Sunday, February 24, 2013

കഥ പറയുമ്പോള്‍

നാട്ടുമ്പുറത്തെ അമ്പലത്തിലെ ഉത്സവരാത്രി. മണി ഒമ്പത്. കഥാപ്രസംഗം തുടങ്ങാന്‍ പോകുന്നതായി അനൗണ്‍സ്മെന്റ്. തട്ടുതട്ടായുള്ള പറമ്പില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരിപ്പാണ്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തിലും വ്യാസത്തിലുമുണ്ട് ഓഡിയന്‍സ്. സ്റ്റേജില്‍ ഹാര്‍മോണിയത്തിന്റെയും ക്ലാര്‍നറ്റിന്റെയും സിംബലിന്റെയും ശബ്ദമുയര്‍ന്നു. ജനം നിശബ്ദരായി. അതാ പ്രവേശിക്കുന്നു കാഥികന്‍. സുസ്മേരവദനന്‍, സുന്ദരന്‍. അവതരണഗാനം പാടിനിര്‍ത്തി കാഥികന്‍ കഥയിലേക്ക്...

"ഞാനിന്നിവിടെ പറയുന്ന കഥ... ജനം കാതുകൂര്‍പ്പിച്ചു. പാട്ടും പറച്ചിലും ഇടകലര്‍ന്നു നീങ്ങിയ കഥയുടെ നാടകീയനിമിഷങ്ങളില്‍ ജനം ശ്വാസമടക്കിപ്പിടിച്ചിരുന്നു. അച്ചടക്കത്തിന്റെ അപാരസദസ്സ്. കഥ തീര്‍ന്നു. നിലയ്ക്കാത്ത കൈയടികളോടെ ജനം കാഥികനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി.

തൊണ്ണൂറുകള്‍ക്കുമുമ്പുള്ള കാലഘട്ടത്തിലെ ഒരുത്സവപ്പറമ്പിന്റെ ചിത്രമാണിത്. കഥാപ്രസംഗം എന്ന ജനകീയകല ഒരു ജനതയെ എത്രമേല്‍ സ്വാധീനിച്ചിരുന്നുവെന്നും അതവരുടെ ഹൃദയത്തില്‍ എത്രമാത്രം ആഹ്ലാദതരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നും ഈ ചിത്രം നമുക്ക് കാണിച്ചുതരുന്നു.

കഥാപ്രസംഗം എന്ന കലാരൂപം ഒരുകാലത്ത് കേരളത്തിന്റെ വസന്തമായിരുന്നു. ഋതുപരിണാമങ്ങളിലൂടെ പുഷ്പിച്ചും പരിമളംപരത്തിയും പൊഴിഞ്ഞും ഇടയ്ക്കെപ്പോഴോ വാടിയും പിന്നെയും തളിര്‍ത്തും സാധാരണ ജനസാമാന്യത്തിന്റെ ഈ പ്രിയകലാരൂപം നവതിയുടെ നിറവില്‍ എത്തിനില്‍ക്കുന്നു. കാലത്തിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തില്‍പ്പെട്ട് ജനങ്ങളുടെ അഭിരുചികള്‍ മാറിയിട്ടും കഥാപ്രസംഗത്തിന് ഇന്നും കേള്‍വിക്കാരുണ്ട്.

ഒരുകാലത്ത് കഥാപ്രസംഗമില്ലാത്ത ഉത്സവപ്പറമ്പുകള്‍ സങ്കല്‍പ്പിക്കാനേ ആകുമായിരുന്നില്ല. ആഖ്യാന- വ്യാഖ്യാനങ്ങളിലൂടെയും സംഗീത- സാഹിത്യങ്ങളിലൂടെയും മര്‍മമറിഞ്ഞുള്ള നര്‍മങ്ങളിലൂടെയും കഥാപ്രസംഗകര്‍ ആസ്വാദകരെ ആനന്ദത്തിന്റെ തേരുകളില്‍ ഏറ്റിക്കൊണ്ടുപോയി.

കര്‍ഷകസ്ത്രീകളും കശുവണ്ടിത്തൊഴിലാളികളും കയര്‍പിരിതൊഴിലാളികളും തോട്ടംതൊഴിലാളികളും എന്നുവേണ്ട അധ്വാനിക്കുന്ന ജനവിഭാഗം ഒരേമനസ്സോടെ കഥാപ്രസംഗം കേള്‍ക്കാന്‍ ഉത്സവപ്പറമ്പുകളിലേക്ക് ഒഴുകിയെത്തിയിരുന്നത് രോമാഞ്ചത്തോടെമാത്രമേ ഓര്‍ക്കാനാകൂ! അന്നൊക്കെ അമ്പലങ്ങളില്‍ ഉത്സവം കൊടിയേറിക്കഴിഞ്ഞാല്‍ നോട്ടീസില്‍ വയ്ക്കുന്ന പ്രധാന കലാപരിപാടികള്‍ കഥാപ്രസംഗവും ഡാന്‍സും നാടകവുമാണ്. ആദ്യം കഥാപ്രസംഗമായിരിക്കും. മിക്കവാറും രാത്രി ഒമ്പതിനായിരിക്കും കഥാപ്രസംഗം തുടങ്ങുക. മികച്ച കാഥികരാണെങ്കില്‍ ഒരു ദിവസം രണ്ടു കഥാപ്രസംഗങ്ങള്‍ വയ്ക്കുന്ന അമ്പലങ്ങളുമുണ്ടായിരുന്നു. ഗ്രാമങ്ങളില്‍നിന്ന് പായും തലയണയും ചുരുട്ടി തൊഴിലാളിസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉത്സവപ്പറമ്പിലേക്ക് വരുന്ന കാഴ്ച ഭൂതകാലസമൃദ്ധിയുടെ സുന്ദരദൃശ്യങ്ങളാണ്. കടല കൊറിച്ചും കപ്പലണ്ടി തോടിളക്കി തിന്നും വെടിപറഞ്ഞിരിക്കുമ്പോഴായിരിക്കും പ്രിയപ്പെട്ട കാഥികന്റെ ശബ്ദം കാതില്‍ വീഴുന്നത്.

"സുഹൃത്തുക്കളേ... അമ്മമാരേ, സഹോദരിമാരേ, ഞാനിന്നിവിടെ അവതരിപ്പിക്കുന്ന കഥ...

ജനം സശ്രദ്ധം കാതോര്‍ക്കുന്നു...

തൊണ്ണൂറ് വയസ്സ് തികഞ്ഞ കേരളത്തിന്റെ ജനകീയകല എത്രയെത്ര പ്രതിഭാശാലികളായ കലാകാരന്മാരിലൂടെയാണ് കടന്നുവന്നതെന്ന് ചിന്തിക്കുമ്പോള്‍ മഹത്തായ പാരമ്പര്യത്തിന്റെ ചരിത്രത്തിലേക്കാണ് വാതായനങ്ങള്‍ തുറക്കുന്നത്.

""സാഹിത്യദേവതയെ നിറപ്പകിട്ടുള്ള ഉടുപ്പണിയിച്ച് സംഗീതവീചികളില്‍ നൃത്തംചെയ്യിക്കുന്ന ഒരു കലാവിദ്യയാണ് കഥാപ്രസംഗം""- എന്ന് സാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ട് വിശേഷിപ്പിച്ചത് ഈ കലയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്.

ഹരികഥയും സ്വാമി സത്യദേവനും

ഹരികഥാകാലക്ഷേപത്തില്‍നിന്നും സ്വാമി സത്യദേവനില്‍നിന്നുമാണ് കഥാപ്രസംഗകലയുടെ തുടക്കം. 1920ല്‍ സ്നേഹിതരുടെ പ്രേരണമൂലം "മാര്‍ക്കണ്ഡേയചരിതം" ഹരികഥയായി അവതരിപ്പിക്കാന്‍ സത്യദേവന്‍ ശ്രമിച്ചു. ഇതിന് സംസ്കൃതശ്ലോകങ്ങള്‍ എഴുതിക്കൊടുത്തത് മഹാകവി കുമാരനാശാനായിരുന്നു. എന്നാല്‍, ആദ്യശ്രമത്തോടെതന്നെ അദ്ദേഹം ഹരികഥാകാലക്ഷേപം അവസാനിപ്പിച്ചു. 1923 മെയ് മാസം വടക്കന്‍ പറവൂരിലെ ചേരുമംഗലം സ്കൂളില്‍ സത്യദേവന്‍ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗം എന്ന പേരില്‍ അവതരിപ്പിച്ചപ്പോള്‍ അത് കേരളത്തിന്റെ ജനകീയ കലാരൂപത്തിന്റെ പിറവിയുടെ മുഹൂര്‍ത്തമായി. ശ്രീനാരായണഗുരുവിന്റെ അനുവാദവും ഇക്കാര്യത്തില്‍ സത്യദേവന് ലഭിച്ചു.

"ആധ്യാത്മികതയുടെ പേരിലുള്ള അനാചാരങ്ങളെ സഭ്യമായി വിമര്‍ശിക്കുക" എന്ന ഉപദേശം ഗുരുദേവന്‍ സത്യദേവന് നല്‍കി. അതോടെ കഥാപ്രസംഗകല ഉദിച്ചുയരുകയായിരുന്നു കേരളത്തിന്റെ സാംസ്കാരികനഭോമണ്ഡലത്തില്‍.

സത്യദേവന്‍ കൊളുത്തിയ കഥാപ്രസംഗകലയുടെ ദീപം കെ കെ വാധ്യാര്‍, ജോസഫ് കൈമാപ്പറമ്പന്‍, കെ കെ തോമസ്, കെ ജി കേശവപ്പണിക്കര്‍, സ്വാമി ബ്രഹ്മവ്രതന്‍, എം പി മന്മഥന്‍ തുടങ്ങിയ കലാകാരന്മാര്‍ അണയാതെ സൂക്ഷിച്ചു. ആ ദീപനാളത്തെ അവര്‍ വര്‍ധിതപ്രകാശത്തോടെ സമൂഹത്തിന്റെ ഇരുള്‍വീണ തലങ്ങളിലേക്ക് പ്രകാശിപ്പിച്ചു.

കവിത്രയത്തിന്റെ ഖണ്ഡകാവ്യങ്ങളായിരുന്നു അവര്‍ കഥാപ്രസംഗവേദികളില്‍ അവതരിപ്പിച്ചത്. ദേശാഭിമാനബോധവും വിപ്ലവവീര്യവും ഉള്‍ക്കൊണ്ട് സാമൂഹികനവോത്ഥാനം സൃഷ്ടിക്കാന്‍ ഈ കലാകാരന്മാര്‍ കഥപറച്ചിലിലൂടെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. സാമൂഹികതിന്മകള്‍ക്കെതിരെ അവര്‍ ആഞ്ഞടിച്ചു. കഥാപ്രസംഗത്തെ ജനകീയവല്‍ക്കരിക്കുന്നതില്‍ കെ കെ വാധ്യാര്‍ നല്‍കിയ സംഭാവനയും വിസ്മരിക്കാനാകില്ല.

സാംബശിവനും കെടാമംഗലവും

സത്യദേവന്റെ തലമുറ ഉയര്‍ത്തിപ്പിടിച്ച ദീപശിഖയില്‍നിന്ന് കരുത്തും കാന്തിയും പകരാനായി പിന്നീടെത്തിയ തലമുറയിലെ പ്രതിഭാശാലികളാണ് വി സാംബശിവനും കെടാമംഗലം സദാനന്ദനും. ഇവര്‍ ഉള്‍പ്പെട്ട സംഘം കഥാപ്രസംഗകലയില്‍ പുതിയൊരു ലാവണ്യവിപ്ലവം സൃഷ്ടിച്ചു.

ചങ്ങമ്പുഴയുടെ രമണനും വാഴക്കുലയും കെടാമംഗലം സദാനന്ദനും, ദേവതയും പ്രേമശില്‍പ്പിയും സാംബശിവനും കഥാപ്രസംഗമായി വേദികളില്‍ അവതരിപ്പിച്ചതോടെ ജനങ്ങളില്‍ പുതിയൊരു അഭിരുചിയുടെ അനുപമമായ സൗന്ദര്യം ഇതള്‍വിരിഞ്ഞു. കേരളത്തിന്റെ തെക്കും വടക്കുമായി ഇരുവരും നടത്തിയ ജൈത്രയാത്രയില്‍ അടിസ്ഥാനവര്‍ഗത്തിന്റെ കലാചേതനയില്‍ പുത്തനുണര്‍വുണ്ടാക്കി. ജനം കഥാപ്രസംഗകലയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മാറോട് ചേര്‍ത്തുപിടിച്ചു. ഇടതുപക്ഷ സഹയാത്രികരായ ഈ കാഥികപ്രതിഭകള്‍ ജനസാമാന്യത്തിന് രാഷ്ട്രീയദിശാബോധം പകരാനും ശ്രദ്ധിച്ചു.

കൊല്ലം ബാബു, കടയ്ക്കോട് വിശ്വംഭരന്‍, കടവൂര്‍ ബാലന്‍, ഓച്ചിറ രാമചന്ദ്രന്‍, ഇരവിപുരം ഭാസി, തേവര്‍തോട്ടം സുകുമാരന്‍, വി ഹര്‍ഷകുമാര്‍, മണമ്പൂര്‍ ഡി രാധാകൃഷ്ണന്‍, അയിലം ഉണ്ണിക്കൃഷ്ണന്‍, വടകര അശോകന്‍, ആലപ്പി രമണന്‍, തലവടി രാമചന്ദ്രന്‍, പ്രൊഫ. ചേര്‍ത്തല ബാലചന്ദ്രന്‍, ഒ കെ ഗഗനന്‍, കുണ്ടറ സോമന്‍, ആര്യാട് ഗോപി, തെക്കുംഭാഗം വിശ്വംഭരന്‍, ഇടക്കൊച്ചി പ്രഭാകരന്‍ തുടങ്ങിയവരുടെ നിര കഥാപ്രസംഗകലയെ മുന്നോട്ടുനയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇവരുടെയൊക്കെ കഥപറച്ചിലും ഗാനാലാപനവും അവതരണരീതിയും വ്യത്യസ്തങ്ങളായിരുന്നു. ആസ്വാദകമനസ്സിനെ അഭിരമിപ്പിക്കാന്‍ അവര്‍ തങ്ങളുടെ നൈസര്‍ഗികസിദ്ധികളെ ആവോളം ഉപയോഗിച്ചു. ശബ്ദവിന്യാസത്തിലും കഥപറയുന്ന രീതിയിലും പുലര്‍ത്തിയ നിഷ്കര്‍ഷത കഥാപ്രസംഗകലയെ ഉത്തരോത്തരം ഉയര്‍ത്തുകയായിരുന്നു.

വിശ്വസാഹിത്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുപോലും മനസ്സിലാകുന്നതരത്തില്‍ അവതരിപ്പിച്ച് സാംബശിവന്‍ സൃഷ്ടിച്ച സൗന്ദര്യവിപ്ലവം കഥാപ്രസംഗകലയ്ക്ക് വഴിത്തിരിവായി. ഈ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവന കഥാപ്രസംഗകലയുടെ ചരിത്രംകൂടിയാണ്. ടോള്‍സ്റ്റോയ്, ഷേക്സ്പിയര്‍, ഡസ്റ്റയോവ്സ്കി തുടങ്ങിയവരുടെയും ഇന്ത്യന്‍ സാഹിത്യകാരന്മാരുടെയും കൃതികളെ ലളിതമനോഹരമായി അവതരിപ്പിച്ച് സാംബശിവന്‍ ജനങ്ങളുടെ പ്രിയങ്കരനായി. പിന്നീടുള്ളവരും ഈ പാത തുടര്‍ന്നു. ഇതേസമയംതന്നെ വനിതകളുടെ ഒരുനിരയും കഥാപ്രസംഗകലയില്‍ ഉയര്‍ന്നുവന്നു. വെളിനല്ലൂര്‍ വസന്തകുമാരി, ഉഷാരാജന്‍, ചിങ്ങവനം സിസ്റ്റേഴ്സ്, പട്ടംതുരുത്ത് വിലാസിനി, സീന പള്ളിക്കര തുടങ്ങിയ കാഥികമാര്‍ അവരുടേതായ സംഭാവനകള്‍ ഈ മേഖലയ്ക്ക് സമര്‍പ്പിച്ചു. ഇതിനുപിന്നാലെ വന്ന പ്രൊഫ. വസന്തകുമാര്‍ സാംബശിവനും ചിറക്കര സലിംകുമാറും അടങ്ങുന്ന തലമുറയും കഥാപ്രസംഗകലയ്ക്ക് പുതിയ മുഖം നല്‍കാന്‍ ശ്രദ്ധിച്ചു.

ഹാര്‍മോണിയവും മൃദംഗവും തബലയും ബുള്‍ബുളും ഗിത്താറും ക്ലാര്‍നറ്റും പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിരുന്ന സ്ഥാനത്തും പിന്നീട് പരിഷ്കാരം വന്നു. ആധുനികസംഗീതോപകരണങ്ങളുടെ അകമ്പടിയോടെ കഥാപ്രസംഗത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പല കാഥികരും മുന്‍കൈ എടുത്തു.

ശുഭസൂചനകള്‍

മിമിക്രിയും മാജിക്കും മറ്റ് ഷോകളും ഉത്സവവേദികളെ കീഴടക്കിയപ്പോള്‍ കഥാപ്രസംഗത്തിനും ക്ഷീണം സംഭവിച്ചു. കഥാപ്രസംഗകലയുടെ നൈരന്തര്യത്തിന് ഭംഗംവരുമോ എന്നു പലരും ആശങ്കപ്പെട്ടു. എന്നാല്‍, ഈ ക്ഷീണത്തിനും ആശങ്കകള്‍ക്കും ഇടയില്‍നിന്ന് പുതിയൊരു ചാലകശക്തി തെളിഞ്ഞുവരുന്നതായി ഈ മേഖലയിലുള്ളവര്‍തന്നെ പറയുന്നു. പുതിയ കുട്ടികള്‍ കഥാപ്രസംഗത്തെ സമീപിക്കുന്നു എന്നതാണ് അവരുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ കൈരളി ടിവി ചെയ്ത സേവനം എടുത്തുപറയേണ്ടതാണ്. പുതിയ കാഥികരെ കണ്ടെത്താന്‍ കൈരളി നടത്തിയ ശ്രമം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. എന്നുമാത്രമല്ല, നാടിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ കഥാപ്രസംഗകലയെ സംബന്ധിക്കുന്ന ശില്‍പ്പശാലകളും സെമിനാറുകളും നടക്കുന്നു എന്നതും ശുഭോദര്‍ക്കമായ സംഗതിയാണ്.

എന്തിനേറെപ്പറയുന്നു, അടുത്തകാലത്ത് ബന്യാമിന്റെ "ആടുജീവിതം" എന്ന നോവലിനെ ആസ്പദമാക്കി എം ആര്‍ പയ്യട്ടം എന്ന കാഥികന്‍ കോഴിക്കോട്ട് കഥ അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്.

കഥാപ്രസംഗരംഗത്തേക്ക് പുത്തന്‍ തലമുറ കടന്നുവരുന്നുണ്ടെങ്കിലും കഠിനമായി പരിശ്രമിച്ച് പുതിയ സംഭാവനകള്‍ നല്‍കാന്‍ അവര്‍ ശ്രദ്ധിക്കുന്നില്ലെന്ന അഭിപ്രായമാണ് പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ സെക്രട്ടറി വി ഹര്‍ഷകുമാറിനുള്ളത്. ""കഥാപ്രസംഗകലയുടെ നവീകരണത്തിന് അവര്‍ റിസ്ക് എടുക്കുന്നില്ല. എങ്കിലും പലരും ഈ മേഖലയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. കഥാപ്രസംഗം നിന്നുപോകില്ല എന്നതിന്റെ ശുഭകരമായ ലക്ഷണങ്ങളാണ് അടുത്തകാലത്ത് മലബാര്‍ മഹോത്സവത്തിലും മറ്റും കഥാപ്രസംഗത്തിന് കിട്ടിയ പ്രാമുഖ്യം. എന്നാല്‍, ഭരണാധികാരികള്‍ പാവപ്പെട്ട കലാകാരന്മാരായ ഞങ്ങളെ സംരക്ഷിക്കാന്‍ വേണ്ട ശ്രദ്ധകാട്ടുന്നില്ലെന്ന പരാതിയുണ്ട്. ഈ കലയെ ശക്തമായി പിന്താങ്ങിയിരുന്ന കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങളും ഇതിന്റെ സംരക്ഷണത്തിനും പൂര്‍വകാലമഹിമ വീണ്ടെടുക്കാനും മുന്നിട്ടിറങ്ങണം""- ഹര്‍ഷകുമാര്‍ പറയുന്നു. കഥാപ്രസംഗ അക്കാദമിക്കുകീഴില്‍ പഠനകോഴ്സ് സജീവമായി നടന്നുവരുന്നുണ്ട്. കഥാപ്രസംഗകല കാലഹരണപ്പെടില്ലെന്ന ഉറച്ച പ്രതീക്ഷയാണ് ഈ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലം. എല്ലാ മേഖലയിലും സംവേദനത്തിന്റെ പുതിയ ശീലങ്ങള്‍ കൊടികുത്തിവാഴുമ്പോള്‍ കേരളത്തിന്റെ കലാഹൃദയത്തില്‍ നെഞ്ചത്തുയര്‍ത്തിയ പന്തംപോലെ ഒരിക്കല്‍ ജ്വലിച്ചുനിന്ന കഥാപ്രസംഗം പഴയ വസന്തം തിരിച്ചുപിടിക്കുമോ എന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം.

*
ചാത്തന്നൂര്‍ മോഹന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 24 ഫെബ്രുവരി 2013

No comments: