Tuesday, January 8, 2013

ആണവകരാറിന്റെ മറുപുറം

അമേരിക്കയുമായുള്ള ആണവകരാര്‍ ഒപ്പിട്ട് നാലുവര്‍ഷം പൂര്‍ത്തിയായെങ്കിലും ഒരു യൂണിറ്റ് വൈദ്യുതി പോലും ഈ മേഖലയില്‍ നിന്ന് അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആണവനവോത്ഥാനത്തിന് സമയമായെന്നും 2020 ആകുമ്പോഴേക്കും 20,000 മെഗാവാട്ട് വൈദ്യുതിയെങ്കിലും ആണവമേഖലയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ആ വാഗ്ദാനങ്ങള്‍ മറന്നുവോ? ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിട്ടും "നിര്‍മിച്ചെടുത്ത ഭൂരിപക്ഷം" ഉപയോഗിച്ച് അമേരിക്കയുമായുള്ള ആണവകരാറുമായി ഒന്നാം യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയി. 2009ല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെതന്നെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടും കരാറിന്റെ ഭാഗമായി ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ മാത്രം കഴിഞ്ഞില്ല. ആരാണ് അതിന് കാരണക്കാര്‍? ജെയ്താപുരിലും ഗുജറാത്തിലും മറ്റും ഉയരുന്ന ജനകീയപ്രതിഷേധത്തേക്കാള്‍ അമേരിക്കയുടെ ബിസിനസ് താല്‍പ്പര്യങ്ങളും ലാഭക്കൊതിയുമാണ് കരാറിന്റെ ഭാഗമായുള്ള ആണവോര്‍ജ ഉല്‍പ്പാദനം ഇനിയും നടക്കാത്തതിനു പിന്നിലെന്നുകാണാം.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാ നിയമമാണ് അമേരിക്കന്‍ കമ്പനികളായ ജനറല്‍ ഇലക്ട്രിക്കല്‍സിന്റെയും വെസ്റ്റിങ് ഹൗസിന്റെയും ഫ്രഞ്ച് കമ്പനിയായ അറീവയുടെയും മറ്റും മുമ്പില്‍ ഇന്ത്യയുമായി ആണവബിസിനസ് നടത്താന്‍ തടസ്സമായി നില്‍ക്കുന്നത്. 2010 ആഗസ്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച സിവില്‍ബാധ്യതാ ആണവ അപകട ബില്ലാണ് ഈ കമ്പനികളുടെ ലാഭക്കൊതിക്ക് ഒരു പരിധിവരെ കടിഞ്ഞാണിടുന്നത്. ബഹുരാഷ്ട്ര ആണവക്കമ്പനികളുടെ ഉറക്കംകെടുത്തുന്ന ചില വകുപ്പുകള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായി ഈ ബില്ലിന്റെ ഭാഗമായിട്ടുണ്ട്. അതിലൊന്നാണ് ആണവ അപകടമുണ്ടാകുന്ന പക്ഷം റിയാക്ടര്‍ ദാതാക്കളായ കമ്പനികളില്‍നിന്ന് ആണവനിലയനടത്തിപ്പുകാര്‍ക്ക് (ഇന്ത്യയെ സംബന്ധിച്ച് എന്‍പിസിഐഎല്‍) നഷ്ടപരിഹാരം ഈടാക്കാന്‍ അധികാരമുണ്ടായിരിക്കുമെന്ന വകുപ്പ്. അതായത് ആന്ധ്രയിലും ഗുജറാത്തിലും അമേരിക്ക സ്ഥാപിക്കാനിരിക്കുന്ന ഇഎസ്ബിഡബ്ല്യു, എ 1000 റിയാക്ടറുകള്‍ അപകടത്തില്‍ പെട്ടാല്‍ ആണവനിലയനടത്തിപ്പുകാരായ എന്‍പിസിഐഎല്ലിന് അമേരിക്കന്‍ സ്വകാര്യകമ്പനികളില്‍നിന്ന് കോടതിവഴി നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയും.

വിദേശ ആണവകമ്പനികള്‍ ഈ നിയമത്തെ "മരണവാറന്റാ"യാണ് വിശേഷിപ്പിച്ചത്. ഫുക്കുഷിമയിലേതുപോലുള്ള ദുരന്തമുണ്ടായാല്‍ റിയാക്ടര്‍ വില്‍പ്പന വഴിയുണ്ടാക്കുന്ന ലാഭം മുഴുവന്‍ ഇല്ലാതാകുമെന്ന ഭയമാണ് ഈ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അമേരിക്കന്‍-ഫ്രഞ്ച്-റഷ്യന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ രീതിയനുസരിച്ച് ആണവദാതാക്കളെ ബാധ്യതാനിയമത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ലെന്ന ന്യായവും ഈ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റിങ്ഹൗസിന്റെയും ജനറല്‍ ഇലക്ട്രിക്കല്‍സിന്റെയും ഉടമകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയടക്കം കണ്ട് ഇന്ത്യന്‍ ആണവബാധ്യതാനിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരിക്ലിന്റണും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും മന്‍മോഹന്‍സിങ്ങിനെ കണ്ട് ഇതേ ആവശ്യം ഉയര്‍ത്തി. ഇന്ത്യയുമായി ആണവബിസിനസില്‍ ഏര്‍പ്പെടാന്‍ അമേരിക്ക അവരുടെ നിയമത്തില്‍ മാറ്റം വരുത്തിയതുപോലെ ഇന്ത്യയും പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ മാറ്റം വരുത്തണമെന്നാണ് ഈ ബഹുരാഷ്ട്ര കമ്പനികളുടെ ആവശ്യം. എന്നാല്‍, ഫുക്കുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയമത്തില്‍ മാറ്റം വരുത്തുക യുപിഎ സര്‍ക്കാരിനെ സംബന്ധിച്ച് പ്രയാസകരമാണ്.

എങ്കിലും സായിപ്പിന്റെ ആഗ്രഹം സഫലമാക്കാന്‍ മന്‍മോഹന്‍സിങ് കഴിഞ്ഞവര്‍ഷം വളഞ്ഞവഴി തന്നെ സ്വീകരിച്ചു. പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ ആറ് മാസത്തിനകം ചട്ടങ്ങള്‍ക്ക് രൂപം നല്‍കണമെന്നാണ് രീതി. ആണവബാധ്യതാബില്ലില്‍ സര്‍ക്കാര്‍ ഈ ചട്ടം പാലിച്ചില്ല. 13 മാസത്തിന് ശേഷമാണ് ചട്ടങ്ങള്‍ വിജ്ഞാപനമായി ഇറക്കിയത്. നിയമത്തിന്റെ സത്ത തന്നെ ചോര്‍ത്തിക്കളയുംവിധമായിരുന്നു ചട്ടങ്ങളുടെ രൂപീകരണം. ആണവബാധ്യതാബില്ലില്‍ ആണവനടത്തിപ്പുകാര്‍ക്കുള്ള നഷ്ടപരിഹാരത്തിന് മാത്രമാണ് 1500 കോടിയെന്ന പരിധി നിശ്ചയിച്ചത്. ആണവദാതാക്കള്‍ നല്‍കേണ്ട നഷ്ടപരിഹാരത്തിന് പരിധി നിശ്്ചയിച്ചിരുന്നില്ല. എന്നാല്‍, 2011 നവംബറില്‍ പ്രസിദ്ധീകരിച്ച ചട്ടത്തിലെ 24(1) വകുപ്പനുസരിച്ച് ആണവദാതാക്കള്‍ നല്‍കേണ്ട ബാധ്യതയും 1500 കോടിയായി നിജപ്പെടുത്തി. 24(2) വകുപ്പനുസരിച്ച് ലൈസന്‍സ് ലഭിച്ച് (അതല്ലെങ്കില്‍ ഉല്‍പ്പന്ന ബാധ്യതാകാലം) അഞ്ച് വര്‍ഷത്തിനകം ആണവനടത്തിപ്പുകാര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കണം. അതായത് രണ്ട് വകുപ്പും പരമാവധി സുരക്ഷ ഉറപ്പാക്കുക എന്ന ബില്ലിന്റെ ലക്ഷ്യത്തിന് എതിരാണെന്നര്‍ഥം. അതുകൊണ്ടുതന്നെ ഈ രണ്ട് വകുപ്പുകളും ഭേദഗതി ചെയ്യണമെന്ന് സിപിഐ എം നേതാവ് പി കരുണാകരന്‍ അധ്യക്ഷനായ ലോക്സഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ കമ്മിറ്റി സര്‍ക്കാരിനോട് എകകണ്ഠമായി ആവശ്യപ്പെട്ടു. ആഗസ്ത് 29ന് ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വച്ചെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

എന്നാല്‍, ബഹുരാഷ്ട്ര ആണവകമ്പനികളെ നഷ്ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഭാവിയില്‍ അപകടമുണ്ടായാല്‍ റിയാക്ടര്‍ കമ്പനികള്‍ നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരത്തുക നല്‍കാനായി ഈ കമ്പനികളില്‍നിന്ന് വാങ്ങുന്ന റിയാക്ടറുകള്‍ക്ക് വിലകൂട്ടി നല്‍കുന്ന കാര്യമാണ് ഇന്ത്യ ചര്‍ച്ചചെയ്യുന്നതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. റിയാക്ടറിന് പണം കൂട്ടി നല്‍കുമെന്നുപറഞ്ഞാല്‍ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് വിദേശകമ്പനികള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സാരം. അതായത് ഒരു റിയാക്ടറിന് കണക്കാക്കുന്ന വില ചുരുങ്ങിയത് 500 കോടി ഡോളറെന്നാണ് (27500 കോടി രൂപ) നിശ്ചയിച്ചിട്ടുള്ളത്. നഷ്ടപരിഹാരപ്പണം കമ്പനിക്ക് മുന്‍കൂട്ടി ഇന്ത്യ നല്‍കുന്നതിന്റെ ഭാഗമായി അരക്കോടി ഡോളര്‍ കൂടി നല്‍കാനാണ് ഇന്ത്യ സമ്മതിച്ചതെന്നറിയുന്നു. അതായത് റിയാക്ടറിന് 275 കോടി രൂപ വര്‍ധിപ്പിച്ച് നല്‍കുമെന്ന് സാരം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നീക്കം കണ്ടിട്ടാകണം ജെയ്താപുരില്‍ സ്ഥാപിക്കുന്ന ആറ് റിയാക്ടര്‍ നല്‍കുന്ന അറീവ കമ്പനിക്കായി റിയാക്ടര്‍ നിര്‍മിച്ചുവരുന്ന ഇഡിഎഫ് കമ്പിനി 1650 മെഗാവാട്ട് റിയാക്ടറിന്റെ വില ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചത്. 330 കോടി ഡോളറിന് നല്‍കാമെന്ന് പറഞ്ഞ റിയാക്ടറിന്റെ വില ഇപ്പോള്‍ 850 കോടി ഡോളറായി വര്‍ധിപ്പിച്ചു. അമേരിക്കന്‍ കമ്പനികളുടേത് 1000 മെഗാവാട്ട് റിയാക്ടറാണെങ്കില്‍ 1650 മെഗാവാട്ട് റിയാക്ടറാണ് തങ്ങള്‍ നല്‍കുന്നതെന്നും അതിനാല്‍ വില വര്‍ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഫ്രഞ്ച് ഊര്‍ജരാക്ഷസനായ ഇഡിഎഫ് പറയുന്നത്. അതായത് റിയാക്ടറിന് വില കൂട്ടി നല്‍കുമ്പോള്‍ അതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്കും വില വര്‍ധിക്കുമെന്നര്‍ഥം. യൂണിറ്റിന് എട്ട് രൂപ മുതല്‍ 12 രൂപ വരെയെന്ന വില 20 രൂപയെങ്കിലുമായി വര്‍ധിക്കും. മറ്റൊരു എന്‍റോണ്‍ ദുരന്തം ഇവിടെ ആവര്‍ത്തിക്കും. അമേരിക്കയുമായുള്ള ആണവകരാറിന്റെ മറുപുറമാണിത്. എന്നിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അമേരിക്കന്‍വിധേയത്വം അലങ്കാരമാക്കുകയാണ്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 08 ജനുവരി 2013

No comments: