Sunday, January 13, 2013

ബാങ്ക് അക്കൗണ്ട് തുടങ്ങുംമുമ്പ്

ബാങ്കിങ്സേവനങ്ങള്‍ സമൂഹത്തിലെ ഏറ്റവും താഴേതട്ടിലേക്ക് എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്കും സര്‍ക്കാരുമെല്ലാം ഇന്ന് മുന്‍ഗണന നല്‍കുന്നത്. അടുത്തിടെ എറണാകുളം ജില്ലാ സമ്പൂര്‍ണ ബാങ്കിങ്സേവനങ്ങള്‍ ലഭ്യമാക്കുന്ന രാജ്യത്തെ പ്രഥമ ജില്ലയെന്ന സ്ഥാനം നേടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു. മിക്ക ധനകാര്യ ഇടപാടുകള്‍ക്കും ബാങ്കുകളെ ആശ്രയിച്ചേ മതിയാകൂ എന്ന അവസ്ഥയാണിപ്പോള്‍. ബാങ്കുകളാകട്ടെ വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ അനായാസ ബാങ്കിങ്സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് കോര്‍ബാങ്കിങ് സേവനങ്ങള്‍ ഒരുക്കുന്നുമുണ്ട്. അതിനാല്‍ ഏതൊരു ബാങ്കുമായും ശാഖയുമായും സമയനഷ്ടം കൂടാതെത്തന്നെ ഇടപാടുകള്‍ നടത്താന്‍ ഈ രീതി സഹായിക്കുന്നു.

ബാങ്ക് അക്കൗണ്ട് തുടങ്ങും മുമ്പ് ചില കാര്യങ്ങള്‍ അറിയുന്നത് നന്ന്. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് വേണം. പാസ്പോര്‍ട്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാം. വിലാസം തെളിയിക്കാന്‍ പാന്‍കാര്‍ഡ് ഒഴിച്ച് മേല്‍പ്പറഞ്ഞ രേഖകള്‍ ഉപയോഗിക്കാം. റേഷന്‍കാര്‍ഡും ടെലിഫോണ്‍ ബില്ലും അഡ്രസ് തെളിവായി ഉപയോഗിക്കാം. പാസ്പോര്‍ട്ട് സൈസിലുള്ള രണ്ടു ഫോട്ടോയും വേണം. പ്രസ്തുത ബാങ്കില്‍ അക്കൗണ്ടുള്ള ഒരാള്‍ പരിചയപ്പെടുത്തുകയും വേണം. ബാലന്‍സ് പൂജ്യത്തില്‍ നിര്‍ത്തിയുള്ള നോ ഫ്രില്‍സ് അക്കൗണ്ടും ആരംഭിക്കാം. പക്ഷേ ഇത്തരത്തില്‍ ഇടപാടു നടത്തുന്നതിന് ചില പരിധികളും നിശ്ചയിച്ചിട്ടുണ്ട്. കുറഞ്ഞ ബാലന്‍സ് നിബന്ധനയുള്ള അക്കൗണ്ടുകളില്‍ അതു നിലനിര്‍ത്തിയില്ലെങ്കില്‍ ബാങ്കുകള്‍ പിഴ ഈടാക്കുമെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. പുതുതലമുറ ബാങ്കുകള്‍ ഇത്തരം പിഴവുകള്‍ വരുത്തുന്നതിന് കനത്ത പിഴതന്നെ ഈടാക്കാറുണ്ട്.അതിനാല്‍ അക്കൗണ്ട് തുടങ്ങന്നതിനുമുമ്പ് ഇത്തരം കാര്യങ്ങള്‍ കൃത്യമായി ചോദിച്ചു മനസ്സിലാക്കണം.

ആദായനികുതി നിയമം അനുസരിച്ച് ഇപ്പോള്‍ എല്ലാ വ്യക്തിക്കും പാന്‍ നിര്‍ബന്ധമാണ്. ബാങ്കില്‍ പാന്‍ നല്‍കിയിട്ടില്ലെങ്കില്‍ നിക്ഷേപത്തിനു ലഭിക്കുന്ന പലിശ 10,000 രൂപയിലേറെയാണെങ്കില്‍ 20 % സ്രോതസ്സില്‍നിന്ന് നികുതിപിടിച്ച് സര്‍ക്കാരില്‍ അടയ്ക്കാനുള്ള ബാധ്യത ബാങ്കുകള്‍ക്കുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് പാന്‍ ഉണ്ടെന്നാലും നികുതി നല്‍കാന്‍തക്ക വാര്‍ഷികവരുമാനം ഇല്ലെങ്കില്‍ നികുതിയില്‍നിന്ന് ഒഴിവാകുന്നതിന് 15ജി എന്ന ഫോറം ബാങ്കില്‍ ഒപ്പിട്ടു നല്‍കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 15എച്ച് എന്ന ഫോറമാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. ഈ ഫോറം ഓരോ ഏപ്രില്‍ ഒന്നിനും ഒപ്പിട്ടു പുതുക്കണം. അങ്ങനെയെങ്കില്‍ അവരെ ടിഡിഎസില്‍നിന്ന് ഒഴിവാക്കും. പല ആവശ്യങ്ങള്‍ക്കും ബാങ്ക് പാസ്ബുക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നുണ്ട്. തൊഴിലുറപ്പുപദ്ധതി, ഇപിഎഫ് പെന്‍ഷന്‍, ക്ഷേമനിധി പെന്‍ഷനുകള്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും എല്ലാം ബാങ്ക് അക്കൗണ്ട് ആവശ്യമാണ്

50,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ ബാങ്ക് അക്കൗണ്ടിലൂടെ വേണമെന്നാണ് ആദായനികുതിനിയമം നിഷ്കര്‍ഷിക്കുന്നത്. ഇക്കാരണങ്ങളാല്‍ എല്ലാവര്‍ക്കും ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ പലരും ശ്രദ്ധവയ്ക്കാത്ത ഒരു കാര്യം നോമിനേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ്. എല്ലാ ബാങ്കുകളും ഇക്കാര്യത്തില്‍ നിഷ്കര്‍ഷ വച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ബാങ്കുകളില്‍ പിന്തുടര്‍ച്ചാവകാശികളായി മതിയായ നോമിനേഷന്‍ സമര്‍പ്പിക്കാത്തതിനാല്‍ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുണ്ട്. നോമിനേഷന്‍ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടില്ലെങ്കില്‍ അക്കൗണ്ട് ഉടമയുടെ കാലശേഷം നിക്ഷേപത്തുക അയാളുടെ അനന്തരാവകാശികള്‍ക്കു ലഭിക്കുന്നതിന് നിയമത്തിന്റെ ഒട്ടേറെ നൂലാമാലകള്‍ കടക്കേണ്ടതുണ്ട്. അതുകൊണ്ട് ഇടപാടുകാരന്റെ കാലശേഷം നിയമക്കുരുക്കില്ലാതെ നോമിനിക്ക് തുക എളുപ്പം ലഭിക്കുന്നതിന് നിര്‍ബന്ധമായും നോമിനേഷന്‍ രജിസ്റ്റര്‍ചെയ്യണം. ഇതിനായി അക്കൗണ്ട് ഓപ്പണിങ് ഫോറത്തില്‍ ഇതുസംബന്ധിച്ച ഭാഗം കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ടാല്‍ മാത്രം മതി.

*
പി ജി സുജ ദേശാഭിമാനി

No comments: