Friday, November 5, 2010

കിനാലൂരിന്റെ പാഠം

വികസനപദ്ധതികള്‍ വിവാദത്തില്‍ കുടുക്കി തുരങ്കംവയ്‌ക്കുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ് കിനാലൂര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന പനങ്ങാട് പഞ്ചായത്തിലെ ജനവിധി. യുഡിഎഫ്, ജമാഅത്തെ ഇസ്ളാമി, ബിജെപി തുടങ്ങി എല്ലാ എല്‍ഡിഎഫ് വിരുദ്ധരും ഒന്നിച്ചുനിന്ന് മത്സരിച്ചിട്ടും പനങ്ങാട് പഞ്ചായത്തില്‍ വിജയം കണ്ടില്ല. കിനാലൂര്‍ വ്യവസായപാര്‍ക്കിലെ പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ച് മത്സരിച്ച എല്‍ഡിഎഫ് ഉജ്വലവിജയമാണ് കൈവരിച്ചത്.

കേരളത്തിലെ 'നന്ദിഗ്രാം' എന്നാണ് കിനാലൂരിനെ വിശേഷിപ്പിച്ചിരുന്നത്. ഏതാനും മാധ്യമങ്ങള്‍ വിഷലിപ്‌തമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരുന്നത്. രാഷ്‌ട്രീയദുഷ്‌ടലാക്കോടെ യുഡിഎഫും ഈ പ്രചാരണം ഏറ്റെടുത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും അപവാദപ്രചാരണത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. 1995ലാണ് ബാലുശേരിക്കടുത്ത കിനാലൂരില്‍ 320 ഏക്കര്‍ ഭൂമി വ്യവസായവളര്‍ച്ചാ കേന്ദ്രത്തിനായി സംസ്ഥാന വ്യവസായവികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) ഏറ്റെടുത്തത്. ഇതില്‍നിന്ന് 30 ഏക്കര്‍ 'ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സി'ന് നല്‍കിയതൊഴിച്ച് ബാക്കി ഭൂമി ഇത്രയുംകാലം വെറുതെ കിടക്കുകയായിരുന്നു. 2006ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്, വ്യവസായവളര്‍ച്ചാ കേന്ദ്രങ്ങളിലെ ഭൂവിനിയോഗം സംബന്ധിച്ച കാര്യങ്ങള്‍ ഗൌരവമായി ആലോചിച്ചത്. കിനാലൂര്‍, കൂത്തുപറമ്പ്, മലപ്പുറം പാണക്കാട്, ചേര്‍ത്തല എന്നീ നാല് വ്യവസായവളര്‍ച്ചാ കേന്ദ്രങ്ങളിലായി ആയിരത്തില്‍പ്പരം ഏക്കര്‍ ഭൂമിയാണ് വെറുതെ കിടന്നിരുന്നത്.

വ്യവസായത്തിനായി ഭൂമിക്കുവേണ്ടി സംരംഭകര്‍ നെട്ടോട്ടമോടുമ്പോള്‍, ഇത്രയും ഭൂമി വെറുതെ കിടക്കാന്‍ പ്രധാന കാരണം അടിസ്ഥാനസൌകര്യങ്ങളുടെ അഭാവമായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യവസായപാര്‍ക്കുകളിലെ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതനുസരിച്ചാണ് കിനാലൂര്‍ വ്യവസായപാര്‍ക്കിലേക്ക് ഒരു പുതിയ റോഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കിനാലൂര്‍ വ്യവസായപാര്‍ക്കില്‍ ഒരു വ്യവസായപദ്ധതി സ്ഥാപിക്കുന്നതുസംബന്ധിച്ച് മലേഷ്യന്‍ സര്‍ക്കാര്‍സ്ഥാപനമായ സിഐഡിബിയുമായി കെഎസ്ഐഡിസി 2008ല്‍ ധാരണപത്രം ഒപ്പുവച്ചു. ആ ധാരണപത്രത്തിലെ ഒരു പ്രധാന വ്യവസ്ഥ കോഴിക്കോട് നഗരത്തില്‍നിന്ന് കിനാലൂര്‍വരെ ഒരു നാലുവരിപ്പാത നിര്‍മിക്കണമെന്നതായിരുന്നു.

വ്യവസായപാര്‍ക്കിലേക്ക് നിലവിലുള്ള റോഡ് വീതി കുറഞ്ഞതാണ്. റോഡുനിര്‍മാണത്തിനായി 2008ലെ ബജറ്റില്‍ 25 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചു. റോഡിന്റെ അലൈന്‍മെന്റ് തയ്യാറാക്കാന്‍ 'ഇന്‍കെല്‍' എന്ന കമ്പനിയെ ചുമതലപ്പെടുത്തി. അവര്‍ തയ്യാറാക്കിയ മൂന്ന് അലൈന്‍മെന്റില്‍ ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുത്ത് സര്‍വേ നടത്താന്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ എല്ലാ രാഷ്‌ട്രീയപാര്‍ടികളുടെയും യോഗം കലക്‌ടറേറ്റില്‍ വിളിച്ചുചേര്‍ത്ത് ഈ കാര്യം ചര്‍ച്ചചെയ്‌തു. മിക്കവാറും എല്ലാ പാര്‍ടിയും സര്‍വേ നടത്തുന്നതിനോട് യോജിച്ചു.

റോഡിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍, നല്‍കേണ്ട നഷ്‌ടപരിഹാരം സംബന്ധിച്ച നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവച്ചു.

1) റോഡിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില.
2) ഏതെങ്കിലും വീട് ഏറ്റെടുക്കുന്നപക്ഷം, പകരം വീടുവയ്‌ക്കാന്‍ റോഡരികില്‍ അഞ്ചുസെന്റ് സ്ഥലം സൌജന്യമായി നല്‍കും.
3) വീട് ഒഴിഞ്ഞു നല്‍കുന്ന കുടുംബത്തില്‍നിന്ന് ഒരാള്‍ക്കുവീതം അനുയോജ്യമായ തൊഴില്‍ നല്‍കും.
4) സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി ഒഴിച്ച് ബാക്കി വരുന്ന ഭൂമിയില്‍ നിര്‍മാണത്തിനായി ആവശ്യമെങ്കില്‍, കെട്ടിടനിര്‍മാണച്ചട്ടങ്ങളില്‍ ഇളവ് വരുത്തും.
ബഹുഭൂരിപക്ഷം സ്ഥലഉടമകളും ഭൂമി ഏറ്റെടുക്കുന്നതിന് അനുകൂലമായിരുന്നു. ബാലുശേരി മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇതിനെ അനുകൂലിച്ചിരുന്നു. വിരലിലെണ്ണാവുന്ന ഏതാനുംപേര്‍, 'സോളിഡാരിറ്റി' എന്ന സംഘടനയുടെ പേരില്‍, ഈ വികസനപദ്ധതിക്കെതിരെ അപവാദപ്രചാരണവുമായി രംഗത്തുവന്നു. രാഷ്‌ട്രീയദുഷ്‌ടലാക്കോടെ യുഡിഎഫും ബിജെപിയും ഇതിനോട് ചേരുകയാണുണ്ടായത്. അവരാണ് റോഡിനായുള്ള സര്‍വേനടപടികളെ തടസ്സപ്പെടുത്തി അക്രമമുണ്ടാക്കിയത്.

നിര്‍ദിഷ്‌ട റോഡ് നൂറുമീറ്റര്‍ വീതിയിലാണെന്നും ബിഒടി റോഡാണെന്നും കിനാലൂര്‍ എസ്റേറ്റില്‍ ഭൂമി വാങ്ങിക്കൂട്ടിയ വന്‍കിടക്കാര്‍ക്കുവേണ്ടിയാണ് ഈ റോഡ് എന്നുമൊക്കെയായിരുന്നു ഇക്കൂട്ടരുടെ പ്രചാരണം. കൂടാതെ റോഡിനായി നെല്‍വയല്‍ നികത്തപ്പെടുന്നതുമൂലമുളവാകുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ചും ഊതിവീര്‍പ്പിച്ച നുണക്കഥകളാണ് സോളിഡാരിറ്റി നടത്തിക്കൊണ്ടിരുന്നത്. നിര്‍ദിഷ്‌ട റോഡ് പൊതുറോഡാണെന്നും അതിന് 20 മീറ്റര്‍മുതല്‍ 30 മീറ്റര്‍വരെമാത്രം വീതി മതിയാകുമെന്നും ഒരു പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാതെ നിര്‍മാണം നടത്താമെന്നും സര്‍ക്കാര്‍ പലതവണ വ്യക്തമാക്കിയിട്ടും 'സോളിഡാരിറ്റി' കള്ളപ്രചാരണം നിര്‍ത്തിയില്ല. സോളിഡാരിറ്റിയുടെ നുണപ്രചാരണങ്ങളെ ഹോള്‍സെയിലായി ഏറ്റെടുക്കാനും ഏറ്റുപറയാനും യുഡിഎഫിനോ പ്രതിപക്ഷനേതാവിനോ ഒരു മടിയുമുണ്ടായില്ല. പലതവണ സംസ്ഥാനം ഭരിച്ച കക്ഷികളുടെ സമുന്നത നേതാക്കള്‍ സങ്കുചിത താല്‍പ്പര്യംവച്ച്, എങ്ങനെയാണ് വികസനപദ്ധതികളെ തുരങ്കംവയ്‌ക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് കിനാലൂര്‍ സംഭവം. ഒടുവില്‍ ഇവര്‍തന്നെയാണ് സംസ്ഥാനത്ത് വികസനമുരടിപ്പാണെന്ന് വിളിച്ചുകൂവുന്നതും.

റോഡിനായുള്ള സര്‍വേ നടക്കുമ്പോള്‍ ഏതാനും സ്‌ത്രീകളടക്കം കുറച്ചുപേരെ കൊണ്ടുവന്ന് സര്‍വേ തടസ്സപ്പെടുത്തുകയും പൊലീസിനുനേരെ കല്ലെറിയുകയും പ്രകോപനമുണ്ടാക്കുകയും ചെയ്‌ത സോളിഡാരിറ്റി പ്രവര്‍ത്തകര്‍, പൊലീസ് അതിക്രമമെന്ന മുറവിളിയുമായാണ് പിന്നീട് രംഗത്തുവന്നത്. കല്ലേറില്‍ പരിക്കേറ്റ ഡിവൈഎസ്‌പി ഉള്‍പ്പെടെ 17 പൊലീസുകാര്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ്, കിനാലൂരില്‍ 'നന്ദിഗ്രാം മോഡല്‍ അക്രമ'മെന്ന് അവര്‍ വിളിച്ചുകൂവിയത്. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, മനോരമ തുടങ്ങിയ ചാനലുകളും മനോരമ, മാതൃഭൂമി, മാധ്യമം തുടങ്ങിയ പത്രങ്ങളും ഈ കുപ്രചാരണം ഏറ്റെടുത്തു. യുഡിഎഫ്, ബിജെപി നേതാക്കള്‍ കിനാലൂരിലേക്ക് ഒഴുകി. അവരുടെ പ്രസ്‌താവനകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനമാതൃക ചോദ്യംചെയ്യപ്പെടുന്നു എന്ന രീതിയിലാണ് പ്രചരിപ്പിക്കപ്പെട്ടത്. എല്‍ഡിഎഫിനും പ്രത്യേകിച്ച് സിപിഐ എമ്മിനും എതിരെ സംസ്ഥാനവ്യാപകമായ പ്രചാരണായുധമായിതീര്‍ന്നു കിനാലൂര്‍.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍, കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ അവലോകനംചെയ്യുന്ന ഘട്ടത്തില്‍, കിനാലൂര്‍പ്രശ്‌നം എല്‍ഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളിയായി ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അതേസമയം, കിനാലൂര്‍ ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കിനാലൂര്‍ വ്യവസായപാര്‍ക്കില്‍ ഫുട്‌വെയര്‍ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കില്‍ 39 സംരംഭകരാണ് വ്യവസായം ആരംഭിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. 50 ഏക്കറില്‍ ഭക്ഷ്യസംസ്‌കരണ വ്യവസായപാര്‍ക്ക് ആരംഭിക്കാനും നടപടികള്‍ ആരംഭിച്ചു. പുതുതായി ആരംഭിക്കുന്ന സംരംഭങ്ങള്‍ ലക്ഷ്യംവച്ചുള്ള പരിശീലനപരിപാടികളും ആരംഭിച്ചുകഴിഞ്ഞു. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് എല്‍ഡിഎഫ് പനങ്ങാട് പഞ്ചായത്തിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലും പ്രചാരണം നടത്തിയത്.

'വിവാദ'ത്തിനാധാരമായ റോഡ് ആരംഭിക്കുന്ന കക്കോടി പഞ്ചായത്തിലും കിനാലൂര്‍ ഉള്‍ക്കൊള്ളുന്ന പനങ്ങാട് പഞ്ചായത്തിലും ജമാഅത്തെ ഇസ്ളാമി, ബിജെപി, യുഡിഎഫ് കക്ഷികള്‍ ഒറ്റക്കെട്ടായാണ് എല്‍ഡിഎഫിനെ നേരിട്ടത്. കിനാലൂര്‍ പ്രശ്‌നംമാത്രമായിരുന്നു പ്രചാരണം. രണ്ടിടത്തും ഈ അവിശുദ്ധ കൂട്ടുകെട്ട് ദയനീയമായി പരാജയപ്പെട്ടു. വികസനവിരുദ്ധരുടെ കണ്ണുതുറപ്പിക്കുന്നതാണ് കക്കോടിയുടെയും പനങ്ങാടിന്റെയും വിധിയെഴുത്ത്. അഭ്യസ്‌തവിദ്യരായി വളര്‍ന്നുവരുന്ന തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. സൌകര്യപ്രദമായി യാത്രചെയ്യാനുതകുന്ന റോഡും വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങളും വികസിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പുതിയ വ്യവസായപദ്ധതികള്‍ വരുന്നതിനെയും പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. ജനങ്ങളുടെ അഭിലാഷത്തെ ഒട്ടും മാനിക്കാത്തവിധത്തിലുള്ളതാണ് 'സോളിഡാരിറ്റി'പോലുള്ള സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മുദ്രാവാക്യങ്ങള്‍. പനങ്ങാടിന്റെ ജനവിധിയുടെ വെളിച്ചത്തില്‍ ജനവിരുദ്ധമായ നിലപാടില്‍നിന്ന് അത്തരക്കാര്‍ പിന്തിരിയുമെന്നും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.


*****

എളമരം കരീം, കടപ്പാട് : ദേശാഭിമാനി 05112010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'വിവാദ'ത്തിനാധാരമായ റോഡ് ആരംഭിക്കുന്ന കക്കോടി പഞ്ചായത്തിലും കിനാലൂര്‍ ഉള്‍ക്കൊള്ളുന്ന പനങ്ങാട് പഞ്ചായത്തിലും ജമാഅത്തെ ഇസ്ളാമി, ബിജെപി, യുഡിഎഫ് കക്ഷികള്‍ ഒറ്റക്കെട്ടായാണ് എല്‍ഡിഎഫിനെ നേരിട്ടത്. കിനാലൂര്‍ പ്രശ്‌നംമാത്രമായിരുന്നു പ്രചാരണം. രണ്ടിടത്തും ഈ അവിശുദ്ധ കൂട്ടുകെട്ട് ദയനീയമായി പരാജയപ്പെട്ടു. വികസനവിരുദ്ധരുടെ കണ്ണുതുറപ്പിക്കുന്നതാണ് കക്കോടിയുടെയും പനങ്ങാടിന്റെയും വിധിയെഴുത്ത്. അഭ്യസ്‌തവിദ്യരായി വളര്‍ന്നുവരുന്ന തങ്ങളുടെ മക്കള്‍ക്ക് അനുയോജ്യമായ തൊഴില്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. സൌകര്യപ്രദമായി യാത്രചെയ്യാനുതകുന്ന റോഡും വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങളും വികസിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പുതിയ വ്യവസായപദ്ധതികള്‍ വരുന്നതിനെയും പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. ജനങ്ങളുടെ അഭിലാഷത്തെ ഒട്ടും മാനിക്കാത്തവിധത്തിലുള്ളതാണ് 'സോളിഡാരിറ്റി'പോലുള്ള സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മുദ്രാവാക്യങ്ങള്‍. പനങ്ങാടിന്റെ ജനവിധിയുടെ വെളിച്ചത്തില്‍ ജനവിരുദ്ധമായ നിലപാടില്‍നിന്ന് അത്തരക്കാര്‍ പിന്തിരിയുമെന്നും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.