Friday, January 18, 2013

മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത

ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയിട്ടുള്ള ബ്ലോഗാണ് ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച്.  മാര്‍ച്ചിന്റെ വിശദമായ വിവരങ്ങളും കുറിപ്പുകളും ചിത്രങ്ങളും ഈ ബ്ലോഗിലുണ്ട്. ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസക്തമായ മൂന്ന് ലേഖനങ്ങള്‍ (മിശ്രഭോജനം - മനുഷ്യജാതി - മതനിരപേക്ഷത, നവോത്ഥാനം : ജാതി : രാഷ്ട്രീയം - പി. ജി, മലബാര്‍ കലാപത്തെ പ്പറ്റി - എ. കെ. ജി) വര്‍ക്കേഴ്സ് ഫോറം പുന:പ്രസിദ്ധീകരിക്കുന്നു.

ഒന്ന്

'കുളിക്കാന്‍ കുളം, ഉണ്ണാന്‍ ഊട്ടുപുര, ചേക്കേറാന്‍ മണിയറ- ഇത്രയുമായാല്‍ നമ്പൂതിരി പരമസംതൃപ്തനായി. ചതുരംഗം, ശീട്ടുകളി, സമസ്യാപുരാണം, അക്ഷരശ്ളോകമത്സരം, ഓത്തൂട്ട്. എട്ടുവാരം, കൂത്ത്. കൂടിയാട്ടം, ആട്ടക്കഥപത്മനാഭസ്വാമീക്ഷേത്രത്തില്‍ ഒരു മുറജപവും - അതാണ് പൂര്‍ണബ്രാഹ്മണ്യം.' ("വിടി ധര്‍മ്മനീതിയുടെ ശംഖധ്വനി: സി. ആര്‍. കേശവന്‍വൈദ്യര്‍,'' "വിടി ഒരു ഇതിഹാസം സമ്പാദകന്‍ പാലക്കീഴ്നാരായണന്‍'') മേല്‍ ചൊന്ന 'പൂര്‍ണ്ണബ്രാഹ്മണ്യ'ത്തെ പൊളിക്കുന്നതിനാണ് 'നമ്പൂതിരിയുവജന സംഖ്യം നേതൃത്വം നല്‍കിയത്.'

ആഢ്യത്വമെന്നാല്‍ അധ:പതനമാണെന്ന്, അതിന്റെ സവര്‍വസൌകര്യങ്ങളും അനുഭവിക്കുന്ന ജനാധിപത്യവാദികള്‍ക്ക്, സ്വന്തം ജീവിതത്തെ പ്രകാശവത്താകുംവിധം, അരനൂറ്റാണ്ടിനുമുമ്പ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞു. എന്നാലിന്നും ആഢ്യത്വത്തെ അപകടപ്പെടുത്തുന്ന പ്രാഥമിക ആശയങ്ങളെപ്പോലും വെച്ചുപൊറുപ്പിക്കാത്ത 'നവയാഥാസ്ഥിതികത്വ'മാണ് മാധ്യമങ്ങളില്‍ മേല്‍ക്കൈ സ്ഥാപിക്കുന്നത്......................

പാറശ്ശാലാഹോസ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കു ചിലപ്പോള്‍ സ്വാമിയുടെ വകയായി ഒരു സദ്യകൊടുക്കാറുണ്ട്. വിവിധ ജാതിമതസ്ഥരായ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ഒരു തവണ സദ്യയ്ക്ക് എന്നെയും ആശ്രമാധികാരികള്‍ ക്ഷണിച്ചു. അക്കാലത്തെ സ്ഥിതിക്ക്, ഞാന്‍ ക്ഷണം സ്വീകരിക്കുമോ എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. അന്നു മിശ്രഭോജനം അക്ഷന്തവ്യമായ ആചാരലംഘനമായിട്ടാണ് സവര്‍ണഹിന്ദുക്കള്‍ കരുതിയിരുന്നത്. ഒരു യാഥാസ്ഥിതിക കുടുംബബത്തില്‍ ജനിച്ചുവളര്‍ന്ന് അതുവരെ ലോകം കാണാത്തമട്ടില്‍ കഴിഞ്ഞുകൂടിയ എനിക്കും അല്പം ശങ്കതോന്നാതിരുന്നില്ല. എങ്കിലും ഒട്ടും മടിക്കാതെ ഞാന്‍ ഉണ്ണാന്‍ ചെന്നു. പറയന്‍, പുലയന്‍, നായര്‍, ഈഴവന്‍, ക്രിസ്ത്യാനി ഇങ്ങനെ ബ്രാഹ്മണരൊഴിച്ചെല്ലാവരും നിരന്നിരുന്ന പന്തിയില്‍ സ്വാമി അഗ്രാസനസ്ഥനായി. തൊട്ടടുത്തുതന്നെ എനിക്കും ഇലയിട്ടിരുന്നു. വിളമ്പുതുടങ്ങിയപ്പോള്‍ അദ്ദേഹം എന്നെനോക്കി തികഞ്ഞ ഗൌരവത്തോടെ 'പോയോ' എന്നുമാത്രം ചോദിച്ചു. എനിക്കൊരു പിടിയും കിട്ടിയില്ല. ഒന്നും മിണ്ടാതെ ഞാന്‍ അല്പമൊന്നമ്പരന്നു മിഴിച്ചിരുന്നുപോയി. അതുകണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം 'എല്ലാം പോയോ' എന്നു വീണ്ടും ചോദിച്ചു. അപ്പോഴേക്കും എന്നിലെങ്ങനെയോ ചോദ്യത്തിന്റെ പൊരുള്‍ തെളിഞ്ഞു. 'എല്ലാം പോയി സ്വാമി' എന്നു പതിഞ്ഞ സ്വരത്തില്‍ ഞാന്‍ വിനീതനായി അറിയിച്ചു. ജാതിസംബന്ധമായ ശങ്കയും വൈമനസ്യവുമെല്ലാം പോയോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. പാരമ്പര്യത്തില്‍ കട്ടപിടിച്ചുകിടക്കുന്ന ജാതിക്കറ തീരെ മാഞ്ഞുപോകുക അന്ന് എളുപ്പമല്ലല്ലോ. എന്റെ ആദ്യത്തെ മിശ്രഭോജനമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനത്തില്‍ അന്നു ഞാന്‍ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തി. (സ്മരണമഞ്ജരി: കുറ്റിപ്പുഴ കൃഷ്ണപ്പിള്ള)

മോര് വാങ്ങാന്‍ വരുന്നവര്‍ പാത്രവും കാശും പ്ളാവിന്‍ചോട്ടില്‍ വെച്ച് മാറിനില്‍ക്കും. മോരും കിണ്ടിയില്‍ വെള്ളവുമായി വരും. കാശിന്റെ മേല്‍ വെള്ളമൊഴിച്ച് കാശ് ശുദ്ധമാക്കും! ഒരു ദിവസം കേശവന്‍ കാശ് കയ്യില്‍ വാങ്ങി. 'അയ്യോ ചേച്ചീ, ഇത് കണ്ടോ', കണ്ടവരെല്ലാം അയ്യോ എന്ന് നിലവിളിച്ചു. 'മോര് കൊടുത്തേച്ച്, മോന്‍ കൊളത്തിച്ചെന്ന് ഒന്ന് മുങ്ങിപ്പോരണേ'(കാര്‍ത്ത്യായനിയമ്മ). 'ചെറുക്കന്‍ ഇനി വല്ലേരേം കൊന്നേച്ചുവന്നാ, ഈ അമ്മ ചിരിക്ക്യേള്ളൂ'. 'അവന്‍ കൊച്ചല്ലേ, അവന്‍ ആ കലം ഒന്നിങ്ങോട്ടെടുത്തോണ്ട് വന്നേന്, ആകാശം പൊട്ടിവീഴ്വൊറ്റെ ചെയ്യോ?' കുഞ്ഞിക്കുട്ടിയമ്മ ദൃഢസ്വരത്തില്‍ പറഞ്ഞു: 'പൊട്ടിവീഴും, അയിത്തോം ജാതീം ഇല്ലാണ്ടായാപ്പിന്നെ, ആകാശം പൊട്ടിവീഴാണ്ടിരിക്യോ.' 'വീഴാണെങ്കി, ഞാന്‍ താങ്ങി നിര്‍ത്തിക്കോളാം.' കാര്‍ത്ത്യായനിയമ്മ കൂസലില്ലാതെ പറഞ്ഞു.(എതിര്‍പ്പ്: പി കേശവദേവ്).

മേല്‍ സൂചിപ്പിച്ച രണ്ട് ചരിത്ര സംഭവങ്ങളും സവര്‍ണാധികാരം സ്വന്തം അന്തസ്സ് ദൃഢപ്പെടുത്താന്‍ സൃഷ്ടിച്ച "ജാതിസന്ദര്‍ഭങ്ങള്‍'' ആക്രമണ വിധേയമാകുന്നതിന്റെ വ്യത്യസ്താനുഭവങ്ങളാണ് യഥാക്രമം പങ്കുവെക്കുന്നത്. ഒന്നാമത്തേതില്‍ ജാതി പതുക്കെ മരിക്കുമ്പോള്‍ രണ്ടാമത്തേതില്‍ അതിന് പഴയതുപോലെ പ്രതാപത്തോടെ ജീവിക്കാനാവാതെവരും വിധം സന്ദര്‍ഭങ്ങള്‍ മാറുന്നതാണ് ആവിഷ്കൃതമാകുന്നത്.

ദയാനന്ദസരസ്വതി 'സത്യാര്‍ത്ഥ'പ്രകാശത്തില്‍ ഒരു യജമാനനെയും ഭൃത്യനെയും പരിചയപ്പെടുത്തുന്നുണ്ട്. 'ഹേ ഭൃത്യാ ത്വം സൈന്ധവമാനയ' എന്ന് യജമാനന്‍ ഭൃത്യനോടു പറയുന്നു. 'സൈന്ധവം' കൊണ്ടുവരാനാണ് ഭൃത്യനോട് യജമാനന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 'സൈന്ധവ'ത്തിന് 'ഉപ്പ്' എന്നും കുതിര എന്നും അര്‍ത്ഥമുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്താണെങ്കില്‍ ഉപ്പും, യാത്രയുടെ നേരത്താണെങ്കില്‍ കുതിരയെയുമാണ് കൊണ്ടുവരുന്നതെങ്കില്‍ ഭൃത്യന് സന്ദര്‍ഭജ്ഞാനമുണ്ടെന്നും, അതിന് വിരുദ്ധമായി, ഭക്ഷണസമയത്ത് കുതിരയേയും യാത്രയുടെ നേരത്ത് ഉപ്പും കൊണ്ട് വന്നാല്‍ അവന്‍ വെറും മൂഢനാണെന്നും അദ്ദേഹം വിവരിക്കുന്നു. പ്രത്യക്ഷത്തില്‍ ആര്‍ക്കും സമ്മതമാവും വിധമുള്ള ഒരു നിരുപദ്രവകരമായ വിവരണം തന്നെയാണിത്. എന്നാല്‍ യജമാന-ഭൃത്യ ബന്ധം കീഴ്മേല്‍ മറിയുന്നൊരു കാലത്ത്, ഈയൊരു വിവരണം വിണ്ടുകീറും. നിരന്തരം പീഡനമേല്‍ക്കുന്ന ഭൃത്യന്‍ സ്വന്തം വിമോചനം സ്വപ്നം കാണാന്‍ തുടങ്ങുമ്പോള്‍, യജമാനന്റെ സൌകര്യം ദൃഢുപ്പെടുത്തുന്ന ഒരു സന്ദര്‍ഭത്തോട്, ഭൃത്യനെപ്പോഴും 'സഹകരിച്ചുകൊള്ളണമെന്നില്ല'. അവന്‍ ഭക്ഷണസമയത്ത് കുതിരയെകൊണ്ടുവന്ന് സ്വന്തം പ്രതിഷേധം രേഖപ്പെടുത്തും. അതോടെ യജമാനന്‍ മൂഢനാകും! കീഴാളര്‍ എല്ലാകാലത്തും, അധികാരത്താല്‍ നല്‍കപ്പെട്ട സന്ദര്‍ഭങ്ങള്‍ക്കൊത്തവിധം, അധികാരം നിര്‍ദ്ദേശിക്കുംവിധം പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരൊക്കെയും അതോടെ അസ്വസ്ഥരാകും.

1852-ല്‍ തന്നെ മമ്പുറം തങ്ങള്‍ ആചാരഭാഷയെ വെല്ലുവിളിക്കുന്നുണ്ട്. 'തിരുമേനി' എന്നു വിളിക്കരുതെന്നും ആരുടെയും ഉച്ചിഷ്ടം ഭക്ഷിക്കരുതെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്നടിസ്ഥാനം 'ഇസ്ളാംമതം' ഉയര്‍ത്തിപ്പിടിക്കുന്ന 'തൌഹീദീല്‍' (ഏകദൈവവിശ്വാസത്തില്‍) കണ്ടെത്താന്‍ കഴിയും. 'പടച്ചതമ്പുരാനല്ലാതെ' വേറൊരു 'തമ്പുരാനുമില്ല' എന്ന് മതതത്വം തന്നെയാണ്, ഒരു സവിശേഷ സാമൂഹ്യ സന്ദര്‍ഭത്തില്‍ മമ്പുറം തങ്ങള്‍ അമര്‍ത്തി പറഞ്ഞത്. എന്നാല്‍, ഇതേകാര്യം, 1929ല്‍. നമ്പൂതിരി യുവജനസംഖ്യം പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും മതതത്വങ്ങളുടെ അടിസ്ഥാനത്തിലല്ല മറിച്ച് ആധുനിക ജനാധിപത്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. 1938 ല്‍  കര്‍ഷകസംഖ്യം 'ആചാര'ഭാഷയെന്ന 'അടിമഭാഷ'ക്കെതിരെ പ്രതികരിക്കാനാഹ്വാനം ചെയ്തത്, 'വര്‍ഗ്ഗകാഴ്ചപ്പാടിന്റെ' അടിസ്ഥാനത്തിലാണ്. അടിമത്തത്തിന്റെ അവശിഷ്ടങ്ങളെ 'ത്യജിക്കുന്നതില്‍' പരസ്പരം ഐക്യപ്പെടുമ്പോഴും അവര്‍ പ്രചോദനം കൊള്ളുന്നത് വ്യത്യസ്ത കാഴ്ചപ്പാടുകളില്‍ നിന്നാണ്. കേരളീയ നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവുമെന്ന' ഈ പുസ്തകത്തില്‍, പ്രധാനമായും 'സവവര്‍ണ്ണനവോത്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുതപഠനം ആവശ്യമാക്കുംവിധം, 'അവര്‍ണനവോത്ഥാനത്തെ' പരാമര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ആദിവാസി- മുസ്ളീം- ക്രിസ്ത്യന്‍ നവോത്ഥാനത്തെക്കുറിച്ച് അതുകൊണ്ട് തന്നെ ഇതില്‍ കാര്യമായ വിവരണങ്ങളൊന്നും നല്‍കിയിട്ടില്ല. അവര്‍ണ നവോത്ഥാന നായകരില്‍ത്തന്നെ മുഴുവന്‍ പേരേയും പരാമര്‍ശിച്ചിട്ടില്ല. വൈകുണ്ഡം സ്വാമികള്‍, ശ്രീനാരായണഗുരുദേവന്‍, ശ്രീകുമാരഗുരുദേവന്‍, ചട്ടമ്പി സ്വാമികള്‍, അയ്യങ്കാളി, ഡോ. വി.വി വേലുക്കുട്ടി അരയന്‍ എന്നിവരെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. (ഒരു കൊള്ളിയാന്‍പോലെ കേരളീയ കേരളീയ നവോത്ഥാനത്തിന്റെ മേഘാവൃതമായ ആകാശത്തെ പ്രകാശവത്താക്കിയ ആറാട്ടുപുഴ വേലായുധപണിക്കര്‍ (1825-1874) നവോത്ഥാന പ്രവര്‍ത്തനം കാരണമായി വധിക്കപ്പെട്ട കേരളത്തിന്റെ ഒരേയൊരു നവോത്ഥാന നായകനാണ്. ശ്രീനാരായണഗുരുവിന് മുമ്പ് തന്നെ അദ്ദേഹം അധഃസ്ഥിതര്‍ക്കുവേണ്ടി, 'ശിവക്ഷേത്രം' പണിതു. ആഢ്യകലയായ 'കഥകളി'യെ കീഴാള സമൂഹത്തിലേക്ക് കൊണ്ടുവന്നു. ഈഴവ സ്ത്രീകള്‍ക്ക് മൂക്കുത്തി അമിയാനുള്ള അവകാശം സ്ഥാപിക്കാനുള്ള സമരത്തിന് നേതൃത്വം നല്‍കി. ആറാട്ടുപുഴ വേലായുധപണിക്കരെക്കുറിച്ച് നാമമാത്ര പരാമര്‍ശങ്ങളെങ്കിലും ലഭ്യമാണ്. എന്നാല്‍, അച്ചടിമഷി പുരളാതെ പോയ നിരവധി 'തിരസ്കൃത പ്രതിഭ'കള്‍ ഇപ്പോഴും തിരിച്ചറിയപ്പെടാതെ ഇരിക്കുന്നുണ്ടാവും.

'തിരുവിതാംകൂര്‍ പൌരസമത്വവാദ പ്രസ്ഥാനത്തിന്റെ പിതാവ്' എന്ന വിശേഷിപ്പിക്കപ്പെട്ട 'വൈകുണ്ഠം സ്വാമി'(1809-1851), 1836ല്‍ 'സമതാസമാജം' സ്ഥാപിച്ചു. ഇക്കാലത്തു തന്നെയാണ് കമ്യൂണിസ്റ് ലീഗിന്റെ മുന്‍ഗാമിയായി കണക്കാക്കപ്പെടുന്ന 'സമന്മാരുടെ ലീഗും' രൂപീകരിക്കപ്പെടുന്നതെന്നുള്ളത് യാദൃഛികമാവാം. പക്ഷേ രണ്ടും സമത്വത്തേയും സാഹോദര്യത്തെയുമാണ് ഉയര്‍ത്തിപ്പിടിച്ചത്. 'തലയില്‍ കെട്ടിന്' ആത്മാഭിമാനമുയര്‍ത്തുന്ന ഒരനുഷ്ഠാനപദവി നല്‍കിയത് വൈകുണ്ഠം സ്വാമിയാണ്. 1822-മുതല്‍ ആരംഭിച്ച കേരളീയ സ്ത്രീമുന്നേറ്റ ചരിത്രത്തിന്റെ ഒരാദ്യഗംഭീര ചുവടുവെപ്പെന്ന് തിരിച്ചറിഞ്ഞ 'ചാന്നാര്‍ സ്ത്രീകളുടെ' സമരത്തിന് പ്രചോദനമായത്, വൈകുണ്ഠം സ്വാമികളുടെ പ്രവര്‍ത്തനങ്ങളാണ്. വൃക്ഷക്കരം, തലക്കരം തുടങ്ങിയ ജനവിരുദ്ധ നികുതികള്‍ക്കെതിരെ സമരം ചെയ്ത് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചു. 1837 ല്‍ ശുചീന്ദ്രക്ഷേത്ര നിയമം ലംഘിച്ച അദ്ദേഹം, 1851ല്‍ സ്വാമിത്തോപ്പ് ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠിച്ചു.

ശ്രീ കുമാരഗുരുദേവന്‍(1878-1938) കേരളീയ നവോത്ഥാന ചരിത്രത്തിലെ ഒരു ധീരവിസ്മയ സാന്നിധ്യമാണ്. അത്രമേല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു പീഡിത സമൂഹത്തിന്റെ 'ഭൌതിക-ആത്മീയ' വിമോചകന്‍ എന്ന അര്‍ത്ഥത്തില്‍, കേരളീയ നവോത്ഥാനചരിത്രത്തില്‍ അദ്വിതീയമായൊരു സ്ഥാനം എന്നും അദ്ദേഹത്തിനുണ്ടായിരിക്കും. ബൈബിള്‍ കത്തിക്കുകയും, സ്വയം ദൈവമെന്ന് പ്രഖ്യാപിക്കുകയും ചെയ്തൊരു കീഴാള നവോത്ഥാനപ്രസ്ഥാനത്തെ, ക്രിസ്തുമതത്തിന്റെയോ ഹിന്ദുമതത്തിന്റെയോ ഭാഗമായി ചുരുക്കാനാവില്ല. 'ഹിന്ദുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ക്രിസ്തുമതത്തിന്‍ പുറവഴിയെ നമ്മള്‍/ അനാഥരെന്നപോല്‍ സഞ്ചരിച്ചു/ ഹിന്ദുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ/ ക്രിസ്തുമതത്തിലും ചേര്‍ത്തില്ലല്ലോ നമ്മെ. (കുമാരഗുരുദേവന്‍)'. ഇത്തരമൊരവസ്ഥയില്‍, അടിമജനതയുടെ ഭൌതികവും ആത്മീയവുമായ ഒരു സ്വതന്ത്രപ്രസ്ഥാനം എന്ന നിലയിലാണ്, പരോക്ഷ'മോക്ഷ'ത്തെ തള്ളി അരക്ഷിതത്വമനുഭവിക്കുന്ന ഒരു ജനതയുടെ 'പ്രത്യക്ഷരക്ഷ' പ്രഖ്യാപിച്ചുകൊണ്ട് പി ആര്‍ ഡി എസ് പിറക്കുന്നത്.

ഒരു സ്വതന്ത്ര കീഴാളപ്രക്ഷോഭ ആത്മീയപ്രസ്ഥാനം എന്ന നിലയിലാണ്, പി ആര്‍ ഡി എസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന 'പ്രത്യക്ഷരക്ഷാദൈവസഭ' തുടക്കംമുതല്‍തന്നെ പ്രസക്തമാകുന്നത്. ക്രിസ്തുമതവുമായി ചേര്‍ന്നുനിന്ന 'പൊയ്കയില്‍ യോഹന്നാന്‍' അപ്പനില്ലാത്തവരുടെ 'അപ്പനും', കുമാരഗുരുദേവനുമായി മാറിയത്, കേരളചരിത്രത്തിലെ അഭൂതപൂര്‍വ്വമായ ഒരാത്മീയ ഗറില്ലാസമരത്തിന് ശേഷമാണ്. 1910ല്‍ ഒരു കോടതിവിചാരണക്കിടയില്‍ യാദൃഛികമായി പരസ്യമാക്കപ്പെട്ട 'പ്രത്യക്ഷരക്ഷാസഭ' എന്ന പേര് സത്യത്തില്‍ 1905 മുതല്‍ പൊയ്കയിലപ്പച്ചന്‍ ആരംഭിച്ച 'സഞ്ചാരപ്രസംഗത്തില്‍' അവതരിപ്പിച്ച ആശയങ്ങളുടെ, അനിവാര്യമായ പൂര്‍ത്തീകരണം എന്ന നിലയില്‍ ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും. പാട്ടുകൊണ്ട്, പ്രായോഗികാര്‍ത്ഥത്തില്‍ കേരളത്തില്‍ ചൂട്ട് കെട്ടിയ ഒരാദ്യപ്രക്ഷോഭ പ്രതിഭയാണ് കുമാരഗുരു. മറ്റൊരുനവോത്ഥാന നായകനുമില്ലാത്തവിധം, നിരവധി പ്രത്യേകതകള്‍ കുമാരഗുരുദേവന്റെ ചരിത്രത്തില്‍നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കൊമരന്‍, കുമാരന്‍, യോഹന്നാന്‍, പൊയ്കയില്‍ ഉപദേശി അപ്പച്ചന്‍ തുടങ്ങി, പന്ത്രണ്ടോളം പേരുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു!

രണ്ട്

'ആദാമിന്റെ പാപത്തില്‍നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവം രണ്ടായിരംകൊല്ലങ്ങള്‍ക്കുമുമ്പ് ക്രിസ്തുവായി അവതരിച്ചത്. അടിമത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ ദൈവം യോഹന്നാനായി. സ്വര്‍ഗം ഇപ്പോള്‍ കന്നുകാലികളെ ഇറക്കിവിട്ട ശൂന്യമായ തൊഴുത്തുപോലെയാണ്. ഇനി എല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'. ഒരര്‍ത്ഥത്തിലിത്, ക്രിസ്തുമതത്തോട് ചേര്‍ന്നുനിന്ന് യോഹന്നാന്‍ എന്ന കുമാരഗുരു നിര്‍വഹിച്ച പ്രഛന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം അവസാനിപ്പിച്ച്, ഒരു സ്വതന്ത്ര രണ്ടാംഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി കാണാവുന്നതാണ്. ഇതിന് ഇന്നത്തെ 'ആള്‍ദൈവ'ങ്ങളുമായി ഒരു ബന്ധവുമില്ല. ആദ്ധ്യാത്മിക തത്വചിന്ത പ്രപഞ്ചപൊരുള്‍ ആയി തിരിച്ചറിയുന്ന ദൈവസങ്കല്പവുമായി ഈയൊരു പ്രഖ്യാപനം താദാത്മ്യപ്പെടുന്നതായും തോന്നുന്നില്ല. സവര്‍ണാധികാരത്തിന്നെതിരെ നിര്‍വഹിക്കപ്പെട്ട, ബദല്‍ കീഴാള ആത്മീയപ്രയോഗം എന്ന അര്‍ത്ഥത്തിലാണ് 'കീഴാളദൈവപ്രഖ്യാപനങ്ങള്‍' പ്രസക്തമാവുന്നത്. സങ്കടപ്പെടാനും അപേക്ഷിക്കാനും മാത്രം ആജീവനാന്തം വിധിക്കപ്പെട്ട ഒരു അധ:സ്ഥിത പശ്ചാത്തലത്തില്‍നിന്ന് നോക്കുമ്പോഴാണ്, ".....ഇനിയെല്ലാം യോഹന്നാനോട് അപേക്ഷിച്ചാല്‍ മതിയാകും'' എന്ന കുമാരഗുരുവിന്റെ ദൈവപ്രഖ്യാപനത്തിലെ സാമൂഹ്യവിപ്ളവമൂല്യം സ്വയം വ്യക്തമാകുന്നത്.

പാവങ്ങളുടെ പക്ഷത്ത് നില്‍ക്കുന്നവനാണ് ദൈവം എന്ന മൌലികാശയമാണ്, കുമാരഗുരുദേവന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രമായിരിക്കുന്നത്. മനുഷ്യദൈന്യതകള്‍ കാണുമ്പോള്‍, സ്വര്‍ഗത്തിലിരുന്ന് കരയുന്ന ഒരു ദൈവത്തെയാണ് കുമാരഗുരു ഒരു പാട്ടില്‍ പരിചയപ്പെടുത്തുന്നത്. 'സ്വര്‍ഗമാം തന്നിലിരുന്നുകൊണ്ട്/ എന്റെ കണ്ണുനീര്‍കണ്ട് കരഞ്ഞവനെ' എന്ന ദൈവവിവരണം ആവിഷ്കരിക്കുന്നത് അടിമത്താനുഭവത്തിന്റെ തീവ്രതയാണ്. 'എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളു' എന്ന തരത്തിലുള്ള യാതൊരു സന്ദേഹവുമില്ലാതെ തന്നെ കരയുന്നൊരു ദൈവത്തെയാണ് അടിമജീവിതം നേരിടുന്ന ക്രൂരാനുഭവങ്ങള്‍ക്കിടയില്‍നിന്നും കുമാരഗുരുദേവന്‍ കണ്ടെടുത്തിരിക്കുന്നത്. ദശാവതാരകഥകളിലൊന്നും കാണാത്തവിധം, ഒരു പക്ഷേ ദൈവം പീഡിതനും അസ്വതന്ത്രനുമായ 'അടിമയായി' പ്രത്യക്ഷപ്പെടുന്നതും, കുമാരഗുരുദേവന്റെ ഇതേ പാട്ടിലാണ്. 'ഞാന്‍ അന്യനായ് വലയുന്നതിനെ കണ്ട്/ സ്വര്‍ഗത്തില്‍ നിന്നിറങ്ങി, എന്‍/ അടിമശരീരമൊരുടപ്പായി ധരിച്ചുകൊണ്ട്/ ഇറങ്ങി ഭൂവിടത്തില്‍.....' എന്നുള്ളത് അസാധാരണമായൊരു ദൈവസാക്ഷ്യമാണ് പങ്കുവെക്കുന്നത്. സര്‍വമതങ്ങളും, മതരഹിതമാനുഷികത തത്വചിന്തകളും അതിന്റെ അഗാധതയിലും, ഔന്നത്യത്തിലും പങ്കുവെക്കുന്ന പീഡിതപക്ഷാഭിമുഖ്യമാണ് കുമാരഗുരുദേവന്‍ പങ്കുവെക്കുന്നത്. എന്നാല്‍ മറ്റാരും നേര്‍ക്കുനേര്‍ അനുഭവിച്ചിട്ടില്ലാത്ത പ്രത്യക്ഷാനുഭവത്തിന്റെ മുറിവുകളാണ്, ഈയൊരു അടിമദൈവാവിഷ്കാരത്തെ വ്യത്യസ്തമാക്കുന്നത്. മനുഷ്യരുടെ ക്രൂരതയും, മൃഗങ്ങളും പക്ഷികളും മരങ്ങളുമടങ്ങുന്ന മനുഷ്യേതര പ്രകൃതിയുടെ കാരുണ്യവും, കേരളീയ നവോത്ഥാന ചരിത്രത്തില്‍, കുമാരഗുരുദേവന്റെ ഉള്ള് പൊള്ളിയ പാട്ടുകളില്‍ മാത്രമാണ് അതിന്റെ തീവ്ര പിടച്ചിലോടെ നമുക്ക് കാണാന്‍ കഴിയുന്നത്. കാളയെ കൊന്ന്തിന്നരുതെന്ന കുമാരഗുരുവിന്റെ കാഴ്ചപ്പാടിന് അസാധാരണമായൊരു മാനം ലഭിക്കുന്നത്, അടിമാനുഭവത്തിന്റെ വേറിട്ട പശ്ചാത്തലത്തിലാണ്. ഉടമകള്‍ ക്രൂരമായി അടിമകളെ പീഡിപ്പിച്ചപ്പോള്‍, അവരുടെ നിലവിളി അനാഥമാകുമ്പോള്‍, നിസ്സഹായമായ നോട്ടംകൊണ്ട് സാന്ത്വനം നല്‍കാന്‍ അടിമകള്‍ക്കൊപ്പം അന്നുണ്ടായിരുന്നത് കാളകളും പോത്തുകളുമായിരുന്നു. മനുഷ്യര്‍ ഉപേക്ഷിച്ചവരെ, മരങ്ങളും, മൃഗങ്ങളും, പക്ഷികളും സഹായിക്കുന്നതിന്റെ ഹൃദ്യമായാവിഷ്കാരങ്ങള്‍ക്കു പിറകിലുള്ളത് അടിമാനുഭവത്തിന്റെ വിവരണവിധേയമല്ലാത്ത പീഡനങ്ങളാണ്. അപ്പനില്‍നിന്നും അമ്മയില്‍നിന്നും, സ്വന്തം മണ്ണില്‍നിന്നും, ദൈവത്തില്‍നിന്നും, പേരില്‍നിന്നും വേര്‍പിരിക്കപ്പെട്ടവരുടെ ജീവിതവേദനകളറിയണമെങ്കില്‍ നമ്മളിനിയും കുമാരഗുരുദേവന്റെ പാട്ടുകല്‍ വീണ്ടും തുറക്കണം. ജനകീയ സാഹിത്യത്തിന്റെ സമരോത്സുകപ്രയോഗമായി മാറിയ മലയാളസാഹിത്യത്തിലെ ആദ്യപാട്ടുകള്‍ ആവിഷ്കരിച്ചത്, കുമാരഗുരുവാണ്.

മൂന്ന്

ശ്രീ നാരായണഗുരു പിന്‍തുടര്‍ന്നുപോന്ന സംവാദമനസ് ജനാധിപത്യത്തിന് സംസ്ക്കാരത്തിനുള്ള വലിയ സംഭാവനകളില്‍ ഒന്നാണ്. വിദ്യാഭ്യാസ-തൊഴില്‍ മണ്ഡലങ്ങളില്‍ നിലനിന്ന അവഗണനക്കെതിരെ നിരന്തരം പൊരുതിയ ഡോ: പല്‍പ്പുവും 'ഒരു ജാതി, ഒരു മതം, ഒരു ദൈവം' എന്ന അദ്ധ്യാത്മിക കാഴ്ചപ്പാട് മുന്നോട്ടുവെച്ച ശ്രീനാരായണഗുരുവും 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട' എന്ന ഭൌതിക സമീപനം ഉയര്‍ത്തിപ്പിടിച്ച സഹോദരനയ്യപ്പനും, സവര്‍ണപീഡനത്തല്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം മതപരിവര്‍ത്തനമാണ് എന്ന് വാദിച്ച സി. വി. കുഞ്ഞുരാമനും, ഒരു സമുദായത്തെ സംബന്ധിച്ചിടത്തോളം മതപരിവര്‍ത്തനം ഒരു മോചനമാര്‍ഗ്ഗമാകുന്നില്ലെന്ന് വാദിച്ച കുമാരനാശാനും, മതം മാറുകയല്ല, മറിച്ച് ഈഴവര്‍ ഒരു 'സ്വതന്ത്രസമുദായ'മായിതീരുകയുമാണ് വേണ്ടതെന്ന് വാദിച്ച ഇ. മാധവനും, ദേശീയ പ്രസ്ഥാനത്തിലുറച്ചുനിന്ന്  സവര്‍ണവിരുദ്ധ പ്രക്ഷോപണങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിച്ച ടി. കെ. മാധവനും, 'നശിച്ച കേരളം പുഴുത്ത ഭാരതം' എന്ന് ഹൃദയവേദനയോടെ പാടിയ പള്ളത്ത് രാമനും, കാറല്‍മാര്‍ക്സിനെ 'ഭഗവാന്‍ മാര്‍ക്സ്' എന്ന് വിശേഷിപ്പിച്ച സി. കേശവനുള്‍പ്പടെ സാമൂഹ്യപരിവര്‍ത്തനത്തെ സംബന്ധിച്ച വിശദാംശങ്ങളില്‍ മാത്രമല്ല, മൌലികനിലപാടുകളില്‍പോലും ഭിന്നിപ്പുള്ളവരെ, അധഃസ്ഥിത വിമോചനം എന്ന മഹത്തായ മുദ്രാവാക്യത്തിന്റെ കീഴില്‍ ഐക്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ശ്രീനാരായണപ്രസ്ഥാനത്തിന്റെ ഗംഭീരമായ ചരിത്രവിജയം.

നാല്

'നവോത്ഥാനം' മനുഷ്യവിമോചനത്തിന്റെ ഒരു വലിയ ചുവടുവെപ്പായിരുന്നു. മുതലാളിത്തത്തെ സാധ്യമാക്കുംവിധമുള്ള ആശയങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒരു സമാന്തരലോകമാണത് പൊതുവില്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അടിമ-നാടുവാഴി വ്യവസ്ഥക്കകത്തെ ജീര്‍ണ്ണതകള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ നിര്‍വ്വഹിക്കുമ്പോള്‍തന്നെ 'മുതലാളിത്തത്തെ' മുറിച്ച് മുന്നോട്ട് പോകുന്ന സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞതാണ് കേരളീയ കീഴാള നവോത്ഥാനത്തെ ഒരര്‍ത്ഥത്തില്‍ വ്യത്യസ്തമാക്കുന്നത്. കീഴാളനവോത്ഥാനവും, മേലാളനവോത്ഥാനവും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്ന വസ്തുത, സാംസ്കാരികവിശകലനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്നാല്‍ പലപ്പോഴും നവോത്ഥാനമെന്ന അമൂര്‍ത്തമായ 'പൊതുപ്രയോഗം' അതിന്റെ സങ്കീര്‍ണ്ണമായ സവിശേഷതകളെ പൂഴ്ത്തിവെക്കാനുള്ള, ഒരൊളിപ്പുരയായാണ് പ്രവര്‍ത്തിച്ചുപോരുന്നത്.

സവര്‍ണ്ണപ്രത്യയശാസ്ത്രത്തെ ഹിന്ദുമതത്തിന്റെ ഭാഗമെന്ന നിലയിലല്ല, ഒരു 'ബൃഹദ് രാഷ്ട്രീയ പദ്ധതി' എന്ന നിലയിലാണ് ഇവിടെ പരിഗണിക്കുന്നത്. ഭൌതികവാദത്തിന്റെ കാഴ്ചപ്പാടില്‍ സാങ്കല്‍പ്പികതലത്തിലെങ്കിലും 'സമത്വം' സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മതകാഴ്ചപ്പാടിന്റെ സമ്പൂര്‍ണ്ണ നിരാസമാണ് നമ്മളിവിടെ കാണുന്നത്. അസമത്വത്തെ ആഴത്തില്‍ ദിവ്യപ്പെടുത്തുന്ന നഗ്നമായ മേല്‍ക്കോയ്മയുടെ സിദ്ധാന്തവും പ്രയോഗവുമായാണ് സവര്‍ണ്ണപ്രത്യയശാസ്ത്രം നിലനില്‍ക്കുന്നത്. മതത്തെ സ്വന്തം താല്പര്യം സംരക്ഷിക്കുംവിധം അത് എന്നെന്നേക്കുമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. കേരളീയ നവോത്ഥാനത്തെ കേവലനവോത്ഥാനമെന്ന നിലയില്‍ കാണുന്നതിന്നു പകരം സവര്‍ണ്ണ അവര്‍ണ്ണ മുസ്ളിം ക്രിസ്ത്യന്‍  വിഭാഗങ്ങളില്‍ നടന്ന നവോത്ഥാനങ്ങള്‍ എന്ന നിലയിലാണ് അപഗ്രഥിക്കേണ്ടത്.

'ജാതിരഹിത' സമൂഹമെന്ന നവോത്ഥാനവീക്ഷണത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ സര്‍വ്വജാതികളുടെയും ഒരേസമയത്തുള്ള അപ്രത്യക്ഷമാവല്‍ എന്ന കാല്പനികാര്‍ത്ഥത്തിലല്ല തിരിച്ചറിയേണ്ടത്. മേല്‍ജാതി പ്രത്യയശാസ്ത്രങ്ങളാണ്, കീഴ്ജാതി ഉണ്ടാക്കിയത്. ഇനിയും തകര്‍ന്നിട്ടില്ലാത്ത സാമൂഹ്യവിഭജനത്തിന്റെ മതിലുകള്‍ മനുഷ്യര്‍ക്ക് ഇടയില്‍ സൃഷ്ടിച്ചത്, കീഴ്ജാതി ആചാരങ്ങളല്ല, മറിച്ച് മേല്‍ജാതി ആധിപത്യമാണ്. മേല്‍ജാതിക്കാര്‍ക്ക് 'ജാതി' ഒരൊഴിഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നും, കീഴ്ജാതിക്കാര്‍ക്കത് നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബാണെന്നുമുള്ള നിരീക്ഷണം ശരിയാണ്. എന്നാല്‍ അതിലേറെ പ്രസക്തമായ വേറൊരു ശരിയുണ്ട്. ഇന്നും ആ ഒഴിഞ്ഞ ടൂത്ത്പേസ്റ്ട്യൂബിനാണ്, നിറഞ്ഞ ടൂത്ത്പേസ്റ് ട്യൂബിനേക്കാള്‍ സാംസ്കാരിക മൂല്യമുമുള്ളത് എന്നുള്ളതാണത്! എത്ര വലിച്ചെറിഞ്ഞാല്‍പോലും, വിട്ടുപോകാത്ത ഒരു സാംസ്കാരിക ശക്തിയായാണ് 'ജാതി' നിലനില്‍ക്കുന്നത്. കീഴാള ജാതികളും, പ്രത്യക്ഷത്തില്‍, ജാതിയായിരിക്കെതന്നെ അതിലുള്ളത് രാഷ്ട്രീയമായും സാംസ്കാരികമായും സ്വയം കീഴടക്കപ്പെട്ടതിന്റെ മുദ്രയാണ്. മര്‍ദ്ദിത ജാതികളെയും മര്‍ദ്ദക ജാതികളെയും ഒരേ മാനദണ്ഡം വെച്ച് വിശകലനം ചെയ്യുന്നത്, കാര്യങ്ങളെ തലകീഴായി കാണലാണ്! അതുകൊണ്ട്തന്നെ സവര്‍ണ്ണപ്രത്യയശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണതിരസ്കാരമാണ്, ജാതിരഹിതസമരത്തിന്റെ ആദ്യഅജണ്ടയായി പ്രഖ്യാപിക്കപ്പെടേണ്ടത്. എന്നാല്‍ ഇന്നും സവര്‍ണ്ണപ്രത്യയശാസ്ത്രത്തില്‍ ഒന്ന് സ്പര്‍ശിക്കപ്പെടുമ്പോള്‍ നമ്മുടെ 'സാംസ്കാരികലോകം' ഇളകിമറിയുന്നതാണ് നാം കാണുന്നത്. സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് സൈദ്ധാന്തികമായി വിയോജിക്കുന്ന ക്രൈസ്തവ-ഇസ്ളാം മതങ്ങളും കീഴാള കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന മതരഹിതരും, പ്രായോഗികതലത്തില്‍ സവര്‍ണ്ണപ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന്നില്‍ക്കുന്നതിലാണ് ആഹ്ളാദവും അഭിമാനവും അനുഭവിക്കുന്നത്. സവര്‍ണ്ണനിലപാടില്‍ തുടങ്ങി അവര്‍ണ്ണനിലപാടിലേക്ക് വളര്‍ന്ന, 'ആഭിജാത്യവും' അതിനെ ദൃഢപ്പെടുത്തുന്ന 'തറവാട്ട്' മഹിമയും ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. ജാതിക്കും സങ്കുചിത മതകാഴ്ചപ്പാടിനുമപ്പുറം നമ്മളൊക്കെയും മനുഷ്യത്വത്തിന്റെ പച്ചപ്പാണെന്ന മാനവികതയുടെ മഹത്തായ തത്വമാണ് 'പ്രയോഗവേദികളില്‍' വെച്ച് നിരന്തരം പരിക്കേല്പിക്കപ്പെടുന്നത്.

ഓരോ കാലത്തെ മനുഷ്യരും, അതത് കാലത്തോട് അനുകൂല/എതിര്‍ബന്ധങ്ങള്‍ പുലര്‍ത്തിക്കൊണ്ടാണ് ജീവിക്കുന്നത്. വ്യത്യസ്ത ബന്ധങ്ങള്‍ക്ക് പുറത്ത് ആര്‍ക്കും ജീവിക്കാനാവില്ല. എന്തുകൊണ്ടെന്നാല്‍, ജീവിതംതന്നെ ബന്ധങ്ങളുടെ ആകെത്തുകയാണ്. ജൈവതലത്തിലുള്ള പ്രാഥമിക ബന്ധങ്ങള്‍, മനുഷ്യരിലാണ് സങ്കീര്‍ണ്ണ മാനമാര്‍ജ്ജിക്കുന്നത്. സംസ്കാരസമ്പന്നരാകുക എന്നാല്‍ അഗാധമായ ആദര്‍ശാത്മക ബന്ധങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കലാണ്. എന്ത് ചെയ്യുമ്പോഴും, നമ്മളൊക്കെയും ആദ്യമായും അവസാനമായും 'മനുഷ്യരാണെന്ന്' മറക്കാതിരിക്കലാണ്. 'പ്രത്യയശാസ്ത്രപ്രയോഗം' എന്നത്കൊണ്ട് പൊതുവില്‍ വിവക്ഷിക്കുന്നത് നിലവിലുള്ള ബന്ധങ്ങളെ അതിനേക്കാളും വികസിച്ച പുതിയ ബന്ധങ്ങള്‍കൊണ്ട് പകരംവെക്കുന്ന ബദല്‍ പ്രവര്‍ത്തനങ്ങളെയാണ്. ജാതിവ്യവസ്ഥക്കകത്ത്, തങ്ങള്‍ ഉയര്‍ന്നവരല്ലെന്ന് സവര്‍ണ്ണര്‍ക്കും, തങ്ങള്‍ താഴ്ന്നവരല്ലെന്ന് അവര്‍ണ്ണര്‍ക്കും അഗാധബോധ്യം വരുന്നത്, പരിവര്‍ത്തനത്തിന്റെ ആദ്യചുവടുവെപ്പാണ്. എന്നാല്‍ അതൊരു ശരിക്കുള്ള പരിവര്‍ത്തനമായിത്തീരണമെങ്കില്‍, വെറുമൊരാശയം എന്ന അവസ്ഥയില്‍നിന്നും അതൊരു പ്രയോഗമായി വികസിക്കണം. പഴയ ജാതിവ്യവസ്ഥക്ക് പകരം, മറ്റൊരു ബന്ധമാതൃകയുടെ പുതിയ ബദല്‍ ഉണ്ടായിവരണം. പറഞ്ഞുവരുന്നത്, സാംസ്കാരിക സംവാദങ്ങള്‍, ബദല്‍ സാംസ്കാരിക നിര്‍മ്മാണമായി മാറേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. 'പഴയ നവോത്ഥാന'കാലത്ത് പരിമിതികളോടെ, പ്രയോഗമാതൃകകള്‍ വികസിപ്പിക്കപ്പെട്ടതുകൊണ്ടാണ്, അക്കാലത്തെക്കുറിച്ചോര്‍ത്ത് ഇന്നും നമുക്ക് കോരിത്തരിക്കാന്‍ കഴിയുന്നത്.

'ഹാ സഖീ നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക വീതോല്ലാസമായ്/ മങ്ങിടുന്നു ജീവിതം/ മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍/ അകന്നോ മൃതിപെട്ടോ വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു.'(യുഗപരിവര്‍ത്തനം: വൈലേപ്പിള്ളി)

വൈലോപ്പിള്ളിയുടെ യുഗപരിവര്‍ത്തനം പിറന്നത് നാടുവാഴിത്തത്തില്‍നിന്നും മുതലാളിത്തത്തിലേക്കുള്ള തീവ്രപരിവര്‍ത്തനത്തിന്റെ പരിഭ്രമവും പുളകവും ഒരുപോലെ പങ്കുവെച്ചാണ്. ഭൂതകാലത്തില്‍നിന്നത് വര്‍ത്തമാനത്തിലേക്ക് കാലെടുത്ത് വെച്ചപ്പോഴും, അതിന്റെ മനസ്സ് ഭൂതകാലത്തിന്റെ പച്ചപ്പുകള്‍ക്കിടയില്‍ കിടന്ന് കണ്ണീര്‍ വാര്‍ത്തിരിക്കണം. ഓര്‍ക്കാനേറെയുണ്ടായതിനാലാവണം പുതിയ കാലത്തോടത് പൊരുത്തപ്പെട്ടത് കരള്‍പിളര്‍ക്കുന്ന ഒരു നിലവിളിയോടെയായത്. പരിവര്‍ത്തനത്തിന്റെ ഒഴുക്കില്‍, ഒലിച്ചുപോയ ജീവിതത്തിന്റെ ആര്‍ദ്രമായ എത്രയോ ഓര്‍മകളെ ആശ്ളേഷിക്കാനാവാതെ, അനാഥത്വത്തിന്റെ ആഘാതം തീവ്രമാക്കിയ ഏതോ ദുരിതനേരമാണ് യുഗപരിവര്‍ത്തനം എന്ന കവിതയിലെ 'ഹാ സഖി നീയെന്നോട് ചേര്‍ന്ന് നില്‍ക്കുക, വീതോല്ലാസമായ്...' എന്നൊരറ്റ വരിയില്‍കിടന്ന് വിങ്ങുന്നത്. 'നാട് വേരുകള്‍പൊട്ടി ത്വരിതം' ചലിച്ചപ്പോള്‍ ചുവട് തെറ്റിയവര്‍, തുണക്കും താങ്ങിനുംവേണ്ടി, ഇടനെഞ്ച്പൊട്ടി, കൂട്ടത്തോടെ വിളിച്ച സ്നേഹസാന്ദ്രതയുടെ സംഗ്രഹമെന്ന അര്‍ത്ഥത്തിലാണ്, കവിതയിലെ 'ഹാ സഖി'യെന്ന സംബോധന അര്‍ത്ഥപൂര്‍ണമാകുന്നത്.

'മുമ്പ് നാം ജീവന്‍പോലെ സ്നേഹിച്ചവര്‍, അകന്നോ മൃതിപ്പെട്ടോ, വന്‍ പകയോടെ ചേരിമാറിയോ പൊയ്പോകുന്നു' എന്നത്, ഒരു വ്യക്തിയുടെ സ്വകാര്യസങ്കടമെന്നതിനേക്കാള്‍, സന്ധിബന്ധങ്ങളൊക്കെയും ശിഥിലമാകുന്ന ഏതൊരു പരിവര്‍ത്തന കാലത്തിന്റെയും സ്മൃതികളുരുകി കനക്കുന്ന സംഘക്കരച്ചിലാണ്. മരണത്തെ അനുസ്മരണംകൊണ്ടും, അകല്‍ച്ചയെ സംവാദംകൊണ്ടും ചേരിമാറിപ്പോകലിനെ പ്രത്യയശാസ്ത്ര നിശിതത്വംകൊണ്ടുമാണ് പൊതുവില്‍ മനുഷ്യര്‍ അതിജീവിക്കുന്നത്. കലപ്പയും യക്ഷിയും കെട്ടുപിണഞ്ഞ നാടുവാഴിത്തത്തെ, ട്രാക്ടറും വിദ്യുഛക്തിതൂണുകളുംകൊണ്ട് നേരിടുന്ന സമരോത്സുക മുതലാളിത്തത്തിന്ന് വൈലോപ്പിള്ളി സ്വാഗതം ആശംസിക്കുന്നത്, പോയകാലത്തിന്റെ നന്മകളെക്കുറിച്ചോര്‍ത്ത് വിതുമ്പിക്കൊണ്ടാണ്. ചിതറിപ്പോകുന്ന 'മനുഷ്യത്വത്തെ' തിരിച്ചു പിടിക്കാനാണ്, സഖിയോട്, കവിതയോട്, സ്വന്തം സഹജാതരോട്, ചേര്‍ന്ന് നില്‍ക്കാനത്, ഉല്‍ക്കണ്ഠകളോടെ അപേക്ഷിക്കുന്നത്. വീഴ്ചകള്‍ക്കിടയില്‍ വര്‍ദ്ധിച്ച സന്തോഷത്തോടെ തനിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന് കവി പ്രതീക്ഷിക്കുന്ന 'സഖി' സാമൂഹ്യാര്‍ത്ഥത്തില്‍ മനുഷ്യരെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സര്‍ഗാത്മക കൂട്ടായ്മയാണ്. അവള്‍ സ്വന്തം പ്രിയപ്പെട്ടവള്‍ ആയിരിക്കെത്തന്നെ, അപരിമിതമായ സംഘശക്തിയുടെ പ്രതീകവുമാണ്. ബുദ്ധം ശരണത്തിനും ധര്‍മം ശരണത്തിനുമൊപ്പം സംഘം ശരണം എന്ന ബുദ്ധകാഴ്ചപ്പാടിന്റെ തുടര്‍ച്ചയില്‍വെച്ച് 'വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടനകൊണ്ട് ശക്തരാകാനും' ആഹ്വാനംചെയ്ത ശ്രീനാരായണഗുരുവിനൊപ്പമാണ് വൈലോപ്പിള്ളിയുടെ, 'ചേര്‍ന്ന് നില്‍ക്കാനുള്ള' നിലവിളിയും വന്നുനില്‍ക്കുന്നത്. നവോത്ഥാനം തന്നെയാണ്, യുഗപരിവര്‍ത്തനമെന്ന കവിതയില്‍ നിനവും നോവുമായി നിറഞ്ഞു നില്‍ക്കുന്നത്.

(കടപ്പാട്: ലീഡ് ബുക്സ് പ്രസിദ്ധീകരിച്ച നവോത്ഥാനത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്തകത്തില്‍ നിന്ന്)
*
യൂത്ത് മാര്‍ച്ച് ബ്ലോഗ് പോസ്റ്റ് ലിങ്ക്

No comments: