Monday, February 11, 2013

എല്ലാവരുടെയും ഉറക്കം നഷ്ടപ്പെടുമ്പോള്‍

ഇന്ത്യയില്‍ ഭൂരിഭാഗം ആളുകളുടെയും ഉറക്കം നഷ്ടപ്പെടുകയാണ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഈ അവസ്ഥ സംജാതമാകാന്‍ കാരണം നവലിബറല്‍ പരിഷ്കാരങ്ങളാണെന്ന് തിരിച്ചറിഞ്ഞ ജനതകള്‍ പോരാട്ടം ശക്തിപ്പെടുത്തുകയാണ്.

ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യമാണ് നമ്മുടേത്. നാളെ നമ്മുടെ മക്കള്‍ ഒരു നേരമെങ്കിലും എങ്ങനെ വയറുനിറയ്ക്കും എന്നതാണ് നമ്മുടെ ഉറക്കം കെടുത്തുന്നത്. പോഷകാഹാരക്കുറവുകൊണ്ടും ഭാരക്കുറവുകൊണ്ടും ലോകത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത് ഇന്ത്യയിലാണ്. ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുളള അവകാശംപോലും ചവിട്ടിമെതിച്ചാണ് പരിഷ്കാരങ്ങള്‍ക്ക് വേഗതകൂട്ടുന്നത്. ആരോഗ്യ- വിദ്യാഭ്യാസമേഖലകള്‍ കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തിക്കഴിഞ്ഞു. സ്ഥിരം തൊഴില്‍ ഇല്ലാതായി. തൊഴിലില്ലായ്മ ഉയര്‍ന്നു. പണിയെടുത്ത് ജീവിക്കുന്നവരുടെ ജീവിതം ദിവസേന കൂടുതല്‍ ദുസ്സഹമാകുന്നു. സാമൂഹ്യസുരക്ഷാപദ്ധതിയായ പെന്‍ഷന്‍ സാമ്രാജ്യത്വത്തിന് കൊത്തിവലിക്കാന്‍ എറിഞ്ഞുകൊടുത്തപ്പോള്‍ വാര്‍ധക്യകാലജീവിതവും ഇരുളില്‍ത്തന്നെ.

സാമ്പത്തിക അസമത്വം മുമ്പില്ലാത്തവിധം വര്‍ധിച്ചു. ശതകോടീശ്വരന്മാരുടെ എണ്ണം 1990കളില്‍ 2 ആയിരുന്നു. അവരുടെ ആസ്തി 3.2 ബില്യണ്‍ ഡോളര്‍. 2012 ആയപ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണം 46 ആയും ആസ്തി 176.3 ബില്യണ്‍ ഡോളര്‍ ആയും ഉയര്‍ന്നു. 1990കളില്‍ ശതകോടീശ്വരന്മാരുടെ ആസ്തി ജിഡിപിയുടെ ഒരു ശതമാനം ആയിരുന്നു. 2012ല്‍ അത് ജിഡിപിയുടെ 10 ശതമാനമായി. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ സിഇഒമാരുടെ ശമ്പളം രണ്ട് കോടി രൂപയാണ്. ജനസംഖ്യയില്‍ ഭൂരിഭാഗം ജനങ്ങളുടെ ദിവസവരുമാനം കേവലം 20 രൂപയില്‍ താഴെയാകുമ്പോഴാണ് ഇത്. ഇത്രയും ഭീകരമായ അസമത്വമാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇവിടെ വിഭവങ്ങള്‍ ഇല്ലാത്തതല്ല പ്രശ്നം. വിഭവങ്ങള്‍ ചിലര്‍ കൈയടക്കിവയ്ക്കുന്നതാണ് പ്രശ്നം. സ്വാതന്ത്ര്യം നേടി ആറുപതിറ്റാണ്ടുകള്‍ പിന്നിട്ട നമ്മുടെ രാജ്യത്ത് ഇന്നും ജീവിതം ദുരിതപൂര്‍ണമാണ്.

2011 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ 49.8 ശതമാനം വീടുകളില്‍ കക്കൂസില്ല. നമ്മുടെ ഭരണാധികാരികള്‍ ഗ്രാമങ്ങളില്‍ ചെന്ന് ഗ്രാമജീവിതത്തിന്റെ ദൈന്യതകള്‍ നേരിട്ട് കാണണം. നടപ്പാക്കുന്ന നയങ്ങള്‍ എല്ലാം ജനവിരുദ്ധവും ദേശവിരുദ്ധവും ആണ്. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം റോക്കറ്റിനേക്കാള്‍ വേഗത്തിലാണ്. ഒരുനേരമെങ്കിലും വിശപ്പടക്കുക എന്നത് ഒരു സ്വപ്നം മാത്രമായി. മറുഭാഗത്ത് കോര്‍പറേറ്റുകളുടെ ആസ്തി രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാവുന്ന വിധത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.

നവ ലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിനുശേഷം നമ്മുടെ രാജ്യത്ത് അരങ്ങേറിയ അഴിമതികളില്‍ കുടുങ്ങിയ സംഖ്യ മുഴുവന്‍ ഇന്ത്യക്കാരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം) നിറവേറ്റാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതലാണ് എന്ന യാഥാര്‍ഥ്യം ഇന്ത്യക്കാര്‍ തിരിച്ചറിയണം. ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി നിയമനിര്‍മാണം നടന്ന പാര്‍ലമെന്റില്‍ ജനവിരുദ്ധ ബില്ലുകള്‍ നിറയുകയാണ്. ബാങ്കിങ് നിയമഭേദഗതി ബില്‍, ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍, പിഎഫ്ആര്‍ഡിഎ ബില്‍, ചില്ലറവിപണിയിലെ വിദേശനിക്ഷേപം തുടങ്ങി പട്ടിക നീളുന്നു.

മറ്റ് രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ ആവേശഭരിതമാണ്. ഈ ഭൂമിയില്‍ മനുഷ്യരായി ജീവിക്കാന്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തണം.

ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. മെച്ചപ്പെട്ട ജീവിതം ജനങ്ങളുടെ അവകാശമാണ്. പോഷകാഹാരവും സൗജന്യചികിത്സയും വിദ്യാഭ്യാസവും കുട്ടികളുടെ അവകാശമാണ്. സ്ഥിരം തൊഴിലും സാമൂഹ്യനീതിയും അത്യന്താപേക്ഷിതം. വര്‍ത്തമാനകാലം നമ്മുടെ കഴുത്ത് ഞെരിക്കുമ്പോള്‍ അതിനെതിരെ പ്രക്ഷോഭം ഉയര്‍ന്നുവരണം. കോര്‍പറേറ്റ് ഭീകരതയ്ക്കെതിരെ, മുഴുവന്‍ മനുഷ്യരും ഒന്നിക്കുണം. ഇതിനായി 20, 21 തീയതികളില്‍ നടക്കുന്ന ദേശവ്യാപക പണിമുടക്ക് വന്‍വിജയമാക്കുക. അനീതി വളര്‍ത്തുന്ന, അഴിമതി വളര്‍ത്തുന്ന, നമ്മുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന, ഉറക്കം കെടുത്തുന്ന ഭരണകൂടനയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുകതന്നെവേണം.

*
കെ ജി സുധാകരന്‍ ദേശാഭിമാനി 11 ഫെബ്രുവരി 2013

No comments: