Monday, February 11, 2013

സൂര്യനെല്ലി കേസും രാഷ്ട്രീയ നിലപാടുകളും

സൂര്യനെല്ലി ഇന്ന് കേവലമൊരു സ്ഥലനാമമല്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതവുമായി, അവള്‍ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ വേദനകളുമായി ആ പേര് താദാത്മ്യം പ്രാപിച്ചിരിക്കുന്നു. നമ്മുടെ നീതിനിര്‍വഹണ വിഭാഗത്തിന്റെയും നീതിപീഠത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും അടയാളപ്പെടുത്തലായി ചരിത്രത്തില്‍ ഇടം നേടിയ പേരാണ് സൂര്യനെല്ലി. ആ സൂര്യനെല്ലി വീണ്ടും സജീവ വിഷയമായിരിക്കുന്നു. ജനാധിപത്യ മഹിളാ അസോസിയേഷനും പെണ്‍കുട്ടിയും സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിന്റെ വിധിയില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് വന്നിരിക്കുന്നു. ഹൈക്കോടതി വിധിയില്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ് എന്നും അത് പുനഃപരിശോധിക്കേണ്ടതാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. 34 പ്രതികളുടെയും ജാമ്യം റദ്ദുചെയ്യണമെന്നും എല്ലാ പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിക്ക് സാങ്കേതിക പിഴവ് സംഭവിച്ചിരിക്കുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വസ്തുതകള്‍ പരിഗണിച്ചു മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നും 6 മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള ഭരണപരവും നിയമപരവുമായ സംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇരകള്‍ക്ക് നീതിനിഷേധിക്കുന്ന ഭരണ - നീതിന്യായ സംവിധാനത്തിന്റെ ഉത്തമ ഉദാഹരണമായി സുപ്രീംകോടതി ചീഫ് ജസ്റ്റീസിനുമുന്നില്‍ ഈ കേസ്വീണ്ടും ഉയര്‍ന്നുവന്നത്. കഥയുടെ, അല്ല ചരിത്രത്തിന്റെ, തുടക്കം 17 വര്‍ഷം മുമ്പ്, 1996 ജനുവരി 16ന്. അന്നാണ് മൂന്നാര്‍ നല്ലതണ്ണി ലിറ്റില്‍ ഗേള്‍സ് ഹൈസ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന ആ പെണ്‍കുട്ടിയെ - മൂന്നാര്‍ പോസ്റ്റ് മാസ്റ്റര്‍ മാണി മാര്‍ക്കോസിന്റെയും സൂര്യനെല്ലി എസ്റ്റേറ്റ് ആരോഗ്യകേന്ദ്രത്തിലെ നേഴ്സ് ഈത്തമ്മയുടെയും മകളെ കാണാതായത്. 41-ാം ദിവസം - ഫെബ്രുവരി 26 - തളര്‍ന്നവശയായി പിതാവ് ജോലി ചെയ്തിരുന്ന മൂന്നാര്‍ പോസ്റ്റാഫീസില്‍ അവര്‍ തിരിച്ചെത്തി. അതികഠിനമായ ശാരീരിക വേദനയാല്‍, അതിലേറെ മാനസിക വ്യഥകളാല്‍ അവള്‍ പുളയുകയായിരുന്നു അപ്പോള്‍. കഴിഞ്ഞ 40 ദിനരാത്രങ്ങളില്‍ താന്‍ അനുഭവിച്ച നരകയാതനകളെല്ലാം അവള്‍ വീട്ടിലെത്തി അമ്മയോടു വിവരിച്ചു. ഇതിനകം കോട്ടയം, എറണാകുളം, കുമിളി, പാലക്കാട്, വാണിമേല്‍, കമ്പം, തേനി, കന്യാകുമാരി, തിരുവനന്തപുരം, കുറവിലങ്ങാട്, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലെല്ലാം അവള്‍ കൊണ്ടുപോകപ്പെട്ടു. ചെറുപ്പക്കാര്‍ മുതല്‍ അച്ഛനോ മുത്തച്ഛനോ ആകാന്‍ പ്രായമുള്ളവര്‍ വരെ, സാധാരണക്കാര്‍ മുതല്‍ അഭിഭാഷകര്‍, അദ്ധ്യാപകര്‍, ഉദ്യോഗസ്ഥ പ്രമാണിമാരും ചില കോണ്‍ഗ്രസ് പ്രമാണിമാരും വരെ 40ല്‍ പരം പേര്‍ ആ ഇളംശരീരത്തില്‍ തങ്ങളുടെ കാമദാഹം തീര്‍ത്തു മദിച്ചു. അതിെന്‍റ ബാക്കിപത്രമായിരുന്നു നീരുകെട്ടി ചീര്‍ത്ത, നേരെ നിവര്‍ന്നു നില്‍ക്കാന്‍ പോലുമാവാത്ത, പ്രാഥമിക കൃത്യങ്ങള്‍ക്കുപോലും പ്രയാസമായ അവസ്ഥയില്‍ തിരിച്ചെത്തിയ ആ ശരീരം.

മകളെ കാണാനില്ലെന്ന്, അവളെ കാണാതായതിെന്‍റ തൊട്ടടുത്ത ദിവസം തന്നെ അച്ഛന്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. അവള്‍ തിരിച്ചെത്തിയ വിവരവും പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവളില്‍നിന്ന് മൊഴിയെടുക്കുകയും ഫെബ്രുവരി 28ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. അന്ന് ഭരണം യുഡിഎഫിേന്‍റത്. മുഖ്യമന്ത്രി "ആദര്‍ശധീരനായ" ആന്‍റണി. പ്രതികളില്‍ പലരും കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളിലെ നേതാക്കളോ പ്രവര്‍ത്തകരോ ആണെന്ന് തിരിച്ചറിയുകയുണ്ടായി. കോണ്‍ഗ്രസിന്റെ കോട്ടയം ഡിസിസി സെക്രട്ടറിയും പാലാ മണ്ഡലം പ്രസിഡന്‍റും പ്രതിപ്പട്ടികയില്‍ പെട്ടിരുന്നു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിട്ടുപിടിച്ച് ധര്‍മ്മരാജനെന്ന നരാധമന് എത്തിച്ചുകൊടുത്ത ബസ് കണ്ടക്ടര്‍ രാജു, കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കോടതിയില്‍ നല്‍കിയ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍റണി നാടുവാണിരുന്ന ആ കാലത്ത്, അറസ്റ്റു ചെയ്യപ്പെട്ട പ്രതികളെയും പെണ്‍കുട്ടിയേയും ഒരേ വാഹനത്തില്‍ കയറ്റി നാടുചുറ്റി തെളിവെടുപ്പ് നടത്തുന്നതിനെതിരെ ഹൈക്കോടതിക്കുതന്നെ ഇടപെടേണ്ടതായി വന്നു. ഇതിനിടയില്‍ 1996 മാര്‍ച്ച് 26ലെ മാതൃഭൂമി പത്രത്തില്‍ അന്ന് കേന്ദ്ര മന്ത്രിയായിരുന്ന പി ജെ കുര്യെന്‍റ ഫോട്ടോ കണ്ട്, കുമിളിയില്‍ വച്ച് തന്നെ ബലാല്‍സംഗം ചെയ്ത, പേരറിയാത്ത, ബാജി എന്ന് വിളിച്ചിരുന്ന ആള്‍ ഇതാണെന്ന് രക്ഷിതാക്കളോടു പറയുകയും ആ വിവരം അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി ആന്‍റണിയെ നേരില്‍ക്കണ്ട് അറിയിക്കുകയും ചെയ്തു. ആന്‍റണി അപ്പോഴും അനങ്ങാപ്പാറ നയം തന്നെ തുടര്‍ന്നു. 1996 ജൂണ്‍ മാസത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം 1996 ജൂലൈ 6ന് ഡിഐജി സിബി മാത്യുവിെന്‍റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സൂര്യനെല്ലി കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചു. കേസ് വിചാരണ ചെയ്യുന്നതിന് കോട്ടയത്ത് സ്പെഷ്യല്‍ കോടതി രൂപീകരിച്ചു. പ്രതിഭാഗത്തെ 23 അഭിഭാഷകര്‍ 12 ദിവസത്തോളം പെണ്‍കുട്ടിയെ ക്രോസ് വിസ്താരം നടത്തി. ഈ കേസിന്റെ ഒരു സവിശേഷത പെണ്‍കുട്ടി തുടക്കം മുതല്‍ ഒടുക്കം വരെ തെന്‍റ അമ്മയോടും പൊലീസിനോടും പറഞ്ഞത് ഒരേ കാര്യം തന്നെയാണെന്നതാണ്. ഒരിക്കലും മൊഴി മാറ്റുകയോ തിരുത്തുകയോ ഉണ്ടായില്ല. ഓരോ തവണ ആവര്‍ത്തിച്ചപ്പോഴും ഒരു വരിയോ അടുക്കോ തെറ്റിയില്ല. വിചാരണയ്ക്കൊടുവില്‍ 2000 സെപ്തംബര്‍ 2ന് കോട്ടയം സ്പെഷ്യല്‍ കോടതി ജഡ്ജി എം ശശിധരന്‍ നമ്പ്യാര്‍ 39 പ്രതികളില്‍ 35 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. നാലുപേരെ വെറുതെ വിട്ടു. ഈ സമയത്ത് ഒളിവിലായിരുന്ന മുഖ്യപ്രതി അഡ്വ. ധര്‍മ്മരാജനെ കോടതിവിധി വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ കര്‍ണാടകത്തില്‍നിന്നും പിടികൂടുകയും അയാളെയും അതേ കോടതി തന്നെ വിചാരണ ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. പ്രത്യേക കോടതി ജഡ്ജിയുടെ വിധിന്യായത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചതിനൊപ്പം ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി ഇവര്‍ തിരുത്തിച്ചതായും കോടതി നിരീക്ഷിച്ചു. കഠിനയാതന അനുഭവിച്ച ഇരയുടെ, അവളുടെ കുടുംബത്തിന്റെ, കേരള സമൂഹത്തിന്റെ വിജയമായിരുന്നു കോട്ടയം പ്രത്യേക കോടതിയുടെ ആ വിധി. അടിസ്ഥാന മനുഷ്യാവകാശത്തിനെതിരായ കുറ്റകൃത്യം എന്നാണ് ബലാല്‍സംഗത്തെ കോടതി വിശേഷിപ്പിച്ചത്. ""ഇരയുടെ ഏറ്റവും വിലപ്പെട്ട മനുഷ്യാവകാശത്തിന്റെ, ഭരണഘടനയുടെ 21-ാം അനുഛേദത്തില്‍ ഉള്‍പ്പെടുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്"" ഇത് എന്നും ഭാഗ്യഹീനയായ ഇരയുടെ കണ്ണീരൊപ്പാന്‍ കോടതിയ്ക്ക് ബാധ്യതയുണ്ടെന്നും വിധി സംശയാതീതമായി വ്യക്തമാക്കി.

എല്‍ഡിഎഫ് സര്‍ക്കാര്‍ കേസന്വേഷണത്തിന്റെയും കോടതിയില്‍ ഇരയ്ക്കായി വാദിക്കുന്നതിെന്‍റയും കാര്യത്തില്‍ മാത്രമല്ല ജാഗ്രത കാണിച്ചത്; പുനരധിവാസത്തിന്റെ കാര്യത്തിലും ശ്രദ്ധിച്ചു. കാരണം ഈ സംഭവത്തോടെ അവളുടെ ഭാവിജീവിതം തന്നെ ഇരുളടഞ്ഞതായി. അതിനാലാണ് അവള്‍ക്ക് രക്ഷ നല്‍കാന്‍ നായനാര്‍ ഗവണ്‍മെന്‍റ് സര്‍ക്കാര്‍ സര്‍വീസില്‍ (വില്‍പന നികുതി വകുപ്പില്‍) ക്ലാസ് 4 തസ്തികയില്‍ ജോലി നല്‍കിയത്. എന്നാല്‍, കേരള സമൂഹത്തെയും മനുഷ്യമനഃസാക്ഷിയെയും ഞെട്ടിപ്പിക്കുന്നതായിരുന്നു പ്രതികളുടെ അപ്പീലിന്മേല്‍ കേരളാ ഹൈക്കോടതിയിലെ ജസ്റ്റീസ് കെ എ അബ്ദുള്‍ ഗഫൂറിെന്‍റയും ജസ്റ്റീസ് ആര്‍ ബസന്തിെന്‍റയും വിധി. 2001 മെയ് മാസത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ഈ കേസ് കൈകാര്യം ചെയ്തതില്‍ കാണിച്ച അലംഭാവത്തിന്റെയും കൂടി പ്രതിഫലനമായിരുന്നു ആ കോടതിവിധി. പെണ്‍കുട്ടിക്ക് 16 വയസ്സ് പൂര്‍ത്തിയായി എന്നതിനാല്‍ അവളുടെ സമ്മതത്തോടുകൂടിയുള്ള ബന്ധത്തെ ബലാല്‍സംഗമായി വിധിയെഴുതാനാവില്ല എന്ന വിചിത്രമായ വാദഗതിയാണ് ഹൈക്കോടതി മുന്നോട്ടുവെച്ചത്. സ്പെഷ്യല്‍ കോടതി, അവള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു എന്ന് വിധിയെഴുതിയ സ്ഥാനത്ത് ഹൈക്കോടതി, അവള്‍ക്ക് ഓടി രക്ഷപ്പെടുകയോ നിലവിളിക്കുകയോ ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചുകൊണ്ട് ആ പെണ്‍കുട്ടിയെ 40 ദിവസം ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി മൃതപ്രായയാക്കി വലിച്ചെറിഞ്ഞ ഉന്നതസ്ഥാനീയര്‍ ഉള്‍പ്പെടെയുള്ള കാട്ടാളന്‍മാരുടെ പക്ഷത്താണ് തങ്ങള്‍ എന്ന് പരസ്യമായി നിലപാടെടുക്കുകയാണുണ്ടായത്. മാത്രമല്ല, ഈ നിലപാട് സാധൂകരിക്കുന്നതിന് അവളെയും അവളുടെ മാതാപിതാക്കളെയും വരെ ദുര്‍നടപ്പുകാരായി ചിത്രീകരിക്കാനും അഭിവന്ദ്യരായ ന്യായാധിപന്‍മാര്‍ മടിച്ചില്ല. ഒരു ഗൂഢാലോചനയും നടന്നിരുന്നില്ല എന്നും കോടതി വിധിയെഴുതി. അതുകൊണ്ടുതന്നെ ബലാല്‍സംഗം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പ്രത്യേക കോടതി ശിക്ഷ വിധിച്ച എല്ലാപേരെയും കുറ്റവിമുക്തരാക്കി ഹൈക്കോടതി വെറുതെ വിട്ടു. മുഖ്യപ്രതിയായ ധര്‍മ്മരാജനു മാത്രം 5 വര്‍ഷത്തെ തടവുശിക്ഷ-അതിലും റിമാന്‍റ് കാലാവധിയില്‍ തടവിലായിരുന്ന 2 വര്‍ഷം ഇളവും മാത്രം നല്‍കി. അതാകട്ടെ ബലാല്‍സംഗത്തിനോ ഗൂഢാലോചനയ്ക്കോ അല്ല. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ച് പണം പറ്റിയതിന്. 2005 ജനുവരിയിലായിരുന്നു ഈ വിധിന്യായം. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല എന്ന കോടതി നിരീക്ഷണം, യുഡിഎഫ് ഭരണകാലത്ത് കുറ്റവാളികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സംവിധാനം ചാഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലാണ്.

ഹൈക്കോടതി ആ പെണ്‍കുട്ടിക്ക് എന്ത് പറയാനുണ്ടെന്ന് കേട്ടിരുന്നില്ല. അവള്‍ തന്നെ പറയുന്നത്, നാല്‍പത്തിയൊന്നു ദിവസം താന്‍ സഹിച്ച വേദനകള്‍ ഹൈക്കോടതിയിലോ മറ്റേത് കോടതിയിലോ വന്നുപറയാന്‍ തയ്യാറാണെന്നാണ്. സ്പെഷ്യല്‍ കോടതിയില്‍ അതു പറഞ്ഞതുകൊണ്ടാണ് കുറച്ചെങ്കിലും നീതി ലഭിച്ചത് എന്നും അവള്‍ വിശ്വസിക്കുന്നു. ഈ ഹൈക്കോടതിവിധി 2005 ജനുവരിയില്‍, ആഗോളവല്‍ക്കരണത്തിന്റെ കാലത്താണ് ഉണ്ടായത്. കൃത്യം ഒരു നൂറ്റാണ്ടിനുമുമ്പ് 1905ല്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരത്തിലെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അവള്‍ ചൂണ്ടിക്കാണിച്ച 64 പുരുഷന്‍മാര്‍ക്കെതിരെയും അന്നത്തെ ബ്രിട്ടീഷ് കോടതി ശിക്ഷ നല്‍കുകയുണ്ടായി എന്ന വസ്തുതയുമായി ചേര്‍ത്തു വായിക്കുമ്പോഴാണ് ആഗോളവല്‍ക്കരണ കാലത്തെ നിയമസംവിധാനം പഴയ കൊളോണിയല്‍ കാലത്തേതിനേക്കാള്‍ നീതിരഹിതമായി മാറി എന്ന കാര്യം നമ്മെ ഞെട്ടിപ്പിക്കുന്നത്. ഇതിനൊരു അനുബന്ധം കൂടിയുണ്ട്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന പി ജെ കുര്യനും തന്നെ മൃഗീയമായി ബലാല്‍സംഗം ചെയ്തിരുന്നുവെന്ന ഇരയുടെ വെളിപ്പെടുത്തലിന് എന്തു സംഭവിച്ചു എന്നത്. അന്നത്തെ മുഖ്യമന്ത്രി ആന്‍റണിക്കു നല്‍കിയ പരാതിയിന്മേല്‍ ഒരു നടപടിയും എടുത്തിരുന്നില്ല. നായനാര്‍ ഗവണ്‍മെന്‍റ് ഇതുള്‍പ്പെടെ സമഗ്രമായ കേസന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തിനൊടുവില്‍ ഡിഐജി സിബി മാത്യു പ്രത്യേക കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, കുമിളി പഞ്ചായത്ത് റസ്റ്റ് ഹൗസില്‍വെച്ച് തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പറയുന്ന "ബാജി" എന്ന പേരിലറിയപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അതിനായി കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നുമാണ്. ആ അന്വേഷണത്തില്‍ കുര്യന് അനുകൂലമാക്കി കാര്യങ്ങള്‍ നീക്കുകയാണുണ്ടായത്. കുമിളി പഞ്ചായത്ത് റസ്റ്റ്ഹൗസില്‍വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു എന്നു പറയുന്ന ദിവസം,അതേസമയത്ത് ചങ്ങനാശ്ശേരിയില്‍ തന്നെ കണ്ട് ഒരു പ്രശ്നം ചര്‍ച്ച ചെയ്യുകയായിരുന്നു എന്ന പ്രമുഖ എന്‍എസ്എസ് നേതാവിന്റെയും തങ്ങള്‍ അന്ന് ആ സമയത്ത് കുര്യനെ കണ്ട് പിരിവു വാങ്ങിയതായുള്ള രണ്ട് പ്രാദേശിക ആര്‍എസ്എസ് നേതാക്കളുടെയും മൊഴിയാണ് കുര്യെന്‍റ രക്ഷയ്ക്കായി സംഘടിപ്പിക്കപ്പെട്ടത്. ഈ മൊഴികള്‍ മുഖവിലയ്ക്കെടുത്താണ് തൊടുപുഴ കോടതിയില്‍ പെണ്‍കുട്ടി സമര്‍പ്പിച്ച സ്വകാര്യ അന്യായവും അതിന്മേല്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്‍കിയ അപ്പീലുകളും തള്ളപ്പെട്ടുപോയത്. ഈ കേസ് നിലനില്‍ക്കെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കുര്യനെ ജനങ്ങള്‍ തിരസ്കരിച്ചതും സ്ത്രീപീഡനക്കേസില്‍ പ്രതിയായ, ജനങ്ങള്‍ പരാജയപ്പെടുത്തിയ കുര്യനെത്തന്നെ രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് അയച്ചതും കോണ്‍ഗ്രസ്സിന്റെ സ്ത്രീവിരുദ്ധ നിലപാടാണ് വെളിപ്പെടുത്തുന്നത്.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ കേസിനോട് സ്വീകരിച്ചതും ഇപ്പോഴും സ്വീകരിക്കുന്നതുമായ നിലപാടും പരിശോധിക്കപ്പെടേണ്ടതാണ്. ഈ സംഭവം നടന്ന 1996 കാലത്ത് മലയാള മനോരമ ഈ പെണ്‍കുട്ടിയെ അപമാനിക്കുന്ന വിധത്തിലുള്ള കാര്‍ട്ടൂണുകളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചതും ഇന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും. "മാതൃഭൂമി" വാരികയുടെ 1996 ജൂലൈ 13െന്‍റ ലക്കത്തില്‍ഡോ. കെ വേലായുധന്‍നായര്‍ എഴുതിയ ജുഗുപ്സാവഹമായ ലേഖനവും മാധ്യമ സമീപനത്തെ വെളിപ്പെടുത്തുന്നു. "ദേശാഭിമാനി" പത്രം മാത്രമാണ് ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട്, ഇരയ്ക്കനുകൂലമായ നിലപാട്, സ്വീകരിച്ചത്. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന ഈ പെണ്‍കുട്ടിയെ കേസില്‍ കുടുക്കി. അവള്‍ വിശ്വാസ്യത ഇല്ലാത്തവളാണ് എന്ന് ചിത്രീകരിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അപ്പീലില്‍ അവള്‍ക്ക് നീതിനിഷേധിക്കാനുള്ള ശ്രമം നടന്നുവെന്നത് കൂടുതല്‍ ഞെട്ടലുളവാക്കുന്നു. കോണ്‍ഗ്രസ്സിന്റെ, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ, ഈ പ്രശ്നത്തിലുള്ള നിലപാട് തുറന്നു കാട്ടുന്ന നടപടിയാണിത് - ഒരുതരം പകവീട്ടലും. ഇതിനൊപ്പം തന്നെ കാണേണ്ടതുതന്നെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ പരിഗണിക്കുമ്പോള്‍ ഇത്രകാലവും സര്‍ക്കാരിെന്‍റ അഭിഭാഷകര്‍ നടത്തിയ ഒഴിഞ്ഞുമാറലും. പല പീഡനക്കേസുകളിലും ഇരകള്‍ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി മൊഴി മാറ്റിപ്പറഞ്ഞ സംഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. എന്നാല്‍ തെന്‍റ ഒന്നുമറിയാത്ത പ്രായത്തില്‍ പ്രലോഭനങ്ങള്‍ക്കും പിന്നെ ഭീഷണിക്കും വഴങ്ങി വീടുവിട്ടിറങ്ങേണ്ടിവന്ന ഈ പെണ്‍കുട്ടി താനുഭവിച്ച പീഡനകഥ ഒന്നൊന്നായി പറഞ്ഞത് പിന്നീടാവര്‍ത്തിച്ചപ്പോഴൊന്നും ഒരു വരിയും തെറ്റിയിരുന്നില്ല; ഒരു ഭീഷണിയ്ക്കും വഴങ്ങി ഒരിക്കല്‍പോലും മൊഴി മാറ്റി പറഞ്ഞുമില്ല. അതുതന്നെയാണ് അവളുടെ അനുഭവങ്ങള്‍ സത്യസന്ധമാണെന്നതിന് ഏറ്റവും വലിയ സാക്ഷ്യം. ഒരുപക്ഷേ ഇതായിരിക്കാം കേരള സമൂഹം കേട്ടിട്ടുള്ളതില്‍ വച്ച് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഏറ്റവും വലിയ അനുഭവസാക്ഷ്യം. സ്വാഭാവികമായും നീതി കിട്ടേണ്ടിയിരുന്ന ഒരു കേസില്‍ ഇരയ്ക്ക് ഇത്രയും നാളും നീതി ലഭിക്കാതിരുന്നതും അവളെ അങ്ങേയറ്റം അവഹേളിച്ചതും കള്ളക്കേസില്‍ കുടുക്കിയതും നീതിന്യായ വ്യവസ്ഥയെ സ്വാധീനിച്ചതും കോണ്‍ഗ്രസ്സിലെ പ്രമുഖര്‍ കേസിലുള്‍പ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുതന്നെ. കോണ്‍ഗ്രസ്സിന്റെ ഈ കുടില രാഷ്ട്രീയ തന്ത്രത്തില്‍ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നത് ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും മാത്രമല്ല, ധാര്‍മ്മികതയും കൂടിയാണ്.

*
കെ ആര്‍ മായ ചിന്ത വാരിക

No comments: