Saturday, January 19, 2013

ജനങ്ങള്‍ക്ക് വീണ്ടും വീണ്ടും ഇരുട്ടടി

ഡീസല്‍വില നിയന്ത്രണം പിന്‍വലിച്ച് എല്ലാ മാസവും വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കി യുപിഎ സര്‍ക്കാര്‍ ഒരിക്കല്‍കൂടി ജനങ്ങള്‍ക്ക് കനത്ത ഇരുട്ടടി നല്‍കിയിരിക്കുന്നു. ഡീസല്‍വില ഈ വര്‍ഷം ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമാവുകയാണ്. ഡീസല്‍, പെട്രോള്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കണമെന്നും ഇവയുടെ വില അന്തര്‍ദേശീയ വിപണിയിലേതിനോട് തുല്യമാക്കണമെന്നും കിരീത് പരേഖ് കമ്മിറ്റി ശുപാര്‍ശചെയ്തിരുന്നു. വിജയ് കേല്‍ക്കര്‍ കമ്മിറ്റിയും ഇത്തരത്തില്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട് പോലും. വില വര്‍ധിപ്പിക്കാനാണ് കമ്മിറ്റിയെയും കമീഷനുകളെയും നിയമിക്കുന്നതെന്ന വസ്തുത ഏറെനാള്‍ മറച്ചുപിടിക്കാന്‍ കഴിയുന്നതല്ല. പോത്തിന്റെ തലയില്‍ വെള്ളമൊഴിച്ചാല്‍ അതു തലയാട്ടുമെന്നും അതിനെ അറുക്കാനുള്ള അനുവാദം നല്‍കലാണതെന്നും ചിലര്‍ കരുതുന്നതായി കേട്ടിട്ടുണ്ട്. കമ്മിറ്റികളുടെയും കമീഷനുകളുടെയും നിയമനം ഇത്തരത്തില്‍ സമൂഹത്തിന്റെ അനുവാദം ലഭിച്ചതായി വ്യാഖ്യാനിക്കാനുള്ള കുരുട്ടുവിദ്യയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ വിലനിയന്ത്രണവും സബ്സിഡിയും പിന്‍വലിക്കുന്നതിന്റെ പിറകിലുള്ള തത്വശാസ്ത്രം ആഗോളവല്‍ക്കരണത്തിന്റേതാണ്. വിപണി സമ്പദ് വ്യവസ്ഥയാണ് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട്. വില ആത്യന്തികമായി നിശ്ചയിക്കപ്പെടുന്നത് വിപണിയിലാണ്. മുതലാളിത്ത വ്യവസ്ഥയില്‍ ചരക്കുല്‍പ്പാദനത്തിന്റെ ലക്ഷ്യം പരമാവധി ലാഭം തട്ടിയെടുക്കലാണ്; ജനസേവനമോ ജനക്ഷേമമോ അല്ല. അതിനാകട്ടെ, കഴുത്തറുപ്പന്‍ മത്സരത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കുന്നതും സബ്സിഡി നല്‍കി വിലക്കയറ്റം തടയുന്നതും സര്‍ക്കാരിന്റെ ചുമതലയില്‍പ്പെട്ടതല്ലെന്നാണ് രണ്ടു പതിറ്റാണ്ടുമുമ്പ് പ്രധാനമന്ത്രി നരസിംഹറാവു നടപ്പാക്കിയ ആഗോളവല്‍ക്കരണ നയത്തിന്റെ അന്തഃസത്ത. ഈ നയം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ണതയോടെ നടപ്പാക്കാന്‍ മന്‍മോഹന്‍സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

പുത്തന്‍ സാമ്പത്തികവ്യവസ്ഥയെന്നും ആഗോളവല്‍ക്കരണ നയമെന്നുമൊക്കെ പറയുന്നത് യഥാര്‍ഥത്തില്‍ സാമ്രാജ്യത്വനയം തന്നെയാണെന്ന നഗ്നസത്യം ഒരു നിമിഷംപോലും മറന്നുകൂടാ. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയാകുന്നതിനുമുമ്പ് അമേരിക്ക സന്ദര്‍ശിച്ചത് ഓര്‍ക്കേണ്ടതുണ്ട്. അമേരിക്കന്‍ ഐക്യനാടുകളില്‍പോയി പ്രസിഡന്റ് ഒബാമയുടെ സാന്നിധ്യത്തില്‍ അദ്ദേഹം നല്‍കിയ ഉറപ്പ്, എല്ലാവിധ സബ്സിഡിയും ഉടന്‍ നിര്‍ത്തലാക്കുമെന്നാണ്. അതാണ് അതിവേഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍ വിലനിയന്ത്രണം ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 14 തവണ വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഡീസല്‍വില നിയന്ത്രണം പിന്‍വലിച്ച് പടിപടിയായി വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് യുപിഎ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നു. പാചകവാതകത്തിന്റെ വില സിലിന്‍ഡറിന് ഒറ്റയടിക്ക് 130 രൂപ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. മണ്ണെണ്ണയുടെ വിലയും ഇതോടൊപ്പം വന്‍തോതില്‍ വര്‍ധിപ്പിക്കും. വൈദ്യുതിവിലയും കുതിച്ചുയരുകയാണ്. ഈ നടപടികള്‍മൂലം നിത്യോപയോഗ സാധനങ്ങളുടെ വില ഇനിയും കുതിച്ചുയരും. തീവണ്ടിക്കൂലി വര്‍ധന 20 ശതമാനമാണ്. ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്നതില്‍ സംശയം വേണ്ടാ.

യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് പിന്‍തുണ നല്‍കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഒരുതരം മത്സരത്തിലേര്‍പ്പെട്ടിരിക്കുകയാണെന്നതാണ് മറ്റൊരു സവിശേഷത. മലയാള മനോരമ വിലക്കയറ്റത്തെപ്പറ്റി മുഖപ്രസംഗമെഴുതിയിട്ടുണ്ട്. "വില്ലന്‍ ധനക്കമ്മി" എന്ന ലേഖനവും അതോടൊപ്പം പ്രസിദ്ധീകരിച്ചു. വിലക്കയറ്റത്തെ ഇത്രയധികം ന്യായീകരിക്കാനും വെള്ളപൂശാനും കാണ്ടാമൃഗത്തെ വെല്ലുന്ന തൊലിക്കട്ടിതന്നെ വേണം. മുഖപ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെ: ""ഡീസല്‍ വില വര്‍ധിപ്പിക്കാതെ ഇനിയും മുന്നോട്ടുപോയാല്‍ സബ്സിഡി ഗണ്യമായി പെരുകുകയും ധനക്കമ്മി കൂടുകയും അടുത്ത ബജറ്റ് തന്നെ ആകെ അവതാളത്തിലാവുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയവയുടെ മൊത്തം സബ്സിഡിക്കായി ഈ സാമ്പത്തിക വര്‍ഷം 1.4 ലക്ഷം കോടി രൂപയിലധികം ചെലവഴിക്കേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. അതായത്, യുപിഎ സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പരിപാടികള്‍ക്കു ചെലവഴിക്കുന്ന തുകയുടെ പലമടങ്ങ്. ഈ അധികച്ചെലവ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ സാമൂഹികക്ഷേമ പദ്ധതികള്‍ക്കു കൂടുതല്‍ തുക കണ്ടെത്താനുള്ള വഴി മുട്ടിക്കും. സര്‍ക്കാരിന്റെ ആം ആദ്മി പ്രതിച്ഛായതന്നെ തകര്‍ന്നേക്കുമെന്ന ആശങ്ക വേറെ"". ഡീസലിന് ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചാല്‍ 40,000 കോടിരൂപ സര്‍ക്കാരിന് ലാഭമുണ്ടാകുംപോലും. പെരുകുന്ന ധനകമ്മിയാണ് കൂടുതല്‍ അപകടകാരിയെന്നും മനോരമ കണ്ടെത്തിയിരിക്കുന്നു. അസംസ്കൃത എണ്ണയ്ക്ക് അന്തര്‍ദേശീയ വിപണിയില്‍ വീപ്പയ്ക്ക് 95 ഡോളറാണ് നിലവിലെ വില. 140 ഡോളറില്‍നിന്നാണ് ഇത്രയും ചുരുങ്ങിയത്. 20 ശതമാനം ഇവിടെ കുഴിച്ചെടുക്കുന്ന അസംസ്കൃത എണ്ണ ശുദ്ധീകരിച്ചെടുത്ത് ഇതേ വിലയ്ക്ക് വില്‍പ്പന നടത്തി കൊള്ളയടിക്കാന്‍ ശതകോടീശ്വരന്മാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളല്ല, 55 ശതകോടീശ്വരന്മാരുടെ താല്‍പ്പര്യമാണ് ഇത്തരം വലതുപക്ഷ മാധ്യമങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്ന് വ്യക്തം. ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവച്ച് കണ്ടമാനം വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാന്‍ യുപിഎ സര്‍ക്കാരിന് പച്ചക്കൊടി കാണിക്കുന്ന വലതുപക്ഷ മാധ്യമങ്ങളാണ് ഇത്തരം പ്രതിസന്ധികളില്‍ ജനങ്ങള്‍ നേരിടുന്ന യഥാര്‍ഥ വെല്ലുവിളിയെന്ന് പറയേണ്ടി വന്നിരിക്കുന്നു. അവരുടെ കണ്ണില്‍ പരാജയപ്പെടുന്നത് ബഹുജന സമരങ്ങള്‍മാത്രമാണ്. ജനങ്ങളെ നിര്‍ബാധം കൊള്ളയടിക്കാന്‍ അനുസരണയോടെ നിന്നുകൊടുക്കണമെന്നാണ് ഇക്കൂട്ടരുടെ മോഹം. അതു നടക്കുന്ന കാര്യമല്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബഹുജനരോഷം കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകതന്നെചെയ്യും.

*
ദേശാഭിമാനി മുഖപ്രസംഗം 19 ജനുവരി 2013

No comments: