Monday, January 21, 2013

ക്ഷയം തടയാം

പൊതുവെ മാരകമാകാവുന്ന രോഗമാണ് ക്ഷയം. അതിന്റെകൂടെ പ്രമേഹംകൂടി എത്തുന്നതോടെ കൂടുതല്‍ അപകടകരമാകുന്നു

കേശവദേവിന്റെ "ഓടയില്‍നിന്ന്" നോവലിലെ നായകന്‍ പപ്പുവിന് ക്ഷയരോഗമാണെന്നത് മലയാളി വായിച്ചത് ഞെട്ടലോടെയാണ്. ഒരിക്കല്‍ താന്‍ അറിയാതെ ഓടയില്‍ വീഴ്ത്തുകയും പിന്നീട് ജീവിതത്തിന്റെ ഭാഗമായി തീരുകയും ചെയ്ത ലക്ഷ്മിയെ പപ്പുവില്‍നിന്ന് അകറ്റിയത് ക്ഷയരോഗമായിരുന്നു. മരണം വിതച്ചിരുന്ന ക്ഷയരോഗം നാടിന്റെ ഉറക്കംകെടുത്തിയ കാലമായിരുന്നു അത്. ക്ഷയരോഗത്തെത്തുടര്‍ന്ന് ജീവിതം തകരുന്നവരുടെ കഥകള്‍ സാഹിത്യത്തിലും അഭ്രപാളികളിലും തുടരെത്തുടരെ ഉണ്ടായി. അന്നത്തെ ജീവിതാവസ്ഥയുടെ പ്രതിഫലനമായിരുന്നു അവയെല്ലാം. അക്കാലത്തെ അറിയപ്പെടുന്ന വ്യക്തികളില്‍ ചിലര്‍ ഈ രോഗത്തിനു കീഴടങ്ങി കാലയവനികയ്ക്കുള്ളില്‍ മറിഞ്ഞതും ഓര്‍മ.

കാലം ഒഴുകി. ആധുനിക വൈദ്യശാസ്ത്രം രോഗങ്ങളെ വെല്ലുവിളിച്ചു മുന്നേറി. നാട്ടില്‍ ഭീതിവിതച്ച പല രോഗങ്ങള്‍ക്കുമൊപ്പം ക്ഷയവും നിയന്ത്രണത്തിലായി. പപ്പുവിനെപ്പോലെ ക്ഷയരോഗത്തിനടിപ്പെട്ട് മരണത്തിനു കീഴടങ്ങുന്ന കഥാപാത്രങ്ങള്‍ ഇപ്പോള്‍ മലയാള സാഹിത്യത്തിലുണ്ടാകുന്നില്ല. സിനിമയിലുമില്ല. ക്ഷയരോഗം കേരളത്തില്‍നിന്ന് ആട്ടിയകറ്റപ്പെട്ടതാണ് കാരണം. എന്നാല്‍, ഇടവേളയ്ക്കുശേഷം ക്ഷയരോഗം കേരളത്തില്‍ വീണ്ടും കൂടിവരുകയാണോ?. പ്രതിവര്‍ഷം പുതുതായി നൂറുകണക്കിനു പേര്‍ ക്ഷയരോഗ ലക്ഷണങ്ങളുമായി ഇപ്പോള്‍ ആശുപത്രികളിലെത്തുന്നു. ആര്‍എന്‍ടിപിസിയുടെ (പുതുക്കിയ ക്ഷയരോഗ നിര്‍മാര്‍ജനപദ്ധതി)യുടെ കണക്കുപ്രകാരം 2011ല്‍ 26,000ലേറെ പേരാണ് ക്ഷയരോഗത്തിന് ചികിത്സ തേടിയത്. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് ഇരുപതിനായിരത്തോളം പേര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ചികിത്സയിലുണ്ട്. സ്വകാര്യമേഖലയില്‍ എത്തിയവരുടെ വിവരം കൃത്യമായി രേഖപ്പെടുത്താത്തതിനാല്‍ യഥാര്‍ഥ കണക്ക് ഇതിലും ഉയരും. കേരളത്തിലെ ക്ഷയരോഗികളില്‍ 40 ശതമാനത്തിനും പ്രമേഹവും ഉണ്ടെന്നാണ് കണ്ടെത്തല്‍. പ്രമേഹമുള്ളവരില്‍ പ്രതിരോധശേഷി കുറവായതാണ് ഇതിനു കാരണമെന്ന് വിദഗ്ധര്‍. ഇവരെ ടിബി അണുക്കള്‍ എളുപ്പത്തില്‍ ആക്രമിക്കും. ചികിത്സ പെട്ടെന്ന് ഫലിക്കാത്തതിനാല്‍ രോഗം മാറാനും താമസിക്കും. പൊതുവെ മാരകമാകാവുന്ന രോഗമാണ് ക്ഷയം. അതിന്റെകൂടെ പ്രമേഹംകൂടി എത്തുന്നതോടെ കൂടുതല്‍ അപകടകരമാകുന്നു.

എന്താണ് എംഡിആര്‍-ടിബി

വിവിധ മരുന്നുകള്‍ക്കു വഴങ്ങാത്ത ടിബിയുടെ സാന്നിധ്യമാണ്കേരളത്തിലെ ക്ഷയരോഗചികിത്സയിലെ വെല്ലുവിളി. മള്‍ട്ടി ഡ്രഗ് റസിസ്റ്റന്റ് ട്യൂബര്‍ക്കുലോസിസ് (എംഡിആര്‍-ടിബി) എന്നാണ് ഇത് അറിയപ്പെടുന്നത്. ടിബി ചികിത്സയുടെ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്ന റിഫാംപിഡിന്‍, ഐസോനിയാസിഡ് എന്നീ ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി മൈക്കോ ബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ നേടുമ്പോഴാണ് എംഡിആര്‍-ടിബി എന്ന സ്ഥിതി വരുന്നത്. ഇതോടെ ചികിത്സ ബുദ്ധിമുട്ടായിത്തീരുന്നു. ഒരു ക്ഷയരോഗിയില്‍നിന്ന് പ്രതിവര്‍ഷം ശരാശരി 10 മുതല്‍ 15 വരെ പേര്‍ക്ക് രോഗം പകരാമെന്നാണ് കണക്കാക്കുന്നത്. എംഡിആര്‍-ടിബി ബാധിതരില്‍നിന്നു പകരുന്നത് എംഡിആര്‍-ടിബിതന്നെയാകും. ഇത് അപകടകരമാണ്. എംഡിആര്‍-ടിബി പലതരത്തില്‍ വരാം. രോഗമുള്ളവരില്‍നിന്നു നേരിട്ട് പകര്‍ന്നുകിട്ടുന്നതാണ് ഇതിലൊന്ന്. പാതിവഴിയില്‍ ചികിത്സനിര്‍ത്തിയവരും ആദ്യഘട്ടത്തില്‍ കൃത്യമായ അളവില്‍ മരുന്നുകഴിക്കാത്തവരും എംഡിആര്‍-ടിബി ബാധിതരാകാനുള്ള സാധ്യതയുണ്ട്.                                                 

രോഗിയുടെ പശ്ചാത്തലം, മുമ്പു കഴിച്ച മരുന്നുകള്‍, കഫം പരിശോധന തുടങ്ങിയവയ്ക്കു ശേഷമാണ് രോഗം എംഡിആര്‍-ടിബിയാണെന്ന് സ്ഥിരീകരിക്കുക. എംഡിആര്‍-ടിബി സ്ഥിരീകരിച്ചാല്‍ കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡോട്സ് പ്ലസ് കേന്ദ്രത്തിലാണ് ചികിത്സിക്കുക. അവിടെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് ശക്തികൂടിയ ആന്റി ബയോട്ടിക്കുകളാണ് നല്‍കുന്നത്. മരുന്നുകളോടു പ്രതികരിച്ചുതുടങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാവും ഡിസ്ചാര്‍ജ് ചെയ്യുക. പിന്നെയും ചികിത്സ തുടരണം. രണ്ടുവര്‍ഷമാണ് എംഡിആര്‍-ടിബിയുടെ ചികിത്സാ കാലാവധി. ഇതില്‍ ആദ്യത്തെ ആറുമുതല്‍ ഒമ്പതുവരെ ആഴ്ച തീവ്രചികിത്സ വേണ്ടിവരും.

രോഗം മാറും, എന്നാല്‍ മരുന്നു മുടക്കരുത്

മരുന്നു കഴിച്ചാല്‍ പൂര്‍ണമായി ഭേദപ്പെടുന്ന രോഗമാണ് ടിബി. എച്ച്ഐ അണുബാധയ്ക്കും മറ്റും മരുന്നു കഴിച്ചാല്‍ അണുക്കളെ നിയന്ത്രിച്ചുനിര്‍ത്താന്‍ മാത്രമേ കഴിയൂ. എന്നാല്‍, ആറുമാസം കൃത്യമായി മരുന്നു കഴിച്ചാല്‍ ടിബി മാറും. ടിബിക്ക് ഫലപ്രദമായ ഡോട് ചികിത്സ സര്‍ക്കാര്‍സംവിധാനത്തില്‍ സൗജന്യവുമാണ്. ക്ഷയരോഗത്തില്‍നിന്ന് പൂര്‍ണമുക്തി നേടിയ ലക്ഷക്കണക്കിനാളുകള്‍ സന്തോഷജീവിതം നയിക്കുന്നു. രണ്ടുമാസം മരുന്നു കഴിച്ചാല്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകും. എന്നാല്‍, അതു കണ്ട് മരുന്നു നിര്‍ത്തുന്നത് അപകടത്തിന് വഴിവയ്ക്കും. രോഗം വീണ്ടും വരും. രണ്ടാം വരവ് മാരകരൂപത്തിലാകും. അതോടെ ശക്തികൂടിയ ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും. ചികിത്സാ കാലാവധിയും കൂടും.

*
ആര്‍ സാംബന്‍ ദേശാഭിമാനി

2 comments:

P.C.MADHURAJ said...

you should have also put some advertisemant of the drug companies.

P.C.MADHURAJ said...

you should have also put some advertisemant of the drug companies.