Friday, January 18, 2013

റിയല്‍ എസ്റ്റേറ്റുകാര്‍ക്കുവേണ്ടിയുള്ള കെട്ടിട നിര്‍മാണ നിയമ പരിഷ്കരണം

കേരളത്തിലെ മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന 1999-ലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ക്ക് 2009 ല്‍ കൊണ്ടുവന്ന ഭേദഗതികളില്‍ പരിഷ്കരണം വരുത്തിയിരിക്കുകയാണ്. സുരക്ഷാ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ദേശീയ ബില്‍ഡിംഗ് കോഡിനുസൃതമായാണ് ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിരുന്നത്. ബഹുനില മന്ദിരങ്ങളിലെ താമസക്കാരുടേയും പരിസര വാസികളുടെയും സുരക്ഷക്കായിരുന്നു പ്രഥമ പരിഗണന നല്‍കിയത്. ലാഭം മാത്രം ലക്ഷ്യമിട്ട് സുരക്ഷാപരിഗണനകളില്ലാതെ നിര്‍മ്മാണം നടത്തിയിരുന്ന ബില്‍ഡര്‍മാര്‍ക്ക് ഇത് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇവരുടെ താല്പര്യത്തിനു വഴങ്ങി ഇപ്പോള്‍ നടത്തിയിട്ടുള്ള പരിഷ്കാരം പഴയ അവസ്ഥയിലേക്കുള്ള തിരിച്ചു പോക്കാണ്. നിര്‍മ്മാതാക്കളുടെ ലാഭം മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നഗര പ്രദേശങ്ങളെ ജനസൗഹൃദമല്ലാത്ത കോണ്‍ക്രീറ്റ് വനങ്ങളാക്കാനാണ് ഇത് ഇട വരുത്തുക.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ജീവിതം ദുഷ്കരമാക്കാന്‍ കാരണമാകും. ഇടുങ്ങിയ നഗരവീഥികള്‍ ഇപ്പോള്‍ തന്നെ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇവയ്ക്കിരുവശവും അനിയന്ത്രിതമായ രീതിയില്‍ ഒരു ആസൂത്രണവുമില്ലാതെ ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് നഗര ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കും. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്ത് വയല്‍ നികത്തലിന് അനുമതി നല്‍കാനും തോട്ട ഭൂമിയില്‍ പോലും റിസോര്‍ട്ടുകളും വാണിജ്യ സമുച്ചയങ്ങളും നിര്‍മ്മിക്കുന്നതിന് അവസരമൊരുക്കാനും യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ നിയമഭേദഗതി. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് നഗരകാര്യവകുപ്പുമന്ത്രി ഭേദഗതിയെ ന്യായീകരിച്ചത്. 2009-ലെ ഭേദഗതി മൂലം നഗരങ്ങളില്‍ കെട്ടിട നിര്‍മ്മാണം അസാധ്യമായതുകൊണ്ടാണ് കേരളത്തില്‍ വയലുകള്‍ നികത്തപ്പെട്ടതെന്ന ഒരു കണ്ടെത്തലും അദ്ദേഹം നടത്തിയിട്ടുണ്ട്. 2009 നു ശേഷമാണ് കേരളത്തില്‍ നെല്‍വയലുകള്‍ നികത്തപ്പെട്ടതെന്നാണദ്ദേഹത്തിന്റെ കണ്ടെത്തല്‍. എങ്കില്‍ പിന്നെ 2005-നു മുന്‍പ് വയല്‍ നികത്തിയത് നിയമാനുസൃതമാക്കാന്‍ എന്തിന് വെപ്രാളപ്പെടണം? 1962-63ല്‍ 7.53 ലക്ഷം ഹെക്ടറുണ്ടായിരുന്ന കേരളത്തിലെ നെല്‍പാടങ്ങള്‍ 2002-03 ആയപ്പോള്‍ 3.11 ലക്ഷം ഹെക്ടറും 2007-08 ആയപ്പോള്‍ 2.29 ലക്ഷം ഹെക്ടറും ആയിച്ചുരുങ്ങിയത് അദ്ദേഹത്തിനറിയില്ലെന്നുണ്ടോ?

ഇതിന് പഴി 2009-ലെ നിയമഭേദഗതിക്കാവുന്നതാണ് വിചിത്രം. കേരളത്തിലെ നഗരകേന്ദ്രങ്ങളിലെ ജനസാന്ദ്രത വര്‍ദ്ധിക്കാത്തതാണ് മറ്റൊന്ന്. 2001 നും 2011നും ഇടക്ക് കേരളത്തിലുണ്ടായ ജനസംഖ്യാ വര്‍ദ്ധന 4.86 ശതമാനം മാത്രമാണ്. ഇതുതന്നെ മലപ്പുറത്ത് 13.39 ശതമാനമുള്ളപ്പോള്‍ തെക്കന്‍ ജില്ലകളില്‍ 1-2 ശതമാനത്തിനിടക്കുമാത്രമാണ്. നഗരകേന്ദ്രങ്ങളിലും ഇതനുസരിച്ചുള്ള ജനസംഖ്യാ വര്‍ദ്ധനവല്ലേ പ്രതീക്ഷിക്കേണ്ടതുള്ളൂ. പിന്നെ ജനസാന്ദ്രതയുടെ പ്രശ്നവും നഗരകാര്യമന്ത്രി പത്രസമ്മേളനത്തില്‍ ഉന്നയിച്ചുകണ്ടു. മഹാനഗരങ്ങളില്‍ മൊത്തം ജനസംഖ്യയുടെ പകുതിയോളം ചേരിവാസികളാണ്. കേരളത്തിലെ നഗരങ്ങളില്‍ ഇതല്ലല്ലോ സ്ഥിതി. അഖിലേന്ത്യാ തലത്തില്‍ ചേരിവാസികളുടെ എണ്ണത്തില്‍ 2001-2011ല്‍ 23.92% വര്‍ദ്ധിച്ചു. വന്‍നഗരങ്ങളില ചേരിവാസികളുടെ അനുപാതം (2001) നഗരം ചേരി നിവാസികള്‍ % മുംബൈ 54.1 ഡല്‍ഹി 18.7 കൊല്‍ക്കത്ത 32.5 ചെന്നൈ 18.9 ഹൈദരാബാദ് 13.5 ബംഗളരു 10.0 കൊച്ചി 1.33 തിരുവനന്തപുരം 1.59 ഭൂരഹിത ഭവന രഹിതരും ചേരിവാസികളും കുറഞ്ഞതാണ് നഗരജനസാന്ദ്രത കുറഞ്ഞതിന്റെ കാരണമെന്നു കാണാന്‍ കഴിയും. സെന്‍സസ് കണക്കുകളുടെ മറ്റൊരു പരിമിതികൂടിയുണ്ട്. അന്യസംസ്ഥാന തൊഴിലാളികളായി 20 ലക്ഷം പേരെങ്കിലും കേരളത്തില്‍-മിക്കവാറും നഗരങ്ങളില്‍-കൂലിത്തൊഴിലാളികളായുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവര്‍ സെന്‍സസിലും ജനസംഖ്യാ കണക്കുകളിലും ഉള്‍പ്പെടുന്നില്ല. ഇവരുടെ ക്യാമ്പുകള്‍ ചേരികളായി രൂപമെടുക്കുന്നത് കേരളത്തിന്റെ സാമൂഹ്യ അവസ്ഥയ്ക്ക് കളങ്കമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ അന്യസംസ്ഥാന നിര്‍മാണ തൊഴിലാളികള്‍ നഗരത്തില്‍ എത്തിപ്പെടാനും കൂടുതല്‍ ചേരികള്‍ രൂപപ്പെടാനുമാണ് പുതിയ കെട്ടിട നിര്‍മ്മാണ ഭേദഗതി സഹായകമാകുക. നിയമഭേദഗതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ആരുടെ താല്‍പര്യത്തിനു വഴങ്ങിയാണ് ഭേദഗതികളെന്നു സ്പഷ്ടമാകും.

ബഹുനില മന്ദിരത്തിന്റെ നിര്‍വചനം പോലും മാറ്റിയിരിക്കുന്നു. ഫ്ളോര്‍ ഏരിയ റേഷ്യോവില്‍ വരുത്തിയ വ്യത്യാസം നഗരകേന്ദ്രങ്ങളില്‍ ജനസാന്ദ്രത വളരെയേറെ വര്‍ദ്ധിപ്പിക്കും. ഇടുങ്ങിയ റോഡുകളുടെ ഇരുവശത്തും വന്‍കെട്ടിടങ്ങളുണ്ടാക്കുന്നത് ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിക്കും. കുടിവെള്ളം, മാലിന്യപരിപാലനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കണക്കിലെടുക്കാതെയുള്ള അനിയന്ത്രിതമായ വളര്‍ച്ചയായിരിക്കും ഫലം. നഗര കേന്ദ്രങ്ങളില്‍ പണിയുന്ന അപ്പാട്ടുമെന്റുകള്‍ കേരളത്തിലെ പാര്‍പ്പിട പ്രശ്നത്തിനു പരിഹാരമാകില്ല. പാര്‍പ്പിട പ്രശ്നം കൂടുതല്‍ ഗുരതരമാക്കുകയേ ഉള്ളൂ. അപ്പാര്‍ട്ടുമെന്റുകള്‍ പണക്കാര്‍ക്ക് ലാഭകരമായി നിക്ഷേപം നടത്താനുള്ള ഒരു ഏര്‍പ്പാടാണ്. ദുര്‍ലഭമായ നിര്‍മ്മാണ വസ്തുക്കള്‍ ഈ മേഖലയില്‍ ഉപയോഗിക്കപ്പെടുമ്പോള്‍ ഭവന രഹിത കുടുംബങ്ങള്‍ക്ക് വീടുപണിയുക എന്നത് അസാധ്യമായിരിക്കും.

ആള്‍താമസമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന 12 ലക്ഷത്തോളം വീടുകള്‍ കേരളത്തിലുണ്ടെന്നാണ് 2011 ലെ സെന്‍സസ് നല്‍കുന്ന വിവരം. ഈ സംഖ്യ കൂട്ടാനായിരിക്കും ഇന്നത്തെ പരിഷ്കാരം സഹായിക്കുക. ബഹുനിലകെട്ടിടങ്ങളിലെ താമസക്കാരുടേയും പരിസര വാസികളുടേയും സുരക്ഷക്ക് ഒരു പരിഗണനയും നല്‍കാത്തതാണ് നിയമഭേദഗതി. നാഷണല്‍ ബില്‍ഡിംഗ് കോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ കണക്കിലെടുത്ത് നല്‍കിയിട്ടുള്ള എല്ലാ നിര്‍ദ്ദേശങ്ങളും അവഗണിക്കപ്പെട്ടിരിക്കുന്നു. അഗ്നിബാധ ഉണ്ടായാല്‍ അഗ്നിശമന സംവിധാനത്തിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ കെട്ടിടത്തിലെ നാലുവശത്തും തടസ്സമില്ലാത്ത വഴി ഉണ്ടാകണം.

കേരളത്തില്‍ കെട്ടിട നിര്‍മ്മാണത്തിനിടയില്‍ അയല്‍ പക്കത്തുള്ളവര്‍ക്ക് അപകടം സംഭവിച്ച അനുഭവമുണ്ട്. ഇത് അവഗണിക്കപ്പെട്ടിരിക്കുന്നു. അപകടമുണ്ടായാല്‍ സുരക്ഷിതമായി ഒഴിച്ചു മാറ്റുന്നതിന് ബഹുനില മന്ദിരത്തിലേക്കു പ്രവേശനം നല്‍കുന്ന റോഡിന് രണ്ടുവരി വാഹനഗതാഗതം സാധ്യമാക്കുന്ന വീതിയെങ്കിലും (7 മീറ്റര്‍) വേണം. നിയമഭേദഗതി ഇത് വേണ്ടെന്നു വെച്ചിരിക്കുന്നു. റോഡുഗതാഗതം സാധ്യമല്ലാത്ത ദ്വീപുകളില്‍ ബഹുനില മന്ദിരങ്ങളും വാണിജ്യ സമുച്ചയങ്ങളും അനുവദിക്കാനുള്ള നീക്കം ലാഭം കണ്ട് ദ്വീപുകളില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുള്ള റിയല്‍ എസ്റ്റേറ്റുകാരുടെ താല്പര്യപ്രകാരമാണ്. ഇത് പാരിസ്ഥിതികമായ ദുരന്തമാണുണ്ടാക്കുക. 100 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം വരുന്ന പ്രോജക്ടുകള്‍ക്കുള്ള ഏകജാലക സംവിധാനം നിയമ ഭേദഗതിയുടെ യഥാര്‍ത്ഥ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്. നിലവിലെ നിയമങ്ങള്‍ തന്നിഷ്ടപ്രകാരം വന്‍നിര്‍മ്മിതികള്‍ നടത്തുന്നതിന് തടസ്സമാണ്. പാരിസ്ഥിതികവും, സുരക്ഷാ സംബന്ധവുമായ എല്ലാ നിയന്ത്രണങ്ങളെയും അതിജീവിച്ച് വന്‍കിട നിര്‍മ്മാതാക്കള്‍ക്ക് പ്രത്യേക അവകാശമെന്ന നിലയില്‍ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കാനാണുദ്ദേശ്യമെന്നു വ്യക്തം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംബന്ധിച്ച ഭേദഗതിയും സുരക്ഷാകാഴ്ചപ്പാടില്‍ അപകടകരമാണ്.

ദേശീയ ബില്‍ഡിംഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി ശാസ്ത്രീയമായി വേണം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ രൂപപ്പെടുത്താന്‍. സമഗ്രവും സ്ഥായിയായതുമായ വികസനത്തിനാണ് അതു സഹായകമാകേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ ഭേദഗതി ഈ ലക്ഷ്യങ്ങളില്‍ നിന്നുള്ള പിന്നോട്ടുപോകലാണ്. കഴിയുന്നിടത്തൊക്കെ വന്‍കിട കെട്ടിടങ്ങള്‍ പണിയുകയും അതിനുവേണ്ടി നീര്‍ത്തടങ്ങളും നെല്‍വയലുകളുമെല്ലാം നികത്തിയെടുക്കുകയും ലക്ഷ്യമിട്ടു നടക്കുന്ന ഭൂമാഫിയയ്ക്കുവേണ്ടിയാണ് ഇപ്പോഴത്തെ നിയമഭേദഗതി. കേരളത്തിന്റെ നാളെയെ കരുതി നിര്‍ദ്ദിഷ്ട കെട്ടിട നിര്‍മ്മാണചട്ട ഭേദഗതി യാതൊരു കാരണവശാലും നടപ്പാക്കപ്പെടരുത്. കേരളത്തെ മൊത്തമായി ഭൂമാഫിയക്കും നിര്‍മ്മാണ ലോബിക്കും കൈമാറാനുള്ള യു.ഡി.എഫ് നീക്കം എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്.

*
പ്രൊഫ.പി.കെ.രവീന്ദ്രന്‍ ചിന്ത വാരിക 18 ജനുവരി 2013

No comments: