Tuesday, January 8, 2013

കശുവണ്ടി വ്യവസായം തകര്‍ച്ചയിലേക്ക്

പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി കേരളത്തെമാറ്റുന്ന നയമാണ് യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം സ്വീകരിച്ചിട്ടുള്ളത്. അതേ നയമാണ് ഇപ്പോള്‍ തുടരുന്നതും. ഇതിനെതിരെ വിവിധ മേഖലകളില്‍ തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്്. സംസ്ഥാനത്ത് കയര്‍വ്യവസായം കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലാളികള്‍ പണിയെടുക്കുന്നത് കശുവണ്ടി വ്യവസായത്തിലാണ്. മൂന്നുലക്ഷം തൊഴിലാളികള്‍ ഈ രംഗത്ത് പണിയെടുക്കുന്നു. ഇതില്‍ 98 ശതമാനം സ്ത്രീകളാണെന്നുമാത്രമല്ല, 30 ശതമാനമെങ്കിലും പട്ടികജാതിയില്‍പ്പെട്ടവരുമാണ്.

കശുവണ്ടി വ്യവസായം ഒരുകാലത്ത് കൊല്ലത്തും പരിസരങ്ങളിലും മാത്രമാണ് കേന്ദ്രീകരിച്ചിരുന്നതെങ്കില്‍ ഇന്ന് സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഈ വ്യവസായമുണ്ട്. കേരളത്തിനു പുറമേ തോട്ടണ്ടി ഉല്‍പ്പാദനമുള്ള കര്‍ണാടകം, അന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വ്യവസായമാരംഭിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന 6.5 ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും ബ്രസീല്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഏകദേശം 6.5 ലക്ഷം തോട്ടണ്ടിയുമാണ് ഇവിടെ സംസ്കരിക്കുന്നത്. രാജ്യത്ത് സംസ്കരിക്കുന്നതില്‍ 75 ശതമാനവും കേരളത്തിലാണ്. കയറ്റുമതിയുടെ 92 ശതമാനവും കേരളത്തില്‍നിന്നാണ്. 2011-12 ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 1.31 ലക്ഷം മെട്രിക് ടണ്‍ അണ്ടിപ്പരിപ്പാണ്. നേടിയ വിദേശനാണ്യം 4397 കോടി രൂപയുടെയും.

കേരളത്തില്‍ 1970 കളില്‍ 1.50 ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി ഉല്‍പ്പാദിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഉല്‍പ്പാദനം 60,000 ടണ്‍ മാത്രമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കശുമാവ് കൃഷിക്കുവേണ്ടി പ്രത്യേക ഏജന്‍സി രൂപീകരിക്കുകയും കേന്ദ്ര കൃഷി വകുപ്പിന്റെകൂടി സഹായത്തോടെ 33 ലക്ഷം അത്യുല്‍പ്പാദനശേഷിയുള്ള കശുമാവില്‍ തൈ കൃഷിക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയും കൃഷിച്ചെലവിന് സബ്സിഡി നല്‍കുകയും ചെയ്തു. അതിന്റെ ഫലം ഇപ്പോള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി നാമമാത്രമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ കാഷ്യൂ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് നിയമപരമായ അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാന്‍ ഇന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുകയും 2006 ലും 2011-ലും മിനിമം വേതനം പുതുക്കി പ്രഖ്യാപിച്ച് നടപ്പിലാക്കുകയും ചെയ്തു. ഈ വ്യവസായത്തിന്റെ സുസ്ഥിരതയ്ക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അണ്‍ രജിസ്റ്റേര്‍ഡ് കാഷ്യൂ ഫാക്ടറീസ് (പ്രിവന്‍ഷന്‍) ആക്ട് കാലാനുസൃതമായി പുതുക്കി അത് കര്‍ശനമായി നടപ്പാക്കി.

സ്ത്രീകളുടെ വ്യവസായം എന്ന പ്രത്യേകതകൂടി കണക്കിലെടുത്താണ് ഈ രംഗത്ത് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ രൂപീകരിച്ചത്. കശുവണ്ടി വികസന കോര്‍പറേഷന്റെ കീഴില്‍ 34 ഫാക്ടറികളും സഹകരണ സ്ഥാപനമായ കാപ്പക്സിന്റെ കീഴില്‍ പത്ത് ഫാക്ടറികളും പ്രവര്‍ത്തിപ്പിക്കുന്നത് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മാതൃകാ സ്ഥാപനങ്ങളെന്ന നിലയ്ക്കാണ്. ഈ സ്ഥാപനങ്ങളിലെ ഫാക്ടറികള്‍ യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയോ ചെയ്തു. കാഷ്യൂ കോര്‍പറേഷന്റെ 34 ഫാക്ടറികളില്‍ 24 എണ്ണവും സ്വകാര്യ ഉടമസ്ഥതയില്‍ത്തന്നെ നിലനില്‍ക്കുന്നതും കോര്‍പറേഷന്‍ വാടകയ്ക്കു നടത്തുന്നതുമാണ്. ഈ ഫാക്ടറികള്‍ കോര്‍പറേഷന്റെ സ്വന്തം ഫാക്ടറികളാക്കുന്നതിനു പുതിയൊരു നിയമം കേന്ദ്രത്തിന്റെ അംഗീകാരത്തോടെ നടപ്പാക്കേണ്ടിയിരുന്നു. അതിന് യുഡിഎഫ് സന്നദ്ധമായില്ല. അതിന്റെ ഫലമായി നാലു ഫാക്ടറികള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് 2002-ല്‍ സുപ്രീം കോടതി വിധിപ്രകാരം വിട്ടുകൊടുക്കേണ്ടി വന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ കാഷ്യൂ ഫാക്ടറി അക്യുസിഷന്‍ (ഭേദഗതി) നിയമം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പാസ്സാക്കുകയും അത് രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിധേയമാക്കുകയും ചെയ്തു. കാഷ്യൂ കോര്‍പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികള്‍ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തന മൂലധനം നല്‍കുകയും ഫാക്ടറികളുടെ നവീകരണത്തിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. ഈ രണ്ടു സ്ഥാപനങ്ങളില്‍നിന്നും റിട്ടയറായ തൊഴിലാളികളുടെ പത്തുവര്‍ഷക്കാലത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക കൊടുത്തു തീര്‍ത്തു. ഈ സ്ഥാപനങ്ങളെ കരുത്തുറ്റതാക്കി. എല്‍ഡിഎഫ് സര്‍ക്കാരും സംസ്ഥാന പ്ലാനിങ് ബോര്‍ഡും ഉദാരമായ നിലപാടുകള്‍ സ്വീകരിച്ചതിന്റെ ഫലമായി 2011-12 ലും 12-13 ലും ബജറ്റില്‍ ഈ സ്ഥാപനങ്ങള്‍ക്കുവേണ്ടി തുക വകയിരുത്താന്‍ യുഡിഎഫ് സര്‍ക്കാരും സന്നദ്ധമായി.

എന്നാല്‍ ഈ രണ്ടുസ്ഥാപനങ്ങളും ഇപ്പോള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്്. കാഷ്യൂ കോര്‍പറേഷന്‍ ഫാക്ടറികള്‍ രണ്ടുമാസമായി അടച്ചിട്ടിരിക്കുകയാണ്. എട്ടു കോടി രൂപ കുടിശ്ശിക ഇടാക്കാനുള്ള നടപടികള്‍ ഇപിഎഫ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചു. കാപ്പക്സിന്റെ സാമ്പത്തിക സ്ഥിതി വലിയ പ്രതിസന്ധിയിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുടിവറുപ്പു സമ്പ്രദായം പുനരാരംഭിച്ചു.

തോട്ടണ്ടി ഉല്‍പ്പാദക രാജ്യങ്ങളിലെല്ലാം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസായം വലിയ മത്സരങ്ങളെ നേരിടുകയാണ്. വ്യവസായരംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നവിധം തോട്ടണ്ടി ഉല്‍പ്പാദക രാജ്യങ്ങളില്‍നിന്നും സംസ്കരിച്ച അണ്ടിപ്പരിപ്പ് നമ്മുടെ രാജ്യത്തേക്ക് അണ്ടര്‍ വാല്യൂഡ് ഇന്‍വോയ്സ് പ്രകാരം ഇറക്കുമതി ചെയ്യുന്ന പുതിയൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് കമേഴ്സ്യല്‍, ഇന്റലിജന്‍സ് & സ്റ്റാറ്റിറ്റിക്സ് വെളിപ്പെടുത്തിയത് ഇന്ത്യന്‍ തുറമുഖങ്ങളില്‍ 2011 മുതല്‍ യഥാര്‍ഥ വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് അണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നു എന്നാണ്. നമ്മുടെ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന അണ്ടിപ്പരിപ്പ് ഇറക്കുമതി നിരോധിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. അണ്ടിപ്പരിപ്പ് ഇറക്കുമതിക്കുളള തീരുവ വളരെ പരിമിതമാണ്. രാഷ്ട്രങ്ങള്‍ തമ്മിലുളള കരാറുകളുടെ അടിസ്ഥാനത്തില്‍ അണ്ടിപ്പരിപ്പ് ഇറക്കുമതി നിര്‍ബന്ധമാണെങ്കില്‍ കിലോഗ്രാമിന് 250 രൂപയെങ്കിലും തീരുവ ഏര്‍പ്പെടുത്തി നമ്മുടെ വ്യവസായം സംരക്ഷിക്കപ്പെടണം.

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇപിഎഫ്, ഇഎസ്ഐ ക്ഷേമനിധി വിഹിതങ്ങള്‍ അടക്കാതിരിക്കുക, വൃത്തിഹീനമായ തൊഴില്‍ സ്ഥലങ്ങളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുക തുടങ്ങിയ നിയമനിഷേധ നടപടികള്‍ തൊഴിലുടമകള്‍ സ്വീകരിച്ചാല്‍ അതിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. പല ഫാക്ടറികളിലും സ്വകാര്യതയില്ലാത്തതും ശുചിത്വമില്ലാത്തതുമായ ടോയ്ലറ്റുകളാണുള്ളത്. തൊഴിലാളികളുടെ ആരോഗ്യത്തിന് ഹാനികരമായ ഇത്തരം സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കുകയും തൊഴിലാളികളുടെ അധ്വാനത്തിന് മാന്യത കല്‍പ്പിക്കുന്ന സ്ഥിതി സൃഷ്ടിക്കാനും തൊഴിലാളി പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണ്.

2011-ല്‍ തൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിക്കുന്ന സമയത്തുള്ള ജീവിതച്ചെലവിന്റെ ഇരട്ടിയോ അതിലധികമോ ആണ് ഇന്നത്തെ ജീവിതസ്ഥിതി. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും പതിനായിരം രൂപയെങ്കിലും പ്രതിമാസം വരുമാനം ലഭ്യമാക്കണമെന്ന് ദേശീയതലത്തില്‍ത്തന്നെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെടാന്‍ നിര്‍ബന്ധിതരായ സാഹചര്യമാണിത്. തൊഴിലാളികളുടെ മിനിമം കൂലിയും ക്ഷാമബത്ത നിരക്കും പരിഷ്കരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.

ഇപിഎഫ്, പെന്‍ഷന്‍ തുക കുറഞ്ഞതു ആയിരം രൂപയാക്കുകയും സര്‍വീസിന്റെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം കേന്ദ്ര തൊഴില്‍ വകുപ്പ് തത്വത്തില്‍ അംഗീകരിച്ചെങ്കിലും ധനമന്ത്രാലയവും കേന്ദ്രസര്‍ക്കാരും അതിന് അംഗീകാരം നല്‍കിയില്ല. അതോടൊപ്പം 2008-ല്‍ നിര്‍ത്തലാക്കിയ കമ്യൂട്ടേഷന്‍ വ്യവസ്ഥയും റിട്ടേണ്‍ ഓഫ് കാപ്പിറ്റല്‍ (മരണാനന്തരം ഇപിഎഫ് അംഗത്തിന്റെ കുടുംബത്തിന് ലഭിക്കേണ്ട തുക) ആനുകൂല്യവും പുനഃസ്ഥാപിക്കണം, ക്ഷേമനിധി പെന്‍ഷനും കുറഞ്ഞതു ആയിരം രൂപയാക്കി ഉയര്‍ത്തണം.

നമ്മുടെ തൊഴിലാളികളുടെ കരവിരുതും കഠിനാദ്ധ്വാന ശേഷിയുമാണ് ഈ വ്യവസായത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും അടിസ്ഥാനമായിട്ടുള്ളത്. വ്യവസായ രംഗത്ത് കാലാനുസൃതമായ നവീകരണ നടപടികള്‍ അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ സുപ്രധാന പങ്കു വഹിക്കുന്ന വ്യവസായമെന്നതിന് പുറമേ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പണിയെടുക്കുന്ന വ്യവസായമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക പാക്കേജിന് എന്തുകൊണ്ടും അവകാശമുണ്ട്.

വ്യവസായത്തിന്റെ ഭാവി സംരക്ഷിക്കാനും മൂന്നു ലക്ഷം തൊഴിലാളികളുടെ ജീവിതം നിലനിര്‍ത്താനും വേണ്ടിയുള്ള നിരന്തര പോരാട്ടത്തിനു തുടക്കംകുറിച്ച് ജനുവരി 10-ന് സെക്രട്ടറിയറ്റിനു മുന്‍പില്‍ തൊഴിലാളികള്‍ നടത്തുന്ന മാര്‍ച്ചും ധര്‍ണയും വലിയ വിജയമാക്കാന്‍ തൊഴിലാളികളോടൊപ്പം അവരുടെ കുടുംബാംഗങ്ങളും ട്രേഡ്യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കാളികളാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

*
പി കെ ഗുരുദാസന്‍ ദേശാഭിമാനി 07 ജനുവരി 2013

No comments: