് , എല്‍.ഡി.എഫിന്റെ നയം സ്വകാര്യസ്കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നാണെങ്കിലും ജനവികാരം കണക്കിലെടുത്തേ നടപ്പിലാക്കൂ എന്നാണ് . ഇവിടെ മന്ത്രി പരാമര്‍ശിച്ച ജനങ്ങള്‍ ആരാണ് ? സ്വകാര്യ മാനേജ്‌മെന്റ് ! മറ്റാരാ ? ഒരു വോട്ട് നഷ്ടപ്പെടുത്താനിടയാക്കുന്ന ഒന്നും രാഷ്ട്രീയക്കാര്‍ ചെയ്യില്ല , അതെത്ര ശരിയായാലും നടപ്പിലാക്കേണ്ടതായാലും !

ഇപ്പോള്‍ തന്നെ മരുന്നുകളുടെ പരസ്യം പാടില്ല എന്ന് നിയമം നടപ്പിലാക്കുന്നതിനെതിരെ അയുര്‍വ്വേദക്കാര്‍ സംഘടിച്ചു തുടങ്ങി . ഏത് ആയുര്‍വ്വേദക്കാരനും സ്വന്തം മരുന്നു ഉണ്ടാക്കി അതിന് സ്വന്തമായി പേരുമിട്ട് ഇന്നയിന്ന അത്ഭുതഫലസിദ്ധികള്‍ ഇതിനുണ്ടെന്ന് ആകര്‍ഷണീയമായ പരസ്യങ്ങള്‍ നല്‍കി രോഗികളെ വഞ്ചിക്കാനുള്ള സൌകര്യം ഇന്നുണ്ട് . അങ്ങിനെ വഞ്ചിതരാകാനുള്ള മാനസികാവസ്ഥ ജനങ്ങള്‍ക്കുമുണ്ട് . ആ ഒരു സൌകര്യം ഇല്ലാത്താകുമ്പോള്‍ തല്‍പ്പരകക്ഷികള്‍ മിണ്ടാതിരിക്കുമോ ? അവര്‍ സംഘടിച്ച് പ്രമേയം പാസ്സാക്കാന്‍ തുടങ്ങി . അപ്പോള്‍ മന്ത്രിക്ക് അത് അവഗണിക്കാന്‍ പറ്റുമോ ? മന്ത്രിമാര്‍ “ ഒരു നാള്‍ പ്രസ്താവനക്കാര്‍ " മാത്രമാണ് . അവര്‍ പറയുന്നതൊന്നും നടപ്പിലാക്കാന്‍ വേണ്ടിയല്ല, പത്രങ്ങള്‍ക്ക് വെണ്ടക്കാ തലക്കെട്ടുകള്‍ നിരത്താന്‍ വേണ്ടി മാത്രമാണ് .

സൂരജിന്റെ ആത്മാര്‍ത്ഥതയെയും സാമൂഹ്യപ്രതിബദ്ധതയെയും ഞാന്‍ പുകഴ്ത്തുന്നു . എന്നാല്‍ അത്രക്കൊന്നും നമ്മുടെ രാഷ്ട്രീയക്കാരില്‍ നിന്ന് പ്രതീക്ഷിച്ചുകൂടാ സൂരജ് ! അവര്‍ക്കൊക്കെ ഫാരീസുമാരുടെയും സേവി മാത്യൂ മാരുടെയും താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട് .

Anonymous said...

ഇന്നത്തെ മാതൃഭൂമി പത്രം ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തിട്ടുണ്ട്.(20/12/07)

ഡോക്ടര്‍മാരുടെ ദേശീയസമ്മേളനം നടത്താന്‍ മരുന്നുകമ്പനികള്‍ നല്‍കേണ്ടത് 20 കോടി രൂപ. സ്പോണ്‍സര്‍ഷിപ്പ് രൂപത്തിലാണ് പിരിവുനല്‍കാന്‍ മരുന്നുകമ്പനികളോട് ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ.) ആവശ്യപ്പെട്ടിരിക്കുന്നത്.

കളോട് സ്പോണ്‍സര്‍ഷിപ്പ് തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം എട്ട് വന്‍കിട മരുന്നുകമ്പനികളാണ് സമ്മേളനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യവും വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

ഔഷധവ്യവസായത്തോടുള്ള അപേക്ഷ എന്ന പേരിലാണ് സാമ്പത്തികം ആവശ്യപ്പെട്ടിരിക്കുന്നത്. മരുന്നുകമ്പനികളുടെ വരുംവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താനായി അഭ്യര്‍ഥന 2006 ഡിസംബര്‍ ഒന്നിനുതന്നെ പുറപ്പെടുവിച്ചിരുന്നു. സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കേണ്ട ഫോറവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നോട്ട്ബുക്ക്, പേന മുതല്‍ സമ്മേളനത്തിന്റെ അവസാനദിവസം രാത്രിയിലെ മഹാവിരുന്നിന് വരെയാണ് സ്പോണ്‍സര്‍ഷിപ്പ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50,000 രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് വിവിധ ഇനങ്ങള്‍ക്കായി മരുന്നുകമ്പനികള്‍ സ്പോണ്‍സര്‍ ചെയ്യേണ്ടത്. ആകെ 20.23 കോടി രൂപയാണ് സ്പോണ്‍സര്‍ഷിപ്പിലൂടെ മാത്രം സമാഹരിക്കാന്‍ സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്.

'സമ്മേളനത്തിലെ പങ്കാളികളെന്ന നിലയ്ക്ക് നിങ്ങളുടെ രക്ഷാകര്‍തൃത്വം ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ക്ക് പ്രയാസമില്ലാതെ അംഗീകരിക്കാന്‍ പറ്റുന്ന രീതിയില്‍ വരവുചെലവ് കണക്കുകള്‍ ശ്രദ്ധാപൂര്‍വം തിട്ടപ്പെടുത്തിയിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പിന്റെ അപേക്ഷാഫോറവും ഇതോടൊപ്പം ഉണ്ട്'.

ഇത്തരത്തിലാണ് ജനറല്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘടന പിരിവ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ സ്പോണ്‍സര്‍ചെയ്യാന്‍ എത്തുന്ന ബഹുരാഷ്ട്ര ഔഷധ കുത്തകകള്‍ രോഗികളില്‍നിന്ന് നാലിരട്ടിയായി ഇത് തിരിച്ചുപിടിക്കാനുള്ള തന്ത്രവും ബജറ്റില്‍ ഒരുക്കിക്കഴിഞ്ഞിരിക്കും. മുപ്പതുകോടി രൂപ ചെലവഴിച്ച് നടത്തുന്ന സമ്മേളനത്തിന്റെ രജിസ്ട്രേഷന്‍ ഫീസായിത്തന്നെ ശരാശരി ഒന്‍പത് കോടി രൂപ പിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ പരിപാടിയുടെ വെബ് സൈറ്റ്.

Suraj said...

പ്രിയ സുകുമാരന്‍ മാഷ്,

പ്രതീക്ഷകളുടെ പച്ചയിലാണ് ഭൂമിയിലെ ജീ‍വിതം എന്നതു കൊണ്ട് നമുക്ക് പ്രതീക്ഷിച്ചുകൊണ്ടേയിരിക്കാം...ഒന്നും സംഭവിച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ പേരെങ്കിലും മാറുമെന്ന് കരുതാമല്ലോ. :)

സര്‍വ്വപുച്ഛന്‍ നല്‍കിയ ലിങ്കും വാര്‍ത്തയും രാവിലേ തന്നെ മാതൃഭൂമി കണ്ടപ്പോള്‍ തപ്പിയെടുത്തു. ശരിയാണ്... ദു:ഖകരം തന്നെ കാര്യങ്ങള്‍. “API“ യില്‍ നിന്നും ഒരിക്കലും ഇത്ര തറ നിലവാരത്തില്‍ ഒരു നടപടി പ്രതീക്ഷിച്ചില്ല.

ഇവരൊക്കെ ഇറക്കുന്ന പ്രോട്ടോക്കോളുകളെയും നിര്‍ദ്ദേശകതത്വങ്ങളേയും പോലും വിശ്വസിക്കാന്‍ പറ്റാത്ത പരുവമായിട്ടുണ്ട്!

ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പാലക്കാട് ഘടകം ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് തങ്ങളുടെ ഒരു പരിപാടി സ്പോണ്‍സര്‍ ചെയ്യാന്‍ വിസമ്മതിച്ച ചില കമ്പനികളെ കരിമ്പട്ടികയില്പെടുത്തി ആ മരുന്നുകള്‍ പ്രിസ്ക്രൈബ് ചെയ്യാതെ അവരെ ഒറ്റപ്പെടുത്തണമെന്ന മട്ടില്‍ ഒരു രഹസ്യ “തന്തയില്ലാ”സര്‍ക്കുലര്‍ (ഒപ്പും സീലുമില്ലാതെ) ഇറക്കിയിരുന്നു...

ഇത്രയധികം അപകടകാരികളായ അലോപ്പതി മരുന്നു കോമ്പിനേഷനുകളും നിരോധിത മരുന്നുകളും ഇവിടെ പല കമ്പനികളും വിറ്റുകൂട്ടിയിട്ടും (വിവരക്കേട് നിറഞ്ഞ പ്രിസ്ക്രിപ്ഷനുകള്‍ അതിനൊത്ത് കുന്നുകൂടിയിട്ടും) അതിനെതിരേ ഒരു വക മിണ്ടാത്ത ഈ സംഘടനകള്‍ക്ക് ഇങ്ങനുള്ള ബ്ലാക് ലിസ്റ്റുകള്‍ ഇറക്കാന്‍ എന്തു ധാര്‍മ്മികത ?

പീപ്പിള്‍സ് വാര്‍ഗ്രൂപ്പിന്റെ ഒരു നേതാവിനെ കേരളത്തില്‍ അറസ്റ്റു ചെയ്തതായി വാര്‍ത്ത കണ്ടിരുന്നു...ഇക്കണക്കിന് ഡോക്ടര്‍മാരുടെ തല വെട്ടി മതിലിലും പോസ്റ്റുകളിലും വയ്ക്കുന്ന കാലം വരാന്‍ വല്യ താമസമുണ്ടെന്നു തോന്നുന്നില്ല..!

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ സൂരജ്, സുകുമാരന്‍ മാഷ്, സര്‍വപുച്ഛന്‍
ഈ വിഷയം ശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. കൂടുതല്‍ വിവരങ്ങള്‍ നല്‍കിയതിനും ചര്‍ച്ചകളില്‍ പങ്കെടുത്തതിനും നന്ദി.

Anonymous said...

സുഹൃത്തേ,

ഈ കുറിപ്പെഴുതുന്നതു താങ്കളുടെ ബ്ലോഗ്‌ കൂട്ടായ്മയില്‍ എത്തിപ്പെടുക എന്നതോടൊപ്പം ഏനിക്കു വളരെ പ്രധാനമെന്ന് തോന്നുന്ന ഒരു കാര്യവുമായി കഴിയുന്നത്ര ആളുകളെ ബന്ധപ്പെടുക ഏന്ന ഉദ്ദേശത്തോടും കൂടിയാണു.

നമ്മുടെ ആനുകാലികങ്ങളില്‍ ഒട്ടും തന്നെ ഇടം കിട്ടതായിക്കഴിഞ്ഞ ഒന്നാണല്ലൊ ചരിത്രം. അതാരുംതന്നെ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യതായി വളരെ കാലമായിരിക്കുന്നു ഏന്നു നമുക്കെല്ലാം അറിയാം. ആനുഷംഗികമായി മറ്റു വിഷയങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിര പത്രങ്ങളില്‍ വല്ലപ്പോഴും ആരെങ്കിലും അതിനെപ്പറ്റി പറയാറുണ്ടെങ്കില്‍ത്തന്നെ അതു തികഞ്ഞ നാട്യങ്ങളോടെ സാധരണക്കാര്‍ക്കു ഒട്ടും മനസ്സിലാവാത്ത ബുദ്ധിപരമായ ധാരാളം അഭ്യാസക്കസര്‍ത്തുകളോടെയാകുന്നു. ഭാഷ പഠിക്കേണ്ട ആവശ്യം തന്നെയില്ലെന്നു പറയാന്‍ തുടങ്ങിക്കഴിഞ്ഞ നമ്മുടെ സര്‍ക്കാര്‍വിലാസം വിദ്യാഭ്യാസപദ്ധതികളില്‍ക്കുടുങ്ങി താന്‍ ജീവിച്ചുപോരുന്ന സമൂഹത്തിന്റെ ഭൂതകാലം പൂര്‍ണമായും നഷ്ടപ്പെടാന്‍ തുടങ്ങുന്ന നമ്മുടെ വരുംതലമുറയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്നുകൂദി ഉപയയോഗപ്രദമായേക്കാവുന്ന രീതിയില്‍ നമുക്കെന്തെങ്കിലും ചെയ്യെണ്ടതുണ്ടെന്നു തോന്നുന്നില്ലേ. അതിന്നായി ഒരു കൂട്ടായ്മ ഉണ്ടാക്കിയെദുക്കുക എന്ന ഒരാശയം നിങ്ങളുടെ മുന്നിലേക്കു വക്കാന്‍ ശ്രമിക്കുകയാണു ഞാന്‍.

അതെങ്ങിനെയൊക്കെയാകമെന്നതിന്നു എനിക്കിപ്പോള്‍ യാതൊരു നിര്‍ദേശങ്ങളും മുന്നോട്ടു വക്കാനില്ല. ഏന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ത്തന്നെ അതു കൂട്ടായ്മക്കുള്ളില്‍ നടക്കുന്ന ആശയവിനിമയങ്ങളിലൂടെ നമുക്കാവുന്ന മട്ടില്‍ ചെയ്യാമെന്നേ ഞാനിപ്പോള്‍ കരുതുന്നുള്ളു.

ആരെങ്കിലും സമാനമായി ചിന്തിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെടുമല്ലൊ.


വിനയപൂര്‍വം
charithracharitham.blogspot.com

Anonymous said...

സുഹൃത്തേ,

ഈ കുറിപ്പെഴുതുന്നതു താങ്കളുടെ ബ്ലോഗ്‌ കൂട്ടായ്മയില്‍ എത്തിപ്പെടുക എന്നതോടൊപ്പം ഏനിക്കു വളരെ പ്രധാനമെന്ന് തോന്നുന്ന ഒരു കാര്യവുമായി കഴിയുന്നത്ര ആളുകളെ ബന്ധപ്പെടുക ഏന്ന ഉദ്ദേശത്തോടും കൂടിയാണു.

നമ്മുടെ ആനുകാലികങ്ങളില്‍ ഒട്ടും തന്നെ ഇടം കിട്ടതായിക്കഴിഞ്ഞ ഒന്നാണല്ലൊ ചരിത്രം. അതാരുംതന്നെ തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യതായി വളരെ കാലമായിരിക്കുന്നു ഏന്നു നമുക്കെല്ലാം അറിയാം. ആനുഷംഗികമായി മറ്റു വിഷയങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിര പത്രങ്ങളില്‍ വല്ലപ്പോഴും ആരെങ്കിലും അതിനെപ്പറ്റി പറയാറുണ്ടെങ്കില്‍ത്തന്നെ അതു തികഞ്ഞ നാട്യങ്ങളോടെ സാധരണക്കാര്‍ക്കു ഒട്ടും മനസ്സിലാവാത്ത ബുദ്ധിപരമായ ധാരാളം അഭ്യാസക്കസര്‍ത്തുകളോടെയാകുന്നു. ഭാഷ പഠിക്കേണ്ട ആവശ്യം തന്നെയില്ലെന്നു പറയാന്‍ തുടങ്ങിക്കഴിഞ്ഞ നമ്മുടെ സര്‍ക്കാര്‍വിലാസം വിദ്യാഭ്യാസപദ്ധതികളില്‍ക്കുടുങ്ങി താന്‍ ജീവിച്ചുപോരുന്ന സമൂഹത്തിന്റെ ഭൂതകാലം പൂര്‍ണമായും നഷ്ടപ്പെടാന്‍ തുടങ്ങുന്ന നമ്മുടെ വരുംതലമുറയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്നുകൂദി ഉപയയോഗപ്രദമായേക്കാവുന്ന രീതിയില്‍ നമുക്കെന്തെങ്കിലും ചെയ്യെണ്ടതുണ്ടെന്നു തോന്നുന്നില്ലേ. അതിന്നായി ഒരു കൂട്ടായ്മ ഉണ്ടാക്കിയെദുക്കുക എന്ന ഒരാശയം നിങ്ങളുടെ മുന്നിലേക്കു വക്കാന്‍ ശ്രമിക്കുകയാണു ഞാന്‍.

അതെങ്ങിനെയൊക്കെയാകമെന്നതിന്നു എനിക്കിപ്പോള്‍ യാതൊരു നിര്‍ദേശങ്ങളും മുന്നോട്ടു വക്കാനില്ല. ഏന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ത്തന്നെ അതു കൂട്ടായ്മക്കുള്ളില്‍ നടക്കുന്ന ആശയവിനിമയങ്ങളിലൂടെ നമുക്കാവുന്ന മട്ടില്‍ ചെയ്യാമെന്നേ ഞാനിപ്പോള്‍ കരുതുന്നുള്ളു.

ആരെങ്കിലും സമാനമായി ചിന്തിക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെടുമല്ലൊ.


വിനയപൂര്‍വം
charithracharitham.blogspot.com