Wednesday, February 20, 2013

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു

1918 ല്‍ സ്വാതന്ത്ര്യ പ്രസ്ഥാനം ഉണര്‍വിന്റെ പുതുവഴികള്‍ തേടുമ്പോഴാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്തത്. അന്ന് അതിനെതിരായി ബോംബെയില്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി പണിമുടക്കി തെരുവിലിറങ്ങി. അവരുയര്‍ത്തിയത് ഒറ്റമുദ്രാവാക്യമായിരുന്നു ''തിലകനെ വിട്ടയയ്ക്കുക''.

കാതങ്ങള്‍ക്കകലെയിരുന്ന് ഈ സമരത്തെപ്പറ്റി വായിച്ചറിഞ്ഞ ലെനിന്‍ അന്ന് പറഞ്ഞത് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നുവെന്നാണ്. ഇപ്പോള്‍ രാജ്യത്തിന്റെ ജീവത്തായ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടിത തൊഴിലാളി വര്‍ഗം കൊടിഭേദങ്ങള്‍ മറന്ന് ദ്വിദിന പണിമുടക്കിലേയ്ക്ക് ആര്‍ത്തിരമ്പി വരുമ്പോള്‍ ചരിത്രം ഇങ്ങനെയാവും രേഖപ്പെടുത്തുക; സ്വതന്ത്ര ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയെത്തിയിരിക്കുന്നു. രാഷ്ട്രീയ പ്രേരിതമെന്ന് 1918 ന്റെ പ്രക്ഷോഭത്തെ ബ്രിട്ടീഷ് ഭരണക്കാര്‍ മുദ്രകുത്തി. അവരുടെ ചുവടൊപ്പിച്ചുകൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണക്കാരും ഇന്നത്തെ പണിമുടക്കിന്റെ മേലില്‍ രാഷ്ട്രീയ പ്രേരിതമെന്ന് മുദ്രകുത്തുന്നു. ശരിയാണ്, തൊഴിലാളിവര്‍ഗത്തിന് ഈ പ്രക്ഷോഭങ്ങളുടെ പാതയില്‍ രാഷ്ട്രീയ പ്രേരണകളുണ്ട്, അത് ഭരണപക്ഷ പ്രതിപക്ഷ രാഷ്ട്രീയത്തിന്റേതല്ലെന്ന് മാത്രം. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ ഇരുട്ടിലാക്കുന്ന നയങ്ങള്‍ക്കെതിരെ വെളിച്ചത്തിന്റെ രാഷ്ട്രീയമാണ് അധ്വാനിക്കുന്നവര്‍ഗം ഉയര്‍ത്തിപ്പിടിക്കുന്നത്. അതിലൂടെ അവര്‍ ശരിയായ വര്‍ഗരാഷ്ട്രീയത്തിന്റെ പതാക ഉയര്‍ത്തുന്നു. നാടിന്റെ മുഴുവന്‍ വിമോചന ദൗത്യത്തിന്റെ നായകരാകാന്‍ രംഗത്തുവരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന 48 മണിക്കൂര്‍ പണിമുടക്കാണ് ആരംഭിച്ചിരിക്കുന്നത്. പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര തൊഴിലാളി ഫെഡറേഷനുകളും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.

പണിമുടക്ക് പോലുള്ള ഒരു സമരായുധം ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അവലംബിക്കാന്‍ ഇടയായ സാഹചര്യം ഇപ്പോഴും ബോധ്യപ്പെട്ടതായി ഭരണക്കാര്‍ സമ്മതിക്കുന്നില്ല, അഥവാ ബോധ്യപ്പെടാന്‍ മനസ്സില്ല എന്നതാണ് യാഥാര്‍ഥ്യം. ദുസഹമായ ജീവിതസാഹചര്യങ്ങളില്‍ ഒരു ജനതയെ ആകെ എറിഞ്ഞുകൊടുത്ത് അതിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ഡൈസ്‌നോണ്‍ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന ധാര്‍ഷ്ട്യമാണ് കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ പ്രകടിപ്പിക്കുന്നത്.  ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങളെപ്പോലും കേന്ദ്രസര്‍ക്കാര്‍ നിഷ്ഠൂരം പരാജയപ്പെടുത്തി ജനങ്ങളെ സമരമുഖത്തേക്ക് തള്ളിവിട്ടിരിക്കുന്നു. പണിമുടക്കിന് നേതൃത്വം നല്‍കുന്നവര്‍ ഉന്നയിക്കുന്ന ജീവല്‍പ്രശ്‌നങ്ങള്‍ ഇന്ന് പെട്ടെന്ന് പൊട്ടിമുളച്ചതൊന്നുമല്ലല്ലോ. അതിലേക്ക് ജനങ്ങളെ തള്ളിവിട്ട നടപടികള്‍ ഒന്നൊന്നായി വിശദീകരിക്കേണ്ട  കാര്യവുമില്ല. ജനവിരുദ്ധ നടപടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമ്പോഴൊക്കെ ഇന്നാട്ടിലെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

പ്രതിലോമകരമായ സാമ്പത്തിക നടപടികള്‍ രാജ്യത്ത് സൃഷ്ടിച്ച വിലക്കയറ്റവും സാമ്പത്തിക തകര്‍ച്ചയും എല്ലാവിഭാഗം ജനങ്ങളേയും അങ്ങേയറ്റം പ്രതികൂലമായി ബാധിച്ചിരിക്കുന്നു. തോന്നുംപോലെ യാതൊരു തത്വദീക്ഷയുമില്ലാതെ പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിക്കൊണ്ട് എണ്ണക്കമ്പനികളുടെ വക്കാലത്തുമായി ഭരണത്തില്‍ പിടിച്ചുതൂങ്ങുന്ന നെറികെട്ട അധികാര രാഷ്ട്രീയമാണ് യു പി എ നടത്തുന്നത്.

യാത്രാനിരക്ക് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു, നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. വൈദ്യുതി സ്വകാര്യവല്‍ക്കരിക്കുന്നു, ജനങ്ങളുടെ ഒരായുസ്സിലെ മുഴുവന്‍ സമ്പാദ്യമായ പ്രോവിഡന്റ് ഫണ്ട് തുക കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചു മാറ്റുന്നു. ചെറുകിട കച്ചവട മേഖലയെ വിദേശനിക്ഷേപകര്‍ക്കുവേണ്ടി ബലിയാടാക്കുന്നു. വനഭൂമികള്‍ ഒന്നൊന്നായി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു.  കര്‍ഷകരെ കൂട്ടമായി ആത്മഹത്യയിലേക്ക് തള്ളിവിടുന്നു, പുതിയ പുതിയ മേഖലകളെകൂടി തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുന്നു. ചൂതാട്ടത്തിന്റെയും ഊഹക്കച്ചവടത്തിന്റെയും വിഹാരരംഗമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിക്കൊണ്ടിരിക്കുന്നു, ആദിവാസി ദളിത് വിഭാഗങ്ങളുടെ ജീവിതസൗഭാഗ്യങ്ങളുടെ ആവാസമേഖലകള്‍ കൊള്ളയടിക്കുന്നു. പരമ്പരാഗത മേഖലയെ തല്ലിത്തകര്‍ക്കുന്നു, എണ്ണിയാലൊടുങ്ങാത്ത ഇത്തരത്തിലുള്ള നിരവധി ഭരണകൂട വെല്ലുവിളികള്‍ നേരിട്ടുകൊണ്ടു ഒരു ജനത എത്രനാള്‍ സഹിഷ്ണുതയുള്ളവരാകും? ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തൊരു കറുത്തകാലം ഇന്നത്തെപ്പോലെ എന്നുണ്ടായിട്ടുണ്ട്?

ഇന്ത്യയെ ഇരുണ്ടയുഗത്തിലേക്ക് നയിക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധ കൊടുങ്കാറ്റാണ് ഈ ദേശീയ പണിമുടക്ക്. ജീവിതത്തിന്റെ സര്‍വ പ്രതീക്ഷകളും നഷ്ടപ്പെട്ട് നിരാലംബരാകുന്ന ഒരു ജനതയുടെ ആത്മരോഷം കൂടിയാണിത്. ഈ രോഷത്തിന്റെ കാഠിന്യവും തോതും തിരിച്ചറിയാന്‍പോലും ഭരണകൂടം കൂട്ടാക്കാതിരുന്നാല്‍ അവര്‍ക്ക് പിന്നീട് വലിയ വില നല്‍കേണ്ടിവരും. ജനവിരുദ്ധ നയങ്ങള്‍ അരുതെന്നുള്ള ജനങ്ങളുടെ ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ആവശ്യങ്ങളെ നിരാകരിച്ച് അവയുമായി മുന്നോട്ടുതന്നെ പോകുന്ന ദുഷിച്ച ഭരണത്തിന്റെ മരണമണിമുഴക്കം കേട്ടുതുടങ്ങി. ജനങ്ങള്‍ പണിമുടക്കിലൂടെ അത്തരമൊരു താക്കീതാണ് നല്‍കുന്നത്.

ജനരോഷത്തിന് ദിശാമുഖം നല്‍കുന്ന ജനകീയ പ്രസ്ഥാനങ്ങളേയും സംഘടനകളേയും സല്യൂട്ട് ചെയ്യുന്നു. സമരതീച്ചൂളയില്‍ നിങ്ങളോടൊപ്പം ഒരു ജനതയാകെയുണ്ട്-വിജയം വരെ സമരമുഖത്ത് നില്‍ക്കാനുള്ള മുഴുവന്‍ ഊര്‍ജ്ജവുമായി, ധീരമായി മുന്നേറുക.

*
ജനയുഗം മുഖപ്രസംഗം 20 ഫെബ്രുവരി 2013

No comments: