Monday, February 25, 2013

ജീവിതസമരത്തില്‍ അണിചേരുക

ഇന്ത്യയും ഇന്ത്യക്കാരും ഏറ്റവുമധികം ആശങ്കയോടെ കാണുന്ന ഭക്ഷ്യസുരക്ഷ, ഭൂമിയുംകിടപ്പാടവും, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ആരോഗ്യം, അഴിമതിക്കെതിരായ പോരാട്ടം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ദേശീയ പ്രചാരണ പരിപാടിക്ക് സിപിഐ എം തുടക്കം കുറിച്ചിരിക്കയാണ്. രാജ്യത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരിയില്‍ ഞായറാഴ്ച ഉദ്ഘാടനംചെയ്യപ്പെട്ട സമര സന്ദേശജാഥ ദേശീയ രാഷ്ട്രീയത്തിലെ മൂര്‍ത്തമായ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ അണിനിരത്തുന്നതിനൊപ്പം നവലിബറല്‍ അജന്‍ഡ വിതച്ച ദുരിതത്തിന്റെ പടുകുഴിയില്‍നിന്ന് ജനതയെ കൈപിടിച്ചു കരകയറ്റാനുള്ള അപരാജിതമുന്നേറ്റത്തിന് നാന്ദികുറിക്കാന്‍കൂടിയുള്ളതാണ്. സിപിഐ എം പാര്‍ടി എന്ന നിലയില്‍ സംഘടിപ്പിക്കുന്ന ആദ്യത്തെ അഖിലേന്ത്യാ ജാഥ എന്ന പ്രത്യേകതയും ഇതിനുണ്ട്. ജനറല്‍സെക്രട്ടറിയടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ നയിക്കുന്ന പ്രധാന ജാഥകളും അവയ്ക്ക് എത്താന്‍ പറ്റാത്തിടങ്ങളില്‍ ചെറുതും വലുതുമായ ഉപജാഥകളുമായി, രാജ്യത്തിന്റെ എല്ലാ കോണുകളിലും ജനങ്ങളുമായി സംവദിക്കുന്ന പ്രചാരണ പരിപാടിയാണ് സിപിഐ എം ഏറ്റെടുത്തിരിക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിലുള്ള പാര്‍ടിയുടെ കാഴ്ചപ്പാടും ഇടതുപക്ഷ നിലപാടുകളും ഈ വിപുലമായ ബഹുജനപരിപാടിയിലൂടെ ജനങ്ങളിലെത്തിക്കുമെന്നര്‍ഥം.

സിപിഐ എമ്മും ഇടതുപക്ഷമാകെയും ഏറ്റെടുത്ത പ്രക്ഷോഭങ്ങളുടെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെയും കൂടുതല്‍ വിപുലമായ തുടര്‍ച്ചയാണ് ഈ ജാഥ. രാജ്യം കണ്ട ഏറ്റവും വലിയ തൊഴിലാളിവര്‍ഗ മുന്നേറ്റമെന്ന് ഉറപ്പിച്ചു പറയാവുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ തൊട്ടുപിന്നാലെയാണ് ജാഥ ആരംഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ പ്രത്യക്ഷ നിക്ഷേപം അനുവദിക്കുന്നതിനെതിരെ ഇടതു പാര്‍ടികള്‍ പ്രചാരണ-പ്രക്ഷോഭ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കയാണ്. ഭക്ഷ്യസുരക്ഷിതത്വത്തിനും സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിനുമായി ഇടതുപക്ഷം സംയുക്തമായി അഞ്ചു കോടി ഒപ്പുകള്‍ ശേഖരിക്കുന്നു. കേരളത്തില്‍ ഇക്കഴിഞ്ഞ നാളുകളില്‍ സിപിഐ എം ഏറ്റെടുത്ത രണ്ടു പ്രക്ഷോഭങ്ങള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. ഗ്യാസ് സിലിണ്ടറുകള്‍ പരിമിതപ്പെടുത്തിയതിനെതിരെ സംഘടിപ്പിച്ച അഗ്നിശൃംഖലയും ജനുവരിയില്‍ നടന്ന ഭൂസമരവും. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ, ദളിതര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കാന്‍, വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ-അങ്ങനെ അനീതിയുടെയും അതിക്രമത്തിന്റെയും സാന്നിധ്യമുള്ളിടത്തെല്ലാം പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും അഗ്നിയുമായി കടന്നെത്താന്‍ കഴിയുന്നു എന്നതാണ് സിപിഐ എമ്മിനെ; ഇടതുപക്ഷത്തെ മറ്റുകക്ഷികളില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്.

കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ പ്രാകൃതവും മനുഷ്യത്വഹീനവുമായ അനുഷ്്ഠാനത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേല്‍ക്കുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തത് സിപിഐ എം പ്രവര്‍ത്തകരാണ്. തമിഴ്നാട്ടില്‍ ധര്‍മപുരിയില്‍ ദളിത് വിരുദ്ധ ആക്രമണങ്ങളെ ചെറുക്കാനും ആക്രമിക്കപ്പെട്ടവര്‍ക്ക് ആശ്വാസംനല്‍കാനും ഇറങ്ങിച്ചെന്നത് സിപിഐ എമ്മാണ്. പശ്ചിമബംഗാളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പൈശാചികമായ ആക്രമണങ്ങള്‍ക്കെതിരെ സിപിഐ എമ്മിന് പൊരുതേണ്ടിവരുന്നു. ഇങ്ങനെ നാനാ രംഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയും വിപുലീകരണവും കൂടിയാണ് സമരസന്ദേശ ജാഥകളിലൂടെ സാധ്യമാകുന്നത്. നവലിബറല്‍ നയങ്ങള്‍ തീമഴയായി ജനജീവിതത്തിനുമേല്‍ തിമിര്‍ത്തുപെയ്യുന്നു. 2003ല്‍ പതിമൂന്നായിരുന്ന ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ എണ്ണം 2012 അവസാനിക്കുംമുമ്പ് 61 ആയാണുയര്‍ന്നത്. വിലക്കയറ്റം ഇടവേളയില്ലാതെ തുടരുന്നു. വിലക്കയറ്റക്കെടുതിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല, സബ്സിഡികള്‍ ഇല്ലായ്മചെയ്തും ഇന്ധനവില വര്‍ധിപ്പിച്ചും യാത്രാ നിരക്കുകളില്‍ വന്‍വര്‍ധന വരുത്തിയും കൂടുതല്‍ പ്രയാസങ്ങള്‍ കെട്ടിവയ്ക്കാനാണ് യുപിഎസര്‍ക്കാര്‍ തയ്യാറാകുന്നത്. ദിവസം ഇരുപതുരൂപയില്‍ താഴെമാത്രം ചെലവാക്കാനുള്ള കെല്‍പ്പേ 86.3 കോടി ഇന്ത്യക്കാര്‍ക്കുള്ളൂ എന്ന യാഥാര്‍ഥ്യം, ആര്‍ക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണ് യുപിഎ രാജ്യം ഭരിക്കുന്നത് എന്ന വലിയ ചോദ്യമാണവശേഷിപ്പിക്കുന്നത്.

നവലിബറല്‍ അജന്‍ഡയുമായി അന്ധമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാരിനെ, രാജ്യത്തെ മുപ്പത്തിമൂന്ന് കോടി വീടുകളില്‍ അന്‍പത്തേഴു ശതമാനത്തിനും ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല; മുപ്പത്തിമൂന്നു ശതമാനത്തിനും അടുക്കളയില്ല; 53 ശതമാനം വീടുകളില്‍ കക്കൂസില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളൊന്നും അലട്ടുന്നില്ല. പണമില്ല എന്ന ഒറ്റ ന്യായംപറഞ്ഞ്, നഷ്ടമാണ് എന്ന തൊടുന്യായം മൂളി ജനങ്ങളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയാണ്. പണക്കാര്‍ക്കായി ഇരുപതുലക്ഷം കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയവര്‍, പാവപ്പെട്ടവന് അടുപ്പു പുകയ്ക്കാനുള്ള ഇന്ധനത്തിന്റെ വില്‍പ്പനപോലും കൊള്ളലാഭത്തിന്റെ വേദിയാക്കുന്നു. ഈ അവസ്ഥയില്‍നിന്ന് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ ശക്തമായ ബദല്‍ ഉയര്‍ന്നുവരണമെന്ന് സിപിഐ എം പ്രഖ്യാപിക്കുന്നു. ആ ബദലിന്റെ; അതിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മാര്‍ച്ച് പത്തൊന്‍പതിന് ഡല്‍ഹിയില്‍ സമാപിക്കുന്ന സമരസന്ദേശ ജാഥ. കന്യാകുമാരി, കൊല്‍ക്കത്ത, മുംബൈ, അമൃത്സര്‍ എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് രാജ്യമെമ്പാടും സഞ്ചരിച്ച് ഡല്‍ഹിയിലെത്തിച്ചേരുന്ന ജാഥയുടെ വിജയത്തിനായി നാടിനെ സ്നേഹിക്കുന്ന മുഴുവനാളുകളും രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നത് ഇന്നത്തെ ഇന്ത്യന്‍ ജനജീവിതത്തെ ബാധിച്ച ദുരിതങ്ങള്‍തന്നെയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 25 ഫെബ്രുവരി 2013

No comments: