Tuesday, February 12, 2013

ജലംകൊണ്ട് മുറിവേറ്റ കവി

ഞാനൊരു കുഴിമടിയനാണ്, ഇതിനെക്കാള്‍ കൂടുതല്‍ എഴുതണമായിരുന്നു, ഭോഗിക്കണമായിരുന്നു, പാടുകയും പടംവരയ്ക്കുകയും കുഞ്ഞുങ്ങളെ താരാപഥങ്ങളിലേയ്ക്ക് അയയ്ക്കുകയും മിണ്ടാതിരിക്കുയും ചെയ്യണമായിരുന്നു. (മറവിയെ വരയുന്ന വാക്ക്/ സംഭാഷണം, ഡി വിനയചന്ദ്രന്‍/ സജയ് കെ വി)

വിനയചന്ദ്രന്‍ എന്ന കവി എന്താണെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത രീതിയില്‍, വെള്ളത്തിന്റെ വഴുക്കലില്‍ ഒരു പരല്‍മീന്‍പോലെ ഒഴുകിപ്പോകുകയായിരുന്നു അദ്ദേഹം. പ്രകൃതിയും പ്രണയവും ഒന്നുചേര്‍ന്ന ഒരു ഒഴുക്കായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആധുനിക കവിതയുടെ ശക്തനായ വക്താവായിരുന്നു അദ്ദേഹം. മലയാളത്തിന്റെ നാടോടി പാരമ്പര്യം ഇത്രയും വശ്യമായി എഴുതാനും ചൊല്ലാനും കഴിയുന്ന കവി വേറെയില്ല. വായനയെന്നതിനപ്പുറം കവിതയുടെ ചൊല്ലലില്‍ തന്റെതായ ശൈലി രൂപപ്പെടുത്താന്‍ വിനയചന്ദ്രന്‍ എന്ന കവിയ്ക്ക് കഴിഞ്ഞിരുന്നു. ഓരോ കവിതയും തന്റെ തീക്ഷ്ണമായ അനുഭവത്തിന്റെയും യാത്രയുടെയും പൊള്ളലില്‍നിന്ന് അടര്‍ന്നു വീണ വരികളായിരുന്നു. പ്രകൃതിയിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് എപ്പോഴും പറയുന്ന കവി പ്രകൃതിയുടെ അനിര്‍വചനീയ അനുഭൂതിയായ പ്രണയത്തിന്റെ ഉപാസകനായിരുന്നു. തന്റെ യൗവനം വിട്ടൊഴിയുമ്പോഴും എഴുത്തിലും പ്രണയത്തിലും അതിന്റെ നൈസര്‍ഗികതക്ക് വിട നല്‍കാന്‍  അദ്ദേഹം തയാറായിരുന്നില്ല.

ഇതു നിന്റെ പ്രണയമിന്നിനിയും പുലമ്പാതെ
അതിലെന്റെ ഹൃദയം വിതുമ്പും സുഗന്ധമാം
ഇതുപണ്ടു പണ്ടുമിന്നെന്നുമെന്നേക്കുമായ്
പ്രണയകല ഭൂമിയ്ക്കു നല്‍കുന്ന യൗവനം
(പ്രണയത്തിന്റെ അവകാശികള്‍)

പ്രണയത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കലിനെയാണ് ഇവിടെ കവി അവതരിപ്പിക്കുന്നത്.

വീട്ടിലേക്കെന്നു പോകുന്നു
ചോദിക്കുന്നു കൂട്ടുകാര്‍
കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍
പടിവാതിലോളം പറന്നുമറയുന്ന
കൊച്ചരിപ്രാവ് കലണ്ടറില്‍
ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍
(വീട്ടിലേക്കുള്ള വഴി)

ജീവിതത്തിന്റെയും യാത്രയുടെയും ഇടയില്‍ സംഭവിക്കുന്ന അനുഭവങ്ങളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണിത്. വിനയചന്ദ്രന്റെ പല കവിതകളിലും നിലവിലെ സദാചാരസംഹിതകളെ തകര്‍ക്കുന്ന കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. വ്യവസ്ഥയോടുള്ള കലഹമുണ്ടാകാം. അങ്ങനെ വിപ്ലവകരമായ പല നിരീക്ഷണങ്ങളുമുണ്ട് ആ കവിതകളില്‍. പ്രകൃതിയിലേയ്ക്ക് അലിഞ്ഞിറങ്ങുന്ന ജീവിതം അതുതന്നെയായിരുന്നു അദ്ദേഹത്തിന് കവിതയും നടത്തവും. കവിതപോലെ തന്നെ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു കവിയ്ക്ക് സൗഹൃദവും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ കുന്നുകളിലേയ്ക്ക് വണ്ടി കയറുമ്പോള്‍ അദ്ദേഹംപോലും വിചാരിച്ചിരുന്നില്ല ഇത്രവലിയ ശിഷ്യസമ്പത്ത് ലഭിക്കുമെന്ന്. അവരോടെല്ലാം ഒരു അധ്യാപകനെപ്പോലെയല്ലാതെ കൂട്ടുകാരെപ്പോലെ പെരുമാറുകയായിരുന്നു അദ്ദേഹം. നാടന്‍പാട്ടു പാരമ്പര്യത്തിന്റെയും കവിത ചൊല്ലലിന്റെയും പാതയില്‍ നവീനമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അധ്യാപകനായിരിക്കുമ്പോഴും അക്കാദമിക പരിവേഷം ഊരിവെച്ച് സൗഹൃദത്തിന്റെ പുതിയൊരു വഴി തുറക്കുകയായിരുന്നു അദ്ദേഹം.

പുഴയുടെ ജാതകം
വരമായി ലഭിച്ചിരുന്നെങ്കില്‍
നിനക്കു പിന്നെയും മുങ്ങി നിവരാന്‍
ഞാന്‍ ഭാരതമാകുമായിരുന്നു
(പി സമസ്തകേരളം പി ഒ)

ഇത്തരത്തില്‍ കാവ്യവഴിയിലെ വ്യത്യസ്തതയെ അടയാളപ്പെടുത്തുകയായിരുന്നു അദ്ദേഹം. കടമ്മനിട്ടയില്‍ തുടങ്ങിയ ചൊല്ലല്‍ പാരമ്പര്യത്തിന് പുതിയ വഴി നല്‍കുകയായിരുന്നു അദ്ദേഹം. വിനയചന്ദ്രന്‍ കൂടി യാത്രയോടെ കവിതയിലെ ജനകീയരില്‍ ഒരാളെക്കൂടി നഷ്ടമായിരിക്കുകയാണ്.

*
രാജേഷ് കെ എരുമേലി ജനയുഗം 12 ഫെബ്രുവരി 2013

2 comments:

maharshi said...

വിനായ ചന്ദ്രന്‍ സാറിനു വിട
ജനകീയ കവിതയ്ക്ക് വിട

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കവിതയ്ക്ക് വിട