Thursday, January 17, 2013

ഇത് ചെകുത്താന്റെ രക്തം

കേരളം മദ്യപാനികളുടെ സ്വന്തം നാടായി മാറുകയാണോ? മദ്യഷോപ്പുകള്‍ക്കു മുന്നില്‍ അനുസരണയോടെ കാത്തുനില്‍ക്കുന്ന മലയാളികളെ കാണുമ്പോള്‍ മനസ്സിലുയരുന്ന ചോദ്യമാണിത്. ഇന്ത്യയില്‍ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നവരുടെ നാടായി സാക്ഷരകേരളം മാറുകയാണ്. ദേശീയതലത്തില്‍ ശരാശരി ആളോഹരി മദ്യപാനത്തിന്റെ ഉപഭോഗം 4 ലിറ്ററാണെങ്കില്‍ നമ്മുടേത് 8.3 ലിറ്ററാണ്. ശരാശരി മലയാളിആഘോഷങ്ങളുടെ മറവില്‍ മദ്യപാനത്തിന് ന്യായീകരണം കണ്ടെത്തുന്നു. ഉത്സവദിനങ്ങളില്‍ മതിയാവോളം മദ്യം നുകരാന്‍ മലയാളി തയ്യാറാവുന്നു. കേരളത്തില്‍ 47 ലക്ഷം പേര്‍ മദ്യപിക്കുന്നു. അതില്‍ 17 ലക്ഷം പേര്‍ ദിവസേന മദ്യപിക്കുന്നു. യുവാക്കളില്‍ 60 ശതമാനം പേര്‍ മദ്യപാനശീലമുള്ളവരാണെന്നും, കേരള ജനസംഖ്യയില്‍ ഏതാണ്ട് 17.2 ശതമാനം മദ്യ ഉപഭോക്താക്കളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
കേരളത്തില്‍ 21 നും 40 നുമിടയില്‍ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ മദ്യപാനശീലം കണ്ടുവരുന്നത്. മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലിരട്ടി വര്‍ധനയുണ്ടായിട്ടുണ്ട്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരില്‍ 34 ശതമാനവും ജോലിക്ക് ഹാജരാകാത്തവരില്‍ 40 ശതമാനവും മദ്യപാനികളാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ 8 ലക്ഷം കരള്‍രോഗ ബാധിതരുണ്ട്. മദ്യാസക്തി കേരളത്തെ വിഴുങ്ങുന്ന പ്രശ്നമായിത്തീരുന്നു. വിവാഹം, പിറന്നാള്‍, മരണം, റിട്ടയര്‍മെന്റ് തുടങ്ങിയ വേളകളില്‍ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒരിനമായി മാറുന്നു. നാലുചെറുപ്പക്കാര്‍ കൂടിച്ചേരുന്ന ഇടങ്ങളില്‍ പരസ്പരം പങ്കുവയ്ക്കുന്ന ചര്‍ച്ചകളില്‍ പ്രാമുഖ്യം മദ്യപിക്കാനാവശ്യമായ സൗകര്യങ്ങള്‍ എങ്ങനെ ഒരുക്കാമെന്നായിരിക്കും. എത്ര അപകടകരമായ അവസ്ഥയിലേക്കാണ് കേരളം നടന്നുനീങ്ങുന്നത്. പുതിയകാലം മനുഷ്യനെ ആഘോഷങ്ങളിലേക്കാനയിച്ച് സംഘബോധത്തെ തകര്‍ത്ത് കേവലം കൃത്രിമമായൊരു സങ്കല്‍പ ലോകത്തിന്റെ ആനന്ദത്തിലേക്ക് നയിക്കുന്നു.

ഇന്നലെകളില്‍ ഗ്രാമീണ കേന്ദ്രീകൃതമായ കൂട്ടായ്മകളില്‍ രൂപംകൊണ്ടിരുന്ന അനീതികള്‍ക്കെതിരായ ചര്‍ച്ചയുടെയും പോരാട്ടങ്ങളുടേയും സ്ഥാനത്ത് ക്ഷണികമായൊരു ആനന്ദത്തിന്റെ മായാലോകത്തേക്ക് യുവത്വത്തെ നയിക്കാന്‍ കഴിയുന്ന പ്രചാരണത്തിന്റെ ലോകം സൃഷ്ടിക്കുന്നു. ജീവിതത്തെ വല്ലാത്ത ദുരിതങ്ങളിലേക്ക് നയിക്കുന്ന നയങ്ങള്‍ക്കെതിരെ നാവും ചിന്തയും ഉയരാതിരിക്കാനാവശ്യമായ ആശയപരിസര രൂപീകരണത്തിന് പ്രതിലോമശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. യുവാക്കളെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുത്താനായാല്‍ അധികാരവര്‍ഗങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരാനിടയുള്ള പ്രതിഷേധങ്ങളെ പ്രതിരോധിക്കാനാവുമെന്ന ചിന്തയില്‍നിന്നാണ് വൈകിട്ടെന്താ പരിപാടി എന്ന വാക്കുകള്‍ രൂപപ്പെടുത്തുന്നത്. ദുരിതങ്ങളുടെ യഥാര്‍ഥകാരണങ്ങള്‍ അന്വേഷിക്കാതെ മദ്യത്തില്‍ അഭയംതേടുന്ന ദരിദ്രരും, ഇന്നത്തെ പുതുതലമുറ ഐ ടി കോര്‍പറേഷന്‍ കമ്പനികളുടെ വിഐപി ഒത്തുചേരലുകളിലെ പൊങ്ങച്ചങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനാവാതെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മദ്യത്തിന്റെ രുചിയറിഞ്ഞ് പിന്നീട് അതിന് കീഴ്പ്പെടുകയും ചെയ്യുന്ന യൗവനവും, സായാഹ്ന ഒത്തുചേരലുകളുടെ ആനന്ദങ്ങളില്‍നിന്നും ആരംഭിച്ച് മദ്യപിക്കാന്‍ പണമില്ലാതെ മോഷണത്തിലേക്കും മാഫിയയിലേക്കും നടന്നുനീങ്ങുന്നവരുമെല്ലാം ചേര്‍ന്ന് കേരളത്തെ മദ്യപാനികളുടെ സ്വന്തം നാടാക്കി മാറ്റുന്നു. ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണവും സ്വയം മദ്യപാനത്തില്‍ നിന്നൊഴിവായി നില്‍ക്കാനുള്ള പ്രതിജ്ഞയും നാം കൈക്കൊള്ളണം. ഇന്ന് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ ഇരകളായി വിദ്യാര്‍ഥികളും മാറുന്നു. രാഷ്ട്രീയത്തെ നിരോധിക്കുന്നതിലൂടെ കലാലയത്തെ സംശുദ്ധീകരിക്കാനാവുമെന്ന് പ്രചരിപ്പിച്ചവര്‍ക്ക് എന്ത് ഉത്തരമാണിനി നല്‍കാനുള്ളത്? ക്യാമ്പസുകളില്‍നിന്ന് രാഷ്ട്രീയത്തെ പടിയിറക്കിയതിനു പിന്നിലെ രാഷ്ട്രീയം അന്നുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. കമ്പോളവ്യവസ്ഥയില്‍ അറിവും ചരക്കാക്കാനുള്ള മൂലധനശക്തികളുടെ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളെ തകര്‍ക്കുക എന്ന ലക്ഷ്യമായിരുന്നുവെന്ന യാഥാര്‍ഥ്യം ഇന്ന് നാം തിരിച്ചറിഞ്ഞു.

സര്‍ഗാത്മകമായ ഇടപെടലുകളിലൂടെ പുത്തന്‍ കലാലയ സംസ്കാരത്തിലേക്ക് ക്യാമ്പസുകളെ നയിച്ച ചൈതന്യവത്തായ വിദ്യാര്‍ഥി സംഘടനകളുടെ ശൂന്യതയില്‍ വര്‍ഗീയതയും അധമചിന്താധാരകളുമാണ് കടന്നുവന്നത്. പുതിയ സാംസ്കാരിക പരിസരം നിര്‍മിക്കുന്ന വ്യാമോഹങ്ങളില്‍ കുടുങ്ങി ഭാവിജീവിതത്തെക്കുറിച്ച് ഗൗരവകരമായ അന്വേഷണങ്ങളില്ലാതെ ഇന്നിനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന തലമുറ, അടിച്ചുപൊളിക്കാനുള്ളതാണ് ജീവിതം എന്നു വ്യാഖ്യാനിക്കുന്നു. മദ്യവും മയക്കുമരുന്നും അവര്‍ക്ക് സുഹൃത്തുക്കളായി. വിദ്യാര്‍ഥിനികളിലും മദ്യപാനശീലം വര്‍ധിക്കുന്ന റിപ്പോര്‍ട്ട് കേരളത്തിലെ മുഖ്യധാരാ മാഗസിനുകള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായി മദ്യപിക്കാനുള്ള സൗകര്യങ്ങള്‍ നഗരകേന്ദ്രീകൃതമായി വളര്‍ന്നുവരുന്നു. കേരളീയര്‍ അരി വാങ്ങുന്നതിനേക്കാള്‍ മൂന്നിരട്ടി പണം മദ്യം വാങ്ങാന്‍ ചെലവഴിക്കുന്നു. മുന്‍പ്രസിഡന്റ് പ്രതിഭാപാട്ടീല്‍ അഭിഭാഷികമാരുടെ ദേശീയസമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കേരളത്തില്‍ 88 ശതമാനം സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നേടാനായത് അഭിമാനകരമാണെന്നും പക്ഷേ ആ നാട്ടില്‍ മദ്യപാനവും അതില്‍നിന്നുണ്ടാകുന്ന സ്ത്രീപീഡനവും തന്നെ അമ്പരപ്പെടുത്തുന്നുവെന്നും അഭിപ്രായപ്പെട്ടു. ഈ വിപത്തിനെതിരെ സാമൂഹ്യമനഃസാക്ഷിയെ സംസ്കരിക്കാന്‍ സ്ത്രീകളും യുവാക്കളും രംഗത്തിറങ്ങണമെന്ന് പ്രതിഭാ പാട്ടീല്‍ ആഹ്വാനവും നല്‍കി. മനുഷ്യവര്‍ഗത്തിനുമേല്‍ പതിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപമാണ് മദ്യപാനമെന്ന മഹാത്മാഗാന്ധിയുടെ ആഹ്വാനവും ജലരേഖയാകുന്നു.

മദ്യപാനത്തിന് പ്രോത്സാഹനം നല്‍കുന്ന ചില രംഗങ്ങള്‍ സിനിമയിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നു. പഴയ സിനിമകളില്‍ വില്ലന്മാര്‍ മാത്രമാണ് മദ്യം ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് നായകന്മാര്‍ മദ്യം രുചിക്കുന്ന രംഗം ആരാധകരില്‍ ഹരം പകരുന്നു. ഛോട്ടാമുംബൈയില്‍ പെണ്ണുകാണാന്‍ പോകുന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഭാവി അമ്മായിയപ്പനുമായി മദ്യപിക്കുന്നതും, ജോണിവാക്കറില്‍ മമ്മൂട്ടിയുടെ കഥാപാത്രം മയക്കുമരുന്ന് മാഫിയക്കെതിരെ പോരാടുന്നതിനിടയില്‍ മദ്യം നുകരുന്നതും ആരാധകരില്‍ അനുകരണശീലം വളര്‍ത്താനിടയുണ്ട്. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം എന്നീ സിനിമകളിലെ നായകന്റെ മദ്യത്തോടുളള അഭിനിവേശം ആരാധകരില്‍ മദ്യാസക്തി വര്‍ധിപ്പിക്കാനുപകരിക്കുന്ന ആശയമാണ് ഉല്‍പാദിപ്പിക്കുന്നത്. രഞ്ജിത്തിന്റെ സ്പിരിറ്റ് എന്ന ചിത്രം ഇതില്‍നിന്നൊരു പിന്മാറ്റത്തിന്റെ സന്ദേശമാണ് നല്‍കിയെന്നത് അഭിനന്ദനാര്‍ഹമാണ്. രാസപരമായി കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയുടെ സംയുക്തമായ എഥനോള്‍ അഥവാ ഈഥൈന്‍ ആല്‍ക്കഹോള്‍ ആണ് മദ്യത്തിലെ അടിസ്ഥാന ഘടകം ഇതില്‍ വിഷാംശം ഉണ്ടെങ്കിലും വളരെ വേഗം മാരകമാവുകയില്ല. എന്നാല്‍ ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് കൂടുന്നതനുസരിച്ചും ഉപയോഗിക്കുന്നതിന്റെ കാലദൈര്‍ഘ്യം അനുസരിച്ചും അപകടാവസ്ഥയിലെത്തിച്ചേരും.

ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍ കൂടുന്തോറും ലഹരി വര്‍ധിക്കും. രക്തത്തില്‍ മദ്യത്തിന്റെ തോത് അളക്കുന്നത് ലിറ്ററില്‍ ഇത്ര മില്ലിഗ്രാം എന്ന തോതിലാണ്. ഇത് (BAC BLOOD ALCAHOL CONCENTRATION) ലിറ്ററിന് 1000 മില്ലിഗ്രാം ആവുമ്പോള്‍ സംസാരം കൂടും. നിയന്ത്രണം വിട്ട് ഉച്ചത്തില്‍ സംസാരിക്കും. അതിരുകള്‍ ലംഘിച്ച് തുടങ്ങും. 2000 - 3000 മില്ലിഗ്രാം ആവുമ്പോള്‍ കൈകാലുകള്‍ വിറയ്ക്കും. ദേഹമാകെ തളരും, ബോധം നഷ്ടപ്പെടും. 4000 - 7000 മില്ലിഗ്രാമായാല്‍ മരണം സംഭവിക്കാം. ആല്‍ക്കഹോളിന്റെ ഓക്സീകരണം നടക്കുന്നത് കരളിലായതിനാല്‍ അമിതമായ മദ്യപാനം കരളിന്റെ പ്രവര്‍ത്തനത്തിന് സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. കരള്‍വീക്കം, മഞ്ഞപ്പിത്തം, സിറോസിസ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്നു. കരള്‍ ദ്രവിച്ച് ഇല്ലാതാവുന്ന പ്രക്രിയയാണ് സിറോസിസ്. അമിതമദ്യപാനം, ഹൃദയാഘാതം, രക്തസമ്മര്‍ദം എന്നിവയ്ക്കും ക്യാന്‍സറിനും വൃക്കകള്‍ തകരാറിലാവുന്നതിനും കാരണമാവുന്നു. രോഗപ്രതിരോധശക്തി കുറയുന്നതുകൊണ്ട് മറ്റ് രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുന്നു. 1956 ലോകാരോഗ്യസംഘടന മദ്യാസക്തി ഒരു രോഗമായി പ്രഖ്യാപിച്ചു. ലഹരിപിടിപ്പിക്കുന്ന ഏതുതരം പാനീയവും ദോഷകരമായ അളവില്‍ കുടിക്കുന്ന ശീലത്തെ മദ്യാസക്തിയെന്നു പറയാം. നിയന്ത്രണംവിട്ട കുടിയും മദ്യത്തോടുള്ള മാനസികവും ശാരീരികവുമായ ആശ്രയത്വവും മദ്യാസക്തിയുടെ ലക്ഷണമാണ്. ഇടപെടുന്നവരോട് അപമര്യാദയായി പെരുമാറുന്നതിനാല്‍ മദ്യപന്മാരുടെ സാമൂഹ്യബന്ധങ്ങള്‍ തകരുന്നു. കുടുംബപരമായി ഇതിന്റെ ദുരന്തമനുഭവിക്കേണ്ടിവരുന്നത് ഭാര്യയും മാതാപിതാക്കളും കുട്ടികളുമാണ്. അമ്മമാരും കുഞ്ഞുങ്ങളും വഴിയാധാരമാകുന്നു. ബന്ധങ്ങള്‍ ഉലയുന്നു. സാമ്പത്തികഭദ്രത തകരുന്നു. കുടുംബ ബജറ്റിന്റെ 3 മുതല്‍ 45 ശതമാനം വരെ മദ്യപാനത്തിനുവേണ്ടി ചെലവഴിക്കുന്നു.

സ്ത്രീകളാണ് ഏറ്റവുമധികം പീഡനമനുഭവിക്കേണ്ടിവരുന്നത്. ശാരീരികവും മാനസികവും, വൈകാരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്ന സ്ത്രീസഹനത്തിന്റെ ആള്‍രൂപമാണ് മദ്യപാനി യുടെ ഭാര്യ. മദ്യപാനത്തിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. യൗവനത്തില്‍ സുഹൃത്തിന്റെ പ്രേരണ, അമിതമായ പണത്തിന്റെ ലഭ്യത, പുതുതലമുറ തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമായി വരുന്ന കൂടിച്ചേരലുകള്‍, തൊഴിലില്ലായ്മ, പ്രേമപരാജയം, കുടുംബപരമായ സംഘര്‍ഷങ്ങള്‍, സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയാണ് പ്രധാനകാരണങ്ങള്‍. ലഹരിവസ്തുക്കളുടെ വര്‍ധിച്ചുവരുന്ന ഉപഭോഗം നാടിന്റെ പ്രതീക്ഷയ്ക്കുമേല്‍ ഇരുള്‍ പരത്തുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇവയുടെ കെണിയില്‍ തകരുന്നത്.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ക്ക് ഊര്‍ജം പകരുന്നത് മദ്യമാണ്. മദ്യാസക്തി ശരീരത്തെയും കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന മാരകമായ രോഗമാണ്. ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മദ്യാസക്തിക്കെതിരെ നിരന്തരമായ ബോധവല്‍ക്കരണത്തിന് കേരളീയസമൂഹം മുന്നോട്ടിറങ്ങണം. ആഘോഷവേളകളില്‍ മദ്യം വിളമ്പാതിരിക്കാനുള്ള നിര്‍ബന്ധബുദ്ധി മലയാളി സ്വീകരിക്കണം. ചൂഷണത്തിന്റെ മുഖം മറയ്ക്കാന്‍, ജനതയെ മയക്കി വഴിതിരിച്ചുവിടാനുള്ള പ്രചാരണങ്ങളെ തിരിച്ചറിഞ്ഞ് നാടിനെ സംരക്ഷിക്കാന്‍, സമൂഹമനസാക്ഷി ഉണരണം. വിദ്യാഭ്യാസം-ആരോഗ്യം-ജീവിത നിലവാരം എന്നീ മേഖലകളില്‍ ലോക ഭൂപടത്തില്‍ ശ്രദ്ധേയമായ കേരളം മദ്യപാനികളുടെ സ്വന്തം നാടായി മാറാതിരിക്കാന്‍ മദ്യാസക്തിക്കെതിരായ മാനവജാഗ്രതയില്‍ നമുക്കും അണിചേരാം.

*
എ ജി ഉദയകുമാര്‍ 

മദ്യാസക്തി കുറക്കാനുള്ള വഴികള്‍

മദ്യവിപത്തിനെപ്പറ്റി ഈയിടെ ധാരാളമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആനുകാലികങ്ങളിലും ഇതു സംബന്ധിച്ച് ഇടക്കിടെ ലേഖനങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്നു. അവയിലൂടെ മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങളെ പൊതുവില്‍ അംഗീകരിക്കുന്നതോടൊപ്പം കൂട്ടിച്ചേര്‍ത്ത് ചര്‍ച്ചചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഏതാനും നിര്‍ദേശങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയാണ്. മദ്യം ലഭിക്കാത്ത, മദ്യം ആരും ഉപയോഗിക്കാത്ത അവസ്ഥ തന്നെയാണ് നാം വിഭാവനം ചെയ്യുന്നത്. എന്നാല്‍, മദ്യ നിരോധനം വച്ചു കാര്യങ്ങള്‍ തുടങ്ങുക ഇന്നത്തെ അവസ്ഥയില്‍ പ്രയാസമാണ്. അതിനാല്‍ ശക്തമായ ബോധവല്‍ക്കരണം, നിയമനിര്‍മാണം, നിയമം നടപ്പാക്കല്‍, സാമൂഹ്യ ഇടപെടല്‍, പ്രാദേശിക ഭരണ സമിതികളുടെ നേതൃത്വം എന്നിവ വഴി ഇക്കാര്യം കുറെയൊക്കെ സാധ്യമാകും. അതിന് സഹായകമെന്നോണം നടപ്പാക്കാന്‍ കഴിയുന്ന പത്ത് നിര്‍ദേശങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുകയാണ്.

1. മദ്യം ആവശ്യമുളളവര്‍ക്ക് ബീവറേജസ് ഡിപ്പൊ വഴി നിശ്ചിത അളവില്‍ ലഭ്യമാക്കുന്നതിനുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡ് സമ്പ്രദായത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഈ കാര്‍ഡ് സമ്പ്രദായത്തിന് ചില നിബന്ധനകള്‍ അനിവാര്യമാണ്. $ കാര്‍ഡില്‍ ഫോട്ടോ പതിച്ചിരിക്കണം $ കാര്‍ഡുടമസ്ഥന് നേരിട്ട് മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളൂ $ ഒരാഴ്ച വാങ്ങാവുന്ന മദ്യം ഇത്രയെന്ന് നിജപ്പെടുത്തിയിരിക്കണം $ ഇത്തരം കാര്‍ഡുകള്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കാന്‍ പാടില്ല $ 21 വയസ്സ് തികയാത്തവര്‍ക്ക് കാര്‍ഡ് അനുവദിക്കരുത് $ കാര്‍ഡുടമസ്ഥര്‍ അത് കൈമാറ്റം ചെയ്യാനോ മറ്റൊരാള്‍ മുഖേന മദ്യം വാങ്ങിപ്പിക്കാനോ അനുവദിക്കരുത്. 2. തെങ്ങിന്റെ ഉടമകള്‍ക്ക് സ്വന്തമായോ, സഹകരണാടിസ്ഥാനത്തിലോ നീര ചെത്താനും ഉപയോഗിക്കാനും വില്‍ക്കാനും സഹായകമാംവിധം നിലവിലുളള അബ്ക്കാരി നിയമത്തില്‍ മാറ്റം വരുത്തണം. നീര ഉല്‍പ്പാദനത്തെ എതിര്‍ക്കുന്ന നിലപാട് മാറണം.

3. ഇന്നു നിലവിലുള്ള ഷാപ്പുകളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള നടപടിയല്ലാതെ, പുതുതായി ഒരു ഷാപ്പുപോലും കേരളത്തില്‍ അനുവദിക്കുകയില്ലെന്നുറപ്പാക്കണം. മദ്യത്തിന്റെ ഗുണനിലവാരം, വീര്യം, മദ്യഷാപ്പിന് നിയമങ്ങള്‍ കര്‍ശനമാക്കല്‍, മദ്യഷാപ്പിന്റെ പ്രവര്‍ത്തനരീതി, വേണ്ടിവന്നാല്‍ ശിക്ഷാനടപടി കൈക്കൊള്ളാനുള്ള അധികാരം എന്നിവയൊക്കെ പ്രാദേശിക ഭരണസമിതികള്‍ക്കായിരിക്കണം. $ മദ്യവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പ്രാദേശിക ഭരണസമിതികളെ വന്‍തോതില്‍ സഹായിക്കുന്ന സന്നദ്ധസംഘടനകള്‍, മദ്യവിരുദ്ധ പ്രവര്‍ത്തകര്‍, പൊലീസ് എന്നിവരടങ്ങിയ കര്‍മസമിതിയെ ഇതിനായി നിയോഗിക്കാന്‍ കഴിയണം. പ്ലാന്‍ ഫണ്ടിന്റെ 4-5 ശതമാനം തുകയെങ്കിലും മദ്യവിരുദ്ധപ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കാന്‍ പ്രാദേശിക ഭരണ സമിതികള്‍ക്ക് അധികാരം നല്‍കണം. $ ഗ്രാമസഭയിലെ ഒരു അജന്‍ഡയായി പ്രാദേശിക മദ്യവില്‍പ്പന, ഉപയോഗം, മദ്യപന്മാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍, കള്ളവാറ്റ് പ്രശ്നം എന്നിവ മാറണം. കള്ളവാറ്റ് കര്‍ശനമായി തടയാന്‍ കഴിയണം. ഏതെങ്കിലും പ്രദേശത്ത് കള്ളവാറ്റ് നടക്കുന്നത് കണ്ടെത്തിയാല്‍ അവിടുത്തെ നിവാസികളില്‍നിന്നും കൂട്ടപ്പിഴ ഈടാക്കാന്‍ നടപടി വേണം. കള്ളവാറ്റുകാരെ ഒറ്റപ്പെടുത്താന്‍ കോളനികളിലും മറ്റും ഇതര താമസക്കാര്‍ സഹായിക്കണം.

4. മദ്യപാനം നിര്‍ത്തണമെന്നാഗ്രഹിക്കുന്ന ഒരാളെ സഹായിക്കാനുള്ള സാമുഹ്യസംവിധാനങ്ങളുണ്ടാവണം. മദ്യാസക്തി ഒഴിവാക്കാനുള്ള കൗണ്‍സലിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുകയും Alcoholic Anonymous പോലുള്ള സംഘടനകളുടെ സഹായം വ്യാപകമായി ഉപയോഗിക്കാനും കഴിയണം.

5. മദ്യത്തിന്റെ അപകടവും പ്രത്യാഘാതങ്ങളും സ്കൂള്‍ - കോളേജ് സിലബസ്സിന്റെ ഭാഗമാക്കണം. കുട്ടികളെ ലക്ഷ്യമാക്കി പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടക്കണം. സിലബസ്സില്‍ ഘട്ടംഘട്ടമായി എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ കഴിയണം. ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക മദ്യവിരുദ്ധ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണം. സ്ത്രീകളുടെ ഇടയിലും ആദിവാസി ജനങ്ങള്‍ക്കിടയില്‍ കോളനികള്‍ കേന്ദ്രീകരിച്ചും മദ്യത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യണം. സ്ത്രീകളുടെ മാത്രം മദ്യവിരുദ്ധ കൂട്ടായ്മകള്‍ ഉണ്ടാവണം.

6. ജോലി സമയത്ത് മദ്യം കഴിക്കുന്ന ഏത് ജീവനക്കാരനേയും തൊഴിലാളികളേയും ശിക്ഷിക്കാന്‍ നടപടികള്‍ ഉണ്ടാവണം. പൊതുസ്ഥലങ്ങളില്‍ മദ്യത്തിന്റെ പരസ്യം ഒഴിവാക്കണം. ടി വി, സിനിമ, പോസ്റ്ററുകള്‍ എന്നിവയില്‍ മദ്യം ഉപയോഗിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണം.

7. രാത്രിയില്‍ വാഹനം ഓടിക്കുന്നവരുടെ നിശ്വാസവായു പരിശോധന കര്‍ശനമാക്കണം. പരിശോധനയില്‍ മദ്യപരെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യണം; കനത്ത പിഴ ഈടാക്കണം. ഇതിന് സഹായകമായ രീതിയില്‍ പൊലീസ്, എക്സൈസ് വകുപ്പിന് പുതിയ അധികാരങ്ങള്‍ നല്‍കണം. പൊതുസ്ഥലങ്ങളില്‍ മദ്യപാനം പാടില്ലെന്ന നിയമം നടപ്പാക്കാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കണം.

8. മദ്യം സംബന്ധിച്ച് പ്രാദേശികമായി ഉണ്ടാകുന്ന കേസ്സുകളില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ കക്ഷിചേരണം. മദ്യ കോണ്‍ട്രാക്ടര്‍, വ്യാജമദ്യദുരന്തം കേസ്സുകളിലൊക്കെ സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുക്കാറാണ് പതിവ്. അതിനാല്‍, കേസ്സ് നടത്തിപ്പില്‍ ഇടപെടണം.

9. മദ്യവ്യവസായത്തില്‍നിന്നുള്ള തൊഴിലും വരുമാനവും പ്രധാനമാണ്. എങ്കിലും മദ്യത്തെ മാത്രം ആശ്രയിച്ചുള്ള തൊഴില്‍ കുറച്ചു കൊണ്ടുവരികയും മദ്യവ്യവസായതൊഴിലാളികളെ മറ്റ് രംഗങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കുകയും വേണം.

10. മദ്യവിപത്തുകള്‍ മൂലം ആസ്പത്രി, പൊലീസ്, ജയില്‍, ഇന്‍ഷൂറന്‍സ്, തൊഴില്‍ നഷ്ടം, നഷ്ടപരിഹാരം എന്നീ നിലയിലെല്ലാം സര്‍ക്കാരിന് വന്‍ തുക ചെലവാക്കേണ്ടിവരുന്നു. ജനങ്ങള്‍ മദ്യത്തിന് ചെലവാക്കുന്ന പണംകൊണ്ട് മറ്റ് വസ്തുക്കള്‍ വാങ്ങിയാല്‍ സര്‍ക്കാരിലേയ്ക്ക് വില്‍പ്പനികുതിയും ലഭിക്കും. ഇവയെല്ലാം ചേര്‍ത്തുവച്ച് പരിശോധിച്ചാല്‍ മദ്യത്തില്‍നിന്നുള്ള യഥാര്‍ഥ വരുമാനം സര്‍ക്കാര്‍ ഇന്നവകാശപ്പെടുന്നത്രയും ലഭിക്കാറുണ്ടോ എന്ന കാര്യം കൂടുതല്‍ വിശദമായി പഠിക്കേണ്ടതാണ്.

മദ്യത്തിന്റെ എല്ലാതരത്തിലുമുള്ള ഇടപെടലും സ്വാധീനവും ഇല്ലാതാക്കണമെന്നാണ് ആത്യന്തിക ലക്ഷ്യമെങ്കിലും സമ്പൂര്‍ണ മദ്യനിരോധനത്തിന് ചില അപ്രായോഗികതകളുള്ളതിനാല്‍ അമിത മദ്യപാനവും അതുണ്ടാക്കുന്ന സാമൂഹ്യവും കുടുംബപരവും, ആരോഗ്യപരവുമായ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രഥമ പരിഗണന കിട്ടണം. ഒരാള്‍പോലും മദ്യത്തിന് അടിമപ്പെടുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ഔദ്യോഗിക സംവിധാനങ്ങള്‍ വഴിമാത്രം മദ്യപാനം ഒഴിവാക്കാന്‍ കഴിയില്ല. സമൂഹത്തിന്റെ പൊതു പിന്തുണ, പൗരസമൂഹത്തിന്റെ ഇടപെടല്‍ എന്നിവയൊക്കെ ഉണ്ടായേ മതിയാവൂ. ഈ പ്രവര്‍ത്തനങ്ങളുടെ സാമൂഹ്യനേട്ടങ്ങള്‍ അത്രയും പ്രധാനമാണ്. മദ്യപാനം നിയന്ത്രിക്കുക വഴി മറ്റ് ഒട്ടേറെ പരോക്ഷനേട്ടങ്ങള്‍ സമൂഹത്തിന് കൈവരിക്കാന്‍ കഴിയും. മദ്യപാനികള്‍ വഴി ഉണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളും കുറയും. അതുവഴി സര്‍ക്കാരിനുണ്ടാകുന്ന ചെലവും കുറയ്ക്കാം.
(ടി പി കുഞ്ഞിക്കണ്ണന്‍)
ദേശാഭിമാനി വാരിക 04 ജനുവരി 2013

No comments: