Sunday, January 20, 2013

ഇന്ത്യയ്ക്കും പാകിസ്ഥാനും സമാധാനത്തിന്റെ മാര്‍ഗം മാത്രം

''രണ്ട് ഇന്ത്യന്‍ സൈനികരെ നിഷ്ഠൂരമായി വധിക്കുകയും ഒരാളുടെ തലവെട്ടിയെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ജനുവരി 15-ാം തീയതി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പാകിസ്ഥാന് ശക്തമായ താക്കീതും മുന്നറിയിപ്പും നല്‍കി. പാകിസ്ഥാനുമായി ഇനി പഴയപോലെ ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ''ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുക തന്നെ വേണം''.

നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നിന്ദ്യവും അപലപനീയവുമായ ഒരു കുറ്റകൃത്യം നടത്തിയത് ജനുവരി 8-ാം തീയതിയായിരുന്നു. രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യം അര്‍ഹിക്കുന്ന സംഭവങ്ങള്‍ ഉണ്ടായാല്‍ ഒരാഴ്ചയെങ്കിലും കഴിഞ്ഞേ പ്രതികരിക്കുകയുള്ളുവെന്ന പതിവ് പ്രധാനമന്ത്രി ഇത്തവണയും തെറ്റിച്ചില്ല.

പക്ഷേ, ഗൗരവപൂര്‍ണമായ ഒരു പ്രശ്‌നം ഇവിടെയുണ്ട്. പ്രധാനമന്ത്രിയുടെ പ്രതികരണം നേരത്തെ ഗവണ്‍മെന്റു സ്വീകരിച്ചിരുന്ന, വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു പ്രസ്താവിച്ചിരുന്ന നയത്തില്‍ നിന്ന് വിഭിന്നമാണ്. ദീര്‍ഘകാല താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ കരുതലോടെ തെരഞ്ഞെടുക്കപ്പെടേണ്ട നടപടികള്‍ ഉപേക്ഷിച്ച് രണോത്സുക പ്രഖ്യാപനങ്ങള്‍ നടത്തിയ സൈനിക മേധാവികളുടെയും പാകിസ്ഥാന്‍ വിരോധം ജന്മാവകാശമായ ബി ജെ പിയുടെയുമൊക്കെ പോര്‍വിളികള്‍ ആവര്‍ത്തിക്കുന്ന ഒരു പ്രധാന മന്ത്രിയുടെ ചിത്രമാണിത്. ഈ നയംമാറ്റത്തിന്റെ ക്രെഡിറ്റ് ബി ജെ പി അവകാശപ്പെട്ടുകഴിഞ്ഞു.

നയം മാറ്റം പ്രതിഫലിപ്പിക്കുന്ന ചില നടപടികള്‍ ഉടനെ ഉണ്ടായി. പാകിസ്ഥാനില്‍ നിന്ന് വരുന്ന 65 വയസ് കഴിഞ്ഞവര്‍ക്കു അതിര്‍ത്തിയിലെത്തുമ്പോള്‍ വിസ നല്‍കുന്ന പദ്ധതി ചൊവ്വാഴ്ച നടപ്പാക്കാതിരുന്നത് നീട്ടിവച്ചു. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേയ്ക്കു വരാന്‍ ദിവസങ്ങളായി കാത്തിരുന്ന മുതിര്‍ന്ന പൗരന്മാരെ തടയുകയാണുണ്ടായത്. ഹോക്കി ലീഗ് മത്സരങ്ങള്‍ക്കായി ഇന്ത്യയിലുണ്ടായിരുന്ന ഒമ്പതു പാക്താരങ്ങളെ തിരികെ അയച്ചു.

ഈ നടപടികളെ ബാലിശമെന്നോ, അപക്വമെന്നോ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രധാനമന്ത്രിയുടെ പ്രസ്താവന കരസേനാ മേധാവി ബിക്രംസിംഗിന്റെയും വ്യോമസേനാ മേധാവി ബ്രൗണിന്റെയും രണോത്സുക പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമായിരുന്നു. സൈനിക നേതാക്കള്‍ പാകിസ്ഥാനോടുള്ള നയം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. അത് ഏറ്റു പറയുകയാണ് തന്റെ കര്‍ത്തവ്യമെന്ന് പ്രധാനമന്ത്രിക്കു തോന്നിയിരിക്കണം.

ഒരു രാഷ്ട്രത്തിന്റെ വിദേശ നയത്തിന്റെ സേവകനായിരിക്കണം പ്രതിരോധ നയം. മറിച്ചായാല്‍, പ്രതിരോധ നയം യജമാനനായാല്‍, രാഷ്ട്രം യുദ്ധത്തിന്റെ ദിശയിലേയ്ക്കു തിരിയുന്നുവെന്നാണര്‍ഥം.
ജനുവരി 13-ാം തീയതി കരസേനാ മേധാവി മുന്നറിയിപ്പു നല്‍കി. ''പാകിസ്ഥാന്റെ ഭാഗത്തുനിന്നു ഒരുവട്ടംകൂടി പ്രകോപനമുണ്ടായാല്‍ ആക്രമണോത്സുകതയോടെ അതിശക്തമായി തിരിച്ചടിക്കും''. അതിര്‍ത്തിയിലെ ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദ്ദേശം ''പ്രതിരോധിക്കാനല്ല, ആക്രമിക്കാനാണ്''-ബിക്രംസിംഗ് വ്യക്തമാക്കി.

ജനുവരി 12ന് ആയിരുന്നു എയര്‍മാര്‍ഷല്‍ ബ്രൗണിന്റെ പ്രഖ്യാപനം ''ഈ ലംഘനങ്ങള്‍ തുടര്‍ന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും''.

എന്താണീ മറ്റുമാര്‍ഗങ്ങള്‍? കരസേനയുടെ നടപടികളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലായെന്നാണോ സൂചന? വ്യോമസേന ഇടപെടേണ്ടിവരുമെന്നാണോ? അങ്ങനെയാണെങ്കില്‍ പാകിസ്ഥാന്റെ വ്യോമസേനയും തയ്യാറെടുപ്പു നടത്തണം.

രണ്ടുരാഷ്ട്രങ്ങള്‍ക്കും ആണവായുധങ്ങളുണ്ട്. ആണവായുധ പ്രയോഗഭീഷണി രണ്ടുഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. യുദ്ധമുണ്ടായാല്‍ അത് ആണവയുദ്ധമാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ സാധ്യമല്ല.
''മറ്റു മാര്‍ഗങ്ങള്‍ എന്താണെന്ന് പരസ്യമാക്കാന്‍ നിവൃത്തിയില്ല''. വ്യോമസേനാമേധാവി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി ഈ വാചകവും ആവര്‍ത്തിച്ചു.

മൂന്നു ചോദ്യങ്ങള്‍ പ്രസക്തമാണ്. എന്താണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം? രണ്ട്, പാകിസ്ഥാന്റെ നയത്തില്‍ മാറ്റമുണ്ടായിട്ടുണ്ടോ? മൂന്ന്, എന്താണ് അല്ലെങ്കില്‍ എന്തായിരിക്കണം ഇന്ത്യയുടെ പ്രതികരണം?

മാധ്യമങ്ങളില്‍കൂടി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാനേ നമുക്കു കഴിയൂ. എന്നാല്‍ ന്യൂഡല്‍ഹി നല്‍കുന്ന വിവരം പൂര്‍ണ സത്യമാണെന്നും. ഇസ്‌ലാമാബാദ് പറയുന്നതെല്ലാം വ്യാജമാണെന്ന ധാരണ സഹായകമല്ല. ശരികളുടെ കുത്തക നമുക്കാണെന്ന് അവകാശപ്പെടരുത്.

കഴിഞ്ഞ സെപ്തംബര്‍ മാസം മുതലാണ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചത്. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഇന്ത്യ നിയന്ത്രണ രേഖയ്ക്കു സമീപം നിരീക്ഷാ ബങ്കറുകള്‍ നിര്‍മ്മിക്കുന്നുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. ഇത് കേവലം ആരോപണമായിരുന്നില്ല, അവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് പിന്നീട് ഇന്ത്യന്‍ സൈനികാധികാരികള്‍ സമ്മതിച്ചു; പുതിയ ബങ്കറുകളായിരുന്നില്ല, ചില അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നുവെന്നാണ് വിശദീകരണം. കഴിഞ്ഞ മാര്‍ച്ചുമാസം നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്ഥാന്റെ നിര്‍മാണപ്രവര്‍ത്തനത്തിനെതിരെ ഇന്ത്യ പ്രതിഷേധിച്ചുവെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പ്രസ്താവിച്ചിരുന്നു.

രണ്ടുഭാഗത്തുനിന്നും അതിര്‍ത്തിക്കപ്പുറത്തേക്കുള്ള വെടിവെയ്പ്പ് ഉണ്ടായിട്ടുണ്ട്. കരാര്‍ ലംഘനങ്ങള്‍ കൂടുതലായി നടത്തിയിട്ടുള്ളത് പാകിസ്ഥാനാണ്. പക്ഷേ, സംഘര്‍ഷങ്ങള്‍ക്കു പൂര്‍ണ ഉത്തരവാദിത്വം പാകിസ്ഥാനുമാത്രമാണെന്ന് പറയാനാവില്ല. ജനുവരി ആറാം തീയതി ഇന്ത്യന്‍ ഭടന്മാര്‍ അതിര്‍ത്തി ലംഘിച്ചുകടന്ന് ഒരു പാകിസ്ഥാന്‍ ഭടനെ വധിച്ചുവെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും എന്നാല്‍ പാകിസ്ഥാന്റെ വെടിവെയ്പിനു തിരിച്ചുവെടിവച്ചപ്പോള്‍ പാകിസ്ഥാന്‍ ഭടന്‍ വധിക്കപ്പെട്ടിരിക്കാമെന്നും ജനറല്‍ ബിക്രം സിംഗ് ജനുവരി 16-ാം തീയതിയില്‍ പറഞ്ഞു.

2003 മുതല്‍ നിലവിലുള്ളതാണ് വെടിനിര്‍ത്തല്‍ കരാര്‍. ഈ കരാര്‍ ഇല്ലായിരുന്നെങ്കില്‍ ആയിരക്കണക്കിന് ഭടന്മാര്‍ രണ്ടുഭാഗത്തും കൊല്ലപ്പെടുമായിരുന്നു. മുംബൈ ആക്രമണം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ പാകിസ്ഥാന്‍ പ്രതികൂട്ടിലായിട്ടും വെടി നിര്‍ത്തല്‍ കരാര്‍ പാലിക്കപ്പെട്ടു. നിയന്ത്രണരേഖയിലുള്ള സംവിധാനവും ക്രമവും നിലനിര്‍ത്തുകയെന്നത് രണ്ടു രാജ്യങ്ങള്‍ക്കും ഒരുപോലെ ആവശ്യമാണ്.

ഈയിടെയുണ്ടായ സംഭവങ്ങള്‍ പാകിസ്ഥാന്റെ നയവ്യതിയാനത്തേയാണോ സൂചിപ്പിക്കുന്നത്? പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധത്തിന് തയ്യാറെടുക്കുകയാണോ? ജനറല്‍ ബിക്രംസിംഗ് തന്നെ പറയുന്നു: ''പൂര്‍ണതോതിലുള്ള ഒരു യുദ്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നതിന് സൂചനകളൊന്നുമില്ലെ''ന്ന്. പക്ഷേ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുമെന്നും. ഇത് മുഖ്യമായും ഭീകരവാദികളെ കാശ്മീരിലേയ്ക്കു നുഴഞ്ഞുകയറാന്‍ സഹായിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു യുദ്ധത്തിലേയ്ക്കു നീങ്ങാന്‍ പാകിസ്ഥാന്‍ സൈന്യത്തിലെ ഒരു വിഭാഗം ശ്രമിച്ചാല്‍പോലും അത് സാധ്യമാകാത്ത ഒരു സ്ഥിതി വിശേഷമാണ് അവിടെയുള്ളത്. പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഇത്രയേറെ പ്രതിസന്ധികള്‍ ഒരുമിച്ചുണ്ടായതായി തോന്നുന്നില്ല. പ്രധാനമന്ത്രിക്കെതിരെയുള്ള സുപ്രിംകോടതി നടപടി, സര്‍ക്കാര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, പാകിസ്ഥാനിലെ അറബി വസന്തം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബഹുജന പ്രക്ഷോഭണം സുന്നി-ഷിയാ സംഘട്ടനങ്ങള്‍, താലിബാന്റെ ആക്രമണങ്ങള്‍ - പ്രതിസന്ധികളുടെ പട്ടിക നീണ്ടുപോകുന്നു. ദുര്‍ബലമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് പാകിസ്ഥാനില്‍.

എന്താണ് ഇന്ത്യയുടെ നയം? നേരത്തെ സൂചിപ്പിച്ചതുപോലെ ചൊവ്വാഴ്ചവരെ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് സമാധാനപ്രക്രിയ അപകടത്തിലാക്കരുതെന്നും, സംയമനം പാലിക്കണമെന്നുമായിരുന്നു. സമാധാന പ്രക്രിയയില്‍ ഇന്ത്യയ്ക്കുവളരെയേറെ രാഷ്ട്രീയ നിക്ഷേപം ഉണ്ടെന്നും അത് നഷ്ടപ്പെടുത്തരുതെന്നുമാണ് ബ്രിഗേഡിയര്‍തല ചര്‍ച്ച പരാജയപ്പെട്ടപ്പോഴും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രസ്താവന സൈനിക മേധാവികളുടെ ആക്രമണോത്സുക നയത്തിന്റെ ആവര്‍ത്തനമായി.

ഇപ്പോള്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മാര്‍ഗം ആക്രമണ ഭീഷണി മുഴക്കുകയും അതിര്‍ത്തിയിലെ സൈനിക സന്നാഹം ശക്തമാക്കുകയുമാണ്. പ്രാദേശികമെന്ന് വിലയിരുത്തപ്പെടേണ്ട ഒരു സംഭവ വികാസത്തിന്റെ പേരില്‍ നിയന്ത്രണ രേഖയില്‍ മുഴുവന്‍ സംഘര്‍ഷമുണ്ടാകാന്‍ ഇത് കാരണമാകും. താലിബാനോടുള്ള യുദ്ധത്തിന് പാകിസ്ഥാന്‍ നിയോഗിച്ചിട്ടുള്ള പതിനായിരക്കണക്കിന് ഭടന്മാരെ അതിര്‍ത്തിയില്‍ പുനര്‍വിന്യസിക്കും. പാകിസ്ഥാനിലെ മിതവാദികളെ ബലഹീനരാക്കും. പരസ്പര വിശ്വാസ നിര്‍മിതിക്കുള്ള കാര്യങ്ങള്‍ ഉപേക്ഷിക്കുന്നത് ഒരു ദശകത്തിലെ നയതന്ത്ര നേട്ടങ്ങള്‍ നഷ്ടമാക്കും.

സമാധാനത്തിന്റെ പാത മാത്രമേ ഇരു രാജ്യങ്ങളുടെയും മുമ്പിലുള്ളു. അതിനുണ്ടാകുന്ന പ്രതിബന്ധങ്ങളെ മാറ്റാന്‍ ആവശ്യം കൂടുതല്‍ സജീവമായ രാഷ്ട്രീയ നയതന്ത്ര നീക്കങ്ങളാണ്.

*
നൈനാന്‍ കോശി ജനയുഗം

3 comments:

P.C.MADHURAJ said...

Nainaan Koshi must realise one thing that not even a single communist had joined army during the first 3 decades after independence..Because they want to avoid fighting the chinese; now Pak is an ally of China they dont want to fight Pak too. Afterwards some of them did join the army but that was to help chinese plans of destroying peoples faith in the foces, to create disunity in armed forces and also to serve bits a peice of information to fifth columists like ninan,so that the anit-national articles they write have the tinge of real things.
I would appeal to the govt of India to arreast NInan ande deshabhimani editoer for writing and publishing this article.

P.C.MADHURAJ said...

Nainaan Koshi must realise one thing that not even a single communist had joined army during the first 3 decades after independence..Because they want to avoid fighting the chinese; now Pak is an ally of China they dont want to fight Pak too. Afterwards some of them did join the army but that was to help chinese plans of destroying peoples faith in the foces, to create disunity in armed forces and also to serve bits a peice of information to fifth columists like ninan,so that the anit-national articles they write have the tinge of real things.
I would appeal to the govt of India to arreast NInan ande deshabhimani editoer for writing and publishing this article.

വര്‍ക്കേഴ്സ് ഫോറം said...

മധുരാജ് ചരിത്രം അറിയണം. കമ്യൂണിസ്റ്റ് ബന്ധമോ ചായ്‌വോ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലി പോലും ലഭിക്കാതിരുന്ന ആ പോലീസ് വെരിഫിക്കേഷന്‍ കാലത്തെക്കുറിച്ച് പഴമക്കാരോട് ചോദിച്ച് മനസിലാക്കിയാലും. സംഘപരിവാറിന്റെ നുണപ്രചരണം വെറുതെ ഇവിടെ ആവര്‍ത്തിച്ചിട്ട് എന്ത് കാര്യം? മറ്റൊന്ന് ഇത് ദേശാഭിമാനി ലേഖനമല്ല, മറിച്ച് ജനയുഗത്തില്‍ വന്നതാണ്. കുറച്ച് കൂടി ശ്രദ്ധ വായനയിലും കമന്റിലും പുലര്‍ത്തുമല്ലോ. നന്ദി.