Monday, January 14, 2013

പോരാട്ടം തുടരും

പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കാനും തസ്തിക വെട്ടിക്കുറയ്ക്കാനും നിയമനിരോധനം നടപ്പാക്കാനുമുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജീവനക്കാരും അധ്യാപകരും ആരംഭിച്ച പണിമുടക്ക് ആവേശകരമായ പ്രതികരണമാണ് സൃഷ്ടിച്ചത്. പിരിച്ചുവിടല്‍ ഭീഷണിയടക്കം കരിനിയമങ്ങള്‍ ഉപയോഗിച്ച് പണിമുടക്ക് തകര്‍ക്കാനുള്ള ശ്രമത്തെ തൃണവല്‍ഗണിച്ച് ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കില്‍ അണിചേര്‍ന്നു. സിവില്‍ സര്‍വീസിനെ സംരക്ഷിക്കുന്നതിന് ഒരു ദശകത്തിലേറെയായി ജീവനക്കാരും അധ്യാപകരും നടത്തിവരുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഈ പണിമുടക്ക്.

സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കുന്നതിനും 30 വര്‍ഷത്തിനുശേഷം ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കുന്നതിനുമാണ് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിക്കു പകരം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വാദം. റവന്യു വരുമാനത്തിന്റെ സിംഹഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി നീക്കിവയ്ക്കേണ്ടിവരുന്നതുമൂലം സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അതിനാല്‍ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ വാദം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് അനുകൂലമായി പൊതുസമൂഹത്തിന്റെ പിന്തുണ ലാക്കാക്കി, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.

സംസ്ഥാന വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനും വേണ്ടിയാണെന്ന വാദം യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച ഡോ. ബി എ പ്രകാശ് അധ്യക്ഷനായ പൊതുചെലവ് അവലോകന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെ നിരാകരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ റവന്യു ചെലവ് ക്രമാനുഗതമായി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2005-06ല്‍ ആകെ ചെലവിന്റെ 94.3 ശതമാനമായിരുന്നു റവന്യു ചെലവെങ്കില്‍ 2010-11ല്‍ 89.4 ശതമാനമായി കുറഞ്ഞു. 2010-11ല്‍ മൊത്തം റവന്യു വരുമാനത്തിന്റെ 43 ശതമാനം മാത്രമാണ് ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിച്ചത്. ഇതില്‍ 28.76 ശതമാനം ശമ്പളത്തിനും 14.87 ശതമാനം പെന്‍ഷനും വേണ്ടിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റവന്യു ചെലവില്‍ 43 ശതമാനം മാത്രമാണ് ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നതെന്ന വസ്തുത മറച്ചുവച്ചാണ് ശമ്പളച്ചെലവിന്റെ പെരുപ്പിച്ച കണക്കുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.

ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമാക്കുന്ന കമ്പോള കേന്ദ്രീകൃതമായ നവലിബറല്‍ നയങ്ങളുടെ ഭാഗമാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. ഓഹരിക്കമ്പോളത്തിന്റെ സ്ഥിരത ലക്ഷ്യമിട്ട് ഐഎംഎഫ് വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ജീവനക്കാരുടെ വരുമാനവും സര്‍ക്കാരിന്റെ പണവും കോര്‍പറേറ്റുകളുടെ കൈകളില്‍ ഒഴുകിയെത്തും. തികഞ്ഞ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഓഹരിക്കമ്പോളത്തെ ആശ്രയിച്ച് ഭാവിജീവിതം കരുപ്പിടിപ്പിക്കേണ്ട ദുരവസ്ഥയാണ് സംജാതമാകുന്നത്. പണിയെടുക്കുന്നവരുടെ ജീവനോപാധികള്‍ കൈയടക്കി ലാഭം കുന്നുകൂട്ടാനുള്ള മൂലധനശക്തികളുടെ പരിശ്രമമാണ് ജീവനക്കാരുടെ പെന്‍ഷന്‍ കവരുന്നതിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യപൂര്‍വ കാലഘട്ടം മുതല്‍ നിലനില്‍ക്കുന്ന പെന്‍ഷന്‍ സംരക്ഷിക്കുന്നതിന് പ്രക്ഷോഭമല്ലാതെ മറ്റു മാര്‍ഗമില്ലാത്ത സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല പണിമുടക്കിന് നിര്‍ബന്ധിതരായത്. ജനുവരി എട്ടിന് ആരംഭിച്ച പണിമുടക്കില്‍ ഭൂരിപക്ഷം ജീവനക്കാരും അണിനിരന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. ഡയസ്നോണ്‍ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പ്രഖ്യാപിച്ചും പിരിച്ചുവിടല്‍ ഭീഷണി ഉയര്‍ത്തിയും പണിമുടക്ക് പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. ഓഫീസുകള്‍ക്കു മുന്നില്‍ പ്രചാരണസ്വാതന്ത്ര്യം പോലും നിഷേധിച്ചു. വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ശ്രമം നടത്തി. 2002ല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ യോജിച്ച പണിമുടക്ക് നടത്തിയ സെറ്റോ സംഘടനകള്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പണിമുടക്ക് പരാജയപ്പെടുത്താന്‍ വ്യാപകമായ ശ്രമം നടത്തി. സര്‍ക്കാരിന്റെയും സര്‍ക്കാരിന്റെ പിണിയാളുകളായി മാറിയ നേതൃത്വങ്ങളുടെയും എല്ലാ ഭീഷണിയെയും അതിജീവിച്ചാണ് പണിമുടക്കില്‍ ജീവനക്കാര്‍ ഉറച്ചുനിന്നത്. പണിമുടക്കു ദിനങ്ങളിലെ ഹാജര്‍ സംബന്ധിച്ച് കള്ളക്കണക്കുകള്‍ ചമച്ച് അപവാദപ്രചാരണം നടത്തിയെങ്കിലും പണിമുടക്കു മൂലം സിവില്‍ സര്‍വീസ് സ്തംഭിച്ചെന്ന യാഥാര്‍ഥ്യം മൂടിവയ്ക്കാന്‍ കഴിഞ്ഞില്ല. പണിമുടക്ക് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വനിതാ ജീവനക്കാരെയടക്കം നിരവധിപേരെ ജയിലില്‍ അടയ്ക്കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. കരിനിയമങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ കീഴടങ്ങാത്ത മനസ്സുമായി പണിമുടക്കില്‍ ഉറച്ചുനിന്ന ജീവനക്കാരെ നേരിടാന്‍ പോഷകസംഘടനകളെ രംഗത്തിറക്കി പ്രശ്നം വഷളാക്കാനാണ് ഭരണനേതൃത്വം ശ്രമിച്ചത്. മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച് ജീവനക്കാരുടെ ആശങ്കകള്‍ ശരിവയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍. മിനിമം പെന്‍ഷന്‍ എന്നതിനു പകരം പ്രതിഫലമെന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചത് യാദൃശ്ചികമായല്ല. പണിമുടക്കിന് ആധാരമായ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി ചര്‍ച്ചചെയ്തു പരിഹരിക്കുന്നതിനു പകരം, പണിമുടക്കിയവര്‍ തിരിച്ചുവരേണ്ടതില്ല തുടങ്ങിയ വിലകുറഞ്ഞ ഭീഷണികളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. പണിമുടക്കിന്റെ ഫലമായി സിവില്‍ സര്‍വീസ് നിശ്ചലമായപ്പോഴും പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കാന്‍ ബാധ്യതപ്പെട്ട മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് സ്വീകരിച്ചത്. പണിമുടക്കിയവരോട് ചര്‍ച്ചയില്ലെന്നും ആവശ്യക്കാര്‍ക്ക് തന്നെ വന്നുകാണാമെന്നുമുള്ള ധാര്‍ഷ്ട്യം ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. മന്ത്രിസഭ നിര്‍ദേശിച്ചതനുസരിച്ച് സമരമുന്നണികളുമായി ജനുവരി 11നു രാത്രി ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകള്‍ രൂപപ്പെട്ടതാണ്. തുടര്‍ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്താമെന്ന് ധനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുന്നതിനുപോലും തയ്യാറാകാതെ ചര്‍ച്ച ഒഴിവാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ നിരുത്തരവാദപരമായ നിലപാടിനെതിരെ ഭരണമുന്നണിക്കുള്ളില്‍പ്പോലും ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായി. സമരസമിതി നേതാക്കളുമായി 13ന് ആദ്യം ധനമന്ത്രിയും തുടര്‍ന്ന് രാത്രി വൈകി മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി. ജനുവരി ഒന്നിനു നടന്ന ചര്‍ച്ചയില്‍ നിന്നും വിഭിന്നമായി ഒട്ടേറെ പുതിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. എന്നാല്‍, മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കി. ചര്‍ച്ചയില്‍ ധാരണയായ സുപ്രധാനമായ കാര്യങ്ങള്‍ ഇപ്രകാരമാണ്. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാകും. കുറഞ്ഞ വേതനവും കുറഞ്ഞ സേവനകാലവുമുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിശോധിക്കും. പിഎഫ്ആര്‍ഡിഎ ബില്ലില്‍ വരുത്തിയിട്ടുള്ള ഭേദഗതി കൂടി ഉള്‍പ്പെടുത്തി മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകളുണ്ടാകും. പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെ കൂടി ഉള്‍പ്പെടുത്തണമെന്ന് പിഎഫ്ആര്‍ഡിഎക്ക് എഴുതും.

2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേരുന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് പുതിയ ഉത്തരവില്‍ വീണ്ടും വ്യക്തമാക്കും. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരില്‍ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കും. എംപവേഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനു മുമ്പ് സംഘടനകളുമായി ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളാകെ പരിശോധിച്ച് പണിമുടക്കിന് നേതൃത്വം നല്‍കുന്ന സംഘടനാപ്രതിനിധികള്‍ അനിശ്ചിതകാല പണിമുടക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് എതിരായ പോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും തീരുമാനിച്ചു. ചര്‍ച്ചയില്ലെന്ന് പലവട്ടം ആവര്‍ത്തിച്ച മുഖ്യമന്ത്രി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും സുപ്രധാന കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തത് പണിമുടക്കിന്റെ വിജയമാണ്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. 2002ലേതുപോലെ എല്ലാ സംഘടനയും യോജിച്ച പ്രക്ഷോഭത്തില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ സിവില്‍ സര്‍വീസിന്റെ ഹൃദയമായ പെന്‍ഷന്‍ സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നു. പ്രക്ഷോഭവേളയില്‍ എല്ലാ ജീവനക്കാരും അധ്യാപകരും ഈ വികാരമാണ് പ്രകടിപ്പിച്ചത്. കോര്‍പറേറ്റുകളുടെ മൂലധന താല്‍പ്പര്യങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങിയ സെറ്റോ നേതൃത്വം നിലവിലുള്ള ജീവനക്കാരെയും ഭാവിതലമുറയെയും ഒരുപോലെ ഒറ്റുകൊടുക്കുകയാണ്. ഈ ചതിയും വഞ്ചനയും നിശ്ചയമായും ജീവനക്കാര്‍ തിരിച്ചറിയും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനാണ് സാമ്പത്തിക പ്രതിസന്ധിയുടെ പല്ലവി ഭരണനേതൃത്വം തുടര്‍ച്ചയായി ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ പങ്കാളിത്ത പെന്‍ഷന് പുറമെ കടുത്ത ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നുള്ളത് അവിതര്‍ക്കിതമാണ്. കൂടുതല്‍ കരുത്തുറ്റ പോരാട്ടങ്ങളിലൂടെ മാത്രമേ ഈ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ. എട്ടിന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്കിലൂടെ ഈ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജമാണ് ജീവനക്കാര്‍ സംഭരിച്ചിട്ടുള്ളത്. ജീവനക്കാരുടെ സമരവീര്യവും പ്രക്ഷോഭസന്നദ്ധതയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ, കൂടുതല്‍ വിപുലമായ പോരാട്ടങ്ങള്‍ ആവിഷ്കരിക്കുന്നതിനുവേണ്ടിയാണ് ആറുദിവസത്തെ അനിശ്ചിതകാല പണിമുടക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

ജീവിതാന്ത്യംവരെ ലഭ്യമാകേണ്ടുന്ന പെന്‍ഷന്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ ഏറ്റെടുക്കും. ജീവനക്കാരുടെ സമരത്തില്‍ കെഎസ്ആര്‍ടിസി, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഖാദി ബോര്‍ഡ് തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ നടത്തിയ ഐക്യദാര്‍ഢ്യ പണിമുടക്ക് പെന്‍ഷന്‍ സംരക്ഷണ പോരാട്ടത്തിന് കരുത്തുപകര്‍ന്നു. സര്‍ക്കാരിന്റെ എല്ലാത്തരം ഭീഷണിയെയും തള്ളിക്കളഞ്ഞ്, ആത്മധൈര്യത്തോടെ പണിമുടക്കില്‍ ഉറച്ചുനിന്ന ജീവനക്കാരെയും അധ്യാപകരെയും അഭിവാദ്യം ചെയ്യുന്നു. നാളത്തെ തലമുറയുടെ ജീവിത സംരക്ഷണം ഉറപ്പുവരുത്താന്‍ ഇന്നത്തെ തലമുറ ഏറ്റെടുത്ത ഈ പോരാട്ടത്തില്‍ കേരളത്തിലെ പൊതുസമൂഹം ജീവനക്കാര്‍ക്കൊപ്പമായിരുന്നു. പ്രക്ഷോഭത്തെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ആര്‍ത്തിരമ്പിയെത്തിയ കേരളത്തിന്റെ ജനാധിപത്യബോധവും പ്രക്ഷോഭ മനസ്സും ജീവനക്കാരുടെ ഭാവിപോരാട്ടങ്ങള്‍ക്ക് മാര്‍ഗദര്‍ശകമാകും.

*
എ ശ്രീകുമാര്‍ (എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍) 

ദേശാഭിമാനി 15 ജനുവരി 2013

No comments: