Friday, January 25, 2013

ഷാവേസിന്റെ രോഗവും മുതലാളിത്തവും

സോഷ്യലിസം ചീത്തയാണെന്നും മുതലാളിത്തമാണ് നന്മദായകമെന്നും വിശ്വസിക്കുന്നവരില്‍ ചില ശുദ്ധഗതിക്കാരുമുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കെതിരായി നിരന്തരവും ആസൂത്രിതവുമായി നടക്കുന്ന പ്രചാരണമാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നത്. വാര്‍ത്താഏജന്‍സികളും പത്രങ്ങളും റേഡിയോയും ടെലിവിഷനും മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റും ചേര്‍ന്ന് ലോകമെങ്ങും വാര്‍ത്താപ്രവാഹംതന്നെ സൃഷ്ടിച്ചിരിക്കുന്നു. ഇവയില്‍നിന്ന് യാഥാര്‍ഥ്യം മനസ്സിലാക്കുന്നത് ദുഷ്കരമായി. മനുഷ്യബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം അതിഭീമമാണ് വാര്‍ത്തകളുടെ അനുസ്യൂതപ്രവാഹം. മാനുഷികമൂല്യങ്ങള്‍ ഈ പ്രവാഹത്തില്‍ തകര്‍ന്നടിയുന്നു. എല്ലാം കമ്പോളത്തിനുവേണ്ടി എന്ന മുതലാളിത്തസിദ്ധാന്തമാണ് ഇതിന് ഊര്‍ജം പകരുന്നത്.

വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് വീണ്ടും രോഗബാധിതനായ സാഹചര്യത്തില്‍ സാമ്രാജ്യത്വശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന പ്രചാരണം മുതലാളിത്തം എത്രമാത്രം മനുഷ്യത്വഹീനമായി പെരുമാറുമെന്ന് വ്യക്തമാക്കുന്നു. കൊടുംകുറ്റവാളികള്‍ക്കുപോലും രോഗപീഡയുടെ കാലത്ത് മാപ്പ് കൊടുക്കുകയെന്നതാണ് മനുഷ്യത്വം. എന്നാല്‍, ഒരു രാജ്യത്തിന്റെ പ്രിയങ്കരനായ നായകനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും അനുയായികളെയും ആക്രമിക്കാന്‍ സാമ്രാജ്യത്വത്തിന്റെ കളിപ്പാവകള്‍ നടത്തുന്ന ശ്രമം അവരുടെ തനിനിറം വെളിപ്പെടുത്തുന്നു. ഹ്യൂഗോ ഷാവേസ് ഈയിടെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ഭൂരിപക്ഷത്തിലാണ്. ക്യൂബയില്‍ അര്‍ബുദചികിത്സ കഴിഞ്ഞെത്തിയശേഷമാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഷാവേസിന്റെ ആരോഗ്യനില, അമേരിക്കന്‍പക്ഷക്കാരായ രാഷ്ട്രീയ എതിരാളികള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ വിഷയമാക്കിയിരുന്നു. എന്നാല്‍, ജനങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ തള്ളുകയായിരുന്നു. നാലാംവട്ടം പ്രസിഡന്റായി ജനുവരി 10ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഷാവേസിന് വീണ്ടും ചികിത്സ വേണ്ടിവന്നത്. ഇതിനായി, ക്യൂബയിലേക്ക് പോയ അദ്ദേഹം അവിടെ ആശുപത്രിയിലാണ്.

ഈ സാഹചര്യത്തിലാണ്, വെനസ്വേലന്‍ പ്രതിപക്ഷം എന്നറിയപ്പെടുന്ന വന്‍കിടമുതലാളിമാരുടെ പ്രതിനിധികള്‍ ലോകത്ത് കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ പ്രചാരണം ആരംഭിച്ചത്. ഷാവേസ് രോഗബാധിതനായതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അവരുടെ ആവശ്യം. തീരെ ലജ്ജയില്ലാതെയാണ് അവര്‍ ഈ വാദം ഉയര്‍ത്തുന്നത്. കാരണം, വിജയിച്ച നേതാവ് രോഗബാധിതനായതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ലോകത്ത് ഇന്നേവരെ ഒരിടത്തും ആവശ്യം ഉയര്‍ന്നിട്ടില്ല. വെനസ്വേലയില്‍ പരമ്പരാഗതമായി ജനുവരി 10ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ നടത്തിവരുന്നുവെന്നേയുള്ളൂ. ഇത് നിയമപരമായ വ്യവസ്ഥയൊന്നുമല്ലെന്ന് രാജ്യത്തെ ഭരണഘടനസ്ഥാപനങ്ങള്‍തന്നെ വ്യക്തമാക്കുകയും വൈസ് പ്രസിഡന്റ് നിക്കോളസ് മഡുറോ തല്‍ക്കാലികമായി ഭരണനേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. ഇനി ജനപിന്തുണയുടെ കാര്യം: ഷാവേസ് രോഗശയ്യയില്‍ കിടക്കവേതന്നെ ഏതാനും ദിവസംമുമ്പ് നടന്ന പ്രവിശ്യാ ഗവര്‍ണര്‍മാരുടെ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് സഖ്യം ചരിത്രവിജയം നേടി. പ്രതിപക്ഷ ഭരണത്തിലായിരുന്ന പ്രവിശ്യകള്‍പോലും ഷാവേസിന്റെ മുന്നണി പിടിച്ചെടുത്തു.

ജനപിന്തുണയില്‍ ഷാവേസ് സര്‍ക്കാര്‍ അജയ്യമാണെന്ന് ലോകത്തിനാകെ ബോധ്യമായിട്ടും അത് അംഗീകരിക്കാന്‍ വെനസ്വേലന്‍ പ്രതിപക്ഷം തയ്യാറല്ല. ഇക്കാര്യം അവര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടല്ല, വെനസ്വേലയുടെ എണ്ണസമ്പത്ത് കൊള്ളയടിച്ചുകൊണ്ടിരുന്ന ഈ ശക്തികള്‍ക്ക് സത്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഷാവേസ് എണ്ണക്കമ്പനികള്‍ ദേശസാല്‍ക്കരിക്കുകയും അമേരിക്കന്‍ പാവഭരണം അവസാനിപ്പിക്കുകയും ചെയ്തതാണ് ഇവരുടെ ശത്രുതയ്ക്ക് യഥാര്‍ഥകാരണം. ഷാവേസിന്റെ സഖ്യം 1998ല്‍ അധികാരത്തില്‍ വരുന്നതിനുമുമ്പ് വെനസ്വേലയുടെ എണ്ണസമ്പത്ത് മുഴുവന്‍ അമേരിക്കന്‍കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു. വെനസ്വേലന്‍ ജനതയില്‍ മഹാഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തലസ്ഥാനമായ കാരക്കാസിലെ പ്രമാണിമാര്‍മാത്രം അമേരിക്കന്‍പക്ഷത്തുനിന്ന് കീശ വീര്‍പ്പിച്ചു. ഇതിനെതിരായി ഷാവേസും കൂട്ടരും നടത്തിയ സൈനികവിപ്ലവം പരാജയപ്പെട്ടു. അദ്ദേഹം ജയിലിലുമായി. ജയില്‍മോചിതനായശേഷം 1998ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയത്. ജനങ്ങളുടെ പൂര്‍ണപിന്തുണയോടെ ഷാവേസ് ഭരണഘടന മാറ്റിയെഴുതി. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ ദേശസാല്‍ക്കരിച്ചു. ന്യായമായ വിലയില്‍ എണ്ണ കയറ്റുമതിചെയ്ത് അതില്‍നിന്നുള്ള പണമെടുത്ത് രാജ്യത്ത് വിദ്യാഭ്യാസ-ചികിത്സാ സൗകര്യങ്ങള്‍ സാര്‍വത്രികമാക്കി. അമേരിക്കയ്ക്ക് ചുളുവിലയ്ക്ക് എണ്ണ നല്‍കുന്നത് അവസാനിപ്പിച്ചു. ഇതോടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വിറളിപിടിച്ചു. സമ്പത്തുകൊണ്ടും ശക്തികൊണ്ടും ശത്രുക്കള്‍ ഷാവേസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. 2002 ഏപ്രിലില്‍ 11ന് ചേംബര്‍ ഓഫ് കൊമേഴ്സ് നേതാവ്, ഫാസിസ്റ്റായ കാര്‍മോണയുടെ നേതൃത്വത്തില്‍ അട്ടിമറി സംഘടിപ്പിച്ചു. ഷാവേസിനെ തട്ടിക്കൊണ്ടുപോയി. അവര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും കോടതികളെ നിശ്ചലമാക്കുകയും ചെയ്തു. ജനറല്‍ എഫ്രൈന്‍ വാസ്ക്വസ് വാലാസ്കോ സായുധസേനയുടെ സ്വയംപ്രഖ്യാപിത സര്‍വസൈന്യാധിപനായി. എന്നാല്‍, അട്ടിമറിക്ക് അധികം ആയുസ്സുണ്ടായില്ല. സൈന്യത്തില്‍ ബഹുഭൂരിപക്ഷവും ഷാവേസിന് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങള്‍ അട്ടിമറിക്കെതിരെ തെരുവിലിറങ്ങി. ഷാവേസിനെ ജയിലിലടച്ചശേഷം രാജിക്കത്ത് നല്‍കാന്‍ അട്ടിമറിക്കാര്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദം ചെലുത്തി. രാജ്യത്തിന്റെയും ഷാവേസ് അനുകൂലികളുടെയും പ്രതീക്ഷ തകര്‍ക്കാന്‍ അദ്ദേഹം രാജിവച്ചു എന്ന വ്യാജവാര്‍ത്ത ടെലിവിഷനിലൂടെ നിരന്തരം കാണിച്ചുകൊണ്ടിരുന്നു. ഏപ്രില്‍ 12ന് ഷാവേസിന് മകള്‍ മറിയം ഗബ്രിയേലുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചു. താന്‍ രാജിവച്ചിട്ടില്ലെന്ന് അദ്ദേഹം മകളോട് പറഞ്ഞു. ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോയെ വിളിച്ച് ഇക്കാര്യം പറയാനും അദ്ദേഹം ഇത് ലോകത്തെ അറിയിക്കുമെന്നും ഷാവേസ് മകളോട് പറഞ്ഞു. മറിയം അപ്പോള്‍ത്തന്നെ കാസ്ട്രോയെ വിളിച്ചു. പിതാവിന്റെ വാക്കുകള്‍ കൈമാറി. മറിയത്തിന്റെ ശബ്ദത്തില്‍ത്തന്നെ ഇത് ലോകത്തെ അറിയിക്കാന്‍ തയ്യാറാണോ എന്ന് കാസ്ട്രോ ആരാഞ്ഞു. പിതാവിനുവേണ്ടി എന്തിനും സന്നദ്ധയാണെന്ന് മറിയം പ്രതികരിച്ചു. കാസ്ട്രോ നിര്‍ദേശിച്ചതുപ്രകാരം ക്യൂബന്‍ ടെലിവിഷന്‍ അവതാരകന്‍ റാന്‍ഡി അലന്‍ഡോ കൈയില്‍ ടേപ്പ് റെക്കോഡുമായി മറിയത്തെ ഫോണില്‍ വിളിച്ചു. മറിയത്തിന്റെ വാക്കുകള്‍ ക്യൂബന്‍ ദേശീയ വാര്‍ത്താശൃംഖലവഴി സംപ്രേഷണംചെയ്തു. ക്യൂബയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അന്താരാഷ്ട്ര വാര്‍ത്താഏജന്‍സിക്കും ഇതിന്റെ പകര്‍പ്പ് നല്‍കി. ഷാവേസ് രാജിവച്ചിട്ടില്ലെന്ന് ബോധ്യമായതോടെ വെനസ്വേലന്‍ ജനത ആവേശഭരിതരായി. എന്നാല്‍, വേവലാതിപൂണ്ട അട്ടിമറിക്കാര്‍ ഷാവേസിനെ രാത്രി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ഇക്കാര്യവും മറിയത്തിന്റെ വാക്കുകളിലൂടെ ക്യൂബന്‍ ടെലിവിഷന്‍ ലോകത്തെ അറിയിച്ചു. തുടര്‍ന്ന് ഫിദല്‍ നടത്തിയ ബുദ്ധിപരമായ നീക്കങ്ങളും ചര്‍ച്ചകളുമാണ് ഷാവേസിന്റെ ജീവന്‍ രക്ഷിച്ചത്.

വെനസ്വേലന്‍ സായുധസേന ഭരണഘടനയോട് കൂറുള്ളവരാണെന്ന് വിവിധ സേനാധിപന്മാരുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് ഫിദലിന് ബോധ്യമായി. അന്താരാഷ്ട്ര സമൂഹത്തെയും ഫിദല്‍ ഇക്കാര്യം ബോധ്യപ്പെടുത്തി. കാരക്കാസില്‍ ജനസമുദ്രം തെരുവുകളിലൂടെ വിമതരുടെ ആസ്ഥാനങ്ങളിലേക്ക് നീങ്ങി. സംഘര്‍ഷവും ജീവഹാനിയും ഒഴിവാക്കാന്‍ ഫിദല്‍ വിമത നേതാവ് ജനറല്‍ വാസ്ക്വസ് വാലാസ്കോയെ വിളിച്ചു. ഷാവേസിനെ പിടിച്ചുവച്ചിരിക്കുന്നതിന്റെ ഗൗരവം ധരിപ്പിച്ചു. ഇത് വാസ്കോയെ അങ്ങേയറ്റം സമ്മര്‍ദത്തിലാക്കി. എന്നിട്ടും ഷാവേസിനെ രാജ്യത്തുനിന്ന് കടത്താന്‍ ശ്രമങ്ങള്‍ തുടര്‍ന്നു. എന്നാല്‍, ജനകീയശക്തിതന്നെ വിജയിച്ചു. ഷാവേസിന് അധികാരം തിരികെ ലഭിച്ചു. ഭരണഘടനാപരമായി അധികാരമേറ്റ ഷാവേസിനെ അട്ടിമറിക്കാന്‍ മുമ്പ് ശ്രമിച്ചവര്‍തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ രോഗം ആയുധമാക്കാന്‍ മുതിര്‍ന്നത്. ഇതിനായി മുതലാളിത്തമാധ്യമങ്ങളിലൂടെ ഹീനമായ പ്രചാരണങ്ങള്‍ നടത്തുകയാണ്. എണ്ണസമ്പത്തിനോടുള്ള ആര്‍ത്തിയാണ് മനുഷ്യത്വരഹിതമായ അവസ്ഥയില്‍ ഷാവേസ്വിരുദ്ധരെ എത്തിച്ചിട്ടുള്ളതെന്നു ചുരുക്കം. മുതലാളിത്തത്തിന്റെ തിന്മകള്‍ക്ക് വേറെ ഉദാഹരണം എന്തിന്?

*
സാജന്‍ എവുജിന്‍ ദേശാഭിമാനി 25 ജനുവരി 2013

No comments: