Thursday, January 17, 2013

കുഞ്ചിപ്പെട്ടിയും ഷെയര്‍മാര്‍ക്കറ്റിലേക്ക്

സാധാരണക്കാര്‍ക്ക് വേണ്ടത്ര വായ്പയും ബാങ്കിങ് സൗകര്യവും കിട്ടത്തക്കവിധം കൂടുതല്‍ ബാങ്കുകള്‍ തുടങ്ങുക, അതിനുവേണ്ട ജീവനക്കാരെ ഉടന്‍ നിയമിക്കുക, ഇതിനൊക്കെ വേണ്ടിവരുന്ന കാശ് കണ്ടെത്താന്‍ വിദേശ മൂലധനത്തെ പ്രോത്സാഹിപ്പിക്കുക - അതുവഴി ലോകോത്തര ബാങ്കുകളില്‍ രണ്ടുമൂന്നെണ്ണമെങ്കിലും ഇന്ത്യയുടേതാക്കുക! എത്ര ജനോപകാരപ്രദവും രാജ്യസ്നേഹ പ്രേരിതവുമാണ് തന്റെ നടപടികള്‍ എന്നാണ് ബാങ്കിങ് ഭേദഗതി ബില്ല് ലോക്സഭയില്‍ പാസ്സാക്കിയ ഉടനെ ധനമന്ത്രി ചിദംബരം ചോദിച്ചത്! പെട്ടെന്ന് ആരും പെട്ടുപോകും ഈ ചോദ്യം കേട്ടാല്‍. ഒട്ടനവധി ബഹുരാഷ്ട്ര കുത്തകകള്‍ വെറുതെയല്ല ചിദംബരത്തെയും കുടുംബത്തേയും തങ്ങളുടെ വക്കാലത്ത് ഒപ്പിട്ടേല്‍പ്പിച്ചത്. ഇന്ത്യക്കാര്‍ കുറഞ്ഞ ചെലവില്‍ ക്യാന്‍സറിനുള്ള മരുന്നുണ്ടാക്കി തങ്ങളുടെ ലാഭം കുറച്ചുകളയും എന്ന് കണ്ട നൊവാര്‍ട്ടീസ് എന്ന കുത്തകക്കമ്പനി തങ്ങള്‍ക്ക് വാദിക്കാനായി കണ്ടെത്തിയത് ഇതേ ചിദംബരത്തെത്തന്നെയായിരുന്നു എന്നത് യാദൃച്ഛികമല്ല. ധനമന്ത്രി പാര്‍ലമെന്റിലും പുറത്തും പറഞ്ഞത് വര്‍ധിച്ചുവരുന്ന ബാങ്കിങ് ആവശ്യം നിറവേറ്റാന്‍ ഇനിയും ബാങ്കുകള്‍ തുറക്കുമെന്നാണ്. അതിനായി ഇന്ത്യയിലെ കോര്‍പ്പറേറ്റ് സെക്ടറിന് അനുവാദം നല്‍കുമെന്നാണ്!

അതുവഴി ചിദംബരം സമ്മതിക്കുന്നത് ദേശസാല്‍കൃത ബാങ്കുകളുടെ ആയിരക്കണക്കിന് ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടിയത് തെറ്റായിരുന്നു എന്നാണ്. മാത്രവുമല്ല, കഴിഞ്ഞ ഫെബ്രുവരി 20ന് സോണിയാഗാന്ധി കൊട്ടും കുരവയുമിട്ട് ഉദ്ഘാടനംചെയ്ത "സ്വാഭിമാന്‍" പദ്ധതി വിഭാവനം ചെയ്യുന്ന തരത്തിലുള്ള ശാഖാരഹിതബാങ്കിങ് സംവിധാനമല്ല നാടിന് വേണ്ടത് എന്നാണ്. ഉള്ള ഗ്രാമീണ ശാഖകളാകെ അടച്ചുപൂട്ടിക്കൊണ്ട്, ഗ്രാമ പ്രദേശങ്ങളിലേക്ക് പിരിവുകാരെ അയച്ച് യൂസര്‍ഫീ ചുമത്തി ഗ്രാമീണരുടെ ബാങ്കിങ് ആവശ്യം നിറവേറ്റുന്ന ഒരു രീതിയാണ് സ്വാഭിമാന്‍ എന്ന പേരില്‍ കെട്ടിയെഴുന്നെള്ളിച്ചിരുന്നത്! ഇന്ത്യയില്‍ 73,000 മനുഷ്യവാസകേന്ദ്രങ്ങളില്‍ ബാങ്കിങ് സൗകര്യമെത്തിക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്വാഭിമാന്‍ പദ്ധതിയുടെ ലക്ഷ്യം ധനപരമായ ഉള്‍ചേര്‍ക്കലാണത്രെ! പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട പാര്‍ശ്വവല്‍കൃത സമുദായങ്ങളിലേക്ക് ബാങ്കിങ്ങിന്റെ സഹായ ഹസ്തം! കേട്ടാല്‍ എത്ര ആശ്വാസകരം! എന്നാല്‍ ഇതിനുപിന്നിലുള്ള കളികള്‍ അറിയണമെങ്കില്‍, രഘുരാം രാജന്‍ എന്ന പഴയ ഐഎംഎഫ് ഉപദേഷ്ടാവ് (ഇപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയെ ഉപദേശിക്കുന്നു) സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാണണം. ഗ്രാമ പ്രദേശങ്ങളിലെ സാധാരണ മനുഷ്യര്‍ക്ക് പട്ടണങ്ങളില്‍നിന്ന് ബസ്സുകളില്‍ സഞ്ചരിച്ച് പാന്റ്സും ധരിച്ചെത്തുന്ന ബാങ്കു ജീവനക്കാരെ വിശ്വാസമില്ലത്ര. എന്നാല്‍ സേവനതല്‍പരരായി സദാ തുറന്നുവെച്ചവരും ക്ഷിപ്രപ്രാപ്യരുമായ ഹുണ്ടികക്കാരെ അവര്‍ക്കേറെ വിശ്വാസമാണ്, കാര്യമാണ്. അതുകൊണ്ട് സാധാരണക്കാര്‍ക്ക് വായ്പ എത്തിക്കണമെങ്കില്‍ എളുപ്പവഴി അത് ഹുണ്ടികക്കാര്‍ വഴി എത്തിക്കലാണ്. നിലവിലുള്ള ഗ്രാമീണ ബാങ്കുകളും സഹകരണ ബാങ്കുകളുമുണ്ടല്ലോ, അവയില്‍ നഷ്ടത്തിലുള്ളവ അടച്ചു പൂട്ടുക, ലാഭത്തിലോടുന്നവ സ്വകാര്യവല്‍ക്കരിക്കുക- എന്നിട്ട് ഹുണ്ടികക്കാര്‍ വഴി വായ്പാ വിതരണം നിറവേറ്റുക!

അതേ അവസരം നാട്ടിന്‍പുറത്തുകാരുടെ അക്കൗണ്ടുകളില്‍ കിടക്കുന്ന തുച്ഛസംഖ്യകള്‍ വെറുതെ പ്രയോജനരഹിതമായിപ്പോകുന്നതിനെക്കുറിച്ച് ഒരു വിലാപ കാവ്യംതന്നെ രചിച്ചിട്ടുണ്ട് രഘുരാം രാജന്‍. വളരെ ചുരുങ്ങിയ പലിശയല്ലേ അവര്‍ക്ക് കിട്ടുന്നുള്ളു, ആകയാല്‍ പട്ടണപ്പരിഷ്കാരികള്‍ക്ക് കിട്ടുന്ന ധന സേവനങ്ങള്‍- നിക്ഷേപത്തിന് വന്‍തുക തിരിച്ചുകിട്ടാനിടയുള്ള ഓഹരിച്ചന്ത പോലുള്ള സൗകര്യങ്ങള്‍- അവര്‍ക്കും കിട്ടിയേ പറ്റൂ. അതിനെന്ത് വഴി എന്നന്വേഷിച്ച് ഏറെ കഷ്ടപ്പെട്ട രഘുരാം രാജന്‍ കണ്ടെത്തുന്ന ഒരു വിദ്യയാണ് ഗ്രാമീണരെ കണ്ണിചേര്‍ക്കല്‍! ഒരു ചെറിയ സിം കാര്‍ഡുപയോഗിച്ച് ശതകോടി ഇന്ത്യക്കാരെ ഒരൊറ്റച്ചരടില്‍ കോര്‍ത്തിണക്കിയ ടെലികോമില്‍ നിന്ന് സാങ്കേതിക വിദ്യയുടെ പാഠം പഠിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നുണ്ട്. എന്നുവെച്ചാല്‍ നാട്ടുമ്പുറത്തുകാരുടെ നക്കാപ്പിച്ച സമ്പാദ്യത്തെക്കൂടി മഹാനഗരങ്ങളിലെ ഊഹക്കച്ചവട മാര്‍ക്കറ്റുകളിലേക്ക് എത്തിക്കാനുള്ള വഴി തേടുകയായിരുന്നു രഘുരാം രാജന്‍. അതിനുള്ള കണ്ടെത്തലാണ് ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍! ഒരു വെടിക്ക് രണ്ടു പക്ഷി എന്നല്ല, അനേക തരം പക്ഷികളാണ് ഒറ്റയടിക്ക് തീന്‍മേശയിലേക്ക് നേരിട്ടെത്തുന്നത്.

എങ്ങനെയെന്നല്ലേ?

തങ്ങളും ഉള്‍ച്ചേര്‍ക്കപ്പെടുകയാണ് എന്നൊരു തോന്നല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ ഉണ്ടാക്കാനായാല്‍ അവരുടെ കുഞ്ചിപ്പെട്ടിയിലെ സമ്പാദ്യങ്ങള്‍ ഷെയര്‍മാര്‍ക്കറ്റിലും, കൈയിലെ വോട്ട് തങ്ങളുടെ പെട്ടികളിലും എത്തിക്കാം. രണ്ട്, നിലവിലുള്ള ബാങ്കിങ് സംവിധാനം കൈകാര്യം ചെയ്യുന്ന പണികളത്രയും മൊത്തത്തില്‍ പാട്ടത്തിനെടുത്ത് ലാഭമൂറ്റാന്‍ വന്‍കിടക്കാര്‍ക്ക് സൗകര്യമൊരുക്കാം. ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ മൊത്തം ചുമതല ഇന്‍ഫോസിസ് പോലുള്ള വമ്പന്‍ കമ്പനികളെയാണ് ഏല്‍പ്പിക്കുന്നത്. അവര്‍ ചില സര്‍ക്കാറിതര സംഘടനകളെ അപ്പണി ഏല്‍പ്പിക്കും. അക്കൂട്ടരാണ് ആയിരമോ രണ്ടായിരമോ നല്‍കി തൊഴിലില്ലാച്ചെറുപ്പക്കാരെ ബിസിനസ്സ് ഫെസിലിറ്റേറ്റര്‍ എന്ന പേരില്‍ നാട്ടിന്‍പുറങ്ങളിലേക്ക് അയക്കുക- ബാങ്ക് ജീവനക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി ഏറ്റെടുത്ത് ചെയ്യാന്‍. ശാഖാരഹിത ബാങ്കിങ് എന്നാണ് അതിന് പേര്. വട്ടിപ്പണം പിരിക്കാന്‍ മോട്ടോര്‍ബൈക്കില്‍ സഞ്ചിയും തൂക്കി നേരം പുലരുമ്പോള്‍ എത്തുന്ന അണ്ണാച്ചിമാരെപ്പോലെ അവര്‍ വരും, നിക്ഷേപങ്ങള്‍ സ്വീകരിക്കും, ചെറു വായ്പയും കൊടുക്കും (അതിന് നേരിയ ഒരു യൂസര്‍ഫീസ് വാങ്ങുന്നതിനെക്കുറിച്ചാണ് ആലോചന!) ബാങ്കിങ് മേഖലയിലെ ജീവനക്കാരാകട്ടെ, തൂപ്പുകാര്‍ മുതല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വരെയുള്ളവര്‍ ഒന്നിച്ച് ഒറ്റക്കെട്ടായി പുതിയ പരിഷ്കാരങ്ങള്‍ക്കെതിരായി സമരരംഗത്തുള്ളതുകൊണ്ടാണ് വേണ്ടുംവിധം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനാവതെ പോയത്. ഈ മാര്‍ഗതടസ്സം ഒറ്റയടിക്ക് ഒഴിവാക്കാനായി നടപ്പാക്കി ക്കൊണ്ടിരിക്കുന്ന ശ്രമങ്ങളിലൊന്നാണ് ഔട്ട്സോഴ്സിങ് - പുറം കരാര്‍ പണി. ഈ സ്വാഭിമാന്‍ പദ്ധതിയാകട്ടെ, ഏറ്റവും വലിയ പുറം കരാര്‍ പണിയായി മാറും. പാവപ്പെട്ടവര്‍ക്ക് വായ്പ ലഭിക്കലാണ് പ്രശ്നം, പലിശ എത്ര എന്നതല്ല എന്ന നിരീക്ഷണം ലോക ബാങ്കിന്റേതായി ഉണ്ട്. ബാങ്കുകളുടെ സഹായത്തോടെ ഹുണ്ടികക്കാര്‍ വഴി വായ്പകള്‍ എത്തിക്കാം, മൈക്രോ ക്രെഡിറ്റ് സംവിധാനം വേറെയുമുണ്ട്. അവിടെയും വന്‍കിടക്കാര്‍ സ്ഥാനം പിടിച്ചടക്കിക്കഴിഞ്ഞു. (ഇന്ത്യന്‍ മൈക്രോ ക്രെഡിറ്റ് മേഖലയില്‍ പിടിമുറുക്കിയ വമ്പന്മാരില്‍ ഒരാള്‍ അന്താരാഷ്ട്ര ഭീമന്‍ ജോര്‍ജ് സോറോസാണ്) സാധാരണക്കാരായ മനുഷ്യരെ ബാങ്കിങ്ങില്‍നിന്ന് പിഴുതെറിയാന്‍ ഇങ്ങനെ നാനാതരം സംവിധാനങ്ങള്‍ രൂപപ്പെട്ടുകഴിഞ്ഞു. അപ്പോള്‍ ബാങ്കുകള്‍ ചെയ്യേണ്ട പണിയോ? അതിന്റെ ഘടനതന്നെ മാറിമറിയുകയാണ്.

ചെറിയ പലിശക്ക് നിക്ഷേപം സ്വീകരിച്ച് കൂടുതല്‍ ഉയര്‍ന്ന പലിശക്ക് ആ സംഖ്യ വായ്പയായിക്കൊടുത്ത് കിട്ടുന്നതായിരുന്നല്ലോ ബാങ്കുകളുടെ ലാഭം. അതപ്പടി മാറിക്കൊണ്ടിരിക്കുകയാണ്. ചിദംബരം അവതരിപ്പിച്ച ബില്ലില്‍നിന്ന് അവസാന നിമിഷം അദ്ദേഹം കൈയൊഴിച്ച ഒരു വകുപ്പുണ്ട്, ബില്ല് എങ്ങനെയും പാസ്സാക്കിക്കിട്ടാനുള്ള തിടുക്കത്തില്‍! (തള്ളയും പിള്ളയും ചത്തുപോകും എന്ന ഘട്ടം വന്നാല്‍ പിള്ള പോയാലും തള്ള ജീവിക്കട്ടെ എന്നു കരുതി ചിദംബരം!) ബാങ്കുകള്‍ക്ക് ഊഹക്കച്ചവടത്തിന് അനുമതി നല്‍കുന്ന ഒരു വകുപ്പായിരുന്നു അത്. നേരിട്ട് ചരക്കുകളുടെ കച്ചവടത്തിലും ഊഹക്കച്ചവടത്തിലും ഇടപെടാനുള്ള അവസരമൊരുക്കാനായിരുന്നു ഇത്. അതിന്റെ പിന്നാമ്പുറക്കഥകള്‍കൂടി മനസ്സിലായാലേ ഈ വകുപ്പിന്റെ ഉറവിടം കണ്ടെത്താനാവൂ. 30-കളുടെ മഹാമാന്ദ്യത്തെത്തുടര്‍ന്ന് അമേരിക്കന്‍ ബാങ്കിങ് സംവിധാനത്തെ രക്ഷിച്ചെടുക്കാനായി പാസ്സാക്കിയെടുത്ത ഒരു നിയമമാണ് 1933 ലെ ഗ്ലാസ് സ്റ്റീഗാള്‍ ആക്ട്. ഇതനുസരിച്ച് ബാങ്കുകള്‍ നേരിട്ട് ഓഹരിക്കമ്പോളത്തില്‍ ഇടപെടുന്നത് അവസാനിപ്പിക്കേണ്ടി വന്നു. നിക്ഷേപകരുടെ കാശെടുത്ത് ചൂതുകളിച്ച് മുടിയരുത് എന്നുതന്നെയായിരുന്നു അത്തരമൊരു നിയമം കൊണ്ടുവന്നതിന്റെ പിന്നില്‍.
എന്നാല്‍ ധനമൂലധനത്തിന്റെ അതിപ്രസരത്തില്‍ ലാഭ വര്‍ധനവിനുള്ള അനേകതരം നവീന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനും അവ തരാതരം വിറ്റു കൈമാറി ലാഭം ഊറ്റാനും ആവും എന്നു വന്നതോടെ, 1980-കളില്‍ ആ പഴയ നിയമം പുതുക്കിയെഴുതണം എന്ന ഒരു വാദമുയര്‍ന്നു. അതിനകം, ധനമൂലധനത്തിന് ആര്‍ജിക്കാനായ മേധാവിത്വം പ്രകടമാക്കിക്കൊണ്ട് അങ്ങനെയാണ് വീണ്ടും ഗ്ലാസ് സ്റ്റീഗാള്‍ ആക്ടിന് ഭേദഗതികള്‍ വന്നതും ബാങ്കുകള്‍ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍ സ്റ്റോറുകളായി മാറണമെന്ന ആവശ്യമുയര്‍ന്നതും! കേള്‍ക്കാന്‍ ഇമ്പമുള്ള പദപ്രയോഗം തന്നെയാണത്. ഫൈനാന്‍ഷ്യല്‍ സൂപ്പര്‍ സ്റ്റോറുകളും അവയുടെ മേല്‍നോട്ടത്തിനിണങ്ങിയ ഫൈനാന്‍ഷ്യല്‍ സൂപ്പര്‍ സ്റ്റാറുകളും. റോക്കറ്റ് സയന്റിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട, ഹയര്‍ മാത്തമാറ്റിക്സും കംപ്യൂട്ടര്‍ സാങ്കേതികവിദ്യയും സാധ്യതാപഠനവുമൊക്കെ കലക്കിക്കുടിച്ച ടെക്നോക്രാറ്റുകളാണ് പുതിയ സൂപ്പര്‍ സ്റ്റാറുകള്‍. അവര്‍ ഒരുക്കിയെടുക്കുന്ന പുത്തന്‍ ധനോല്‍പന്നങ്ങള്‍ ഊഹക്കച്ചവടത്തില്‍ പെരുത്ത്പെരുത്തു വന്നപ്പോള്‍ ഈ ഭകാസുരന്മാര്‍ നാളെ ബാങ്കിങ്ങിനെത്തന്നെ തകര്‍ച്ചയിലേക്ക് നയിക്കും എന്ന് ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റിന്റെ തലവനായ അലക്സാണ്ടര്‍ ലാം ഫാലൂസി അന്നേ ചൂണ്ടിക്കാട്ടിയതാണ്. പക്ഷെ ലാഭം 300% കിട്ടുമെങ്കില്‍ മൂലധനം അതിന്റെ ഉടമയെത്തന്നെ തൂക്കിലേറ്റും എന്നാണല്ലോ. ആ തൂക്കിലേറ്റലാണ് 2007-ല്‍ നൂറുകണക്കിന് ബാങ്കുകള്‍ ഒന്നിച്ച് കുത്തിയൊലിച്ചു പോയ മുതലാളിത്ത പ്രതിസന്ധിയില്‍ ദൃശ്യമായത്. അത് ഇവിടെയും തുടരണമോ എന്നതാണ് ചോദ്യം.

ഊഹക്കച്ചവടത്തിന്റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി ലാഭം കൊയ്ത ധനമൂലധനം വികസിത സമ്പന്ന രാജ്യങ്ങളില്‍ വരുത്തിവെച്ച വിനാശകരമായ ദുരവസ്ഥയിലേക്ക് ഇന്ത്യന്‍ ബാങ്കിങ് മേഖലയും ചെന്നെത്താന്‍ ഇടവരുത്തുന്ന ഒന്നാണ് ഊഹക്കച്ചവടത്തിനുള്ള വാതില്‍ തുറന്നിടാനുള്ള നീക്കം. ഭക്ഷ്യധാന്യങ്ങളുടെ അവധി വ്യാപാരത്തിനെതിരെ ഇടതുപക്ഷം ശക്തമായി നിലപാടെടുത്തപ്പോള്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറിയതും അതോടെ താല്‍കാലികമായെങ്കിലും വിലനിലവാരം താഴ്ത്തി നിര്‍ത്താനായതും ഓര്‍ക്കുക. അത്തരം അവധി വ്യാപാരങ്ങള്‍ക്കായി ബാങ്കുകള്‍ക്ക് അവസരമൊരുക്കുന്നത് വന്‍തോതില്‍ സ്വകാര്യമൂലധനത്തിന് ഈ മേഖലയുടെ വാതിലുകള്‍ തുറന്നിടുമ്പോഴാണ്. പ്രത്യാഘാതം ഗുരുതരമായിരിക്കും എന്നര്‍ഥം. പാര്‍ലമെന്ററി സ്റ്റാന്റിങ്കമ്മിറ്റിയുടെ പരിഗണയ്ക്ക് വരാത്ത ഒരു വിഷയം പുതിയ ഒരു വകുപ്പാക്കി അവതരിപ്പിക്കുകയായിരുന്നു ചിദംബരം. ചരക്കുകളുടെ -അരിയാവാം, ധാന്യങ്ങളാവാം, ഉള്ളിയാവാം ഉരുക്കാവാം- ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ ഇടപെടാന്‍ ബാങ്കുകള്‍ക്കനുവാദം നല്‍കുന്നതായിരുന്നു വകുപ്പ്. അതിന്റെ സാങ്കേതികതയില്‍ പിടിച്ചാണ് ബിജെപി അതിനെ എതിര്‍ത്തത്. സ്റ്റാന്റിങ് കമ്മിറ്റി പരിഗണിക്കാത്ത വിഷയം ബില്ലില്‍ ഉള്‍പ്പെടുത്തിയതിലായിരുന്നു അവരുടെ എതിര്‍പ്പ്. പല്ലി വാല്‍ മുറിച്ചിടുംപോലെ മുറിച്ചിട്ട് പോയ അതേ വകുപ്പിലെ കാര്യങ്ങള്‍ വളഞ്ഞ വഴിയിലൂടെ വേറൊരു ബില്ലിലൂടെ പാസ്സാക്കിയെടുക്കാനാണ് നീക്കം. ബാങ്കിങ് നിയമഭേദഗതി ബില്ലിന് തങ്ങള്‍ ഭേദഗതി വരുത്തി എന്ന് പറഞ്ഞ് ശൗര്യം പ്രകടിപ്പിക്കുന്ന ബിജെപി അപ്പോള്‍ അതിനും കൈപൊക്കും. മാറ്റിവെക്കേണ്ടിവന്ന വേറൊരു വകുപ്പാണ് ബാങ്ക് ലയനങ്ങള്‍ എളുപ്പമാക്കാനായി കണ്ടെത്തിയ കുറുക്കുവഴി.

കോമ്പിറ്റീഷന്‍ കമീഷന്റെ അനുമതിയോടെ വേണം വന്‍ലയനങ്ങളും ഏറ്റെടുക്കലുകളുമൊക്കെ നടത്താന്‍. ഇന്ത്യന്‍ ബാങ്കുകളെ ഒറ്റയടിക്ക് വിഴുങ്ങാന്‍ കാത്തു നില്‍ക്കുന്ന ബഹുരാഷ്ട്രകുത്തക ഭീമന്മാര്‍ക്കാകട്ടെ, ഇങ്ങനെ കോമ്പറ്റീഷന്‍ കമീഷന്റെ ഓഫീസില്‍ പാടുപെട്ടു കിടക്കാനൊന്നും പറ്റില്ലല്ലോ. തങ്ങള്‍ക്ക് പറ്റിയ രീതിയില്‍ നിയമങ്ങള്‍ മാറ്റിയെഴുതിക്കാന്‍ അവര്‍ക്കാവും. അവര്‍ക്കുവേണ്ടി അങ്ങനെ മാറ്റിയെഴുതിയ ഒരിളവാണ് പാര്‍ലമെന്റില്‍ തൂറ്റിപ്പോയത്. കോമ്പിറ്റീഷന്‍ കമീഷന്റെ കടമ്പ കടക്കാതെതന്നെ ബാങ്കുകളുടെ ലയനങ്ങളും ഏറ്റെടുക്കലും നടത്താന്‍ പറ്റിയ രീതിയിലുള്ള ഒരു നിയമ ഭേദഗതിയാണ് ചിദംബരത്തിന് ഉപേക്ഷിക്കേണ്ടിവന്നത്. അതിനെയും മറികടക്കാന്‍ പരിശ്രമിക്കുന്ന ബഹുരാഷ്ട്രകുത്തകക്കള്‍ക്കുവേണ്ടി വീണ്ടും വളഞ്ഞ വഴി കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും ചിദംബരത്തിനായേക്കും.

ദശകങ്ങളായി അന്താരാഷ്ട്ര ധനമൂലധനം ആവശ്യപ്പെട്ടു പോന്ന ഒന്നാണ് നമ്മുടെ ധനമേഖലയുടെ വാതിലുകള്‍ തുറന്നിട്ടുകിട്ടണം എന്നത്. 1986ല്‍ ആരംഭിച്ച ഗാട്ടിന്റെ എട്ടാമത് റൗണ്ട് ചര്‍ച്ചകളിലെ ഒരു പ്രധാന ആവശ്യമായിരുന്നു അത്. 1993ല്‍ മറക്കേഷ് ഉടമ്പടിയോടെ വാതിലുകള്‍ കൂടുതല്‍ മലര്‍ക്കെ തുറന്നിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനു മുമ്പുതന്നെ, പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ 1991 ല്‍തന്നെ ബാങ്കിങ് മേഖല നാടന്‍ മറു നാടന്‍ മൂലധനത്തിന് തുറന്നിട്ട് കിട്ടാനായി നരസിംഹത്തെക്കൊണ്ട് ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിക്കാന്‍ വന്‍കിടക്കാര്‍ക്ക് കഴിഞ്ഞു. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പ വെട്ടിച്ചുരുക്കണമെന്നും ബാങ്കിങ് മേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കാര്യങ്ങള്‍ കമ്പോളത്തിന് വിട്ടു കൊടുക്കണമെന്നും ഒക്കെയായിരുന്നു ശുപാര്‍ശകള്‍. പൊതു മേഖലാബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം, സ്വകാര്യ ബാങ്കുകളുടെ വിദേശ വല്‍ക്കരണം - ഇതു തന്നെയായിരുന്നു ലക്ഷ്യം.

ധനമേഖല പൂര്‍ണമായും കമ്പോള ശക്തികള്‍ക്ക് തുറന്നിട്ടു കിട്ടണം- അതിനായുള്ള ശുപാര്‍ശകള്‍, നടപടികള്‍, നിയമനിര്‍മാണങ്ങള്‍. അതാണ് 2005ലെ ബാങ്കിങ് നിയമ ഭേദഗതിയായി പാര്‍ലമെന്റിലവതരിക്കപ്പെട്ടത്. ബിജെപിയാകട്ടെ, കോണ്‍ഗ്രസ്സാകട്ടെ, ഇന്ത്യയിലെ ഉടമ വര്‍ഗതാല്‍പര്യം കാത്തുസൂക്ഷിക്കുന്ന മറ്റു പ്രാദേശിക കക്ഷികളാകട്ടെ, അവരുടെ അനുഗ്രഹാശിസ്സുകളോടെ ദശകങ്ങളായി നടപ്പാക്കാനിരുന്നതും, എന്നാല്‍ ബാങ്കിങ് മേഖലയിലെ മുഴുവന്‍ യൂണിയനുകളും ഇടതുപക്ഷ കക്ഷികളും ഒന്നിച്ചെതിര്‍ത്തതുകൊണ്ട് പാസ്സാക്കിയെടുക്കാന്‍ ആവാതെ പോയതുമായ വകുപ്പുകളുമാണ് 2011ല്‍ പ്രണബ് കുമാര്‍ മുഖര്‍ജി ധനമന്ത്രിയായിരിക്കെ, ""ഇടതുപക്ഷത്തിന്റെ ചങ്ങലക്കെട്ടുകളില്‍നിന്ന് സ്വതന്ത്രരായ"" രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റിലവതരിപ്പിച്ചത്. സംഗതി വളരെ ലളിതം. ഇന്ത്യയിലെ പൊതു മേഖലാ ബാങ്കുകളില്‍ സ്വകാര്യ ഉടമസ്ഥത ഇപ്പോള്‍ 49 ശതമാനം വരെയാകാം. പക്ഷെ വോട്ടവകാശം ഒരൊറ്റ ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. എത്ര ഷെയര്‍ ഉണ്ടെങ്കിലും വോട്ടവകാശം ഒരുശതമാനം മാത്രം. കാശുള്ളവന്‍ മുതല്‍മുടക്കി ഡയരക്ടര്‍ബോര്‍ഡില്‍ പിടിമുറുക്കി നാട്ടുകാരുടെ നിക്ഷേപം കൈയിട്ടു വാരാതിരിക്കാനായിരുന്നു ഈ നിബന്ധന. നമ്മുടെ ""ഉയര്‍ന്ന ജനാധിപത്യബോധം"" വോട്ടവകാശ പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തിലെത്തി. ബാങ്കുടമകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനാണ് ആദ്യമായി ഇത്തരമൊരു നിര്‍ദേശം ഒരു പഠനം വഴി മുന്നോട്ടുവെച്ചത്. വോട്ടവകാശ പരിധി 10% മാക്കി ഉയര്‍ത്തിയതാണ് പാസ്സാക്കിയ ഒരു ഭേദഗതി. എന്നുവെച്ചാല്‍ സ്വകാര്യ മുതലാളിമാര്‍ക്ക് ഇനി മേലാല്‍ പൊതുമേഖലാ ബാങ്കുകളുടെ ഡയരക്ടര്‍ ബോര്‍ഡുകളില്‍ കയറിക്കളിക്കാം. സ്വകാര്യ ബാങ്കുകളിലാണെങ്കില്‍ വോട്ടവകാശ പരിധി പത്ത് ശതമാനമാണിപ്പോള്‍. അവയുടെ ഷെയറുകളുടെ 74% വരെ കൈവശം വെക്കാന്‍ വിദേശമൂലധനത്തിനാവും. പക്ഷേ വോട്ടവകാശം വെറു പത്തുശതമാനം മാത്രം. നാടന്‍-മറുനാടന്‍ മുതലാളിമാര്‍ ബാങ്കുകളെ കുത്തിച്ചോര്‍ത്താതിരിക്കാനായി കൊണ്ടുവന്ന വ്യവസ്ഥയായിരുന്നു അത്.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളിലെ ഷെയര്‍ ഉടമകള്‍ക്കുള്ള വോട്ടവകാശ പരിധി എടുത്തുകളയണമെന്ന ഡിമാന്റിന് ശക്തികൂടി. എന്നുവെച്ചാല്‍ 74% ഉടമസ്ഥതയിലുള്ള ഒരു വിദേശിക്ക് സ്വകാര്യബാങ്കിനെ ഉള്ളം കൈയിലിട്ട് അമ്മാനമാടാനാകും. നമ്മുടെ പല സ്വകാര്യ ബാങ്കുകളിലും ഇപ്പോള്‍ നിലവിലുള്ള വിദേശി ഉടമസ്ഥത ഇപ്രകരമാണ്. ഇന്‍ഡസ് ഇന്ത് ബാങ്ക് 68.5%, ഐഎന്‍ജി വൈശ്യ ബാങ്ക് 67.3%, ഐസിഐസിഐ ബാങ്ക് 66.3%, യെസ് ബാങ്ക് 58.1%, എച്ച്ഡിഎഫ്സി ബാങ്ക് 45.6 %, ഫെഡറല്‍ ബാങ്ക് 43.5%, ആക്സിസ് ബാങ്ക് 42.1%. 4805 കോടിയാണ് ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളുടെ ആകെ മൂലധനം. അതില്‍ പാതി സ്വന്തമാക്കിയാല്‍ അവ കൈകാര്യം ചെയ്യുന്ന 10,02,759 കോടിയാണ് കൈകാര്യം ചെയ്യാനാവുക. എന്നുവെച്ചാല്‍ പുതുക്കിയ നിയമമനുസരിച്ച് രണ്ട് കമ്പനികളോ ഉടമകളോ ചേര്‍ന്ന് 2400 കോടി ചെലവാക്കി പാതി ഉടമസ്ഥത സ്വന്തമാക്കിയാല്‍, അവര്‍ക്ക് കളിക്കാന്‍ കിട്ടുക പത്ത് ലക്ഷം കോടിയിലേറെയാണ്. വെറുതെയാണോ ഈ ആവശ്യമുന്നയിച്ച് നാടന്‍-മറുനാടന്‍ കുത്തകകള്‍ ദീര്‍ഘകാലമായി സമ്മര്‍ദംചെലുത്തുന്നത്!

പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് മുമ്പാകെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഈ ആപത്ത് ചൂണ്ടിക്കാട്ടിയതാണ്. എന്തായാലും സ്വകാര്യ മൂലധന താല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ സ്റ്റാന്റിങ് കമ്മിറ്റിക്കുപോലും സമ്മതിക്കേണ്ടിവന്നു, അപകടനില ഒഴിവാക്കിയേ പറ്റൂ എന്ന്. അങ്ങിനെയാണ് വോട്ടവകാശ പരിധി എടുത്തുകളയുകയല്ല, 26 ശതമാനമാക്കി വര്‍ധിപ്പിക്കുകയാണ് വേണ്ടത് എന്ന് നിര്‍ദേശിക്കാന്‍ സ്റ്റാന്റിങ്കമ്മിറ്റി നിര്‍ബന്ധിതമായത്. പക്ഷേ ആ നിര്‍ദേശംതന്നെ അത്യന്തം അപകടകരമാണ്. രണ്ട് തല്‍പ്പര കക്ഷികള്‍ ഒത്തുചേര്‍ന്നാല്‍ 52 ശതമാനം വോട്ടവകാശം ഉപയോഗിച്ച് തങ്ങളുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാകും. അതുകൊണ്ടാണ് സ്റ്റാന്റിങ് കമ്മിറ്റി നിര്‍ദേശം ഏകകണ്ഠമാകാഞ്ഞത്. സിപിഐ എം പ്രതിനിധി മൊയ്നുള്‍ ഹുസൈന്റെ വിയോജനക്കുറിപ്പോടെയാണ് സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇപ്പറഞ്ഞത് മാത്രമല്ല കുത്തകകള്‍ക്കുള്ള സൗകര്യങ്ങള്‍. കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്കുകള്‍ തുറക്കാനുള്ള അനുമതിയായിക്കഴിഞ്ഞു. യൂക്കോ ബാങ്കിന്റെ പഴയ ഉടമയായ ബിര്‍ളക്കും സെന്‍ട്രല്‍ ബാങ്കിന്റെ ടാറ്റക്കുമൊക്കെ പുതിയ ബാങ്കുകള്‍ തുറക്കാന്‍ മാത്രമല്ല അനുമതി. ഇപ്പോള്‍ ബാങ്കുകള്‍ തങ്ങളുടെ നിക്ഷേപത്തിന്റെ ഒരു നിശ്ചിത ശതമാനം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ നിലനിര്‍ത്താനായി സെക്യൂരിറ്റികളില്‍ നിക്ഷേപിക്കണം. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തിറക്കുന്ന കടപ്പത്രങ്ങളിലാണ് സാധാരണഗതിയില്‍ ഈ നിക്ഷേപം. എന്നാല്‍ ഇനിമേലാല്‍ സ്വകാര്യ കമ്പനികള്‍ ഇറക്കുന്ന കടപ്പത്രങ്ങളിലും ഈ കരുതല്‍ ധനം നിക്ഷേപിക്കാമെന്നതാണ് ഒരു നിയമഭേദഗതി. നാട്ടില്‍ പതിനായിരത്തിന്റെ കാശുകണ്ട് ടാറ്റ ബാങ്ക് തുറക്കുന്നു, അതിലേക്ക് വേണ്ട കരുതല്‍ ധനം ടാറ്റക്കമ്പനിയുടെതന്നെ കടപത്രങ്ങളില്‍ നിക്ഷേപിക്കുന്നു. ടാറ്റക്ക് സ്വന്തം കമ്പനിക്ക് വായ്പ കൊടുക്കുന്നതിനും തീരുമാനിക്കാം.

ബാങ്കിങ് നിയമ ഭേദഗതി ബില്ലിന് തൊട്ടു മുമ്പായി പാസ്സാക്കിയെടുത്ത നിയമമനുസരിച്ച് കമ്പനികള്‍ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ അത്രയും തുക ബാങ്കിന് ആ കമ്പനിയുടെ ഷെയറുകളാക്കിമാറ്റാം. കിട്ടാക്കടം കുടിശ്ശിക വരുത്തിയ സ്ഥാപനത്തിന്റെ ഷെയറുകളാക്കിമാറ്റാം എന്നര്‍ഥം. ബാങ്കിന്റെ ബാലന്‍സ്ഷീറ്റില്‍ പൊളിഞ്ഞ കമ്പനിയുടെ ഷെയറുകള്‍ ആസ്തികളായി അങ്ങനെ കൊഴുത്തു നില്‍ക്കും. കാല്‍ക്കാശിന് കൊള്ളാത്തതും ഒരിക്കലും ഈടാക്കാന്‍ പറ്റാത്തതുമായ കടപത്രങ്ങള്‍. കരുതല്‍ ധനം മുഴുവന്‍ ഇങ്ങനെ. വായ്പകളിലേറെയും സ്വന്തക്കാര്‍ക്ക്, നിക്ഷേപങ്ങളത്രയും നാട്ടില്‍ പതിനായിരത്തിന്റേത്. കൈകാര്യകര്‍ത്താക്കള്‍ ടാറ്റയും ബിര്‍ളയുമൊക്കെ. പണ്ട് പാലാ ബാങ്ക് കുത്തിച്ചോര്‍ത്തിയതുപോലെ ബാങ്ക് പൊളിച്ചാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായവില്ല. പക്ഷേ ബാങ്ക് പൊളിഞ്ഞാല്‍ സാധാരണക്കാരുടെ കഞ്ഞികുടിയാണ് മുട്ടുക. പ്രാഥമിക മൂലധ സഞ്ചയം എന്നു പറയുന്നത് ഇതിനുകൂടിയല്ലേ

*
എ കെ രമേശ് ദേശാഭിമാനി വാരിക 11 ജനുവരി 2013

No comments: