Thursday, February 28, 2013

തേന്‍ പുരട്ടിയ മുള്ളുകള്‍

ഇത്തവണത്തെ കേന്ദ്രബജറ്റില്‍ അത്ഭുതങ്ങളൊന്നും ഉണ്ടാകില്ല. സഞ്ചരിച്ച വഴിയേതന്നെ യാത്ര തുടരും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രശ്നസങ്കീര്‍ണമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. ഏറിവരുന്ന അസമത്വവും (വന്‍കിടക്കാരുടെ വളര്‍ച്ചയും സാധാരണക്കാരുടെ ദരിദ്രീകരണവും) രൂക്ഷമായ വിലക്കയറ്റവുമാണ് രണ്ട് അടിസ്ഥാന പ്രശ്നങ്ങള്‍. ദേശീയ വരുമാന വളര്‍ച്ചനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍, 5.3 ശതമാനം. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കഴിഞ്ഞ ബജറ്റ് പ്രവചിച്ചത് 7.6 ശതമാനം വളര്‍ച്ചയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ 2.3 ശതമാനം കുറവാണ് വളര്‍ച്ചനിരക്ക്. വളര്‍ച്ചനിരക്ക് വര്‍ധിപ്പിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ചിദംബരം വാചാലനാകും, തീര്‍ച്ച. പക്ഷേ, ഉയര്‍ന്ന വളര്‍ച്ചനിരക്ക് രാജ്യം നേരിടുന്ന പ്രയാസങ്ങള്‍ക്കുള്ള ഒറ്റമൂലിയല്ലെന്ന് ഓര്‍ക്കണം. 2006-07ല്‍ രാജ്യം 9.6 ശതമാനം വളര്‍ച്ച നേടി. അടുത്തവര്‍ഷം 9.3 ശതമാനവും. പക്ഷേ, ജനങ്ങളുടെ ജീവിതാവസ്ഥയില്‍ അത് ഒരു ചലനവുമുണ്ടാക്കിയില്ല.

അസമത്വം കുറയ്ക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും ഒരു നടപടിയും ബജറ്റില്‍ ഉണ്ടാകില്ല. കാരണം, ഇവ രണ്ടുമാണ് സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമായി സര്‍ക്കാര്‍ കാണുന്നത്. സമ്പന്നരുടെ സ്വത്തും വരുമാനവും വര്‍ധിച്ചാലേ നിക്ഷേപവും ഉല്‍പ്പാദനവും ഉയരൂ എന്നതാണ് കോണ്‍ഗ്രസിന്റെ വികസനസിദ്ധാന്തം. വിലക്കയറ്റം മുതലാളിമാരുടെ ലാഭമുയര്‍ത്തി നിക്ഷേപം വളര്‍ത്തുമെന്നാണ് അനുബന്ധ സിദ്ധാന്തം. അതുകൊണ്ട് വിലക്കയറ്റം എപ്പോഴും ഉയര്‍ന്നതോതില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കും.

കുറഞ്ഞ സാമ്പത്തിക വളര്‍ച്ചനിരക്കിന് രണ്ടു കാരണങ്ങളാകും ബജറ്റ് ചൂണ്ടിക്കാണിക്കുക. ആഗോള സാമ്പത്തിക മാന്ദ്യവും പശ്ചാത്തല സൗകര്യ വികസനത്തിന്റെ അഭാവവും. ആഗോള സാമ്പത്തിക മാന്ദ്യം തീര്‍ച്ചയായും പ്രധാനകാര്യമാണ്. ഇന്ത്യയുടെ വളര്‍ച്ചനിരക്കിനെ അതു ബാധിച്ചിട്ടുണ്ട്. അതിനു കാരണമാകട്ടെ, സ്വതന്ത്ര വികസനപാത ഉപേക്ഷിച്ച് ഇന്ത്യയെ വികസിത മുതലാളിത്ത രാജ്യങ്ങളുമായി ഇണക്കിച്ചേര്‍ത്ത ആഗോളവല്‍ക്കരണനയവും. ആഭ്യന്തര- വിദേശ മൂലധന നിക്ഷേപം ആകര്‍ഷിക്കാന്‍ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കണമെന്നും അതിനുള്ള പണം സബ്സിഡികള്‍ ഒഴിവാക്കിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചും സമാഹരിക്കണമെന്ന വാദം ശക്തമായിത്തന്നെ ബജറ്റ് മുന്നോട്ടുവയ്ക്കാന്‍ സാധ്യതയുണ്ട്. സബ്സിഡികള്‍ക്ക് പൂര്‍ണവിരാമമിടാനുള്ള ശ്രമം ഉണ്ടാകും. ദാരിദ്ര്യം കുറയ്ക്കുകയോ, തൊഴിലില്ലായ്മ പരിഹരിക്കുകയോ, അസമത്വം ലഘൂകരിക്കുകയോ, വിലക്കയറ്റം നിയന്ത്രിക്കുകയോ അല്ല രാജ്യം നേരിടുന്ന അടിയന്തര വെല്ലുവിളികളെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. മറിച്ച് ഇരട്ട പ്രശ്നങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവയാണ് മുഖ്യം. അതായത് വര്‍ധിക്കുന്ന വിദേശ വ്യാപാര കമ്മിയും ധനകമ്മിയും. തീര്‍ച്ചയായും ഇവ രണ്ടും വര്‍ധിക്കുകതന്നെയാണ്. അതിനുള്ള കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടണം.

വിദേശവ്യാപാര കമ്മി ദേശീയ വരുമാനത്തിന്റെ 3.6 ശതമാനമായിരുന്നത് ഇപ്പോള്‍ 5.4 ശതമാനമാണ്. ധനകമ്മി 5.1 ശതമാനത്തിലേക്കു കുറയ്ക്കുമെന്ന ലക്ഷ്യം പിന്‍തള്ളി 5.9 ശതമാനത്തിലേക്കു വളര്‍ന്നു. 2012 ജനുവരിയില്‍ 42.95 ശതകോടി ഡോളറിനുള്ള സാധനങ്ങള്‍ രാജ്യം ഇറക്കുമതിചെയ്തു. 2013 ജനുവരിയില്‍ നടന്നത് 45.58 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ്. കയറ്റുമതി വളരെ കുറവായിരുന്നു. യഥാക്രമം 25.37 ശതകോടി ഡോളറും 25.58 ശതകോടി ഡോളറും. വ്യാപാരകമ്മി ഒറ്റവര്‍ഷം കൊണ്ട് 17.6 ല്‍നിന്ന് 19.9 ശതകോടി ഡോളറായി ഉയര്‍ന്നു. ഇന്ത്യയില്‍നിന്ന് പ്രധാനമായും സാധനങ്ങള്‍ വാങ്ങുന്നത് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമാണ്. സാമ്പത്തിക മാന്ദ്യത്തിലകപ്പെട്ട് നട്ടം തിരിയുന്ന ആ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സ്വാഭാവികമായും ഇടിഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇറക്കുമതിച്ചുങ്കം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തതുമൂലമാണ് ഇറക്കുമതി വര്‍ധിച്ചത്. ഇറക്കുമതി കുറയ്ക്കാനുള്ള വഴി ഇറക്കുമതിച്ചുങ്കം ഉയര്‍ത്തുകയാണ്. ക്രൂഡ്ഓയില്‍ പോലുള്ള ചില സാധനങ്ങളുടെ ഇറക്കുമതി പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ല. പക്ഷേ, റബറും പാംഓയിലും പോലുള്ള സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കഴിയും. ഭീമമായ വ്യാപാരകമ്മി നികത്താന്‍ വിദേശനാണ്യം അഥവാ തത്തുല്യമായ ഇന്ത്യന്‍ കറന്‍സി ആവശ്യമാണ്. റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുത്തും ആഭ്യന്തര വായ്പ സ്വീകരിച്ചും വിദേശനിക്ഷേപത്തെ ആശ്രയിച്ചുമാണ് കമ്മി നികത്തുന്നത്. ഇതാകട്ടെ, സര്‍ക്കാരിന്റെ ധനകമ്മി വളര്‍ത്തുകയുംചെയ്യുന്നു. റവന്യൂ കമ്മിയും വായ്പയും ചേര്‍ന്നതാണ് ധനകമ്മി. നികുതിപിരിവിലെ വീഴ്ചയും നികുതി ആനുകൂല്യങ്ങളും ചേര്‍ന്ന് സര്‍ക്കാരിന്റെ റവന്യൂവരുമാനം ഇടിച്ചു. അതനുസരിച്ച് വായ്പയും കൂടി. 2012 ഡിസംബറിലെ കണക്കനുസരിച്ച് റിസര്‍വ്ബാങ്കില്‍നിന്ന് കടമെടുത്തത് 25,95,770 കോടി രൂപയാണ്.

2012 ഡിസംബറിലെ റിസര്‍വ്ബാങ്ക് ബുള്ളറ്റിന്‍പ്രകാരം ബജറ്റ് വിഭാവനംചെയ്തതിന്റെ 61 ശതമാനം റവന്യൂ വരുമാനമാണ് ഏപ്രില്‍ മുതല്‍ ഡിസംബര്‍വരെ സമാഹരിക്കാനായത്. നികുതിപിരിവ് 62.8 ശതമാനമായിരുന്നു. നികുതിയിതര വരുമാനം 52.5 ശതമാനവും. ലക്ഷ്യമിട്ട വായ്പയുടെ 78.8 ശതമാനം ഇക്കാലയളവില്‍ സമാഹരിച്ചുകഴിഞ്ഞു. നികുതി പിരിച്ചിരുന്നെങ്കില്‍ വായ്പ കുറച്ച്, കമ്മി ലഘൂകരിക്കാമായിരുന്നുവെന്നും സാരം. അവശേഷിക്കുന്ന മൂന്നുമാസംകൊണ്ട് റവന്യൂവരുമാനലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയില്ല എന്നത് നിശ്ചയം. ചുരുക്കത്തില്‍ ആഗോളവല്‍ക്കരണം ഇറക്കുമതി ഉയര്‍ത്തി, ഇറക്കുമതി വര്‍ധനയും നികുതി പിരിവിലെ വീഴ്ചയും ചേര്‍ന്ന് ധനകമ്മി വളര്‍ത്തി. സബ്സിഡികള്‍ നല്‍കുന്നതുമൂലം സര്‍ക്കാരിന്റെ ചെലവുകള്‍ വര്‍ധിച്ചുവെന്നും അതാണ് ധനകമ്മി ഉയരാന്‍ കാരണമെന്നും ആയതിനാല്‍ സബ്സിഡികള്‍ കുറച്ചും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചും ധനസമാഹരണം നടത്തി പശ്ചാത്തല സൗകര്യവികസനം നടപ്പാക്കുകയാണ് നിക്ഷേപ വര്‍ധനയ്ക്കുള്ള വഴിയുമെന്ന നിലപാടായിരിക്കും ബജറ്റ് സ്വീകരിക്കുക. വ്യാപാരകമ്മിയും ധനകമ്മിയും വിദേശനിക്ഷേപകരെ അകറ്റുന്നുവെന്നും വിദേശമൂലധനനിക്ഷേപം ആകര്‍ഷിക്കുകയാണ് രാജ്യത്തിന്റെ രക്ഷാമാര്‍ഗമെന്ന നിലപാടായിരിക്കും ബജറ്റ് കൈക്കൊള്ളുക.

സബ്ഡിഡി ഒഴിവാക്കല്‍, വിലക്കയറ്റം രൂക്ഷമാക്കി ജനജീവിതം ദുസ്സഹമാക്കുമെന്ന യാഥാര്‍ഥ്യം പക്ഷേ, സര്‍ക്കാരിനെ അലട്ടുകയില്ല. 2011-12ലെ പുതുക്കിയ കണക്കനുസരിച്ച് ആ സാമ്പത്തിക വര്‍ഷത്തെ ആകെ സബ്സിഡി ചെലവ് 2,16,297 കോടി രൂപയായിരുന്നു. അതില്‍ 20850.3 കോടി രൂപ മൂന്ന് പ്രമുഖ സബ്സിഡികള്‍ക്കായിരുന്നു. ഭക്ഷ്യവസ്തുക്കള്‍, പെട്രോളിയം, രാസവളം. 72,823 കോടി രൂപയായിരുന്നു ഭക്ഷ്യസബ്സിഡി. പെട്രോളിയം സബ്സിഡി 68,481 കോടി രൂപയുടേതായിരുന്നു. തലേവര്‍ഷം കോര്‍പറേറ്റ് നികുതി ഇളവായി കേന്ദ്രം നല്‍കിയത് 88,263 കോടി രൂപ. അക്കൊല്ലത്തെ ഭക്ഷ്യസബ്സിഡി 63,844 കോടിക്കും. അതായത് കോര്‍പറേറ്റ് നികുതി ഇളവിന്റെ 72 ശതമാനം മാത്രമായിരുന്നു ഭക്ഷ്യസബ്സിഡി. പെട്രോളിയം സബ്സിഡി 43 ശതമാനവും. എക്സൈസ് തീരുവ, കോര്‍പറേറ്റ് നികുതി, കസ്റ്റംസ് തീരുവ എന്നീ ഇനങ്ങളിലായി നഷ്ടപ്പെട്ടത് 4,60,972 കോടി രൂപയുടെ നികുതി ഇളവുകളും ആനുകൂല്യങ്ങളുമായിരുന്നു. റവന്യൂ വരുമാനചോര്‍ച്ചയുടെ പ്രധാന കൈവഴിയാണ് വന്‍കിടക്കാര്‍ക്ക് വച്ചുനീട്ടുന്ന നികുതി ഇളവുകള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ കാര്യത്തില്‍ സ്വീകരിച്ച തന്ത്രം വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും.

ഓഹരിക്കമ്പോളത്തില്‍ 539.20 രൂപയ്ക്ക് വ്യാപാരം നടത്തിയിരുന്ന ഓയില്‍ ഇന്ത്യയുടെ ഓഹരികള്‍ 510 രൂപ (5.4 ശതമാനം കുറച്ച്)യ്ക്കാണ് സര്‍ക്കാര്‍ വിറ്റത്. 30 ശതമാനം ഓഹരികള്‍ വാങ്ങിയത് വിദേശനിക്ഷേപക സ്ഥാപനങ്ങളായിരുന്നു. വിദേശനിക്ഷേപകരുടെ ആത്മവിശ്വാസമുയര്‍ത്തുന്ന പരിഷ്കാര നടപടികള്‍ ബജറ്റില്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. കാരണം വ്യക്തം. ജനങ്ങളുടെ വാങ്ങല്‍ശേഷി വളര്‍ത്തി, ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുകയല്ല സര്‍ക്കാര്‍നയം. ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയരണമെങ്കില്‍ അവരുടെ തൊഴിലും വരുമാനവും വളരണം. സ്വത്തിന്റെയും വരുമാനത്തിന്റെയും ന്യായയുക്തമായ വിതരണമുണ്ടാകണം. അതുപക്ഷേ, സമ്പന്നവര്‍ഗത്തെ പിണക്കും. അവരെ വളര്‍ത്തുകയാണ് സര്‍ക്കാര്‍നയം. പിന്നെ കരണീയമായ മാര്‍ഗം വിദേശമൂലധനത്തെ ആശ്രയിക്കുകയാണ്. അതൊന്നുമാത്രമാണ് രക്ഷാമാര്‍ഗമെന്ന സിദ്ധാന്തമാണ് സര്‍ക്കാരിന്റെ സാമ്പത്തിക- ബജറ്റ് നയങ്ങളില്‍ പതിയിരിക്കുന്ന അപകടം. ആ അപകടത്തെ മധുരത്തില്‍ പൊതിഞ്ഞു വച്ചുനീട്ടുകയാവും ചിദംബരംചെയ്യുക.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 28 ഫെബ്രുവരി 2013

No comments: