Wednesday, January 16, 2013

പ്രതിരോധത്തിന്റെ ഭൂപടത്തില്‍ ശര്‍മ്മിള രേഖപ്പെടുത്തുന്നത്

മണിപ്പൂരിലെ സായുധസേനയ്ക്ക് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിനെതിരെ ഇറോം ചാനു ശര്‍മ്മിള നിരാഹാരസമരം തുടങ്ങിയിട്ട് പന്ത്രണ്ടുവര്‍ഷം കഴിഞ്ഞു. ഇരുപത്തിയെട്ടാം വയസ്സില്‍ ഒരു നവംബര്‍ രണ്ടിനാണ് അവര്‍ അവസാനമായി രുചിയറിഞ്ഞ് ഭക്ഷണം കഴിച്ചത്. അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. ശര്‍മ്മിള വ്യാഴാഴ്ച വ്രതം നോല്‍ക്കുക പതിവായിരുന്നു. അങ്ങനെ വ്രതത്തില്‍ ഇരിക്കുമ്പോഴാണ് അതുവരെ ഒരു സാധാരണ വൈഷ്ണവയുവതിയായിരുന്ന ആ മണിപ്പൂരുകാരിയുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ ഇടയാക്കിയ സംഭവത്തിന്റെ ദുര്‍വാര്‍ത്ത വരുന്നത്. കുപ്രസിദ്ധമായ മാലോം കൂട്ടക്കൊല. അസം റൈഫിള്‍സിന്റെ ജീപ്പിനു നേരെ ഒരു കുട്ടി കല്ലെറിഞ്ഞു. അവനെ ഓടിച്ചിട്ടു പിടിക്കാന്‍ പട്ടാളക്കാര്‍ നടത്തിയ ശ്രമം പാളി. അവര്‍ ഇരച്ചെത്തിയത് പട്ടണത്തിലെ ബസ് സ്റ്റോപ്പില്‍. അവിടെ കാത്തുനിന്നിരുന്ന പത്തുപേരെ അവര്‍ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ 62 വയസ്സായ ലെയ്സാഗ്ബാം ഇബെറ്റോമി എന്ന സ്ത്രീയും ധീരതയ്ക്ക് ദേശീയപുരസ്ക്കാരം നേടിയ 18 വയസ്സുകാരന്‍ സിഹം ചന്ദ്രമണിയും ഉണ്ടായിരുന്നു. മാലോം കൂട്ടക്കൊല ദേശവ്യാപകമായ പ്രതിഷേധത്തിന് തിരികൊളുത്തി.

അടിസ്ഥാനപരമായി സമാധാനവാദിയും കൃഷ്ണഭക്തയുമായ ശര്‍മ്മിളയെ സംഭവം വല്ലാതെ ഉലച്ചു. ആ വ്യാഴാഴ്ചയിലെ പതിവ് വ്രതം അവര്‍ പിന്നെ നിര്‍ത്തിയില്ല. 2000 നവംബര്‍ 5ന് ശര്‍മ്മിള അറസ്റ്റിലായി. ആത്മഹത്യാശ്രമത്തിനാണ് അവര്‍ അറസ്റ്റു ചെയ്യപ്പെട്ടത്. അതിന്റെ പരമാവധി ശിക്ഷ ഒരു കൊല്ലമാണ്. കൊല്ലം തികയുന്ന നാള്‍ അവരെ മോചിതയാക്കും. അവര്‍ നിരാഹാരം തുടരും. പിന്നെയും അറസ്റ്റ്. പിന്നെയും ഒരു കൊല്ലം കഴിയുമ്പോള്‍ മോചനം, അറസ്റ്റ്..... പന്ത്രണ്ടു വര്‍ഷമായി ഭരണകൂടം ഈ നാടകം തുടരുന്നു. കുറ്റം ആത്മഹത്യാശ്രമമാണെങ്കിലും ജവഹര്‍ലാല്‍ നെഹ്റു മെമ്മോറിയല്‍ ആശുപത്രിയിലെ സ്പെഷ്യല്‍ വാര്‍ഡില്‍ കാവല്‍ക്കാരികളുടെ അകമ്പടിയോടെ ജയില്‍ ഇന്‍സ്പെക്ടര്‍ തൗ താങ്ങിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന അവരെ കാണാന്‍ കൊടുംകുറ്റവാളികളെ കാണുന്നതിന് ബന്ധുക്കള്‍ക്ക് അനുവാദം കിട്ടാനുള്ളതിനേക്കാള്‍ പ്രയാസമാണ്.

ഇറോം സി നന്ദയുടെയും ഇറോം ഔഗ്ബി ശക്തിയുടെയും മകളായി ശര്‍മ്മിള 1972 മാര്‍ച്ച് 14 ന് ഗ്രെയ്റ്റര്‍ ഇംഫാലില്‍ ജനിച്ചു. പൗരാവകാശപ്രവര്‍ത്തനത്തിന്റെ ധ്വജവാഹകയായും സമാധാനപ്രക്ഷോഭത്തിന്റെ പ്രതീകമായും, സര്‍വ്വോപരി ഇന്ത്യയില്‍ പലയിടത്തും നടമാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരായ പോരാട്ടങ്ങളുടെ വിഗ്രഹമായും വാഴ്ത്തപ്പെടുന്ന ശര്‍മ്മിളയ്ക്ക്, പക്ഷെ, ""ഒരു സാധാരണ സ്ത്രീ""യായി ജീവിക്കാനാണ് ആഗ്രഹം. തന്നെ ദേവിയാക്കരുതേ എന്ന് സമരസഖാക്കളോട് അപേക്ഷിക്കുകയാണ് അവര്‍. ""എന്റെതന്നെ ആളുകള്‍ എനിക്കുവേണ്ടി പണിഞ്ഞ പീഠം എനിക്കീ തടവറയോളം വേദനാജനകമാണ്,"" അവര്‍ ഞങ്ങളോട് പറഞ്ഞു. നോബെല്‍ പുരസ്ക്കാരജേതാവായ ഷിറിന്‍ എബാദിയാണ് ഒരുപക്ഷെ ശര്‍മ്മിളയുടെ മനുഷ്യാവകാശവിരുദ്ധമായ തടവിനെപ്പറ്റി ഐക്യരാഷ്ട്രസഭയില്‍ ആദ്യം ഉന്നയിച്ചത്.

2007ല്‍ മനുഷ്യാവകാശസംരക്ഷണം, സമാധാനം, ജനാധിപത്യം എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വിഖ്യാതമായ ഗ്വാങ്ജൂ പുരസ്ക്കാരം ശര്‍മ്മിളയ്ക്ക് ലഭിച്ചു. പിന്നീട് പ്രഥമ രബീന്ദ്രനാഥ റ്റഗൂര്‍ ശാന്തി പുരസ്ക്കാരം, പ്രഥമ മയിലമ്മ പുരസ്ക്കാരം, കോവിലന്‍ പുരസ്ക്കാരം എന്നിവയും അവരെ തേടിയെത്തി. യു.കെയിലെ ഗ്രീന്‍ പാര്‍ട്ടി നേതാവും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവുമായ കെയ്റ്റ് റ്റെയ്ലര്‍ ശര്‍മ്മിളയെ ഉടനെ മോചിപ്പിക്കുകയും സായുധസേനയുടെ പ്രത്യേകാധികാരങ്ങള്‍ എടുത്തുകളയുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിന് എഴുതി. രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ഈ ആവശ്യങ്ങള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അഫ്സപ  എടുത്തുകളഞ്ഞ് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള സഹായത്തോടെ വിഘടനവാദം ഉയര്‍ത്തുന്ന കലാപകാരികളെ കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ മറ്റു മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നും മണിപ്പൂരിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബഹുകക്ഷിചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആവശ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ ശര്‍മ്മിളയെ കാണുവാനുള്ള പ്രത്യേകാനുമതിക്കായി ദല്‍ഹിയിലെ ആഭ്യന്തരവകുപ്പിനെ സമീപിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ കടമ്പകള്‍ നിരവധിയായിരുന്നു. ഒടുവില്‍ സി പിഐ (എം) കേരള സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാംഗവുമായ സി പി നാരായണന്റെ നേരിട്ടുള്ള ഇടപെടല്‍ വേണ്ടിവന്നു, കാര്യം നടക്കാന്‍.

ഇംഫാലില്‍ എത്തി രണ്ടാംനാള്‍ ജയില്‍ എസ് പി ഐ കെ മുയ്യിവ ഞങ്ങളെ നേരിട്ടു വിളിക്കുകയായിരുന്നു: ""നിങ്ങളുടെ നാട്ടിലെ എം പി വിളിച്ചിരുന്നു. അതുകൊണ്ട് മറ്റ് ഔപചാരികതകള്‍ ഒഴിവാക്കി നിങ്ങള്‍ക്ക് രണ്ടുദിവസമായി നാലു മണിക്കൂര്‍ സന്ദര്‍ശനാനുമതി നല്‍കുകയാണ്."" ഞങ്ങള്‍ ഒരടി കൂടി മുന്നോട്ടു വച്ചു. ""വെറുതെ കണ്ടു സംസാരിച്ചാല്‍ പോരാ. വീഡിയോയില്‍ പകര്‍ത്തണം."" (ഡി സി ബുക്സിനു വേണ്ടിയായിരുന്നു, വീഡിയോ ചിത്രീകരണം) മുയ്യിവ സമ്മതിച്ചു. ""പക്ഷെ വീഡിയോ നിങ്ങള്‍ തന്നെ ചെയ്യണം."" ശരി. അങ്ങനെ, വാടകയ്ക്കെടുത്ത വീഡിയോ ക്യാമറയുമായി ഞങ്ങള്‍ ജെ എന്‍ സ്മാരക ആശുപത്രിയില്‍ എത്തി. അവിടെ ഒരു പ്രത്യേക വാര്‍ഡ് ശര്‍മ്മിളയ്ക്കായി സജ്ജമാക്കിയിട്ടുണ്ട്. കനത്ത കാവലാണ്. ഇന്‍സ്പെക്ടര്‍ തൗ താങ്ങ് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. കിടക്കയില്‍ വളഞ്ഞുകുത്തിയിരിക്കുന്ന ഒരു രൂപം. ചുരുണ്ട തലമുടിയുടെ ഉള്‍ക്കനം കുറഞ്ഞിട്ടുണ്ട്. പ്രസാദം തുളുമ്പുന്ന ചിരിയോടെ, തിളങ്ങുന്ന കണ്ണുകളോടെ ശര്‍മ്മിള ഞങ്ങളെ എതിരേറ്റു. വായിച്ചുകൊണ്ടിരുന്ന പി.ജി. വുഡ്ഹൗസ് കൃതി സൈഡ് ടേബിളിലേക്ക് മാറ്റിവച്ച് അവര്‍ കൈനീട്ടി. ഈര്‍പ്പവും ചൂടും മുറ്റിയ ഉച്ച. മുറിയില്‍ ഒരുവശത്ത് നിറയെ പലതരം പഴസ്സത്തുകളും പൊടികളും അടങ്ങിയ കുപ്പികള്‍. ഒരുവശത്ത് ചുമരില്‍ കുട്ടികളുടെയും പൂമ്പാറ്റകളുടെയും വിദൂരസ്ഥലങ്ങളുടെയും ചിത്രങ്ങള്‍. ശര്‍മ്മിളയുടെ മൂക്കില്‍ പ്രാണന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം നേരിട്ട് ആമാശയത്തില്‍ എത്തിക്കുന്ന റയല്‍സ് ട്യൂബ്. സങ്കടം കലര്‍ന്ന തുറന്ന ചിരിക്കപ്പുറം ഞെട്ടിക്കുന്ന ശാന്തതയാണ്.

പുറത്ത് ആശുപത്രിയുടെ മറ്റേതോ ഭാഗം പുതുക്കിപ്പണിയുന്നതിന്റെ ആരവങ്ങള്‍ക്കിടയിലൂടെ ദുഃസൂചന പോലെ അറക്കവാളിന്റെ അനുസ്യൂതമായ മുരള്‍ച്ച. മൂടിക്കെട്ടിയ ഒരു തുണ്ട് ആകാശം. ഒന്നു പെയ്തുതോര്‍ന്നെങ്കില്‍ എല്ലാമൊന്ന് വൃത്തിയായേനെ എന്നു വീര്‍പ്പുമുട്ടിപ്പോകും, നമ്മള്‍. പരിചയപ്പെടലിന്റെ ഔപചാരികത കഴിയാന്‍ കാത്തിരിക്കാതെ ശര്‍മ്മിള പറയുവാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി: ജയിലര്‍ തൗ താങ്ങ് ഞങ്ങളെക്കുറിച്ച് ശര്‍മ്മിളയോട് മുന്‍പേ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. നീണ്ടുവലിഞ്ഞ ശബ്ദത്തില്‍, മൂളലുകള്‍കൊണ്ട് അര്‍ദ്ധവിരാമങ്ങള്‍ ചമച്ച്, വ്യാകരണത്തിനൊന്നും വഴങ്ങാതെ ഇംഗ്ലീഷില്‍ അവര്‍ പറഞ്ഞു:

""ഞാന്‍ പ്രണയത്തിലാണ്. എന്റെ കാമുകന്‍ ഡെസി എന്ന ഡെസ്മണ്ട്. അവന്റെ അമ്മ ബ്രിട്ടീഷുകാരി, അച്ഛന്‍ ഗോവന്‍. ഇന്നലെ കോടതിയിലേക്ക് കൊണ്ടുപോകും വഴി (മാസത്തില്‍ ഒരിക്കല്‍ ശര്‍മ്മിളയെ കോടതിയില്‍ ഹാജരാക്കുന്നത് ഒരു ചടങ്ങാണ്) അവനെ കണ്ടു. അവന് ഞാന്‍ വരച്ച ഒരു ചിത്രം സമ്മാനം കൊടുത്തു."" പിന്നീട് അങ്ങോട്ടുള്ള വര്‍ത്തമാനത്തിനിടെ ശര്‍മ്മിള പലവട്ടം "അവര്‍" എന്നു പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ചോദിച്ചു: ""ആരാണ് ഈ "അവര്‍"? ജയില്‍ അധികൃതര്‍?"" ""അല്ലല്ല, എന്റെ ബന്ധുക്കള്‍, സമരസഖാക്കള്‍."" അപ്പോള്‍ ഞങ്ങളോര്‍ത്തു തലേന്ന് ജയില്‍ എസ്പി മുയ്യിവ പറഞ്ഞത്: ""സഹോദരന്‍ സിംഹജിത്ത് ശര്‍മ്മിളയുടെ പ്രണയത്തെ എതിര്‍ക്കുന്നു; മെയിര പായ്ബി എന്ന മണിപ്പൂരി അമ്മ സംഘടനയിലെ സ്ത്രീകള്‍ ഒരു ക്രിസ്ത്യാനിയുമായുള്ള അവളുടെ പ്രണയത്തെ ഹൈന്ദവസങ്കുചിതത്വത്തിന്റെ കണ്ണട വച്ചാണ് കാണുന്നത്."" എവിടെയാണ് ശരി ഒളിഞ്ഞിരിക്കുന്നത്? അഥവാ സത്യം മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നത്? ശര്‍മ്മിളയുടെ വിശദീകരണം : ""അവര്‍ക്ക് ഞാന്‍ ഒരു സമരവിഗ്രഹമായി തുടരണമെന്നാണ്; വിഗ്രഹശുദ്ധിക്ക് കളങ്കമത്രെ എന്റെ പ്രേമം."" രസന നിഷേധിക്കപ്പെട്ട പോരാളി, കാമന നിഷേധിക്കപ്പെട്ട പ്രണയിനി കൂടിയാകുന്നു. ""അങ്ങനെ, ഭരണകൂടം എന്നെ എന്റെ ജനങ്ങളില്‍ നിന്നകറ്റി, ഇപ്പോള്‍ എന്റെ എന്ന് ഞാന്‍ കരുതുന്ന ജനങ്ങള്‍ എന്നെ എന്റെ കാമുകനില്‍ നിന്നകറ്റുന്നു. എല്ലാറ്റില്‍നിന്നും അകറ്റി, ഒരു പീഠത്തിന്മേല്‍ കയറ്റി, എന്നെ ഒരു ദേവതയാക്കുന്നു. ഞാന്‍ വെറുമൊരു മനുഷ്യസ്ത്രീ. എനിക്കങ്ങനെ ഒരു സ്ത്രീയായി ജീവിക്കണം. പ്രണയം പ്രകൃതിദത്തമാണ്. സ്വാതന്ത്ര്യം പ്രകൃതിദത്തമാണ്. എന്നെ സ്നേഹിക്കുന്നു എന്നവകാശപ്പെടുന്ന എന്റെ ബന്ധുക്കളും എന്നെ വിഗ്രഹവല്‍ക്കരിക്കുന്ന എന്റെ സഖാക്കളും എന്നെ തടവിലാക്കിയ ഈ സര്‍ക്കാരും ഒരുപോലെ എന്നെ ഏകാന്തയാക്കുന്നു. എന്റേത് ഒരേകാന്തസമരമാകുന്നു."" പലതുകൊണ്ടും ശര്‍മ്മിള മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ അനുസ്മരിപ്പിക്കുന്നു.

വ്യക്തികേന്ദ്രിതപ്രക്ഷോഭം, ആത്മീയത, ആത്മനിഷേധം. ശര്‍മ്മിള പറയുന്നു: ""ചിലപ്പോള്‍ ഞാന്‍ ഏകാന്തയാണ് എന്നത് തന്റെ മനോവീര്യം തളര്‍ത്താറുണ്ട്. ഞാനിത്രയും കാലം ജീവിച്ചു എന്നത് ഓരോ മനുഷ്യന്റെയും സത്തയില്‍ ഈശ്വരന്‍ കുടികൊള്ളുന്നു എന്നതിന്റെ തെളിവാണ്. പക്ഷെ എന്റെ ജീവിതസമരത്തിന്റെ രീതി എന്റെ തെരഞ്ഞെടുപ്പല്ല. അതെന്റെ ജനങ്ങളുടെ അഭിലാഷമാണ്. നാം രാവിലെയും ഉച്ചയ്ക്കും രാത്രിയും നമ്മുടെ ഇന്ദ്രിയസുഖത്തിനായി ഭക്ഷിക്കുന്നു. പക്ഷെ, വ്യാഴാഴ്ചകളില്‍ ഞാന്‍ നോമ്പെടുത്തിരുന്നപ്പോള്‍ അത്രയും നാള്‍ ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഒക്കെ ദഹിക്കുകയായിരുന്നു. അതോടെ എന്റെ വ്യവസ്ഥ വൃത്തിയാവുകയായിരുന്നു. ഭക്ഷിക്കുന്നതില്‍നിന്ന് എനിക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നത് ആ വ്രതദിനമാണ്. വിശക്കുന്നവന്റെ അവസ്ഥ അറിയാന്‍ ആ ദിവസം എന്നെ സഹായിക്കുന്നു."" ഞങ്ങള്‍ ആലോചിച്ചുപോകുകയാണ്: ചവര്‍പ്പ്, കയ്പ്പ്, ഇനിപ്പ് ഇത്യാദി രസങ്ങളൊന്നും ഒരു വ്യാഴവട്ടത്തിലേറെയായി അറിയാത്ത ശര്‍മ്മിള. ഇവിടെ അമിതഭക്ഷണം ദഹിപ്പിച്ചുകിട്ടാന്‍ കാശുമുടക്കി വ്യായാമശാലകളെ അഭയം പ്രാപിക്കുന്ന മേദുരകേരളം. വല്ലാത്തൊരു താരതമ്യമാണത്.

ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെ സ്വയം ഭക്ഷണം നിഷേധിച്ച് പോരാടുന്ന ശര്‍മ്മിള; അവളുടെ പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും ആഖ്യാനങ്ങള്‍ ചമച്ച് ശീതികൃതസമ്മേളനങ്ങളിലേക്കുള്ള ക്ഷണക്കത്തുകള്‍ നേടിയെടുക്കുന്ന "മനുഷ്യാവകാശപ്രവര്‍ത്തകര്‍"- ""താങ്കളെ അവര്‍ കാണുന്നത് അന്തര്‍ദ്ദേശീയ ധനപിന്തുണയ്ക്കുള്ള ഒരു പ്രോജക്റ്റ് ആയിട്ടാണോ?""ശര്‍മ്മിള പറയട്ടെ: ""എനിക്ക് കിട്ടിയ പുരസ്ക്കാരത്തുകകള്‍, ഈ സമരത്തിന്റെ പേരില്‍ വന്നുചേര്‍ന്ന വമ്പിച്ച സഹായധനം, ഇവയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അവര്‍ കടലാസുസംഘടനകള്‍ ഉണ്ടാക്കി രാജ്യാന്തരസമ്മേളനങ്ങളില്‍ പങ്കെടുത്ത് ധൂര്‍ത്തടിക്കുന്നു. പണം എങ്ങനെ ചെലവാക്കുന്നു എന്ന് എന്നെ അറിയിക്കേണ്ട ബാധ്യതപോലും അവര്‍ക്കില്ലാത്തപോലെയാണ്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ എന്റെ സമ്മാനത്തുകകള്‍ ഉപയോഗിക്കണം എന്നു ഞാന്‍ അവരോട് പറഞ്ഞതാണ്. സേനയുടെ കൈകളാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക്, പ്രകൃതിദുരന്തങ്ങളില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക്, കലാപങ്ങളില്‍ കിടപ്പാടവും മറ്റും നശിപ്പിക്കപ്പെട്ടവര്‍ക്ക്... പക്ഷെ അവര്‍ തോന്നിയപോലെയാണ് ചെയ്യുന്നത്."" (ഈയിടെ തൃശ്ശൂരിലെ കോവിലന്‍ ട്രസ്റ്റിന്റെ പുരസ്ക്കാരം കൊല്‍ക്കത്തയില്‍വച്ച് ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ ചെന്നു; പക്ഷെ ശര്‍മ്മിള ആ പുരസ്ക്കാരവും അതിന്റെ തുകയും തല്‍ക്കാലത്തേക്ക് കരുതല്‍സൂക്ഷിപ്പില്‍ വയ്ക്കാന്‍ നിര്‍ദ്ദേശിച്ചു; അഫസ്പ പിന്‍വലിക്കപ്പെടുന്നതിന്റെ പിറ്റേന്നാള്‍ താന്‍ തന്നെ തൃശ്ശൂരില്‍ നേരിട്ടുവന്ന് പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊള്ളാം എന്നാണ് അവര്‍ അറിയിച്ചത്.)

ഇന്ത്യന്‍ പട്ടാളത്തിന്റെ വിവധദളങ്ങള്‍ മണിപ്പൂരില്‍ നടത്തുന്ന കൊടിയ മനുഷ്യാവകാശധ്വംസനത്തിന് എതിരായ പ്രക്ഷോഭം ഇറോം ചാനു ശര്‍മ്മിളയെ ഒരു mascot അഥവാ മുഖ്യചിഹ്നമായി ഉയര്‍ത്തിക്കാട്ടുന്നു. അന്തര്‍ദ്ദേശീയ തലത്തില്‍ ശര്‍മ്മിള അപ്രകാരം കൊണ്ടാടപ്പെടുകയും ചെയ്യുന്നുണ്ട്. അതേസമയം യൗവ്വനത്തിന്റെ തീഷ്ണതകള്‍ മുഴുവന്‍ തനിക്കുള്ളില്‍ ഹോമിച്ച് സ്വയം വേവുന്ന ഒരു നാല്‍പ്പതുകാരിയുമാണ്, ശര്‍മ്മിള. ഈ സത്യം മനുഷ്യാവകാശ പ്രവര്‍ത്തകരും ഭരണകൂടവും ഒരുപോലെ മറന്നുപോകുന്നില്ലേ? ഇവര്‍ക്കാര്‍ക്കെങ്കിലും ശര്‍മ്മിളയ്ക്ക് ""നഷ്ടപ്പെട്ട യൗവ്വനം തിരിച്ചുനല്‍കാന്‍ കഴിയുമോ?"" (ഈ ചോദ്യം മറ്റൊരു ലിംഗനീതിനിഷേധവുമായി ബന്ധപ്പെട്ട് പ്രൊഫ. സാറ ജോസഫ് ആണ് അഞ്ചെട്ടുകൊല്ലം മുമ്പ് ഒരു സ്വകാര്യസംഭാഷണത്തില്‍ ഉന്നയിച്ചത്. വിഷയം ഈ ലേഖനത്തിന്റെ പരിധിയ്ക്ക് പുറത്തായതിനാല്‍ ഇവിടെ വിശദീകരിക്കുന്നില്ല.)

സഹോദരന്‍ സിംഹജിത്ത് പറയുന്നു. ""സമരക്കാരില്‍നിന്ന് ശര്‍മ്മിളയെ അകറ്റാന്‍, ഞങ്ങളെ തമ്മില്‍ തല്ലിക്കാന്‍ അധികൃതര്‍ ബോധപൂര്‍വ്വം നടത്തുന്ന കുത്സിതശ്രമത്തിന്റെ പുതിയ ഭാഷ്യമാണ് ശര്‍മ്മിളയുടെ പ്രണയം. ഇപ്പോള്‍ അവരുടെ ആയുധമാണ് ഡെസ്മണ്ട്. ഈ വിദ്വാന്‍ ഞങ്ങളെ വന്നു കണ്ടിരുന്നു. പന്ത്രണ്ടുവര്‍ഷം മുമ്പ് അസം റൈഫിള്‍സിലെ സൈനികര്‍ പത്തുപേരെ തീവ്രവാദികളെന്നു മുദ്രകുത്തി വെടിവച്ചിട്ട ഇടത്ത് ഒരു ആശ്രമം പണിയാം - അയാള്‍ നിര്‍ദ്ദേശിച്ചു. പണിക്കു വേണ്ട പണം അയാള്‍ കൊണ്ടുവരും; ആശ്രമം അയാള്‍ പണിയും; അയാള്‍ നടത്തും - ഞങ്ങള്‍ക്ക്, ഇവിടത്തുകാര്‍ക്ക്, ഇരകള്‍ക്ക് യാതൊരു പങ്കും ഉണ്ടാവില്ല. ഈ ആശയം സ്വാഭാവികമായും ഞങ്ങള്‍ തള്ളി. പിന്നെയാണ് ശര്‍മ്മിളയുമായി അടുക്കാനും അവളുടെ മനസ്സില്‍ സമരക്കാരോട് വെറുപ്പുണ്ടാക്കാനും അയാള്‍ ശ്രമം തുടങ്ങിയത്."" ""ഈ വര്‍ഷം ജനുവരിയില്‍ ഡെസ്മണ്ട് വന്നപ്പോള്‍ മെയ്ര പെയ്ബിയിലെ അമ്മമാര്‍ അയാളോട് പറഞ്ഞു: നിങ്ങള്‍ക്ക് ശര്‍മ്മിളയെ ഇഷ്ടമാണെങ്കില്‍ ഞങ്ങളോടൊപ്പം ചേരുക, സമരം ചെയ്യുക. പക്ഷെ അതിനയാള്‍ ഒരുക്കമല്ലായിരുന്നു. ശര്‍മ്മിളയെ വിവാഹം ചെയ്യും, രണ്ടും പേരും കൂടി നാട്ടിലേക്ക് പോകും (ബ്രിട്ടണിലേക്ക്) - ഇതായിരുന്നു, അയാളുടെ നിലപാട്. ഇതൊരു കെണിയായിരുന്നു. ഞങ്ങളുടെ സമരത്തിന്റെ നായികയായ ശര്‍മ്മിളയെ ഞങ്ങള്‍ വിട്ടുകൊടുക്കില്ല; അപ്പോള്‍ അയാള്‍ക്ക് ശര്‍മ്മിളയോടു പറയാം - ഇതാ കണ്ടോ? നീ സ്വന്തമെന്നു കരുതുന്നവര്‍ നിന്റെ മാനുഷികവികാരത്തിന്, ദൈവദത്തമായ പ്രേമത്തിന്, എതിരാണ്. ഇവരെയാണോ, നീ സഖാക്കളായി, സഹോദരങ്ങളായി കരുതുന്നത്? അതുതന്നെ സംഭവിച്ചു. ശര്‍മ്മിള അയാളെ വിശ്വസിച്ചതും സ്വാഭാവികം. അവള്‍ ഞങ്ങളോട് ആശയവിനിമയം നടത്തിയിട്ട് കുറേയായി; അധികൃതര്‍ ബോധപൂര്‍വ്വം അവസരം നിഷേധിക്കുകയായിരുന്നു. ഞങ്ങള്‍ക്കിടയില്‍ അങ്ങനെ തെറ്റിദ്ധാരണയുടെ ഒരു മതില്‍ തീര്‍ക്കാന്‍ ഭരണകൂടം ബോധപൂര്‍വ്വം നിയോഗിച്ച ഏജന്റാണ് ഡെസ്മണ്ട് എന്നേ കരുതാന്‍ നിര്‍വ്വാഹമുള്ളു."" (ഏതായാലും ആ ലക്ഷ്യം ഏതാണ്ട് നിറവേറിയതായിവേണം വിലയിരുത്താന്‍). ""ശര്‍മ്മിള വിവാഹിതയാകുന്നതിലും അവള്‍ ഒരമ്മയാകുന്നതിലുമൊക്കെ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളു. പക്ഷെ അത് നഗ്നമായ മനുഷ്യാവകാശധ്വംസനത്തിനും ഭരണകൂടത്തിന്റെ നരനായാട്ടിനും എതിരായുള്ള സമരത്തെ ബലികൊടുത്തു കൊണ്ടുവേണോ എന്നേ ഞങ്ങള്‍ ചോദിക്കുന്നുള്ളു."" ഒരു സമരനായിക എന്ന നിലയില്‍ ശര്‍മ്മിളയുടെ പ്രതിബദ്ധത, പ്രണയിനി എന്ന നിലയില്‍ അവളുടെ വ്യക്തിസ്വാതന്ത്ര്യം എന്നിവ ഒരു വശത്ത്: സമരമുന അടര്‍ത്തിമാറ്റി പ്രസ്ഥാനത്തെ ആകെ ദുര്‍ബ്ബലപ്പെടുത്താന്‍ ഭരണകൂടം പയറ്റുന്ന ചാണക്യതന്ത്രങ്ങള്‍ മറുവശത്ത്. ആ തന്ത്രങ്ങളുടെ വിജയം ഉറപ്പാക്കാന്‍ കെട്ടിയിറക്കപ്പെട്ട ഡെസി എന്ന ഡെസ്മണ്ടിന്റെ ചടുലനീക്കങ്ങള്‍ ചെറുക്കാനാവാതെ പകച്ചുനില്‍ക്കുകയാണ് സിംഹജിത്തും സഖാക്കളും.

പോരാളിയെ വിഗ്രഹമാക്കി അതിനെ മുന്‍നിര്‍ത്തി അവനെ/അവളെ ആഗിരണം ചെയ്യുക, അതുവഴി പോരാട്ടത്തെത്തന്നെ റദ്ദാക്കുക എന്ന യുദ്ധമുറയുടെ ഇരയാവുകയാണ് ഇറോം ചാനു ശര്‍മ്മിള. അങ്ങനെ ദേവതാരാവലിയിലേക്ക് വലിച്ചറിയപ്പെടും മുമ്പ് ശര്‍മ്മിളയെന്ന സമരനായികയെയും സ്ത്രീയെയും വീണ്ടെടുക്കേണ്ടതുണ്ട്. ഇംഫാലില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വിമാനം കയറുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍ ശര്‍മ്മിളയുടെ ദുരവസ്ഥയ്ക്കും സിംഹജിത്തിന്റെ നിസ്സഹായതയ്ക്കും അധികൃതരുടെ കുടിലതയ്ക്കും മേലെ ഉയര്‍ന്നു നിന്നത് യുണൈറ്റഡ് നാഗ കൗണ്‍സില്‍ വക്താവിന്റെ വാക്കുകളാണ്: ""ശര്‍മ്മിളയോ? ആരാണവള്‍? അവള്‍ ഞങ്ങളുടെ പോരാട്ടത്തെ പ്രതിനിധാനം ചെയ്യുന്നില്ല."" അതോടെ ശര്‍മ്മിളയും അവരുടെ പ്രണയവും തീര്‍ത്തും ഏകാന്തമായിരിക്കുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിയുകയാണ്.

രാഷ്ട്രീയവും വംശീയവും സാമ്പത്തികവും സാംസ്ക്കാരികവുമായ മാനങ്ങളുള്ള മണിപ്പൂര്‍ പ്രശ്നത്തിനു നടുവില്‍ ശര്‍മ്മിള രണ്ട് പോരാട്ടങ്ങള്‍ ഒരേസമയം നടത്തുകയാണ്: ഒന്ന്, തന്റെ ജനതയ്ക്കുവേണ്ടി; മറ്റൊന്ന്, തന്റെ പ്രണയത്തിനുവേണ്ടി. ഒരു പ്രക്ഷോഭകാരിയുടെ സാമൂഹിക പ്രതിബദ്ധതയും വ്യക്തിസ്വാതന്ത്ര്യവും ഇവിടെ ഇടഞ്ഞു നില്‍ക്കുകയാണ്. ഈ ഇടച്ചില്‍ ഭരണകൂടം ഭംഗിയായി ദുരുപയോഗം ചെയ്യുകയാണ്. ശര്‍മ്മിളയെ, അവരുടെ സാമൂഹികവും വ്യക്തിപരവുമായ പോരാട്ടങ്ങളെ മനുഷ്യസമൂഹത്തിന്റെയാകെ ചാലകശക്തിയുടെ പശ്ചാത്തലത്തില്‍ വച്ച് വിശകലനം ചെയ്യുക എന്നാല്‍ ഇടതുപക്ഷം ഇന്ന് അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ നിര്‍ദ്ധാരണം ചെയ്യുക എന്നാണര്‍ത്ഥം.

*
കെ രമ, പി കെ ശിവദാസ് ദേശാഭിമാനി 04 ജനുവരി 2013

1 comment:

kovalam said...

Wish to include this interview on my new Book named "IRULILE VELICHAM IROM SHARMILA".

Jagadeesh Kovalam
Email: jagadeeshkovalam@gmail.com
Mob: 9567097833