Wednesday, February 20, 2013

കാട്ടുകള്ളന്മാരുടെ ഭരണം

രാജീവ്ഗാന്ധി ഗവണ്‍മെന്റിന്റെ പതനത്തിനും കോണ്‍ഗ്രസ്സിന്റെ സമ്പൂര്‍ണമായ അധഃപതനത്തിനും വഴിയൊരുക്കിയ കുപ്രസിദ്ധമായ ബൊഫോഴ്സ് തോക്കിടപാടും അന്നത്തെ നിലവാരത്തില്‍ വമ്പിച്ച തുകയായ 64 കോടി രൂപയുടെ കോഴയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയ കോളിളക്കങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. കൈക്കോഴയിലെ പ്രധാന ഇടനിലക്കാരനായ ഇറ്റലിക്കാരന്‍ ക്വട്രോച്ചിയെ കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകള്‍ ഉപചാരപൂര്‍വം രക്ഷപ്പെടുത്തി, സുരക്ഷിതനായി ഇറ്റലിയില്‍ എത്തിച്ചുവെങ്കിലും ""രാജീവ് ഗാന്ധി ചോര്‍ ഹൈ"" എന്ന് അന്ന് യുപിയിലെ ഗലികളില്‍ മുഴങ്ങിയ പാട്ടിന്റെ അനുരണനങ്ങള്‍ അമേത്തിയിലും റായ്ബറേലിയിലും ഇപ്പോഴും കേള്‍ക്കാം. ഓഡിറ്റിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമല്ല എന്നതിനാല്‍ തന്നിഷ്ടംപോലെ പ്രവര്‍ത്തിക്കുന്ന പ്രതിരോധ വകുപ്പിെന്‍റ ഇടപാടുകള്‍ അഴിമതി നിറഞ്ഞതാണെന്നത് ഇന്ന് അരമന രഹസ്യമൊന്നുമല്ല. പൊട്ടാത്ത ബൊഫോഴ്സ് തോക്കു മുതല്‍ ശവപ്പെട്ടികളും വിദൂര കാഴ്ചയ്ക്കുള്ള കണ്ണടകളും പട്ടാളക്കാരുടെ ബൂട്ടുകളും വരെ അഴിമതിയ്ക്കുള്ള ഉപാധികളാണ് അവിടെ. വല്ലപ്പോഴും ആരോപണം ഉയര്‍ന്നുവരുമ്പോഴേ (പലപ്പോഴും അത് ഇന്ത്യക്കു പുറത്തുനിന്നായിരിക്കും) ജനം അതില്‍ ചിലത് അറിയുന്നുള്ളൂ.

അഴിമതിയുടെയും ധൂര്‍ത്തിന്റെയും കോഴപ്പണത്തിന്റെയും നാറുന്ന കഥകളില്‍ അഭിരമിക്കുന്ന പ്രതിരോധ വകുപ്പിെന്‍റ അവിഹിത ഇടപാടുകളില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നത്, വിവിഐപികള്‍ക്ക് യാത്ര ചെയ്യുന്നതിനായി ഇറ്റാലിയന്‍ കമ്പനിയില്‍നിന്ന് വാങ്ങുന്ന 12 ആര്‍ഭാടപൂര്‍ണമായ ഹെലികോപ്ടറുകളുടെ ഇടപാടില്‍ നടന്ന 362 കോടി രൂപയുടെ കോഴക്കൈമാറ്റമാണ്. ഇറ്റലിയിലെ ഫിന്‍മെക്കാനിക്ക കമ്പനിയുടെ ഉപകമ്പനിയായ അഗസ്ത വെസ്റ്റ്ലാന്‍ഡ് എന്ന കമ്പനിയില്‍നിന്ന് വാങ്ങുന്ന എസ്ഡബ്ല്യു 101 ഇനത്തില്‍പ്പെട്ട 12 ഹെലികോപ്ടറുകളുടെ വിലയായ 3620 കോടി രൂപയില്‍ 362 കോടി രൂപ, കച്ചവടം ഉറപ്പിക്കുന്നതിനായി കമ്പനിയുടെ ഏജന്‍റുമാര്‍ ഇന്ത്യയിലെ പ്രതിരോധ വകുപ്പിലെ ഉന്നതന്മാര്‍ക്ക് നല്‍കിയ കൈക്കൂലിത്തുകയായിരുന്നുവെന്നാണ് ഇറ്റാലിയന്‍ പൊലീസ് കണ്ടെത്തിയത്. ഇറ്റലിയില്‍ ഒരു വര്‍ഷത്തോളം കാലമായി നടന്നുവരുന്ന അന്വേഷണത്തിന്റെ ഒടുവില്‍, ഫിന്‍ മെക്കാനിക്ക കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫെബ്രുവരി 11ന് അറസ്റ്റിലായതോടെയാണ്, കൈക്കൂലി ഇടപാട് വിവാദമായിത്തീര്‍ന്നത്. ഇന്ത്യയുടെ മുന്‍ വ്യോമസേനാമേധാവി എയര്‍ചീഫ് മാര്‍ഷല്‍ എസ് പി ത്യാഗിയടക്കം നിരവധി പേര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്ന് ഇറ്റാലിയന്‍ അന്വേഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നു. പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല ഇതിന്റെ ഗുണഭോക്താക്കള്‍ എന്ന് വ്യക്തമാണ്. കാരണം പ്രതിരോധ വകുപ്പില്‍ 1000 കോടി രൂപയില്‍ അധികം വരുന്ന തുകയുടെ ഇടപാട് നടത്തണമെങ്കില്‍, പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും അടങ്ങുന്ന ഉന്നത മന്ത്രിതല സുരക്ഷാസമിതി ചര്‍ച്ച ചെയ്ത് അംഗീകരിക്കണം. 2010ലെ ഹെലികോപ്ടര്‍ കരാര്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ഇന്നത്തെ പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയും ഇന്നത്തെ ധനകാര്യമന്ത്രി ചിദംബരവും സാക്ഷാല്‍ ആദര്‍ശം ആന്‍റണിയും എല്ലാം അറിഞ്ഞുകൊണ്ടാണ്, ചര്‍ച്ച ചെയ്തിട്ടാണ് ഒപ്പുവെച്ചത്.അതിനാല്‍ 362 കോടി രൂപയുടെ കൈക്കൂലി, പ്രതിരോധ വകുപ്പിലെ വെറും ചില ഉദ്യോഗസ്ഥന്മാര്‍ മാത്രമല്ല, ഭരണകക്ഷിയിലെ പ്രമുഖന്മാരെല്ലാം അറിഞ്ഞുകൊണ്ട് സംഭവിച്ചതാണ്. ആര്‍ക്കെല്ലാം, എത്രയെല്ലാം കിട്ടിയെന്നേ അറിയേണ്ടതുള്ളൂ. ഒരു വര്‍ഷത്തോളം കാലമായി ഇറ്റലിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ഈ കൈക്കൂലി ഇടപാടിനെക്കുറിച്ച് ഇന്ത്യയില്‍ മുമ്പു തന്നെ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ ഗവണ്‍മെന്‍റില്‍നിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ല എന്ന തൊടുന്യായം പറഞ്ഞ്, പ്രതിരോധമന്ത്രി ആന്‍റണി, അന്വേഷണം നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. ഇപ്പോള്‍ ഏതായാലും വ്യക്തമായ വിവരം പരസ്യമായി ലഭിച്ച നിലയ്ക്ക് അദ്ദേഹത്തിന് നടപടി കൈക്കൊള്ളാതിരിക്കാന്‍ കഴിയില്ല.

കരാര്‍ അനുസരിച്ചുള്ള ഹെലികോപ്ടറുകളില്‍ 3 എണ്ണമേ ലഭിച്ചിട്ടുള്ളൂവെന്നും ബാക്കിയുള്ളവ വാങ്ങുന്നത് നിര്‍ത്തിവെയ്ക്കുമെന്നും വിവാദ ഇറ്റാലിയന്‍ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുന്ന കാര്യം ആലോചിയ്ക്കുമെന്നും ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷിയ്ക്കുമെന്നും മറ്റും ഇപ്പോള്‍ അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, ആരോപണത്തെക്കുറിച്ച് നേരത്തെ വിവാദമുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ല. പ്രതിരോധ വകുപ്പില്‍ത്തന്നെ, അദ്ദേഹം മന്ത്രിയായതിനുശേഷം ഇസ്രയേലുമായുള്ള ആയുധക്കച്ചവടമടക്കം നടന്ന പല ഇടപാടുകളെക്കുറിച്ചും ആരോപണം ഉയര്‍ന്നുവന്നിട്ടുള്ള കാര്യവും അദ്ദേഹം മറച്ചുവെയ്ക്കുന്നു. ആദര്‍ശത്തിന്റെ അവതാരമായ ആന്‍റണിയുടെ അലംഭാവം ആശ്ചര്യകരം തന്നെ. അന്വേഷണം സിബിഐയെ ഏല്‍പിക്കുമെന്ന അദ്ദേഹത്തിന്റെ ധീരമായ പ്രഖ്യാപനം, പക്ഷേ, ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളില്‍ ഒരു പ്രതികരണവും ഉളവാക്കുന്നില്ല. രണ്ടു പതിറ്റാണ്ടുകാലം ബൊഫോഴ്സ് കോഴക്കേസ് അന്വേഷിച്ച സിബിഐയ്ക്ക് കേസ് എങ്ങും എത്തിയ്ക്കാനായില്ല. ക്വട്രോച്ചിയെ സുരക്ഷിതനായി ഇറ്റലിയില്‍ എത്തിയ്ക്കുകയും ചെയ്തു. അയാളുടെ ബാങ്ക് അക്കൗണ്ട് തൊടാനായില്ല. കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് വിശേഷിപ്പിയ്ക്കത്തക്ക വിധത്തില്‍ ഭരണകക്ഷിയോട് വിധേയത്വം പുലര്‍ത്തുന്ന സിബിഐയുടെ നിഷ്പക്ഷതയും കാര്യക്ഷമതയും എന്നേ തകര്‍ന്നുപോയി.

2ജി സ്പെക്ട്രം അഴിമതിക്കേസില്‍, മുഖ്യപ്രതിക്ക് പ്രോസിക്യൂഷന്‍ രഹസ്യങ്ങളെല്ലാം വിവരിച്ചുകൊടുക്കുകയും പ്രോസിക്യൂഷന്റെ വാദമുഖങ്ങളെ എങ്ങനെയാണ് നേരിടേണ്ടത് എന്ന് പ്രതിയെ പഠിപ്പിക്കുകയും ചെയ്യുന്ന വിദഗ്ദ്ധരും പ്രഗത്ഭരുമായ അഭിഭാഷകരാണ് സിബിഐയ്ക്കുള്ളത് എന്ന് ഈയിടെ വന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. അതിനാല്‍ പ്രധാനമന്ത്രി മുതല്‍ പ്രതിരോധമന്ത്രിയും പ്രസിഡന്‍റും വരെ അറിഞ്ഞിരിയ്ക്കാന്‍ ഇടയുള്ള ഈ അഴിമതിയെക്കുറിച്ച്, സുപ്രീംകോടതിയുടെ കര്‍ശനമായ മേല്‍നോട്ടത്തിന്‍കീഴില്‍, സിബിഐ അന്വേഷിയ്ക്കണം. (സിബിഐ അല്ലാതെ, അതിനുമേല്‍ മറ്റൊരു അന്വേഷണ സംവിധാനം നമുക്കില്ലല്ലോ). അന്വേഷണത്തില്‍ സര്‍ക്കാരിെന്‍റ യാതൊരു ഇടപെടലും ഉണ്ടാവുകയില്ല എന്ന് ഉറപ്പുവരുത്തണം. ദുരൂഹമായ ഇറ്റാലിയന്‍ കണക്ഷന്‍ കൂടിയുള്ള ഈ കേസില്‍, നിഷ്പക്ഷവും നീതിപൂര്‍വകവും കാര്യക്ഷമവുമായ അന്വേഷണം നടത്തുന്നതിനുള്ള അന്തരീക്ഷം ഉണ്ടാക്കാനുള്ള ആര്‍ജ്ജവം മന്‍മോഹന്‍ സര്‍ക്കാര്‍ കാണിക്കുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.

*
ചിന്ത മുഖപ്രസംഗം 21 ഫെബ്രുവരി 2013

No comments: