Saturday, February 9, 2013

ഒരു മാധ്യമപ്രവര്‍ത്തകയെ ഭരണകൂടം വേട്ടയാടുന്നവിധം

മാലേഗാവ്, മക്ക മസ്ജിദ്, സഝോത സ്ഫോടനങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് വ്യക്തമായിട്ട് വര്‍ഷം പലതായിട്ടും ഹിന്ദുത്വ ഭീകരത എന്ന പ്രയോഗം നമ്മുടെ മാധ്യമങ്ങളിലോ സംവാദ ഭൂമികയിലോ ഇനിയും വേണ്ടത്ര പരിചിതമായിട്ടില്ല. പാര്‍ലമെന്റില്‍ ഏതെങ്കിലും ബിജെപി ഇതര എംപി ഹിന്ദുത്വഭഭീകരത എന്ന് പ്രയോഗിച്ചാല്‍ അതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കലമ്പല്‍കൂട്ടുന്ന ബിജെപി എംപിമാരുടെ ശൗര്യം ഇപ്പോഴും കുറഞ്ഞിട്ടുണ്ടാവില്ല. മാലേഗാവും മക്ക മസ്ജിദും സംഝോതയും സംബന്ധിച്ച വാര്‍ത്ത തയ്യാറാക്കുമ്പോള്‍ പൊലീസിന്റെ വാക്കുകള്‍ തൊണ്ടതൊടാതെ വിഴുങ്ങിയ മാധ്യമങ്ങള്‍ യഥാര്‍ഥ പ്രതികള്‍ പുറത്തുവന്നപ്പോള്‍ വിശ്വസിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അതുവരെ കെട്ടിയുയര്‍ത്തിയ നുണയുടെ ഗോപുരങ്ങള്‍ തകര്‍ന്നു വീഴുന്നതു കാണാന്‍ മാധ്യമങ്ങള്‍ക്ക് ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. ന്യൂസ് ഡെസ്കുകളിലെ സംഘപരിവാറിന്റെ സാന്നിധ്യം അത്രയേറെ ശക്തമാണ്. ആഴ്ചകള്‍ക്കു മുമ്പ് ആര്‍എസ്എസ് സര്‍സംഘചാലകിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പ്രാധാന്യത്തോടെ നല്‍കിയ പത്രങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ആര്‍എസ്എസ്സിന്റെ വിശദീകരണക്കുറിപ്പിന്റെ ഫുള്‍ടെക്സ്റ്റ് അതീവ പ്രാധാന്യത്തോടെ നല്‍കിയപ്പോള്‍ ആ വാര്‍ത്തയ്ക്കിടയില്‍ അനുസരണയുള്ള പട്ടിയുടെ അദൃശ്യമായ വാലാടുന്നത് മലയാള മനോരമയും മാതൃഭൂമിയും കേരളകൗമുദിയും വായിച്ച നമ്മള്‍ കണ്ടു.

ന്യൂസ് ഡെസ്കില്‍ നിര്‍വീര്യമാക്കപ്പെടുന്ന ബോംബുകളെക്കുറിച്ച് കെ കെ ഷാഹിന എന്ന പത്രപ്രവര്‍ത്തക വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയപ്പോള്‍ ഗുരുതരമായി പരിക്കേറ്റത് പൊതുബോധത്തോട് ഒട്ടിച്ചേര്‍ന്നുനിന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കായിരുന്നു. ഇന്ന് കര്‍ണാടകയിലെ ബിജെപി ഭരണകൂടം വേട്ടയാടുകയാണ് ഷാഹിനയെ. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതുവര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ക്കിടന്ന ശേഷം മോചിതനായ അബ്ദുള്‍നാസര്‍ മഅ്ദനിയെ ബംഗളൂരു സ്ഫോടനക്കേസില്‍ വീണ്ടും കുടുക്കാന്‍ ആധാരമാക്കിയ കേസിന്റെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഷാഹിന വേട്ടയാടപ്പെടുന്നത്. ഷാഹിനക്കെതിരെയുള്ള കേസ് മനുഷ്യാവകാശലംഘനം, പത്രപ്രവര്‍ത്തനസ്വാതന്ത്ര്യത്തിന്റെ അതിരുനിര്‍ണയം തുടങ്ങിയ ബഹുതലസ്പര്‍ശിയായ ചിന്തകളിലേക്കാണ് ജനാധിപത്യവിശ്വാസികളെ നയിക്കുന്നത്. ഇരയാക്കപ്പെടലിന്റെയും വേട്ടയാടപ്പെടലിന്റെയും നാളുകളെക്കുറിച്ച് ഷാഹിന സംസാരിക്കുന്നു:

ഷാഹിന എന്ന പത്രപ്രവര്‍ത്തകയ്ക്കെതിരെ കര്‍ണാടക പൊലീസ് എടുത്ത കേസിന് പല മാനങ്ങളുണ്ട്. അബ്ദുള്‍ നാസര്‍ മഅ്ദനി എന്ന മനുഷ്യനെ ബംഗളൂരു സ്ഫോടനത്തിന്റെ പേരില്‍ പ്രതിയാക്കി ജയിലിടാന്‍ ആധാരമാക്കിയ കേസിന്റെ ബലം കൂട്ടുക എന്നതാണ് ഒന്ന്. ഇത്തരം മുദ്രകുത്തലുകളെ എതിര്‍ക്കാന്‍ ധൈര്യം കാണിക്കുന്ന പത്രപ്രവര്‍ത്തകരെ ഭയപ്പെടുത്തുക എന്ന സുപ്രധാനലക്ഷ്യമാണ് മറ്റൊന്ന്. താങ്കള്‍ക്കെതിരായ കേസിന്റെ തുടക്കം എങ്ങനെയാണ്?

ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ ആകെ ആറു സാക്ഷികള്‍ മൊഴിനല്‍കിയെന്നായിരുന്നു കര്‍ണാടക പൊലീസിന്റെ വാദം. മൂന്നു പേര്‍ കേരളത്തിലും മൂന്നു പേര്‍ കര്‍ണാടകത്തിലെ കുടകിലും. മഅ്ദനിയും തടിയന്റവിടെ നസീറും കേരളത്തിലും കുടകിലും കൂടിക്കാഴ്ച നടത്തിയതായാണ് കുറ്റപത്രത്തില്‍ പൊലീസിന്റെ അവകാശവാദം. മഅ്ദനി ആലുവയില്‍ താമസിച്ച വീടിന്റെ ഉടമയുടെ സഹോദരന്‍ ജോസ്, പിഡിപി പ്രവര്‍ത്തകന്‍ മജീദ്, മഅ്ദനിയുടെ സഹോദരന്‍ ജമാല്‍ എന്നിവരായിരുന്നു കേരളത്തിലുള്ള സാക്ഷികള്‍. തെഹല്‍കയ്ക്കുവേണ്ടി നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ മൂന്നു സാക്ഷികളെയും കേസിനായി ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്താനായി. ആലുവയിലെ വീട്ടില്‍ മഅ്ദനിയും തടിയന്റവിടെ നസീറും തമ്മില്‍ സംസാരിക്കുന്നതു കണ്ടുവെന്ന് ജോസ് മൊഴിനല്‍കിയെന്നാണ് കര്‍ണാടക പൊലീസിന്റെ വാദം. പിഡിപി പ്രവര്‍ത്തകനായ മജീദും മഅ്ദനിയുടെ അനുജന്‍ അബ്ദുള്‍ ജമാലും ഇതേരീതിയില്‍ മഅ്ദനിയുമായി തടിയന്റവിട നസീര്‍ കൂടിക്കാഴ്ച നടത്തിയെന്ന് മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ കര്‍ണാടക പൊലീസ് അവകാശപ്പെട്ടു. സംശയകരമാണ് ഈ സാക്ഷിമൊഴികളെന്ന് ഏതു ജേര്‍ണലിസ്റ്റിനും ഒറ്റനോട്ടത്തില്‍ ബോധ്യമാവും. ഇവരുമായി സംസാരിച്ചപ്പോള്‍ മഅ്ദനി-നസീര്‍ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നും പൊലീസ് അവകാശപ്പെടുംപോലെ മൊഴി നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. കര്‍ണാടക പൊലീസിന്റെ അവകാശവാദം ഈ സാക്ഷികള്‍ നിഷേധിച്ചതാണ് ആദ്യം തെഹല്‍ക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കുടകിലേക്കുള്ള യാത്രയാണല്ലോ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാന്‍ ശ്രമിച്ചെന്ന കേസിലേക്ക് നയിച്ചത്. എന്തായിരുന്നു ഈ യാത്രയ്ക്കുള്ള പ്രേരണ?

കേരളത്തിലെ സാക്ഷികളുടെ മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ കുടകിലെ സാക്ഷികളും വ്യാജരാകാനാണ് സാധ്യതയെന്ന് തോന്നിയതിനാലാണ് അങ്ങോട്ടുപോയത്. 2010 നവംബര്‍ 16ന്. കുടക് കര്‍ണാടകത്തില്‍ ഏതുഭഭാഗത്താണെന്നോ കേരള അതിര്‍ത്തിയില്‍നിന്ന് അങ്ങോട്ട് എത്ര ദൂരമുണ്ടെന്ന് പോലുമോ പോകുമ്പോള്‍ എനിക്കറിയില്ലായിരുന്നു. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ കെ യോഗാനന്ദ, ബിജെപി പ്രവര്‍ത്തകനും മുന്‍പഞ്ചായത്ത് അംഗവുമായ പ്രഭാകര, കുടകിലെ തോട്ടം തൊഴിലാളി റഫീഖ് ബാപ്പുട്ടി എന്നീ സാക്ഷികളെ കണ്ട് സംസാരിക്കാനായിരുന്നു യാത്ര. സാധാരണ ഇത്തരം യാത്രകള്‍ ഒറ്റയ്ക്കാവുന്നതാണ് നല്ലത്. എന്നിട്ടും മൂന്നുപേരെ ഒപ്പം കൂട്ടി. കന്നഡ ഒട്ടും അറിയാത്തതിനാല്‍ സാക്ഷികള്‍പറയുന്നത് മൊഴിമാറ്റാന്‍വേണ്ടി കാസര്‍ക്കോട്ടുള്ള പുരുഷോത്തമന്‍, (ഇദ്ദേഹം കേസിനിടെ അന്തരിച്ചു) സുബൈര്‍ എന്നിവരും സ്ഥലം അറിയാവുന്നയാളെന്ന നിലയില്‍ മടിക്കേരിയിലുള്ള ഉമര്‍ എന്നിവരുമാണ് കൂടെ വന്നത്. സുബൈറും പുരുഷോത്തമനും പിഡിപി പ്രവര്‍ത്തകരാണ്. മഅ്ദനിയെക്കുറിച്ചുള്ള എന്റെ സ്റ്റോറിയിലെ ക്വോട്ട് എടുക്കാനാണ് സുബൈറിനെ പരിചയപ്പെട്ടത്. അങ്ങനെയാണ് ഇവര്‍കൂടെ വരാനിടയായത്. സാധാരണനിലയില്‍ ആരുമറിയാതെ കാണേണ്ടവരെ കണ്ട് വാര്‍ത്തയെടുക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ സ്ഥലം പരിചയമില്ലാത്തതും ഭാഷാപ്രശ്നവുമാണ് മൂന്നുപേരെ കൂടെ കൂട്ടാന്‍ കാരണം. സത്യത്തില്‍ അവിടെ ചെന്നപ്പോള്‍ഭഭാഷാപ്രശ്നം ഒട്ടും ഉണ്ടായില്ല. ഞാന്‍ കണ്ട എല്ലാ സാക്ഷികള്‍ക്കും നല്ലപോലെ മലയാളം അറിയാമായിരുന്നു.

ആദ്യം കണ്ടത് യോഗാനന്ദയെയാണ്. കുടകില്‍വച്ച് മഅ്ദനിയും നസീറും കണ്ടെന്ന പൊലീസിന്റെ അവകാശവാദത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ അയാള്‍ നിഷേധിക്കുകയായിരുന്നു. സംഭാഷണമത്രയും ഞാന്‍ രഹസ്യ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഇക്കാര്യം അയാള്‍ക്ക് സംശയം തോന്നിക്കാണണം. ഇവര്‍ പൊലീസില്‍ അപ്പോള്‍ തന്നെ വിവരമറിയിച്ചിരുന്നു. ഐഗൂര്‍ എന്ന സ്ഥലത്തു വച്ച് കര്‍ണാടക പൊലീസ് എന്നെ പിന്തുടര്‍ന്നത് ഇവര്‍ വിവരമറിയിച്ചിട്ടാണ്. പിന്നീടാണ് തോട്ടം തൊഴിലാളി റഫീഖിനെ കണ്ടത്. പൊലീസ് ഭീഷണിപ്പെടുത്തിയാണ് മഅ്ദനിക്കെതിരെ മൊഴിയെടുപ്പിച്ചതെന്ന് അയാളും പറഞ്ഞു. അങ്ങനെയൊരു മൊഴി നല്‍കേണ്ടി വന്നതില്‍ അയാള്‍ ദുഃഖിതനായിരുന്നു. നിരപരാധിയായ ഒരാള്‍ക്കെതിരെ മൊഴി നല്‍കിയതിന് ദൈവം നല്‍കിയ ശിക്ഷയാണ് തന്റെ കുഞ്ഞിന്റെ മാറാരോഗമെന്ന് റഫീഖ് പലപ്പോഴും പറയുന്നുണ്ടായിരുന്നു. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സിഐയുടെ ഫോണ്‍കോള്‍. എന്തിനവിടെ വന്നു എന്ന് ആവര്‍ത്തിച്ചു ചോദിച്ച അവര്‍ ഈ സ്ഥലം മോശമാണെന്നും പറഞ്ഞു. ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. അതോടെ നീ ഭീകരവാദി ആണോ എന്നായി ചോദ്യം. ഫോണില്‍ വിളിച്ചാണോ ഒരാള്‍ ഭീകരവാദിയാണോ എന്ന് മനസ്സിലാക്കുകയെന്ന് ഞാന്‍ തിരിച്ചുചോദിച്ചു. തെഹല്‍കയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്നും സംശയമുണ്ടെങ്കില്‍ എന്നെ അതിനു നിയോഗിച്ചയാളെ വിളിച്ചു നോക്കാമെന്നും പറഞ്ഞ് ഞാന്‍ തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയുടെ നമ്പര്‍ നല്‍കി. അയാള്‍വിളിച്ച കാര്യം ഷോമ പിന്നീട് എന്നോടു വിളിച്ചു പറഞ്ഞു. പ്രശ്നം അതോടെ തീര്‍ന്നെന്നു കരുതി മടങ്ങി. നാട്ടിലെത്തിയപ്പോഴാണ് കര്‍ണാടകത്തിലെ ചില മലയാളി പത്രപ്രവര്‍ത്തകരുടെ ഫോണ്‍. തീവ്രവാദിയായ ഒരു വനിത മഅ്ദനിയെ രക്ഷിക്കാന്‍ കുടകില്‍ ചെന്ന് കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത കന്നട പത്രങ്ങളില്‍വന്ന വിവരം അറിയിക്കുന്നതിനായിരുന്നു ആ വിളി. ആ തീവ്രവാദി വനിതക്കെതിരെ കേസ് എടുത്തുവെന്നും മനസ്സിലായി.
 
കേസ് എങ്ങനെയാണ് നേരിട്ടത്. എന്തായിരുന്നു കേസിന്റെ ഗതിവിഗതികള്‍ ?


കേസില്‍ മടിക്കേരി സെഷന്‍സ് കോടതിയില്‍ ഞാന്‍ മുന്‍കൂര്‍ജാമ്യം തേടിയെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടു. പിന്നീട് കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കേസെടുത്ത് ഒമ്പത് മാസം കഴിഞ്ഞാണ് ജാമ്യം അനുവദിച്ചത്. 15 ദിവസം കൂടുമ്പോള്‍ ബംഗളൂരുവിലെ സിഐഡി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ഹാജരായി ഒപ്പുവയ്ക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം. 2011 ജൂലൈ മുതല്‍ മാസത്തില്‍ രണ്ടുതവണ ബംഗളൂരുവില്‍ചെന്ന് ഒപ്പുവയ്ക്കേണ്ടി വന്നു. 10 മാസത്തിന് ശേഷം അത് മാസത്തിലൊരിക്കലാക്കി. കോടതി കഴിഞ്ഞ മാസമാണ് ഈ വ്യവസ്ഥ ഒഴിവാക്കിത്തന്നത്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇനിയുള്ള നീക്കം എന്താവും? ജനുവരി എട്ടിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗുരുതരമായ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആദ്യത്തെ തവണ കേസെടുത്തപ്പോള്‍ എനിക്ക് സമന്‍സ് പോലും കിട്ടിയില്ല. എന്നെ കണ്ടെത്താനായില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിച്ചത്. കേസ് അടുത്ത മാസത്തേക്ക് വച്ചിരിക്കുകയാണ്. രണ്ട് എഫ്ഐആര്‍ ആയതിനാല്‍ രണ്ട് കോടതികളില്‍ കേസുണ്ട്. കേസിനെ കോടതിയില്‍ നേരിടും.

ഷാഹിനക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ കെട്ടിച്ചമച്ച കേസിനോട് കേരളത്തിലെ പൊതുസമൂഹവും പത്രപ്രവര്‍ത്തകരും എങ്ങനെയാണ് സമീപിച്ചത്?

കേരള പത്രപ്രവര്‍ത്തക യൂണിയനിലെ സുഹൃത്തുകള്‍ കാര്യമായി പിന്തുണച്ചിരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരും, പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തി. സിപിഐ എമ്മും ജനാധിപത്യ മഹിളാ അസോസിയേഷനും മറ്റ് ഇടതുപക്ഷ സംഘടനകളും സോളിഡാരിറ്റിയുമെല്ലാം പിന്തുണച്ചിരുന്നു. നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍നിന്നും കാര്യമായ പിന്തുണ കിട്ടി. ദേശീയ തലത്തില്‍ ശ്രദ്ധ നേടാന്‍സഹായിച്ചത് ഇതെല്ലാമാണ്. എന്നാല്‍ ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ ഞാന്‍ പൊലീസിനോട് തട്ടിക്കയറിയതിനാലാവും കേസെടുത്തതെന്ന് പറഞ്ഞതായി പിന്നീടറിഞ്ഞു. പത്തു പതിനഞ്ച് വര്‍ഷമായി ഒരുമിച്ച് പത്രപ്രവര്‍ത്തനം നടത്തിയവര്‍ തന്നെയാണ് ഇങ്ങനെയൊക്കെ പറഞ്ഞു നടന്നത്. പലരും ബോധപൂര്‍വം അകലം പാലിച്ചു. അടുത്ത സുഹൃത്തുക്കള്‍ നിരന്തരമായി വിളിച്ച് ധൈര്യം തന്നു. അത് വലിയ ധാര്‍മിക പിന്തുണയായിരുന്നു. എന്നെ വിളിക്കുന്നത് അപകടകരമാണെറിഞ്ഞുകൊണ്ടുതന്നെയായിരുന്നു അവര്‍ കാര്യങ്ങള്‍ തിരക്കിയത്. മാതൃഭൂമി അടക്കമുള്ള ചില പത്രങ്ങള്‍ പൊലീസ് നല്‍കിയ കാര്യം അതേപടി കൊടുക്കുകയായിരുന്നു. എന്നെ ഒന്ന് വിളിക്കാനോ എന്റെ ഭാഗം കേള്‍ക്കാനോ തയ്യാറാവാതെയാണ് പല പത്രങ്ങളും വാര്‍ത്ത നല്‍കിയത്. അതിന് കാരണവുമുണ്ട്. ബംഗളൂരു സ്ഫോടനക്കേസില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന് തുടക്കം മുതലേ വിധിച്ച ഈ പത്രങ്ങള്‍ക്ക് കേസിലെ സാക്ഷികള്‍ വ്യാജരാണെന്ന് തെളിയുന്നത് സഹിക്കാന്‍ പറ്റുമായിരുന്നില്ല. മഅ്ദനി കുടകില്‍പോയെന്ന് പൊലീസിനെ ഉദ്ധരിച്ച് തറപ്പിച്ചു പറഞ്ഞവര്‍ക്ക് അങ്ങനെയല്ല വസ്തുതയെന്ന് പറയാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാവും. ഞാന്‍ ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയാണെന്നും സ്ഫോടനം നടക്കുംമുമ്പ് മഅ്ദനിയും തടിയന്റവിട നസീറും ഷാഹിനയും കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയെന്നും വരെ ദീപിക പത്രം വാര്‍ത്ത നല്‍കി. കുറ്റപത്രത്തില്‍ ഇങ്ങനെയൊരു പരാമര്‍ശമേ ഇല്ല. എന്നിട്ടും ഇത്തരത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. എന്നാല്‍ കേരളത്തിലെ വാരികകളും മാഗസിനുകളും ആദ്യം മുതലേ എനിക്കൊപ്പം നിന്നും. എന്റെ ഭാഗം വ്യക്തമാക്കുന്ന അഭിമുഖങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

ഷാഹിന എന്ന പേരും മുസ്ലിം പശ്ചാത്തലവും ഇത്തരമൊരു വേട്ടയ്ക്ക് കാരണമായെന്ന് തോന്നുന്നുണ്ടോ?

മുസ്ലിം ഐഡന്റിറ്റിയുടേത് മാത്രമല്ല പ്രശ്നം. മഅ്ദനിയെ പ്രതിചേര്‍ത്ത കേസിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു വാര്‍ത്ത ഒരു പക്ഷേ ഞാനല്ല ആരെഴുതിയാലും ഇതുതന്നെയാവും സ്ഥിതി. പൊലീസ് കെട്ടിപ്പൊക്കിയ വ്യാജ കേസ് പൊളിക്കാന്‍ ശ്രമിക്കുന്ന വ്യക്തി മുസ്ലിം നാമധാരി അല്ലെങ്കിലും കര്‍ണാടക പൊലീസ് ഇങ്ങനെ തന്നെയാവും നേരിടുക. പിന്നെ ഞാന്‍"ഷാഹി"ആയത് കേസില്‍ ഒരു രാസത്വരകമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നത് ഉറപ്പ്. ഇതിനുമുമ്പും ഇത്തരം വേട്ടയ്ക്ക് ഇരയായിട്ടുണ്ടല്ലോ? തീര്‍ച്ചയായും. ഡല്‍ഹിയിലുള്ളപ്പോള്‍ ഹൂട്ട് എന്ന വെബ്സൈറ്റില്‍ ഒരു ലേഖനമെഴുതിയിരുന്നു. "ബോംബ്സ് ഡിഫ്യൂസ്ഡ് ഇന്‍ ന്യൂസ് റൂംസ്" എന്ന പേരില്‍. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘപരിവാര്‍ ഭീകരര്‍ നടത്തുന്ന ഭീകരാക്രമങ്ങളെ മാധ്യമങ്ങള്‍ തമസ്കരിക്കുന്നതിനെ വിമര്‍ശിക്കുന്ന ലേഖനമായിരുന്നു അത്. ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദിസംഘം മാധ്യമങ്ങള്‍ക്കും പൊലീസിനും നല്‍കിയ ഇമെയിലില്‍ ഈ ലേഖനത്തിന്റെ ഒരു ഭാഗം കോപ്പി പെയ്സ്റ്റ് ചെയ്തു ചേര്‍ത്തിരുന്നു. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ഈ കത്തിന്റെ ഉറവിടം അന്വേഷിച്ചിരുന്നു. ഞങ്ങള്‍ തന്നെ ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനവും നല്‍കി. വസ്തുതയൊന്നും ഇല്ലെന്നറിഞ്ഞതുകൊണ്ടുതന്നെയാവണം എടിഎസ് പിന്നീട് എന്നെക്കുറിച്ച് അന്വേഷണമൊന്നും നടത്തിയില്ല. പക്ഷേ ബിജെപി മുഖപത്രമായ ജന്മഭൂമി നല്‍കിയ വാര്‍ത്ത ഞെട്ടിച്ചുകളഞ്ഞു. ലഷ്കര്‍ ഇ തൊയ്ബക്കു വേണ്ടിയാണ് ഞാന്‍ ലേഖനമെഴുതിയതെന്നും എന്നെ അന്വേഷണ ഏജന്‍സി മൂന്നു തവണ ചോദ്യം ചെയ്തെന്നും ആ പത്രം വാര്‍ത്ത നല്‍കി. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥരെ പത്രപ്രവര്‍ത്തകയാണെന്ന അഹങ്കാരത്തോടെ ഞാന്‍ ചീത്തവിളിച്ചു എന്നു പോലും ജന്മഭൂമി ലേഖകന്‍ എഴുതി വച്ചു.

ഡല്‍ഹിയില്‍ ജനയുഗം പത്രത്തിന്റെ ലേഖികയായി പ്രവര്‍ത്തിക്കവെ പോസ്കോ വിരുദ്ധ പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒഡിഷയില്‍ ചെന്നപ്പോഴും സമാനമായ അനുഭവമുണ്ടായി. ഡല്‍ഹിയിലെ ഗവേഷകരും എഴുത്തുകാരുമായ മൂന്നുനാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അവിടെ പോയത്. അവിടെ പത്രക്കാരുടെ കൂട്ടത്തിലൊരാള്‍ ഞങ്ങളെ പരിചയപ്പെട്ടു. കുറേ സംസാരിച്ചു. പിറ്റേന്ന് അവിടുത്തെ ഒറിയ പത്രങ്ങളില്‍ വന്ന വാര്‍ത്ത ഡല്‍ഹിയില്‍ നിന്നെത്തിയ ഒരു സംഘം വനിതാ മാവോയിസ്റ്റുകള്‍ ആദിവാസികള്‍ക്ക് ആയുധ പരിശീലനം നല്‍കി എന്നായിരുന്നു. ഞങ്ങളെ കൊണ്ടുപോയ ജീപ്പ് ഡ്രൈവറെ പൊലീസ് പിടിച്ച് കാര്യമായി മര്‍ദിക്കുകയും ചെയ്തു.

ഈ കേസ് എങ്ങനെ നേരിടാനാണ് തീരുമാനം. ഏതൊക്കെ കേന്ദ്രങ്ങളില്‍നിന്ന് സഹായം ലഭിക്കുന്നുണ്ട്. കേസ് നടത്തിപ്പ് തൊഴിലിനെ എങ്ങനെ ബാധിക്കുന്നു?

കേസ് നിയമപരമായി നേരിടും. അഭിഭാഷകന്‍ ഇതുവരെ പണമൊന്നും വാങ്ങാതെയാണ് വാദിച്ചത്. ഇനിയുള്ള വക്കീലിന്റെ ചെലവുകള്‍ തെഹല്‍ക്ക വഹിക്കും. എന്നാലും കേസിന്റെ മറ്റു ചെലവുകള്‍ക്ക് പണം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍തന്നെ ബംഗളൂരില്‍ മാസത്തില്‍ രണ്ടുതവണ ഒപ്പിടാന്‍ പോയിരുന്നതു തന്നെ വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരിക്കുന്നു. ഗൗരവമുള്ള കേസ് ആയതുകൊണ്ടുതന്നെ ഒരു പഴുതും അനുവദിക്കാന്‍ പാടില്ലല്ലോ. സുഹൃത്തുക്കള്‍ പലരും സഹായിച്ചു. ഇനിയും സഹായിക്കാമെന്ന് ഉറപ്പുതന്നിട്ടുണ്ട്. തെഹല്‍കയില്‍നിന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍മാഗസിനില്‍നിന്നും ധാര്‍മികമായ നല്ല പിന്തുണ ലഭിക്കുന്നുണ്ട്. തെഹല്‍കയ്ക്കു വേണ്ടിയായിരുന്നു കുടക് യാത്ര എന്നതുകൊണ്ടുതന്നെ അവരുടെ പിന്തുണ സുപ്രധാനമാണ്. കേസ് ജോലിയെ ബാധിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ടു തന്നെ കേസിനായി ബംഗളൂരുവില്‍ പോകുമ്പോള്‍വരെ എന്തെങ്കിലും വാര്‍ത്തകള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. വടക്കന്‍ കര്‍ണാടകത്തിലെ റായ്ചൂരിലെ കുട്ടികളിലെ പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വാര്‍ത്ത ഇത്തരമൊരു യാത്രയില്‍ ചെയ്തതാണ്. എന്നാല്‍ കേരളത്തിലെ ജനാധിപത്യവിശ്വാസികളില്‍നിന്നും പിന്തുണ ആവശ്യമാണ്. ഇതൊരു വ്യക്തിയുടെ പ്രശ്നമെന്നതിലുപരി ഒരു സമൂഹത്തിനുനേരെയുള്ള കടന്നാക്രമണമായാണ് കാണേണ്ടത്. പൗരസമൂഹം പൊതുവിലും പത്രപ്രവര്‍ത്തക സമൂഹം പ്രത്യേകിച്ചും ഈ മനുഷ്യാവകാശലംഘനത്തിനെതിരെ രംഗത്തുവരേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസും ഭരണകൂടവും ലക്ഷ്മണരേഖ നിശ്ചയിക്കുന്നതിന് ഉദാഹരണമാണ് ഈ കേസ്.

*
കെ കെ ഷാഹിന/ /എന്‍ എസ് സജിത് ദേശാഭിമാനി വാരിക 10 ഫെബ്രുവരി 2013

No comments: