Sunday, February 10, 2013

രജിത്കുമാരന്മാരുടെ വംശം ഇവിടെ വളരാന്‍ പാടില്ല

ഇന്ത്യയില്‍ ഇത് 'ഹെയ്റ്റ് സ്പീച്ചു'കളുടെ കാലമാണ്. ഈ നീക്കത്തില്‍ വര്‍ഗീയതയും സ്ത്രീവിരുദ്ധതയും ഇന്ന് ഒരേ നാണയത്തിന്റെ രണ്ടുവശമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. മതവിദ്വേഷം ജ്വലിപ്പിക്കുന്ന എം ഐ എം നേതാവ് അക്ബറുദ്ദീന്‍ ഒവൈസിക്കും വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കും ഒപ്പം കേരളത്തിന് ഒരു ഡോക്ടര്‍ രജിത്കുമാറിനെ കിട്ടിയിരിക്കുന്നു. മതഭ്രാന്ത് ഇളക്കിവിടുന്നതായിരുന്നു മറ്റ് രണ്ടുപേരുടെയും പ്രസംഗലക്ഷ്യമെങ്കില്‍ രജിത്കുമാറിന്റെ പരാക്രമം സ്ത്രീകള്‍ക്കു നേരെയായിരുന്നു. അതും കേരളമാകെ സര്‍ക്കാര്‍ നടത്തുന്ന 'മൂല്യബോധനയാത്രാ' വേദിയില്‍. ഒരര്‍ഥത്തില്‍ ഒരു സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ത്രീവിരുദ്ധ പ്രചരണം എന്നര്‍ഥം.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനെതിരെ വിദ്യാഭ്യാസവകുപ്പിന്റെ മൂല്യബോധനയാത്ര കാസര്‍കോട് നിന്നും പുറപ്പെട്ട് സമാപിച്ചത് തിരുവനന്തപുരത്തെ പ്രസിദ്ധമായ ഗവണ്‍മെന്റ് വിമന്‍സ് കോളജില്‍. അവിടെ ജാഥാ സംഘാടകരും അധ്യാപകരും വിദ്യാര്‍ഥിനികളും പങ്കെടുത്ത യോഗത്തില്‍ ജാഥാ ക്യാപ്റ്റനും സ്റ്റുഡന്‍സ് പൊലീസ് പരിശീലകനുമായ രജിത്കുമാര്‍ സ്ത്രീകള്‍ക്കെതിരെ നിന്ദ്യമായ ഭാഷയില്‍ മൂല്യബോധന പ്രസംഗം നടത്തിയത് ഞെട്ടലോടെയാണ് കേരളം കേട്ടത്. ''പുരുഷന് വെറും പത്തുമിനുറ്റുകൊണ്ട് ഗര്‍ഭമുണ്ടാക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രസവിക്കാന്‍ പത്തുമാസം വേണമെന്നും സ്ത്രീകള്‍ക്ക് ഓര്‍മ്മവേണമെന്നും അതുകൊണ്ട് അടങ്ങി ഒതുങ്ങി കഴിയുന്നതാണ് നല്ലതെന്നും ധാര്‍ഷ്ട്യം കലര്‍ന്ന ശൈലിയിലും അഹങ്കാരം മുറ്റിനിന്ന ശരീരഭാഷയിലും ഈ മാന്യന്‍ കത്തിക്കയറി. ആത്മാഭിമാനമുള്ള ഒരു സ്ത്രീക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല ഇയാള്‍ നടത്തിയ പ്രസംഗം. ഇതൊരു രജിത് കുമാറിന്റെ മാത്രം നിലപാടിന്റെ പ്രശ്‌നമല്ല. സ്ത്രീവിരുദ്ധതയ്ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് അധികാരവും ലിംഗനീതിയും അവസര സമത്വവുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി മൂല്യബോധനയാത്രയുടെ സമാപനചടങ്ങിന് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയും മൊബൈല്‍ ഫോണ്‍ ഉപയോഗവുമാണ് കുറ്റകൃത്യങ്ങള്‍ക്കും സകല കുഴപ്പങ്ങള്‍ക്കും കാരണമെന്ന് എഴുതിവിട്ടത്. വകുപ്പുമന്ത്രിയുടെ മൂല്യബോധം ഇതാകുമ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന കീഴുദ്യോഗസ്ഥന്റെ കാര്യം പറയാനുണ്ടോ?

ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒരു ഉടമ്പടിയിലേര്‍പ്പെടുമ്പോള്‍ ഭാര്യ ഭര്‍ത്താവിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടവളാണെന്നും അതിന് തടസ്സം വരുന്ന നിമിഷം ഭാര്യയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്നുമുള്ള ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗ്‌വത്തിന്റെ വിവാദപ്രസ്താവനയെ പിന്തുണച്ച് സുന്നിനേതാവ് കാന്തപുരം പറഞ്ഞത് സ്ത്രീപുരുഷ സമത്വമെന്ന ആശയം തന്നെ പ്രകൃതി വിരുദ്ധമാണെന്നാണ്. ഇവരുടെയൊക്കെ പ്രേതം രജിത്കുമാറില്‍ സന്നിവേശിച്ചതുപോലെയാണ് ഇയാള്‍ വിമന്‍സ് കോളജില്‍ കഴിഞ്ഞ ദിവസം ഉറഞ്ഞുതുള്ളിയത്.

ഒന്ന് നാം ഓര്‍ക്കണം ഡല്‍ഹി പെണ്‍കുട്ടിയുടെ അതിദാരുണ അന്ത്യം സൃഷ്ടിച്ച നോവിന്റെ നീറ്റല്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. നിത്യവുമെന്നോണം നാട്ടില്‍ നടക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ മനുഷ്യത്വമുള്ള സകലരും അങ്ങേയറ്റത്തെ ഉത്കണ്ഠയോടുകൂടി കഴിയുന്ന ഒരവസരം കൂടിയാണിത്. വസ്ത്രധാരണമോ, മൊബൈല്‍ ഫോണോ ഒന്നും പ്രശ്‌നമാകാത്ത രണ്ടു വയസും എണ്‍പതുവയസുമുള്ള ആക്രമിക്കപ്പെട്ട പെണ്‍ജന്മങ്ങള്‍ നമ്മുടെയൊക്കെ തീരാവേദനയാണ്. യാത്രയില്‍, തൊഴിലിടത്തില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്തിന് വീട്ടിനുള്ളിലടക്കം ക്രൂരമായി ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം തേടി ഒരവബോധമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തിയ സംരംഭത്തില്‍ അതിനു നേതൃത്വം കൊടുത്ത പരിശീലകനില്‍ നിന്നാണ് അങ്ങേയറ്റം നിന്ദ്യമായ വാക്കുകള്‍ വന്നത്.

പ്രബുദ്ധമായ വനിതാകോളജില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി, മാന്യമായ തൊഴില്‍ സമ്പാദിച്ച് അഭിമാനകരമായ ജീവിതം സ്വപ്‌നം കാണുന്ന പെണ്‍കുട്ടികളോട് നിങ്ങള്‍ അടങ്ങി ഒതുങ്ങി ജീവിക്കാത്തതുകൊണ്ടാണ് സകല കുഴപ്പങ്ങളുമെന്ന് വിളിച്ചു പറയാനുള്ള ഹുങ്ക് ഇയാള്‍ക്കെവിടുന്ന് കിട്ടി? ഇതിന് ആരാണിയാളെ നിയോഗിച്ചത്. ഏത് രാഷ്ട്രീയ സംസ്‌ക്കാരത്തിന്റെ പ്രതിനിധിയാണിയാള്‍? ഇതിനുത്തരം ഉത്തരവാദപ്പെട്ടവര്‍ കേരള സമൂഹത്തിന് നല്‍കണം. പൊലീസ് വകുപ്പ് പറയുന്നു 'ഇങ്ങനെയൊരു പരിശീലകന്‍ ഞങ്ങള്‍ക്കില്ലെന്ന്'. കേരളത്തെ ഇരുണ്ട യുഗത്തിലേയ്ക്ക് തള്ളിവിടുന്ന 'അധാര്‍മ്മിക മൂല്യങ്ങള്‍' പ്രചരിപ്പിക്കാന്‍ പിന്നെ ആരാണിയാളെ നിയോഗിച്ചത്. സ്ത്രീനിന്ദയ്‌ക്കെതിരെ കൂവി പ്രതിഷേധിക്കാന്‍ ഒരു ചുണക്കുട്ടിയെങ്കിലും നമുക്കുണ്ടായി. അവള്‍ക്ക് ഒരു റെഡ് സല്യൂട്ട്.

അടിച്ചമര്‍ത്തിയാല്‍ ശബ്ദിക്കില്ലെന്ന പുരുഷാധിപത്യ അധികാരധാര്‍ഷ്ട്യം കേരളം നേടിയെടുത്ത എല്ലാ നവോഥാന സംസ്‌കൃതിയെയും നിരാകരിക്കുന്നതാണ്. ആ തിരിച്ചുപോക്കിന് ഉത്ബുദ്ധരായ കേരള സമൂഹം അനുവദിക്കരുത്. ഇത്തരം രജിത്കുമാരന്മാരുടെ വംശം ഇവിടെ വളരാന്‍ പാടില്ല.

*
ജനയുഗം മുഖപ്രസംഗം 11 ഫെബ്രുവരി 2013

No comments: