Monday, January 21, 2013

ഇടതുപക്ഷം അന്നേ പറഞ്ഞത്

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ സ്വീകരിക്കുന്നതില്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ "മൃഗീയമായവാസ" തന്നെയാണ് പ്രകടിപ്പിക്കുന്നത്. ഇന്ധനവില കൂട്ടിയും ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചും ബാങ്കിങ് സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തിയും പണംനേരിട്ടുനല്‍കുക എന്നപേരില്‍ സബ്സിഡികള്‍ വെട്ടിക്കുറച്ചും റെയില്‍വേ യാത്രാനിരക്ക് കൂട്ടിയുമാണ് ഈ മൃഗീയവാസന പ്രകടിപ്പിക്കുന്നത്. സാമ്പത്തികവിദഗ്ധന്‍കൂടിയായ ഡോ. മന്‍മോഹന്‍സിങ്ങാണ് ഈ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പളനിയപ്പന്‍ ചിദംബരവും ആനന്ദ്ശര്‍മയും കപില്‍സിബലും ശക്തമായ പിന്തുണയും നല്‍കുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ധനമന്ത്രിയായി നിയമിതനായ ഈ മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനാണ് ഇന്ത്യയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണ നയം നടപ്പാക്കിയത്. സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രീകരിച്ചുള്ള ഈ ഉദാരവല്‍ക്കരണ നയം ഒരിക്കലും ഇവിടത്തെ പട്ടിണിപ്പാവങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയിരുന്നില്ല. എങ്കിലും മന്‍മോഹന്‍സിങ് സ്വീകരിക്കുന്ന സാമ്പത്തികനയങ്ങളെ വാനോളം പുകഴ്ത്താനാണ് പലര്‍ക്കും താല്‍പ്പര്യം. എന്നാല്‍, സാമ്പത്തിക ശാസ്ത്രത്തിലെ നൊബേല്‍ ജേതാക്കളായ ജോസഫ് സ്റ്റിഗ്ലിറ്റ്സും അമര്‍ത്യസെന്നും മന്‍മോഹന്‍സിങ് സ്വീകരിച്ച ഉദാരവല്‍ക്കരണ നയങ്ങളെ അതേപടി അംഗീകരിക്കുന്നില്ല. സ്റ്റിഗ്ലിറ്റ്സ് ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തെ ചോദ്യംചെയ്യുമ്പോള്‍ നേരിട്ട് പണം കൈമാറുന്ന പദ്ധതിയെയാണ് ഇന്ത്യക്കാരന്‍കൂടിയായ അമര്‍ത്യസെന്‍ ചോദ്യംചെയ്യുന്നത്.

രണ്ടാംഘട്ട സാമ്പത്തിക ഉദാരവല്‍ക്കണനയത്തിന് തുടക്കമിട്ട് മന്‍മോഹന്‍സിങ് കൊണ്ടുവന്ന നടപടിയാണ് ചില്ലറവില്‍പ്പനമേഖലയില്‍ മള്‍ട്ടിബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം. സ്വന്തം സര്‍ക്കാരിന്റെ ഭാവിയെപ്പോലും അമ്മാനമാടിയാണ് മന്‍മോഹന്‍സിങ് വാള്‍മാര്‍ട്ട് പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്കായി ഈ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, യുപിഎ സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നതല്ലെന്നാണ് ലോകബാങ്കിന്റെ മുന്‍ മുഖ്യ ഉപദേശകനും നിലവില്‍ കൊളംബിയ സര്‍വകലാശാലയിലെ പ്രൊഫസറുമായ സ്റ്റിഗ്ലിറ്റ്സിന്റെ അഭിപ്രായം. ഒക്ടോബറിലും ജനുവരിയിലുമായി ഇന്ത്യയില്‍ വന്ന വേളയില്‍, കിട്ടുന്ന എല്ലാ വേദികളിലും അഭിമുഖങ്ങളിലും സ്റ്റിഗ്ലിറ്റ്സ് ഇത് ആവര്‍ത്തിക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ വാദങ്ങള്‍ ഇങ്ങനെ സമാഹരിക്കാം.

1. ചില്ലറവില്‍പ്പനമേഖലയിലെ വിദേശനിക്ഷേപം കര്‍ഷകരെ സഹായിക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. ഏക ഉപയോക്താവ് എന്ന ആനുകൂല്യവും (വില്‍പ്പനക്കാരനേക്കാള്‍ ഉപയോക്താവ് സൃഷ്ടിക്കുന്ന കുത്തക) ചൈനയില്‍നിന്ന് ചുരുങ്ങിയ വിലയ്ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള കഴിവും ബഹുരാഷ്ട്രകമ്പനികള്‍ക്ക് മാത്രമായിരിക്കും നേട്ടമാകുക. ഒരിക്കലും സാമ്പത്തിക വളര്‍ച്ച നേടാനുള്ള നല്ല അടിസ്ഥാനമായിരിക്കില്ല ഇത്.

2. വിദേശകമ്പനികള്‍ വരുന്നതോടെ വിതരണശൃംഖല മെച്ചപ്പെടുമെന്നത് രസകരമായ വാദമാണ്. ഇത് ശരിയാണെന്നതിന് മറ്റ് രാജ്യങ്ങളില്‍നിന്ന് തെളിവൊന്നും ലഭ്യമല്ല. എന്നാല്‍, ഈ വാദത്തിന് എതിരായ തെളിവുകള്‍ എത്രവേണമെങ്കിലും നിരത്താന്‍ കഴിയുകയുംചെയ്യും.

3. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചാലുണ്ടാകുന്ന ഏറ്റവും വലിയ പ്രത്യാഘാതം ആഭ്യന്തര ഉല്‍പ്പാദനം വിദേശരാജ്യങ്ങളിലേക്ക് വഴിമാറുമെന്നതാണ്.

4. വിദേശകമ്പനികള്‍ക്ക് ചില്ലറവില്‍പ്പന മേഖലയില്‍ ചെയ്യാന്‍കഴിയുന്ന കാര്യങ്ങളെല്ലാം ഇന്ത്യന്‍ കമ്പനികള്‍ക്കും ചെയ്യാന്‍ കഴിയും. മാത്രമല്ല, ഇന്ത്യയില്‍ മൂലധനത്തിന്റെ കുറവില്ലെന്നു മാത്രമല്ല അവ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയുമാണ്.

5. വാള്‍മാര്‍ട്ടും മറ്റും വില്‍ക്കുന്ന 30 ശതമാനം സാധനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതായിരിക്കണം എന്ന ന്യൂഡല്‍ഹിയുടെ നിബന്ധനയും പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കപ്പെടില്ല. എളുപ്പത്തില്‍ നശിച്ചുപോകുന്ന പച്ചക്കറികളും പാലും മറ്റുമായിരിക്കും ഈ 30 ശതമാനം നിബന്ധന പാലിക്കാന്‍ വാള്‍മാര്‍ട്ടും മറ്റും വാങ്ങുക. മറ്റ് സാധനങ്ങള്‍ മുഴുവന്‍ ചൈനപോലുള്ള വിലകുറഞ്ഞ് ലഭിക്കുന്ന പ്രദേശങ്ങളില്‍ നിന്നായിരിക്കും കൊണ്ടുവരിക. സ്വാഭാവികമായും ഇന്ത്യന്‍ ചെറുകിട വ്യവസായങ്ങളെയും കാര്‍ഷികമേഖലയെയും മറ്റും ഇത് ദോഷകരമായി ബാധിക്കും.

ദക്ഷിണാഫ്രിക്കയില്‍ വാള്‍മാര്‍ട്ട് പോലുള്ള ചില്ലറവില്‍പ്പന മേഖലയിലെ ഭീമന്മാരോട് അവരുടെ ആഗോള വിതരണശൃംഖലയില്‍ ദക്ഷിണാഫ്രിക്കന്‍ ഉല്‍പ്പന്നങ്ങളെയും പെടുത്തണമെന്ന ആവശ്യം ഉയരുകയുണ്ടായി. കാരണം വാള്‍മാര്‍ട്ട് പോലുള്ള കമ്പനികളുടെ വരവോടെ തൊഴില്‍നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയത്. ഈ വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന പണം കൈമാറ്റപദ്ധതി മാന്ത്രികവടിയല്ലെന്നും അതിന്റെ എല്ലാ വശങ്ങളും തുറന്ന മനസ്സോടെ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് അമര്‍ത്യസെന്നിന്റെ ഉപദേശം. ആനുകൂല്യങ്ങള്‍ പണമായി നല്‍കുന്ന രീതി മാത്രമല്ല, എത്രമാത്രം ആര്‍ക്ക് എന്തിന് പകരം കൈമാറുന്നുവെന്ന ചോദ്യവും പ്രസക്തമാണെന്ന് അമര്‍ത്യസെന്‍ പറയുന്നു. ഭക്ഷ്യസബ്സിഡി പണമായി കൈമാറുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നു. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഭക്ഷ്യവസ്തുക്കള്‍തന്നെ നല്‍കുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ത്യന്‍ സമൂഹത്തിലെ പക്ഷപാതപരമായ മുന്‍ഗണനാക്രമമനുസരിച്ച് ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി പണമായി നല്‍കുന്നത് പ്രായപൂര്‍ത്തിയായവര്‍ക്കും ആണ്‍കുട്ടികള്‍ക്കുമാണ് പ്രയോജനപ്പെടുകയെന്നും അദ്ദേഹം പറയുന്നു. അതായത് പെണ്‍കുട്ടികള്‍ക്ക് ഇവിടെയും അവഗണനയായിരിക്കും ഫലമെന്നാണ് അദ്ദേഹം "ദ ഹിന്ദുവി"ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ നടപ്പാക്കുന്ന തീവെട്ടിക്കൊള്ളയെപോലും അംഗീകരിക്കുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയുടെ അധ്യക്ഷനായ സി രംഗരാജന്‍പോലും അതിസമ്പന്നരുടെ നികുതി 30 ശതമാനമായി വര്‍ധിപ്പിക്കണമെന്ന് "ഇക്കോണമിക് ടൈംസി"ന് നല്‍കിയ അഭിമുഖത്തില്‍ ശുപാര്‍ശചെയ്തു. മാര്‍ഗരറ്റ് താച്ചറുടെയും റൊണാള്‍ഡ് റീഗന്റെയും കാലത്താണ് അതിസമ്പന്നരുടെ നികുതി കുറയ്ക്കുന്ന നയത്തിന് ലോകത്തില്‍ പ്രചാരം ലഭിച്ചത്. എന്നാല്‍, അമേരിക്ക 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായി അതിസമ്പന്നര്‍ക്ക് നികുതി കൂട്ടാന്‍ ശ്രമിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാണ്ടെയും അതിസമ്പന്നര്‍ക്ക് നികുതി കൂട്ടുമെന്ന് പറഞ്ഞു.

എന്നാല്‍, യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അതിസമ്പന്നര്‍ക്ക് ഇളവ് നല്‍കുകയല്ലാതെ നികുതി വര്‍ധിപ്പിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ 5.28 ലക്ഷം കോടി രൂപയാണ് അതിസമ്പന്നര്‍ക്ക് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കിയത്. അതിനാലാണ് ജിഡിപി- നികുതി അനുപാതം 2007 ല്‍ 11.9 ശതമാനമായിരുന്നത് 9.7 ശതമാനമായി കുറഞ്ഞത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ബ്രസീല്‍, ദക്ഷിണ കൊറിയ, മലേഷ്യ, ജര്‍മനി, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെയും പിറകിലാണ് ഇന്ത്യയെന്നര്‍ഥം. ഇത് മാറ്റണമെന്ന നിര്‍ദേശമാണ് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍കൂടിയായ രംഗരാജന്‍ മുന്നോട്ടുവച്ചത്. ഇടതുപക്ഷം ഏത്രയോ കാലമായി പറയുന്ന നിര്‍ദേശമാണിത്. ധനകമ്മി പരിഹരിക്കാനെന്നപേരില്‍ സബ്സിഡി വെട്ടിക്കുറച്ചും, റെയില്‍വേ യാത്രക്കൂലിയും ഇന്ധനവിലയും വര്‍ധിപ്പിക്കുന്നതിന് പകരം അതിസമ്പന്നരെയും മറ്റും നികുതിവലയിലാക്കണമെന്നതാണ് ആ നിര്‍ദേശം. വൈകിയാണെങ്കിലും രംഗരാജനും അത് ബോധ്യപ്പെട്ടിരിക്കുന്നു. ടോള്‍സ്റ്റോയിയുടെ കഥാപാത്രം ആക്സിനോവ് പറഞ്ഞത് "ദൈവം സത്യം കാണും പക്ഷേ, താമസിക്കും" എന്നാണ്. ഇപ്പോള്‍ ഇവിടെ ഉദാവല്‍ക്കരണ ദൈവങ്ങള്‍ വൈകിയാണെങ്കിലും സത്യം കാണാന്‍ തുടങ്ങിയോ? ആരെന്ത് ആക്ഷേപിച്ചാലും ഇടതുപക്ഷം പറയുന്നത് സത്യമാണെന്ന വസ്തുതയാണ് ഇവിടെ തെളിയുന്നത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 21 ജനുവരി 2013

No comments: