Wednesday, January 23, 2013

എല്ലാം കമ്പോളത്തിന്

ഡീസലിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് പൂര്‍ണമായും കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്. 2010 ജൂണിലാണ് പെട്രോളിന്റെ വിലനിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് എടുത്തുകളഞ്ഞത്. അതിനുശേഷം വലിയ വര്‍ധനയാണ് പെട്രോളിന്റെ വിലയില്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ ഉണ്ടായത്. പാചകവാതകത്തിന്റെ വിലനിര്‍ണയാധികാരം ഭാഗികമായി കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായാണ് സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നിശ്ചിതമാക്കിയത്. ഈ നടപടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉദാരവല്‍ക്കരണനയങ്ങളുടെ അവിഭാജ്യഘടകമാണ്. എല്ലാം കമ്പോളം തീരുമാനിക്കട്ടെയെന്നതാണ് അത് പിന്തുടരുന്ന ദര്‍ശനം. സര്‍ക്കാരിനു വിലനിര്‍ണയത്തില്‍ ഒരു പങ്കും വഹിക്കാനില്ലെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ തുടര്‍ച്ചയായി പറയുന്നത് ഇതിന്റെ ഭാഗമാണ്. പെട്രോളിന്റെയും ഡീസലിന്റെയും മാത്രമല്ല രാസവളത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയും കാര്യത്തില്‍ ഇതുതന്നെയാണ് സമീപനം. സബ്സിഡി പണമായി നല്‍കുമെന്നും വില കമ്പോളം തീരുമാനിക്കുമെന്നതുമാണല്ലോ പുതിയ കാഷ് ട്രാന്‍സ്ഫര്‍ സംവിധാനത്തിനെയും നയിക്കുന്ന സമീപനം.

രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്ന നടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം. സര്‍ക്കാരിന്റെ സബ്സിഡി ഭാരം കുറയ്ക്കണം. അതുവഴി ധനകമ്മി കുറയ്ക്കാന്‍ കഴിയും. ഒരേസമയം ധനകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നാണയമൂല്യത്തകര്‍ച്ചയും നേരിടുന്ന ലോകത്തിലെ അപൂര്‍വം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയത് സബ്സിഡി നല്‍കുന്നതിന്റെ ഭാഗമായാണോ? യഥാര്‍ഥത്തില്‍ ധനകമ്മി പ്രധാനപ്രശ്നമാണെങ്കില്‍ മറ്റു ചെലവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് അതേ സമീപനം സ്വീകരിക്കുന്നില്ല? കഴിഞ്ഞ ബജറ്റ് രേഖകള്‍ പ്രകാരം അഞ്ചുലക്ഷം കോടി രൂപയിലധികമാണ് വിവിധ നികുതി ഇളവുകളായി കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. സര്‍ക്കാരിന്റെ ഭാഷ്യത്തില്‍ അത് ഇന്‍സെന്റീവാണ്. എന്നാല്‍, ഈ പ്രചോദനം നല്‍കിയിട്ടും നിര്‍മാണമേഖല ഉള്‍പ്പെടെ എല്ലാ രംഗത്തും തളര്‍ച്ചയാണ് കാണിക്കുന്നത്. യഥാര്‍ഥത്തില്‍ ഇതും സബ്സിഡിതന്നെയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് ജീവിതം കഷ്ടിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന സബ്സിഡികളെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നവര്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന സബ്സിഡികളെക്കുറിച്ച് നിശബ്ദത പാലിക്കുന്നു. ഈ സബ്സിഡികള്‍ പിന്‍വലിച്ചാല്‍തന്നെ ഇന്നു രാജ്യം അഭിമുഖീകരിക്കുന്ന ധനകമ്മി എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും.

രണ്ടാമതായി ധനകമ്മി കുറയ്ക്കണമെങ്കില്‍ വരുമാനം വര്‍ധിപ്പിക്കണം. അമേരിക്കപോലും ധനികവിഭാഗത്തിന്റെ നികുതി വര്‍ധിപ്പിക്കുന്ന തീരുമാനങ്ങളെടുക്കുന്ന സന്ദര്‍ഭത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നികുതി ഇളവുകളാണ് നല്‍കുന്നത്. നികുതി നഷ്ടം ഒഴിവാക്കുന്നതിനാണ് ഗാര്‍ നടപ്പിലാക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ അന്നത്തെ ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി നിര്‍ദേശിച്ചത്. പാര്‍ലമെന്റ് ആ നിര്‍ദേശം അംഗീകരിക്കുകയുംചെയ്തു. മുന്‍കാലപ്രാബല്യത്തോടെ നികുതി ഏര്‍പ്പെടുത്തുന്നതിന് കോര്‍പറേറ്റ് ലോകം എതിര്‍പ്പ് പ്രകടിപ്പിച്ചു. ഗാര്‍ തന്നെ പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നു. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടപ്പാക്കിയ മുന്‍കാല പ്രാബല്യം ഇന്ത്യയില്‍ അനുവദിക്കില്ലെന്ന കോര്‍പറേറ്റുകളുടെ വാശിക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങി. ഗാര്‍ നടപ്പാക്കുന്നത് രണ്ടു വര്‍ഷംകൂടി നീട്ടിവയ്ക്കാനും പുതിയ ധനമന്ത്രി ചിദംബരം തീരുമാനിച്ചു. യഥാര്‍ഥത്തില്‍ പാര്‍ലമെന്റ് പാസാക്കിയ ഒരു കാര്യത്തില്‍ ഏകപക്ഷീയമായി എക്സിക്യൂട്ടിവിന് മാറ്റം വരുത്താന്‍ കഴിയില്ല. എന്നാല്‍, അത്തരം ജനാധിപത്യ കീഴ്വഴക്കങ്ങളൊന്നും ബാധകമല്ലാത്തയാളാണ് ഇന്നത്തെ ധനമന്ത്രി. പാര്‍ലമെന്ററി കമ്മിറ്റികള്‍ നല്‍കുന്ന ശുപാര്‍ശകളെയോ പാര്‍ലമെന്റ് തീരുമാനത്തെയേ മാനിക്കാതെ അതിനു മുകളില്‍ വിദഗ്ധ സമിതികളെ കെട്ടിയേല്‍പ്പിച്ച് അവരുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതാണ് ഇന്നത്തെ രീതി.

മൂന്നാമത്തെ പ്രശ്നം ഇപ്പോഴത്തെ തീരുമാനം വിലക്കയറ്റം രൂക്ഷമാക്കുമെന്നതാണ്. ഒരു തവണ ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് മൊത്തവിലസൂചികയില്‍ 14.67 ശതമാനം വെയിറ്റേജ് സൃഷ്ടിക്കുമെന്നതാണ് കണക്ക്. ചരക്കുകടത്തിനായി ഇന്നും പ്രധാനമായും ആശ്രയിക്കുന്നത് റോഡ് മാര്‍ഗത്തെയാണ്. ഡീസലിന്റെ വിലവര്‍ധന എല്ലാ അവശ്യസാധനങ്ങളുടെ വിലയിലും നേരിട്ട് പ്രതിഫലിക്കും. ഇപ്പോള്‍ത്തന്നെ പണപ്പെരുപ്പവും ഭക്ഷ്യപണപെരുപ്പവും രൂക്ഷമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഡീസല്‍ വിലവര്‍ധന ഈ സാഹചര്യം രൂക്ഷമാക്കും. മൊത്തത്തില്‍ ഡീസല്‍ വാങ്ങിക്കുന്ന ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വില നിശ്ചയിച്ചതോടെ പൊതുഗതാഗതവും എറ്റവും ചെലവേറിയ ഒന്നായി മാറും.

അതുപോലെ ഡീസല്‍ വിലവര്‍ധന പ്രത്യാഘാതം സൃഷ്ടിക്കുന്ന മറ്റു രണ്ടു മേഖല കാര്‍ഷികരംഗവും മത്സ്യബന്ധനവുമാണ്. രാജ്യത്ത് നല്ലൊരു പങ്കും കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി ആശ്രയിക്കുന്നത് ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോറുകളെയാണ്. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയിലായ കാര്‍ഷിക മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടുകയായിരിക്കും ചെയ്യുന്നത്. ഡീസല്‍ എന്‍ജിനുകളെ ആശ്രയിക്കുന്ന മത്സ്യബന്ധനബോട്ടുകളുടെ പ്രവര്‍ത്തനവും പ്രശ്നത്തിലാകും. ഇപ്പോള്‍ തന്നെ പട്ടിണിയിലായ കടലോരങ്ങള്‍ കൂടുതല്‍ ദുരിതത്തിലേക്ക് പതിക്കും. ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. കണക്കില്‍ ലാഭത്തിലായ എണ്ണക്കമ്പനികള്‍ക്കുവേണ്ടിയാണ് ഈ കടുത്ത തീരുമാനം സര്‍ക്കാര്‍ എടുത്തത്. 2011-12-ലെ കണക്കുപ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നികുതികളെല്ലാം കഴിച്ച് 3955 കോടി രൂപ ലാഭമാണ് ഉണ്ടാക്കിയത്. ബിപിസിഎല്‍ 1311 കോടിയും എച്ച്പിസി 911 കോടി രൂപയും ലാഭമുണ്ടാക്കി. സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരംകൂടി ഉള്‍പ്പെടുത്തിയതാണ് ഈ കണക്കുകളെന്നാണ് കമ്പനികളുടെ ലാഭം. എന്നാല്‍, എന്തിനാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്? ഇന്ന് എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത് നഷ്ടം നികത്തുന്നതിനല്ല, പകരം അണ്ടര്‍ റിക്കവറിയെ ബാലന്‍സ് ചെയ്യുന്നതിനാണ്. അത് യഥാര്‍ഥ വിലയെ അടിസ്ഥാനപ്പെടുത്തുന്ന കണക്കല്ല. അതുകൊണ്ടാണ് വിലനിര്‍ണയ രീതി പുനഃപരിശോധിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെടുന്നത്.

ഏതൊരു ചരക്കിന്റെയും അടിസ്ഥാന വില നിശ്ചയിക്കുന്നതിന് മുതലാളിത്തത്തിന് അതിന്റേതായ രീതിയുണ്ട്. അതനുസരിച്ച് ഡീസലിന്റെ വില നിര്‍ണയിക്കുകയാണെങ്കില്‍ കണക്കിലെടുക്കേണ്ടത് ഒരു ലിറ്റര്‍ ഡീസല്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ വിലയും അത് റിഫൈനറിയിലേക്ക് എത്തിക്കുന്നതിനും ഡീസല്‍ കമ്പോളത്തിലേക്ക് എത്തിക്കുന്നതിനുള്ള ചെലവും സംസ്കരണത്തിന്റെയും മറ്റു ചെലവുകളുമാണ്. അതിനു ചുറ്റുമായിരിക്കും വില നില്‍ക്കേണ്ടത്. എന്നാല്‍, സാധാരണ ചരക്കിന്റെ വിലനിര്‍ണയ രീതി പിന്തുടരാത്ത രംഗമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടേത്. അതിനായി ഇപ്പോള്‍ പിന്തുടരുന്ന രീതി ഉല്‍പ്പന്നത്തിന്റെ അന്താരാഷ്ട്ര വിലയുടെ തുല്യതയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ബിഎസ് മൂന്നു നിലവാരമുള്ള ഡീസലിന്റെ വിലയാണ് അടിസ്ഥാന വിലയായി ഇന്ത്യയില്‍ പരിഗണിക്കുന്നത്. ഈ വിലയ്ക്ക് വില്‍ക്കാത്തതുകൊണ്ട് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന സാങ്കല്‍പ്പിക നഷ്ടമാണ് അണ്ടര്‍റിക്കവറി. ഇതിനെ അടിസ്ഥാനമാക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിനു 46.60 രൂപ കിട്ടണമെന്നാണ് കമ്പനികളുടെ വാദം. ഇതാണ് ഒരു ലിറ്റര്‍ ഡീസലിന് 9.46 രൂപ ഉല്‍പ്പാദനഷ്ടമുണ്ടെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്്. പാര്‍ലമെന്ററി കമ്മിറ്റി ഈ പ്രശ്നം ഗൗരവമായി പരിശോധിക്കുകയുണ്ടായി. ഇന്ത്യ ഡീസലോ പെട്രോളോ ഇറക്കുമതി ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ഈ വിലനിര്‍ണയ രീതി അശാസ്ത്രീയമാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ സംസ്കരണചെലവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ട് സാധാരണ വിലനിര്‍ണയ രീതിയാണ് പിന്തുടരുന്നതെങ്കില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 32 രൂപയില്‍ താഴെമാത്രമായിരിക്കുമെന്നാണ് എണ്ണക്കമ്പനികള്‍തന്നെ പറയുന്നത്. യഥാര്‍ഥ ഉല്‍പ്പാദന ചെലവും ഈ വിലയും തമ്മില്‍ പതിനഞ്ചു രൂപയോളം വ്യത്യാസമുണ്ടെന്നര്‍ഥം. അപ്പോള്‍ 9.46 രൂപ ഒരു ലിറ്ററിനു നഷ്ടമുണ്ടെന്നു പറയുന്ന കമ്പനികള്‍ക്ക് യഥാര്‍ഥത്തില്‍ അഞ്ചുരൂപയിലധികം ലാഭമാണുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് വിറ്റാല്‍ത്തന്നെ കമ്പനികള്‍ ലാഭത്തിലായിരിക്കും. ഇന്ത്യയില്‍നിന്ന് കുഴിച്ചെടുക്കുന്നതാണ് നാലിലൊന്നോളം വരുന്ന അസംസ്കൃത എണ്ണ. ഇതിന്റെ വിലയും അന്താരാഷ്ട്ര അസംസ്കൃത എണ്ണയുടെ വിലയെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുന്നത്. അതുകൊണ്ടാണ് ഒഎന്‍ജിസി പോലുള്ള കമ്പനികള്‍ വന്‍ ലാഭംകൊയ്യുന്ന കമ്പനികളാകുന്നത്.

അങ്ങേയറ്റം അശാസ്ത്രീയമായ വിലനിര്‍ണയ രീതി മാറ്റിയേ മതിയാകൂ. കമ്പനികള്‍ക്ക് നിര്‍ണയാവകാശം കൊടുക്കുന്നവര്‍ ഈ വഞ്ചനയെക്കുറിച്ച് നിശബ്ദത പാലിക്കുന്നത് അപലപനീയമാണ്. ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍ മറച്ചുവയ്ക്കപ്പെട്ട മറ്റു ലക്ഷ്യങ്ങളുമുണ്ട്. എണ്ണക്കമ്പനികളുടെ ഓഹരി വില്‍പ്പന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പിനു മുമ്പുള്ള സമ്പൂര്‍ണ ബജറ്റില്‍ പല പദ്ധതികളും സര്‍ക്കാരിനു പ്രഖ്യാപിക്കാനുണ്ട്. അതിനാവശ്യമായ വകയിരുത്തലിനായി ആശ്രയിക്കുന്ന വിഭവസമാഹരണമേലഖ ഓഹരി വില്‍പ്പനയാണ്. എന്നാല്‍, ഇപ്പോള്‍ അതിനു നല്ല പ്രതികരണമില്ല. വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ അവയുടെ ഓഹരികളുടെ മൂല്യം കുത്തനെ വര്‍ധിക്കാന്‍ തുടങ്ങി. ഇത് വില്‍പ്പനയെ സഹായിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്. എന്നാല്‍, അത് രാജ്യത്തിന്റെ പൊതുതാല്‍പ്പര്യത്തിന് എതിരാണ്. വില്‍പ്പനകൂടി കഴിഞ്ഞാല്‍ സ്വകാര്യകുത്തകകള്‍ വില നിര്‍ണയിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തും. ചില്ലറ വ്യാപാരമേഖലയില്‍ വിദേശ മൂലധനം അനുവദിക്കുന്ന തീരുമാനം പാസാക്കിയെടുക്കുന്നതിന് പാര്‍ലമെന്റില്‍ കഴിഞ്ഞതോടെ ഉദാരവല്‍ക്കരണത്തിന്റെ ബാക്കിയുള്ള അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനുള്ള ധൃതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. കനത്ത പ്രഹരശേഷിയുള്ള, യോജിച്ച പോരാട്ടങ്ങള്‍ വഴിമാത്രമേ അതിന്റെ ഗതിവേഗം കുറയ്ക്കാന്‍ കഴിയുകയുള്ളു.

*
പി രാജീവ് ദേശാഭിമാനി 23 ജനുവരി 2013

No comments: