Sunday, January 13, 2013

ചെലവ് ചുരുക്കലിന്റെ പേരില്‍ സേവനമേഖലയില്‍ നിന്നുള്ള പിന്മാറ്റം

2003 ലെ കേരള ധനകാര്യ ഉത്തരവാദിത്വനിയമം, എല്ലാ വര്‍ഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് അനുശാസിക്കുന്നു. അതിന്‍ പ്രകാരം കെപിസിസി നിയന്ത്രണത്തിലുള്ള രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ: ബി.എ. പ്രകാശ് അദ്ധ്യക്ഷനായി 2012 ഏപ്രില്‍ 26 ന് മൂന്നാമത് പൊതുചെലവ് അവലോകനകമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചു. സംസ്ഥാനത്തിന്റെ 2010-11 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേരളത്തിന്റെ നാളിതുവരെയുള്ള എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനമായ വികസന പരിപ്രേക്ഷ്യത്തെ നിരാകരിക്കുന്നതാണ്. കേവലമായ സാമ്പത്തികസ്ഥിതിയുടെ അവലോകനത്തിനപ്പുറം ഭരണനേതൃത്വം തീരുമാനിക്കേണ്ട നയപരമായ പ്രശ്നങ്ങളില്‍ കമ്മിറ്റി അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത് യാദൃച്ഛികമായി സംഭവിച്ചതല്ല. തൊണ്ണൂറുകള്‍ മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടപ്പിലാക്കിവരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്.

നാടിന്റെ വളര്‍ച്ചയും വികസനവും സംബന്ധിച്ച് മുതലാളിത്ത അര്‍ത്ഥശാസ്ത്രകാരന്മാരുടെ കാഴ്ചപ്പാടുകളാണ് കമ്മിറ്റിയെ നയിക്കുന്നത്. വികസനമെന്നത് ഒരു സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതത്തിലുണ്ടാവുന്ന പുരോഗതിയും അതുവഴിയുണ്ടാകുന്ന സാമൂഹ്യവളര്‍ച്ചയുമാണെന്ന കാഴ്ചപ്പാടിനെ ഇക്കൂട്ടര്‍ നിരാകരിക്കുന്നു. വിദ്യാഭ്യാസമേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്. ഐക്യരാഷ്ട്രസഭയുടെ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ട,എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യം കൈവരിച്ച നാടാണ് കേരളം. സ്വാതന്ത്ര്യാനന്തര ഭാരതം ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ ലക്ഷ്യത്തിന്റെ അടുത്തെങ്ങുമെത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 1957 ലെ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര വിദ്യാഭ്യാസ നിയമത്തിലൂടെ ഉറപ്പുവരുത്തിയ സാര്‍വത്രിക വിദ്യാഭ്യാസം, ദേശീയ തലത്തില്‍ നടപ്പിലാക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന് 2010 വരെ കാത്തിരിക്കേണ്ടിവന്നു. വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലും ഉടമസ്ഥതയിലും ആയിരിക്കണമെന്ന കാഴ്ചപ്പാടാണ് 1957 ലെ വിദ്യാഭ്യാസനിയമം മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ എയ്ഡഡ് മേഖലയിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തില്‍ വ്യാപകമായി പ്രവര്‍ത്തനം ആരംഭിക്കുകയും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുകയും ചെയ്തു. മലയാളിയെ വിശ്വപൗരന്മാരാക്കിമാറ്റിയ ഈ നേട്ടങ്ങളൊന്നാകെ ഇല്ലാതാക്കുന്നതിനാണ് ബി.എ. പ്രകാശ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശമ്പളച്ചെലവിന്റെ പകുതിയിലേറെ വിദ്യാഭ്യാസമേഖലയിലാണ് മുടക്കുന്നതെന്നതിനാല്‍ സര്‍ക്കാര്‍ - എയ്ഡഡ് മേഖല പരിമിതപ്പെടുത്തി അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ വ്യാപകമാക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. വിദ്യാഭ്യാസമേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കനുസൃതമായി തയ്യാറാക്കിയ ഈ ശുപാര്‍ശകള്‍ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ലക്ഷ്യമിട്ടുള്ളതാണ്.

ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയിലെ വര്‍ദ്ധന, പലിശ എന്നിവയും സര്‍ക്കാരിന്റെ ധനസ്ഥിതി മോശമാക്കുന്നതായി കമ്മിറ്റി വിലയിരുത്തിയിരിക്കുന്നു. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളവും പെന്‍ഷനും പരിഷ്കരിക്കുന്നത് അവസാനിപ്പിച്ച് കേന്ദ്രത്തിലേതുപോലെ പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളപരിഷ്കരണം മതിയെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. അഞ്ചുവര്‍ഷ ശമ്പളപരിഷ്കരണം നിരവധി പോരാട്ടങ്ങളിലൂടെ കേരളത്തില്‍ ജീവനക്കാര്‍ നേടിയെടുത്തതാണ്. കേരളത്തിന്റെ പൊതു കൂലിവ്യവസ്ഥ രൂപപ്പെടുത്തുന്നതിലും ഇതരസംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട കൂലിവ്യവസ്ഥ നേടിയെടുക്കുന്നതിലും സമയബന്ധിത ശമ്പളപരിഷ്ക്കരണം നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് അട്ടിമറിക്കുന്നതിന് മൂലധനശക്തികള്‍ വന്‍ സമ്മര്‍ദ്ദമാണ് സര്‍ക്കാരില്‍ ചെലുത്തുന്നത്. ഇത്തരം സ്വാധീനങ്ങള്‍ക്ക് വഴങ്ങി യു.ഡി.എഫ് അധികാരത്തിലിരുന്ന എല്ലാ കാലയളവുകളിലും സമയബന്ധിത ശമ്പളപരിഷ്ക്കരണം അട്ടിമറിക്കുന്നതിന് ശ്രമം നടത്തിയിരുന്നു. സിവില്‍സര്‍വീസിന്റെ വലിപ്പം കുറയ്ക്കണമെന്നും വിദ്യാഭ്യാസ-ആരോഗ്യ സേവനമേഖലകളില്‍ നിന്നും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നുമാണ് നവഉദാരവല്‍ക്കരണ നയങ്ങള്‍ ആവശ്യപ്പെടുന്നത്. അതിനുസൃതമായി ഗ്രൂപ്പ് ഡി വിഭാഗം ജീവനക്കാരുടെയും ഡ്രൈവര്‍മാരുടെയും സ്ഥിരനിയമനം ഒഴിവാക്കി പുറംകരാര്‍ സമ്പ്രദായം നടപ്പാക്കണമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. തസ്തിക വെട്ടിക്കുറച്ച് സിവില്‍സര്‍വീസിലേക്കുള്ള പരിമിതമായ നിയമനങ്ങള്‍ പോലും ഇല്ലാതാക്കുന്ന നയങ്ങളാണ് ഈ ശുപാര്‍ശയില്‍ പ്രതിഫലിക്കുന്നത്. മെച്ചപ്പെട്ട പ്രോജക്ടുകളും സ്കീമുകളും തയ്യാറാക്കാനുള്ള വൈദഗ്ധ്യം സര്‍ക്കാര്‍ വകുപ്പുകള്‍ക്കില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ പുറത്തുനിന്നും സഹായം നേടണമെന്നാണ് നിര്‍ദ്ദേശം.

കനേഡിയന്‍ സാങ്കേതികസഹായത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കടക്കം നേതൃത്വം നല്‍കിയത് കേരളത്തിലെ സിവില്‍സര്‍വീസാണ്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും അതിനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് സിവില്‍സര്‍വീസിനെ പര്യാപ്തമാക്കുന്നതിനും പകരം, പുറത്തുനിന്നുള്ള സഹായത്തിന്റെ പേരുപറഞ്ഞ് സ്വകാര്യമേഖലയ്ക്ക് വന്‍കിട പദ്ധതികള്‍ കൈമാറാനുള്ള ദുഷ്ടലാക്കാണ് ഈ നിര്‍ദ്ദേശത്തിന് പിന്നില്‍. അഞ്ചുകോടി രൂപയ്ക്ക് മേലുള്ള പദ്ധതികളില്‍ പൊതു സ്വകാര്യപങ്കാളിത്തമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശവും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. കോമണ്‍വെല്‍ത്ത് അഴിമതി പോലെ സ്വകാര്യമേഖലയ്ക്ക് രാജ്യസമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്കെതിരാണ്. ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കി പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അടിച്ചേല്‍പ്പിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം യുക്തിഭദ്രമെന്ന് വിശേഷിപ്പിച്ച കമ്മിറ്റി ഇത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നതും ഫണ്ട്മാനേജര്‍മാരായ കോര്‍പ്പറേറ്റുകള്‍ക്ക് ഖജനാവിലെ പണം കൈക്കലാക്കാന്‍ അവസരമൊരുക്കുന്നതുമായ ഈ പദ്ധതിയെ ന്യായീകരിക്കുന്ന കമ്മിറ്റിയുടെ ലക്ഷ്യം സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം അല്ലെന്ന് ഇതിലൂടെ വ്യക്തമാണ്.

സംസ്ഥാനത്തെ പെന്‍ഷന്‍ ബാധ്യത മൊത്തം വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറഞ്ഞുവരുന്നതായി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത് പൊതുചെലവ് അവലോകന കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. (പേജ് 21 ഖണ്ഡിക 4,5). ഈ വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് പെന്‍ഷന്‍ ബാധ്യതയുടെ പെരുപ്പിച്ച കണക്കുകള്‍ അവതരിപ്പിച്ച് പങ്കാളിത്ത പെന്‍ഷനെ ന്യായീകരിക്കാന്‍ കമ്മിറ്റി ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ കടം നല്‍കുന്നതുള്‍പ്പെടെ ദീര്‍ഘവീക്ഷണത്തോടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികളുടെ ഫലമായി സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭം കൈവരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കടം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും പൊതുമേഖലയെ പുന:സംഘടിപ്പിക്കണമെന്നുമാണ് കമ്മിറ്റിയുടെ മറ്റൊരു നിര്‍ദ്ദേശം. പൊതുമേഖലയെ തകര്‍ത്ത് സ്വകാര്യമേഖലയെ പരിപോഷിപ്പിക്കുന്ന നവഉദാരവല്‍ക്കരണനയത്തിന്റെ വക്താക്കളായി കമ്മിറ്റി മാറിയതിന്റെ മറ്റൊരു ഉദാഹരണമാണിത്.

വില്‍പ്പന നികുതി, എക്സൈസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ പിഴിയണമെന്ന് നിര്‍ദ്ദേശിക്കുന്ന കമ്മിറ്റി, എല്‍.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷവും ജനങ്ങള്‍ക്കുമേല്‍ അധിക നികുതിഭാരം അടിച്ചേല്‍പ്പിക്കാത്തതിനെ മറ്റ് സംസ്ഥാനത്തെ നികുതി കണക്കുകളുമായി താരതമ്യം ചെയ്ത് പരോക്ഷമായി കുറ്റപ്പെടുത്തുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ഡോ. സുബ്രഹ്മണ്യം അദ്ധ്യക്ഷനായ രണ്ടാമത് പൊതുചെലവ് അവലോകനകമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ പൊതു സമീപനം കൂടി ഇത്തരുണത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മൂന്നാമത് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ നിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും കടകവിരുദ്ധമായി, സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സാഹചര്യങ്ങളും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ബദല്‍ നയങ്ങള്‍ സാമ്പത്തിക മേഖലയില്‍ സൃഷ്ടിച്ചിട്ടുള്ള മുന്നേറ്റങ്ങളും ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിലും സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധനയുണ്ടാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2004-05 ല്‍ 13500 കോടി രൂപയായിരുന്ന റവന്യു വരുമാനം 10-11 ല്‍ 30991 കോടിയായി വര്‍ദ്ധിച്ചു. നികുതി വരുമാനം 17 ശതമാനവും നികുതിയേതര വരുമാനം 29 ശതമാനവും വര്‍ദ്ധിച്ചു. എന്നാല്‍ കേന്ദ്രവിഹിതം 17.4 ശതമാനത്തില്‍ നിന്നും 11.8 ശതമാനമായി ഇക്കാലയളവില്‍ കുറഞ്ഞു.

ഭരണഘടനാപരമായി സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രസര്‍ക്കാര്‍ ഗണ്യമായി വെട്ടിക്കുറച്ചിട്ടും സാമ്പത്തികരംഗത്ത് സുസ്ഥിരത കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞതായി കമ്മിറ്റി വിലയിരുത്തി. ഇക്കാലയളവില്‍ ശമ്പളപരിഷ്ക്കരണത്തിന്റെയടക്കമുള്ള ബാധ്യതകള്‍ പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. പൊതുവിതരണം, പരമ്പരാഗത വ്യവസായം, ചെറുകിട വ്യവസായം തുടങ്ങി എല്ലാ മേഖലകള്‍ക്കും സബ്സിഡികള്‍ അനുവദിച്ചു. 2006-07 ല്‍ 23.36 കോടി രൂപയായിരുന്നു സബ്സിഡിയെങ്കില്‍ 2007-08 ല്‍ അത് 201.68 കോടിയായി വര്‍ദ്ധിച്ചു. 763 ശതമാനം വര്‍ദ്ധനയാണ് സബ്സിഡിയില്‍ ഇക്കാലയളവിലുണ്ടായത്. 2010-11 ല്‍ ഇത് 628.83 കോടിയായി വര്‍ദ്ധിപ്പിച്ചു നല്‍കി. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും എല്‍.ഡി.എഫ് ഭരണകാലയളവില്‍ ഇതിന്റെ ഫലമായി കഴിഞ്ഞു. എന്നാല്‍ ഇങ്ങനെ സബ്സിഡികള്‍ അനുവദിക്കുന്നത് പുനരാലോചനയ്ക്ക് വിധേയമാക്കണമെന്നാണ് പ്രകാശ് കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്. സബ്സിഡികള്‍ പരിമിതപ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നയം കേരളത്തിലും അടിച്ചേല്‍പ്പിക്കണമെന്ന വാദമാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. വൈദ്യുതി സബ്സിഡി വെട്ടിച്ചുരുക്കി കറണ്ട് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് 2012 ഡിസംബര്‍ 26 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ വികസന സമിതി യോഗത്തില്‍ പ്രധാനമന്ത്രി തന്നെ ആവശ്യപ്പെട്ടിരിക്കുന്നു.

2001 ല്‍ അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധിയുടെ പേരുപറഞ്ഞ് പുറപ്പെടുവിച്ച ധവളപത്രത്തിലും തുടര്‍ന്ന് 2002 ജനുവരി 16 ന് ഇറക്കിയ ഉത്തരവിലും നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ തന്നെയാണ് പൊതുചെലവ് അവലോകനകമ്മിറ്റി റിപ്പോര്‍ട്ടിലും പ്രതിഫലിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ ധനകാര്യമേഖലയില്‍ സ്വീകരിച്ച നയസമീപനത്തിന്റെ അന്ത:സത്തയെ തന്നെ നിരാകരിച്ച്, ചെലവ് ചുരുക്കലിന്റെ പേരില്‍ എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് മൂന്നാമത് പൊതുചെലവ് അവലോകനകമ്മിറ്റി റിപ്പോര്‍ട്ടിന്റെ രത്നചുരുക്കം. സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്നതും സംസ്ഥാനത്തിന്റെ മഹത്തായ നേട്ടങ്ങളെ തകര്‍ക്കുന്നതുമായ, അങ്ങേയറ്റം പ്രതിലോമകരമായ ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത് യു.ഡി.എഫിന്റെ നയമാണ്. സംസ്ഥാനത്തിന്റെ സമഗ്രവളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഇതിന്റെ ഭാഗമാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ജനവിരുദ്ധമായ തീരുമാനങ്ങളെ തിരുത്തിക്കാന്‍ കഴിയൂ. അത്തരം പോരാട്ടങ്ങള്‍ക്കാണ് കേരളം കാതോര്‍ക്കുന്നത്.

*
എ ശ്രീകുമാര്‍ ചിന്ത വാരിക

No comments: